വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 29

മഹാക​ഷ്ട​തയെ നേരി​ടാൻ നിങ്ങൾ ഒരുങ്ങി​യോ?

മഹാക​ഷ്ട​തയെ നേരി​ടാൻ നിങ്ങൾ ഒരുങ്ങി​യോ?

‘നിങ്ങൾ ഒരുങ്ങി​യി​രി​ക്കുക.’—മത്താ. 24:44.

ഗീതം 150 രക്ഷയ്‌ക്കായ്‌ ദൈവത്തെ അന്വേ​ഷി​ക്കാം

ചുരുക്കം a

1. ദുരന്തത്തെ നേരി​ടാൻ ഒരുങ്ങു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 മുൻകൂ​ട്ടി തയ്യാറാ​കു​ന്നത്‌ ഒരാളു​ടെ ജീവൻ രക്ഷിക്കും. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദുരന്തം ഉണ്ടാകു​മ്പോൾ നേര​ത്തേ​തന്നെ ഒരുങ്ങി​യി​രി​ക്കു​ന്ന​വർക്കു സ്വന്തം ജീവൻ രക്ഷിക്കാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നും കഴി​ഞ്ഞേ​ക്കും. യൂറോ​പ്പി​ലെ ഒരു സംഘടന പറയു​ന്നത്‌: “നന്നായി ഒരുങ്ങി​യി​രി​ക്കു​ന്ന​തി​ലൂ​ടെ ജീവൻ രക്ഷിക്കാ​നാ​കും” എന്നാണ്‌.

2. മഹാക​ഷ്ട​തയെ നേരി​ടാൻ നമ്മൾ തയ്യാറാ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (മത്തായി 24:44)

2 പെട്ടെ​ന്നാ​യി​രി​ക്കും “മഹാകഷ്ടത” തുടങ്ങു​ന്നത്‌. (മത്താ. 24:21) എന്നാൽ അതിനു മറ്റു പല ദുരന്ത​ങ്ങ​ളിൽനി​ന്നും ഒരു വ്യത്യാ​സ​മുണ്ട്‌. എന്താണ്‌ അത്‌? മഹാകഷ്ടത വരു​മെന്നു നമുക്ക്‌ ഉറപ്പാണ്‌. കാരണം ആ ദിവസ​ത്തി​നു​വേണ്ടി ഒരുങ്ങി​യി​രി​ക്കാൻ ഏതാണ്ട്‌ 2,000 വർഷം മുമ്പു​തന്നെ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞി​രു​ന്നു. (മത്തായി 24:44 വായി​ക്കുക.) തയ്യാറാ​യി​രു​ന്നാൽ പ്രശ്‌നങ്ങൾ നിറഞ്ഞ ആ സമയത്ത്‌ നമുക്കു​തന്നെ പിടി​ച്ചു​നിൽക്കാ​നും മറ്റുള്ള​വരെ അതിനു സഹായി​ക്കാ​നും എളുപ്പ​മാ​യി​രി​ക്കും.—ലൂക്കോ. 21:36.

3. മഹാക​ഷ്ട​തയെ നേരി​ടാൻ ഒരുങ്ങി​യി​രി​ക്കു​ന്ന​തി​നു സഹനശ​ക്തി​യും അനുക​മ്പ​യും സ്‌നേ​ഹ​വും നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

3 മഹാക​ഷ്ട​തയെ നേരി​ടാൻ ഒരുങ്ങി​യി​രി​ക്കു​ന്ന​തി​നു നമ്മളെ സഹായി​ക്കുന്ന മൂന്നു ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം. ശക്തമായ ന്യായ​വി​ധി സന്ദേശം അറിയി​ക്കാൻ നമ്മളോട്‌ ആവശ്യ​പ്പെ​ടു​മ്പോ​ഴോ ആളുകൾ നമ്മളെ എതിർക്കു​മ്പോ​ഴോ നമ്മൾ എന്തു ചെയ്യും? (വെളി. 16:21) ഇത്തരം സന്ദർഭ​ങ്ങ​ളിൽ യഹോവ നമ്മളെ സംരക്ഷി​ക്കു​മെന്ന ഉറപ്പോ​ടെ ദൈവത്തെ അനുസ​രി​ക്കാൻ നമുക്കു സഹനശക്തി ആവശ്യ​മാണ്‌. ഇനി, നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ അവരുടെ വസ്‌തു​വ​കകൾ നഷ്ടപ്പെ​ടു​ന്നെ​ന്നി​രി​ക്കട്ടെ. (ഹബ. 3:17, 18) അപ്പോൾ അനുക​മ്പ​യു​ണ്ടെ​ങ്കിൽ അവർക്ക്‌ ആവശ്യ​മായ സഹായം നൽകാൻ നമ്മൾ തയ്യാറാ​കും. അല്ലെങ്കിൽ, രാഷ്‌ട്ര​ങ്ങ​ളു​ടെ ഒരു കൂട്ടം ആക്രമി​ക്കു​മ്പോൾ നമുക്കു കുറച്ച്‌ കാലം സഹോ​ദ​ര​ങ്ങ​ളു​ടെ​കൂ​ടെ താമസി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. (യഹ. 38:10-12) അവരോ​ടു ശക്തമായ സ്‌നേ​ഹ​മു​ണ്ടെ​ങ്കി​ലേ ആ പ്രയാ​സ​സ​മ​യത്ത്‌ നമുക്കു പിടി​ച്ചു​നിൽക്കാ​നാ​കൂ.

4. നമ്മൾ സഹനശ​ക്തി​യും അനുക​മ്പ​യും സ്‌നേ​ഹ​വും വളർത്തി​യെ​ടു​ക്കു​ന്ന​തിൽ തുട​രേ​ണ്ട​തു​ണ്ടെന്നു ബൈബിൾ കാണി​ക്കു​ന്നത്‌ എങ്ങനെ?

