നിങ്ങൾക്ക് അറിയാമോ?
പുരാതന ബാബിലോണിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെടുത്ത ഇഷ്ടികകളും അവ ഉണ്ടാക്കുന്ന വിധവും ബൈബിളിന്റെ കൃത്യതയ്ക്കു തെളിവ് നൽകുന്നത് എങ്ങനെ?
പുരാവസ്തുശാസ്ത്രജ്ഞർ ബാബിലോണിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന്, ആ നഗരം പണിയാൻ ഉപയോഗിച്ച, ചുട്ടെടുത്ത ധാരാളം ഇഷ്ടികകൾ കണ്ടെടുത്തു. റോബർട്ട് കോൽഡെവെ എന്ന ഒരു പുരാവസ്തുശാസ്ത്രജ്ഞന്റെ അഭിപ്രായത്തിൽ അത്തരം ഇഷ്ടികകൾ ഉണ്ടാക്കിയിരുന്നത്, “നല്ല കളിമണ്ണും കത്തിക്കാനുള്ള വസ്തുക്കളും ധാരാളമായി ലഭിച്ചിരുന്ന, പട്ടണത്തിനു വെളിയിലുള്ള” ചൂളകളിലാണ്.
ബാബിലോണിലെ ഗവൺമെന്റ് ഉദ്യോഗസ്ഥർ ഈ ചൂളകളെ ചില ക്രൂരമായ കൃത്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്നു എന്നാണു പല പുരാതന രേഖകളും വെളിപ്പെടുത്തുന്നത്. ടൊറന്റോ സർവകലാശാലയിലെ പ്രൊഫസറായ പോൾ അലെൻ ബ്യൂലീ പറയുന്നു: “രാജകല്പന ലംഘിക്കുന്നവരെയും ബാബിലോണിലുള്ള ദൈവങ്ങളെ നിന്ദിക്കുന്നവരെയും ചൂളയിൽ എറിഞ്ഞ് ദഹിപ്പിക്കാൻ രാജാവ് കല്പന കൊടുത്തിരുന്നതായി ബാബിലോണിയൻ ഭാഷയിലുള്ള പല എഴുത്തുകളിലും കാണാം.” ഉദാഹരണത്തിന്, നെബൂഖദ്നേസർ രാജാവിന്റെ കാലത്തെ ഒരു രേഖയിൽ ഇങ്ങനെ പറഞ്ഞിരുന്നു: “അവരെ ചൂളയിലിട്ട് . . . നശിപ്പിക്കുക, കത്തിക്കുക, ചുട്ടുകളയുക, . . . അഗ്നി അവരെ ദഹിപ്പിച്ചതിന്റെ പുക മുകളിലേക്ക് ഉയരട്ടെ.”
ഇതു ബൈബിൾവായനക്കാരുടെ മനസ്സിലേക്കു, ദാനിയേൽ മൂന്നാം അധ്യായത്തിലെ വിവരണം കൊണ്ടുവരുന്നു. അവിടെ നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ടുള്ള വലിയൊരു പ്രതിമ ഉണ്ടാക്കിയതിനെക്കുറിച്ച് കാണാം. ബാബിലോൺ നഗരത്തിനു വെളിയിലുള്ള ദൂരാ സമതലത്തിലായിരുന്നു അത്. ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ എന്ന മൂന്ന് എബ്രായ ചെറുപ്പക്കാർ ആ പ്രതിമയെ കുമ്പിട്ട് ആരാധിക്കാൻ തയ്യാറായില്ല. അപ്പോൾ നെബൂഖദ്നേസർ രാജാവ് വളരെ ദേഷ്യത്തോടെ, ‘ചൂള പതിവിലും ഏഴു മടങ്ങു ചൂടാക്കാനും’ എന്നിട്ട് ആ മൂന്നു പേരെയും ‘കത്തിജ്വലിക്കുന്ന തീച്ചൂളയിലേക്ക് എറിയാനും’ കല്പിച്ചു. എന്നാൽ ശക്തനായ ഒരു ദൈവദൂതൻ അവരെ മരണത്തിൽനിന്ന് രക്ഷിച്ചു.—ദാനി. 3:1-6, 19-28.
ബാബിലോണിൽനിന്ന് കണ്ടെടുത്ത ഇഷ്ടികകളും ബൈബിൾ പറയുന്ന കാര്യങ്ങൾ സത്യമാണെന്നു തെളിയിക്കുന്നു. അവയിൽ പലതിലും രാജാവിനെ പുകഴ്ത്തിക്കൊണ്ടുള്ള വാചകങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. അതിൽ ഒന്നിലെ വാചകം ഇങ്ങനെയായിരുന്നു: “നെബൂഖദ്നേസർ, ബാബിലോണിലെ രാജാവ് . . . മഹാരാജാവായ നാം പണികഴിപ്പിച്ച കൊട്ടാരം . . . എന്റെ പിൻതലമുറക്കാർ എന്നെന്നും ഇവിടെ വാഴട്ടെ.” ഈ എഴുത്തിനോടു വളരെ സമാനമായ വാചകങ്ങൾ ബൈബിളിലെ ദാനിയേൽ 4:30-ൽ രേഖപ്പെടുത്തിയിരിക്കുന്നതായി കാണാം. അവിടെ നെബൂഖദ്നേസർ അഹങ്കാരത്തോടെ ഇങ്ങനെ പറയുന്നു: “രാജഗൃഹത്തിനും രാജകീയമഹിമയ്ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാലും പ്രഭാവത്താലും പണിത പ്രൗഢഗംഭീരമായ ബാബിലോണല്ലേ ഇത്?”