പഠനലേഖനം 1
ദൈവത്തിന്റെ ‘വചനത്തിലുള്ളതു സത്യമാണെന്ന്’ ഉറച്ചുവിശ്വസിക്കുക
2023-ലെ വാർഷികവാക്യം: “സത്യം—അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം.”—സങ്കീ. 119:160.
ഗീതം 96 ദൈവത്തിന്റെ സ്വന്തം പുസ്തകം—ഒരു നിധി
ചുരുക്കം a
1. പലർക്കും ഇന്നു ബൈബിളിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നത് എന്തുകൊണ്ടാണ്?
ആരെ വിശ്വസിക്കണമെന്ന് പലർക്കും ഇന്ന് അറിയില്ല. സമൂഹം വളരെ ആദരവോടെ കാണുന്ന രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ബിസിനെസ്സുകാരും ഒക്കെ ശരിക്കും തങ്ങളുടെ കാര്യത്തിൽ താത്പര്യമുള്ളവരാണോ എന്ന് അവർക്കു സംശയമുണ്ട്. ഇനി, ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന മതങ്ങളിലെ പുരോഹിതന്മാരുടെ കാര്യമെടുത്താലോ? അവർ ബൈബിൾ അനുസരിക്കുന്നെന്നും ബൈബിളിൽ വിശ്വസിക്കുന്നെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ ജീവിതരീതി മറ്റൊന്നാണ്. അതുകൊണ്ടുതന്നെ ആളുകൾക്കു ബൈബിളിലുള്ള വിശ്വാസവും നഷ്ടമായിരിക്കുന്നു.
2. സങ്കീർത്തനം 119:160 പറയുന്നതനുസരിച്ച് ഏതു കാര്യത്തിൽ നമുക്കു ബോധ്യമുണ്ടായിരിക്കണം?
2 യഹോവ ‘സത്യത്തിന്റെ ദൈവമാണെന്നും’ എപ്പോഴും നമ്മുടെ നന്മയാണ് ആഗ്രഹിക്കുന്നതെന്നും ദൈവദാസരായ നമുക്ക് അറിയാം. (സങ്കീ. 31:5; യശ. 48:17) ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാനാകുമെന്നു നമുക്കു ബോധ്യമുണ്ട്. കാരണം, ‘സത്യം—അതാണു ദൈവവചനത്തിന്റെ സാരാംശം.’ b (സങ്കീർത്തനം 119:160 വായിക്കുക.) ഒരു ബൈബിൾപണ്ഡിതൻ പറഞ്ഞതിനോടു നമ്മളും യോജിക്കും. അദ്ദേഹം എഴുതി: “ദൈവം പറഞ്ഞിട്ടുള്ളതൊന്നും നുണയല്ല. അവ ഒരിക്കലും നടക്കാതിരിക്കില്ല. ദൈവജനത്തിനു ദൈവത്തെ വിശ്വാസമായതുകൊണ്ട് ദൈവം പറയുന്ന കാര്യങ്ങളിലും വിശ്വസിക്കാനാകുന്നു.”
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
3 ദൈവവചനത്തിൽ നമുക്കുള്ള അതേ വിശ്വാസമുണ്ടായിരിക്കാൻ നമുക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാം? നമുക്ക് ഇപ്പോൾ ബൈബിളിൽ വിശ്വസിക്കാവുന്നതിന്റെ മൂന്നു കാരണങ്ങളെക്കുറിച്ച് നോക്കാം. ഒന്ന്, ബൈബിളിന്റെ സന്ദേശത്തിനു മാറ്റം വന്നിട്ടില്ല. രണ്ട്, ബൈബിൾപ്രവചനങ്ങൾ കൃത്യമായി നിറവേറിയിരിക്കുന്നു. മൂന്ന്, ആളുകളുടെ ജീവിതത്തിനു മാറ്റം വരുത്താനുള്ള ശക്തി ബൈബിളിനുണ്ട്.
ബൈബിളിന്റെ സന്ദേശത്തിനു മാറ്റം വന്നിട്ടില്ല
4. ബൈബിളിനു മാറ്റം വന്നിട്ടുണ്ടെന്നു ചിലർ ചിന്തിക്കുന്നത് എന്തുകൊണ്ട്?
4 ഏതാണ്ട് 40 വിശ്വസ്തപുരുഷന്മാരെ ഉപയോഗിച്ചാണ് യഹോവ ബൈബിൾപുസ്തകങ്ങൾ എഴുതിച്ചത്. എന്നാൽ അവർ അന്ന് എഴുതിയ ഒരു കൈയെഴുത്തുപ്രതിപോലും ഇപ്പോഴില്ല. c ഇന്നു ലഭ്യമായിരിക്കുന്നത് അവയുടെ പകർപ്പുകളുടെ പകർപ്പുകളാണ്. അതുകൊണ്ട് ചിലരെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം: ‘ദൈവദാസന്മാർ അന്ന് എഴുതിയ അതേ കാര്യങ്ങൾതന്നെയാണോ ഇന്നത്തെ ബൈബിളിലുള്ളത്?’ നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെയൊരു സംശയം തോന്നിയിട്ടുണ്ടോ?
