പഠനലേഖനം 44
ദൈവവചനം ആഴത്തിൽ പഠിക്കുക
‘സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കുക.’—എഫെ. 3:18.
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
ചുരുക്കം a
1-2. ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും ഉള്ള ഏറ്റവും നല്ല വഴി ഏതാണ്? ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
നിങ്ങൾ ഒരു വീടു വാങ്ങാൻ തീരുമാനിക്കുന്നെന്നിരിക്കട്ടെ. ആ വീടിന്റെ മുൻവശത്തെ ഒരു ഫോട്ടോ മാത്രം കണ്ടിട്ട് അതു വാങ്ങാൻ നിങ്ങൾ തയ്യാറാകുമോ? ഇല്ല അല്ലേ? പകരം അവിടെ ചെന്ന് അതിന്റെ അകവും പുറവും മുക്കുംമൂലയും ഒക്കെ കണ്ട് മനസ്സിലാക്കിയിട്ടേ നിങ്ങൾ ഒരു തീരുമാനമെടുക്കൂ. ഇനി, ആ വീട് എങ്ങനെ പണിതെന്നു കൃത്യമായി അറിയാവുന്ന ആരോടെങ്കിലും അതെക്കുറിച്ച് ചോദിച്ചറിയാനും നിങ്ങൾ ആഗ്രഹിക്കും. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വീടിനെക്കുറിച്ച് എല്ലാ വിശദാംശങ്ങളും അറിയാൻ നിങ്ങൾ ശ്രമിക്കും.
2 ബൈബിൾ വായിക്കുമ്പോഴും പഠിക്കുമ്പോഴും നമ്മൾ അതുതന്നെ ചെയ്യേണ്ടതുണ്ട്. ബൈബിളിലെ സന്ദേശത്തെക്കുറിച്ച് ഒരു പണ്ഡിതൻ പറഞ്ഞത്, “അത് ഉയർന്ന ഗോപുരങ്ങളും ആഴത്തിൽ അടിസ്ഥാനങ്ങളും ഉള്ള വളരെ വിശാലമായ ഒരു കെട്ടിടംപോലെയാണ്” എന്നാണ്. അങ്ങനെയെങ്കിൽ, ബൈബിളിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് എന്തു ചെയ്യാനാകും? ബൈബിൾ വെറുതേ ഓടിച്ചുവായിച്ചാൽ, “ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകളുടെ അടിസ്ഥാനകാര്യങ്ങൾ,” അതായത് ബൈബിളിലെ അടിസ്ഥാനവിഷയങ്ങൾ, മാത്രമേ മനസ്സിലാകുകയുള്ളൂ. (എബ്രാ. 5:12) അതുകൊണ്ട് വീടിന്റെ കാര്യത്തിലെന്നപോലെ ബൈബിളിന്റെയും കാര്യത്തിൽ നിങ്ങൾ അതിന്റെ “ഉള്ളിലേക്ക്” ഇറങ്ങിച്ചെന്ന് വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ബൈബിൾ പഠിക്കാനുള്ള നല്ലൊരു മാർഗം അതിന്റെ ഒരു ഭാഗത്ത് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മറ്റു ഭാഗങ്ങളിൽ പറഞ്ഞിരിക്കുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു കണ്ടെത്തുന്നതാണ്. അതോടൊപ്പം നിങ്ങൾ എന്താണു വിശ്വസിക്കുന്നതെന്നും അതു സത്യമാണെന്നു വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ ശ്രമിക്കുക.
