വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 31

“ഇളകി​പ്പോ​കാ​തെ ഉറച്ചു​നിൽക്കുക”

“ഇളകി​പ്പോ​കാ​തെ ഉറച്ചു​നിൽക്കുക”

“എന്റെ പ്രിയ​സ​ഹോ​ദ​ര​ങ്ങളേ, ഇളകി​പ്പോ​കാ​തെ ഉറച്ചു​നിൽക്കുക.”—1 കൊരി. 15:58.

ഗീതം 122 അചഞ്ചലരായി ഉറച്ചു​നിൽക്കാം

ചുരുക്കം a

1-2. ഒരു ക്രിസ്‌ത്യാ​നി​യെ നല്ല ഉയരമുള്ള ഒരു കെട്ടി​ട​ത്തോ​ടു താരത​മ്യം ചെയ്യാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (1 കൊരി​ന്ത്യർ 15:58)

 ജപ്പാനി​ലെ ടോക്കി​യോ​യിൽ 60 നില പൊക്ക​മുള്ള ഒരു കെട്ടിടം 1978-ൽ പണിതു​യർത്തി. ആ നഗരത്തിൽ കൂടെ​ക്കൂ​ടെ ഭൂകമ്പങ്ങൾ ഉണ്ടാകാ​റുണ്ട്‌. അതു​കൊ​ണ്ടു​തന്നെ ഇത്രയും വലി​യൊ​രു കെട്ടിടം എങ്ങനെ തകർന്നു​വീ​ഴാ​തെ നിൽക്കു​മെന്ന്‌ ആളുകൾ ചിന്തിച്ചു. എന്നാൽ ഭൂകമ്പം ഉണ്ടാകു​മ്പോൾ ചെറു​താ​യി ആടിയാൽപ്പോ​ലും തകർന്ന്‌ വീഴാത്ത വിധം ഉറപ്പുള്ള രീതി​യി​ലാണ്‌ എഞ്ചിനീ​യർമാർ ആ കെട്ടിടം പണിതത്‌. ഒരു തരത്തിൽ പറഞ്ഞാൽ, ക്രിസ്‌ത്യാ​നി​ക​ളും ആ വലിയ കെട്ടി​ടം​പോ​ലെ​യാണ്‌. അത്‌ എങ്ങനെ​യാണ്‌?

2 ക്രിസ്‌ത്യാ​നി​കൾ ഇളകി​പ്പോ​കാ​തെ ഉറച്ചു​നിൽക്കു​ന്ന​വ​രും അതേസ​മയം വഴക്കമു​ള്ള​വ​രും ആയിരി​ക്കേ​ണ്ട​തുണ്ട്‌. യഹോ​വ​യു​ടെ നിയമ​ങ്ങൾക്കും നിലവാ​ര​ങ്ങൾക്കും ചേർച്ച​യിൽ പ്രവർത്തി​ക്കുന്ന കാര്യ​ത്തിൽ അവർ ഉറച്ചു​നിൽക്കണം. (1 കൊരി​ന്ത്യർ 15:58 വായി​ക്കുക.) അങ്ങനെ​യുള്ള ഒരാൾ “അനുസ​രി​ക്കാൻ ഒരുക്ക​മുള്ള” ആളായി​രി​ക്കും. എന്തുവ​ന്നാ​ലും ആ തീരു​മാ​ന​ത്തി​നു മാറ്റം ഉണ്ടാകു​ക​യു​മില്ല. അതേസ​മയം ആ വ്യക്തി “വിട്ടു​വീഴ്‌ച ചെയ്യാൻ” അഥവാ വഴക്കം കാണി​ക്കാൻ, സാഹച​ര്യം അനുവ​ദി​ക്കു​മ്പോ​ഴോ അങ്ങനെ ചെയ്യു​ന്നത്‌ ആവശ്യ​മാ​യി വരു​മ്പോ​ഴോ അതിനു മനസ്സുള്ള ആളുമാ​യി​രി​ക്കണം. (യാക്കോ. 3:17) ഇങ്ങനെ സമനി​ല​യോ​ടെ കാര്യ​ങ്ങളെ കാണാൻ പഠിച്ച ഒരു ക്രിസ്‌ത്യാ​നി കടും​പി​ടു​ത്ത​ക്കാ​ര​നോ എന്തുമാ​കാം എന്ന മനോ​ഭാ​വം കാണി​ക്കു​ന്ന​യാ​ളോ ആയിരി​ക്കില്ല. ഈ ലേഖന​ത്തിൽ, നമുക്ക്‌ എങ്ങനെ ഇളകി​പ്പോ​കാ​തെ ഉറച്ചു​നിൽക്കാം എന്നു കാണും. കൂടാതെ അങ്ങനെ ചെയ്യു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന അഞ്ചു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമുക്ക്‌ എങ്ങനെ അവന്റെ ശ്രമങ്ങളെ എതിർത്തു​നിൽക്കാം എന്നതി​നെ​ക്കു​റി​ച്ചും പഠിക്കും.

നമുക്ക്‌ എങ്ങനെ ഉറച്ചു​നിൽക്കാം?

3. ഏറ്റവും വലിയ നിയമ​നിർമാ​താവ്‌ നൽകി​യി​രി​ക്കുന്ന ഏതൊക്കെ നിയമങ്ങൾ പ്രവൃ​ത്തി​കൾ 15:28, 29 വാക്യ​ങ്ങ​ളിൽ കാണാം?

3 യഹോ​വ​യാണ്‌ ഏറ്റവും വലിയ നിയമ​നിർമാ​താവ്‌. ദൈവം എപ്പോ​ഴും തന്റെ ജനത്തിനു വ്യക്തമായ നിയമങ്ങൾ നൽകി​യി​ട്ടുണ്ട്‌. (യശ. 33:22) ഉദാഹ​ര​ണ​ത്തിന്‌, മൂന്നു കാര്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ ഉറച്ചു​നിൽക്ക​ണ​മെന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം അവരോ​ടു പറഞ്ഞു: (1) വിഗ്ര​ഹാ​രാ​ധന ഒഴിവാ​ക്കു​ക​യും യഹോ​വയെ മാത്രം ആരാധി​ക്കു​ക​യും ചെയ്യുക. (2) രക്തത്തിന്റെ പവി​ത്ര​തയെ അംഗീ​ക​രി​ക്കുക. (3) ബൈബിൾ വെക്കുന്ന ഉയർന്ന ധാർമി​ക​നി​ല​വാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കുക. (പ്രവൃ​ത്തി​കൾ 15:28, 29 വായി​ക്കുക.) ഈ മൂന്നു കാര്യ​ങ്ങ​ളിൽ ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ യഹോ​വയെ അനുസ​രി​ക്കാം?

