ജീവിതകഥ
സ്നേഹം കാണിക്കുന്നതു നിലനിൽക്കുന്ന അനുഗ്രഹങ്ങൾ നേടിത്തരുന്നു
“ആംഗ്ലിക്കൻ സഭ പഠിപ്പിക്കുന്നതൊന്നും സത്യമല്ല. അതുകൊണ്ട് സത്യം കണ്ടെത്താൻ ശ്രമിക്കുക.” ആംഗ്ലിക്കൻ മതവിശ്വാസിയായ എന്റെ വല്യമ്മച്ചി ഇതു പറഞ്ഞതോടെ ഏതായിരിക്കും സത്യമതമെന്ന് എന്റെ അമ്മ അന്വേഷിക്കാൻതുടങ്ങി. പക്ഷേ, യഹോവയുടെ സാക്ഷികളോടു സംസാരിക്കാൻ അമ്മയ്ക്കു താത്പര്യമില്ലായിരുന്നു. അതുകൊണ്ട് കാനഡയിലെ ടൊറന്റോയിലുള്ള ഞങ്ങളുടെ വീട്ടിൽ സാക്ഷികൾ വന്നപ്പോൾ അവർ കാണാതെ ഒളിച്ചിരിക്കാൻ അമ്മ എന്നോടു പറഞ്ഞു. എന്നാൽ, 1950-ൽ സാക്ഷികളോടൊപ്പം അമ്മയുടെ അനിയത്തി ബൈബിൾ പഠിക്കാൻതുടങ്ങിയപ്പോൾ അമ്മയും ആ കൂട്ടത്തിൽ ചേർന്നു. ആന്റിയുടെ വീട്ടിൽ വെച്ചാണ് അവർ പഠിച്ചത്. അങ്ങനെ രണ്ടു പേരും സ്നാനപ്പെട്ടു.
കാനഡയിലുള്ള ഒരു ക്രൈസ്തവമതത്തിലെ മൂപ്പനായിരുന്നു എന്റെ ഡാഡി. അതുകൊണ്ട് എല്ലാ ആഴ്ചയും എന്നെയും പെങ്ങളെയും ഡാഡി വേദപാഠ ക്ലാസിനു വിടുമായിരുന്നു. അതു കഴിഞ്ഞ് രാവിലെ 11 മണിക്കു പള്ളിയിൽ പോയി ആരാധന കൂടും. എന്നിട്ട് ഉച്ച കഴിഞ്ഞ് അമ്മയുടെകൂടെ രാജ്യഹാളിലും പോകുമായിരുന്നു. അതുകൊണ്ട് രണ്ടു മതങ്ങളും തമ്മിലുള്ള വ്യത്യാസം ഞങ്ങൾക്കു ശരിക്കും മനസ്സിലായി.
എന്റെ അമ്മയുടെ വർഷങ്ങളായുള്ള നല്ല സുഹൃത്തുക്കളായിരുന്നു ബോബ് ഹച്ചെസണും ഭാര്യ മരിയനും. താൻ പഠിച്ച ബൈബിൾസത്യങ്ങളെക്കുറിച്ച് അമ്മ അവരോടു സംസാരിച്ചു. അങ്ങനെ അവരും സാക്ഷികളായിത്തീർന്നു. 1958-ൽ ന്യൂയോർക്ക് സിറ്റിയിൽവെച്ച് നടന്ന എട്ടു ദിവസത്തെ ദിവ്യഹിത അന്താരാഷ്ട്ര സമ്മേളനത്തിനു പോയപ്പോൾ ബോബ് സഹോദരനും സഹോദരിയും അവരുടെ മൂന്ന് ആൺമക്കളോടൊപ്പം എന്നെയും കൊണ്ടുപോയി. ഇപ്പോൾ തിരിഞ്ഞ് ചിന്തിക്കുമ്പോഴാണു മനസ്സിലാകുന്നത്, അന്ന് എത്ര ശ്രമം ചെയ്തിട്ടായിരിക്കും എന്നെയും അവർ കൂടെ കൊണ്ടുപോയതെന്ന്. ആ സമ്മേളനം എനിക്കു ജീവിതത്തിൽ മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു.
ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ സഹോദരങ്ങൾ എന്നെ സഹായിച്ചു
എന്റെ ചെറുപ്പകാലത്ത് ഞങ്ങൾ പശു, ആട്, കോഴി, പന്നി എന്നിവയെയൊക്കെ വളർത്തിയിരുന്നു. അതുകൊണ്ടുതന്നെ മൃഗങ്ങളോട് എനിക്ക് ഒരു പ്രത്യേകസ്നേഹമായിരുന്നു. ഒരു മൃഗഡോക്ടറാകാനും ഞാൻ ആഗ്രഹിച്ചു. ഇക്കാര്യം അമ്മ സഭയിലെ ഒരു മൂപ്പനോടു പറഞ്ഞു. അപ്പോൾ ആ മൂപ്പൻ, നമ്മൾ ജീവിക്കുന്നത് ‘അവസാനകാലത്താണെന്നും’ കുറെ വർഷം കോളേജിൽ പോയി പഠിക്കുന്നത് യഹോവയുമായുള്ള ബന്ധത്തെ എങ്ങനെ ബാധിച്ചേക്കാമെന്നും സ്നേഹത്തോടെ എന്നെ ഓർമിപ്പിച്ചു. (2 തിമൊ. 3:1) അങ്ങനെ ഞാൻ എന്റെ ആഗ്രഹം വേണ്ടെന്നുവെച്ചു.
സ്കൂൾവിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഇനി എന്തു ചെയ്യണമെന്ന ചിന്തയിലായിരുന്നു ഞാൻ. കാര്യം, എല്ലാ വാരാന്തങ്ങളിലും ഞാൻ സേവനത്തിനു പോയിരുന്നെങ്കിലും എനിക്കു ശുശ്രൂഷ അത്ര ഇഷ്ടമില്ലായിരുന്നു. ഒരു മുൻനിരസേവകനാകുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാൻപോലും കഴിഞ്ഞില്ല. അപ്പോഴാണു വിശ്വാസത്തിലില്ലാത്ത എന്റെ ഡാഡിയും അങ്കിളും ടൊറന്റോയിലെ ഒരു വലിയ ഇൻഷ്വറൻസ് കമ്പനിയിൽ ജോലി ചെയ്യാൻ എന്നോടു പറഞ്ഞത്. എന്റെ അങ്കിൾ ആ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനായിരുന്നു. അങ്ങനെ ആ ജോലി ഞാൻ സ്വീകരിച്ചു.
പക്ഷേ, എന്റെ ജോലിക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. മിക്കപ്പോഴും ഓവർടൈം ചെയ്യണം. സാക്ഷികളല്ലാത്ത ആളുകളുടെകൂടെ ഞാൻ കൂടുതൽ സമയം ചെലവഴിക്കാനും തുടങ്ങി. അങ്ങനെ, പതിവായി മീറ്റിങ്ങിനു പോകാനും പ്രസംഗപ്രവർത്തനം ചെയ്യാനും എനിക്കു കഴിയാതെവന്നു. ഞാൻ ആ സമയത്ത് സാക്ഷിയല്ലാത്ത എന്റെ വല്ല്യപ്പച്ചന്റെകൂടെയാണു താമസിച്ചിരുന്നത്. പക്ഷേ, അദ്ദേഹം മരിച്ചതോടെ താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തേണ്ടിവന്നു.
1958-ലെ കൺവെൻഷനു കൂട്ടിക്കൊണ്ട് പോയ ബോബ് സഹോദരനും സഹോദരിയും എനിക്കു സ്വന്തം അപ്പനെയും അമ്മയെയും പോലെയായിരുന്നു. അവരുടെ വീട്ടിൽ താമസിക്കാമെന്ന് അവർ എന്നോടു പറഞ്ഞു. ആത്മീയമായി വളരാനും അവർ എന്നെ സഹായിച്ചു. 1960-ൽ അവരുടെ മകൻ ജോണിനോടൊപ്പം ഞാനും സ്നാനമേറ്റു. ജോൺ മുൻനിരസേവനം ആരംഭിച്ചു. അതോടെ ഞാനും ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻതുടങ്ങി. എന്റെ പുരോഗതി സഭയിലെ സഹോദരന്മാർ ശ്രദ്ധിച്ചു. അങ്ങനെ അവർ എന്നെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ ദാസനായി നിയമിച്ചു. a
ഒരു ഇണയെ കിട്ടി, മുൻനിരസേവനവും തുടങ്ങി
1966-ൽ റാൻഡി ബെർഗ് എന്ന മുൻനിരസേവികയെ ഞാൻ വിവാഹം കഴിച്ചു. ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ വലിയ ആഗ്രഹമായിരുന്നു അവൾക്ക്. സഞ്ചാര മേൽവിചാരകൻ ഞങ്ങളുടെ കാര്യത്തിൽ ഒരു പ്രത്യേകതാത്പര്യമെടുത്തു. അദ്ദേഹം ഞങ്ങളോട് ഒണ്ടേറിയോയിലെ ഒറീലിയ സഭയിൽ സേവിക്കാമോ എന്നു ചോദിച്ചു. അപ്പോൾത്തന്നെ ഞങ്ങൾ അങ്ങോട്ടു താമസം മാറി.
