വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 4

സ്‌മാ​രകം ആചരി​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും

സ്‌മാ​രകം ആചരി​ക്കാ​നുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും

“എന്റെ ഓർമ​യ്‌ക്കു​വേണ്ടി ഇതു തുടർന്നും ചെയ്യുക.”—ലൂക്കോ. 22:19.

ഗീതം 19 കർത്താ​വി​ന്റെ അത്താഴം

ചുരുക്കം a

1-2. നമ്മൾ എന്തു​കൊ​ണ്ടാണ്‌ ഓരോ വർഷവും സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കു​ന്നത്‌?

 ഏതാണ്ട്‌ 2,000 വർഷം മുമ്പ്‌ യേശു തന്റെ ജീവൻ നമുക്കു​വേണ്ടി ഒരു ബലിയാ​യി നൽകി. അങ്ങനെ നമുക്ക്‌ നിത്യ​ജീ​വൻ നേടാ​നുള്ള വഴി തുറന്നു​തന്നു. മരണത്തി​ന്റെ തലേരാ​ത്രി​യിൽ യേശു അനുഗാ​മി​ക​ളോട്‌ തന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്ക​ണ​മെന്നു കല്പിച്ചു. അപ്പവും വീഞ്ഞും ഉപയോ​ഗി​ച്ചുള്ള വളരെ ലളിത​മായ ഒരു ചടങ്ങാണ്‌ യേശു അതിനു​വേണ്ടി നിർദേ​ശി​ച്ചത്‌.—1 കൊരി. 11:23-26.

2 യേശു നൽകിയ ഈ കല്പന അനുസ​രി​ക്കാൻ നമ്മൾ സന്തോ​ഷ​മു​ള്ള​വ​രാണ്‌. കാരണം യേശു​വി​നെ നമ്മൾ അത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു. (യോഹ. 14:15) യേശു നമുക്കു​വേണ്ടി ചെയ്‌ത ആ വലിയ ത്യാഗ​ത്തോ​ടു നന്ദിയു​ള്ള​വ​രാ​ണെന്നു നമുക്ക്‌ ഏതെല്ലാം വിധങ്ങ​ളിൽ തെളി​യി​ക്കാം? അതിനാ​യി, യേശു​വി​ന്റെ ബലിയി​ലൂ​ടെ കിട്ടാൻപോ​കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ സ്‌മാ​ര​ക​ത്തി​നു മുമ്പും അതിനു ശേഷവും ഉള്ള ദിവസ​ങ്ങ​ളിൽ നമുക്കു ചിന്തി​ക്കാം. അതിന്‌ എത്രമാ​ത്രം നന്ദിയു​ള്ള​വ​രാ​ണെന്ന്‌ പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറയാം. ഇനി, ഈ പ്രത്യേക ആചരണ​ത്തി​നു നമ്മളോ​ടൊ​പ്പം കൂടി​വ​രാൻ, കഴിയു​ന്നത്ര ആളുകളെ ക്ഷണിക്കു​ന്ന​തി​നു ശുശ്രൂ​ഷ​യിൽ കൂടുതൽ സമയം ചെലവ​ഴി​ക്കാം. കൂടാതെ, സാഹച​ര്യം എത്ര മോശ​മാ​ണെ​ങ്കിൽപ്പോ​ലും ഈ ആചരണ​ത്തിൽ പങ്കെടു​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം.

3. ഈ ലേഖന​ത്തിൽ നമ്മൾ എന്താണു പഠിക്കാൻപോ​കു​ന്നത്‌?

3 യഹോ​വ​യു​ടെ ജനം യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ ചെയ്യുന്ന ശ്രമങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കാൻപോ​കു​ന്നത്‌. അവർ അതിനു​വേണ്ടി ചെയ്യുന്ന മൂന്നു കാര്യങ്ങൾ നമ്മൾ കാണും: (1) യേശു പഠിപ്പിച്ച അതേ രീതി​യിൽ സ്‌മാ​രകം ആചരി​ക്കു​ന്നു, (2) സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു മറ്റുള്ള​വരെ ക്ഷണിക്കു​ന്നു, (3) ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും സ്‌മാ​രകം ആചരി​ക്കു​ന്നു.

യേശു പഠിപ്പിച്ച അതേ രീതി​യിൽ ആചരിക്കുന്നു

4. ഓരോ വർഷവും സ്‌മാ​ര​ക​പ്ര​സം​ഗ​ത്തിൽ ഏതെല്ലാം ചോദ്യ​ങ്ങൾ ചർച്ച ചെയ്യും, ഈ ബൈബിൾസ​ത്യ​ങ്ങളെ നമ്മൾ നിസ്സാ​ര​മാ​യി കാണരു​താ​ത്തത്‌ എന്തു​കൊണ്ട്‌? (ലൂക്കോസ്‌ 22:19, 20)