4. നമ്മൾ എങ്ങനെ​യാണ്‌ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി നൽകു​ന്നത്‌? (വെളി​പാട്‌ 4:11)

4 നമ്മൾ വിഗ്ര​ഹാ​രാ​ധന ഒഴിവാ​ക്കു​ന്നു. യഹോ​വയെ മാത്രം ആരാധി​ക്കു​ന്നു. തനിക്കു സമ്പൂർണ​ഭക്തി നൽകാൻ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു കല്പിച്ചു. (ആവ. 5:6-10) പിശാച്‌ പ്രലോ​ഭി​പ്പിച്ച സമയത്ത്‌ യഹോ​വയെ മാത്രമേ ആരാധി​ക്കാ​വൂ എന്ന കാര്യം യേശു​വും വ്യക്തമാ​യി പറഞ്ഞു. (മത്താ. 4:8-10) അതു​കൊണ്ട്‌ നമ്മൾ വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കില്ല. അതു​പോ​ലെ മതനേ​താ​ക്കൾ, രാഷ്‌ട്രീ​യ​നേ​താ​ക്കൾ, കലാരം​ഗ​ത്തോ കായി​ക​രം​ഗ​ത്തോ ഉള്ള പ്രശസ്‌തർ എന്നിവരെ ദൈവ​ങ്ങ​ളാ​യി കണ്ട്‌ അവരെ​യും ആരാധി​ക്കില്ല. ‘എല്ലാം സൃഷ്ടിച്ച’ യഹോ​വയെ മാത്രം ആരാധി​ച്ചു​കൊണ്ട്‌, നമ്മൾ യഹോ​വ​യു​ടെ പക്ഷത്ത്‌ നിലയു​റ​പ്പി​ക്കും.—വെളി​പാട്‌ 4:11 വായി​ക്കുക.

5. ജീവ​ന്റെ​യും രക്തത്തി​ന്റെ​യും പവി​ത്ര​ത​യോ​ടു ബന്ധപ്പെട്ട യഹോ​വ​യു​ടെ നിയമം നമ്മൾ അനുസ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 ജീവ​ന്റെ​യും രക്തത്തി​ന്റെ​യും പവി​ത്ര​ത​യോ​ടു ബന്ധപ്പെട്ട യഹോ​വ​യു​ടെ നിയമം നമ്മൾ അനുസ​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? കാരണം ദൈവം തന്ന വിലപ്പെട്ട സമ്മാന​മായ ജീവ​നെ​യാ​ണു രക്തം അർഥമാ​ക്കു​ന്ന​തെന്ന്‌ യഹോവ പറഞ്ഞി​ട്ടുണ്ട്‌. (ലേവ്യ 17:14) ആദ്യമാ​യി മാംസം കഴിക്കാൻ യഹോവ മനുഷ്യ​രെ അനുവ​ദി​ച്ച​പ്പോൾ രക്തത്തോ​ടു​കൂ​ടെ അതു തിന്നരു​തെന്നു പ്രത്യേ​കം പറഞ്ഞു. (ഉൽപ. 9:4) ഇസ്രാ​യേ​ല്യർക്കു മോശ​യി​ലൂ​ടെ നിയമം നൽകി​യ​പ്പോ​ഴും യഹോവ ആ കല്‌പന ആവർത്തി​ച്ചു. (ലേവ്യ 17:10) കൂടാതെ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ‘രക്തം ഒഴിവാ​ക്കണം’ എന്നു നിർദേ​ശി​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘ​ത്തെ​യും യഹോവ പ്രേരി​പ്പി​ച്ചു. (പ്രവൃ. 15:28, 29) ചികി​ത്സ​യോ​ടു ബന്ധപ്പെട്ട തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ടി​വ​രു​മ്പോൾ ഈ നിയമം അനുസ​രി​ക്കുന്ന കാര്യ​ത്തിൽ നമ്മൾ ഉറച്ചു​നിൽക്കും. b

6. യഹോ​വ​യു​ടെ ഉയർന്ന നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാ​നാ​യി നമ്മൾ എന്തൊക്കെ ചെയ്യും?

6 യഹോ​വ​യു​ടെ ഉയർന്ന ധാർമി​ക​നി​ല​വാ​ര​ങ്ങ​ളോ​ടു നമ്മൾ എപ്പോ​ഴും പറ്റിനിൽക്കും. (എബ്രാ. 13:4) തെറ്റായ ആഗ്രഹങ്ങൾ ഒഴിവാ​ക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ നമ്മുടെ അവയവ​ങ്ങളെ ‘കൊന്നു​ക​ള​യാൻ’ പൗലോസ്‌ ഉപദേ​ശി​ച്ചു. അങ്ങനെ പറഞ്ഞതി​ലൂ​ടെ, ഈ കാര്യ​ത്തിൽ നമ്മൾ ശക്തമായ ചില നിലപാ​ടു​ക​ളെ​ടു​ക്കേ​ണ്ട​തു​ണ്ടെന്നു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. അതെ, ലൈം​ഗിക അധാർമി​ക​ത​യി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ഒന്നും നമ്മൾ കാണു​ക​യോ ചെയ്യു​ക​യോ ഇല്ല. (കൊലോ. 3:5; ഇയ്യോ. 31:1) ഇനി, തെറ്റായ എന്തെങ്കി​ലും ചെയ്യാൻ ഒരു പ്രലോ​ഭനം ഉണ്ടായാൽ ദൈവ​വു​മാ​യുള്ള നമ്മുടെ സൗഹൃദം തകർത്തേ​ക്കാ​വുന്ന അത്തരം ചിന്തക​ളും പ്രവൃ​ത്തി​ക​ളും പെട്ടെ​ന്നു​തന്നെ നമ്മൾ ഒഴിവാ​ക്കു​ക​യും ചെയ്യും.

