1923—നൂറു വർഷം മുമ്പ്
“വളരെ ആവേശം നിറഞ്ഞ ഒരു വർഷമായിരിക്കും 1923” എന്ന് 1923 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിൽ പറഞ്ഞു. “ഇന്നു പല വിധങ്ങളിൽ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആളുകളോടു നല്ലൊരു ഭാവിയെക്കുറിച്ച് പറയാനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്!” 1923 എന്ന വർഷത്തിൽ ബൈബിൾവിദ്യാർഥികൾ അവരുടെ മീറ്റിങ്ങുകളും കൺവെൻഷനുകളും പ്രസംഗപ്രവർത്തനവും നടത്തുന്ന രീതിക്കു പല മാറ്റങ്ങളും വരുത്തി. അതിന്റെ ഫലമായി ലോകമെങ്ങുമുള്ള ബൈബിൾവിദ്യാർഥികൾ ഐക്യത്തിൽ ദൈവത്തെ ആരാധിക്കാൻതുടങ്ങി.
ഐക്യമുള്ളവരായിരിക്കാൻ യോഗങ്ങൾ സഹായിച്ചു
1923-ൽ ആരാധനയുടെ കാര്യത്തിൽ ഐക്യമുള്ളവരായിരിക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുന്ന ചില മാറ്റങ്ങൾ സംഘടന വരുത്തി. ഉദാഹരണത്തിന്, ആഴ്ചതോറും അവർ നടത്തിയിരുന്ന പ്രാർഥനായോഗത്തിൽ ചർച്ച ചെയ്തിരുന്ന തിരുവെഴുത്തുകളെക്കുറിച്ചുള്ള വിശദീകരണങ്ങൾ വീക്ഷാഗോപുരത്തിലൂടെ പ്രസിദ്ധീകരിക്കാൻതുടങ്ങി. കൂടാതെ ബൈബിൾവിദ്യാർഥികൾ ഒരു കലണ്ടറും പുറത്തിറക്കി. അതിൽ ഓരോ ആഴ്ചത്തെയും യോഗത്തിൽ ചർച്ച ചെയ്യാനുള്ള ബൈബിൾവാക്യങ്ങളും അതുപോലെ ഓരോ ദിവസവും അവരുടെ വ്യക്തിപരമായ പഠനത്തിലോ കുടുംബാരാധനയിലോ പാടാനുള്ള പാട്ടുകളുടെ നമ്പറുകളും നൽകിയിരുന്നു.
ബൈബിൾവിദ്യാർഥികൾ യോഗങ്ങളിൽ, വയൽസേവനത്തിലുണ്ടായ അനുഭവങ്ങൾ പറയുമായിരുന്നു. അതോടൊപ്പം തങ്ങൾ യഹോവയോടു നന്ദിയുള്ളവരായിരിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് പറയുകയും പാട്ടു പാടുകയും ചിലപ്പോൾ പ്രാർഥിക്കുകയുംപോലും ചെയ്യുന്ന രീതിയുണ്ടായിരുന്നു. 1923-ൽ തന്റെ 15-ാം വയസ്സിൽ സ്നാനമേറ്റ ഈവ ബാർണി പറയുന്നു: “അനുഭവം പറയാൻ ആഗ്രഹിക്കുന്ന ഒരാൾ എഴുന്നേറ്റ് നിന്ന് പലപ്പോഴും ഇങ്ങനെയായിരിക്കും പറഞ്ഞുതുടങ്ങുന്നത്: ‘കർത്താവ് എന്നോടു കാണിച്ച നന്മയ്ക്കു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.’ പല സഹോദരങ്ങൾക്കും അനുഭവം പറയാൻ ഒരുപാട് ഇഷ്ടമായിരുന്നു.” ബാർണി സഹോദരി ഇങ്ങനെയും പറയുന്നു: “ഞങ്ങൾക്കെല്ലാം ഇഷ്ടമായിരുന്ന ഗോഡ്വിൻ സഹോദരന്, കർത്താവിനു നന്ദി പറയാൻ എപ്പോഴും ഒത്തിരി കാര്യങ്ങളുണ്ടായിരുന്നു. പക്ഷേ, പരിപാടി നടത്തുന്ന സഹോദരൻ അസ്വസ്ഥനാകുന്നതു കാണുമ്പോൾ ഗോഡ്വിൻ സഹോദരന്റെ ഭാര്യ അദ്ദേഹത്തിന്റെ കോട്ടിന്റെ അറ്റത്ത് പിടിച്ച് പതിയെ വലിക്കും. അപ്പോൾ അദ്ദേഹം സംസാരം നിറുത്തിയിട്ട് അവിടെ ഇരിക്കും.”