4 സഹനശ​ക്തി​യും സ്‌നേ​ഹ​വും അനുക​മ്പ​യും നമ്മൾ തുടർന്നും വളർത്തി​യെ​ടു​ക്കാ​നാ​ണു ദൈവ​വ​ചനം പറയു​ന്നത്‌. ലൂക്കോസ്‌ 21:19-ൽ നമ്മൾ ഇങ്ങനെ വായി​ക്കു​ന്നു: “സഹിച്ചു​നിൽക്കു​ന്നെ​ങ്കിൽ നിങ്ങൾ നിങ്ങളു​ടെ ജീവൻ രക്ഷിക്കും.” കൊ​ലോ​സ്യർ 3:12 പറയു​ന്നത്‌ ‘അനുകമ്പ ധരിക്കുക’ എന്നാണ്‌. ഇനി, 1 തെസ്സ​ലോ​നി​ക്യർ 4:9, 10 പറയുന്നു: “അന്യോ​ന്യം സ്‌നേ​ഹി​ക്കാൻ ദൈവം​തന്നെ നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ണ്ട​ല്ലോ. . . . എങ്കിലും സഹോ​ദ​ര​ങ്ങളേ, ഇനിയും കൂടുതൽ പുരോ​ഗതി വരുത്താൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌.” ആ ക്രിസ്‌ത്യാ​നി​കൾക്ക്‌ അപ്പോൾത്തന്നെ സഹനശ​ക്തി​യും അനുക​മ്പ​യും സ്‌നേ​ഹ​വും ഉണ്ടായി​രു​ന്നു. എങ്കിലും അവർ ഈ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​ന്ന​തിൽ തുടര​ണ​മാ​യി​രു​ന്നു എന്ന്‌ ഈ വാക്യങ്ങൾ സൂചി​പ്പി​ക്കു​ന്നു. നമ്മളും അതുതന്നെ ചെയ്യണം. അതിനു​വേണ്ടി ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ഈ ഓരോ ഗുണവും എങ്ങനെ​യാ​ണു കാണി​ച്ച​തെന്നു നമ്മൾ പഠിക്കും. തുടർന്ന്‌ നമുക്ക്‌ എങ്ങനെ അവരുടെ മാതൃക അനുക​രി​ക്കാ​മെ​ന്നും കാണും. അവരെ അനുക​രി​ക്കു​മ്പോൾ മഹാക​ഷ്ട​തയെ നേരി​ടാൻ ഒരുങ്ങി​യി​രി​ക്കു​ന്നെന്നു നമ്മൾ തെളി​യി​ക്കു​ക​യാ​യി​രി​ക്കും.

സഹനശക്തി വർധി​പ്പി​ക്കു​ക

5. പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ സഹിച്ചു​നിൽക്കാൻ ആദ്യകാല ക്രിസ്‌ത്യാ​നി​കളെ സഹായി​ച്ചത്‌ എന്താണ്‌?

5 ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്കു സഹനശക്തി വേണമാ​യി​രു​ന്നു. (എബ്രാ. 10:36) അക്കാലത്ത്‌ എല്ലാവർക്കു​മു​ണ്ടാ​യി​രു​ന്ന​തു​പോ​ലുള്ള പ്രശ്‌നങ്ങൾ അവർക്കും നേരിട്ടു. അതിനു പുറമേ ക്രിസ്‌ത്യാ​നി​ക​ളാ​യി​രു​ന്ന​തി​ന്റെ പേരി​ലുള്ള പ്രശ്‌ന​ങ്ങ​ളും അവർക്കു​ണ്ടാ​യി. പലർക്കും ജൂതമ​ത​നേ​താ​ക്ക​ന്മാ​രിൽനി​ന്നും റോമൻ അധികാ​രി​ക​ളിൽനി​ന്നും ഉപദ്ര​വങ്ങൾ ഉണ്ടായി. ചിലർക്കാ​ണെ​ങ്കിൽ സ്വന്തം കുടും​ബ​ത്തിൽനി​ന്നുള്ള എതിർപ്പു നേരിട്ടു. (മത്താ. 10:21) ഇനി, ചില​പ്പോ​ഴൊ​ക്കെ വിശ്വാ​സ​ത്യാ​ഗി​ക​ളു​ടെ സ്വാധീ​ന​ത്തി​നും അവരുടെ ഉപദേ​ശ​ങ്ങൾക്കും എതിരാ​യും അവർക്കു പോരാ​ടേ​ണ്ടി​വന്നു. (പ്രവൃ. 20:29, 30) എന്നിട്ടും ആ ക്രിസ്‌ത്യാ​നി​കൾ സഹിച്ചു​നി​ന്നു. (വെളി. 2:3) എന്താണ്‌ അതിന്‌ അവരെ സഹായി​ച്ചത്‌? ഇയ്യോ​ബി​നെ​പ്പോ​ലെ സഹിച്ചു​നി​ന്ന​വ​രു​ടെ മാതൃ​ക​യെ​ക്കു​റിച്ച്‌ അവർ ആഴത്തിൽ ചിന്തിച്ചു. (യാക്കോ. 5:10, 11) ശക്തിക്കു​വേണ്ടി പ്രാർഥി​ച്ചു. (പ്രവൃ. 4:29-31) കൂടാതെ സഹിച്ചു​നി​ന്നാ​ലുള്ള പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ എപ്പോ​ഴും ഓർത്തു.—പ്രവൃ. 5:41.

6. എതിർപ്പു​കൾ ഉണ്ടായ​പ്പോൾ സഹിച്ചു​നിൽക്കാൻ മെരിറ്റ ചെയ്‌ത​തിൽനി​ന്നും നിങ്ങൾ എന്താണു പഠിച്ചത്‌?

