പഠനലേഖനം 32
യഹോവയെ അനുകരിക്കുക, വഴക്കം കാണിക്കുക
“നിങ്ങൾ വഴക്കമുള്ളവരാണെന്ന് എല്ലാവരും അറിയട്ടെ.”—ഫിലി. 4:5, അടിക്കുറിപ്പ്.
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
ചുരുക്കം a
1. സന്തോഷത്തോടെ യഹോവയെ സേവിക്കാൻ ബുദ്ധിമുട്ടു തോന്നുമ്പോഴും പിടിച്ചുനിൽക്കാൻ ഏതു ഗുണം നമ്മളെ സഹായിക്കും? (ചിത്രവും കാണുക.)
നല്ല കാറ്റത്ത് ഉയരമുള്ള തെങ്ങ് ആടിയുലയുന്നതു നിങ്ങൾ കണ്ടിട്ടില്ലേ? കാറ്റിനനുസരിച്ച് അതു വളയുന്നുണ്ട്, പക്ഷേ ഒടിയുന്നില്ല. വഴക്കമുള്ളതുകൊണ്ടാണു ശക്തമായ കാറ്റ് അടിക്കുമ്പോഴും ആ മരത്തിനു പിടിച്ചുനിൽക്കാനാകുന്നത്. അതുപോലെ സന്തോഷത്തോടെ യഹോവയെ സേവിക്കാൻ ബുദ്ധിമുട്ടു തോന്നുമ്പോഴും പിടിച്ചുനിൽക്കാൻ നമ്മളും വഴക്കമുള്ളവരായിരിക്കണം. നമുക്ക് അത് എങ്ങനെ ചെയ്യാം? നമ്മുടെ സാഹചര്യങ്ങൾക്കു മാറ്റംവരുമ്പോൾ അതിനോടു പൊരുത്തപ്പെട്ടുകൊണ്ടും നമ്മുടേതിൽനിന്ന് വ്യത്യസ്തമായ, മറ്റുള്ളവരുടെ വീക്ഷണങ്ങളെയും തീരുമാനങ്ങളെയും ആദരിച്ചുകൊണ്ടും വഴക്കമുള്ളവരാണെന്നു നമുക്കു തെളിയിക്കാം.
2. (എ) സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോൾ അതുമായി പൊരുത്തപ്പെടാൻ ഏതു ഗുണങ്ങൾ നമ്മളെ സഹായിക്കും? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കുന്നത്?
2 യഹോവയുടെ ദാസന്മാരെന്നനിലയിൽ, നമ്മൾ വഴക്കമുള്ളവരായിരിക്കാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി നമ്മൾ താഴ്മയും അനുകമ്പയും ഉള്ളവരായിരിക്കേണ്ടതുണ്ട്. ഈ ലേഖനത്തിൽ, സാഹചര്യങ്ങൾക്കു മാറ്റംവന്നപ്പോൾ അതുമായി പൊരുത്തപ്പെടാൻ ഈ ഗുണങ്ങൾ ചില ക്രിസ്ത്യാനികളെ സഹായിച്ചത് എങ്ങനെയാണെന്നു നമ്മൾ കാണും. കൂടാതെ അവ നമ്മളെ എങ്ങനെ സഹായിക്കുമെന്നും പഠിക്കും. എന്നാൽ അതിനു മുമ്പ് വഴക്കം കാണിക്കുന്നതിൽ യഹോവയും യേശുവും എങ്ങനെയാണ് ഏറ്റവും നല്ല മാതൃകകളായിരിക്കുന്നതെന്നു നോക്കാം.
യഹോവയും യേശുവും വഴക്കമുള്ളവരാണ്
3. യഹോവ വഴക്കമുള്ള ദൈവമാണെന്നു നമുക്ക് എങ്ങനെ അറിയാം?
3 യഹോവയെ ബൈബിൾ “പാറ” എന്നു വിളിച്ചിട്ടുണ്ട്. (ആവ. 32:4) കാരണം ഇളകാതെ, ഉറച്ചുനിൽക്കുന്ന ദൈവമാണ് യഹോവ. അതേസമയം യഹോവ വഴക്കമുള്ളവനുമാണ്. സാഹചര്യങ്ങൾക്കു മാറ്റംവരുമ്പോഴും തന്റെ ഉദ്ദേശ്യം നടപ്പാക്കാൻവേണ്ടി വഴക്കം കാണിക്കാൻ യഹോവ തയ്യാറാകുന്നു. ഇനി, സാഹചര്യങ്ങൾക്കു മാറ്റംവരുമ്പോൾ അതുമായി ഇണങ്ങിച്ചേരാനുള്ള കഴിവോടെ, തന്റെ ഛായയിലാണു യഹോവ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതും. ജീവിതത്തിൽ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനനുസരിച്ച് ഏറ്റവും ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങളും യഹോവ നൽകിയിട്ടുണ്ട്. “പാറ”പോലെ ഇളക്കമില്ലാത്തവനാണെങ്കിലും യഹോവ വഴക്കമുള്ളവനാണെന്ന് യഹോവയുടെതന്നെ മാതൃകയും നമുക്കു തന്നിട്ടുള്ള ബൈബിൾതത്ത്വങ്ങളും തെളിയിക്കുന്നു.