മാസത്തിൽ ഒരിക്കൽ ഓരോ ക്ലാസും (സഭയും) പ്രത്യേക പ്രാർഥനായോഗം നടത്തിയിരുന്നു. ഈ യോഗത്തെക്കുറിച്ച് 1923 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “സേവനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും പറയാനും പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും വേണ്ടി യോഗത്തിന്റെ പകുതി സമയം മാറ്റിവെക്കണം. . . . എല്ലാവരും ഇങ്ങനെ ചെയ്യുന്നതു കൂട്ടുകാർ തമ്മിലുള്ള ഐക്യം വർധിപ്പിക്കും എന്നു ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു.”
ഇത്തരം യോഗങ്ങളിൽനിന്ന് പല ക്ലാസ് പ്രവർത്തകരും (സഭാപ്രചാരകരും) ഒരുപാടു പ്രയോജനം നേടി. അതിൽ ഒരാളാണു കാനഡയിലെ വാൻകൂവറിൽനിന്നുള്ള ചാൾസ് മാർട്ടിൻ എന്ന 19-കാരൻ. പിന്നീട് ഒരിക്കൽ അദ്ദേഹം അതെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “വീടുതോറും പോകുമ്പോൾ എന്തു പറയണമെന്നു ഞാൻ ആദ്യമായി പഠിച്ചത് ഈ യോഗത്തിൽനിന്നാണ്. മിക്കപ്പോഴും വീടുതോറുമുള്ള പ്രവർത്തനത്തിൽ ഉണ്ടായ അനുഭവങ്ങൾ ആരെങ്കിലുമൊക്കെ പറയും. അതിലൂടെ വീടുകളിൽ ചെല്ലുമ്പോൾ എന്തു പറയാമെന്നും ആളുകളുടെ തടസ്സവാദങ്ങൾക്ക് എങ്ങനെ മറുപടി കൊടുക്കാമെന്നും ഞാൻ പഠിച്ചു.”
ഐക്യമുള്ളവരായിരിക്കാൻ പ്രസംഗപ്രവർത്തനം സഹായിച്ചു
സഹോദരങ്ങളുടെ ഇടയിലെ ഐക്യം വർധിപ്പിക്കാൻ ‘സേവനദിനങ്ങളും’ സഹായിച്ചു. 1923 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിൽ ഇങ്ങനെയൊരു അറിയിപ്പുണ്ടായിരുന്നു:
“അതുകൊണ്ട് ഒരേ പ്രവർത്തനത്തിൽ നമുക്കെല്ലാം ഐക്യമുള്ളവരായിരിക്കാം. . . . 1923 മെയ് 1 ചൊവ്വാഴ്ച പൊതു സേവനദിനമായി മാറ്റിവെച്ചിരിക്കുന്നു. അതുപോലെ ഇനിമുതൽ ഓരോ മാസത്തിന്റെയും ആദ്യ ചൊവ്വാഴ്ച നമ്മുടെ സേവനദിനമായിരിക്കും. . . . എല്ലാ ക്ലാസിലെയും ഓരോ അംഗത്തിനും ഈ പ്രവർത്തനത്തിൽ ചെറിയൊരു പങ്ക് എങ്കിലും ഉണ്ടായിരിക്കുകയും വേണം.”