ഒറീലിയയിൽ എത്തിയ ഉടനെ ഞാനും സാധാരണ മുൻനിരസേവനം തുടങ്ങി. കാരണം, ശുശ്രൂഷയിലെ റാൻഡിയുടെ ഉത്സാഹം എന്നെയും ഒരുപാടു സ്വാധീനിച്ചിരുന്നു. ആത്മാർഥമായി മുൻനിരസേവനം ചെയ്യാൻ തുടങ്ങിയതോടെയാണു ബൈബിൾ ഉപയോഗിച്ച് ആളുകളിലേക്കു സത്യം എത്തിക്കുന്നതിന്റെ ആ സന്തോഷം ഞാൻ ശരിക്കും രുചിച്ചറിഞ്ഞത്. ജീവിതത്തിനു മാറ്റം വരുത്താനും യഹോവയുടെ ദാസരായിത്തീരാനും ഒറീലിയയിലുള്ള ഒരു ദമ്പതികളെ സഹായിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
പുതിയ ഭാഷ പഠിച്ചു, ചിന്താരീതിക്കും മാറ്റം വരുത്തി
ഒരിക്കൽ ടൊറന്റോയിൽ പോയപ്പോൾ ബഥേലിൽ വലിയ ഉത്തരവാദിത്വങ്ങളുള്ള അർനോൾഡ് മക്നമാരാ സഹോദരനെ കാണാനിടയായി. അദ്ദേഹം ഞങ്ങളോടു പ്രത്യേക മുൻനിരസേവനം ചെയ്യാൻ ഇഷ്ടമാണോ എന്നു ചോദിച്ചു. ഉടനെ ഞാൻ പറഞ്ഞു: “പിന്നെന്താ, ക്യുബെക്കിൽ ഒഴികെ എവിടെ വേണമെങ്കിലും പൊയ്ക്കൊള്ളാം.” അങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ആ സമയത്ത് ക്യുബെക്ക് സംസ്ഥാനക്കാർ കാനഡയുടെ ബാക്കി ഭാഗത്തുനിന്ന് സ്വാതന്ത്ര്യം നേടാൻ ആഗ്രഹിച്ചുകൊണ്ട് ഗവൺമെന്റിന് എതിരെ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ, കാനഡയിലെ ഇംഗ്ലീഷ് ഭാഷക്കാർക്കു ക്യുബെക്ക് സംസ്ഥാനത്തിലെ ഫ്രഞ്ച് ഭാഷക്കാരോടു പൊതുവേ ഒരു ഇഷ്ടക്കേടുണ്ടായിരുന്നു. അതു കുറെയൊക്കെ എന്നെയും സ്വാധീനിച്ചു.
അപ്പോൾ മക്നമാരാ സഹോദരൻ പറഞ്ഞു “ഈ സമയത്ത് ബ്രാഞ്ചോഫീസ് ക്യുബെക്കിലേക്കു മാത്രമേ പ്രത്യേക മുൻനിരസേവകരെ അയയ്ക്കുന്നുള്ളൂ.” അതു കേട്ടപ്പോൾ പോകാമെന്നു ഞാൻ സമ്മതിച്ചു. അവിടെ പോയി പ്രവർത്തിക്കുക എന്നതു റാൻഡിയുടെ വലിയൊരു ആഗ്രഹമാണെന്ന് എനിക്ക് അറിയാമായിരുന്നു. ആ തീരുമാനം ഞങ്ങൾ ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നെന്നു പിന്നീടു തിരിച്ചറിഞ്ഞു.
അഞ്ച് ആഴ്ചത്തെ ഫ്രഞ്ച് ഭാഷാപഠനത്തിനു ശേഷം റാൻഡിയെയും എന്നെയും മറ്റൊരു ദമ്പതികളോടൊപ്പം റിമോസ്കി എന്ന ഒരു സ്ഥലത്തേക്ക് അയച്ചു. മോൺട്രിയലിൽനിന്ന് ഏകദേശം 540 കിലോമീറ്റർ വടക്കുകിഴക്കായിരുന്നു ആ സ്ഥലം. ഫ്രഞ്ച് ഭാഷ ഞങ്ങൾക്ക് പിന്നെയും ഒരുപാടു പഠിക്കാനുണ്ടായിരുന്നു. അതിന്റെ തെളിവാണു മീറ്റിങ്ങിനു ഞാൻ ഒരു അറിയിപ്പു വായിച്ചപ്പോഴുണ്ടായ ഒരു സംഭവം. കൺവെൻഷന് “ഓസ്ട്രിയയിൽനിന്ന് കുറെ പ്രതിനിധികൾ” വരുമെന്നാണു വായിക്കേണ്ടിയിരുന്നത്. പക്ഷേ, ഞാൻ വായിച്ചപ്പോൾ “ഓസ്ട്രിയ” എന്നതിനു പകരം അതിനോടു സാമ്യമുള്ള മറ്റൊരു വാക്കായിപ്പോയി. അപ്പോൾ അതിന്റെ അർഥം “കുറെ ഒട്ടകപ്പക്ഷികൾ” കൺവെൻഷനു വരും എന്നായി.