5. എബ്രായതിരുവെഴുത്തുകളുടെ പകർപ്പുകൾ എങ്ങനെയാണു തയ്യാറാക്കിയത്? (പുറംതാളിലെ ചിത്രം കാണുക.)
5 ബൈബിളിന്റെ സന്ദേശം സംരക്ഷിക്കുന്നതിനുവേണ്ടി അതിന്റെ പകർപ്പുകൾ ഉണ്ടാക്കാൻ യഹോവ ആവശ്യപ്പെട്ടു. ഇസ്രായേലിലെ രാജാക്കന്മാർ തങ്ങളുടെ ഉപയോഗത്തിനുവേണ്ടി ദൈവനിയമത്തിന്റെ പകർപ്പ് എഴുതിയുണ്ടാക്കണമായിരുന്നു. ഇനി, ആ നിയമം ജനത്തെ പഠിപ്പിക്കാൻ യഹോവ ലേവ്യരോട് ആവശ്യപ്പെടുകയും ചെയ്തു. (ആവ. 17:18; 31:24-26; നെഹ. 8:7) പിന്നീട്, ജൂതന്മാർ ബാബിലോണിലെ പ്രവാസത്തിൽനിന്ന് മടങ്ങിവന്നതിനു ശേഷം പകർപ്പെഴുത്തുകാർ (ശാസ്ത്രിമാർ) എബ്രായതിരുവെഴുത്തുകളുടെ അനേകം പ്രതികൾ ഉണ്ടാക്കാൻതുടങ്ങി. (എസ്ര 7:6, അടിക്കുറിപ്പ്) അവർ ശ്രദ്ധയോടെയാണ് അതു ചെയ്തത്. പിന്നീടുവന്ന പകർപ്പെഴുത്തുകാർ വാക്കുകൾ മാത്രമല്ല അക്ഷരങ്ങൾപോലും എണ്ണിത്തിട്ടപ്പെടുത്താൻതുടങ്ങി. അങ്ങനെയാണ് അവർ തിരുവെഴുത്തുകളുടെ കൃത്യത ഉറപ്പുവരുത്തിയത്. ഇങ്ങനെയൊക്കെ ചെയ്തെങ്കിലും മനുഷ്യർ അപൂർണരായതുകൊണ്ട് ചെറിയ ചില തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. എന്നാൽ ഒരേ ഭാഗത്തിന്റെതന്നെ പല പകർപ്പുകളുള്ളതുകൊണ്ട് പിൽക്കാലത്ത് ആ തെറ്റുകൾ കണ്ടെത്താനായി. എങ്ങനെ?
6. ബൈബിൾ പകർത്തിയെഴുതിയപ്പോൾ ഉണ്ടായിട്ടുള്ള തെറ്റുകൾ എങ്ങനെ കണ്ടെത്താനാകും?
6 ബൈബിളിലെ ചില ഭാഗങ്ങൾ പകർത്തിയെഴുതിയപ്പോൾ വന്നിരിക്കുന്ന തെറ്റുകൾ കണ്ടെത്താൻ ഇക്കാലത്തെ പണ്ഡിതന്മാർ നല്ലൊരു വഴി കണ്ടുപിടിച്ചിട്ടുണ്ട്. അതു മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നോക്കുക. ഒരു പേജിലെ വിവരങ്ങൾ 100 പേരെക്കൊണ്ട് പകർത്തിയെഴുതിക്കുന്നെന്നിരിക്കട്ടെ. ഒരാൾ എഴുതിയപ്പോൾ അതിൽ ചെറിയൊരു തെറ്റുവന്നു. അതു കണ്ടുപിടിക്കാനുള്ള ഒരു മാർഗം, ബാക്കി എല്ലാവരും എഴുതിയതുമായി അയാൾ എഴുതിയത് ഒത്തുനോക്കുക എന്നതാണ്. അതുപോലെ, പല ബൈബിൾ കൈയെഴുത്തുപ്രതികൾ ഒത്തുനോക്കുന്നതിലൂടെ, പകർത്തിയെഴുതിയപ്പോൾ ആർക്കെങ്കിലും തെറ്റു പറ്റുകയോ എന്തെങ്കിലും വിട്ടുപോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതു കണ്ടെത്താൻ പണ്ഡിതന്മാർക്കു കഴിയുന്നു.
7. ബൈബിൾ പകർത്തിയെഴുതിയവർ എത്ര കൃത്യതയോടെയാണ് അതു ചെയ്തത്?