ചെറുപ്പക്കാരായ ബൈബിൾവിദ്യാർഥികൾപോലും ഈ പ്രവർത്തനം ചെയ്തു. അന്നു 16 വയസ്സു മാത്രമുണ്ടായിരുന്ന ഹേസൽ ബർഫോർഡ് സഹോദരി അതെക്കുറിച്ച് പറയുന്നു: “ഞങ്ങൾക്ക് ഓർത്തുവെച്ച് പിന്നീട് ഉപയോഗിക്കാൻവേണ്ടി ബുള്ളറ്റിനിൽ സംഭാഷണത്തിനുള്ള മാതൃകകളും (ഏതാണ്ട് ഇന്നത്തേതുപോലുള്ളവ) നൽകിയിരുന്നു. a എന്റെ മുത്തച്ഛന്റെകൂടെ ഞാൻ ഇത്തരം പ്രവർത്തനങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുത്തു.” എന്നാൽ ഹേസൽ സഹോദരി പ്രസംഗപ്രവർത്തനം ചെയ്യുന്നത് ഒരു സഹോദരനു തീരെ ഇഷ്ടപ്പെട്ടില്ല. അതെക്കുറിച്ച് സഹോദരി പറയുന്നു: “ഞാൻ ആളുകളോടു ബൈബിൾവിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഒട്ടും ശരിയല്ലെന്നു പ്രായമുള്ള ഒരു സഹോദരനു തോന്നി. ‘യുവാക്കളും യുവതികളും’ ഉൾപ്പെടെ എല്ലാ ബൈബിൾവിദ്യാർഥികളും മഹാസ്രഷ്ടാവിനെ സ്തുതിക്കണമെന്ന കാര്യം അന്നു പലരും മനസ്സിലാക്കിയിരുന്നില്ല.” (സങ്കീ. 148:12, 13) പക്ഷേ, ഹേസൽ സഹോദരി അതുകൊണ്ടൊന്നും തന്റെ പ്രസംഗപ്രവർത്തനം നിറുത്തിയില്ല. പിന്നീട് സഹോദരി ഗിലെയാദ് സ്കൂളിന്റെ രണ്ടാമത്തെ ക്ലാസിൽ പങ്കെടുക്കുകയും ഒരു മിഷനറിയായി പാനമയിൽ പ്രവർത്തിക്കുകയും ചെയ്തു. എന്തായാലും ചെറുപ്പക്കാർ പ്രസംഗപ്രവർത്തനം ചെയ്യുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ചിന്തയ്ക്കു മാറ്റം വരുത്താൻ ആ സഹോദരന്മാർ പിന്നീടു തയ്യാറായി.
ഐക്യമുള്ളവരായിരിക്കാൻ സമ്മേളനങ്ങൾ സഹായിക്കുന്നു
കൺവെൻഷനുകളും സഹോദരങ്ങളുടെ ഇടയിലെ ഐക്യം ശക്തമാക്കാൻ സഹായിച്ചു. ഇത്തരം കൺവെൻഷനുകളിൽ പലപ്പോഴും സേവനത്തിനുള്ള ദിവസങ്ങളും ഉൾപ്പെടുത്തിയിരുന്നു. അതിനൊരു ഉദാഹരണമാണ് കാനഡയിലെ വിന്നിപെഗിൽ നടന്ന കൺവെൻഷൻ. ആ കൺവെൻഷനോട് അനുബന്ധിച്ച് മാർച്ച് 31-ാം തീയതി “വിന്നിപെഗിനെ ഇളക്കിമറിക്കുന്നു” എന്ന ഒരു പ്രത്യേക പ്രചാരണപരിപാടി നടത്തി. കൺവെൻഷനിൽ കൂടിവന്ന എല്ലാവരെയും അതിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. ഇത്തരം സേവനദിനങ്ങൾ ഭാവി പ്രവർത്തനങ്ങൾക്കുള്ള അടിത്തറപാകി. ആഗസ്റ്റ് 5-ാം തീയതി 7,000-ത്തോളം പേർ വിന്നിപെഗിൽ മറ്റൊരു കൺവെൻഷനുവേണ്ടി കൂടിവന്നു. ആ കാലത്ത് കാനഡയിൽ നടന്ന ഏറ്റവും വലിയ കൺവെൻഷനായിരുന്നു അത്.