4 ഓരോ വർഷവും സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഒരു പ്രസം​ഗ​മു​ണ്ടാ​യി​രി​ക്കും. അതിൽ പിൻവ​രു​ന്ന​തു​പോ​ലുള്ള പല ചോദ്യ​ങ്ങൾക്കും ഉത്തരം ലഭിക്കും: എന്തു​കൊ​ണ്ടാണ്‌ മനുഷ്യർക്ക്‌ ഒരു മോച​ന​വില ആവശ്യ​മാ​യി​വ​ന്നത്‌? ഒരാളു​ടെ മരണം അനേക​രു​ടെ പാപങ്ങൾക്കു പരിഹാ​ര​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌? അപ്പവും വീഞ്ഞും എന്തി​നെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌? ആരൊ​ക്കെ​യാണ്‌ അതു കഴിക്കു​ന്നത്‌? (ലൂക്കോസ്‌ 22:19, 20 വായി​ക്കുക.) ഇനി, ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ പ്രത്യാ​ശ​യു​ള്ള​വർക്ക്‌, തങ്ങൾക്കു ലഭിക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നും അവസരം ലഭിക്കു​ന്നു. (യശ. 35:5, 6; 65:17, 21-23) ഇതൊക്കെ വളരെ അമൂല്യ​മായ സത്യങ്ങ​ളാണ്‌. നമ്മൾ അവയെ നിസ്സാ​ര​മാ​യി കാണരുത്‌. കാരണം ഇന്നു ലോക​ത്തി​ലെ കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ഇതൊ​ന്നും മനസ്സി​ലാ​ക്കു​ന്നില്ല. യേശു​വി​ന്റെ ബലിയു​ടെ മൂല്യം അവർ തിരി​ച്ച​റി​യു​ന്നില്ല. ഇനി, യേശു പഠിപ്പിച്ച രീതി​യി​ലു​മല്ല അവർ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​ന്നത്‌. എന്താണ്‌ അതിനു കാരണം?

5. അപ്പോ​സ്‌ത​ല​ന്മാ​രിൽ മിക്കവ​രും മരിച്ച​തി​നു ശേഷം യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കുന്ന രീതിക്ക്‌ എന്തു മാറ്റം വന്നു?

5 യേശു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാ​രിൽ മിക്കവ​രും മരിച്ച്‌ അധികം താമസി​യാ​തെ കള്ളക്രി​സ്‌ത്യാ​നി​കൾ സഭയി​ലേക്കു നുഴഞ്ഞു​ക​യറി. (മത്താ. 13:24-27, 37-39) അവർ ‘ശിഷ്യ​ന്മാ​രെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടു​പോ​കാൻവേണ്ടി ഉപദേ​ശ​ങ്ങളെ വളച്ചൊ​ടി​ച്ചു.’ (പ്രവൃ. 20:29, 30) അങ്ങനെ​യുള്ള ‘വളച്ചൊ​ടിച്ച ഉപദേ​ശ​ങ്ങ​ളിൽ’ ഒന്ന്‌ യേശു​വി​ന്റെ ബലിമ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു. ബൈബിൾ പറയു​ന്നത്‌, ക്രിസ്‌തു “അനേകം ആളുക​ളു​ടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ മാത്രം സ്വയം അർപ്പിച്ചു” എന്നാണ്‌. (എബ്രാ. 9:27, 28) എന്നാൽ ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടുന്ന പലരും അത്‌ അംഗീ​ക​രി​ക്കു​ന്നില്ല. യേശു​വി​ന്റെ ബലി കൂടെ​ക്കൂ​ടെ അർപ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നാണ്‌ അവർ പറയു​ന്നത്‌. ഇന്ന്‌ ആത്മാർഥ​ഹൃ​ദ​യ​രായ പലരും തെറ്റായ ഈ ഉപദേശം വിശ്വ​സി​ക്കു​ന്നുണ്ട്‌. “വിശുദ്ധ കുർബാന” b എന്ന്‌ അവർ വിളി​ക്കുന്ന യേശു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ ആചരണ​ത്തി​നാ​യി അവർ ആഴ്‌ച​തോ​റും, ചില​പ്പോൾ ദിവസ​വും പള്ളിയിൽ പോകു​ന്നു. മറ്റു ചില ക്രൈ​സ്‌ത​വ​മ​തങ്ങൾ അത്ര കൂടെ​ക്കൂ​ടെ​യൊ​ന്നും യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാ​റില്ല. പക്ഷേ അതിലെ അംഗങ്ങൾക്കു യേശു​വി​ന്റെ ബലിയി​ലൂ​ടെ കിട്ടുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ കാര്യ​മാ​യൊ​ന്നും അറിയില്ല. ഇനി, ‘യേശു മരിച്ച​തു​കൊണ്ട്‌ എന്റെ പാപങ്ങൾക്കു ക്ഷമ കിട്ടു​മോ’ എന്നു ചിന്തി​ക്കു​ന്ന​വ​രു​മുണ്ട്‌. യേശു​വി​ന്റെ ബലിയി​ലൂ​ടെ പാപ​മോ​ചനം സാധ്യമല്ല എന്നു പഠിപ്പി​ക്കു​ന്ന​വ​രു​ടെ സ്വാധീ​ന​ത്തിൽപ്പെ​ട്ടി​ട്ടാ​യി​രി​ക്കാം ചില​രെ​ങ്കി​ലും അങ്ങനെ ചിന്തി​ക്കു​ന്നത്‌. എന്നാൽ യഥാർഥ ക്രിസ്‌തു​ശി​ഷ്യർ ഇന്ന്‌, ആ ബലിയു​ടെ പ്രയോ​ജ​ന​ത്തെ​ക്കു​റി​ച്ചും യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ശരിയായ രീതി​യിൽ എങ്ങനെ ആചരി​ക്കണം എന്നതി​നെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ ആളുകളെ സഹായി​ക്കു​ന്നു.