7 ബൈബിൾ കൈയെഴുത്തുപ്രതികൾ പകർത്തിയെഴുതിയവർ അതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി നന്നായി ശ്രമിച്ചു. അതു തെളിയിക്കുന്ന ഒരു ഉദാഹരണം നോക്കാം. എബ്രായതിരുവെഴുത്തുകളുടെ ഏറ്റവും പഴയ സമ്പൂർണ കൈയെഴുത്തുപ്രതി എ.ഡി. 1008-ലെയോ 1009-ലെയോ ആണ്. ലെനിൻഗ്രാഡ് കോഡക്സ് എന്നാണ് അതിനെ വിളിക്കുന്നത്. എന്നാൽ അടുത്തകാലത്ത് പല ബൈബിൾ കൈയെഴുത്തുപ്രതികളും അത്തരം പ്രതികളുടെ ചില ഭാഗങ്ങളും കണ്ടെത്തി. അവയ്ക്ക് ലെനിൻഗ്രാഡ് കോഡക്സിനെക്കാൾ 1,000 വർഷമെങ്കിലും പഴക്കമുണ്ട്. ആ 1,000 വർഷത്തിനിടയ്ക്കു പല തവണ പകർത്തിയെഴുതിയതുകൊണ്ട് ലെനിൻഗ്രാഡ് കോഡക്സ് തയ്യാറാക്കിയപ്പോഴേക്കും തിരുവെഴുത്തുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടാകുമെന്നു പലരും ചിന്തിച്ചേക്കാം. എന്നാൽ പഴയ ആ കൈയെഴുത്തുപ്രതികളും ലെനിൻഗ്രാഡ് കോഡക്സും താരതമ്യം ചെയ്തപ്പോൾ പണ്ഡിതന്മാർക്ക് ഒരു കാര്യം മനസ്സിലായി: വാക്കുകളിൽ ചില മാറ്റങ്ങൾ കാണുന്നുണ്ടെങ്കിലും ബൈബിളിന്റെ ആശയത്തിന് ഒരു വ്യത്യാസവും വന്നിട്ടില്ല.
8. ഗ്രീക്കുതിരുവെഴുത്തുകളുടെ കൈയെഴുത്തുപ്രതികളും അക്കാലത്തെ മറ്റു പുസ്തകങ്ങളും താരതമ്യം ചെയ്യുമ്പോൾ നമുക്ക് എന്തു വ്യത്യാസം കാണാം?
8 എബ്രായതിരുവെഴുത്തുകൾ പകർത്തിയെഴുതിയവരുടെ അതേ മാതൃക ആദ്യകാല ക്രിസ്ത്യാനികളും അനുകരിച്ചു. അവർ വളരെ ശ്രദ്ധയോടെ ഗ്രീക്കുതിരുവെഴുത്തുകളിലെ 27 പുസ്തകങ്ങളുടെയും കോപ്പികൾ ഉണ്ടാക്കി. അവയാണ് അവർ യോഗങ്ങളിലും പ്രസംഗപ്രവർത്തനത്തിലും ഉപയോഗിച്ചിരുന്നത്. ഗ്രീക്കുതിരുവെഴുത്തുകളുടെ കൈയെഴുത്തുപ്രതികളും അക്കാലത്തെ മറ്റു പുസ്തകങ്ങളും താരതമ്യം ചെയ്തിട്ട് ഒരു പണ്ഡിതൻ പറഞ്ഞത്, “പൊതുവേ നോക്കിയാൽ മറ്റു പുസ്തകങ്ങളെ അപേക്ഷിച്ച് (ഗ്രീക്കുതിരുവെഴുത്തുകളുടെ) കൂടുതൽ കൈയെഴുത്തുപ്രതികൾ ഇന്നു ലഭ്യമാണ്, . . . അവ ഏതാണ്ട് പൂർണരൂപത്തിലുമാണ്” എന്നാണ്. പുതിയ നിയമത്തിന്റെ ഘടന (ഇംഗ്ലീഷ് ) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “(ഗ്രീക്കുതിരുവെഴുത്തുകളുടെ) ആശ്രയയോഗ്യമായ ആധുനികപരിഭാഷകളിൽ കാണുന്ന വിവരങ്ങൾ അതിന്റെ എഴുത്തുകാർ എഴുതിയ അതേ സന്ദേശംതന്നെയാണെന്ന് ഉറച്ചുവിശ്വസിക്കാം.”
9. യശയ്യ 40:8 പറയുന്നതനുസരിച്ച് ബൈബിളിന്റെ സന്ദേശത്തെക്കുറിച്ച് നമുക്ക് എന്തു പറയാം?