7. എന്തു ചെയ്യാ​നാ​യി​രി​ക്കണം നമ്മുടെ തീരു​മാ​നം, എന്തു​കൊണ്ട്‌?

7 നമ്മൾ ‘ഹൃദയ​പൂർവം അനുസ​രി​ക്കാ​നാണ്‌’ യഹോവ പ്രതീ​ക്ഷി​ക്കു​ന്നത്‌. (റോമ. 6:17) ദൈവം പറയുന്ന എല്ലാ കാര്യ​ങ്ങ​ളും നമ്മുടെ നന്മയ്‌ക്കു​വേ​ണ്ടി​യു​ള്ള​താണ്‌. അതു​കൊ​ണ്ടു​തന്നെ അവയിൽ ചിലതു മാത്രം അനുസ​രി​ച്ചാൽ മതി​യെന്നു നമുക്കു തീരു​മാ​നി​ക്കാ​നാ​കില്ല. (യശ. 48:17, 18; 1 കൊരി. 6:9, 10) “അങ്ങയുടെ ചട്ടങ്ങൾ എപ്പോ​ഴും അനുസ​രി​ക്കാൻ, ജീവി​താ​വ​സാ​നം​വരെ പാലി​ക്കാൻ, ഞാൻ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നു” എന്നു പറഞ്ഞ സങ്കീർത്ത​ന​ക്കാ​രന്റെ മനോ​ഭാ​വം ഉണ്ടായി​രി​ക്കാ​നും എപ്പോ​ഴും യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നും ആണു നമ്മൾ ശ്രമി​ക്കു​ന്നത്‌. (സങ്കീ. 119:112) എന്നാൽ ആ തീരു​മാ​ന​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കാൻ സാത്താൻ നോക്കും. അതിനു​വേണ്ടി അവൻ ചെയ്യുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇനി നോക്കാം.

സാത്താൻ ഉപയോഗിക്കുന്ന ചില തന്ത്രങ്ങൾ

8. ദൈവത്തെ അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കാൻ സാത്താൻ ഉപദ്രവം എന്ന തന്ത്രം ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

8 ഉപദ്രവം. യഹോ​വയെ അനുസ​രി​ക്കു​ന്നതു നമുക്കു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന ഒരു തന്ത്രമാ​ണു ശാരീ​രി​ക​വും മാനസി​ക​വും ആയ ഉപദ്ര​വങ്ങൾ. നമ്മളെ ‘വിഴു​ങ്ങി​ക്ക​ള​യുക,’ അതായത്‌ യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധം തകർക്കുക, എന്നതാണ്‌ അവന്റെ ലക്ഷ്യം. (1 പത്രോ. 5:8) ദൈവ​ത്തി​ന്റെ പക്ഷത്ത്‌ ഉറച്ചു​നി​ന്ന​തി​ന്റെ പേരിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ ആളുകൾ ഭീഷണി​പ്പെ​ടു​ത്തു​ക​യും അടിക്കു​ക​യും, ചിലരെ കൊല്ലു​ക​പോ​ലും ചെയ്‌തു. (പ്രവൃ. 5:27, 28, 40; 7:54-60) സാത്താൻ ഇന്നും അതേ തന്ത്രം ഉപയോ​ഗി​ക്കു​ന്നു. റഷ്യയി​ലും മറ്റു രാജ്യ​ങ്ങ​ളി​ലും നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ അധികാ​രി​ക​ളിൽനിന്ന്‌ നേരി​ടേ​ണ്ടി​വ​രുന്ന ക്രൂര​മായ പെരു​മാ​റ്റ​വും അതു​പോ​ലെ മറ്റു ദേശങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ എതിരാ​ളി​ക​ളിൽനിന്ന്‌ ഉണ്ടാകുന്ന ഉപദ്ര​വ​ങ്ങ​ളും ഇതിന്റെ തെളി​വാണ്‌.

9. അത്ര പ്രകട​മ​ല്ലാത്ത രീതി​യിൽ നമുക്ക്‌ എങ്ങനെ സമ്മർദങ്ങൾ ഉണ്ടാ​യേ​ക്കാം എന്നതിന്‌ ഒരു ഉദാഹ​രണം പറയുക.

9 സമ്മർദങ്ങൾ. നേരി​ട്ടുള്ള ഉപദ്ര​വ​ങ്ങൾക്കു പുറമേ ‘കുടി​ല​ത​ന്ത്ര​ങ്ങ​ളും’ സാത്താൻ ഉപയോ​ഗി​ക്കു​ന്നുണ്ട്‌. (എഫെ. 6:11) റോബർട്ട്‌ സഹോ​ദ​രന്റെ അനുഭവം നോക്കാം. വലിയ ഒരു ഓപ്പ​റേ​ഷ​നു​വേണ്ടി അദ്ദേഹത്തെ ആശുപ​ത്രി​യി​ലാ​ക്കി. എന്തു വന്നാലും രക്തം സ്വീക​രി​ക്കി​ല്ലെന്ന്‌ അദ്ദേഹം ഡോക്ടർമാ​രെ അറിയി​ച്ചു. സഹോ​ദ​രന്റെ തീരു​മാ​ന​ത്തി​നു ചേർച്ച​യി​ലേ കാര്യങ്ങൾ ചെയ്യൂ എന്ന്‌ ഓപ്പ​റേഷൻ ചെയ്യുന്ന ഡോക്ടർ സമ്മതിച്ചു. എന്നാൽ ഓപ്പ​റേ​ഷന്റെ തലേ ദിവസം വീട്ടു​കാ​രെ​ല്ലാം പോയ​ശേഷം മറ്റൊരു ഡോക്ടർ റോബർട്ടി​നെ കാണാൻ ചെന്നു. ‘മിക്കവാ​റും രക്തം കയറ്റേ​ണ്ടി​വ​രി​ല്ലെ​ന്നും പക്ഷേ ഒരു അത്യാ​വ​ശ്യം വന്നാൽ ഉപയോ​ഗി​ക്കാ​നാ​യി അതു കരുതി​വെ​ക്കു​മെ​ന്നും’ ആ ഡോക്ടർ സഹോ​ദ​ര​നോ​ടു പറഞ്ഞു. വീട്ടു​കാ​രൊ​ന്നും അടുത്ത്‌ ഇല്ലാത്ത​തു​കൊണ്ട്‌ റോബർട്ട്‌ അതിനു സമ്മതി​ക്കു​മെ​ന്നാ​ണു ഡോക്ടർ ചിന്തി​ച്ചത്‌. പക്ഷേ, റോബർട്ട്‌ തന്റെ തീരു​മാ​ന​ത്തിൽ ഉറച്ചു​നി​ന്നു. എന്തു വന്നാലും താൻ രക്തം സ്വീക​രി​ക്കി​ല്ലെന്ന്‌ അദ്ദേഹം തീർത്തു​പ​റഞ്ഞു.