4. യഹോവ വഴക്കമുള്ള ദൈവമാണ് എന്നതിന് ഒരു ഉദാഹരണം പറയുക. (ലേവ്യ 5:7, 11)
4 യഹോവ എല്ലാ കാര്യങ്ങളും ചെയ്യുന്നതു വളരെ കൃത്യതയോടെയാണ്, വഴക്കം കാണിച്ചുകൊണ്ടുമാണ്. അതുകൊണ്ടാണു മനുഷ്യരോട് ഇടപെടുമ്പോൾ യഹോവ കടുംപിടിത്തം കാണിക്കാത്തത്. ദൈവം ഇസ്രായേല്യരോട് ഇടപെട്ടത് എങ്ങനെയാണെന്നു നോക്കുക. ഉദാഹരണത്തിന്, ലേവ്യ 5:7, 11-ൽ (വായിക്കുക.) പറഞ്ഞിരിക്കുന്നതുപോലെ തന്റെ സാഹചര്യത്തിനനുസരിച്ച് എന്ത് അർപ്പിക്കണമെന്നു തീരുമാനിക്കാൻ ഓരോ വ്യക്തിക്കും യഹോവ അനുവാദം നൽകിയിരുന്നു. പണക്കാരിൽനിന്നും പാവപ്പെട്ടവരിൽനിന്നും യഹോവ ഒരേ യാഗങ്ങൾ ആവശ്യപ്പെട്ടില്ല.
5. യഹോവ താഴ്മയും അനുകമ്പയും കാണിച്ചതിന്റെ ഓരോ ഉദാഹരണം പറയുക.
5 വഴക്കം കാണിക്കാൻ യഹോവയെ പ്രേരിപ്പിക്കുന്ന രണ്ടു ഗുണങ്ങളാണു താഴ്മയും അനുകമ്പയും. ഉദാഹരണത്തിന് സോദോമിലെ ദുഷ്ടമനുഷ്യരെ നശിപ്പിക്കാൻപോകുന്ന സമയത്ത് യഹോവ താഴ്മ കാണിച്ചത് എങ്ങനെയാണെന്നു നോക്കുക. തന്റെ ദൂതന്മാരെ അയച്ച് യഹോവ നീതിമാനായ ലോത്തിനോടു മലനാട്ടിലേക്ക് ഓടിപ്പോകാൻ പറഞ്ഞു. പക്ഷേ അങ്ങോട്ടുപോകാൻ ഭയം തോന്നിയതുകൊണ്ട് അടുത്തുള്ള ചെറിയ പട്ടണമായ സോവറിലേക്കു പോകാൻ തന്നെയും കുടുംബത്തെയും അനുവദിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. യഹോവയ്ക്കു വേണമെങ്കിൽ ലോത്തിനോട്, ‘ഞാൻ പറയുന്നതങ്ങ് അനുസരിച്ചാൽ മതി’ എന്നു പറയാമായിരുന്നു. കാരണം ആ പട്ടണവും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചിരുന്നതാണ്. എന്നിട്ടും അവിടേക്കു പോകാൻ യഹോവ ലോത്തിനെ അനുവദിച്ചു. ആ പട്ടണം നശിപ്പിച്ചുമില്ല. (ഉൽപ. 19:18-22) ഇനി, വർഷങ്ങൾക്കുശേഷം നിനെവെയിലെ ആളുകളോട് യഹോവ അനുകമ്പ കാണിച്ചു. ആ നഗരത്തെയും അതിലെ ദുഷ്ടമനുഷ്യരെയും പെട്ടെന്നുതന്നെ നശിപ്പിക്കുമെന്ന് അറിയിക്കാൻ യഹോവ യോന പ്രവാചകനെ അങ്ങോട്ട് അയച്ചു. പക്ഷേ നിനെവെക്കാർ മാനസാന്തരപ്പെട്ടതുകൊണ്ട് യഹോവയ്ക്ക് അവരോട് അനുകമ്പ തോന്നുകയും ആ നഗരം നശിപ്പിക്കേണ്ടാ എന്നു തീരുമാനിക്കുകയും ചെയ്തു.—യോന 3:1, 10; 4:10, 11.
6. യഹോവയുടെ മാതൃക അനുകരിച്ചുകൊണ്ട് യേശു വഴക്കം കാണിച്ചതിനു ചില ഉദാഹരണങ്ങൾ പറയുക.