9 ബൈബിളിന്റെ കോപ്പികൾ ഉണ്ടാക്കാൻ ഒരുപാടു പകർപ്പെഴുത്തുകാർ നൂറുകണക്കിനു വർഷങ്ങൾ വളരെ ശ്രദ്ധയോടെ അധ്വാനിച്ചു. അതുകൊണ്ടാണ് ഇത്ര കൃത്യതയുള്ള ഒരു ബൈബിൾ നമുക്കു കിട്ടിയിരിക്കുന്നത്. d ബൈബിൾ നമുക്കു ലഭ്യമാക്കാനും അതു കൃത്യതയുള്ളതാണെന്ന് ഉറപ്പുവരുത്താനും യഹോവയാണു പ്രവർത്തിച്ചതെന്ന് ഉറപ്പാണ്. (യശയ്യ 40:8 വായിക്കുക.) എന്നാൽ ചിലർ ഇങ്ങനെ പറഞ്ഞേക്കാം: ‘ബൈബിളിന്റെ സന്ദേശത്തിനു മാറ്റമൊന്നും വന്നിട്ടില്ല എന്നുള്ളതു ശരിയായിരിക്കാം. പക്ഷേ അതുകൊണ്ട് മാത്രം അതു ദൈവത്തിൽനിന്നുള്ളതാണെന്നു പറയാനാകുമോ?’ നമുക്ക് ഇപ്പോൾ ബൈബിൾ ദൈവപ്രചോദിതമായി എഴുതിയതാണ് എന്നതിന്റെ ചില തെളിവുകൾ നോക്കാം.
പ്രവചനങ്ങൾ കൃത്യമായി നിറവേറിയിരിക്കുന്നു
10. 2 പത്രോസ് 1:21-ലെ വാക്കുകൾ സത്യമാണ് എന്നതിന്റെ ഒരു ഉദാഹരണം പറയുക. (ചിത്രങ്ങൾ കാണുക.)
10 ഇപ്പോൾത്തന്നെ നിറവേറിയിട്ടുള്ള പല പ്രവചനങ്ങളും ബൈബിളിലുണ്ട്. അവയിൽ പലതും എഴുതിയതു സംഭവം നടക്കുന്നതിനു നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പാണ്. എന്നാൽ അവയെല്ലാം കൃത്യമായി സംഭവിച്ചെന്നു ചരിത്രത്തിൽനിന്ന് മനസ്സിലാക്കാം. നമുക്ക് അതിൽ അതിശയമില്ല. കാരണം ബൈബിളിൽ എഴുതിയിട്ടുള്ള ഈ പ്രവചനങ്ങൾ ദൈവമായ യഹോവയിൽനിന്നുള്ളതാണെന്നു നമുക്ക് അറിയാം. (2 പത്രോസ് 1:21 വായിക്കുക.) ഉദാഹരണത്തിന്, പുരാതന ബാബിലോൺ നഗരത്തെക്കുറിച്ചുള്ള ചില പ്രവചനങ്ങൾ നമുക്കു നോക്കാം. ആ നഗരം പിടിച്ചടക്കപ്പെടുമെന്നു ദൈവപ്രചോദിതനായി യശയ്യ പ്രവാചകൻ ബി.സി. എട്ടാം നൂറ്റാണ്ടിൽ മുൻകൂട്ടിപ്പറഞ്ഞു. അദ്ദേഹം അത് എഴുതുന്ന സമയത്ത് ബാബിലോൺ ശക്തമായ ഒരു നഗരമായിരുന്നു. അതു പിടിച്ചടക്കുന്ന വ്യക്തിയുടെ പേര് കോരെശ് എന്നായിരിക്കുമെന്നുപോലും യശയ്യ മുൻകൂട്ടിപ്പറഞ്ഞു. എങ്ങനെയായിരിക്കും അദ്ദേഹം അതു ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. (യശ. 44:27–45:2) കൂടാതെ, ആ നഗരം പിന്നീടു നശിപ്പിക്കപ്പെടുമെന്നും ഒരിക്കലും അവിടെ ആൾത്താമസം ഉണ്ടാകില്ലെന്നും യശയ്യ എഴുതി. (യശ. 13:19, 20) അത് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു. ബി.സി. 539-ൽ മേദ്യരും പേർഷ്യക്കാരും ബാബിലോൺ കീഴടക്കി. ഒരിക്കൽ വളരെ പ്രതാപത്തിലിരുന്ന ആ നഗരത്തിന്റെ സ്ഥാനത്ത് ഇന്നു നാശാവശിഷ്ടങ്ങളുടെ ഒരു കൂമ്പാരം മാത്രമേ ഉള്ളൂ.—ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ പാഠം 3 പോയിന്റ് 5-ൽനിന്ന് ബാബിലോണിന്റെ നാശം എന്ന വീഡിയോ കാണുക.
11. ദാനിയേൽ 2:41-43-ലെ പ്രവചനം ഇന്നു നിറവേറുന്നത് എങ്ങനെ?