6 സഹിച്ചു​നി​ന്ന​വ​രു​ടെ മാതൃ​ക​ക​ളെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽനി​ന്നും പതിവാ​യി പഠിക്കുക, അതെക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കുക. അപ്പോൾ നമുക്കും സഹിച്ചു​നിൽക്കാ​നാ​കും. അൽബേ​നി​യ​യിൽനി​ന്നുള്ള മെരിറ്റ സഹോ​ദ​രി​യു​ടെ അനുഭവം അതാണു കാണി​ക്കു​ന്നത്‌. സഹോ​ദ​രി​ക്കു വീട്ടു​കാ​രിൽനി​ന്നും ഒരുപാട്‌ ഉപദ്രവം സഹി​ക്കേ​ണ്ടി​വന്നു. സഹോ​ദരി പറയുന്നു: “ബൈബി​ളിൽനി​ന്നും ഇയ്യോ​ബി​നെ​ക്കു​റിച്ച്‌ പഠിച്ചതു സഹിച്ചു​നിൽക്കാൻ എന്നെ ശരിക്കും സഹായി​ച്ചു. അദ്ദേഹ​ത്തിന്‌ എന്തെല്ലാം കഷ്ടങ്ങളാ​ണു സഹി​ക്കേ​ണ്ടി​വ​ന്നത്‌! അതി​ന്റെ​യൊ​ക്കെ പിന്നിൽ ആരാ​ണെ​ന്നു​പോ​ലും അദ്ദേഹ​ത്തിന്‌ അറിയി​ല്ലാ​യി​രു​ന്നു. എന്നിട്ടും ഇയ്യോബ്‌ പറഞ്ഞത്‌, ‘മരണം​വരെ ദൈവ​ത്തോ​ടുള്ള വിശ്വ​സ്‌തത ഞാൻ ഉപേക്ഷി​ക്കില്ല’ എന്നാണ​ല്ലോ? (ഇയ്യോ. 27:5) ഇയ്യോ​ബി​നു നേരിട്ട പരീക്ഷ​ണ​ങ്ങ​ളോ​ടുള്ള താരത​മ്യ​ത്തിൽ എന്റേത്‌ ഒന്നുമ​ല്ലെന്ന്‌ എനിക്കു തോന്നി. കാരണം ഇതി​ന്റെ​യൊ​ക്കെ പിന്നിൽ ആരാണ്‌ എന്നെങ്കി​ലും എനിക്ക്‌ അറിയാ​മ​ല്ലോ.”

7. നമുക്ക്‌ ഇപ്പോൾ കഠിന​മായ പരീക്ഷ​ണ​ങ്ങ​ളൊ​ന്നും ഇല്ലെങ്കിൽപ്പോ​ലും എന്തു ചെയ്യാൻ നമ്മൾ പഠി​ക്കേ​ണ്ട​തുണ്ട്‌?

7 നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം തുറന്നു​പ​റ​ഞ്ഞു​കൊണ്ട്‌ കൂടെ​ക്കൂ​ടെ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തി​ലൂ​ടെ​യും നമുക്കു സഹനശക്തി വർധി​പ്പി​ക്കാ​നാ​കും. (ഫിലി. 4:6; 1 തെസ്സ. 5:17) ഒരുപക്ഷേ ഇപ്പോൾ നിങ്ങൾക്കു കടുത്ത പരീക്ഷ​ണങ്ങൾ ഒന്നും ഇല്ലായി​രി​ക്കാം. എങ്കിലും മനസ്സു വിഷമി​ക്കു​മ്പോ​ഴോ എന്തു ചെയ്യണ​മെന്ന്‌ അറിയാ​ത്ത​പ്പോ​ഴോ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു നോക്കാ​റു​ണ്ടോ? ഇപ്പോൾ ചെറി​യ​ചെ​റിയ പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾത്തന്നെ നിങ്ങൾ അങ്ങനെ ചെയ്യു​ന്നത്‌ ഒരു ശീലമാ​ക്കു​ന്നെ​ങ്കിൽ ഭാവി​യിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ പെട്ടെ​ന്നു​തന്നെ യഹോ​വ​യി​ലേക്കു തിരി​യാൻ നിങ്ങൾ തയ്യാറാ​കും. മാത്രമല്ല, എപ്പോൾ എങ്ങനെ നിങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്ക​ണ​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ കൃത്യ​മാ​യി അറിയാ​മെന്ന നിങ്ങളു​ടെ ബോധ്യം അതിലൂ​ടെ ശക്തമാ​കു​ക​യും ചെയ്യും. അത്‌ പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കാൻ നിങ്ങളെ സഹായി​ക്കും.—സങ്കീ. 27:1, 3.

സഹനശക്തി

ഓരോ തവണ പരി​ശോ​ധന സഹിച്ചു​നിൽക്കു​മ്പോ​ഴും അടുത്ത​തി​നെ നേരി​ടാ​നുള്ള ശക്തി നമുക്കു കിട്ടും (8-ാം ഖണ്ഡിക കാണുക)

8. ഇന്നു പിടി​ച്ചു​നിൽക്കു​ന്നതു ഭാവി പരി​ശോ​ധ​ന​കളെ നേരി​ടാൻ നമ്മളെ സഹായി​ക്കു​മെന്നു മീരയു​ടെ അനുഭവം തെളി​യി​ക്കു​ന്നത്‌ എങ്ങനെ? (യാക്കോബ്‌ 1:2-4) (ചിത്ര​വും കാണുക.)