6 യഹോവയുടെ മാതൃക അനുകരിച്ചുകൊണ്ട് യേശുവും അനുകമ്പ കാണിച്ചു. യേശുവിനെ ഭൂമിയിലേക്ക് അയച്ചത് ‘ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളോടു’ സന്തോഷവാർത്ത അറിയിക്കാനാണ്. പക്ഷേ ആ നിയമനം ചെയ്തപ്പോൾ യേശു വഴക്കം കാണിച്ചു. ഉദാഹരണത്തിന് ഒരിക്കൽ ഇസ്രായേല്യയല്ലാത്ത ഒരു സ്ത്രീ തന്റെ മകൾക്കു “കടുത്ത ഭൂതോപദ്രവം” ഉണ്ടെന്നും അവളെ സുഖപ്പെടുത്തണമെന്നും യേശുവിനോട് അപേക്ഷിച്ചു. അപ്പോൾ ആ സ്ത്രീ ആവശ്യപ്പെട്ടതുപോലെ അനുകമ്പയോടെ അവരുടെ മകളെ സുഖപ്പെടുത്താൻ യേശു തയ്യാറായി. (മത്താ. 15:21-28) ഇനി മറ്റൊരു ഉദാഹരണം നോക്കാം: ‘എന്നെ തള്ളിപ്പറയുന്നവരെ ഞാനും തള്ളിപ്പറയും’ എന്ന് യേശു മുമ്പൊരിക്കൽ പറഞ്ഞിരുന്നതാണ്. (മത്താ. 10:33) പക്ഷേ തന്നെ മൂന്നു തവണ തള്ളിപ്പറഞ്ഞ പത്രോസിനെ യേശു തള്ളിപ്പറഞ്ഞോ? ഇല്ല. തനിക്കു പറ്റിയ തെറ്റിനെക്കുറിച്ച് പത്രോസിന് പശ്ചാത്താപം ഉണ്ടെന്നും അദ്ദേഹം വളരെ വിശ്വസ്തനായ ഒരു മനുഷ്യനാണെന്നും യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് തന്റെ പുനരുത്ഥാനത്തിനു ശേഷം യേശു പത്രോസിനെ നേരിൽ കണ്ടു. (ലൂക്കോ. 24:33, 34) മാത്രമല്ല, അദ്ദേഹത്തോടു ക്ഷമിച്ചെന്നും ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും സർവസാധ്യതയുമനുസരിച്ച് പത്രോസിന് ഉറപ്പുകൊടുത്തിട്ടുമുണ്ടാകണം.
7. ഫിലിപ്പിയർ 4:5-നു ചേർച്ചയിൽ മറ്റുള്ളവർ നമ്മളെ എങ്ങനെയുള്ള ഒരാളായി കാണാനാണു നമ്മൾ ആഗ്രഹിക്കുന്നത്?
7 യഹോവയും യേശുവും വഴക്കം കാണിക്കുന്നവരാണെന്നു നമ്മൾ കണ്ടു. എന്നാൽ നമ്മൾ അങ്ങനെയാണോ? നമ്മൾ വഴക്കമുള്ളവരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്. (ഫിലിപ്പിയർ 4:5-ഉം അടിക്കുറിപ്പും വായിക്കുക.) നമുക്ക് നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ആളുകൾ പൊതുവേ എന്നെ എങ്ങനെയാണു കാണുന്നത്? വഴക്കവും ന്യായബോധവും ഉള്ള ഒരാളായിട്ടാണോ അതോ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത കടുംപിടിത്തക്കാരനായിട്ടാണോ? ഞാൻ ചിന്തിക്കുന്നതുപോലെതന്നെ മറ്റുള്ളവർ എല്ലാ കാര്യങ്ങളും ചെയ്യണമെന്നു ഞാൻ വാശിപിടിക്കാറുണ്ടോ? അതോ മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കുകയും സാധ്യമാകുമ്പോഴൊക്കെ അവരുടെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കുകയും ചെയ്യാറുണ്ടോ?’ നമ്മൾ എത്രയധികം വഴക്കം കാണിക്കുന്നോ അത്രയധികം യഹോവയെയും യേശുവിനെയും അനുകരിക്കുകയായിരിക്കും. വഴക്കം കാണിക്കേണ്ടതു വളരെ പ്രധാനമായിരിക്കുന്ന രണ്ടു സാഹചര്യങ്ങളെക്കുറിച്ച് നോക്കാം: ഒന്ന്, നമ്മുടെ ജീവിതസാഹചര്യങ്ങൾക്കു മാറ്റംവരുമ്പോൾ. രണ്ട്, മറ്റുള്ളവരുടെ ചിന്തകളും തീരുമാനങ്ങളും നമ്മുടേതിൽനിന്ന് വ്യത്യസ്തമായിരിക്കുമ്പോൾ.
സാഹചര്യങ്ങൾക്കു മാറ്റംവരുമ്പോൾ
8. സാഹചര്യങ്ങൾക്കു മാറ്റംവരുമ്പോൾ വഴക്കമുള്ളവരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (അടിക്കുറിപ്പും കാണുക.)
8 ജീവിതസാഹചര്യങ്ങൾക്കു മാറ്റംവരുമ്പോൾ നമ്മൾ വഴക്കം കാണിക്കേണ്ടിവരും. കാരണം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കാം നമ്മുടെ ജീവിതം മാറിമറിയുന്നത്. ഉദാഹരണത്തിന്, ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിച്ചേക്കാം. അല്ലെങ്കിൽ സാമ്പത്തികരംഗത്തോ രാഷ്ട്രീയതലത്തിലോ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില മാറ്റങ്ങൾ നമ്മുടെ ജീവിതം ബുദ്ധിമുട്ടിലാക്കിയേക്കാം. (സഭാ. 9:11; 1 കൊരി. 7:31) ഇനി, നമ്മുടെ നിയമനത്തിൽ വരുന്ന ഒരു മാറ്റംപോലും നമ്മളെ വിഷമിപ്പിച്ചേക്കാം. നമ്മുടെ സാഹചര്യം എന്താണെങ്കിലും ആ മാറ്റവുമായി പൊരുത്തപ്പെടാൻ പിൻവരുന്ന നാലു കാര്യങ്ങൾ നമ്മളെ സഹായിക്കും: (1) നമ്മുടെ സാഹചര്യം മാറിയെന്ന് അംഗീകരിക്കുക. (2) കഴിഞ്ഞതിനെക്കുറിച്ച് ഓർത്ത് വിഷമിക്കാതെ ഇനി എന്തു ചെയ്യാമെന്നു നോക്കുക. (3) ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. (4) മറ്റുള്ളവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യുക. b ഈ നാലു കാര്യങ്ങൾ നമ്മളെ എങ്ങനെ സഹായിക്കുമെന്നു മനസ്സിലാക്കാൻ ചില സഹോദരങ്ങളുടെ ജീവിതാനുഭവങ്ങൾ നോക്കാം.
9. അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾ നേരിട്ടപ്പോൾ അതുമായി പൊരുത്തപ്പെടാൻ ഒരു മിഷനറി ദമ്പതികൾ എന്താണു ചെയ്തത്?
9 സാഹചര്യം മാറിയെന്ന് അംഗീകരിക്കുക. ഇമ്മാനുവലയ്ക്കും ഭാര്യ ഫ്രാൻസിസ്കയ്ക്കും ഒരു വിദേശരാജ്യത്തു മിഷനറിമാരായി നിയമനം കിട്ടി. പുതിയ സ്ഥലത്തു ചെന്ന് ഭാഷ പഠിക്കാനും സഹോദരങ്ങളെ പരിചയപ്പെടാനും ഒക്കെ തുടങ്ങിയപ്പോഴാണു കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നത്. അതോടെ അവർക്കു വീട്ടിൽത്തന്നെ കഴിയേണ്ടിവന്നു. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നു ഫ്രാൻസിസ്കയുടെ അമ്മ മരിച്ചു. അപ്പോൾ വീട്ടുകാരെ കാണാൻ സഹോദരി ഒരുപാട് ആഗ്രഹിച്ചെങ്കിലും മഹാമാരി കാരണം പോകാൻ പറ്റിയില്ല. ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹോദരിയെ എന്താണു സഹായിച്ചത്? ഒന്നാമതായി, ഇമ്മാനുവലയും ഫ്രാൻസിസ്കയും ഒരുമിച്ച് ജ്ഞാനത്തിനായി യഹോവയോടു പ്രാർഥിച്ചു. ആ സാഹചര്യത്തിൽ അധികമൊന്നും ഉത്കണ്ഠപ്പെടാതെ ഓരോ ദിവസത്തെയും കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാൻ സഹായിക്കണേ എന്ന് അപേക്ഷിച്ചു. യഹോവ കൃത്യസമയത്തുതന്നെ തന്റെ സംഘടനയിലൂടെ വേണ്ട സഹായം നൽകിക്കൊണ്ട് അവരുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുത്തു. ഉദാഹരണത്തിന്, ഒരു സഹോദരനുമായി അഭിമുഖം നടത്തുന്നതിന്റെ ഒരു വീഡിയോ അവർക്കു വലിയൊരു പ്രോത്സാഹനമായിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പുതിയ സാഹചര്യവുമായി എത്ര പെട്ടെന്നു പൊരുത്തപ്പെടുന്നോ അത്ര പെട്ടെന്നു നമുക്കു നമ്മുടെ സന്തോഷം തിരിച്ചുകിട്ടും. മാത്രമല്ല, ഈ പുതിയ സാഹചര്യത്തിലും യഹോവയെ സേവിക്കാനും മറ്റുള്ളവരെ സഹായിക്കാനും നമുക്കു കഴിയുകയും ചെയ്യും.” c രണ്ടാമതായി, ടെലിഫോൺ സാക്ഷീകരണത്തിലെ തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ അവർ തീരുമാനിച്ചു. അതിലൂടെ ഒരു ബൈബിൾപഠനം തുടങ്ങാൻപോലും അവർക്കു കഴിഞ്ഞു. മൂന്നാമതായി, അവിടത്തെ സഹോദരങ്ങൾ സ്നേഹത്തോടെ നൽകിയ സഹായം സ്വീകരിക്കാൻ അവർ തയ്യാറായി. അവർ അതിന് ഒരുപാടു നന്ദിയുള്ളവരായിരുന്നു. ഒരു സഹോദരിയാണെങ്കിൽ എല്ലാ ദിവസവും ഒരു ബൈബിൾവാക്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള ചെറിയ ഒരു മെസ്സേജ് അവർക്ക് അയയ്ക്കുമായിരുന്നു. ഒരു വർഷം മുഴുവൻ സഹോദരി അങ്ങനെ ചെയ്തു. നമ്മളും അതുപോലെ, സാഹചര്യങ്ങൾക്കു മാറ്റംവരുമ്പോൾ അത് അംഗീകരിക്കാൻ തയ്യാറാകുന്നെങ്കിൽ ചെയ്യാനാകുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ നമുക്കാകും.
10. ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായപ്പോൾ അതുമായി പൊരുത്തപ്പെടാൻ ഒരു സഹോദരി എന്താണു ചെയ്തത്?