1923-ൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട കൺവെൻഷൻ കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽവെച്ച് ആഗസ്റ്റ് 18 മുതൽ 26 വരെ നടന്നതായിരുന്നു. കൺവെൻഷനു മുമ്പുള്ള ആഴ്ചകളിലെ പത്രങ്ങളിൽ അതെക്കുറിച്ചുള്ള വാർത്തകൾ വന്നു. ബൈബിൾവിദ്യാർഥികൾ 5,00,000-ലധികം
നോട്ടീസുകളും വിതരണം ചെയ്തു. കൂടാതെ കൺവെൻഷനെക്കുറിച്ച് അറിയിപ്പു നടത്തുന്ന ബാനറുകൾ ആളുകളുടെ കാറുകളിലും പൊതുവാഹനങ്ങളിലും കാണാമായിരുന്നു.ആഗസ്റ്റ് 25-ാം തീയതി ശനിയാഴ്ച, റഥർഫോർഡ് സഹോദരൻ “ചെമ്മരിയാടുകളും കോലാടുകളും” എന്ന വിഷയത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തി. അതിൽ ചെമ്മരിയാടുകൾ എന്നു പറയുന്നതു ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്ന, നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവർ ആണെന്നു തെളിച്ചുപറഞ്ഞു. കൂടാതെ, “ഒരു മുന്നറിയിപ്പ്” എന്ന പേരിലുള്ള ഒരു പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. ആ പ്രമേയത്തിൽ ക്രൈസ്തവസഭകളെ പരസ്യമായി വിമർശിക്കുകയും ആത്മാർഥഹൃദയരായ ആളുകളെ ‘ബാബിലോൺ എന്ന മഹതിയിൽനിന്ന്’ പുറത്തുകടക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. (വെളി. 18:2, 4) പിന്നീട്, ബൈബിൾവിദ്യാർഥികൾ ഉത്സാഹത്തോടെ ആ പ്രമേയത്തിന്റെ ലക്ഷക്കണക്കിനു കോപ്പികൾ ലോകമെങ്ങും വിതരണം ചെയ്തു.
“എല്ലാവരും ഇങ്ങനെ ചെയ്യുന്നതു കൂട്ടുകാർ തമ്മിലുള്ള ഐക്യം വർധിപ്പിക്കും”
കൺവെൻഷന്റെ അവസാനദിവസം റഥർഫോർഡ് സഹോദരൻ, “എല്ലാ രാഷ്ട്രങ്ങളും അർമഗെദോനിലേക്ക്, എന്നാൽ ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കില്ല” എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു പൊതുപ്രസംഗം നടത്തി. അതു കേൾക്കാൻ 30,000-ത്തിലധികം ആളുകളാണു സദസ്സിലുണ്ടായിരുന്നത്. ഒരുപാടു പേരെ പ്രതീക്ഷിച്ചിരുന്നതുകൊണ്ട് ബൈബിൾവിദ്യാർഥികൾ ലോസ് ആഞ്ചലസിൽ പുതുതായി പണിത ഒരു സ്റ്റേഡിയംതന്നെ വാടകയ്ക്കെടുത്തിരുന്നു. എല്ലാവർക്കും പരിപാടി നന്നായി കേൾക്കാൻ കഴിയേണ്ടതിനു സഹോദരന്മാർ സ്റ്റേഡിയത്തിലെ സ്പീക്കർ ഉപയോഗിച്ചു. ആ ശബ്ദസംവിധാനം അക്കാലത്ത് പുതുതായി ഉപയോഗത്തിൽ വന്നതായിരുന്നു. കൂടാതെ, വേറെ ഒരുപാടു പേർ റേഡിയോയിലൂടെയും ആ പരിപാടി കേട്ടു.
പ്രസംഗപ്രവർത്തനം മറ്റു ദേശങ്ങളിലും
1923-ൽ ആഫ്രിക്ക, ഇന്ത്യ, തെക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രസംഗപ്രവർത്തനത്തിൽ ശ്രദ്ധേയമായ ഒരു പുരോഗതിയുണ്ടായി. ഇന്ത്യയിൽ എ. ജെ. ജോസഫ് സഹോദരൻ ഉർദു, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നതിൽ സഹായിച്ചു. ഭാര്യയെയും ആറു മക്കളെയും നോക്കേണ്ട വലിയ ഉത്തരവാദിത്വമുണ്ടായിരുന്നിട്ടും അദ്ദേഹം അതിനുവേണ്ടി ഉത്സാഹത്തോടെ പ്രവർത്തിച്ചു.