6. 1872 ആയപ്പോ​ഴേ​ക്കും ഒരുകൂ​ട്ടം ബൈബിൾവി​ദ്യാർഥി​കൾ ഏതു കാര്യം തിരി​ച്ച​റി​ഞ്ഞു?

6 1870-ൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലിന്റെ നേതൃ​ത്വ​ത്തിൽ ഒരുകൂ​ട്ടം ബൈബിൾവി​ദ്യാർഥി​കൾ തിരു​വെ​ഴു​ത്തു​കൾ ആഴത്തിൽ പഠിക്കാൻതു​ടങ്ങി. യേശു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ പ്രയോ​ജനം എന്താ​ണെ​ന്നും ഈ മരണത്തി​ന്റെ ഓർമ ആചരി​ക്കേ​ണ്ടത്‌ എങ്ങനെ​യാ​ണെ​ന്നും മനസ്സി​ലാ​ക്കാൻ അവർ ആഗ്രഹി​ച്ചു. 1872 ആയപ്പോ​ഴേ​ക്കും ഇതെക്കു​റിച്ച്‌ ബൈബിൾ എന്താണു പറയു​ന്ന​തെന്ന്‌ അവർക്കു മനസ്സി​ലാ​യി. എല്ലാ മനുഷ്യർക്കും​വേ​ണ്ടി​യാ​ണു യേശു തന്റെ ജീവൻ ഒരു മോച​ന​വി​ല​യാ​യി നൽകി​യ​തെന്ന സത്യം അവർ തിരി​ച്ച​റി​ഞ്ഞു. തങ്ങൾ മനസ്സി​ലാ​ക്കിയ സത്യങ്ങൾ അവർ മൂടി​വെ​ച്ചില്ല. പകരം പുസ്‌ത​കങ്ങൾ, പത്രങ്ങൾ, മാസി​കകൾ എന്നിവ​യി​ലൂ​ടെ​യെ​ല്ലാം അവർ അതു മറ്റുള്ള​വരെ അറിയി​ച്ചു. കൂടാതെ, പെട്ടെ​ന്നു​തന്നെ അവർ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ വർഷത്തിൽ ഒരിക്കൽ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാ​നും തുടങ്ങി.

7. ആദ്യകാ​ലത്തെ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പഠനം നമുക്ക്‌ ഇന്ന്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

7 ആത്മാർഥ​ഹൃ​ദ​യ​രായ ആ ക്രിസ്‌ത്യാ​നി​കൾ നടത്തിയ പഠനം ഇന്നു നമുക്ക്‌ ഒരുപാ​ടു പ്രയോ​ജനം ചെയ്യു​ന്നുണ്ട്‌. എങ്ങനെ? യഹോ​വ​യു​ടെ സഹായ​ത്താൽ നമുക്ക്‌, യേശു മരിച്ചത്‌ എന്തിനാ​ണെ​ന്നും ആ ബലിമ​ര​ണം​കൊണ്ട്‌ നമുക്കു കിട്ടുന്ന പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാ​ണെ​ന്നും മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. (1 യോഹ. 2:1, 2) കൂടാതെ, രണ്ടു തരം പ്രത്യാ​ശ​യെ​ക്കു​റി​ച്ചും നമുക്കു പഠിക്കാ​നാ​യി. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യുന്ന കുറച്ച്‌ പേർക്കു സ്വർഗ​ത്തിൽ അമർത്യ​ജീ​വൻ കിട്ടും. എന്നാൽ ബാക്കി​യുള്ള ലക്ഷക്കണ​ക്കിന്‌ ആളുകൾ ഈ ഭൂമി​യിൽ എന്നെന്നും ജീവി​ക്കും. യഹോവ നമ്മളോ​ടു കാണി​ച്ചി​രി​ക്കുന്ന സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും യേശു​വി​ന്റെ ബലിമ​ര​ണ​ത്തി​ലൂ​ടെ നമുക്കു കിട്ടുന്ന പ്രയോ​ജ​ന​ത്തെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കി​യത്‌ യഹോ​വ​യോ​ടു കൂടുതൽ അടുക്കാൻ നമ്മളെ സഹായി​ച്ചി​രി​ക്കു​ന്നു. (1 പത്രോ. 3:18; 1 യോഹ. 4:9) അതു​കൊണ്ട്‌, യേശു കാണിച്ച അതേ രീതി​യിൽ ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ നമ്മൾ മറ്റുള്ള​വരെ ക്ഷണിക്കു​ക​യും ചെയ്യുന്നു. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ കഴിഞ്ഞ​കാ​ലത്തെ വിശ്വ​സ്‌ത​രായ ദൈവ​ദാ​സ​ന്മാ​രു​ടെ മാതൃ​ക​യാ​ണു നമ്മളും പിൻപ​റ്റു​ന്നത്‌.