റിമോസ്കിയിൽ ഞങ്ങളുടെ നാലു പേരുടെകൂടെ പ്രവർത്തിക്കാൻ ഏകാകിനികളായ നാലു സഹോദരിമാരും ഹ്യുബർഡോ സഹോദരനും കുടുംബവും എത്തി. ആ സഹോദരനുമുണ്ടായിരുന്നു രണ്ടു പെൺമക്കൾ. ഹ്യുബർഡോ സഹോദരൻ ഏഴു ബെഡ്റൂമുള്ള വലിയ ഒരു വീട് വാടകയ്ക്കെടുത്തു. അതിന്റെ വാടക അവിടെ താമസിച്ചിരുന്ന മുൻനിരസേവകർ എല്ലാവരുംകൂടെയാണു കൊടുത്തിരുന്നത്. സാധാരണ 12-ഓ 14-ഓ പേരാണ് അവിടെ താമസിച്ചിരുന്നത്. പ്രത്യേക മുൻനിരസേവകരായിരുന്ന റാൻഡിയും ഞാനും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഒക്കെ സേവനത്തിനു പോകുമായിരുന്നു. ഇത്രയും മുൻനിരസേവകർ അവിടെയുണ്ടായിരുന്നതുകൊണ്ട് പ്രസംഗപ്രവർത്തനത്തിനു പോകാൻ എപ്പോഴും കൂട്ടുണ്ടായിരുന്നു, ശൈത്യകാലത്തെ നല്ല തണുപ്പുള്ള വൈകുന്നേരങ്ങളിൽപ്പോലും.
വിശ്വസ്തരായ ആ മുൻനിരസേവകരും ഞങ്ങളും നല്ല കൂട്ടായി. ശരിക്കും പറഞ്ഞാൽ അവർ ഞങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയായി. ഇടയ്ക്കൊക്കെ ഞങ്ങൾ എല്ലാവരും ഒരുമിച്ച് തീ കായുകയും ഭക്ഷണമുണ്ടാക്കുകയും ഒക്കെ ചെയ്തിരുന്നു. അതിൽ ഒരു സഹോദരൻ സംഗീതോപകരണം നന്നായി വായിക്കുന്ന ആളായിരുന്നു. അതുകൊണ്ട് മിക്കപ്പോഴും ശനിയാഴ്ച വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പാട്ടു പാടുകയും ഡാൻസ് കളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
റിമോസ്കിയിൽ ഒരുപാടു പേർ ബൈബിൾ പഠിക്കാൻ തയ്യാറായി. അഞ്ചു വർഷംകൊണ്ട് പല ബൈബിൾ വിദ്യാർഥികളും നന്നായി പുരോഗമിച്ച് സ്നാനമേറ്റു. സഭയിലെ പ്രചാരകരുടെ എണ്ണം ഏതാണ്ട് 35 ആയി വർധിച്ചു. ഇതൊക്കെ കണ്ടപ്പോൾ ഞങ്ങൾക്ക് ഒത്തിരി സന്തോഷമായി.
ക്യുബെക്കിൽവെച്ച് പ്രസംഗപ്രവർത്തനത്തിൽ ഞങ്ങൾക്കു നല്ല പരിശീലനം കിട്ടി. യഹോവ ഞങ്ങളുടെ ശുശ്രൂഷയെ അനുഗ്രഹിക്കുന്നതും ആവശ്യങ്ങൾ നടത്തിത്തരുന്നതും ഞങ്ങൾ ശരിക്കും അനുഭവിച്ചറിഞ്ഞു. കൂടാതെ, ഞങ്ങൾ ഫ്രഞ്ച് സംസാരിക്കുന്ന ആളുകളെയും അവരുടെ ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കാനും തുടങ്ങി. അതോടെ പല സംസ്കാരങ്ങളിൽനിന്നുള്ള ആളുകളെ സ്നേഹിക്കാൻ ഞങ്ങൾ പഠിച്ചു.—2 കൊരി. 6:13.