11 കഴിഞ്ഞകാലങ്ങളിൽ മാത്രമല്ല ഇന്നും ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതു നമുക്കു കാണാം. ഉദാഹരണത്തിന്, ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെക്കുറിച്ചുള്ള ദാനിയേൽ പ്രവചനം നോക്കുക. (ദാനിയേൽ 2:41-43 വായിക്കുക.) അതിൽ പ്രതിമയുടെ പാദം ഭാഗികമായി ഇരുമ്പും ഭാഗികമായി കളിമണ്ണും കൊണ്ടാണെന്നു പറഞ്ഞിരിക്കുന്നു. അതു സൂചിപ്പിച്ചത് ആ ലോകശക്തി “ഭാഗികമായി ബലമുള്ളതും ഭാഗികമായി ദുർബലവും” ആയിരിക്കുമെന്നാണ്. ആ പ്രവചനം കൃത്യമായി നിറവേറുന്നതു നമ്മൾ ഇന്നു കാണുന്നു. ബ്രിട്ടനും അമേരിക്കയും തങ്ങൾക്ക് ഇരുമ്പിന്റേതുപോലുള്ള ശക്തിയുണ്ടെന്നു തെളിയിച്ചു. കാരണം രണ്ടു ലോകമഹായുദ്ധങ്ങളിലും നേടിയ വിജയത്തിൽ അവർക്കു വലിയൊരു പങ്കുണ്ടായിരുന്നു. കൂടാതെ അവർ വലിയ സൈനികശക്തിയായി തുടരുകയും ചെയ്യുന്നു. എന്നാൽ അതിന്റെ ശക്തിയെ ചോർത്തിക്കളയുന്ന പലതും ഇന്നു നടക്കുന്നുണ്ട്. ഈ ലോകശക്തിയുടെ കീഴിലുള്ള ജനങ്ങൾ പൗരാവകാശ പ്രക്ഷോഭങ്ങളിലൂടെയും തൊഴിലാളിയൂണിയനുകളിലൂടെയും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിലൂടെയും അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നു. ലോകത്തിലെ രാഷ്ട്രീയകാര്യങ്ങൾ വിശകലനം ചെയ്യുന്ന ഒരു വിദഗ്ധൻ അടുത്തിടെ ഇങ്ങനെ പറഞ്ഞു: “അമേരിക്കയെപ്പോലെ ഇത്രയധികം രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്ന, സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത മറ്റൊരു ജനാധിപത്യരാജ്യവും ഇക്കാലത്ത് ഇല്ലെന്നുതന്നെ പറയാം.” ഇനി, ഈ ലോകശക്തിയുടെ മറ്റേ ഭാഗമായ ബ്രിട്ടന്റെ കാര്യമോ? അടുത്തകാലത്തായി അതു വളരെ വിഭജിതമാണ്. യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായുള്ള മറ്റു രാജ്യങ്ങളുമായി എങ്ങനെയുള്ള ഒരു ബന്ധം നിലനിറുത്തണം എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ പല അഭിപ്രായങ്ങളുള്ളതാണ് അതിനു കാരണം. ഇത്തരം ഭിന്നതകളൊക്കെയുള്ളതുകൊണ്ട് ആംഗ്ലോ-അമേരിക്കൻ ലോകശക്തിക്കു പെട്ടെന്നൊരു തീരുമാനമെടുത്ത് പ്രവർത്തിക്കാൻ പലപ്പോഴും കഴിയാതെവരുന്നു.
12. ബൈബിൾപ്രവചനങ്ങൾ ഏതു കാര്യത്തിന് ഉറപ്പുതരുന്നു?
12 ഒരുപാടു ബൈബിൾപ്രവചനങ്ങൾ ഇതിനോടകം നിറവേറിയിട്ടുണ്ട്. അതു ഭാവിയെക്കുറിച്ച് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ നടക്കുമെന്ന നമ്മുടെ വിശ്വാസം ശക്തമാക്കുന്നു. സങ്കീർത്തനക്കാരനു തോന്നിയതുപോലെയായിരിക്കാം നമുക്കും തോന്നുന്നത്. അദ്ദേഹം പ്രാർഥനയിൽ യഹോവയോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പ്രത്യാശ വെക്കുന്നതു തിരുവചനത്തിലായതുകൊണ്ട് അങ്ങയിൽനിന്നുള്ള രക്ഷയ്ക്കായി കാത്തുകാത്തിരിക്കുന്നു.” (സങ്കീ. 119:81) തന്റെ വചനമായ ബൈബിളിലൂടെ യഹോവ നമുക്ക് ഒരു നല്ല “ഭാവിയും പ്രത്യാശയും” തന്നിട്ടുണ്ട്. (യിരെ. 29:11) അതു മനുഷ്യന്റെ ശ്രമംകൊണ്ട് വരുന്ന ഒന്നല്ല, പകരം യഹോവയുടെ വാക്കാണ്. അതുകൊണ്ട്, നമുക്കു ബൈബിൾപ്രവചനങ്ങൾ നന്നായി പഠിക്കാം. അങ്ങനെ ദൈവവചനത്തിലുള്ള വിശ്വാസം ശക്തമാക്കാൻ തുടർന്നും ശ്രമിക്കാം.