സ്‌മാ​ര​ക​ത്തി​നു മറ്റുള്ള​വരെ ക്ഷണിക്കുന്നു

സ്‌മാ​ര​ക​ത്തിന്‌ ആളുകളെ ക്ഷണിക്കുന്ന പരിപാ​ടി​യിൽ പൂർണ​മായ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം? (8-10 ഖണ്ഡികകൾ കാണുക.) e

8. സ്‌മാ​ര​ക​ത്തിന്‌ ആളുകളെ ക്ഷണിക്കാൻ യഹോ​വ​യു​ടെ ജനം എന്തെല്ലാം ചെയ്‌തി​രി​ക്കു​ന്നു? (ചിത്രം കാണുക.)

8 യഹോ​വ​യു​ടെ ജനം ആളുകളെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കുന്ന രീതി തുടങ്ങി​യിട്ട്‌ ഒരുപാട്‌ വർഷങ്ങ​ളാ​യി. 1881-ൽത്തന്നെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു​വേണ്ടി കൂടി​വ​രാ​നുള്ള ഒരു അറിയിപ്പ്‌ ഐക്യ​നാ​ടു​ക​ളി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു നൽകി​യി​രു​ന്നു. പെൻസിൽവേ​നി​യ​യി​ലെ അലഗാ​നി​യി​ലുള്ള ഒരു സഹോ​ദ​രന്റെ വീട്ടിൽവെ​ച്ചാണ്‌ അന്ന്‌ ആ ആചരണം നടത്തി​യത്‌. പിന്നീട്‌ ഓരോ സഭയും സ്‌മാ​ര​കാ​ച​രണം നടത്താൻതു​ടങ്ങി. 1940 മാർച്ചിൽ പ്രചാ​ര​ക​രോട്‌ അവരുടെ പ്രദേ​ശ​ത്തുള്ള താത്‌പ​ര്യ​ക്കാ​രെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കാൻ ആവശ്യ​പ്പെട്ടു. 1960-ൽ ആദ്യമാ​യി ബഥേലിൽനിന്ന്‌ സഭകൾക്ക്‌ സ്‌മാരക ക്ഷണക്കത്ത്‌ അച്ചടിച്ച്‌ കിട്ടി. അന്നുമു​തൽ ഇങ്ങോട്ട്‌ കോടി​ക്ക​ണ​ക്കി​നു ക്ഷണക്കത്തു​കൾ വിതരണം ചെയ്‌തി​ട്ടുണ്ട്‌. ആളുകളെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു ക്ഷണിക്കാൻ നമ്മൾ ഇത്രയ​ധി​കം സമയം ചെലവ​ഴി​ക്കു​ന്ന​തും ശ്രമം ചെയ്യു​ന്ന​തും എന്തു​കൊ​ണ്ടാണ്‌?

9-10. സ്‌മാ​ര​ക​ത്തിന്‌ ആളുകളെ ക്ഷണിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമം ആർക്കൊ​ക്കെ പ്രയോ​ജനം ചെയ്യുന്നു? (യോഹ​ന്നാൻ 3:16)

9 നമ്മൾ ആളുകളെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹോ​വ​യും യേശു​വും നമു​ക്കെ​ല്ലാം​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആളുകൾ മനസ്സി​ലാ​ക്ക​ണ​മെന്നു നമ്മൾ ആഗ്രഹി​ക്കു​ന്നു എന്നതാണ്‌ ഒരു കാരണം. (യോഹ​ന്നാൻ 3:16 വായി​ക്കുക.) സ്‌മാ​ര​ക​ത്തി​നു വരു​മ്പോൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്ന കാര്യങ്ങൾ, ബൈബിൾ പഠിച്ച്‌ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീ​രാൻ അവരെ പ്രേരി​പ്പി​ച്ചേ​ക്കാ​മെന്നു നമുക്ക്‌ അറിയാം.