3. അപ്പോസ്തലനായ പൗലോസ് തന്റെ സഹവിശ്വാസികളെ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിച്ചു, എന്തുകൊണ്ട്? (എഫെസ്യർ 3:14-19)
3 ദൈവവചനത്തിന്റെ എല്ലാ വിശദാംശങ്ങളും നന്നായി മനസ്സിലാക്കാൻ നമ്മൾ ബൈബിൾ സത്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കേണ്ടതുണ്ട്. “സത്യത്തിന്റെ വീതിയും നീളവും ഉയരവും ആഴവും പൂർണമായി ഗ്രഹിക്കാൻ” കഴിയേണ്ടതിനു ദൈവവചനം ഉത്സാഹത്തോടെ പഠിക്കാൻ അപ്പോസ്തലനായ പൗലോസ് തന്റെ സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ചെയ്യുന്നെങ്കിൽ അവർ “നന്നായി വേരൂന്നിയവരും” വിശ്വാസത്തിൽ “ഉറച്ചുനിൽക്കുന്നവരും” ആയിത്തീരുമായിരുന്നു. (എഫെസ്യർ 3:14-19 വായിക്കുക.) നമ്മളും അതുതന്നെ ചെയ്യേണ്ടതുണ്ട്. ബൈബിൾസത്യങ്ങളുടെ അർഥം മുഴുവനായി മനസ്സിലാക്കാൻ നമുക്ക് എങ്ങനെ അത് ആഴത്തിൽ പഠിക്കാമെന്നു നോക്കാം.
ആഴമേറിയ ബൈബിൾസത്യങ്ങൾക്കായി അന്വേഷിച്ചുകൊണ്ടിരിക്കുക
4. യഹോവയോടു കൂടുതൽ അടുക്കാൻ നമുക്ക് എന്തു ചെയ്യാം? ചില ഉദാഹരണങ്ങൾ പറയുക.
4 ക്രിസ്ത്യാനികളായ നമ്മൾ ബൈബിളിലെ അടിസ്ഥാനസത്യങ്ങൾ മാത്രം മനസ്സിലാക്കുന്നതിൽ തൃപ്തിപ്പെടുന്നില്ല. ദൈവാത്മാവിന്റെ സഹായത്തോടെ “ഗഹനമായ ദൈവകാര്യങ്ങൾപോലും” പഠിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. (1 കൊരി. 2:9, 10) യഹോവയോടു കൂടുതൽ അടുക്കുക എന്ന ലക്ഷ്യത്തിൽ ചില വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെച്ചുകൂടേ? ഉദാഹരണത്തിന്, പണ്ടുകാലത്തെ ദൈവദാസരോട് യഹോവ സ്നേഹം കാണിച്ചത് എങ്ങനെയെല്ലാമാണെന്നും ദൈവം നിങ്ങളെയും സ്നേഹിക്കുന്നുണ്ട് എന്നതിന് അതു തെളിവ് നൽകുന്നത് എങ്ങനെയാണെന്നും പഠിക്കാൻ ശ്രമിക്കുക. അതല്ലെങ്കിൽ, യഹോവയെ ആരാധിക്കുന്നതിനുവേണ്ടി ഇസ്രായേലിലുണ്ടായിരുന്ന ക്രമീകരണത്തെക്കുറിച്ചും ആരാധനയ്ക്കുവേണ്ടി ഇന്നു ക്രിസ്ത്യാനികൾക്കുള്ള ക്രമീകരണവുമായി അതിന് എന്തു സമാനതയാണുള്ളത് എന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കുക. ഇനി, യേശുവിന്റെ ജീവിതത്തോടും ശുശ്രൂഷയോടും ബന്ധപ്പെട്ടു നിറവേറിയ പ്രവചനങ്ങളും നിങ്ങൾക്കു വിശദമായി പഠിക്കാനാകും.
5. ഏതു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
5 ഉത്സാഹത്തോടെ ബൈബിൾ പഠിക്കുന്ന ചിലരോട് അവർ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ചില വിഷയങ്ങൾ ഏതൊക്കെയാണെന്നു ചോദിച്ചു. അവരിൽ ചിലർ പറഞ്ഞ കാര്യങ്ങൾ “ആഴത്തിൽ പഠിക്കാനുള്ള വിഷയങ്ങൾ” എന്ന ചതുരത്തിൽ കാണാം. ആ വിഷയങ്ങളെക്കുറിച്ച് വാച്ച്ടവർ പ്രസിദ്ധീകരണ സൂചികയോ (ഇംഗ്ലീഷ്), യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയോ ഉപയോഗിച്ച് പഠിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരുപാടു സന്തോഷം നേടാനാകും. ഇത്തരത്തിൽ പഠിക്കുന്നതു നിങ്ങളുടെ വിശ്വാസം ശക്തമാക്കുകയും ‘ദൈവത്തെക്കുറിച്ച് അറിവ് നേടാൻ’ സഹായിക്കുകയും ചെയ്യും. (സുഭാ. 2:4, 5) നമുക്ക് ആഴത്തിൽ പഠിക്കാൻ കഴിയുന്ന ചില ബൈബിൾസത്യങ്ങളെക്കുറിച്ച് ഇനി നോക്കാം.