എന്നാൽ പെട്ടെന്നാണു ബ്രാഞ്ചോഫീസ് ഞങ്ങളോടു കാനഡയിലെ കിഴക്കൻ തീരത്തുള്ള ന്യൂ ബ്രൺസ്വികിലെ ട്രക്കഡി എന്ന പട്ടണത്തിലേക്കു മാറാൻ ആവശ്യപ്പെട്ടത്. ഈ മാറ്റം ഞങ്ങൾക്ക് അത്ര എളുപ്പമായിരുന്നില്ല. കാരണം, ഞങ്ങൾ ഒരു പുതിയ വീടു വാടകയ്ക്ക് എടുത്തിട്ട് അധികമായിരുന്നില്ല. കൂടാതെ ആഴ്ചയിൽ ഏതാനും മണക്കൂർ ഒരു സ്കൂളിൽ പഠിപ്പിക്കാമെന്നും ഞാൻ സമ്മതിച്ചിരുന്നു. ഇനി, ഞങ്ങളുടെ ബൈബിൾവിദ്യാർഥികൾ പ്രചാരകരായതേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ഞങ്ങളുടെ രാജ്യഹാൾപണി പാതിവഴിയിൽ എത്തിനിൽക്കുകയുമായിരുന്നു.
ഈ മാറ്റത്തെക്കുറിച്ച് ഞാൻ ഒരു വാരാന്തം മുഴുവൻ പ്രാർഥിക്കുകയും അവിടം പോയി കാണുകയും ചെയ്തു. റിമോസ്കിയിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു ആ സ്ഥലം. മലാ. 3:10) എപ്പോഴത്തെയുംപോലെ റാൻഡിക്ക് യഹോവയുമായുണ്ടായിരുന്ന ശക്തമായ ബന്ധവും ത്യാഗം ചെയ്യാനുള്ള മനസ്സും നർമബോധവും ഒക്കെ ആ മാറ്റം എളുപ്പമാക്കി.
എന്തായാലും ഞങ്ങൾ അങ്ങോട്ടു പോകാനാണ് യഹോവ ആഗ്രഹിക്കുന്നതെങ്കിൽ പോകുകതന്നെ ചെയ്യും എന്നു തീരുമാനിച്ചു. ഞങ്ങൾ യഹോവയെ പരീക്ഷിച്ചുനോക്കി. അങ്ങനെ യഹോവ തടസ്സങ്ങൾ ഓരോന്നായി നീക്കുന്നതു ഞങ്ങൾ കണ്ടറിഞ്ഞു. (ഞങ്ങളുടെ പുതിയ സഭയിൽ റോബർട്ട് റോസ് എന്ന ഒരു മൂപ്പനേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹവും ഭാര്യ ലിൻഡയും അവിടെ കുറെക്കാലം മുൻനിരസേവനം ചെയ്തവരാണ്. ഒരു കുഞ്ഞു ജനിച്ചതിനു ശേഷവും അവിടെത്തന്നെ തുടരാൻ അവർ തീരുമാനിക്കുകയായിരുന്നു. ഒരു കുഞ്ഞിനെ നോക്കേണ്ട വലിയ ഉത്തരവാദിത്വമുണ്ടായിരുന്നെങ്കിലും അവർ ഞങ്ങളെ വീട്ടിലേക്കു വിളിക്കുകയും പ്രസംഗപ്രവർത്തനത്തിൽ ഉത്സാഹത്തോടെ ഉൾപ്പെടുകയും ചെയ്തുകൊണ്ട് ഞങ്ങളെ ശരിക്കും പ്രോത്സാഹിപ്പിച്ചു.