ബൈബിളിലെ ഉപദേശം ലക്ഷങ്ങളെ സഹായിക്കുന്നു
13. സങ്കീർത്തനം 119:66, 138 പറയുന്നതനുസരിച്ച് ബൈബിളിൽ വിശ്വസിക്കാവുന്നതിന്റെ മറ്റൊരു കാരണം എന്താണ്?
13 നമുക്കു ബൈബിളിൽ വിശ്വസിക്കാവുന്നതിന്റെ മറ്റൊരു കാരണം, ആളുകൾ ബൈബിളുപദേശങ്ങൾ അനുസരിക്കുമ്പോൾ അവർക്ക് അതിന്റെ പ്രയോജനം കിട്ടുന്നു എന്നതാണ്. (സങ്കീർത്തനം 119:66, 138 വായിക്കുക.) ഉദാഹരണത്തിന്, വിവാഹമോചനത്തിന്റെ വക്കിലെത്തിയ ചില ദമ്പതികൾ ബൈബിളിലെ ഉപദേശം അനുസരിച്ചതുകൊണ്ട് ഇപ്പോൾ സന്തോഷത്തോടെ കഴിയുന്നു. അതുകൊണ്ട് അവരുടെ മക്കൾക്കു തങ്ങളെക്കുറിച്ച് ശരിക്കും ചിന്തയുള്ള, തങ്ങളെ സ്നേഹിക്കുന്ന മാതാപിതാക്കളുള്ള ഒരു ക്രിസ്തീയകുടുംബത്തിൽ വളർന്നുവരാനാകുന്നു.—എഫെ. 5:22-29.
14. ബൈബിൾസത്യം അനുസരിക്കുന്നത് ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്തും എന്നതിന് ഒരു ഉദാഹരണം പറയുക.
14 ബൈബിളിലെ ഉപദേശങ്ങൾ അനുസരിച്ചത് അപകടകാരികളായ കുറ്റവാളികളുടെപോലും ജീവിതം മാറ്റിയിട്ടുണ്ട്. ജാക്ക് e എന്ന ഒരു ജയിൽപ്പുള്ളിയുടെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്നു നോക്കാം. അദ്ദേഹം അക്രമാസക്തനായ ഒരു കുറ്റവാളിയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആളുകളുടെ കൂട്ടത്തിൽ ഒരുപക്ഷേ ഏറ്റവും അപകടകാരിയായ ആൾ എന്നാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരുന്നത്. ഒരു ദിവസം സഹോദരങ്ങൾ ബൈബിൾ പഠിപ്പിക്കാൻ ജയിലിൽ ചെന്നപ്പോൾ അദ്ദേഹവും അവർ പറഞ്ഞതു ശ്രദ്ധിച്ചു. സഹോദരന്മാർ അദ്ദേഹത്തോടു കാണിച്ച ആ സ്നേഹവും പരിഗണനയും ജാക്കിനെ ഒരുപാടു സ്വാധീനിച്ചു. അങ്ങനെ അദ്ദേഹവും ബൈബിൾ പഠിക്കാൻതുടങ്ങി. താൻ മനസ്സിലാക്കിയ കാര്യങ്ങൾ അനുസരിച്ചതുകൊണ്ട് സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റം വന്ന് അദ്ദേഹം ഒരു നല്ല മനുഷ്യനാകാൻതുടങ്ങി. പിന്നീട് ജാക്ക് ഒരു പ്രചാരകനാകുകയും സ്നാനമേൽക്കുകയും ചെയ്തു. ജയിലിലുള്ള മറ്റ് ആളുകളോട് അദ്ദേഹം ദൈവരാജ്യത്തെക്കുറിച്ച് ഉത്സാഹത്തോടെ സംസാരിച്ചു. അങ്ങനെ സത്യം പഠിക്കാൻ നാലു പേരെയെങ്കിലും സഹായിക്കുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു. അവസാനം വധശിക്ഷയ്ക്കുള്ള ദിവസം വന്നപ്പോഴേക്കും ജാക്കിന് ഒരുപാടു മാറ്റം വന്നിരുന്നു. അദ്ദേഹത്തിന്റെ ഒരു വക്കീൽ ഇങ്ങനെ പറഞ്ഞു: “20 വർഷം മുമ്പ് ഞാൻ കണ്ട ജാക്ക് അല്ല ഇത്. യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചതുകൊണ്ട് അദ്ദേഹം ആകെ മാറി.” ജാക്കിനു വധശിക്ഷ കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ആ നല്ല മാതൃക ഒരു കാര്യം നമ്മളെ പഠിപ്പിക്കുന്നു: ബൈബിൾസത്യത്തിന് ആളുകളുടെ ജീവിതത്തെ മാറ്റാനുള്ള ശക്തിയുണ്ട്. നമുക്കു ബൈബിളിൽ വിശ്വസിക്കാം എന്നതിന്റെ ശക്തമായ ഒരു തെളിവാണ് അത്.—യശ. 11:6-9.