ദൈവോദ്ദേശ്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക
6. (എ) പദ്ധതിയും ഉദ്ദേശ്യവും തമ്മിലുള്ള വ്യത്യാസം എന്താണ്? (ബി) മനുഷ്യനെയും ഭൂമിയെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം “നിത്യമായ” ഒന്നാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
6 നമുക്ക് ആഴത്തിൽ പഠിക്കാനാകുന്ന ഒരു വിഷയമാണു ദൈവോദ്ദേശ്യത്തെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ. ഒരു വ്യക്തിക്ക് ഒരു ഉദ്ദേശ്യമുണ്ടെന്നു പറയുന്നതും ഒരു പദ്ധതിയുണ്ടെന്നു പറയുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു പദ്ധതി ഉണ്ടായിരിക്കുന്നതു ലക്ഷ്യസ്ഥാനത്ത് എത്താനായി ഒരു വഴി തിരഞ്ഞെടുക്കുന്നതുപോലെയാണെന്നു പറയാം. വഴിയിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ ആ പദ്ധതി നടക്കാതെവരും. പക്ഷേ, ഉദ്ദേശ്യം എന്നു പറയുന്നത്, നമ്മൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ലക്ഷ്യസ്ഥാനംതന്നെയാണ്. എവിടെയാണ് എത്തിച്ചേരേണ്ടതെന്നു നമുക്കു കൃത്യമായി അറിയാം. പക്ഷേ, അവിടേക്കു പോകാനുള്ള വഴി ഏതു വേണമെങ്കിലുമാകാം. ഒരു വഴിയിൽ തടസ്സം നേരിട്ടാൽ മറ്റൊന്നു തിരഞ്ഞെടുക്കാനാകും. യഹോവയുടെ കാര്യമെടുത്താൽ, തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന് ഏതു വഴി തിരഞ്ഞെടുത്താലും യഹോവ വിജയിക്കുമെന്ന് ഉറപ്പാണ്. കാരണം, “എല്ലാം തന്റെ ഉദ്ദേശ്യം നിറവേറ്റാൻ യഹോവ ഇടയാക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ. 16:4) ദൈവത്തിന്റെ ഉദ്ദേശ്യം “നിത്യമായ” ഒന്നാണെന്നും ബൈബിൾ പറയുന്നു. (എഫെ. 3:11) കാരണം, യഹോവ ചെയ്യുന്ന കാര്യങ്ങളുടെ പ്രയോജനം എന്നെന്നും നിലനിൽക്കും. അങ്ങനെയെങ്കിൽ എന്താണ് യഹോവയുടെ ഉദ്ദേശ്യം? അതു നിറവേറ്റാൻ ദൈവം എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു?