10. മാനു​ഷി​ക​ചി​ന്താ​രീ​തി ഒരു കെണി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (1 കൊരി​ന്ത്യർ 3:19, 20)

10 മാനു​ഷി​ക​മായ ചിന്താ​രീ​തി. മാനു​ഷി​ക​മായ രീതി​യി​ലാ​ണു കാര്യ​ങ്ങളെ കാണു​ന്ന​തെ​ങ്കിൽ നമ്മൾ യഹോ​വ​യെ​യും യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളെ​യും അവഗണി​ക്കാൻതു​ട​ങ്ങി​യേ​ക്കാം. (1 കൊരി​ന്ത്യർ 3:19, 20 വായി​ക്കുക.) ‘ഈ ലോക​ത്തി​ന്റെ ജ്ഞാനത്തി​നു’ ചേർച്ച​യിൽ പ്രവർത്തി​ക്കാ​നാ​യി​രി​ക്കാം മിക്ക​പ്പോ​ഴും നമ്മുടെ സ്വാഭാ​വി​ക​ചാ​യ്‌വ്‌. പെർഗ​മൊ​സി​ലെ​യും തുയ​ഥൈ​ര​യി​ലെ​യും ചില ക്രിസ്‌ത്യാ​നി​കൾ ആ കെണി​യിൽ വീണു​പോ​യി. അവർ അവിടത്തെ ആളുക​ളു​ടെ അധാർമി​ക​പ്ര​വൃ​ത്തി​ക​ളും വിഗ്ര​ഹാ​രാ​ധ​ന​യും തങ്ങളെ സ്വാധീ​നി​ക്കാൻ അനുവ​ദി​ച്ചു. ലൈം​ഗിക അധാർമി​കത വെച്ചു​പൊ​റു​പ്പി​ച്ച​തി​ന്റെ പേരിൽ ആ രണ്ടു സഭകൾക്കും യേശു ശക്തമായ തിരുത്തൽ നൽകി. (വെളി. 2:14, 20) ഇന്നും തെറ്റായ ചിന്തകൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്കാ​നുള്ള സമ്മർദം നമുക്കും നേരി​ടാ​റുണ്ട്‌. നമ്മുടെ നിയമങ്ങൾ അങ്ങേയറ്റം കർക്കശ​മാ​ണെ​ന്നും ചില​തൊ​ക്കെ അനുസ​രി​ച്ചി​ല്ലെ​ങ്കി​ലും കുഴപ്പ​മി​ല്ലെ​ന്നും നമ്മളെ വിശ്വ​സി​പ്പി​ക്കാൻ കുടും​ബാം​ഗ​ങ്ങ​ളോ കൂട്ടു​കാ​രോ ശ്രമി​ച്ചേ​ക്കാം. ബൈബി​ളി​ന്റെ ധാർമി​ക​നി​ല​വാ​രങ്ങൾ പഴഞ്ചനാ​ണെ​ന്നും നമ്മുടെ ആഗ്രഹ​ങ്ങൾക്കു വഴങ്ങി​ക്കൊ​ടു​ക്കു​ന്നതു ഒരു തെറ്റ​ല്ലെ​ന്നും ഒക്കെയാ​യി​രി​ക്കാം അവർ പറയു​ന്നത്‌.

11. ദൈവി​ക​നി​ല​വാ​ര​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ ഉറച്ചു​നിൽക്കു​മ്പോൾത്തന്നെ നമ്മൾ എന്ത്‌ ഒഴിവാ​ക്കണം?

11 ഇനി, മറ്റു ചില​പ്പോൾ യഹോവ വേണ്ടത്ര നിർദേ​ശങ്ങൾ തന്നിട്ടി​ല്ലെന്നു നമുക്കു തോന്നി​യേ​ക്കാം. അതു​കൊ​ണ്ടു​തന്നെ ‘എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോകാൻ’ നമു​ക്കൊ​രു പ്രവണത തോന്നാ​നി​ട​യുണ്ട്‌. (1 കൊരി. 4:6) യേശു​വി​ന്റെ നാളിലെ മതനേ​താ​ക്ക​ന്മാ​രു​ടെ കാര്യ​ത്തിൽ അതാണു സംഭവി​ച്ചത്‌. അവർ ദൈവ​ത്തി​ന്റെ നിയമ​ത്തോട്‌ അവരു​ടേ​തായ കുറെ നിയമ​ങ്ങ​ളും​കൂ​ടെ ചേർത്തു. അങ്ങനെ സാധാ​ര​ണ​ക്കാ​രായ ആളുകൾക്ക്‌ അവ അനുസ​രി​ക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കി.(മത്താ. 23:4) തന്റെ വചനത്തി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും യഹോവ ഇന്നു നമുക്കു വ്യക്തമായ നിർദേ​ശങ്ങൾ നൽകു​ന്നുണ്ട്‌. അതി​നോട്‌ എന്തെങ്കി​ലും കൂട്ടി​ച്ചേർക്കാൻ നമുക്ക്‌ ഒരു കാരണ​വു​മില്ല. (സുഭാ. 3:5-7) അതു​കൊണ്ട്‌ നമ്മൾ ഒരിക്ക​ലും ബൈബി​ളിൽ എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോകില്ല. സഹോ​ദ​ര​ങ്ങ​ളു​ടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ നിയമങ്ങൾ വെക്കു​ക​യു​മില്ല.