15. ബൈബിളുപദേശങ്ങൾ അനുസരിക്കുന്ന കാര്യത്തിൽ യഹോവയുടെ ജനവും മറ്റുള്ളവരും തമ്മിൽ എന്തു വ്യത്യാസം കാണാം? (ചിത്രം കാണുക.)
15 ബൈബിളുപദേശങ്ങൾ അനുസരിക്കുന്നതുകൊണ്ട് യഹോവയുടെ ജനത്തിന്റെ ഇടയിൽ സമാധാനവും ഐക്യവും കാണാനാകുന്നു. (യോഹ. 13:35; 1 കൊരി. 1:10) അത് എടുത്തുപറയേണ്ട ഒന്നാണ്. കാരണം രാഷ്ട്രീയാഭിപ്രായങ്ങളുടെയും വംശീയവ്യത്യാസങ്ങളുടെയും സമൂഹത്തിലെ നിലയുടെയും വിലയുടെയും പേരിൽ ലോകം ഇന്നു ഭിന്നിച്ചിരിക്കുകയാണ്. യഹോവയുടെ ജനത്തിന്റെ ഇടയിലെ ഐക്യം കണ്ടതു ജീൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. ഒരു ആഫ്രിക്കൻ രാജ്യത്താണ് അദ്ദേഹം വളർന്നുവന്നത്. അവിടെ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം സൈന്യത്തിൽ ചേർന്നു. പക്ഷേ പിന്നീട് ഒരു അയൽരാജ്യത്തേക്ക് ഓടി രക്ഷപ്പെട്ടു. അവിടെവെച്ച് അദ്ദേഹം യഹോവയുടെ സാക്ഷികളെ പരിചയപ്പെട്ടു. ജീൻ പറയുന്നു: “സത്യമതത്തിലുള്ളവർ ഒരിക്കലും രാഷ്ട്രീയകാര്യങ്ങളിൽ ഉൾപ്പെടില്ലെന്നും അവരുടെ ഇടയിൽ ഐക്യമുണ്ടായിരിക്കുമെന്നും ഞാൻ മനസ്സിലാക്കി. അവർ പരസ്പരം സ്നേഹിക്കുന്നവരായിരിക്കും.” അദ്ദേഹം ഇങ്ങനെയും പറയുന്നു: “രാജ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ഞാൻ എന്റെ ജീവിതം അർപ്പിച്ചിരുന്നു. എന്നാൽ ബൈബിൾസത്യം മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു.” ജീനിന്റെ കാഴ്ചപ്പാടിനു വലിയ മാറ്റം വന്നിരിക്കുന്നു. മറ്റു പശ്ചാത്തലത്തിൽപ്പെട്ട ആളുകൾക്കെതിരെ പോരാടുന്നതിനു പകരം താൻ മനസ്സിലാക്കിയ ബൈബിൾസത്യങ്ങളെക്കുറിച്ച് എല്ലാവരോടും പറയാൻ അദ്ദേഹം ഇപ്പോൾ ശ്രമിക്കുന്നു. പല തരത്തിൽപ്പെട്ട ആളുകളുടെ ജീവിതത്തെ സ്വാധീനിക്കാൻ ബൈബിളുപദേശത്തിനു കഴിയുമെന്നു നമ്മൾ കണ്ടു. ഈ വസ്തുത ബൈബിളിൽ വിശ്വസിക്കാം എന്നതിന്റെ ശക്തമായ ഒരു തെളിവാണ്.
ബൈബിൾ പറയുന്ന കാര്യങ്ങൾ തുടർന്നും വിശ്വസിക്കുക
16. ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളാകുകയാണ്. അതുകൊണ്ടുതന്നെ ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതു കൂടുതൽക്കൂടുതൽ പ്രയാസമായിത്തീരും. ബൈബിൾ പറയുന്നതെല്ലാം സത്യമാണോ, നമുക്കു വേണ്ട നിർദേശങ്ങൾ തരാൻ യഹോവ ‘വിശ്വസ്തനും വിവേകിയുമായ അടിമയെ’ നിയമിച്ചിട്ടുണ്ടോ എന്നതുപോലുള്ള കാര്യങ്ങളെക്കുറിച്ച് നമ്മുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകാൻ ആളുകൾ ശ്രമിച്ചേക്കാം. എന്നാൽ യഹോവയുടെ വചനം എപ്പോഴും സത്യമാണെന്നു ബോധ്യമുണ്ടെങ്കിൽ വിശ്വാസത്തിനു നേരെയുള്ള ഇത്തരം ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ നമുക്കാകും. ‘ദൈവത്തിന്റെ ചട്ടങ്ങൾ എപ്പോഴും അനുസരിക്കാൻ, ജീവിതാവസാനംവരെ പാലിക്കാൻ, നമ്മൾ നിശ്ചയിച്ചുറച്ചിരിക്കും.’ (സങ്കീ. 119:112) അതുപോലെ ബൈബിൾസത്യങ്ങളെക്കുറിച്ച് ആളുകളോടു പറയാനും അതനുസരിച്ച് ജീവിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും നമുക്കു “നാണക്കേടു തോന്നില്ല.” (സങ്കീ. 119:46) ഇനി, ഉപദ്രവം സഹിക്കേണ്ടിവരുന്നതുപോലുള്ള ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും “സന്തോഷത്തോടെയും ക്ഷമയോടെയും” സഹിച്ചുനിൽക്കാനും നമുക്കു കഴിയും.—കൊലോ. 1:11; സങ്കീ. 119:143, 157.