7. ആദ്യമനുഷ്യർ അനുസരണക്കേടു കാണിച്ചശേഷം തന്റെ ഉദ്ദേശ്യം നടപ്പാക്കാൻവേണ്ടി യഹോവ എന്തു ചെയ്തു? (മത്തായി 25:34)
7 ആദ്യമനുഷ്യരോടു ദൈവം അവരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം എന്താണെന്നു പറഞ്ഞു. അവർ ‘സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കുകയും എല്ലാ ജീവികളുടെ മേലും ആധിപത്യം നടത്തുകയും’ വേണമായിരുന്നു. (ഉൽപ. 1:28) ആദാമും ഹവ്വയും ദൈവത്തെ ധിക്കരിക്കുകയും അങ്ങനെ, മനുഷ്യകുടുംബത്തിലേക്കു പാപം കടന്നുവരുകയും ചെയ്തെങ്കിലും യഹോവയുടെ ഉദ്ദേശ്യത്തെ തകിടംമറിക്കാൻ അതിനൊന്നുമായില്ല. തന്റെ ഉദ്ദേശ്യം നടപ്പാക്കാൻ ദൈവം മറ്റൊരു വഴി സ്വീകരിച്ചു. ആദാമും ഹവ്വയും അനുസരണക്കേടു കാണിച്ച ഉടനെതന്നെ മനുഷ്യനെയും ഭൂമിയെയും കുറിച്ചുള്ള തന്റെ ഉദ്ദേശ്യം നടപ്പാക്കാൻവേണ്ടി സ്വർഗത്തിൽ ഒരു രാജ്യം സ്ഥാപിക്കാൻ ദൈവം തീരുമാനിച്ചു. (മത്തായി 25:34 വായിക്കുക.) എന്നിട്ട് തന്റെ സമയം വന്നപ്പോൾ യഹോവ സ്നേഹത്തോടെ തന്റെ ആദ്യജാതനായ മകനെ അയച്ചു. അതനുസരിച്ച്, യേശു ഭൂമിയിൽ വന്ന് ദൈവരാജ്യത്തെക്കുറിച്ച് ആളുകളെ പഠിപ്പിക്കുകയും നമ്മളെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കാൻ തന്റെ ജീവൻ ഒരു മോചനവിലയായി നൽകുകയും ചെയ്തു. തുടർന്ന് ദൈവരാജ്യത്തിന്റെ രാജാവായി ഭരിക്കേണ്ടതിന് യഹോവ യേശുവിനെ ഉയിർപ്പിച്ച് സ്വർഗത്തിലേക്കു കൊണ്ടുപോയി. എന്നാൽ ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഇനിയും ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്.
8. (എ) എന്താണു ബൈബിളിന്റെ പ്രധാനവിഷയം? (ബി) എഫെസ്യർ 1:8-11 പറയുന്നതുപോലെ യഹോവയുടെ അന്തിമോദ്ദേശ്യം എന്താണ്? (പുറംതാളിലെ ചിത്രം കാണുക.)
8 ക്രിസ്തു ഭരിക്കുന്ന ദൈവരാജ്യത്തിലൂടെ ഭൂമിയെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം നടപ്പാക്കിക്കൊണ്ട്, തന്റെ പേരിനു വന്ന നിന്ദയെല്ലാം യഹോവ നീക്കും. ഇതാണു ബൈബിളിന്റെ പ്രധാനവിഷയം. യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റം വരുത്താനാകില്ല. താൻ പറഞ്ഞതെല്ലാം അതുപോലെ നടത്തുമെന്നു യഹോവ ഉറപ്പുതന്നിട്ടുണ്ട്. (യശ. 46:10, 11, അടിക്കുറിപ്പുകൾ; എബ്രാ. 6:17, 18) അധികം താമസിയാതെ ഭൂമി ഒരു പറുദീസയായിത്തീരും. അവിടെ ആദാമിന്റെയും ഹവ്വയുടെയും നീതിമാന്മാരായ, പൂർണരായ മക്കൾ ‘എന്നുമെന്നേക്കും ജീവിതം ആസ്വദിക്കും.’ (സങ്കീ. 22:26) സ്വർഗത്തിലും ഭൂമിയിലും ഉള്ള തന്റെ ദാസരെയെല്ലാം ഐക്യത്തിലാക്കുക എന്നതാണു ദൈവത്തിന്റെ അന്തിമോദ്ദേശ്യം. അപ്പോൾ, ജീവിച്ചിരിക്കുന്ന എല്ലാവരും യഹോവയെ തങ്ങളുടെ പരമാധികാരിയായി അംഗീകരിച്ചുകൊണ്ട് ദൈവത്തെ വിശ്വസ്തമായി അനുസരിക്കും. (എഫെസ്യർ 1:8-11 വായിക്കുക.) തന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനുവേണ്ടി യഹോവ എത്ര മനോഹരമായാണു കാര്യങ്ങൾ ചെയ്യുന്നതെന്നു കാണുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നുന്നില്ലേ?