8 ഇന്നു പരീക്ഷ​ണ​ങ്ങ​ളൊ​ക്കെ ഉണ്ടാകു​മ്പോൾ സഹിച്ചു​നി​ന്നാൽ നാളെ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ പിടി​ച്ചു​നിൽക്കാൻ നമുക്കു കൂടുതൽ എളുപ്പ​മാ​യി​രി​ക്കും. (റോമ. 5:3, 4) ജീവി​ത​ത്തിൽ വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന ഉണ്ടായ ഓരോ സമയത്തും സഹിച്ചു​നി​ന്നത്‌ അടുത്ത പരീക്ഷ​ണത്തെ നേരി​ടാൻ പല സഹോ​ദ​ര​ങ്ങ​ളെ​യും സഹായി​ച്ചി​ട്ടുണ്ട്‌. അത്‌ എങ്ങനെ​യാണ്‌? ഓരോ തവണയും യഹോ​വ​യു​ടെ സഹായ​ത്താൽ വിശ്വ​സ്‌ത​രാ​യി തുടരാൻ കഴിഞ്ഞ​തു​കൊണ്ട്‌ തങ്ങളെ സഹായി​ക്കാൻ യഹോവ ശരിക്കും ആഗ്രഹി​ക്കു​ന്നു​ണ്ടെന്ന അവരുടെ വിശ്വാ​സം ശക്തമായി. ആ വിശ്വാ​സം അടുത്ത പരീക്ഷ​ണത്തെ വിജയ​ക​ര​മാ​യി നേരി​ടാൻ അവരെ സഹായി​ച്ചു. (യാക്കോബ്‌ 1:2-4 വായി​ക്കുക.) അൽബേ​നി​യ​യിൽനി​ന്നുള്ള മീര എന്ന മുൻനി​ര​സേ​വി​ക​യു​ടെ കാര്യം​തന്നെ നോക്കുക. മുമ്പൊ​ക്കെ ഓരോ​രോ പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ പിടി​ച്ചു​നി​ന്ന​തു​കൊണ്ട്‌ ഇപ്പോ​ഴും തനിക്കു സഹിച്ചു​നിൽക്കാ​നാ​കു​ന്ന​താ​യി സഹോ​ദരി കണ്ടെത്തി​യി​രി​ക്കു​ന്നു. തനിക്കു മാത്ര​മാണ്‌ ഇത്രയും പ്രശ്‌ന​ങ്ങ​ളു​ള്ള​തെന്നു സഹോ​ദ​രി​ക്കു ചില​പ്പോൾ തോന്നാ​റുണ്ട്‌. പക്ഷേ സഹോ​ദരി അപ്പോൾ ഒരു കാര്യം ചെയ്യും: കഴിഞ്ഞ 20 വർഷമാ​യി തന്നെ സഹായി​ക്കാൻ യഹോവ ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കും. എന്നിട്ട്‌ തന്നോ​ടു​തന്നെ ഇങ്ങനെ പറയും: ‘എന്തുവ​ന്നാ​ലും വിശ്വ​സ്‌ത​യാ​യി തുടരണം. ഇല്ലെങ്കിൽ യഹോ​വ​യു​ടെ സഹായ​ത്തോ​ടെ ഇത്രയും​കാ​ലം പിടി​ച്ചു​നി​ന്ന​തെ​ല്ലാം വെറു​തേ​യാ​കി​ല്ലേ? അതു പാടില്ല.’ നിങ്ങളു​ടെ കാര്യ​ത്തി​ലും യഹോവ എങ്ങനെ​യൊ​ക്കെ​യാ​ണു സഹിച്ചു​നിൽക്കാൻ ഇതുവരെ സഹായി​ച്ചി​ട്ടു​ള്ളത്‌ എന്നു ചിന്തി​ക്കുക. ഓരോ തവണ പരീക്ഷണം നേരി​ടു​മ്പോ​ഴും നിങ്ങൾ സഹിച്ചു​നിൽക്കു​ന്നത്‌ യഹോവ കാണു​ന്നു​ണ്ടെ​ന്നും അതിനു പ്രതി​ഫലം തരു​മെ​ന്നും ഉറച്ചു​വി​ശ്വ​സി​ക്കുക. (മത്താ. 5:10-12) അങ്ങനെ​യാ​കു​മ്പോൾ മഹാക​ഷ്ട​ത​യു​ടെ സമയമാ​കു​മ്പോ​ഴേ​ക്കും പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടായാ​ലും എങ്ങനെ പിടി​ച്ചു​നിൽക്ക​ണ​മെന്നു നിങ്ങൾ പഠിച്ചി​ട്ടു​ണ്ടാ​യി​രി​ക്കും. മാത്രമല്ല, വിശ്വ​സ്‌ത​രാ​യി സഹിച്ചു​നിൽക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നം ശക്തവു​മാ​യി​രി​ക്കും.

അനുകമ്പ കാണി​ക്കു​ക

9. സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള സഭ അനുകമ്പ കാണി​ച്ചത്‌ എങ്ങനെ?

9 യഹൂദ്യ​യിൽ താമസി​ക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു കടുത്ത ക്ഷാമം നേരി​ട്ട​പ്പോൾ എന്താണു സംഭവി​ച്ചത്‌ എന്നു നോക്കുക. ആ ക്ഷാമ​ത്തെ​ക്കു​റിച്ച്‌ സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലുള്ള സഭ കേട്ട​പ്പോൾ അവർക്ക്‌ യഹൂദ്യ​യി​ലുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു സ്വാഭാ​വി​ക​മാ​യി അനുകമ്പ തോന്നി. എന്നാൽ അത്‌ അവിടം​കൊണ്ട്‌ തീർന്നില്ല. അവർ അതു പ്രവൃ​ത്തി​യി​ലൂ​ടെ കാണിച്ചു. “ഓരോ​രു​ത്ത​രും അവരുടെ കഴിവ​നു​സ​രിച്ച്‌ യഹൂദ്യ​യി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു സഹായം എത്തിച്ചു​കൊ​ടു​ക്കാൻ തീരു​മാ​നി​ച്ചു” എന്നാണു നമ്മൾ വായി​ക്കു​ന്നത്‌. (പ്രവൃ. 11:27-30) ക്ഷാമം നേരിട്ട സഹോ​ദ​രങ്ങൾ താമസി​ച്ചി​രു​ന്നതു വളരെ അകലെ​യാ​യി​രു​ന്നെ​ങ്കി​ലും എങ്ങനെ​യും അവരെ സഹായി​ക്കാൻ അന്ത്യോ​ക്യ​യി​ലെ സഹോ​ദ​രങ്ങൾ ആഗ്രഹി​ച്ചു.—1 യോഹ. 3:17, 18.

അനുകമ്പ

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകു​മ്പോൾ സഹോ​ദ​ര​ങ്ങ​ളോ​ടു നമുക്ക്‌ അനുകമ്പ കാണി​ക്കാ​നാ​കും (10-ാം ഖണ്ഡിക കാണുക)

10. നമ്മുടെ സഹോ​ദ​രങ്ങൾ ഒരു ദുരന്ത​ത്തിന്‌ ഇരയാ​കു​മ്പോൾ ഏതെല്ലാം വിധങ്ങ​ളിൽ നമുക്ക്‌ അനുകമ്പ കാണി​ക്കാം? (ചിത്ര​വും കാണുക.)