10 മുന്നോട്ട് എന്തു ചെയ്യാമെന്നു നോക്കുക, ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ജപ്പാനിൽ താമസിക്കുന്ന റൊമാനിയക്കാരിയായ ക്രിസ്റ്റീന സഹോദരിയുടെ അനുഭവം നോക്കാം. സഹോദരി പോയിക്കൊണ്ടിരുന്ന ഇംഗ്ലീഷ് സഭ നിറുത്തലാക്കിയപ്പോൾ സഹോദരിക്ക് ആകെ വിഷമമായി. പക്ഷേ കഴിഞ്ഞുപോയതിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കാതെ ഇനി എന്തു ചെയ്യാമെന്നു സഹോദരി ചിന്തിച്ചു. അങ്ങനെ ജാപ്പനീസ് ഭാഷാസഭയോടൊപ്പം ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ട് ആ സഭയിൽ തന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ സഹോദരി തീരുമാനിച്ചു. കൂടാതെ ‘ജാപ്പനീസ് ഭാഷ നന്നായി സംസാരിക്കാൻ പഠിപ്പിക്കാമോ’ എന്ന്, തന്റെകൂടെ മുമ്പ് ജോലി ചെയ്തിരുന്ന ഒരു സ്ത്രീയോടു ചോദിക്കുകയും ചെയ്തു. അപ്പോൾ, ബൈബിളും ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന ലഘുപത്രികയും ഉപയോഗിച്ച് ക്രിസ്റ്റീനയെ ജാപ്പനീസ് ഭാഷ പഠിപ്പിക്കാമെന്ന് ആ സ്ത്രീ സമ്മതിച്ചു. എന്തായിരുന്നു ഫലം? ക്രിസ്റ്റീന ജാപ്പനീസ് ഭാഷ നന്നായി സംസാരിക്കാൻ പഠിച്ചെന്നു മാത്രമല്ല ആ സ്ത്രീ ബൈബിൾസത്യങ്ങളിൽ താത്പര്യം കാണിക്കാൻ തുടങ്ങുകയും ചെയ്തു. അതുകൊണ്ട് കഴിഞ്ഞതിനെക്കുറിച്ച് ഓർത്ത് സങ്കടപ്പെടാതെ ജീവിതത്തിൽ സന്തോഷം തരുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ച് മുന്നോട്ടു പോകുന്നെങ്കിൽ പ്രതീക്ഷിക്കാത്ത അനുഗ്രഹങ്ങളായിരിക്കും നമുക്കു കിട്ടുന്നത്.
11. സാമ്പത്തികബുദ്ധിമുട്ട് ഉണ്ടായപ്പോൾ അതുമായി പൊരുത്തപ്പെടാൻ ഒരു ദമ്പതികൾക്ക് എങ്ങനെയാണു കഴിഞ്ഞത്?
11 മറ്റുള്ളവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യുക. നമ്മുടെ പ്രവർത്തനത്തിനു നിരോധനമുള്ള ഒരു രാജ്യത്ത് താമസിക്കുന്ന ഒരു ദമ്പതികളുടെ അനുഭവം നോക്കാം. ആ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ അവർക്കു സ്ഥിരമായി ഉണ്ടായിരുന്ന വരുമാനം നഷ്ടപ്പെട്ടു. അവർ എങ്ങനെയാണ് അതുമായി പൊരുത്തപ്പെട്ടത്? ഒന്നാമതായി, ചെലവ് ചുരുക്കി ജീവിക്കാൻ അവർ ശ്രമിച്ചു. കൂടാതെ തങ്ങളുടെ പ്രശ്നത്തെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം കഴിയുന്നത്ര ആളുകളോടു സന്തോഷവാർത്ത അറിയിച്ചുകൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നതിൽ ശ്രദ്ധിക്കാൻ അവർ തീരുമാനിച്ചു. (പ്രവൃ. 20:35) അതെക്കുറിച്ച് ഭർത്താവ് പറയുന്നു: “പ്രസംഗപ്രവർത്തനത്തിനുവേണ്ടി കൂടുതൽ സമയം ഉപയോഗിച്ചതുകൊണ്ട് ഞങ്ങളുടെ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കാൻ അധികം സമയം കിട്ടിയില്ല. മാത്രമല്ല, ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനും ഞങ്ങൾക്കു കഴിഞ്ഞു.” അതുകൊണ്ട് സാഹചര്യങ്ങൾക്കു മാറ്റംവരുമ്പോഴും മറ്റുള്ളവരെ സഹായിക്കുന്നത് എത്ര പ്രധാനമാണെന്നു നമ്മൾ ഓർക്കണം, പ്രത്യേകിച്ച് പ്രസംഗപ്രവർത്തനം ചെയ്തുകൊണ്ട്.
12. പ്രസംഗപ്രവർത്തനത്തിൽ വഴക്കം കാണിക്കാൻ അപ്പോസ്തലനായ പൗലോസിന്റെ മാതൃക നമ്മളെ സഹായിക്കുന്നത് എങ്ങനെ?