12. സാത്താൻ എങ്ങനെ​യാ​ണു ‘വഞ്ചകമായ ആശയങ്ങൾ’ ഉപയോ​ഗിച്ച്‌ ആളുകളെ വഴി​തെ​റ്റി​ക്കു​ന്നത്‌?

12 വഞ്ചകമായ ആശയങ്ങൾ. ആളുകളെ വഴി​തെ​റ്റി​ക്കാ​നും ഭിന്നി​പ്പി​ക്കാ​നും ‘വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങ​ളും’ ലോക​ത്തി​ന്റെ ചിന്താ​ഗ​തി​ക​ളും സാത്താൻ ഉപയോ​ഗി​ക്കു​ന്നു. (കൊലോ. 2:8) ഒന്നാം നൂറ്റാ​ണ്ടിൽ സാത്താൻ അതിനു​വേണ്ടി അന്നുണ്ടാ​യി​രുന്ന ചില തത്ത്വജ്ഞാ​നങ്ങൾ ഉപയോ​ഗി​ച്ചു. അവയാ​കട്ടെ, മാനു​ഷി​ക​ചി​ന്താ​രീ​തി​ക​ളെ​യും തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ ജൂതമ​തോ​പ​ദേ​ശ​ങ്ങ​ളെ​യും അതു​പോ​ലെ മോശ​യി​ലൂ​ടെ കൊടുത്ത നിയമങ്ങൾ ക്രിസ്‌ത്യാ​നി​കൾ അനുസ​രി​ക്കണം എന്ന പഠിപ്പി​ക്ക​ലി​നെ​യും അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​വ​യാ​യി​രു​ന്നു. വഞ്ചകമായ ആശയങ്ങ​ളാ​യി​രു​ന്നു അവയെ​ല്ലാം. കാരണം യഥാർഥ​ജ്ഞാ​ന​ത്തി​ന്റെ ഉറവായ യഹോ​വ​യിൽനിന്ന്‌ അത്‌ ആളുക​ളു​ടെ ശ്രദ്ധ തിരി​ച്ചു​വി​ട്ടു. ഇന്നും സാത്താൻ ആളുകളെ തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന തരത്തി​ലുള്ള തെറ്റായ പല വാർത്ത​ക​ളും മാധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഇന്റർനെ​റ്റി​ലൂ​ടെ​യും ആളുക​ളി​ലേക്ക്‌ എത്തിക്കു​ന്നു, പലപ്പോ​ഴും രാഷ്‌ട്രീ​യ​നേ​താ​ക്ക​ന്മാ​രു​ടെ പിന്തു​ണ​യും അവയ്‌ക്കുണ്ട്‌. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ ഇത്തരത്തി​ലുള്ള വാർത്തകൾ പ്രചരി​ക്കു​ന്നതു നമ്മൾ കണ്ടതാണ്‌. c എന്നാൽ യഹോ​വ​യു​ടെ ജനത്തിനു സംഘട​ന​യി​ലൂ​ടെ കൃത്യ​മായ നിർദേ​ശങ്ങൾ കിട്ടി. അവ അനുസ​രി​ച്ച​വർക്കു തെറ്റായ വാർത്ത​ക​ളു​ടെ പിന്നാലെ പോയവർ അനുഭ​വിച്ച പല ഉത്‌ക​ണ്‌ഠ​ക​ളും ഒഴിവാ​ക്കാ​നാ​യി.—മത്താ. 24:45.

13. ശ്രദ്ധ പതറി​ക്കുന്ന കാര്യ​ങ്ങൾക്കെ​തി​രെ നമ്മൾ ജാഗ്രത കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

13 ശ്രദ്ധ പതറി​ക്കുന്ന കാര്യം. ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങ​ളിൽനിന്ന്‌’ നമ്മുടെ ശ്രദ്ധ മാറി​പ്പോ​ക​രുത്‌. (ഫിലി. 1:9, 10) ശ്രദ്ധ പതറി​ക്കുന്ന കാര്യങ്ങൾ നമ്മുടെ വിലപ്പെട്ട സമയവും ഊർജ​വും നഷ്ടപ്പെ​ടു​ത്തി​യേ​ക്കാം. തീറ്റ, കുടി, വിനോ​ദം, ജോലി എന്നിവ​പോ​ലുള്ള, ജീവി​ത​ത്തി​ലെ സാധാ​ര​ണ​കാ​ര്യ​ങ്ങൾക്കു നമ്മൾ വേണ്ടതി​ല​ധി​കം പ്രാധാ​ന്യം കൊടു​ത്താൽ അവപോ​ലും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മുടെ ശ്രദ്ധ പതറി​ച്ചേ​ക്കാം. (ലൂക്കോ. 21:34, 35) കൂടാതെ, ഓരോ ദിവസ​വും സാമൂ​ഹി​ക​വും രാഷ്‌ട്രീ​യ​വും ആയ വാദങ്ങ​ളു​ടെ​യും പ്രശ്‌ന​ങ്ങ​ളു​ടെ​യും വാർത്തകൾ നമ്മൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യുന്നു. അവയും നമ്മുടെ ശ്രദ്ധ പതറി​ക്കു​ന്നി​ല്ലെന്നു നമ്മൾ ഉറപ്പു​വ​രു​ത്തണം. ഇല്ലെങ്കിൽ മനസ്സു​കൊ​ണ്ടെ​ങ്കി​ലും നമ്മൾ ഏതെങ്കി​ലും ഒരു പക്ഷം ചേരാ​നി​ട​യുണ്ട്‌. ദൈവത്തെ അനുസ​രി​ക്കു​ന്നതു നമുക്കു ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കാൻ സാത്താൻ ഉപയോ​ഗി​ക്കുന്ന ചില തന്ത്രങ്ങ​ളെ​ക്കു​റി​ച്ചാ​ണു നമ്മൾ ഇതുവരെ ചർച്ച ചെയ്‌തത്‌. സാത്താന്റെ ഈ തന്ത്രങ്ങളെ ചെറു​ത്തു​കൊണ്ട്‌ നമുക്ക്‌ എങ്ങനെ ഉറച്ചു​നിൽക്കാ​മെന്ന്‌ ഇനി നോക്കാം.