10 ഇനി, മറ്റൊരു കൂട്ടരും ഇങ്ങനെ ക്ഷണിക്കു​ന്ന​തി​ന്റെ പ്രയോ​ജനം നേടു​ന്നുണ്ട്‌. യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞ​വ​രാണ്‌ അവർ. യഹോവ ഇപ്പോ​ഴും അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ ഓർമി​പ്പി​ക്കാൻവേ​ണ്ടി​യാണ്‌ നമ്മൾ അവരെ ക്ഷണിക്കു​ന്നത്‌. പലരും അതി​നോ​ടു നല്ല രീതി​യിൽ പ്രതി​ക​രി​ക്കാ​റു​മുണ്ട്‌. അതു കാണു​ന്നതു നമ്മളെ​യും ഒരുപാ​ടു സന്തോ​ഷി​പ്പി​ക്കു​ന്നു. സ്‌മാ​ര​ക​ത്തി​നു വരു​മ്പോൾ, മുമ്പ്‌ യഹോ​വയെ സേവി​ച്ചി​രു​ന്ന​പ്പോ​ഴത്തെ സന്തോ​ഷ​ത്തെ​ക്കു​റിച്ച്‌ ഓർക്കാൻ പലപ്പോ​ഴും അവർക്കു കഴിയാ​റുണ്ട്‌. മോനി​ക്ക​യു​ടെ കാര്യം​ത​ന്നെ​യെ​ടു​ക്കുക. c കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ അവർ വീണ്ടും ഒരു പ്രചാ​ര​ക​യാ​യി. 2021-ലെ സ്‌മാ​ര​ക​ത്തി​നു ഹാജരാ​യ​ശേഷം സഹോ​ദരി പറഞ്ഞു: “എന്റെ ജീവി​ത​ത്തിൽ വളരെ പ്രത്യേ​ക​ത​യുള്ള ഒന്നാണ്‌ ഈ സ്‌മാ​ര​കാ​ച​രണം. കാരണം 20 വർഷത്തി​നു ശേഷം ആദ്യമാ​യി​ട്ടാണ്‌ എനിക്ക്‌ ആളുക​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും അവരെ സ്‌മാ​ര​ക​ത്തി​നു ക്ഷണിക്കാ​നും കഴിഞ്ഞത്‌. യഹോ​വ​യും യേശു​വും എനിക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങൾക്ക്‌ ഒരുപാ​ടു നന്ദിയുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ആളുകളെ ക്ഷണിക്കാൻ ഞാൻ കഴിവി​ന്റെ പരമാ​വധി ശ്രമിച്ചു.” (സങ്കീ. 103:1-4) ആളുകൾ നമ്മുടെ ക്ഷണം സ്വീക​രി​ച്ചാ​ലും ഇല്ലെങ്കി​ലും സ്‌മാ​ര​കാ​ച​ര​ണ​ത്തിന്‌ അവരെ ക്ഷണിക്കാൻ നമുക്ക്‌ ആത്മാർഥ​മാ​യി ശ്രമി​ക്കാം. കാരണം അങ്ങനെ ചെയ്യു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌.

11. സ്‌മാ​ര​ക​ത്തിന്‌ ആളുകളെ ക്ഷണിക്കാൻ നമ്മൾ ചെയ്‌ത ശ്രമത്തെ യഹോവ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ഹഗ്ഗായി 2:7)

11 സ്‌മാ​ര​ക​ത്തിന്‌ ആളുകളെ ക്ഷണിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ ഒരുപാട്‌ അനു​ഗ്ര​ഹി​ച്ചി​ട്ടുണ്ട്‌. 2021-ലെ സ്‌മാ​ര​ക​ഹാ​ജർ അതാണു കാണി​ക്കു​ന്നത്‌. കോവിഡ്‌-19 മഹാമാ​രി​യു​ടെ നിയ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും ആ വർഷം 2,13,67,603 പേർ സ്‌മാ​ര​ക​ത്തി​നു ഹാജരാ​യി. മുൻവർഷ​ങ്ങ​ളെ​ക്കാൾ കൂടിയ ഹാജരാണ്‌ അത്‌. ലോക​മെ​ങ്ങു​മുള്ള സാക്ഷി​ക​ളു​ടെ ഏതാണ്ട്‌ രണ്ടര മടങ്ങു​വ​രും ആ സംഖ്യ. എങ്കിലും എത്ര പേർ കൂടി​വന്നു എന്നതി​നെ​ക്കാൾ യഹോവ നോക്കു​ന്നത്‌ ഓരോ വ്യക്തി​യു​ടെ​യും ഹൃദയ​മാണ്‌. (ലൂക്കോ. 15:7; 1 തിമൊ. 2:3, 4) ആളുകളെ ക്ഷണിക്കുന്ന ഈ പ്രവർത്ത​ന​ത്തി​ലൂ​ടെ ആത്മാർഥ​ഹൃ​ദ​യ​രായ ആളുകളെ കണ്ടെത്താൻ യഹോവ നമ്മളെ സഹായി​ക്കു​ക​യാ​ണെന്നു നമുക്ക്‌ ഉറപ്പുണ്ട്‌.ഹഗ്ഗായി 2:7 വായി​ക്കുക.

ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും സ്‌മാ​രകം ആചരിക്കുന്നു

സ്‌മാ​രകം ആചരി​ക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും (12-ാം ഖണ്ഡിക കാണുക.) f

12. സ്‌മാ​രകം ആചരി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​യേ​ക്കാ​വുന്ന ചില സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌? (ചിത്രം കാണുക.)

12 ലോകാ​വ​സാ​ന​കാ​ലത്ത്‌ നമുക്കു പല തരത്തി​ലുള്ള പ്രയാ​സങ്ങൾ നേരി​ടേ​ണ്ടി​വ​രു​മെന്നു യേശു മുൻകൂ​ട്ടി​പ്പ​റഞ്ഞു. വീട്ടു​കാ​രു​ടെ എതിർപ്പ്‌, ഉപദ്രവം, യുദ്ധങ്ങൾ, പകർച്ച​വ്യാ​ധി​കൾ എന്നിവ​പോ​ലുള്ള പ്രശ്‌നങ്ങൾ. (മത്താ. 10:36; മർക്കോ. 13:9; ലൂക്കോ. 21:10, 11) ചില​പ്പോൾ ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. എന്നിട്ടും നമ്മുടെ സഹോ​ദ​രങ്ങൾ അതി​നെ​യൊ​ക്കെ മറിക​ടന്ന്‌ ഈ ആചരണം നടത്തി​യി​ട്ടുണ്ട്‌. യഹോവ എങ്ങനെ​യാണ്‌ അവരെ അതിനു സഹായി​ച്ച​തെന്നു നോക്കാം.