12 ശുശ്രൂഷയിൽ നമ്മൾ വഴക്കം കാണിക്കേണ്ടതുണ്ട്. കാരണം പലപല മതവിശ്വാസങ്ങളും മനോഭാവങ്ങളും ഉള്ള വ്യത്യസ്തപശ്ചാത്തലങ്ങളിൽപ്പെട്ട ആളുകളെ നമ്മൾ കണ്ടുമുട്ടുന്നു. ഇക്കാര്യത്തിൽ അപ്പോസ്തലനായ പൗലോസിന്റെ മാതൃകയിൽനിന്ന് നമുക്കു പഠിക്കാനാകും. അദ്ദേഹം പ്രസംഗപ്രവർത്തനത്തിൽ വഴക്കം കാണിച്ചു. യേശു പൗലോസിനെ ‘ജനതകളുടെ അപ്പോസ്തലനായാണു’ നിയമിച്ചത്. (റോമ. 11:13) ആ നിയമനത്തിന്റെ ഭാഗമായി പൗലോസ് ജൂതന്മാരോടും ഗ്രീക്കുകാരോടും ഉയർന്ന വിദ്യാഭ്യാസമുള്ളവരോടും വെറും സാധാരണക്കാരോടും അധികാരികളോടും രാജാക്കന്മാരോടും ഒക്കെ പ്രസംഗിച്ചു. താൻ പറയുന്ന കാര്യങ്ങൾ പല പശ്ചാത്തലത്തിൽപ്പെട്ട ആളുകളെ സ്വാധീനിക്കാൻവേണ്ടി അദ്ദേഹം “എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീർന്നു.” (1 കൊരി. 9:19-23) തന്റെ കേൾവിക്കാരുടെ സംസ്കാരവും പശ്ചാത്തലവും വിശ്വാസങ്ങളും എന്തൊക്കെയാണെന്നു നന്നായി ചിന്തിച്ചിട്ട് ഓരോരുത്തർക്കും ആകർഷകമായ രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. നമ്മളും അതുപോലെ ഓരോരുത്തരെയും സഹായിക്കാനുള്ള ഏറ്റവും നല്ല വഴി എന്താണെന്നു നേരത്തേതന്നെ ചിന്തിക്കുകയും കണ്ടുമുട്ടുന്ന ആളുകൾക്കനുസരിച്ചു വഴക്കം കാണിക്കുകയും ചെയ്യുന്നെങ്കിൽ ശുശ്രൂഷയിൽ നല്ല ഫലം കിട്ടും.
മറ്റുള്ളവരുടെ വീക്ഷണങ്ങളെ ആദരിക്കുക
13. മറ്റുള്ളവരുടെ വീക്ഷണങ്ങളെ ആദരിക്കുന്നെങ്കിൽ 1 കൊരിന്ത്യർ 8:9-ൽ പറഞ്ഞിരിക്കുന്ന ഏതു പ്രശ്നം നമുക്ക് ഒഴിവാക്കാം?
13 നമ്മൾ വഴക്കമുള്ളവരാണെങ്കിൽ മറ്റുള്ളവരുടെ വീക്ഷണങ്ങളെ ആദരിക്കാനും തയ്യാറാകും. ഉദാഹരണത്തിന്, ചില സഹോദരിമാർ മേക്കപ്പ് ചെയ്ത് ഒരുങ്ങിനടക്കാൻ ഇഷ്ടമുള്ളവരായിരിക്കും. എന്നാൽ മറ്റു ചിലർക്ക് അതിനോടു തീരെ താത്പര്യം കാണില്ല. ഇനി, ചില ക്രിസ്ത്യാനികൾ മിതമായ അളവിൽ മദ്യം കഴിക്കുന്നവരായിരിക്കാം. പക്ഷേ മറ്റു ചിലർ അതു തൊടുകപോലുമില്ല. നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ആരോഗ്യപരിപാലനത്തിനുവേണ്ടി ഓരോരുത്തരും തിരഞ്ഞെടുക്കുന്ന രീതികൾ പലതായിരിക്കും. നമ്മൾ പറയുന്നതാണ് എപ്പോഴും ശരിയെന്നു ചിന്തിച്ചുകൊണ്ട് എല്ലാവരും അങ്ങനെ ചെയ്യണമെന്നു വാശിപിടിച്ചാൽ അതു പലരെയും ഇടറിവീഴിക്കും, സഭയിൽ ഭിന്നിപ്പ് ഉണ്ടാകുകയും ചെയ്യും. അങ്ങനെ ചെയ്യാൻ നമ്മൾ ഒരിക്കലും ആഗ്രഹിക്കില്ല! (1 കൊരിന്ത്യർ 8:9 വായിക്കുക; 10:23, 24) ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതു സമനിലയോടെ കാര്യങ്ങൾ കാണാനും സഭയിൽ സമാധാനം നിലനിറുത്താനും സഹായിക്കും. അത് എങ്ങനെയാണ് എന്നതിനു രണ്ട് ഉദാഹരണങ്ങൾ നോക്കാം.
14. വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ ഏതു ബൈബിൾതത്ത്വങ്ങൾ നമ്മൾ ഓർക്കണം?