നിങ്ങളുടെ ഭാവിയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക
9. ബൈബിൾ വായിക്കുന്നതിലൂടെ എന്നുവരെയുള്ള സംഭവങ്ങളെക്കുറിച്ചുപോലും നമുക്കു മനസ്സിലാക്കാനാകും?
9 ഏദെൻതോട്ടത്തിൽവെച്ച് യഹോവ നടത്തിയ ആ പ്രവചനത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഉൽപത്തി 3:15-ലാണു നമ്മൾ അതു കാണുന്നത്. b യഹോവയുടെ ഉദ്ദേശ്യനിവൃത്തിയോടു ബന്ധപ്പെട്ട സംഭവങ്ങളാണ് അതിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷമേ അതു നിറവേറുമായിരുന്നുള്ളൂ. ഉൽപത്തി 3:15-ലെ ആ പ്രവചനത്തിന്റെ നിവൃത്തിയിൽ ഉൾപ്പെട്ടിരുന്ന ചില സംഭവങ്ങളാണ് അബ്രാഹാമിന് ഒരു മകൻ ജനിക്കുന്നതും ആ സന്തതിപരമ്പരയിൽ പിന്നീട് മിശിഹ വരുന്നതും എല്ലാം. (ഉൽപ. 22:15-18) കൂടാതെ, മുൻകൂട്ടിപ്പറഞ്ഞതുപോലെ എ.ഡി. 33-ൽ യേശുവിന്റെ ഉപ്പൂറ്റി ചതയ്ക്കപ്പെട്ടതും ആ പ്രവചനനിവൃത്തിയുടെ ഭാഗമായിരുന്നു. (പ്രവൃ. 3:13-15) ആ പ്രവചനത്തിലെ അവസാനസംഭവം, അതായത് സാത്താന്റെ തല തകർക്കുന്നത്, ഇനിയും 1,000-ത്തിലേറെ വർഷങ്ങൾക്കു ശേഷം നടക്കാനിരിക്കുന്ന കാര്യമാണ്. (വെളി. 20:7-10) സാത്താന്റെ വ്യവസ്ഥിതിയും യഹോവയുടെ സംഘടനയും തമ്മിലുള്ള ശത്രുത അതിന്റെ അവസാനഘട്ടത്തിൽ എത്തുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നതിനെക്കുറിച്ചും ബൈബിൾ ഒരുപാടു കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്.
10. (എ) പെട്ടെന്നുതന്നെ എന്തെല്ലാം സംഭവങ്ങളാണു നടക്കാൻപോകുന്നത്? (ബി) നമുക്ക് എങ്ങനെ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഒരുക്കാം? (അടിക്കുറിപ്പ് കാണുക.)
10 ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഈ അസാധാരണ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുക: ആദ്യം രാഷ്ട്രങ്ങൾ “സമാധാനം! സുരക്ഷിതത്വം!” എന്നു പ്രഖ്യാപിക്കും. (1 തെസ്സ. 5:2, 3) ‘പെട്ടെന്നുതന്നെ’ എല്ലാ വ്യാജമതങ്ങളെയും രാഷ്ട്രങ്ങൾ ആക്രമിക്കുകയും അങ്ങനെ മഹാകഷ്ടത ആരംഭിക്കുകയും ചെയ്യും. (വെളി. 17:16) അതെത്തുടർന്ന് ‘മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും ആകാശമേഘങ്ങളിൽ വരും.’ (മത്താ. 24:30) ആ സമയത്ത് യേശു ആളുകളെ ന്യായം വിധിച്ച് കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കും. എന്നാൽ, സാത്താൻ അപ്പോൾ വെറുതേയിരിക്കില്ല. (മത്താ. 25:31-33, 46) ദൈവജനത്തോടുള്ള വെറുപ്പു കാരണം അവരെ ആക്രമിക്കാൻ മാഗോഗ് ദേശത്തെ ഗോഗ് എന്നു ബൈബിൾ വിളിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തെ സാത്താൻ പ്രേരിപ്പിക്കും. (യഹ. 38:2, 10, 11) മഹാകഷ്ടതയുടെ ഇടയ്ക്ക് ഏതോ ഒരു സമയത്ത് അഭിഷിക്തരിൽ ബാക്കിയുള്ളവർ സ്വർഗത്തിലേക്ക് എടുക്കപ്പെടും. അങ്ങനെ അവരും അർമഗെദോൻ യുദ്ധത്തിൽ യേശുവിനോടും സ്വർഗീയസൈന്യത്തോടും ഒപ്പം പോരാടും. ആ യുദ്ധത്തോടെയായിരിക്കും മഹാകഷ്ടത അവസാനിക്കുന്നത്. c (മത്താ. 24:31; വെളി. 16:14, 16) തുടർന്ന് ഭൂമിയുടെ മേലുള്ള ക്രിസ്തുവിന്റെ ആയിരംവർഷ ഭരണം ആരംഭിക്കും.—വെളി. 20:6.