13. ജയിലിൽവെച്ച്‌ സ്‌മാ​രകം ആചരി​ക്കാൻ ആർട്ടിം കാണിച്ച ധൈര്യ​ത്തെ​യും ഉറച്ച തീരു​മാ​ന​ത്തെ​യും യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ച്ചത്‌?

13 ജയിലിൽ. വിശ്വാ​സ​ത്തി​ന്റെ പേരിൽ ജയിലിൽ കഴിയുന്ന നമ്മുടെ സഹോ​ദ​ര​ങ്ങൾപോ​ലും യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻവേണ്ടി തങ്ങളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യാ​റുണ്ട്‌. അങ്ങനെ ചെയ്‌ത ഒരാളാണ്‌ ആർട്ടിം. 2020-ലെ സ്‌മാ​ര​ക​കാ​ലത്ത്‌ അദ്ദേഹം ജയിലി​ലാ​യി​രു​ന്നു. വെറും 183 ചതുരശ്ര അടി വിസ്‌തീർണ​മുള്ള ചെറി​യൊ​രു മുറി​യി​ലാണ്‌ അദ്ദേഹം കഴിഞ്ഞി​രു​ന്നത്‌. ആ മുറി​യിൽ പലപ്പോ​ഴും അഞ്ചു പേർവരെ കാണും. ജയിലിൽ തനിക്കു ലഭ്യമായ ചില ഭക്ഷണസാ​ധ​നങ്ങൾ സഹോ​ദരൻ സ്‌മാ​ര​ക​ചി​ഹ്ന​ങ്ങ​ളാ​യി ഉപയോ​ഗി​ച്ചു. സ്‌മാ​ര​ക​പ്ര​സം​ഗം കേൾക്കാൻ മറ്റാരും തയ്യാറ​ല്ലെ​ങ്കി​ലും തനിക്കു​വേണ്ടി അതു നടത്താ​നും അദ്ദേഹം തീരു​മാ​നി​ച്ചു. എന്നാൽ കൂടെ​ക്ക​ഴി​ഞ്ഞി​രുന്ന തടവു​പു​ള്ളി​കൾ പുകവ​ലി​ക്കു​ന്ന​വ​രും ചീത്തവി​ളി​ക്കു​ന്ന​വ​രും ഒക്കെയാ​യി​രു​ന്നു. അതു​കൊണ്ട്‌ സഹോ​ദരൻ എന്താണു ചെയ്‌തത്‌? ഒരു മണിക്കൂർ നേര​ത്തേക്ക്‌ അതൊക്കെ ഒന്ന്‌ ഒഴിവാ​ക്കാ​മോ എന്ന്‌ അവരോ​ടു ചോദി​ച്ചു. അദ്ദേഹത്തെ അതിശ​യി​പ്പി​ക്കുന്ന രീതി​യി​ലാണ്‌ അവർ പ്രതി​ക​രി​ച്ചത്‌. സ്‌മാ​ര​കാ​ച​രണം നടത്തുന്ന ആ സമയത്ത്‌ തങ്ങൾ ഇതൊ​ന്നും ചെയ്യി​ല്ലെന്ന്‌ അവർ സമ്മതിച്ചു. ആർട്ടിം പറയുന്നു: “സ്‌മാ​ര​കാ​ച​ര​ണ​ത്തെ​ക്കു​റിച്ച്‌ പറയാ​മെന്നു ഞാൻ അവരോ​ടു പറഞ്ഞു.” അതൊ​ന്നും കേൾക്കാൻ താത്‌പ​ര്യ​മി​ല്ലെന്ന്‌ ആദ്യം പറഞ്ഞെ​ങ്കി​ലും ആർട്ടിം സ്‌മാ​രകം ആചരി​ക്കു​ന്നതു കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത​പ്പോൾ അവർ അതെക്കു​റിച്ച്‌ പല ചോദ്യ​ങ്ങ​ളും ചോദി​ക്കാൻതു​ടങ്ങി.

14. കോവിഡ്‌-19 മഹാമാ​രി പടർന്നു​പി​ടി​ച്ച​പ്പോ​ഴും സ്‌മാ​ര​കാ​ച​രണം നടത്താൻ എന്തെല്ലാം ശ്രമങ്ങൾ ചെയ്‌തു?