14 വസ്ത്രധാരണവും ചമയവും. എന്തു ധരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ഒരു നിയമം വെക്കുന്നതിനു പകരം ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങളാണ് യഹോവ നമുക്കു തന്നിട്ടുള്ളത്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ വഴക്കം കാണിച്ചുകൊണ്ട് നമുക്ക് യഹോവയെ മഹത്ത്വപ്പെടുത്താം. അതിനുവേണ്ടി നമ്മൾ മാന്യമായി, “സുബോധത്തോടെ” വസ്ത്രം ധരിക്കണം. (1 തിമൊ. 2:9, 10; 1 പത്രോ. 3:3) അങ്ങനെയാകുമ്പോൾ നമ്മൾ നമ്മളിലേക്കുതന്നെ അനാവശ്യമായി ശ്രദ്ധ ആകർഷിക്കില്ല. വസ്ത്രധാരണത്തോടും ഹെയർസ്റ്റൈലിനോടും ബന്ധപ്പെട്ടു സ്വന്തം നിയമങ്ങൾ വെക്കാതിരിക്കാൻ ബൈബിൾതത്ത്വങ്ങൾ മൂപ്പന്മാരെയും സഹായിക്കും. ഉദാഹരണത്തിന്, ഒരു സഭയിലെ മൂപ്പന്മാർ അവിടെയുള്ള ചില ചെറുപ്പക്കാരെ ഇക്കാര്യത്തിൽ സഹായിക്കാൻ ആഗ്രഹിച്ചു. അവിടെ വളരെ പ്രചാരത്തിലിരുന്ന ഒരു ഹെയർസ്റ്റൈലായിരുന്നു അവരുടേത്. മുടിക്കു നീളം കുറവായിരുന്നെങ്കിലും അതു ചീകിയൊതുക്കാതെ നടക്കുന്നതായിരുന്നു അവരുടെ രീതി. ഹെയർസ്റ്റൈലിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഒരു നിയമം വെക്കാതെ ആ മൂപ്പന്മാർക്ക് എങ്ങനെ അവരെ സഹായിക്കാനാകുമായിരുന്നു? ആ ചെറുപ്പക്കാരോട് ഇങ്ങനെ പറയാൻ സർക്കിട്ട് മേൽവിചാരകൻ മൂപ്പന്മാരോടു പറഞ്ഞു: “നിങ്ങൾ സ്റ്റേജിൽനിന്ന് ഒരു പരിപാടി നടത്തുമ്പോൾ നിങ്ങൾ പറയുന്ന കാര്യങ്ങളെക്കാൾ നിങ്ങളുടെ വസ്ത്രധാരണവും ചമയവും ആണ് സഹോദരങ്ങൾ ശ്രദ്ധിക്കുന്നതെങ്കിൽ അതിൽ എന്തോ ഒരു കുഴപ്പമുണ്ടെന്നല്ലേ അതു കാണിക്കുന്നത്?” അതുമാത്രം മതിയായിരുന്നു ആ പ്രശ്നം പരിഹരിക്കാൻ. പ്രത്യേകിച്ചു നിയമം ഒന്നും വെക്കാതെതന്നെ എന്തു ചെയ്യണമെന്ന് ആ ചെറുപ്പക്കാർക്കു മനസ്സിലായി. d
15. ആരോഗ്യപരിപാലനത്തോടു ബന്ധപ്പെട്ട് ശരിയായ തീരുമാനമെടുക്കാൻ ഏതു ബൈബിൾനിയമങ്ങളും തത്ത്വങ്ങളും നമ്മളെ സഹായിക്കും? (റോമർ 14:5)
15 ആരോഗ്യപരിപാലനം. സ്വന്തം ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് ഓരോരുത്തരുമാണു തീരുമാനിക്കേണ്ടത്. (ഗലാ. 6:5) ചികിത്സയോടു ബന്ധപ്പെട്ട് ഒരു ക്രിസ്ത്യാനി തീരുമാനമെടുക്കുമ്പോൾ രക്തവും ഭൂതവിദ്യയും ഒഴിവാക്കാനുള്ള ബൈബിൾനിയമം അനുസരിക്കണം. (പ്രവൃ. 15:20; ഗലാ. 5:19, 20) ഇവ ഒഴികെയുള്ള കാര്യങ്ങളിൽ ഓരോരുത്തർക്കും സ്വന്തം ഇഷ്ടമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്. ആരോഗ്യപരിപാലനത്തിനുവേണ്ടി ഓരോരുത്തരും വ്യത്യസ്തചികിത്സാരീതികൾ തിരഞ്ഞെടുത്തേക്കാം. ഏതെങ്കിലും ഒരു ചികിത്സാരീതിയോടു നമുക്കു ചിലപ്പോൾ കൂടുതൽ ഇഷ്ടമുണ്ടായിരിക്കാം. പക്ഷേ വേറൊരാൾ മറ്റൊരു ചികിത്സാരീതിയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അവർക്ക് അതു തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നു നമ്മൾ അംഗീകരിക്കണം. അതുകൊണ്ട് ഇതിനോടുള്ള ബന്ധത്തിൽ പിൻവരുന്ന നാലു കാര്യങ്ങൾ നമുക്കു മനസ്സിൽപ്പിടിക്കാം: (1) ദൈവരാജ്യത്തിലൂടെ മാത്രമേ നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ പൂർണമായും എന്നേക്കുമായും മാറുകയുള്ളൂ. (യശ. 33:24) (2) ചികിത്സയുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ തനിക്ക് ഏറ്റവും നല്ലത് എന്താണെന്ന് ഓരോ വ്യക്തിക്കും ‘പൂർണബോധ്യമുണ്ടായിരിക്കണം.’ (റോമർ 14:5 വായിക്കുക.) (3) നമ്മൾ മറ്റുള്ളവരെ വിധിക്കുകയോ ആരെങ്കിലും ഇടറിവീഴാൻ ഇടയാക്കുകയോ അരുത്. (റോമ. 14:13) (4) നമ്മൾ എല്ലാവരെയും സ്നേഹിക്കുകയും നമ്മുടെ ഇഷ്ടത്തെക്കാൾ സഭയുടെ ഐക്യമാണു കൂടുതൽ പ്രധാനമെന്ന് ഓർക്കുകയും വേണം. (റോമ. 14:15, 19, 20) ഇതൊക്കെ മനസ്സിൽപ്പിടിച്ചുകൊണ്ട് പ്രവർത്തിക്കുകയാണെങ്കിൽ സഹോദരങ്ങളുമായി നല്ല ബന്ധത്തിലായിരിക്കാനും സഭയിൽ സമാധാനം നിലനിറുത്താനും നമുക്കാകും.