നമുക്ക്‌ എങ്ങനെ ഉറച്ചു​നിൽക്കാം

ഉറച്ചുനിൽക്കാൻ, നിങ്ങൾ സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റ​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക, ദൈവവചനം പഠിക്കു​ക​യും അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ക​യും ചെയ്യുക, അചഞ്ചലമായൊരു ഹൃദയം വളർത്തി​യെ​ടു​ക്കുക, യഹോ​വ​യിൽ ആശ്രയി​ക്കു​ക (14-18 ഖണ്ഡികകൾ കാണുക)

14. യഹോ​വ​യു​ടെ പക്ഷത്ത്‌ ഉറച്ചു​നിൽക്കാൻ നിങ്ങളെ സഹായി​ക്കുന്ന ഒരു കാര്യം എന്താണ്‌?

14 നിങ്ങൾ സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റ​തി​ന്റെ കാരണ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. യഹോ​വ​യു​ടെ പക്ഷത്താ​യി​രി​ക്കാൻ ആഗ്രഹി​ച്ച​തു​കൊ​ണ്ടാ​ണു നിങ്ങൾ ആ പടികൾ സ്വീക​രി​ച്ചത്‌. ഇവയെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: പഠിച്ച കാര്യം സത്യമാ​ണെന്നു വിശ്വ​സി​ക്കാൻ എന്താണു നിങ്ങളെ സഹായി​ച്ചത്‌? നിങ്ങൾ ദൈവ​ത്തെ​ക്കു​റിച്ച്‌ ശരിയായ അറിവ്‌ നേടി, അങ്ങനെ യഹോ​വയെ സ്വന്തം പിതാ​വാ​യി കണ്ട്‌ സ്‌നേ​ഹി​ക്കാ​നും ബഹുമാ​നി​ക്കാ​നും തുടങ്ങി. വിശ്വാ​സം വളർത്തി​യെ​ടു​ക്കു​ക​യും പശ്ചാത്ത​പി​ക്കു​ക​യും ചെയ്‌തു. യഹോവ വെറു​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കി​യിട്ട്‌ യഹോവ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാൻതു​ടങ്ങി. ദൈവം ക്ഷമി​ച്ചെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ അതു നിങ്ങളെ ഒരുപാട്‌ ആശ്വസി​പ്പി​ച്ചു. (സങ്കീ. 32:1, 2) മീറ്റി​ങ്ങു​കൾക്കു പോകാ​നും പഠിച്ച വില​യേ​റിയ സത്യങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാ​നും തുടങ്ങി. സമർപ്പിച്ച്‌ സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയിൽ നിങ്ങൾ ഇപ്പോൾ ജീവനി​ലേ​ക്കുള്ള വഴിയേ നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ വഴിയിൽനിന്ന്‌ മാറാ​തി​രി​ക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​ട്ടു​മുണ്ട്‌.—മത്താ. 7:13, 14.

15. ദൈവ​വ​ചനം പഠിക്കു​ന്ന​തും അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ന്ന​തും നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

15 ദൈവ​വ​ചനം പഠിക്കുക, അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കുക. ഒരു മരത്തിന്‌ ആഴത്തിൽ വേരു​ണ്ടെ​ങ്കിൽ അതു മറിഞ്ഞു​പോ​കാ​തെ ഉറച്ചു​നിൽക്കും. അതു​പോ​ലെ നമ്മുടെ വിശ്വാ​സ​വും ദൈവ​വ​ച​ന​ത്തിൽ ശരിക്കും വേരൂ​ന്നി​യ​താ​ണെ​ങ്കിൽ നമുക്കും എപ്പോ​ഴും ഉറച്ചു​നിൽക്കാ​നാ​കും. ഒരു മരം വളരു​ന്ന​ത​നു​സ​രിച്ച്‌ അതിന്റെ വേരുകൾ കൂടുതൽ ആഴത്തി​ലേ​ക്കും വശങ്ങളി​ലേ​ക്കും വളരും. നമ്മൾ ദൈവ​വ​ചനം പഠിക്കു​ക​യും അതെക്കു​റിച്ച്‌ ചിന്തി​ക്കു​ക​യും ചെയ്യു​മ്പോൾ വിശ്വാ​സം ശക്തമാ​കും; ദൈവ​ത്തി​ന്റെ വഴിക​ളാണ്‌ ഏറ്റവും നല്ലത്‌ എന്ന ബോധ്യ​വും വർധി​ക്കും. (കൊലോ. 2:6, 7) കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ യഹോ​വ​യു​ടെ നിർദേ​ശ​ങ്ങ​ളും ഉപദേ​ശ​ങ്ങ​ളും സംരക്ഷ​ണ​വും ദൈവ​ദാ​സരെ എങ്ങനെ​യാ​ണു സഹായി​ച്ചി​ട്ടു​ള്ള​തെന്നു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദൈവ​ദൂ​തൻ ദർശന​ത്തി​ലെ ആലയം കൃത്യ​മാ​യി അളക്കു​ന്നതു കണ്ടപ്പോൾ യഹസ്‌കേൽ അതിന്‌ അടുത്ത ശ്രദ്ധ കൊടു​ത്തു. ആ ദർശനം യഹസ്‌കേ​ലി​നെ ശക്തി​പ്പെ​ടു​ത്തി. ശുദ്ധാ​രാ​ധ​ന​യോ​ടു ബന്ധപ്പെട്ട ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ എങ്ങനെ ജീവി​ക്കാ​മെന്ന്‌ അതു നമുക്കും കാണി​ച്ചു​ത​രു​ന്നു. d (യഹ. 40:1-4; 43:10-12) ദൈവ​വ​ച​ന​ത്തി​ലെ ആഴമേ​റിയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാ​നും അതെക്കു​റിച്ച്‌ ചിന്തി​ക്കാ​നും സമയ​മെ​ടു​ക്കു​ന്നെ​ങ്കിൽ തീർച്ച​യാ​യും അതു പ്രയോ​ജനം ചെയ്യും.