14 കോവിഡ്‌-19 മഹാമാ​രി. ഈ മഹാമാ​രി പടർന്നു​പി​ടിച്ച സമയത്ത്‌ യഹോ​വ​യു​ടെ ജനത്തിന്‌ ഹാളിൽ ഒരുമി​ച്ചു​കൂ​ടി സ്‌മാ​ര​കാ​ച​രണം നടത്താൻ കഴിഞ്ഞില്ല. എന്നാൽ അതു​കൊ​ണ്ടൊ​ന്നും അവർ ഈ ആചരണം നടത്താ​തി​രു​ന്നില്ല. d നല്ല ഇന്റർനെറ്റ്‌ സൗകര്യ​മുള്ള സഭകൾ വീഡി​യോ കോൺഫ​റൻസി​ങ്ങി​ലൂ​ടെ സ്‌മാ​ര​കാ​ച​രണം നടത്തി. എന്നാൽ ഇന്റർനെറ്റ്‌ സൗകര്യം ഇല്ലാത്ത ലക്ഷക്കണ​ക്കിന്‌ ആളുകൾക്കു​വേണ്ടി എന്താണു ചെയ്‌തത്‌? ചില രാജ്യ​ങ്ങ​ളിൽ ടെലി​വി​ഷ​നി​ലൂ​ടെ​യും റേഡി​യോ​യി​ലൂ​ടെ​യും സ്‌മാ​ര​ക​പ്ര​സം​ഗം പ്രക്ഷേ​പണം ചെയ്‌തു. കൂടാതെ, ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു​പോ​ലും സ്‌മാ​ര​കാ​ച​രണം നടത്താൻ കഴി​യേ​ണ്ട​തി​നു ബ്രാ​ഞ്ചോ​ഫീ​സു​കൾ 500-ലധികം ഭാഷക​ളിൽ പ്രസംഗം നേര​ത്തേ​തന്നെ റെക്കോർഡ്‌ ചെയ്‌തു. എന്നിട്ട്‌ ആവശ്യ​മു​ള്ള​വർക്ക്‌ അത്‌ എത്തിച്ചു​കൊ​ടു​ത്തു.

15. സ്യൂ എന്ന ബൈബിൾവി​ദ്യാർഥി​നി​യു​ടെ അനുഭ​വ​ത്തിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

15 വീട്ടു​കാ​രു​ടെ എതിർപ്പ്‌. ചിലരു​ടെ കാര്യ​ത്തിൽ വീട്ടു​കാ​രു​ടെ എതിർപ്പാ​യി​രി​ക്കാം സ്‌മാ​രകം ആചരി​ക്കു​ന്ന​തിന്‌ ഏറ്റവും വലിയ തടസ്സം. സ്യൂ എന്ന ഒരു ബൈബിൾവി​ദ്യാർഥി​നി​യു​ടെ അനുഭവം നോക്കുക. 2021-ലാണ്‌ ഈ സംഭവം നടക്കു​ന്നത്‌. വീട്ടു​കാർ എതിർക്കു​ന്ന​തു​കൊണ്ട്‌ തനിക്കു സ്‌മാ​രകം കൂടാൻ പറ്റു​മെന്നു തോന്നു​ന്നി​ല്ലെന്നു സ്‌മാ​ര​ക​ത്തി​ന്റെ തലേന്ന്‌ സ്യൂ ബൈബിൾ പഠിപ്പി​ക്കുന്ന സഹോ​ദ​രി​യോ​ടു പറഞ്ഞു. അപ്പോൾ സഹോ​ദരി ലൂക്കോസ്‌ 22:44-ൽനിന്ന്‌ യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ വായി​ച്ചു​കേൾപ്പി​ച്ചു. എന്നിട്ട്‌, പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കു​മ്പോൾ യേശു ചെയ്‌ത​തു​പോ​ലെ യഹോ​വ​യോ​ടു പ്രാർഥി​ക്കാ​നും ദൈവ​ത്തിൽ പൂർണ​മാ​യി ആശ്രയി​ക്കാ​നും സഹോ​ദരി സ്യൂവി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. പിറ്റേന്ന്‌ സ്യൂ സ്‌മാ​ര​ക​ത്തി​നു വേണ്ട ചിഹ്നങ്ങ​ളൊ​ക്കെ തയ്യാറാ​ക്കി. കൂടാതെ, jw.org-ൽനിന്ന്‌ സ്‌മാ​ര​ക​ദി​വ​സത്തെ പ്രത്യേക പ്രഭാ​താ​രാ​ധന കാണു​ക​യും ചെയ്‌തു. അന്നു വൈകു​ന്നേരം സ്യൂ ഒറ്റയ്‌ക്ക്‌ തന്റെ മുറി​യി​ലി​രുന്ന്‌ ഫോണി​ലൂ​ടെ സ്‌മാ​ര​ക​പ്ര​സം​ഗം കേട്ടു. അതിനു ശേഷം ബൈബിൾ പഠിപ്പി​ക്കുന്ന സഹോ​ദ​രിക്ക്‌ ഇങ്ങനെ എഴുതി: “ഇന്നലെ എന്നെ ഒരുപാ​ടു പ്രോ​ത്സാ​ഹി​പ്പി​ച്ചി​ല്ലേ? അതു​കൊണ്ട്‌ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കാൻ എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തെ​ല്ലാം ഞാൻ ചെയ്‌തു. യഹോവ എന്നെ ശരിക്കും സഹായി​ച്ചു. എന്റെ സന്തോ​ഷ​വും നന്ദിയും ഒന്നും പറഞ്ഞറി​യി​ക്കാ​നാ​കില്ല!” നിങ്ങൾക്ക്‌ ഇതു​പോ​ലൊ​രു പ്രശ്‌ന​മു​ണ്ടെ​ങ്കിൽ യഹോ​വ​യ്‌ക്കു നിങ്ങ​ളെ​യും സഹായി​ക്കാ​നാ​കി​ല്ലേ?

16. സ്‌മാ​ര​ക​ത്തി​നു ഹാജരാ​കാൻ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കു​മെന്നു നമുക്ക്‌ എങ്ങനെ ഉറപ്പോ​ടെ പറയാം? (റോമർ 8:31, 32)

16 യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വളരെ മൂല്യ​മു​ള്ള​താ​യി കാണുന്നു. അങ്ങനെ, യഹോവ നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങൾക്കു നന്ദിയു​ള്ള​വ​രാ​ണെന്നു തെളി​യി​ക്കു​മ്പോൾ തീർച്ച​യാ​യും നമുക്ക്‌ അനു​ഗ്രഹം ലഭിക്കും. (റോമർ 8:31, 32 വായി​ക്കുക.) അതു​കൊണ്ട്‌ ഈ വർഷത്തെ സ്‌മാ​ര​ക​ത്തി​നു ഹാജരാ​കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. അതു​പോ​ലെ സ്‌മാ​ര​ക​കാ​ലത്ത്‌ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ കൂടു​ത​ലാ​യി ഉൾപ്പെ​ടു​ന്ന​തി​നും കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കാം.

ഗീതം 18 മോച​ന​വി​ല​യ്‌ക്കു നന്ദിയുള്ളവർ

a 2023 ഏപ്രിൽ 4 ചൊവ്വാഴ്‌ച ലോക​മെ​ങ്ങു​മാ​യി ലക്ഷക്കണ​ക്കിന്‌ ആളുകൾ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാൻ കൂടി​വ​രും. പലരും ആദ്യമാ​യി​ട്ടാ​യി​രി​ക്കും ഇങ്ങനെ​യൊ​രു പരിപാ​ടി​യിൽ പങ്കെടു​ക്കു​ന്നത്‌. മുമ്പ്‌ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചി​രു​ന്ന​വ​രിൽ ചിലർ വർഷങ്ങൾക്കു​ശേ​ഷ​മാ​യി​രി​ക്കും ഈ ആചരണ​ത്തി​നു കൂടി​വ​രു​ന്നത്‌. ഇനി, പലപല തടസ്സങ്ങ​ളൊ​ക്കെ ഉണ്ടായി​ട്ടും വളരെ ശ്രമം ചെയ്‌താ​യി​രി​ക്കാം ചിലർ അവിടെ എത്തുന്നത്‌. നിങ്ങളു​ടെ സാഹച​ര്യം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും സ്‌മാ​രകം ആചരി​ക്കു​ന്ന​തി​നാ​യി നിങ്ങൾ ചെയ്യുന്ന ശ്രമം യഹോ​വയെ ഒരുപാ​ടു സന്തോ​ഷി​പ്പി​ക്കും.

b കുർബാനയുടെ സമയത്ത്‌ അപ്പവും വീഞ്ഞും ക്രിസ്‌തു​വി​ന്റെ ശരീര​വും രക്തവും ആയി മാറുന്നു എന്നാണ്‌ അവർ വിശ്വ​സി​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ ഓരോ തവണ അതു ചെയ്യു​മ്പോ​ഴും യേശു​വി​ന്റെ ശരീര​വും രക്തവും ബലി അർപ്പി​ക്ക​പ്പെ​ടു​ന്ന​താ​യി അവർ ചിന്തി​ക്കു​ന്നു.

c ചില പേരു​കൾക്കു മാറ്റമുണ്ട്‌.

d jw.org-ൽ “2021-ലെ സ്‌മാ​ര​കാ​ച​രണം” (ഇംഗ്ലീഷ്‌) എന്ന തലക്കെ​ട്ടി​ലുള്ള ലേഖന​ങ്ങ​ളും കാണുക.

e ചിത്ര​ത്തിന്റെ വിവരണം: 1960 മുതൽ ഇങ്ങോട്ട്‌ സ്‌മാരക ക്ഷണക്കത്തി​നു പല മാറ്റങ്ങ​ളും വന്നിട്ടുണ്ട്‌. ഇപ്പോൾ അത്‌ അച്ചടിച്ച രൂപത്തിൽ മാത്രമല്ല ഇലക്‌​ട്രോ​ണിക്‌ രൂപത്തി​ലും ലഭ്യമാണ്‌.

f ചിത്ര​ത്തിന്റെ വിവരണം: പുനര​വ​ത​രണം—ആഭ്യന്ത​ര​ക​ലാ​പ​ത്തി​ന്റെ സമയത്ത്‌ സഹോ​ദ​രങ്ങൾ സ്‌മാ​രകം ആചരി​ക്കു​ന്നു.