16. മറ്റു മൂപ്പന്മാരോടുള്ള ഇടപെടലിൽ ഒരു മൂപ്പന് എങ്ങനെ വഴക്കം കാണിക്കാനാകും? (ചിത്രങ്ങളും കാണുക.)
16 വഴക്കം കാണിക്കുന്ന കാര്യത്തിൽ മൂപ്പന്മാർ നല്ലൊരു മാതൃകയായിരിക്കണം. (1 തിമൊ. 3:2, 3) ഉദാഹരണത്തിന് തനിക്ക് അനുഭവപരിചയം കൂടുതലുള്ളതുകൊണ്ട് തന്റെ അഭിപ്രായം മറ്റു മൂപ്പന്മാർ എപ്പോഴും സ്വീകരിക്കണമെന്ന് ഒരു മൂപ്പൻ ചിന്തിക്കരുത്. ശരിയായ തീരുമാനമെടുക്കാൻ സഹായിക്കുന്ന ഒരു അഭിപ്രായം പറയാൻ മൂപ്പന്മാരുടെ സംഘത്തിലെ ആരെ വേണമെങ്കിലും ദൈവാത്മാവിനു നയിക്കാനാകുമെന്ന് അദ്ദേഹം തിരിച്ചറിയണം. മൂപ്പന്മാരുടെ സംഘത്തിന് ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ ബൈബിൾതത്ത്വങ്ങളുടെ ലംഘനമൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിൽ വഴക്കമുള്ള മൂപ്പന്മാർ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തോട് മനസ്സോടെ യോജിക്കും, ഒരുപക്ഷേ അതു സംബന്ധിച്ച തങ്ങളുടെ അഭിപ്രായം മറ്റൊന്നാണെങ്കിൽപ്പോലും.
വഴക്കം കാണിക്കുന്നതിന്റെ പ്രയോജനങ്ങൾ
17. വഴക്കം കാണിക്കുന്നതിലൂടെ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കിട്ടും?
17 വഴക്കം കാണിക്കുന്നതിലൂടെ നമുക്ക് ഒരുപാട് അനുഗ്രഹങ്ങളാണു കിട്ടുന്നത്. സഹോദരങ്ങളുമായി നല്ല സ്നേഹബന്ധത്തിലായിരിക്കാനും സഭയിൽ സമാധാനം നിലനിറുത്താനും കഴിയുന്നു. പല സംസ്കാരത്തിൽനിന്നുള്ള വ്യത്യസ്തസ്വഭാവക്കാരായ സഹോദരങ്ങളോടൊപ്പം ഐക്യത്തിൽ യഹോവയെ സേവിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കാനാകുന്നു. ഏറ്റവും പ്രധാനമായി, വഴക്കം കാണിക്കുന്ന ദൈവമായ യഹോവയെ അനുകരിക്കുന്നതിന്റെ സംതൃപ്തിയും നമുക്കുണ്ട്.
ഗീതം 90 പരസ്പരം പ്രോത്സാഹിപ്പിക്കുക
a യഹോവയും യേശുവും വഴക്കമുള്ളവരാണ്. നമുക്കും അതേ ഗുണമുണ്ടായിരിക്കാൻ അവർ പ്രതീക്ഷിക്കുന്നു. നമ്മൾ വഴക്കമുള്ളവരാണെങ്കിൽ ആരോഗ്യപ്രശ്നമോ സാമ്പത്തിക ബുദ്ധിമുട്ടോ പോലെ ജീവിതത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ നമുക്ക് എളുപ്പമായിരിക്കും. ഇനി, സഭയിൽ സമാധാനവും ഐക്യവും നിലനിറുത്തുന്നതിനു സഹായിക്കാനും നമുക്കാകും.
b 2016 നമ്പർ 4 ഉണരുക!-യിലെ “മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ” എന്ന ലേഖനം കാണുക.
c ഈ വീഡിയോ കാണാൻ jw.org-ലെ തിരയുക എന്ന ഭാഗത്ത് “ഡിമിട്രി മെഹിലെഫുമായുള്ള അഭിമുഖം” എന്നു ടൈപ്പു ചെയ്യുക.
d വസ്ത്രധാരണത്തെയും ചമയത്തെയും കുറിച്ചുള്ള കൂടുതലായ വിവരങ്ങൾക്കു ജീവിതം ആസ്വദിക്കാം എന്നേക്കും! എന്ന പുസ്തകത്തിന്റെ 52-ാം പാഠം കാണുക.