16. അചഞ്ചല​മായ ഒരു ഹൃദയ​മു​ണ്ടാ​യി​രു​ന്നതു റോബർട്ട്‌ സഹോ​ദ​രനെ എങ്ങനെ​യാ​ണു സംരക്ഷി​ച്ചത്‌? (സങ്കീർത്തനം 112:7)

16 അചഞ്ചല​മായ ഒരു ഹൃദയം വളർത്തി​യെ​ടു​ക്കുക. “ദൈവമേ, എന്റെ ഹൃദയം അചഞ്ചല​മാണ്‌” എന്നു പാടി​യ​പ്പോൾ, ദൈവ​ത്തോ​ടു തനിക്ക്‌ എന്നും സ്‌നേ​ഹ​മു​ണ്ടാ​യി​രി​ക്കു​മെന്നു പറയു​ക​യാ​യി​രു​ന്നു ദാവീദ്‌. (സങ്കീ. 57:7) യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്നെ​ങ്കിൽ നമുക്കും അതു​പോ​ലെ അചഞ്ചല​ഹൃ​ദ​യ​ത്തോ​ടെ ഉറച്ചു​നിൽക്കാ​നാ​കും. (സങ്കീർത്തനം 112:7 വായി​ക്കുക.) അങ്ങനെ ചെയ്‌തത്‌ നേരത്തേ പറഞ്ഞ റോബർട്ട്‌ സഹോ​ദ​രനെ എങ്ങനെ​യാ​ണു സഹായി​ച്ച​തെന്നു നോക്കുക. ‘ഒരു അത്യാ​വ​ശ്യം വന്നാൽ ഉപയോ​ഗി​ക്കാ​നാ​യി രക്തം കരുതി​വെ​ക്കും’ എന്നു ഡോക്ടർ പറഞ്ഞ​പ്പോൾ, ‘അങ്ങനെ​യാ​ണെ​ങ്കിൽ താൻ ഇപ്പോൾത്തന്നെ ആശുപ​ത്രി വിടും’ എന്നു സഹോ​ദരൻ പറഞ്ഞു. അങ്ങനെ പറയാൻ അദ്ദേഹ​ത്തി​നു രണ്ടാമ​തൊന്ന്‌ ആലോ​ചി​ക്കേ​ണ്ടി​വ​ന്നില്ല. അതെക്കു​റിച്ച്‌ പിന്നീട്‌ റോബർട്ട്‌ പറഞ്ഞു: “ആ സാഹച​ര്യ​ത്തിൽ എന്താണു ചെയ്യേ​ണ്ട​തെന്ന്‌ എനിക്ക്‌ ഒരു സംശയ​വു​മി​ല്ലാ​യി​രു​ന്നു. ഇനി എനിക്ക്‌ എന്തു സംഭവി​ക്കും എന്നോർത്ത്‌ പേടി​യും തോന്നി​യില്ല.”

ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ നല്ലൊരു അടിസ്ഥാ​നം ഇട്ടിട്ടുണ്ടെങ്കിൽ എന്തെല്ലാം പ്രശ്‌നങ്ങൾ നേരി​ട്ടാ​ലും ഉറച്ചു​നിൽക്കാൻ നമുക്കാ​കും (17-ാം ഖണ്ഡിക കാണുക)

17. റോബർട്ട്‌ സഹോ​ദ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ചിത്ര​വും കാണുക.)

17 ആശുപ​ത്രി​യിൽ പോകു​ന്ന​തി​നു വളരെ മുമ്പു​തന്നെ, എന്തൊക്കെ പരീക്ഷ​ണങ്ങൾ വന്നാലും അചഞ്ചല​ഹൃ​ദ​യ​ത്തോ​ടെ ഉറച്ചു​നിൽക്കു​മെന്നു റോബർട്ട്‌ സഹോ​ദരൻ തീരു​മാ​ന​മെ​ടു​ത്തി​രു​ന്നു. എന്താണ്‌ അതിനു സഹോ​ദ​രനെ സഹായി​ച്ചത്‌? ഒന്നാമത്‌, യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചു. രണ്ടാമത്‌, ജീവ​ന്റെ​യും രക്തത്തി​ന്റെ​യും പവി​ത്ര​ത​യെ​ക്കു​റിച്ച്‌ ബൈബി​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എന്താണു പറയു​ന്ന​തെന്നു നന്നായി പഠിച്ചു. മൂന്നാ​മത്‌, ദൈവം പറയു​ന്നത്‌ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ തനിക്കു ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രി​ക്കു​മെന്ന്‌ അദ്ദേഹ​ത്തിന്‌ ഉറപ്പാ​യി​രു​ന്നു. ഇതു​പോ​ലെ എത്ര വലിയ പരീക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ലും അചഞ്ചല​മായ ഹൃദയ​ത്തോ​ടെ ഉറച്ചു​നിൽക്കാൻ നമുക്കും പറ്റും.

ബാരാക്കും കൂടെ​യു​ള്ള​വ​രും ധൈര്യ​ത്തോ​ടെ സീസെ​ര​യു​ടെ സൈന്യ​ത്തി​നു പുറകേ പാഞ്ഞു​ചെ​ല്ലു​ന്നു (18-ാം ഖണ്ഡിക കാണുക)

18. യഹോ​വ​യിൽ ആശ്രയി​ക്കാൻ ബാരാ​ക്കി​ന്റെ മാതൃക നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (പുറം​താ​ളി​ലെ ചിത്രം കാണുക.)