സഹായം ആവശ്യമായ എവിടെയും പ്രവർത്തിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
ട്രക്കഡിയിൽ രണ്ടു വർഷം മുൻനിരസേവനം ചെയ്തുകഴിഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ മറ്റൊരു നിയമനം ഞങ്ങൾക്കു കിട്ടി, സഞ്ചാരവേല. ഏഴു വർഷം ഞങ്ങൾ ഇംഗ്ലീഷ് സർക്കിട്ടുകളിലാണു സേവിച്ചത്. അതു കഴിഞ്ഞ് ഞങ്ങളെ വീണ്ടും ക്യുബെക്കിലുള്ള ഫ്രഞ്ച് സർക്കിട്ടിലേക്കു നിയമിച്ചു. ക്യുബെക്കിൽ ഞങ്ങളുടെ ഡിസ്ട്രിക്റ്റ് മേൽവിചാരകനായിരുന്ന ലാവോൺസ് ക്രാപോ സഹോദരൻ ഞാൻ പ്രസംഗം നടത്തുന്ന രീതിയെ എപ്പോഴും അഭിനന്ദിക്കുമായിരുന്നു. പക്ഷേ, കുറച്ച് കഴിയുമ്പോൾ സഹോദരൻ ചോദിക്കും: “ഇക്കാര്യം സഹോദരങ്ങൾക്കു ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന രീതിയിൽ കുറച്ചുകൂടെ നന്നായിട്ട് എങ്ങനെ പറയാൻ കഴിയും?” b അദ്ദേഹം ഇങ്ങനെയൊക്കെ എന്നെ സഹായിച്ചിരുന്നതുകൊണ്ട് ആളുകൾക്കു പെട്ടെന്നു മനസ്സിലാകുന്ന വിധത്തിൽ ലളിതമായി കാര്യങ്ങൾ വിശദീകരിക്കാൻ ഞാൻ പഠിച്ചു.
എനിക്കു കിട്ടിയ നിയമനങ്ങളിൽ ഏറ്റവും മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്ന് 1978-ൽ മോൺട്രിയലിൽ നടന്ന “വിജയപ്രദ വിശ്വാസ” സാർവദേശീയ കൺവെൻഷന്റെ നിയമനമാണ്. ഭക്ഷണശാലയിലായിരുന്നു എനിക്കു ജോലി. ഏകദേശം 80,000 പേരെയാണു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. അന്ന് ഒരു പുതിയ രീതി പരീക്ഷിക്കാനായിരുന്നു തീരുമാനം. ഉപകരണങ്ങളും കൊടുക്കുന്ന ഭക്ഷണവും അതു പാകം ചെയ്യുന്ന രീതിയും എല്ലാം പുതിയതായിരുന്നു. ഇത്രയും പേർക്കുള്ള ആഹാരം കേടാകാതെ തണുപ്പിച്ച് സൂക്ഷിക്കാൻ ഏതാണ്ട് 20 വലിയ റഫ്രിജറേറ്ററുകളാണു ഞങ്ങൾക്കുണ്ടായിരുന്നത്. അവയിൽ പലതും ഇടയ്ക്കിടെ പണിമുടക്കുകയും ചെയ്യുമായിരുന്നു. ഇനി, കൺവെൻഷന്റെ തലേ ദിവസം ആ സ്റ്റേഡിയത്തിൽ ഒരു സ്പോർട്സ് പരിപാടി നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പിറ്റേന്നത്തേക്കുള്ള ഒരുക്കങ്ങളൊക്കെ ചെയ്തുവെക്കാൻവേണ്ടി പാതിരാത്രി കഴിഞ്ഞാണു ഞങ്ങൾക്ക് അകത്തേക്കു കടക്കാൻ പറ്റിയത്. അതുപോലെ അതിരാവിലെതന്നെ അവ്ൻ പ്രവർത്തിപ്പിച്ച് തുടങ്ങിയാലേ രാവിലത്തെ ഭക്ഷണം സമയത്ത് ഉണ്ടാക്കാൻ കഴിയുമായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്കു നല്ല ക്ഷീണമുണ്ടായിരുന്നെങ്കിലും കൂടെ ജോലി ചെയ്ത സഹോദരങ്ങളുടെ കഠിനാധ്വാനം, പക്വത, നർമബോധം എന്നിവയിൽനിന്ന് ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചു. അവിടെ പ്രവർത്തിച്ച സഹോദരങ്ങളുമായി ഞങ്ങൾ നല്ല സ്നേഹബന്ധത്തിലായി. ആ സ്നേഹം ഇന്നുവരെ തുടരുകയും ചെയ്യുന്നു. ക്യുബെക്കിൽ ചരിത്രപ്രധാനമായ ഈ
കൺവെൻഷൻ നടന്നതിൽ ഞങ്ങൾക്ക് ഒരുപാടു സന്തോഷം തോന്നി. കാരണം, 1940-കളിലും 1950-കളിലും നമ്മുടെ സഹോദരങ്ങൾക്ക് ഒരുപാട് ഉപദ്രവങ്ങൾ നേരിട്ട ഒരു സ്ഥലമായിരുന്നു അത്.മോൺട്രിയലിൽനടന്ന വലിയ കൺവെൻഷനുകളുടെ സമയത്ത് കൂടെ പ്രവർത്തിച്ച ഓവർസിയർമാരിൽനിന്ന് ഒത്തിരി കാര്യങ്ങൾ എനിക്കു പഠിക്കാനായി. ഇപ്പോൾ ഭരണസംഘാംഗമായി പ്രവർത്തിക്കുന്ന ഡേവിഡ് സ്പ്ലെയ്ൻ സഹോദരനായിരുന്നു ഒരു വർഷം കൺവെൻഷൻ ഓവർസിയർ. പിന്നീടു നടന്ന ഒരു കൺവെൻഷനിൽ ആ ഉത്തരവാദിത്വം എനിക്കായിരുന്നു. ആ നിയമനം നന്നായി ചെയ്യാൻ ഡേവിഡ് സഹോദരൻ എന്നെ എല്ലാ തരത്തിലും സഹായിച്ചു.