17. 2023-ലെ വാർഷികവാക്യം ഏതു കാര്യം നമ്മളെ ഓർമിപ്പിക്കും?
17 യഹോവ സത്യം വെളിപ്പെടുത്തിത്തന്നിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! ആത്മവിശ്വാസത്തോടെ ശാന്തരായിരിക്കാൻ ഈ സത്യം നമ്മളെ സഹായിക്കുന്നു. കുഴഞ്ഞുമറിഞ്ഞ ഈ ലോകത്തിൽ എങ്ങനെ ജീവിക്കണമെന്ന് അതു നമുക്കു കാണിച്ചുതരുന്നു. ഭാവിയിൽ ദൈവരാജ്യഭരണത്തിൻകീഴിൽ നല്ലൊരു ജീവിതത്തിനുള്ള പ്രത്യാശ അതു തരുന്നു. അതുകൊണ്ട് ദൈവത്തിന്റെ വചനം മുഴുവൻ, അതിന്റെ സാരാംശം, സത്യമാണെന്നുള്ള ബോധ്യം ശക്തമാക്കിനിറുത്താൻ 2023-ലെ വാർഷികവാക്യം നമ്മളെ സഹായിക്കട്ടെ!—സങ്കീ. 119:160.
ഗീതം 94 ദൈവവചനത്തിനായ് നന്ദിയുള്ളവർ
a നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്ന ഒരു വാക്യമാണ് 2023-ലെ വാർഷികവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്: “സത്യം—അതാണ് അങ്ങയുടെ വചനത്തിന്റെ സാരാംശം.” (സങ്കീ. 119:160) ഈ പറഞ്ഞതിനോടു നിങ്ങൾ യോജിക്കും എന്നതിനു സംശയമില്ല. പക്ഷേ ഇന്നു പല ആളുകളും ബൈബിൾ സത്യമാണെന്നോ അതിനു നല്ലൊരു വഴികാട്ടിയായിരിക്കാൻ കഴിയുമെന്നോ വിശ്വസിക്കുന്നില്ല. അതുകൊണ്ട്, ബൈബിളിലും അതിന്റെ ഉപദേശങ്ങളിലും വിശ്വസിക്കാവുന്നതിന്റെ കാരണം ആത്മാർഥഹൃദയരായ ആളുകളെ ബോധ്യപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കുന്നു. അതിനു സഹായിക്കുന്ന മൂന്നു തെളിവുകളെക്കുറിച്ചാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
b പദപ്രയോഗത്തിന്റെ വിശദീകരണം: “സാരാംശം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിന്റെ അർഥം അന്തസ്സത്ത, ആകെത്തുക എന്നൊക്കെയാണ്.
c പുരാതനകാലങ്ങളിൽ കൈകൊണ്ട് എഴുതിയുണ്ടാക്കിയ രേഖകളെയാണു “കൈയെഴുത്തുപ്രതികൾ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
d ബൈബിൾ സംരക്ഷിക്കപ്പെട്ടതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് jw.org-ലെ തിരയുക എന്ന ഭാഗത്ത് “ചരിത്രവും ബൈബിളും” എന്നു ടൈപ്പ് ചെയ്യുക.
e ചില പേരുകൾക്കു മാറ്റമുണ്ട്.
f ചിത്രങ്ങളുടെ വിവരണം: ദൈവം മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ബാബിലോൺ നഗരം നശിപ്പിക്കപ്പെട്ടു.
g ചിത്രങ്ങളുടെ വിവരണം: പുനരവതരണം—ആളുകളോടു പോരാടുന്നതിനു പകരം എങ്ങനെ സമാധാനത്തോടെ ജീവിക്കാമെന്ന് ഒരു ചെറുപ്പക്കാരൻ ബൈബിളിൽനിന്ന് പഠിക്കുന്നു, അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുന്നു.