18 യഹോ​വ​യിൽ ആശ്രയി​ക്കുക. യഹോ​വ​യിൽ ആശ്രയം​വെച്ച്‌ പ്രവർത്തി​ച്ച​തു​കൊണ്ട്‌ ബാരാ​ക്കി​നു വിജയം നേടാ​നാ​യത്‌ എങ്ങനെ​യാ​ണെന്നു നോക്കാം. ആ സമയത്ത്‌ ഇസ്രാ​യേൽ ജനത്തിന്റെ കൈയിൽ യുദ്ധത്തി​നാ​യുള്ള ആയുധ​ങ്ങ​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. എന്നിട്ടും, യഹോവ ബാരാ​ക്കി​നോട്‌ ഒരുപാട്‌ ആയുധ​ങ്ങ​ളു​മാ​യി വന്ന കനാനി​ലെ സൈന്യാ​ധി​പ​നായ സീസെ​ര​യോ​ടും സൈന്യ​ത്തോ​ടും പോരാ​ടാൻ ആവശ്യ​പ്പെട്ടു. (ന്യായാ. 5:8) 900 യുദ്ധര​ഥ​ങ്ങ​ളു​മാ​യി വരുന്ന സീസെ​രയെ നേരി​ടു​ന്ന​തി​നു നിരപ്പായ സ്ഥലത്തേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ പ്രവാ​ചി​ക​യായ ദബോര ബാരാ​ക്കി​നോ​ടു പറഞ്ഞു. നിരപ്പായ സ്ഥലത്ത്‌ രഥം ഓടി​ക്കാൻ ശത്രു​സൈ​ന്യ​ത്തി​നു കൂടുതൽ എളുപ്പ​മാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും ബാരാക്ക്‌ യഹോവ പറഞ്ഞത്‌ അനുസ​രി​ച്ചു. ഇസ്രാ​യേൽ സൈന്യം താബോർ പർവത​ത്തിൽനിന്ന്‌ ഇറങ്ങി ചെല്ലുന്ന സമയത്ത്‌ വലി​യൊ​രു മഴ പെയ്യാൻ യഹോവ ഇടയാക്കി. അതു​കൊണ്ട്‌ സീസെ​ര​യു​ടെ യുദ്ധര​ഥങ്ങൾ ചെളി​യിൽ പൂണ്ടു​പോ​യി. അങ്ങനെ യഹോവ ബാരാ​ക്കി​നു വിജയം നൽകി. (ന്യായാ. 4:1-7, 10, 13-16) അതു​പോ​ലെ നമ്മളും, യഹോ​വ​യി​ലും ദൈവം തന്റെ സംഘട​ന​യി​ലൂ​ടെ നൽകുന്ന നിർദേ​ശ​ങ്ങ​ളി​ലും ആശ്രയി​ക്കു​ക​യാ​ണെ​ങ്കിൽ വിജയി​ക്കാൻ യഹോവ നമ്മളെ​യും സഹായി​ക്കും.—ആവ. 31:6.

ഉറച്ചു​നിൽക്കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ക്കുക

19. അചഞ്ചല​ഹൃ​ദ​യ​ത്തോ​ടെ ഉറച്ചു​നിൽക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

19 ഈ ദുഷിച്ച ലോകത്ത്‌ ജീവി​ക്കു​ന്നി​ട​ത്തോ​ളം കാലം യഹോ​വ​യു​ടെ പക്ഷത്ത്‌ ഉറച്ചു​നിൽക്കാ​നുള്ള പോരാ​ട്ടം നമ്മൾ തുട​രേ​ണ്ടി​വ​രും. (1 തിമൊ. 6:11, 12; 2 പത്രോ. 3:17) ഉപദ്രവം, സമ്മർദം, മാനു​ഷി​ക​ചി​ന്താ​രീ​തി, വഞ്ചകമായ ആശയങ്ങൾ, ശ്രദ്ധ പതറി​ക്കുന്ന കാര്യങ്ങൾ എന്നിവ​യാ​ലൊ​ന്നും ഇളകി​പ്പോ​കാ​തി​രി​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം. (എഫെ. 4:14) കൂടാതെ യഹോ​വ​യ്‌ക്കു സമ്പൂർണ​ഭക്തി നൽകു​ക​യും യഹോ​വയെ അനുസ​രി​ക്കു​ക​യും ചെയ്യുന്ന കാര്യ​ത്തിൽ ഒട്ടും വീഴ്‌ച വരുത്താ​തെ നമുക്ക്‌ ഉറച്ചു​നിൽക്കു​ക​യും ചെയ്യാം. അതേസ​മയം നമ്മൾ വഴക്കമു​ള്ള​വ​രു​മാ​യി​രി​ക്കണം. അടുത്ത ലേഖന​ത്തിൽ വഴക്കം കാണി​ക്കുന്ന കാര്യ​ത്തിൽ യഹോ​വ​യും യേശു​വും എങ്ങനെ​യാണ്‌ ഏറ്റവും നല്ല മാതൃ​ക​ക​ളാ​യി​രി​ക്കു​ന്നത്‌ എന്നു നമ്മൾ പഠിക്കും.

ഗീതം 129 നമ്മൾ എന്നും സഹിച്ചു​നിൽക്കും

a ‘ശരി എന്ത്‌, തെറ്റ്‌ എന്ത്‌ എന്നു സ്വന്തമാ​യി തീരു​മാ​നി​ക്കുക’ എന്നൊരു ആശയമാണ്‌ ആദാമി​ന്റെ​യും ഹവ്വയു​ടെ​യും കാലം​മു​തലേ സാത്താൻ ആളുക​ളി​ലേക്കു കടത്തി​വി​ടാൻ ശ്രമി​ക്കു​ന്നത്‌. യഹോ​വ​യു​ടെ നിയമ​ങ്ങ​ളോ​ടും സംഘടന നൽകുന്ന നിർദേ​ശ​ങ്ങ​ളോ​ടും ഉള്ള ബന്ധത്തിൽ നമുക്കും അങ്ങനെ​യൊ​രു മനോ​ഭാ​വ​മു​ണ്ടാ​യി​രി​ക്കാൻ സാത്താൻ ആഗ്രഹി​ക്കു​ന്നു. സാത്താന്റെ ലോക​ത്തിൽ നിറഞ്ഞു​നിൽക്കുന്ന അത്തരം സ്വത​ന്ത്ര​ചി​ന്താ​ഗതി ഒഴിവാ​ക്കാ​നും യഹോ​വ​യു​ടെ പക്ഷത്ത്‌ ഉറച്ചു​നിൽക്കാ​നും ഉള്ള നമ്മുടെ തീരു​മാ​നം കൂടുതൽ ശക്തമാ​ക്കാ​നും സഹായി​ക്കു​ന്ന​താണ്‌ ഈ ലേഖനം.

b രക്തത്തെക്കുറിച്ചുള്ള യഹോ​വ​യു​ടെ വീക്ഷണ​ത്തി​നു ചേർച്ച​യിൽ ഒരു ക്രിസ്‌ത്യാ​നിക്ക്‌ എങ്ങനെ പ്രവർത്തി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ന്റെ 39-ാം പാഠം കാണുക.

d കൂടുതൽ വിവര​ങ്ങൾക്ക്‌ യഹോവ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 13, 14 അധ്യാ​യങ്ങൾ കാണുക.