36 വർഷം സഞ്ചാരവേല ചെയ്തതിനു ശേഷം 2011-ൽ എന്നെ സഭാമൂപ്പന്മാർക്കുള്ള സ്കൂളിലെ അധ്യാപകനായി നിയമിച്ചു. വെറും രണ്ടു വർഷംകൊണ്ട് ഞങ്ങൾക്ക് 75 വ്യത്യസ്തസ്ഥലങ്ങളിൽ താമസിക്കേണ്ടിവന്നു. പക്ഷേ, അതിനുവേണ്ടി ഞങ്ങൾ ചെയ്ത ത്യാഗം തക്ക മൂല്യമുള്ളതായിരുന്നു. കാരണം, ഓരോ വാരാന്തത്തിലും ഇത്തരത്തിൽ പരിശീലനം കിട്ടിയ മൂപ്പന്മാരുടെ സന്തോഷം എനിക്കു കാണാൻ കഴിഞ്ഞു. മൂപ്പന്മാരുടെ ആത്മീയത ശക്തമാക്കാൻവേണ്ടി ഭരണസംഘം ഇത്രയെല്ലാം കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ എന്ന് ഓർത്ത് അവർക്കു വളരെയധികം നന്ദി തോന്നി.
പിന്നീട്, രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പഠിപ്പിക്കാൻ എനിക്കു നിയമനം കിട്ടി. എല്ലാം എങ്ങനെ ചെയ്തുതീർക്കും എന്ന ഉത്കണ്ഠയായിരുന്നു വിദ്യാർഥികളിൽ പലർക്കും. കാരണം ഏഴു മണിക്കൂർ തുടർച്ചയായി ക്ലാസിൽ ഇരിക്കണം, എല്ലാ വൈകുന്നേരവും മൂന്നു മണിക്കൂർ വീതം ഹോംവർക്ക് ചെയ്യണം. കൂടാതെ ഓരോ ആഴ്ചയും നാലോ അഞ്ചോ നിയമനങ്ങളും കാണും. യഹോവയുടെ സഹായത്താൽ മാത്രമേ അവർക്ക് അത് പൂർത്തിയാക്കാൻ കഴിയുകയുള്ളൂ എന്നു ഞാനും കൂടെയുണ്ടായിരുന്ന അധ്യാപകനും എപ്പോഴും അവരോടു പറയുമായിരുന്നു. യഹോവയിൽ ആശ്രയിച്ചതുകൊണ്ട് വിചാരിച്ചതിലും നന്നായി അവർക്ക് അതെല്ലാം ചെയ്യാൻ കഴിഞ്ഞു. അപ്പോൾ അവർക്കുണ്ടായ അതിശയവും സന്തോഷവും ഞാൻ എപ്പോഴും ഓർക്കാറുണ്ട്.
മറ്റുള്ളവരോടു സ്നേഹം കാണിക്കുന്നതു നിലനിൽക്കുന്ന അനുഗ്രഹങ്ങൾ നേടിത്തരും
മറ്റുള്ളവരോടു സ്നേഹവും പരിഗണനയും കാണിക്കുന്ന കാര്യത്തിൽ എന്റെ അമ്മ നല്ല ഒരു മാതൃകയായിരുന്നു. അതുകൊണ്ടുതന്നെ അമ്മയുടെ ബൈബിൾവിദ്യാർഥികൾ നന്നായി പുരോഗമിച്ചു. സത്യത്തോടുള്ള ഡാഡിയുടെ മനോഭാവത്തിൽപ്പോലും മാറ്റംവന്നു. അമ്മ മരിച്ച് മൂന്നു മാസം കഴിഞ്ഞപ്പോൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് പൊതുപ്രസംഗം കേൾക്കാൻ ഡാഡി രാജ്യഹാളിൽ വന്നു. തുടർന്ന് 26 വർഷം ഡാഡി പതിവായി മീറ്റിങ്ങുകൾക്കു വന്നിരുന്നു. മരിക്കുന്നതുവരെ സ്നാനപ്പെട്ടില്ലെങ്കിലും എല്ലാ മീറ്റിങ്ങിനും ആദ്യം എത്തുന്നത് ഡാഡിയായിരുന്നെന്നാണ് മൂപ്പന്മാർ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത്.