10 നമ്മുടെ സഹോ​ദ​രങ്ങൾ ഏതെങ്കി​ലും ദുരന്ത​ത്തിന്‌ ഇരയാ​കു​മ്പോൾ നമുക്കും അനുകമ്പ കാണി​ക്കാ​നാ​കും. പല വിധങ്ങ​ളിൽ അതു ചെയ്യാം: ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ സഹായി​ക്കാൻ അവസര​മു​ണ്ടോ എന്നു മൂപ്പന്മാ​രോ​ടു ചോദി​ക്കാം. അല്ലെങ്കിൽ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കു​വേണ്ടി സംഭാ​വ​നകൾ നൽകാം. അതുമ​ല്ലെ​ങ്കിൽ ആ സഹോ​ദ​ര​ങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാം. b (സുഭാ. 17:17) ഉദാഹ​ര​ണ​ത്തിന്‌, 2020-ൽ കോവിഡ്‌-19 മഹാമാ​രി​യു​ടെ പ്രശ്‌നങ്ങൾ നേരിട്ട സഹോ​ദ​ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി 950-ലേറെ ദുരി​താ​ശ്വാ​സ കമ്മിറ്റി​കൾ പ്രവർത്തി​ച്ചു. ആ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെട്ട സഹോ​ദ​ര​ങ്ങ​ളോ​ടു നമ്മൾ എത്ര നന്ദിയു​ള്ള​വ​രാണ്‌! അവർ സഹോ​ദ​ര​ങ്ങൾക്കു സാധനങ്ങൾ എത്തിച്ചു​കൊ​ടു​ത്തു. ആത്മീയ​മാ​യി വേണ്ട സഹായങ്ങൾ നൽകി. ഇനി, ചില ഇടങ്ങളിൽ വീടു​ക​ളും ആരാധ​നാ​സ്ഥ​ല​ങ്ങ​ളും കേടു​പോ​ക്കു​ക​യോ പുതു​ക്കി​പ്പ​ണി​യു​ക​യോ ചെയ്‌തു. ഇതി​നെ​ല്ലാം അവരെ പ്രേരി​പ്പി​ച്ചതു സഹോ​ദ​ര​ങ്ങ​ളോ​ടുള്ള അനുക​മ്പ​യാണ്‌.—2 കൊരി​ന്ത്യർ 8:1-4 താരത​മ്യം ചെയ്യുക.

11. നമ്മൾ അനുകമ്പ കാണി​ക്കു​ന്നത്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ?

11 ഒരു ദുരന്തം ഉണ്ടാകു​മ്പോൾ അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു നമ്മൾ കാണി​ക്കുന്ന അനുക​മ്പ​യും അവരെ സഹായി​ക്കാൻവേണ്ടി നമ്മൾ ചെയ്യുന്ന ത്യാഗ​ങ്ങ​ളും മറ്റുള്ളവർ ശ്രദ്ധി​ക്കാ​റുണ്ട്‌. അങ്ങനെ​യൊ​രു അനുഭവം ബഹാമ​സിൽ ഉണ്ടായി. 2019-ൽ ഡൊറി​യൻ ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ അവി​ടെ​യുള്ള ഒരു രാജ്യ​ഹാൾ തകർത്തു. അതു പുതു​ക്കി​പ്പ​ണി​യു​ന്ന​തി​നി​ടെ ചില ജോലി​കൾ ചെയ്‌തു​കി​ട്ടു​ന്ന​തി​നു​വേണ്ടി സഹോ​ദ​രങ്ങൾ സാക്ഷി​യ​ല്ലാത്ത ഒരു കോൺട്രാ​ക്ടറെ സമീപി​ച്ചു. അതിന്‌ എത്ര ചെലവ്‌ വരു​മെ​ന്നും അവർ ചോദി​ച്ചു. അദ്ദേഹം പറഞ്ഞു: “അതിനു​വേണ്ടി ഞാൻ തരുന്ന ഉപകര​ണ​ങ്ങൾക്കും സാധന​ങ്ങൾക്കും തൊഴി​ലാ​ളി​കൾക്കും നിങ്ങൾ ഒന്നും തരേണ്ടാ. എല്ലാം എന്റെ സംഭാ​വ​ന​യാണ്‌. നിങ്ങളു​ടെ സംഘട​ന​യ്‌ക്കു​വേണ്ടി ഇങ്ങനെ​യൊ​രു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. കാരണം, നിങ്ങളു​ടെ കൂട്ടു​കാർക്കു​വേണ്ടി നിങ്ങൾ ചെയ്‌ത​തൊ​ക്കെ എന്നെ ശരിക്കും അതിശ​യി​പ്പി​ച്ചു.” ഇന്നു ലോകത്ത്‌ മിക്കവർക്കും യഹോ​വയെ അറിയില്ല. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന കാര്യങ്ങൾ അവരിൽ പലരും ശ്രദ്ധി​ക്കാ​റുണ്ട്‌. നമ്മൾ ആളുക​ളോട്‌ അനുകമ്പ കാണി​ക്കു​മ്പോൾ “കരുണാ​സ​മ്പ​ന്ന​നായ” യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ അത്‌ ആളുകളെ പ്രേരി​പ്പി​ച്ചേ​ക്കാം. എത്ര സന്തോ​ഷ​മുള്ള കാര്യ​മാണ്‌ അത്‌!—എഫെ. 2:4.

12. ഇപ്പോൾ അനുകമ്പ കാണി​ക്കാൻ പഠിക്കു​ന്നതു മഹാക​ഷ്ട​തയെ നേരി​ടാൻ നമ്മളെ ഒരുക്കു​ന്നത്‌ എങ്ങനെ? (വെളി​പാട്‌ 13:16, 17)

12 മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ സഹോ​ദ​ര​ങ്ങ​ളോട്‌ അനുകമ്പ കാണി​ക്കേണ്ട സാഹച​ര്യ​ങ്ങൾ ഉണ്ടാകും. കാരണം, രാഷ്‌ട്രീ​യ​സം​ഘ​ട​ന​കളെ പിന്തു​ണ​യ്‌ക്കാ​ത്ത​വർക്കു പ്രശ്‌നങ്ങൾ ഉണ്ടാകു​മെന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. ഇപ്പോൾ മാത്രമല്ല മഹാക​ഷ്ട​ത​യു​ടെ സമയത്തും അങ്ങനെ സംഭവി​ക്കും. (വെളി​പാട്‌ 13:16, 17 വായി​ക്കുക.) അന്നന്നത്തെ ആവശ്യങ്ങൾ നടത്താൻപോ​ലും സഹോ​ദ​ര​ങ്ങൾക്ക്‌ അന്നു സഹായം വേണ്ടി​വ​രും. അപ്പോൾ നമുക്ക്‌ അവരോട്‌ അനുകമ്പ കാണി​ക്കാം. അങ്ങനെ ചെയ്യു​ക​യാ​ണെ​ങ്കിൽ ന്യായ​വി​ധി നടത്താ​നാ​യി നമ്മുടെ രാജാ​വായ യേശു വരു​മ്പോൾ ‘രാജ്യം അവകാ​ശ​മാ​ക്കാൻ’ നമ്മളെ​യും ക്ഷണിക്കും.—മത്താ. 25:34-40.