സിയറ ലിയോണിലെ ബൈബിൾവിദ്യാർഥികളായ ആൽഫ്രഡ് ജോസഫ് സഹോദരനും ലിയോനാർഡ് ബ്ലാക്ക്മാനും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോകാസ്ഥാനത്തേക്കു സഹായം ചോദിച്ചുകൊണ്ട് ഒരു കത്തെഴുതി. 1923 ഏപ്രിൽ 14-ാം തീയതി അവർക്ക് അതിനുള്ള മറുപടി കിട്ടി. ആൽഫ്രഡ് അതെക്കുറിച്ച് പറയുന്നു: “ഒരു ശനിയാഴ്ച രാത്രി വളരെ വൈകി ഒട്ടും പ്രതീക്ഷിക്കാതെ എനിക്ക് ഒരു ഫോൺ വന്നു.” “നിങ്ങളാണോ പ്രസംഗപ്രവർത്തകരെ ആവശ്യമുണ്ടെന്നു പറഞ്ഞ് വാച്ച്ടവർ സൊസൈറ്റിക്കു കത്തെഴുതിയത്” എന്നു കനത്ത ശബ്ദത്തിൽ ഒരാൾ അദ്ദേഹത്തോടു ചോദിച്ചു. “അതെ” എന്ന് ആൽഫ്രഡ് മറുപടി പറഞ്ഞു. അപ്പോൾ “അവർ എന്നെ ഇങ്ങോട്ട് അയച്ചിരിക്കുകയാണ്” എന്ന് ആ വ്യക്തി പറഞ്ഞു. വില്യം ആർ. ബ്രൗൺ സഹോദരന്റേതായിരുന്നു ആ ശബ്ദം. അദ്ദേഹവും ഭാര്യ അന്റോണിയയും പെൺമക്കളായ ലോവിസിനോടും ലൂസിയോടും ഒപ്പം അന്നു കരീബിയനിൽനിന്ന് അവിടെ എത്തിയതാണ്. ഈ കുടുംബത്തെ കാണാൻ സഹോദരങ്ങൾക്ക് അധികം കാത്തിരിക്കേണ്ടിവന്നില്ല.
ആൽഫ്രഡ് ഇങ്ങനെയും പറഞ്ഞു: “പിറ്റേന്നു രാവിലെ ഞങ്ങൾ പതിവുപോലെ ആഴ്ചതോറുമുള്ള ബൈബിൾചർച്ചകൾ നടത്തുകയായിരുന്നു. ആ സമയത്ത് നല്ല പൊക്കമുള്ള ഒരു മനുഷ്യൻ വാതിൽക്കൽ വന്നു. ബ്രൗൺ സഹോദരനായിരുന്നു അത്. വിശ്വാസത്തിൽ നല്ല തീക്ഷ്ണതയുണ്ടായിരുന്ന അദ്ദേഹം പിറ്റേന്നുതന്നെ ഒരു പൊതുപ്രസംഗം നടത്താൻ ആഗ്രഹിച്ചു.” അദ്ദേഹം കൊണ്ടുവന്ന പ്രസിദ്ധീകരണങ്ങളെല്ലാം ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്തുകഴിഞ്ഞു. പെട്ടെന്നുതന്നെ 5,000 പുസ്തകങ്ങൾകൂടെ വന്നെങ്കിലും അധികം വൈകാതെ അവയും തീർന്നുപോയി. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും ബ്രൗൺ സഹോദരനെ ഒരു പുസ്തകക്കച്ചവടക്കാരനായിട്ടല്ല ആളുകൾ കണക്കാക്കിയിരുന്നത്. പകരം ‘ബൈബിൾ ബ്രൗൺ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കാരണം ദൈവസേവനത്തിൽ വർഷങ്ങളോളം ഉത്സാഹത്തോടെ പ്രവർത്തിച്ച അദ്ദേഹം സംസാരിക്കുമ്പോഴെല്ലാം തിരുവെഴുത്തുകൾ ഉപയോഗിച്ചിരുന്നു.
ആ സമയമായപ്പോഴേക്കും ജർമനിയിലെ ബാർമെനിലുള്ള ബ്രാഞ്ചോഫീസിൽ സ്ഥലം തികയാതെയായി. മാത്രമല്ല അയൽരാജ്യമായ ഫ്രാൻസ് ആ നഗരം പിടിച്ചടക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നു. അതുകൊണ്ട് ബ്രാഞ്ചോഫീസ് അവിടെനിന്നും മാറ്റാൻ തീരുമാനിച്ചു. ബൈബിൾവിദ്യാർഥികൾ മാഗ്ഡബെർഗ് എന്ന സ്ഥലത്ത് ഒരു കെട്ടിടസമുച്ചയം കണ്ടുപിടിച്ചു. അവിടെ അച്ചടിക്കുള്ള കൂടുതൽ സൗകര്യങ്ങളും ഉണ്ടായിരുന്നു. ജൂൺ 19 ആയപ്പോഴേക്കും സഹോദരങ്ങൾ അച്ചടിയന്ത്രവും മറ്റു സാധനങ്ങളും എല്ലാം മാഗ്ഡബെർഗിലുള്ള പുതിയ കെട്ടിടത്തിലേക്കു മാറ്റിക്കഴിഞ്ഞു. മാറ്റമെല്ലാം പൂർത്തിയായെന്നു ലോകാസ്ഥാനത്ത് അറിയിച്ച അന്നുതന്നെ ഫ്രാൻസ് ബാർമെൻ നഗരം പിടിച്ചടക്കി എന്ന വാർത്ത പത്രത്തിൽ വന്നു. ഈ മാറ്റം ശരിക്കും യഹോവയുടെ അനുഗ്രഹത്തിന്റെയും സംരക്ഷണത്തിന്റെയും തെളിവാണെന്നു സഹോദരങ്ങൾ തിരിച്ചറിഞ്ഞു.