മക്കളായ ഞങ്ങൾക്കും അമ്മ നല്ല ഒരു മാതൃകയായിരുന്നു. എന്റെ മൂന്നു പെങ്ങന്മാരും അവരുടെ ഭർത്താക്കന്മാരും യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. അവരിൽ രണ്ടു പേർ ബ്രാഞ്ചോഫീസുകളിലാണു സേവിക്കുന്നത്. ഒരാൾ പോർച്ചുഗലിലും മറ്റെയാൾ ഹെയ്റ്റിയിലും.
റാൻഡിയും ഞാനും ഇപ്പോൾ ഒണ്ടേറിയോയിലെ ഹാമിൽറ്റണിൽ പ്രത്യേക മുൻനിരസേവകരായി പ്രവർത്തിക്കുകയാണ്. സഞ്ചാരവേലയിലായിരുന്ന സമയത്ത് മറ്റുള്ളവരുടെകൂടെ മടക്കസന്ദർശനങ്ങൾക്കും ബൈബിൾപഠനങ്ങൾക്കും ഒക്കെ പോകുന്നതിന്റെ സന്തോഷം ഞങ്ങൾ ആസ്വദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെതന്നെ ബൈബിൾവിദ്യാർഥികൾ ആത്മീയമായി പുരോഗമിക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ഒത്തിരി സന്തോഷം തോന്നുന്നു. പുതിയ സഭയിൽ ഞങ്ങൾക്കു പലരെയും കൂട്ടുകാരായി കിട്ടി. പ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുമ്പോഴും അല്ലാത്തപ്പോഴും യഹോവ അവരെ സഹായിക്കുന്നതു കാണുന്നതു ഞങ്ങൾക്കു ശരിക്കും ഒരു പ്രോത്സാഹനമാണ്.
ഇക്കാലങ്ങളിലെല്ലാം ഒരുപാടു പേർ ഞങ്ങളോടു സ്നേഹവും പരിഗണനയും കാണിച്ചിട്ടുണ്ട്. അതെല്ലാം ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. തിരിച്ച് ഞങ്ങളും മറ്റുള്ളവരോട് ‘ആത്മാർഥമായ താത്പര്യം’ കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. (2 കൊരി. 7:6, 7) അങ്ങനെ യഹോവയെ ഏറ്റവും നന്നായി സേവിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, ഒരു വീട്ടിലെ അമ്മയും മകനും മകളും മുഴുസമയസേവകരായിരുന്നു. മുൻനിരസേവനം ചെയ്യുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ഒരിക്കൽ ഞാൻ കുടുംബനാഥനോടു ചോദിച്ചു. മുൻനിരസേവനം ചെയ്യാൻ ഞാൻ മൂന്നു പേരെ സഹായിക്കുന്നുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ ഞാൻ ചോദിച്ചു: “യഹോവയെക്കാൾ നന്നായി അവരെ സഹായിക്കാൻ സഹോദരനു പറ്റുമോ?” എന്നിട്ട്, അവർക്കു കിട്ടുന്ന സന്തോഷം ഒന്നു രുചിച്ചറിയാൻ ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ ആറു മാസത്തിനുള്ളിൽ അദ്ദേഹവും മുൻനിരസേവനം തുടങ്ങി.
റാൻഡിയും ഞാനും ‘വരുംതലമുറയോട്’ യഹോവയുടെ “മഹനീയപ്രവൃത്തികളെക്കുറിച്ച്” ഇനിയും പറയും. യഹോവയുടെ സേവനം ഞങ്ങൾ ആസ്വദിച്ചപോലെ അവർക്കും ആസ്വദിക്കാൻ കഴിയട്ടെ എന്നാണു ഞങ്ങളുടെ പ്രാർഥന.—സങ്കീ. 71:17, 18.
a ഇപ്പോൾ ജീവിത-സേവന യോഗമേൽവിചാരകൻ എന്ന് അറിയപ്പെടുന്നു.
b ലാവോൺസ് ക്രാപോ സഹോദരന്റെ ജീവിതകഥ 2020 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിന്റെ 26-30 പേജുകളിൽ കാണാം.