സ്‌നേഹം ശക്തമാ​ക്കു​ക

13. റോമർ 15:7 സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ ആദ്യകാല ക്രിസ്‌ത്യാ​നി​കൾ തങ്ങൾക്കി​ട​യി​ലെ സ്‌നേഹം ശക്തമാ​ക്കി​യത്‌ എങ്ങനെ?

13 ആദ്യകാല ക്രിസ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന ഏറ്റവും പ്രധാ​ന​ഗു​ണ​മാ​യി​രു​ന്നു സ്‌നേഹം. എന്നാൽ പരസ്‌പരം സ്‌നേഹം കാണി​ക്കു​ന്നത്‌ അവർക്ക്‌ എളുപ്പ​മാ​യി​രു​ന്നോ? റോമി​ലെ സഭയുടെ കാര്യം​തന്നെ നോക്കാം. മോശ​യി​ലൂ​ടെ ദൈവം നൽകിയ നിയമം ചെറുപ്പം മുതലേ അനുസ​രിച്ച്‌ വളർന്ന ജൂതന്മാ​രും അവരിൽനിന്ന്‌ വളരെ വ്യത്യാ​സ​മുള്ള ജനതക​ളിൽപ്പെട്ട ആളുക​ളും അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ആ ക്രിസ്‌ത്യാ​നി​ക​ളിൽ ചിലർ അടിമ​ക​ളും മറ്റു ചിലർ സ്വത​ന്ത്ര​രും ആയിരു​ന്നു. ചില അടിമ​ക​ളു​ടെ യജമാ​ന​ന്മാർപോ​ലും അവി​ടെ​യു​ണ്ടാ​യി​രു​ന്നി​രി​ക്കാം. എന്നാൽ ഈ വ്യത്യാ​സ​ങ്ങ​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും അവർക്ക്‌ എങ്ങനെ​യാ​ണു തങ്ങളുടെ ഇടയിലെ സ്‌നേഹം ശക്തമാ​ക്കാൻ കഴിഞ്ഞത്‌? ‘അന്യോ​ന്യം സ്വീക​രി​ക്കാൻ’ പൗലോസ്‌ അപ്പോ​സ്‌തലൻ അവരെ ഉപദേ​ശി​ച്ചു. (റോമർ 15:7 വായി​ക്കുക.) അങ്ങനെ പറഞ്ഞ​പ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശി​ച്ചത്‌? “സ്വീക​രി​ക്കുക” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന വാക്കിന്റെ അർഥം ഒരാളു​ടെ വീട്ടി​ലേ​ക്കോ സുഹൃ​ത്തു​ക്ക​ളു​ടെ കൂട്ടത്തി​ലേ​ക്കോ മറ്റൊ​രാ​ളെ ദയയോ​ടെ അല്ലെങ്കിൽ സ്‌നേ​ഹ​ത്തോ​ടെ സ്വാഗതം ചെയ്യുക എന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌ ഫിലേ​മോ​ന്റെ അടുത്തു​നിന്ന്‌ ഒളി​ച്ചോ​ടിയ ഒനേസി​മൊ​സി​നെ ‘ദയയോ​ടെ സ്വീക​രി​ക്കാ​നാണ്‌’ പൗലോസ്‌ അദ്ദേഹ​ത്തോട്‌ ആവശ്യ​പ്പെ​ട്ടത്‌. (ഫിലേ. 17) ഇനി, പ്രിസ്‌കി​ല്ല​യും അക്വി​ല​യും ക്രിസ്‌ത്യാ​നി​ത്വ​ത്തെ​ക്കു​റിച്ച്‌ തങ്ങളുടെ അത്രയും അറിവി​ല്ലാ​തി​രുന്ന അപ്പൊ​ല്ലോ​സി​നു കാര്യങ്ങൾ വിവരി​ച്ചു​കൊ​ടു​ക്കാ​നാ​യി അദ്ദേഹത്തെ വീട്ടിൽ ‘കൂട്ടി​ക്കൊ​ണ്ടു​പോ​യി.’ (പ്രവൃ. 18:26) ആദ്യകാല ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ പലപല വ്യത്യാ​സങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും അതൊ​ന്നും ഒരു പ്രശ്‌ന​ത്തി​നു കാരണ​മാ​കാൻ അവർ അനുവ​ദി​ച്ചില്ല. പകരം അവർ അന്യോ​ന്യം സ്വീക​രി​ച്ചു.

സ്‌നേഹം

നമുക്കു സഹോ​ദ​ര​ങ്ങ​ളു​ടെ​യെ​ല്ലാം സ്‌നേഹം ആവശ്യ​മാണ്‌ (15-ാം ഖണ്ഡിക കാണുക)

14. അന്നയും ഭർത്താ​വും സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേഹം കാണി​ച്ചത്‌ എങ്ങനെ?

14 നമ്മുടെ സഹോ​ദ​ര​ങ്ങളെ കൂട്ടു​കാ​രാ​ക്കു​ക​യും അവരു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ക​യും ഒക്കെ ചെയ്‌തു​കൊണ്ട്‌ നമുക്കും അവരോ​ടു സ്‌നേഹം കാണി​ക്കാം. അങ്ങനെ ചെയ്യു​മ്പോൾ മിക്ക​പ്പോ​ഴും അവർ തിരിച്ച്‌ നമ്മളോ​ടും സ്‌നേഹം കാണി​ക്കും. (2 കൊരി. 6:11-13) മിഷന​റി​മാ​രായ അന്നയു​ടെ​യും ഭർത്താ​വി​ന്റെ​യും അനുഭവം അതാണു പഠിപ്പി​ക്കു​ന്നത്‌. അവർ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ തങ്ങളുടെ പുതിയ നിയമ​ന​സ്ഥ​ലത്ത്‌ എത്തിയ ഉടനെ​യാ​ണു കോവിഡ്‌-19 മഹാമാ​രി തുടങ്ങു​ന്നത്‌. അതു​കൊണ്ട്‌ സഹോ​ദ​ര​ങ്ങളെ നേരിൽ കാണാ​നൊ​ന്നും അവർക്കു കഴിഞ്ഞില്ല. പിന്നെ എങ്ങനെ അവർ സ്‌നേഹം കാണി​ക്കും? അവർ വീഡി​യോ-കോൾ ചെയ്‌ത്‌ സഹോ​ദ​ര​ങ്ങ​ളോ​ടു സംസാ​രി​ച്ചു. അവരെ അടുത്ത്‌ പരിച​യ​പ്പെ​ടാൻ ഒരുപാട്‌ ആഗ്രഹി​ക്കു​ന്നു​ണ്ടെന്നു പറഞ്ഞു. അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ അതു വലിയ സന്തോ​ഷ​മാ​യി. തിരിച്ച്‌ അവരും ഈ മിഷന​റി​മാ​രെ ഫോൺ വിളി​ക്കാ​നും അവർക്കു മെസ്സേജ്‌ അയയ്‌ക്കാ​നും തുടങ്ങി. ഇങ്ങനെ​യൊ​ക്കെ ചെയ്യാൻ ഈ മിഷന​റി​മാർ തയ്യാറാ​യത്‌ എന്തു​കൊ​ണ്ടാണ്‌? അന്ന പറയുന്നു: “മുമ്പ്‌ ഞാനും വീട്ടു​കാ​രും സന്തോ​ഷ​ത്തി​ലാ​യി​രു​ന്ന​പ്പോ​ഴും പ്രയാ​സ​സ​മ​യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോ​ഴും സഹോ​ദ​രങ്ങൾ ഞങ്ങളോ​ടു കാണിച്ച സ്‌നേഹം ഞാൻ ഒരിക്ക​ലും മറക്കില്ല. ആ മാതൃ​ക​യാണ്‌ ഇവരോ​ടു സ്‌നേഹം കാണി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചത്‌.”

15. എല്ലാ സഹോ​ദ​ര​ങ്ങ​ളെ​യും സ്‌നേ​ഹി​ക്കുന്ന കാര്യ​ത്തിൽ വനേസ​യു​ടെ മാതൃ​ക​യിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌? (ചിത്ര​വും കാണുക.)

15 നമ്മളിൽ മിക്കവ​രു​ടെ​യും സഭകളിൽ പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​ള്ള​വ​രുണ്ട്‌. സഹോ​ദ​ര​ങ്ങ​ളു​ടെ വ്യക്തി​ത്വ​ത്തി​ലും വ്യത്യാ​സങ്ങൾ കാണാം. എങ്കിലും അവരു​ടെ​യെ​ല്ലാം നല്ല ഗുണങ്ങ​ളിൽ ശ്രദ്ധി​ക്കു​ന്നെ​ങ്കിൽ അവരോ​ടുള്ള നമ്മുടെ സ്‌നേഹം ശക്തമാ​ക്കാ​നാ​കും. ന്യൂസി​ലൻഡിൽ സേവി​ക്കുന്ന വനേസ സഹോ​ദ​രി​ക്കു തന്റെ സഭയി​ലുള്ള ചിലരു​മാ​യി ഒത്തു​പോ​കു​ന്നതു ബുദ്ധി​മു​ട്ടാ​യി തോന്നി​യി​രു​ന്നു. അവരുടെ ചില സ്വഭാ​വങ്ങൾ സഹോ​ദ​രി​യെ അസ്വസ്ഥ​യാ​ക്കി. എന്നാൽ അവരെ ഒഴിവാ​ക്കു​ന്ന​തി​നു പകരം അവരോ​ടൊ​പ്പം കൂടുതൽ സമയം ചെലവ​ഴി​ക്കാൻ സഹോ​ദരി തീരു​മാ​നി​ച്ചു. അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ അവരിൽ യഹോവ ഇഷ്ടപ്പെ​ടുന്ന ഗുണങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു കാണാൻ സഹോ​ദ​രി​ക്കു കഴിഞ്ഞു. സഹോ​ദരി പറയുന്നു: “എന്റെ ഭർത്താവ്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യ​തോ​ടെ വ്യത്യസ്‌ത സ്വഭാ​വ​ങ്ങ​ളുള്ള ഒരുപാ​ടു സഹോ​ദ​ര​ങ്ങ​ളു​മാ​യി ഞങ്ങൾക്ക്‌ അടുത്ത്‌ ഇടപെ​ടേ​ണ്ടി​വന്നു. എന്നാൽ ഇപ്പോൾ എനിക്ക്‌ അത്‌ എളുപ്പ​മാണ്‌. കാരണം വ്യത്യ​സ്‌തത ഞാൻ ഇഷ്ടപ്പെ​ടാൻ തുടങ്ങി. യഹോ​വ​യും അങ്ങനെ​യാ​ണ​ല്ലോ. എത്ര​യെത്ര പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​ള്ള​വ​രെ​യാണ്‌ യഹോവ തന്റെ ആരാധ​ക​രാ​യി സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌.” അതു​കൊണ്ട്‌ യഹോവ ആളുകളെ കാണു​ന്ന​തു​പോ​ലെ കാണാൻ ശീലി​ക്കുക. അങ്ങനെ അവരോ​ടുള്ള സ്‌നേഹം നമുക്ക്‌ തെളി​യി​ക്കാ​നാ​കും.—2 കൊരി. 8:24.

സഹാരാധകരുമായി ഐക്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​ലൂ​ടെ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോവ ഉറപ്പു​ത​ന്നി​രി​ക്കുന്ന സംരക്ഷണം നമുക്കു കിട്ടും (16-ാം ഖണ്ഡിക കാണുക)

16. മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ സ്‌നേഹം കാണി​ക്കു​ന്നതു കൂടുതൽ ആവശ്യ​മാ​യി​വ​രു​ന്നത്‌ എന്തു​കൊണ്ട്‌? (ചിത്ര​വും കാണുക.)

16 മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നമ്മുടെ ഇടയിൽ സ്‌നേഹം ഉണ്ടായി​രി​ക്കേ​ണ്ടതു കൂടുതൽ ആവശ്യ​മാ​യി​വ​രും. പണ്ട്‌ ബാബി​ലോൺ ആക്രമി​ക്ക​പ്പെ​ട്ട​പ്പോൾ യഹോവ തന്റെ ജനത്തിനു നൽകിയ നിർദേശം എന്താ​ണെന്നു നോക്കുക: “എന്റെ ജനമേ, ചെന്ന്‌ നിങ്ങളു​ടെ ഉൾമു​റി​ക​ളിൽ കയറി, വാതിൽ അടയ്‌ക്കുക. ക്രോധം കടന്നു​പോ​കു​ന്ന​തു​വരെ അൽപ്പ​നേ​ര​ത്തേക്ക്‌ ഒളിച്ചി​രി​ക്കുക!” (യശ. 26:20) മഹാക​ഷ്ട​തയെ നേരി​ടാൻപോ​കുന്ന നമ്മളും ആ നിർദേ​ശങ്ങൾ അനുസ​രി​ക്കേ​ണ്ടി​വ​ന്നേ​ക്കും. അവിടെ പറഞ്ഞി​രി​ക്കുന്ന ഉൾമു​റി​കൾ സൂചി​പ്പി​ക്കു​ന്നതു നമ്മുടെ സഭക​ളെ​യാ​യി​രി​ക്കാം. സഹാരാ​ധ​ക​രു​മാ​യി ഐക്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തി​ലൂ​ടെ, മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോവ ഉറപ്പു​ത​ന്നി​രി​ക്കുന്ന സംരക്ഷണം നമുക്കു കിട്ടും. അതു​കൊണ്ട്‌ ഇപ്പോൾ സഹോ​ദ​ര​ങ്ങ​ളു​മാ​യി എങ്ങനെ​യെ​ങ്കി​ലും ഒത്തു​പോ​യാൽ പോരാ, അവരെ സ്‌നേ​ഹി​ക്കാൻ നന്നായി ശ്രമി​ക്കേ​ണ്ട​തുണ്ട്‌. നമ്മൾ രക്ഷപ്പെ​ടു​മോ എന്നത്‌ അതിനെ ആശ്രയി​ച്ചി​രു​ന്നേ​ക്കാം!

ഇപ്പോൾത്തന്നെ ഒരുങ്ങുക

17. ഇപ്പോൾത്തന്നെ ഒരുങ്ങി​യാൽ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ നമുക്ക്‌ എന്തു ചെയ്യാ​നാ​കും?

17 “യഹോ​വ​യു​ടെ ഭയങ്കര​മായ ദിവസം” മനുഷ്യർക്കു കടുത്ത വേദന​യു​ടെ​യും കഷ്ടതയു​ടെ​യും സമയമാ​യി​രി​ക്കും. (സെഫ. 1:14, 15) ദൈവ​ജ​ന​ത്തി​നും ബുദ്ധി​മു​ട്ടു​കൾ നേരി​ടേ​ണ്ടി​വ​രും. എന്നാൽ ഇപ്പോൾത്തന്നെ ഒരുങ്ങു​ന്നെ​ങ്കിൽ നമുക്ക്‌ അന്നു ശാന്തരാ​യി​രി​ക്കാ​നും മറ്റുള്ള​വരെ സഹായി​ക്കാ​നും കഴിയും. എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാ​ലും നമ്മൾ സഹിച്ചു​നിൽക്കും. സഹോ​ദ​ര​ങ്ങൾക്കു ബുദ്ധി​മു​ട്ടു നേരി​ടു​മ്പോൾ അവരോട്‌ അനുകമ്പ കാണി​ച്ചു​കൊ​ണ്ടും അവരുടെ ആവശ്യ​ങ്ങൾക്കാ​യി കരുതി​ക്കൊ​ണ്ടും അവരെ സഹായി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കും. നമ്മൾ ഇപ്പോൾത്തന്നെ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊണ്ട്‌ അന്നും അവരോ​ടു ചേർന്നു​നിൽക്കും. അപ്പോൾ ദുരന്ത​ങ്ങ​ളും കഷ്ടതക​ളും മനസ്സിൽപ്പോ​ലും ഇല്ലാത്ത ഒരു ലോക​ത്തിൽ നിത്യ​ജീ​വൻ നൽകി യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കും.—യശ. 65:17.

ഗീതം 144 സമ്മാന​ത്തിൽ കണ്ണു നട്ടിരി​ക്കുക!

a മഹാകഷ്ടത പെട്ടെ​ന്നു​തന്നെ തുടങ്ങും. മനുഷ്യർ ഇതുവരെ അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത തരത്തി​ലുള്ള ആ വലിയ കഷ്ടതയെ നേരി​ടാൻ സഹനശ​ക്തി​യും അനുക​മ്പ​യും സ്‌നേ​ഹ​വും നമ്മളെ സഹായി​ക്കും. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ഈ ഗുണങ്ങൾ കാണി​ക്കാൻ പഠിച്ചത്‌ എങ്ങനെ​യെ​ന്നും ഇന്നു നമുക്ക്‌ എങ്ങനെ അവരെ അനുക​രി​ക്കാ​മെ​ന്നും നമ്മൾ കാണും. കൂടാതെ മഹാക​ഷ്ട​തയെ നേരി​ടാൻ ഈ ഗുണങ്ങൾ നമ്മളെ എങ്ങനെ സഹായി​ക്കു​മെ​ന്നും പഠിക്കും.

b ഏതെങ്കിലും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ ഉൾപ്പെ​ടാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആദ്യം​തന്നെ പ്രാ​ദേ​ശിക ഡിസൈൻ നിർമാണ സ്വമേ​ധാ​സേ​വ​ന​ത്തി​നുള്ള അപേക്ഷ​യോ (DC-50) സ്വമേ​ധാ​സേ​വ​ന​ത്തി​നുള്ള അപേക്ഷ​യോ (A-19) പൂരി​പ്പിച്ച്‌ നൽകുക. എന്നിട്ട്‌ നിങ്ങളെ വിളി​ക്കു​ന്ന​തു​വരെ കാത്തി​രി​ക്കുക.