11. നിത്യജീവൻ ലഭിക്കുമ്പോൾ നിങ്ങൾക്ക് എന്തിനുള്ള അവസരം തുറന്നുകിട്ടും? (ചിത്രവും കാണുക.)
11 ഇനി, ആയിരം വർഷത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. ബൈബിൾ പറയുന്നതു നമ്മുടെ സ്രഷ്ടാവായ ദൈവം “നിത്യതപോലും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു” എന്നാണ്. (സഭാ. 3:11) നിത്യജീവൻ കിട്ടിക്കഴിയുമ്പോഴുള്ള നിങ്ങളുടെ ജീവിതവും യഹോവയുമായുള്ള ബന്ധവും എങ്ങനെയുള്ളതായിരിക്കും? യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിലെ 319-ാം പേജിൽ നമ്മളെ ആവേശം കൊള്ളിക്കുന്ന ഈ വാക്കുകൾ കാണാം: “നൂറുകണക്കിന്, ആയിരക്കണക്കിന്, ദശലക്ഷക്കണക്കിന്, ശതകോടിക്കണക്കിനു വർഷംതന്നെ ജീവിച്ചു കഴിയുമ്പോൾ യഹോവയെ ഇപ്പോഴത്തേതിനെക്കാൾ എത്രയോ മെച്ചമായി നാം അറിയും. എന്നാൽ അപ്പോഴും അസംഖ്യം അത്ഭുത കാര്യങ്ങൾ ഇനിയും പഠിക്കാനുണ്ടെന്നു നമുക്കു തോന്നും. . . . നിത്യജീവിതം സങ്കൽപ്പിക്കാൻ പോലും കഴിയാത്തവിധം അർഥവത്തും വൈവിധ്യമാർന്നതും ആയിരിക്കും—നാം യഹോവയോട് കൂടുതൽ അടുത്തുകൊണ്ടിരിക്കും എന്നതായിരിക്കും അതിന്റെ ഏറ്റവും പ്രതിഫലദായകമായ സവിശേഷത.” എന്നാൽ അതിനു മുമ്പുള്ള ഈ സമയത്ത് ദൈവവചനം പഠിക്കുന്നതിൽ തുടരുന്നെങ്കിൽ വേറെ എന്തുകൂടെ നമുക്കു മനസ്സിലാക്കാനാകും?
സ്വർഗത്തിലെ കാര്യങ്ങളിലേക്ക് എത്തിനോക്കുക
12. നമുക്ക് എങ്ങനെ സ്വർഗത്തിലെ കാര്യങ്ങളിലേക്ക് എത്തിനോക്കാം? ഒരു ഉദാഹരണം പറയുക.
12 “ഉയരങ്ങളിൽ” യഹോവയുടെ സന്നിധിയിലായിരിക്കുന്നത് എങ്ങനെയുള്ള ഒരു അനുഭവമാണെന്നു ബൈബിൾ കുറെയൊക്കെ വിവരിക്കുന്നുണ്ട്. (യശ. 33:5) യഹോവയെക്കുറിച്ചും യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തെക്കുറിച്ചും ഉള്ള അത്ഭുതപ്പെടുത്തുന്ന പല വിവരങ്ങളും ബൈബിളിൽ കാണാം. (യശ. 6:1-4; ദാനി. 7:9, 10; വെളി. 4:1-6) ഉദാഹരണത്തിന്, ‘സ്വർഗം തുറക്കുകയും യഹസ്കേൽ ദിവ്യദർശനങ്ങൾ കണ്ടുതുടങ്ങുകയും’ ചെയ്തപ്പോഴത്തെ ഭയാദരവ് ഉണർത്തുന്ന ചില കാര്യങ്ങളെക്കുറിച്ച് യഹസ്കേലിന്റെ പുസ്തകത്തിൽനിന്ന് നമുക്കു വായിക്കാം.—യഹ. 1:1.
13. യേശു സ്വർഗത്തിലിരുന്ന് ചെയ്യുന്നതായി എബ്രായർ 4:14-16-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ഏറ്റവും വിലമതിക്കുന്നത് എന്താണ്?
13 നമ്മുടെ രാജാവും സഹതാപം ഉള്ള മഹാപുരോഹിതനും എന്ന നിലയിൽ യേശു സ്വർഗത്തിൽ ഇരുന്ന് നമുക്കുവേണ്ടി എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ചും ചിന്തിക്കുക. നമുക്കു യേശുവിലൂടെ പ്രാർഥനയിൽ ദൈവത്തിന്റെ ‘അനർഹദയയുടെ സിംഹാസനത്തെ സമീപിക്കാനും ആവശ്യമുള്ള സമയത്തുതന്നെ കരുണയ്ക്കും’ സഹായത്തിനും വേണ്ടി അപേക്ഷിക്കാനും കഴിയും. (എബ്രായർ 4:14-16 വായിക്കുക.) യഹോവയും യേശുവും നമുക്കുവേണ്ടി ഇതുവരെ ചെയ്ത കാര്യങ്ങളെക്കുറിച്ചും ഇപ്പോൾ സ്വർഗത്തിലിരുന്ന് ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാതെ ഒരു ദിവസംപോലും കടന്നുപോകാൻ നമ്മൾ അനുവദിക്കരുത്. അവർ കാണിച്ച ആ സ്നേഹം നമ്മുടെ ഹൃദയത്തെ ആഴത്തിൽ തൊടുമ്പോൾ ഉത്സാഹത്തോടെ ദൈവസേവനം ചെയ്യാൻ അതു നമ്മളെ പ്രേരിപ്പിക്കും.—2 കൊരി. 5:14, 15.
14. യഹോവയോടും യേശുവിനോടും നന്ദിയുള്ളവരാണെന്നു തെളിയിക്കാൻ നമുക്കു ചെയ്യാനാകുന്ന ഒരു കാര്യം എന്താണ്? (ചിത്രങ്ങളും കാണുക.)
14 യഹോവയോടും യേശുവിനോടും നന്ദിയുള്ളവരാണെന്നു തെളിയിക്കാനുള്ള ഏറ്റവും നല്ലൊരു വിധമാണ് യഹോവയുടെ സാക്ഷികളാകാനും ക്രിസ്തുവിന്റെ ശിഷ്യരായിത്തീരാനും മറ്റുള്ളവരെ സഹായിക്കുക എന്നത്. (മത്താ. 28:19, 20) അതാണ് അപ്പോസ്തലനായ പൗലോസ് ചെയ്തത്. “എല്ലാ തരം ആളുകൾക്കും രക്ഷ കിട്ടണമെന്നും അവർ സത്യത്തിന്റെ ശരിയായ അറിവ് നേടണമെന്നും ആണ്” യഹോവ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. (1 തിമൊ. 2:3, 4) അതുകൊണ്ട് കഴിയുന്നത്ര ആളുകളെ സഹായിക്കാൻവേണ്ടി അദ്ദേഹം ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്തു. എങ്ങനെയെങ്കിലും ‘ചിലരെ നേടുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.—1 കൊരി. 9:22, 23.
ദൈവവചനം ആഴത്തിൽ പഠിക്കുന്നതിൽ സന്തോഷം കണ്ടെത്തുക
15. സങ്കീർത്തനം 1:2 അനുസരിച്ച് ഏതു കാര്യം നിങ്ങൾക്കു സന്തോഷം തരും?
15 ‘യഹോവയുടെ നിയമത്തിൽ ആനന്ദിക്കുകയും രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കുകയും’ ചെയ്യുന്ന വ്യക്തിക്കായിരിക്കും ജീവിതത്തിൽ സന്തോഷവും വിജയവും കിട്ടുകയെന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 1:1-3) ഈ വാക്യത്തെക്കുറിച്ച് ജോസഫ് റോഥർഹാം എന്ന ബൈബിൾ പരിഭാഷകൻ, സങ്കീർത്തനങ്ങൾ—ഒരു പഠനം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞത്, “ദൈവത്തിന്റെ മാർഗനിർദേശം വളരെയധികം ആഗ്രഹിക്കുന്ന ഒരാൾ അതു കണ്ടെത്താനും പഠിക്കാനും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും ശ്രമിക്കും” എന്നാണ്. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ആരെങ്കിലും ഒരു ദിവസം ബൈബിൾ വായിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ ആ ദിവസം പാഴായിപ്പോയി.” ബൈബിൾ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ പഠിക്കുകയും അവ പരസ്പരം എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്താൽ നിങ്ങളുടെ ബൈബിൾപഠനം നല്ല രസമായിരിക്കും. ഇങ്ങനെ ദൈവവചനം ആഴത്തിൽ പഠിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയുക.
16. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
16 തന്റെ വചനത്തിലൂടെ യഹോവ നമ്മളെ പഠിപ്പിക്കുന്ന മനോഹരമായ സത്യങ്ങൾ നമുക്കു മനസ്സിലാക്കാൻ പറ്റാത്തവയല്ല. ആഴത്തിൽ പഠിക്കേണ്ട മറ്റൊരു ബൈബിൾസത്യത്തെക്കുറിച്ചാണ് അടുത്ത ലേഖനം വിവരിക്കുന്നത്. പൗലോസ് എബ്രായർക്ക് എഴുതിയ കത്തിൽ വിവരിച്ചിരിക്കുന്ന യഹോവയുടെ മഹനീയമായ ആത്മീയാലയത്തെക്കുറിച്ചാണ് അത്. അതെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതു നിങ്ങൾക്കു സന്തോഷം പകരട്ടെ.
ഗീതം 94 ദൈവവചനത്തിനായ് നന്ദിയുള്ളവർ
a ബൈബിൾ പഠിക്കുന്നതു ജീവിതത്തിൽ എന്നും സന്തോഷം തരുന്ന ഒരു കാര്യമാണ്. അതിലൂടെ നമുക്ക് ഒരുപാടു പ്രയോജനങ്ങൾ കിട്ടുന്നു. കൂടാതെ സ്വർഗീയപിതാവിനോടു കൂടുതൽ അടുക്കാൻ അതു സഹായിക്കുകയും ചെയ്യും. ദൈവവചനത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും” പൂർണമായി മനസ്സിലാക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
b 2022 ജൂലൈ ലക്കം വീക്ഷാഗോപുരത്തിലെ “ആദ്യത്തെ പ്രവചനം, നമുക്ക് അത് എങ്ങനെ പ്രയോജനം ചെയ്യും?” എന്ന ലേഖനം കാണുക.
c പെട്ടെന്നുതന്നെ നടക്കാനിരിക്കുന്ന അസാധാരണമായ സംഭവങ്ങൾക്കുവേണ്ടി എങ്ങനെ ഒരുങ്ങാമെന്നു മനസ്സിലാക്കാൻ ദൈവരാജ്യം ഭരിക്കുന്നു! എന്ന പുസ്തകത്തിന്റെ പേ. 228 കാണുക.