ആളുകളെ സന്തോഷവാർത്ത അറിയിക്കുന്നതിനുവേണ്ടി ഒരുപാടു യാത്രകൾ ചെയ്ത ജോർജ് യങ് സഹോദരൻ ബ്രസീലിൽ ഒരു ബ്രാഞ്ചോഫീസ് സ്ഥാപിക്കുകയും പോർച്ചുഗീസ് ഭാഷയിലുള്ള വീക്ഷാഗോപുരം പ്രസിദ്ധീകരിക്കാൻ തുടങ്ങുകയും ചെയ്തു. ഏതാനും മാസങ്ങൾകൊണ്ടുതന്നെ അദ്ദേഹം 7,000-ത്തിലധികം മാസികകളും ചെറുപുസ്തകങ്ങളും വിതരണം ചെയ്തു. യങ് സഹോദരൻ തങ്ങളുടെ വീട്ടിൽ വന്നപ്പോൾ സാറ ഫെർഗൂസൺ എന്ന സ്ത്രീക്കും കുടുംബത്തിനും ഒരുപാടു സന്തോഷമായി. 1899 മുതൽ സാറ പതിവായി വീക്ഷാഗോപുരം വായിക്കുന്നുണ്ടായിരുന്നെങ്കിലും തന്റെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാനമേൽക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. യങ് സഹോദരൻ വന്ന് ഏതാനും മാസം കഴിഞ്ഞപ്പോൾ സാറയും നാലു മക്കളും സ്നാനമേറ്റു.
ഉത്സാഹത്തോടെയും സന്തോഷത്തോടെയും ദൈവത്തെ സേവിക്കുന്നു
ആ വർഷം അവസാനത്തോടെ, ബൈബിൾവിദ്യാർഥികളുടെ ഐക്യത്തോടെയുള്ള പ്രവർത്തനത്തിന്റെ നല്ല ഫലത്തെക്കുറിച്ച് 1923 ഡിസംബർ 15 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ക്ലാസുകളെല്ലാം . . . വിശ്വാസത്തിൽ ബലപ്പെട്ടിരിക്കുന്നതു വ്യക്തമായി കാണാനാകുന്നു. . . . അടുത്ത വർഷവും ഇതേ ഉത്സാഹത്തോടെയും സന്തോഷത്തോടെയും കൂടുതൽ പ്രവർത്തിക്കാൻ നമുക്കെല്ലാം ഒറ്റക്കെട്ടായി മുന്നേറാം.”
1924-ഉം ബൈബിൾവിദ്യാർഥികൾക്ക് വളരെ ആവേശം നിറഞ്ഞ ഒരു വർഷമായിരിക്കുമായിരുന്നു. ബ്രൂക്ലിനിലെ ലോകാസ്ഥാനത്തിന് അടുത്തുതന്നെയുള്ള സ്റ്റേറ്റൺ ദ്വീപിൽ കുറച്ച് മാസങ്ങളായി ബഥേലിലെ സഹോദരങ്ങൾ ചില പണികൾ ചെയ്യുന്നുണ്ടായിരുന്നു. 1924-ന്റെ തുടക്കത്തിൽത്തന്നെ ആ പുതിയ സ്ഥലത്തെ പണികൾ പൂർത്തിയായി. ആ കെട്ടിടങ്ങൾ സഹോദരങ്ങൾക്കിടയിലെ ഐക്യത്തിനും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിൽ പ്രസംഗപ്രവർത്തനത്തിന്റെ വ്യാപനത്തിനും സഹായിച്ചു.
a ഇപ്പോൾ നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി