വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 2

“മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക”

“മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക”

“മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക. അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമ. 12:2.

ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ

ചുരുക്കം a

1-2. സ്‌നാ​ന​ത്തി​നു ശേഷവും നമ്മൾ എന്തു ചെയ്യു​ന്ന​തിൽ തുടരണം? വിശദീ​ക​രി​ക്കുക.

 നിങ്ങൾ എത്ര കൂടെ​ക്കൂ​ടെ വീടു വൃത്തി​യാ​ക്കാ​റുണ്ട്‌? ആ വീട്ടിൽ താമസം തുടങ്ങിയ സമയത്ത്‌ എന്തായാ​ലും ഓരോ മുക്കും മൂലയും വൃത്തി​യാ​ക്കി​യി​ട്ടു​ണ്ടാ​കും. പക്ഷേ അതിനു ശേഷം അങ്ങനെ ചെയ്‌തി​ട്ടി​ല്ലെ​ങ്കി​ലോ? നമുക്ക്‌ അറിയാം, പെട്ടെന്നു പൊടി​യും അഴുക്കും എല്ലാം വന്നുനി​റ​യും. അതു​കൊണ്ട്‌ വീട്‌ എപ്പോ​ഴും ഭംഗി​യോ​ടെ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ പതിവാ​യി അതു വൃത്തി​യാ​ക്കേ​ണ്ട​തുണ്ട്‌.

2 നമ്മുടെ ചിന്തക​ളു​ടെ​യും വ്യക്തി​ത്വ​ത്തി​ന്റെ​യും കാര്യ​ത്തി​ലും ഇതു​പോ​ലെ കൂടെ​ക്കൂ​ടെ ഒരു വൃത്തി​യാ​ക്കൽ ആവശ്യ​മാണ്‌. സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു മുമ്പ്‌, ‘ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കാൻ’ നല്ല ശ്രമം ചെയ്‌ത്‌ നമ്മൾ ധാരാളം മാറ്റങ്ങൾ വരുത്തി. (2 കൊരി. 7:1) എന്നാൽ ചിന്താ​രീ​തി “പുതു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കുക” എന്നുള്ള പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ ഉപദേ​ശ​വും നമ്മൾ അനുസ​രി​ക്കണം. (എഫെ. 4:23) എന്തു​കൊ​ണ്ടാ​ണു സ്‌നാ​ന​ത്തി​നു ശേഷവും തുടർച്ച​യാ​യി അങ്ങനെ ചെയ്യേ​ണ്ടത്‌? കാരണം ഈ ലോക​ത്തി​ന്റെ പൊടി​യും അഴുക്കും എല്ലാം നമ്മളിൽ പെട്ടെന്ന്‌ അടിഞ്ഞു​കൂ​ടാ​നി​ട​യുണ്ട്‌. അത്‌ ഒഴിവാ​ക്കാ​നും എപ്പോ​ഴും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന ഒരു വ്യക്തി​യാ​യി​രി​ക്കാ​നും നമ്മുടെ ചിന്തക​ളെ​യും വ്യക്തി​ത്വ​ത്തെ​യും ആഗ്രഹ​ങ്ങ​ളെ​യും കൂടെ​ക്കൂ​ടെ പരി​ശോ​ധി​ക്കേ​ണ്ട​തുണ്ട്‌.

‘മനസ്സു പുതു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കുക’

3. ‘മനസ്സു പുതു​ക്കുക’ എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താണ്‌? (റോമർ 12:2)

3 മനസ്സു പുതു​ക്കാൻ, അതായത്‌ ചിന്തക​ളിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ നമ്മൾ എന്തു ചെയ്യണം? (റോമർ 12:2 വായി​ക്കുക.) ‘മനസ്സു പുതു​ക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു പദപ്ര​യോ​ഗത്തെ “മനസ്സിനെ പുതു​ക്കി​പ്പ​ണി​യുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. അതു കാണി​ക്കു​ന്നതു ജീവി​ത​ത്തിൽ എന്തെങ്കി​ലും കുറച്ച്‌ നല്ല കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ അതി​നെ​യൊ​ന്നു മോടി​പി​ടി​പ്പി​ച്ചാൽ പോരാ, മറിച്ച്‌ ഉള്ളിന്റെ ഉള്ളിൽ നമ്മൾ എങ്ങനെ​യുള്ള വ്യക്തി​യാ​ണെന്നു പരി​ശോ​ധിച്ച്‌ വേണ്ട മാറ്റങ്ങൾ വരുത്തണം എന്നാണ്‌. അങ്ങനെ, നമ്മുടെ ജീവി​തത്തെ യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളോ​ടു കഴിയു​ന്നത്ര യോജി​പ്പിൽ കൊണ്ടു​വ​രണം. ഇത്‌ ഒരിക്കൽ മാത്രം ചെയ്‌താൽ പോരാ, തുടർച്ച​യാ​യി ചെയ്യേ​ണ്ട​താണ്‌.

വിദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും ജോലി​യു​ടെ​യും കാര്യ​ത്തിൽ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ ദൈവരാജ്യത്തിനാണു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​തെന്നു തെളി​യി​ക്കു​ന്നു​ണ്ടോ? (4-5 ഖണ്ഡികകൾ കാണുക.) c

4. നമ്മുടെ ചിന്തകളെ ഇന്നത്തെ വ്യവസ്ഥി​തി സ്വാധീ​നി​ക്കാ​തി​രി​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

4 പൂർണ​രാ​യി​ക്ക​ഴി​യു​മ്പോൾ നമുക്ക്‌ എല്ലായ്‌പോ​ഴും യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന രീതി​യിൽ കാര്യങ്ങൾ ചെയ്യാ​നാ​കും. എന്നാൽ അതുവ​രെ​യുള്ള സമയത്ത്‌ അതിനു​വേണ്ടി കഠിന​ശ്രമം ചെയ്യേ​ണ്ട​തുണ്ട്‌. ഇതി​നോ​ടു ബന്ധപ്പെട്ട ഒരു കാര്യ​മാ​ണു റോമർ 12:2-ൽ പൗലോസ്‌ പറഞ്ഞി​രി​ക്കു​ന്നത്‌. അവിടെ ദൈവ​ത്തി​ന്റെ ഇഷ്ടം എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നമ്മൾ മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ട​ണ​മെന്നു പറഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ ലോക​ത്തി​ന്റെ ചിന്തകൾക്കു പകരം ദൈവ​ത്തി​ന്റെ ചിന്തകൾ നമ്മളെ സ്വാധീ​നി​ക്കാൻ നമ്മൾ അനുവ​ദി​ക്കണം. അതിനാ​യി നമ്മുടെ ലക്ഷ്യങ്ങ​ളും തീരു​മാ​ന​ങ്ങ​ളും ദൈവ​ത്തി​ന്റെ ചിന്തക​ളു​മാ​യി എത്ര​ത്തോ​ളം യോജി​പ്പി​ലാ​ണെന്നു പരി​ശോ​ധി​ക്കണം.

5. യഹോ​വ​യു​ടെ ദിവസം അടുത്ത്‌ എത്തിയെന്ന കാര്യം ശരിക്കും നമ്മുടെ മനസ്സി​ലു​ണ്ടോ എന്ന്‌ എങ്ങനെ പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്താം? (ചിത്രം കാണുക.)

5 ദൈവ​ത്തി​ന്റെ ചിന്തകൾക്ക​നു​സ​രി​ച്ചാ​ണോ നമ്മൾ ജീവി​ക്കു​ന്ന​തെന്നു പരി​ശോ​ധി​ക്കാ​നാ​കുന്ന ഒരു വിധം നോക്കാം. ‘യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ സാന്നി​ധ്യം എപ്പോ​ഴും മനസ്സിൽക്കണ്ട്‌ ജീവി​ക്കാൻ’ യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നു. (2 പത്രോ. 3:12) നമ്മൾ അങ്ങനെ ചെയ്യു​ന്നു​ണ്ടോ എന്ന്‌ അറിയാൻ ചില ചോദ്യ​ങ്ങൾ സഹായി​ക്കും: ‘ഈ ലോക​ത്തി​ന്റെ അന്ത്യം തൊട്ട​ടുത്ത്‌ എത്തി​യെന്നു വിശ്വ​സി​ക്കു​ന്ന​താ​യി എന്റെ ജീവിതം കാണി​ക്കു​ന്നു​ണ്ടോ? വിദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും ജോലി​യു​ടെ​യും കാര്യ​ത്തിൽ ഞാൻ എടുക്കുന്ന തീരു​മാ​നങ്ങൾ ദൈവ​സേ​വ​ന​മാണ്‌ എന്റെ ജീവി​ത​ത്തിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തെന്നു തെളി​യി​ക്കു​ന്നു​ണ്ടോ? എനിക്കും കുടും​ബ​ത്തി​നും വേണ്ടി യഹോവ കരുതു​മെന്ന വിശ്വാ​സം എനിക്കു​ണ്ടോ? അതോ ജീവി​താ​വ​ശ്യ​ങ്ങൾ എങ്ങനെ നടത്തും എന്നോർത്ത്‌ ഞാൻ എപ്പോ​ഴും ടെൻഷ​ന​ടി​ക്കു​ക​യാ​ണോ?’ യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ നമ്മൾ ജീവിതം നയിക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​കു​മെന്നു ചിന്തി​ക്കുക.—മത്താ. 6:25-27, 33; ഫിലി. 4:12, 13.

6. നമ്മൾ എന്തു ചെയ്യു​ന്ന​തിൽ തുടരണം?

6 നമ്മൾ കൂടെ​ക്കൂ​ടെ നമ്മുടെ ചിന്തകൾ പരി​ശോ​ധി​ക്കു​ക​യും വേണ്ട മാറ്റങ്ങൾ വരുത്തു​ക​യും ചെയ്യണം. പൗലോസ്‌ കൊരി​ന്തി​ലു​ള്ള​വ​രോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ വിശ്വാ​സ​ത്തിൽത്ത​ന്നെ​യാ​ണോ എന്നു പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കണം. നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ എപ്പോ​ഴും പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്തുക.” (2 കൊരി. 13:5) ഇടയ്‌ക്കി​ടെ മീറ്റിങ്ങു കൂടു​ക​യും ശുശ്രൂ​ഷ​യ്‌ക്കു പോകു​ക​യും ചെയ്യു​ന്ന​തു​കൊണ്ട്‌ മാത്രം ഒരാൾ ‘വിശ്വാ​സ​ത്തി​ലാ​ണെന്നു’ പറയാൻ പറ്റില്ല. നമ്മൾ എന്തു ചിന്തി​ക്കു​ന്നു, നമ്മുടെ ആഗ്രഹങ്ങൾ എങ്ങനെ​യു​ള്ള​താണ്‌, ഒരു കാര്യം ചെയ്യു​ന്ന​തി​നു നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌ എന്നിവ​യും അതിൽ ഉൾപ്പെ​ടു​ന്നു. അതു​കൊണ്ട്‌ നമ്മൾ മനസ്സിനെ പുതു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കണം. ദൈവ​വ​ചനം വായി​ക്കു​ക​യും യഹോവ ചിന്തി​ക്കു​ന്ന​തു​പോ​ലെ ചിന്തി​ക്കാൻ പഠിക്കു​ക​യും നമ്മുടെ ജീവിതം ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ കൊണ്ടു​വ​രു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ അതിനു കഴിയും.—1 കൊരി. 2:14-16.

‘പുതിയ വ്യക്തി​ത്വം ധരിക്കുക’

7. എഫെസ്യർ 4:31, 32 പറയു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ എന്തുകൂ​ടെ ചെയ്യണം, അത്‌ അത്ര എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

7 എഫെസ്യർ 4:31, 32 വായി​ക്കുക. ചിന്തക​ളിൽ മാറ്റം വരുത്തു​ന്ന​തോ​ടൊ​പ്പം നമ്മൾ “പുതിയ വ്യക്തി​ത്വം ധരിക്കു​ക​യും വേണം.” (എഫെ. 4:24) അതിനു നമ്മുടെ ഭാഗത്ത്‌ കൂടുതൽ ശ്രമം ആവശ്യ​മാണ്‌. മറ്റു പല കാര്യ​ങ്ങ​ളോ​ടും ഒപ്പം പക, കോപം, ക്രോധം പോലുള്ള മോശം സ്വഭാ​വങ്ങൾ മാറ്റി​യെ​ടു​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. ഒരാളു​ടെ സ്വഭാ​വ​ത്തിൽ മാറ്റം വരുത്തുക എന്നു പറയു​ന്നത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല. ചില ആളുകൾ ‘മുൻകോ​പി​ക​ളും ദേഷ്യ​ക്കാ​രും’ ആണെന്നു ബൈബിൾ പറയു​ന്നുണ്ട്‌. (സുഭാ. 29:22) അതു കാണി​ക്കു​ന്നത്‌ അതു​പോ​ലുള്ള സ്വഭാ​വങ്ങൾ ചില ആളുക​ളു​ടെ വ്യക്തി​ത്വ​ത്തി​ന്റെ​തന്നെ ഭാഗമാ​ണെ​ന്നാണ്‌. അതു​കൊണ്ട്‌ അത്തരം മോശം സ്വഭാ​വ​ങ്ങളെ നിയ​ന്ത്രി​ക്കാൻ തുടർച്ച​യായ ശ്രമം ആവശ്യ​മാണ്‌. സ്‌നാ​ന​പ്പെ​ട്ട​തി​നു ശേഷം​പോ​ലും നമ്മൾ ആ ശ്രമം തുട​രേ​ണ്ടി​വ​ന്നേ​ക്കാ​മെന്നു പിൻവ​രുന്ന അനുഭ​വങ്ങൾ കാണി​ക്കു​ന്നു.

8-9. പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യാൻ നമ്മൾ ശ്രമി​ച്ചു​കൊ​ണ്ടേ​യി​രി​ക്ക​ണ​മെന്നു സ്റ്റീവൻ സഹോ​ദ​രന്റെ അനുഭവം കാണി​ക്കു​ന്നത്‌ എങ്ങനെ?

8 സ്റ്റീവൻ എന്നു പേരുള്ള ഒരു സഹോ​ദ​രനു തന്റെ കോപം നിയ​ന്ത്രി​ക്കാൻ അല്പം ബുദ്ധി​മു​ട്ടാ​യി​രു​ന്നു. സഹോ​ദരൻ പറയുന്നു: “സ്‌നാ​ന​പ്പെ​ട്ട​തി​നു ശേഷം​പോ​ലും ഞാൻ ദേഷ്യം നിയ​ന്ത്രി​ക്കാൻ ശ്രമി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഒരിക്കൽ വീടു​തോ​റും പ്രവർത്തി​ക്കുന്ന സമയത്ത്‌ ഒരു കള്ളൻ എന്റെ കാറിൽനിന്ന്‌ റേഡി​യോ മോഷ്ടി​ച്ചു. ഞാൻ അവനെ പിടി​ക്കാൻ പുറകേ ഓടി. ഞാൻ തൊട്ട​ടുത്ത്‌ എത്തിയ​പ്പോൾ കള്ളൻ ആ റേഡി​യോ അവിടെ ഇട്ടിട്ട്‌ ഓടി​ക്ക​ളഞ്ഞു. അങ്ങനെ എനിക്ക്‌ അതു തിരി​ച്ചു​കി​ട്ടി. ഈ കഥ, കൂടെ​യു​ണ്ടാ​യി​രുന്ന മറ്റു സഹോ​ദ​ര​ങ്ങ​ളോ​ടു പറഞ്ഞ​പ്പോൾ ഒരു മൂപ്പൻ എന്നോടു ചോദി​ച്ചു, ‘സ്റ്റീവൻ, ആ കള്ളനെ പിടി​ക്കാൻ പറ്റിയി​രു​ന്നെ​ങ്കിൽ താങ്കൾ എന്തു ചെയ്യു​മാ​യി​രു​ന്നു?’ ആ ചോദ്യം എന്നെ ചിന്തി​പ്പി​ച്ചു. സമാധാ​ന​പ്രി​യ​നാ​യി​രി​ക്കാ​നുള്ള ശ്രമം തുടരാൻ അത്‌ എന്നെ പ്രേരി​പ്പി​ച്ചു.” b

9 സ്റ്റീവൻ സഹോ​ദ​രന്റെ അനുഭവം നമ്മളെ ഒരു കാര്യം പഠിപ്പി​ക്കു​ന്നു: നമ്മുടെ നിയ​ന്ത്ര​ണ​ത്തി​ലാ​യെന്നു കരുതിയ മോശം സ്വഭാ​വ​ങ്ങൾപോ​ലും ചില​പ്പോൾ അപ്രതീ​ക്ഷി​ത​മാ​യി വീണ്ടും തലപൊ​ക്കി​യേ​ക്കാം. നിങ്ങളു​ടെ കാര്യ​ത്തിൽ അങ്ങനെ സംഭവി​ക്കു​ക​യാ​ണെ​ങ്കിൽ ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കാ​നുള്ള യോഗ്യ​ത​യൊ​ന്നും ഇല്ലെന്നു ചിന്തിച്ച്‌ നിരാ​ശ​പ്പെ​ട​രുത്‌. അപ്പോ​സ്‌ത​ല​നായ പൗലോ​സു​പോ​ലും ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഞാൻ നന്മ ചെയ്യാൻ ആഗ്രഹി​ക്കു​ന്നെ​ങ്കി​ലും തിന്മ എന്നോ​ടൊ​പ്പ​മുണ്ട്‌.” (റോമ. 7:21-23) ഒരു വീട്‌ എത്ര വൃത്തി​യാ​ക്കി​യാ​ലും വീണ്ടും അവിടെ പൊടി​യും അഴുക്കും വന്നുനി​റ​യു​ന്ന​തു​പോ​ലെ അപൂർണ​രായ നമ്മു​ടെ​യെ​ല്ലാം കാര്യ​ത്തിൽ ഇടയ്‌ക്കി​ടെ മോശം സ്വഭാ​വങ്ങൾ പൊങ്ങി​വ​ന്നേ​ക്കാം. അതു​കൊണ്ട്‌ ഇത്തരം മോശം സ്വഭാ​വങ്ങൾ ഒഴിവാ​ക്കാൻ തുടർച്ച​യായ ശ്രമം ആവശ്യ​മാണ്‌. അതിനു നമ്മളെ എന്തു സഹായി​ക്കും?

10. ഒരു മോശം സ്വഭാവം ഉള്ളിൽനിന്ന്‌ മാറ്റി​യെ​ടു​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​കും? (1 യോഹ​ന്നാൻ 5:14, 15)

10 ഏതെങ്കി​ലും ഒരു സ്വഭാ​വത്തെ നിയ​ന്ത്രി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​യി തോന്നു​ന്നെ​ങ്കിൽ ആ കാര്യം പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറയുക. യഹോവ ഉറപ്പാ​യും നിങ്ങളു​ടെ പ്രാർഥന കേൾക്കു​ക​യും സഹായി​ക്കു​ക​യും ചെയ്യും. (1 യോഹ​ന്നാൻ 5:14, 15 വായി​ക്കുക.) ദൈവം അത്ഭുത​ക​ര​മാ​യി ആ മോശം സ്വഭാവം നമ്മുടെ ഉള്ളിൽനിന്ന്‌ എടുത്തു​മാ​റ്റില്ല. എങ്കിലും അതിനെ നിയ​ന്ത്രി​ച്ചു​നി​റു​ത്താൻ വേണ്ട ശക്തി തരാൻ യഹോ​വ​യ്‌ക്കാ​കും. (1 പത്രോ. 5:10) ഇനി, ആ സ്വഭാവം വീണ്ടും തലപൊ​ക്കാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന കാര്യങ്ങൾ ചെയ്യാ​തി​രു​ന്നു​കൊണ്ട്‌ പ്രാർഥ​ന​യ്‌ക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യും വേണം. ഉദാഹ​ര​ണ​ത്തിന്‌, നമ്മൾ ഉപേക്ഷി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു സ്വഭാവം അത്ര മോശമല്ല എന്ന രീതി​യിൽ ചിത്രീ​ക​രി​ക്കുന്ന സിനി​മ​ക​ളും ടെലി​വി​ഷൻ പരിപാ​ടി​ക​ളും കാണു​ന്ന​തും കഥകൾ വായി​ക്കു​ന്ന​തും നമ്മൾ ഒഴിവാ​ക്കേ​ണ്ട​തുണ്ട്‌. കൂടാതെ, മനസ്സ്‌ തെറ്റായ ചിന്തക​ളിൽ മുഴു​കാൻ അനുവ​ദി​ക്കു​ക​യും അരുത്‌.—ഫിലി. 4:8; കൊലോ. 3:2.

11. പുതിയ വ്യക്തി​ത്വം ധരിക്കു​ന്നതു തുടരാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാം?

11 പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യു​ന്ന​തോ​ടൊ​പ്പം പുതിയ വ്യക്തി​ത്വം ധരിക്കു​ന്ന​തും വളരെ പ്രധാ​ന​മാണ്‌. നമുക്ക്‌ എങ്ങനെ അതു ചെയ്യാം? അതിനു​വേണ്ടി യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​മ്പോൾ യഹോ​വ​യു​ടെ ഗുണങ്ങൾ നമ്മുടെ ജീവി​ത​ത്തിൽ പകർത്താൻ ഒരു ലക്ഷ്യം വെക്കാം. (എഫെ. 5:1, 2) ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യു​ടെ ക്ഷമയെ​ക്കു​റിച്ച്‌ വിവരി​ക്കുന്ന ഒരു ബൈബിൾഭാ​ഗം വായി​ക്കു​മ്പോൾ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാം: ‘മറ്റുള്ള​വ​രോ​ടു ക്ഷമിക്കുന്ന കാര്യ​ത്തിൽ ഞാൻ എങ്ങനെ​യുണ്ട്‌?’ ഇനി, പാവ​പ്പെ​ട്ട​വ​രോട്‌ യഹോവ കാണി​ക്കുന്ന അനുക​മ്പ​യെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ ഇങ്ങനെ ചിന്തി​ക്കാം: ‘സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌ അനുഭ​വി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്ക്‌ അങ്ങനെ​യൊ​രു ചിന്തയു​ണ്ടോ? ഞാൻ അത്‌ എന്റെ പ്രവൃ​ത്തി​ക​ളി​ലൂ​ടെ കാണി​ക്കു​ന്നു​ണ്ടോ?’ പുതിയ വ്യക്തി​ത്വം ധരിക്കു​ന്ന​തി​ലൂ​ടെ മനസ്സിനെ പുതു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്കുക. അങ്ങനെ ചെയ്യു​ന്ന​തിൽ ഇടയ്‌ക്കു വീഴ്‌ച വന്നാലും അതിനുള്ള ശ്രമം തുടരുക.

12. ആളുക​ളു​ടെ ജീവി​ത​ത്തിൽ മാറ്റം വരുത്താ​നുള്ള ബൈബി​ളി​ന്റെ ശക്തി സ്റ്റീവൻ സഹോ​ദരൻ അനുഭ​വി​ച്ച​റി​ഞ്ഞത്‌ എങ്ങനെ?

12 നേരത്തേ കണ്ട സ്റ്റീവൻ സഹോ​ദ​രനു പതി​യെ​പ്പ​തി​യെ പുതിയ വ്യക്തി​ത്വം ധരിക്കാൻ കഴിഞ്ഞു. അദ്ദേഹം പറയുന്നു: “സ്‌നാ​ന​മേ​റ്റ​തി​നു ശേഷം കോപം നിയ​ന്ത്രി​ക്കേണ്ട സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ ഞാൻ പല തവണ കടന്നു​പോ​യി​ട്ടുണ്ട്‌. എന്നാൽ ആരെങ്കി​ലും ദേഷ്യം​പി​ടി​പ്പി​ക്കു​മ്പോൾ ഒന്നുകിൽ അവിടം വിട്ട്‌ പോകാ​നോ അല്ലെങ്കിൽ സാഹച​ര്യം കൂടുതൽ വഷളാ​കു​ന്നതു തടയാ​നോ ഞാൻ പഠിച്ചു. അതിന്റെ പേരിൽ ഭാര്യ ഉൾപ്പെടെ പലരും എന്നെ അഭിന​ന്ദി​ച്ചി​ട്ടുണ്ട്‌. എന്റെ സ്വഭാ​വ​ത്തി​ലെ മാറ്റം കണ്ട്‌ ഞാൻപോ​ലും ചില​പ്പോൾ അത്ഭുത​പ്പെ​ട്ടു​പോ​യി​ട്ടുണ്ട്‌. പക്ഷേ അതൊ​ന്നും എന്റെ എന്തെങ്കി​ലും മിടു​ക്കു​കൊ​ണ്ട​ല്ലെന്ന്‌ എനിക്ക്‌ അറിയാം. ആളുക​ളു​ടെ ജീവി​ത​ത്തിൽ മാറ്റം വരുത്താൻ ബൈബി​ളി​നു ശക്തിയുണ്ട്‌ എന്നതിന്റെ തെളി​വാ​യി​ട്ടാ​ണു ഞാൻ അതിനെ കാണു​ന്നത്‌.”

തെറ്റായ മോഹ​ങ്ങൾക്കെ​തി​രെ പോരാടിക്കൊണ്ടേയിരിക്കുക

13. ശരിയായ കാര്യങ്ങൾ ചെയ്യാൻ നമ്മളെ എന്തു സഹായി​ക്കും? (ഗലാത്യർ 5:16)

13 ഗലാത്യർ 5:16 വായി​ക്കുക. എപ്പോ​ഴും ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്ക്‌ അത്ര എളുപ്പമല്ല. എങ്കിലും ശരിയാ​യതു ചെയ്യാ​നുള്ള പോരാ​ട്ട​ത്തിൽ വിജയി​ക്കാൻ പരിശു​ദ്ധാ​ത്മാ​വി​നെ ധാരാ​ള​മാ​യി നൽകി​ക്കൊണ്ട്‌ യഹോവ സഹായി​ക്കും. എങ്ങനെ​യെ​ല്ലാ​മാ​ണു നമുക്ക്‌ ആ സഹായം കിട്ടു​ന്നത്‌? ദൈവ​ത്തി​ന്റെ വചനം പഠിക്കു​മ്പോൾ ദൈവാ​ത്മാവ്‌ നമ്മളിൽ പ്രവർത്തി​ക്കാൻ നമ്മൾ അനുവ​ദി​ക്കു​ക​യാണ്‌. മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​മ്പോ​ഴും നമുക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കും. മാത്രമല്ല, അവി​ടെ​യാ​യി​രി​ക്കു​മ്പോൾ നമ്മളെ​പ്പോ​ലെ ശരി ചെയ്യാൻ കഠിന​ശ്രമം ചെയ്യുന്ന സഹോ​ദ​ര​ങ്ങ​ളോ​ടൊത്ത്‌ സമയം ചെലവ​ഴി​ക്കാ​നും നമുക്കാ​കും. അതു ശരിക്കും ഒരു പ്രോ​ത്സാ​ഹ​ന​മാണ്‌. (എബ്രാ. 10:24, 25; 13:7) ഇനി, ഒരു ബലഹീ​ന​തയെ മറിക​ട​ക്കാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു മുട്ടി​പ്പാ​യി പ്രാർഥി​ക്കു​മ്പോൾ പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊണ്ട്‌ പോരാ​ടാ​നുള്ള ശക്തി യഹോവ നമുക്കു തരും. എന്നാൽ ഈ കാര്യ​ങ്ങ​ളൊ​ന്നും തെറ്റായ ആഗ്രഹ​ങ്ങളെ നമ്മുടെ ഉള്ളിൽനിന്ന്‌ നീക്കി​ക്ക​ള​യി​ല്ലാ​യി​രി​ക്കും. എങ്കിലും ആ ആഗ്രഹ​ങ്ങ​ളിൽ വീണു​പോ​കാ​തി​രി​ക്കാൻ അതു നമ്മളെ സഹായി​ക്കും. ഗലാത്യർ 5:16 പറയു​ന്ന​തു​പോ​ലെ ദൈവാ​ത്മാ​വി​നെ അനുസ​രിച്ച്‌ നടക്കു​ന്നവർ ജഡത്തിന്റെ മോഹങ്ങൾ “തൃപ്‌തി​പ്പെ​ടു​ത്താൻ . . . ഒരിക്ക​ലും മുതി​രില്ല.”

14. ശരിയാ​യതു ചെയ്യാ​നുള്ള ആഗ്രഹം വളർത്തി​യെ​ടു​ക്കു​ന്ന​തിൽ തുട​രേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

14 ബൈബിൾ വായി​ക്കു​ന്ന​തും പ്രാർഥി​ക്കു​ന്ന​തും മീറ്റി​ങ്ങു​കൾക്കു കൂടി​വ​രു​ന്ന​തും പോലുള്ള ആത്മീയ​പ്ര​വർത്ത​നങ്ങൾ ചെയ്‌ത്‌ തുടങ്ങി​യാൽ മാത്രം പോരാ, അത്‌ ഒരു ശീലമാ​ക്കണം. ഒപ്പം, ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​തി​നുള്ള ആഗ്രഹം വളർത്തി​യെ​ടു​ക്കു​ന്ന​തിൽ തുടരു​ക​യും വേണം. എന്തു​കൊണ്ട്‌? കാരണം നമ്മുടെ ഒരു ശത്രു ഒരിക്ക​ലും ഉറങ്ങാ​റില്ല. തെറ്റു ചെയ്യാ​നുള്ള പ്രലോ​ഭ​ന​മാണ്‌ ആ ശത്രു. സ്‌നാ​ന​മേ​റ്റ​തി​നു ശേഷം​പോ​ലും തെറ്റായ കാര്യങ്ങൾ ചെയ്യാ​നുള്ള ആഗ്രഹം നമ്മുടെ ഉള്ളിലു​ണ്ടാ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ചൂതാട്ടം, മദ്യത്തി​ന്റെ ദുരു​പ​യോ​ഗം, അശ്ലീലം കാണാ​നുള്ള ആഗ്രഹം തുടങ്ങി​യവ. (എഫെ. 5:3, 4) ചെറു​പ്പ​ക്കാ​ര​നായ ഒരു സഹോ​ദരൻ ഇങ്ങനെ സമ്മതി​ച്ചു​പ​റഞ്ഞു: “ആൺകു​ട്ടി​ക​ളോ​ടു തോന്നുന്ന ആകർഷ​ണ​മാ​യി​രു​ന്നു ഒഴിവാ​ക്കാൻ ഞാൻ ഏറെ ബുദ്ധി​മു​ട്ടിയ ഒരു പ്രശ്‌നം. അതു പതിയെ മാറും എന്നാണു ഞാൻ കരുതി​യത്‌. പക്ഷേ എനിക്ക്‌ ഇപ്പോ​ഴും ഇടയ്‌ക്ക്‌ അതി​നോ​ടു പോരാ​ടേ​ണ്ടി​വ​രാ​റുണ്ട്‌.” ഇതു​പോ​ലെ തെറ്റായ എന്തെങ്കി​ലും ചെയ്യാൻ ശക്തമായ ആഗ്രഹം തോന്നു​ന്നു​ണ്ടെ​ങ്കിൽ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

തെറ്റായ മോഹങ്ങൾ നിങ്ങൾക്ക്‌ ഒരു പ്രലോ​ഭ​ന​മാ​കു​ന്നെ​ങ്കിൽ നിരാ​ശ​പ്പെ​ട​രുത്‌. മുമ്പ്‌ പലർക്കും ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകു​ക​യും അവർ അതിനെ എതിർത്ത്‌ തോൽപ്പി​ക്കു​ക​യും ചെയ്‌തി​ട്ടുണ്ട്‌ (15-16 ഖണ്ഡികകൾ കാണുക.)

15. തെറ്റായ മോഹങ്ങൾ നമുക്കു മാത്രം ഉണ്ടാകുന്ന ഒന്നല്ലെന്ന്‌ അറിയു​ന്നതു നമുക്കു പ്രോ​ത്സാ​ഹനം പകരു​ന്നത്‌ എങ്ങനെ? (ചിത്രം കാണുക.)

15 ഏതെങ്കി​ലും ഒരു തെറ്റായ ആഗ്രഹ​ത്തോ​ടു നിങ്ങൾക്കു ശക്തമായി പോരാ​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ങ്കിൽ ഓർക്കുക, നിങ്ങൾ ഒരിക്ക​ലും ഒറ്റയ്‌ക്കല്ല. ബൈബിൾ പറയുന്നു: “പൊതു​വേ ആളുകൾക്ക്‌ ഉണ്ടാകുന്ന പ്രലോ​ഭ​നങ്ങൾ മാത്രമേ നിങ്ങൾക്ക്‌ ഉണ്ടായി​ട്ടു​ള്ളൂ.” (1 കൊരി. 10:13എ) ഈ പ്രസ്‌താ​വന കൊരി​ന്തിൽ താമസി​ച്ചി​രുന്ന സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞതാണ്‌. അവരിൽ ചിലർ മുമ്പ്‌ വ്യഭി​ചാ​രി​ക​ളും സ്വവർഗ​ര​തി​ക്കാ​രും കുടി​യ​ന്മാ​രും ഒക്കെയാ​യി​രു​ന്നു. (1 കൊരി. 6:9-11) സ്‌നാ​ന​പ്പെ​ട്ട​തി​നു ശേഷം അവർക്ക്‌ ആർക്കും അത്തരം തെറ്റായ മോഹങ്ങൾ ഉണ്ടായി​ട്ടേ ഇല്ലെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ഒരിക്ക​ലും അങ്ങനെ​യാ​യി​രി​ക്കില്ല. അവരെ​ല്ലാം അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളാ​യി​രു​ന്നു. പക്ഷേ അപ്പോ​ഴും അവർ അപൂർണ​രായ മനുഷ്യർത​ന്നെ​യാ​യി​രു​ന്നു. തീർച്ച​യാ​യും ഇടയ്‌ക്കി​ടെ അവർക്കു തെറ്റായ മോഹ​ങ്ങ​ളോ​ടു പോരാ​ടേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ഈ കാര്യം നമുക്കു പ്രോ​ത്സാ​ഹനം നൽകുന്ന ഒന്നാണ്‌. അത്‌ എങ്ങനെ? കാരണം നമുക്ക്‌ ഒരു തെറ്റായ ആഗ്രഹ​ത്തോ​ടു പോരാ​ടേ​ണ്ടി​വ​രു​മ്പോൾ മുമ്പ്‌ മറ്റാ​രെ​ങ്കി​ലു​മൊ​ക്കെ ഇതിനെ ജയിച്ചി​ട്ടു​ണ്ടെന്നു നമുക്ക്‌ ഓർക്കാം. ‘ലോകം മുഴു​വ​നുള്ള നിങ്ങളു​ടെ സഹോ​ദ​ര​സ​മൂ​ഹം ഇതു​പോ​ലുള്ള കഷ്ടതകൾ അനുഭ​വി​ക്കു​ന്നു​ണ്ടെന്ന്‌ അറിഞ്ഞ്‌ വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കാൻ’ നിങ്ങൾക്കാ​കും.—1 പത്രോ. 5:9.

16. നമ്മൾ എന്ത്‌ ഒഴിവാ​ക്കണം, എന്തു​കൊണ്ട്‌?

16 നമ്മുടെ പ്രശ്‌നം മറ്റാർക്കും മനസ്സി​ലാ​ക്കാ​നാ​കി​ല്ലെന്ന്‌ ഒരിക്ക​ലും ചിന്തി​ക്ക​രുത്‌. കാരണം അങ്ങനെ ചിന്തി​ച്ചാൽ, നമ്മുടെ കാര്യ​ത്തിൽ ഇനി ഒരു പ്രതീ​ക്ഷ​യ്‌ക്കും വകയി​ല്ലെ​ന്നും ഈ തെറ്റായ മോഹ​ത്തിന്‌ എതിരെ പോരാ​ടി ജയിക്കാ​നുള്ള ശക്തി നമുക്കി​ല്ലെ​ന്നും ഒക്കെ നമ്മൾ ചിന്തി​ക്കാൻതു​ട​ങ്ങും. എന്നാൽ ബൈബിൾ പറയു​ന്നതു നേരെ മറിച്ചാണ്‌. അവിടെ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “ദൈവം വിശ്വ​സ്‌ത​നാണ്‌. നിങ്ങൾക്കു ചെറു​ക്കാ​നാ​കാത്ത ഒരു പ്രലോ​ഭ​ന​വും ദൈവം അനുവ​ദി​ക്കില്ല. നിങ്ങൾക്കു പിടി​ച്ചു​നിൽക്കാൻ കഴി​യേ​ണ്ട​തി​നു പ്രലോ​ഭ​ന​ത്തോ​ടൊ​പ്പം ദൈവം പോം​വ​ഴി​യും ഉണ്ടാക്കും.” (1 കൊരി. 10:13ബി) അതു​കൊണ്ട്‌ നമ്മുടെ ഉള്ളിലെ തെറ്റായ ആഗ്രഹങ്ങൾ എത്ര ശക്തമാ​ണെ​ങ്കി​ലും നമുക്ക്‌ അതിനെ ജയിക്കാ​നാ​കും. തെറ്റു ചെയ്യു​ന്ന​തിൽനിന്ന്‌ നമ്മളെ​ത്തന്നെ തടയാൻ യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്കു കഴിയും.

17. തെറ്റായ മോഹങ്ങൾ ഇടയ്‌ക്കി​ടെ തലപൊ​ക്കി​യേ​ക്കാ​മെ​ങ്കി​ലും നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

17 നമ്മൾ എപ്പോ​ഴും ഓർക്കേണ്ട ഒരു കാര്യ​മുണ്ട്‌: അപൂർണ​രാ​യ​തു​കൊണ്ട്‌ തെറ്റായ മോഹങ്ങൾ ഇടയ്‌ക്കി​ടെ നമ്മുടെ ഉള്ളിൽ പൊങ്ങി​വ​ന്നേ​ക്കാം. അതു പൂർണ​മാ​യി ഒഴിവാ​ക്കാൻ ആർക്കും കഴിയില്ല. എങ്കിലും അങ്ങനെ ഉണ്ടാകു​മ്പോൾ ഉടൻതന്നെ നമുക്ക്‌ അവയെ മനസ്സിൽനിന്ന്‌ കളയാ​നാ​കും, പോത്തി​ഫ​റി​ന്റെ ഭാര്യ​യു​ടെ അടുത്തു​നിന്ന്‌ പെട്ടെന്ന്‌ ഓടി​മാ​റിയ യോ​സേ​ഫി​നെ​പ്പോ​ലെ. (ഉൽപ. 39:12) അങ്ങനെ ചെയ്യു​ക​യാ​ണെ​ങ്കിൽ ആ മോഹ​ങ്ങൾക്കു ചേർച്ച​യിൽ നമ്മൾ പ്രവർത്തി​ക്കില്ല.

നിങ്ങളു​ടെ ശ്രമം തുടരുക

18-19. മനസ്സു പുതു​ക്കാൻ ശ്രമി​ക്കു​മ്പോൾ നമുക്ക്‌ ഏതൊക്കെ ചോദ്യ​ങ്ങൾ നമ്മളോ​ടു​തന്നെ ചോദി​ക്കാം?

18 മനസ്സു പുതു​ക്കു​ന്ന​തിൽ നമ്മുടെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും യഹോ​വ​യു​ടെ ഇഷ്ടത്തിനു ചേർച്ച​യിൽ കൊണ്ടു​വ​രാൻവേണ്ടി തുടർച്ച​യാ​യി ശ്രമി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. ഈ കാര്യ​ത്തിൽ നമ്മൾ എങ്ങനെ​യു​ണ്ടെന്നു മനസ്സി​ലാ​ക്കാൻ ഇടയ്‌ക്കി​ടെ ഈ ചോദ്യ​ങ്ങൾ നമുക്കു നമ്മളോ​ടു​തന്നെ ചോദി​ക്കാം: ‘നമ്മൾ ജീവി​ക്കുന്ന കാലത്തി​ന്റെ പ്രത്യേ​കത മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ എന്റെ പ്രവൃ​ത്തി​കൾ തെളി​യി​ക്കു​ന്നു​ണ്ടോ? പുതിയ വ്യക്തി​ത്വം ധരിക്കുന്ന കാര്യ​ത്തിൽ ഞാൻ പുരോ​ഗതി വരുത്തു​ന്നു​ണ്ടോ? തെറ്റായ മോഹ​ങ്ങ​ളോട്‌ എതിർത്തു​നിൽക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോ​വ​യു​ടെ ആത്മാവ്‌ എന്റെ ജീവി​തത്തെ വഴിന​യി​ക്കാൻ ഞാൻ അനുവ​ദി​ക്കു​ന്നു​ണ്ടോ?’

19 ഇങ്ങനെ നമ്മളെ​ത്തന്നെ പരി​ശോ​ധി​ക്കു​മ്പോൾ നമ്മൾ എല്ലാം തികഞ്ഞ​വ​രാ​യി​രി​ക്കാൻ പ്രതീ​ക്ഷി​ക്ക​രുത്‌. പകരം, ഇതുവരെ വരുത്തിയ പുരോ​ഗ​തി​യിൽ സന്തോ​ഷി​ക്കുക. ഏതെങ്കി​ലും കാര്യ​ത്തിൽ നമ്മൾ ഇനിയും മെച്ച​പ്പെ​ടേ​ണ്ട​തു​ണ്ടെന്നു മനസ്സി​ലാ​യാൽ നിരാ​ശ​പ്പെ​ട​രുത്‌. പകരം ഫിലി​പ്പി​യർ 3:16-ലെ ഉപദേശം നമുക്ക്‌ അനുസ​രി​ക്കാം: “നമ്മൾ കൈവ​രിച്ച പുരോ​ഗ​തി​ക്കു ചേർച്ച​യിൽത്തന്നെ നമുക്ക്‌ ഇനിയും ചിട്ട​യോ​ടെ നടക്കാം.” അങ്ങനെ ചെയ്യു​മ്പോൾ മനസ്സു പുതു​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ തീർച്ച​യാ​യും അനു​ഗ്ര​ഹി​ക്കും.

ഗീതം 36 നമ്മുടെ ഹൃദയം കാത്തിടാം

a പൗലോസ്‌ അപ്പോ​സ്‌തലൻ സഹവി​ശ്വാ​സി​ക​ളോട്‌, ഈ വ്യവസ്ഥി​തി അവരെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ സമ്മതി​ക്ക​രുത്‌ എന്നു പറഞ്ഞു. ആ ഉപദേശം നമുക്കും പ്രയോ​ജ​നം​ചെ​യ്യും. ഈ ലോക​ത്തി​ന്റെ മോശം സ്വാധീ​നം നമ്മളെ ഒരു വിധത്തി​ലും മലിന​പ്പെ​ടു​ത്തു​ന്നി​ല്ലെന്നു നമ്മളും ഉറപ്പു​വ​രു​ത്തേ​ണ്ട​തുണ്ട്‌. നമ്മുടെ ചിന്തകൾ ദൈവ​ത്തി​ന്റെ ചിന്തക​ളു​മാ​യി യോജി​പ്പി​ല​ല്ലെന്നു കാണു​മ്പോ​ഴെ​ല്ലാം വേണ്ട മാറ്റങ്ങൾ വരുത്തി​ക്കൊ​ണ്ടി​രി​ക്കണം. അത്‌ എങ്ങനെ ചെയ്യാ​നാ​കു​മെന്ന്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും.

b 2015 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “എന്റെ ജീവിതം ഒന്നി​നൊ​ന്നു വഷളായി” എന്ന ലേഖനം കാണുക.

c ചിത്രത്തിന്റെ വിവരണം: ചെറു​പ്പ​ക്കാ​ര​നായ ഒരു സഹോ​ദരൻ ഉന്നതവി​ദ്യാ​ഭ്യാ​സം തിര​ഞ്ഞെ​ടു​ക്ക​ണോ അതോ മുഴു​സ​മ​യ​സേ​വനം തുടങ്ങ​ണോ എന്നു ചിന്തി​ക്കു​ന്നു.