പഠനലേഖനം 30
സ്നേഹം കാണിക്കുന്നതിൽ വളർന്നുകൊണ്ടിരിക്കുക
“നമുക്കു സ്നേഹത്തിൽ . . . വളർന്നുവരാം.”—എഫെ. 4:15.
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
ചുരുക്കം a
1. ബൈബിൾ പഠിച്ചുതുടങ്ങിയപ്പോൾ ഏതൊക്കെ സത്യങ്ങളാണു നിങ്ങൾ മനസ്സിലാക്കിയത്?
നിങ്ങൾ ആദ്യമായി ബൈബിൾ പഠിച്ച സമയത്തെക്കുറിച്ച് ഓർക്കുന്നുണ്ടോ? അന്ന് എന്തൊക്കെ കാര്യങ്ങളാണു മനസ്സിലാക്കിയത്? ദൈവത്തിന് ഒരു പേരുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപക്ഷേ നിങ്ങൾ അതിശയിച്ചുപോയിട്ടുണ്ടാകും. ദൈവം ആളുകളെ തീ നരകത്തിലിട്ട് ശിക്ഷിക്കുന്നില്ലെന്നു കേട്ടപ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നിയോ? ഇനി, മരിച്ചുപോയ പ്രിയപ്പെട്ടവരെ വീണ്ടും കാണാമെന്നും അവരോടൊപ്പം ഭൂമിയിലെ പറുദീസയിൽ ജീവിക്കാമെന്നും അറിഞ്ഞപ്പോൾ നിങ്ങൾക്ക് ആവേശം തോന്നിയിട്ടുണ്ടാകണം.
2. ബൈബിൾസത്യങ്ങൾ പഠിക്കുന്നതു കൂടാതെ മറ്റെന്തു പുരോഗതികൂടെ നിങ്ങൾ വരുത്തി? (എഫെസ്യർ 5:1, 2)
2 ദൈവവചനം കൂടുതൽ പഠിച്ചപ്പോൾ യഹോവയോടുള്ള നിങ്ങളുടെ സ്നേഹം ആഴമുള്ളതായി. ആ സ്നേഹം, പഠിച്ച കാര്യങ്ങൾ അനുസരിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചു. ബൈബിൾതത്ത്വങ്ങൾക്കനുസരിച്ച് നിങ്ങൾ നല്ല തീരുമാനങ്ങളെടുത്തു. യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ശരിയായി ചിന്തിക്കാനും പ്രവർത്തിക്കാനും നിങ്ങൾ പഠിച്ചു. ഒരു കുട്ടി അവന്റെ സ്നേഹമുള്ള പിതാവിനെ അനുകരിക്കുന്നതുപോലെ നിങ്ങളും നിങ്ങളുടെ സ്വർഗീയപിതാവിനെ അനുകരിക്കുകയായിരുന്നു.—എഫെസ്യർ 5:1, 2 വായിക്കുക.
3. ഏതൊക്കെ ചോദ്യങ്ങൾ നമുക്കു സ്വയം ചോദിക്കാം?
3 നമുക്ക് ഇങ്ങനെ സ്വയം ചോദിക്കാം: ‘സ്നാനമേറ്റപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ സ്നേഹം ഇപ്പോൾ എനിക്ക് യഹോവയോടുണ്ടോ? അന്നുതൊട്ട് ഞാൻ യഹോവയെപ്പോലെയാണോ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്, പ്രത്യേകിച്ചും സഹോദരങ്ങളോടു സ്നേഹം കാണിക്കുന്ന കാര്യത്തിൽ?’ ഇങ്ങനെയൊക്കെ ചിന്തിച്ചപ്പോൾ നിങ്ങൾക്ക് “ആദ്യമുണ്ടായിരുന്ന സ്നേഹം” കുറഞ്ഞുപോയിട്ടുണ്ടെന്നു തോന്നിയെങ്കിൽ നിരാശപ്പെടേണ്ടാ. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കും ഇങ്ങനെ സംഭവിച്ചു. എന്നിട്ടും യേശു അവരെ ഉപേക്ഷിച്ചില്ല. (വെളി. 2:4, 7) നമ്മളെയും ഉപേക്ഷിക്കില്ല. കാരണം തുടക്കത്തിലുണ്ടായിരുന്ന സ്നേഹം വീണ്ടും ശക്തമാക്കാൻ നമുക്കു കഴിയുമെന്നു യേശുവിന് അറിയാം.
4. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
4 യഹോവയോടും ആളുകളോടും ഉള്ള സ്നേഹം തുടർന്നും ശക്തമാക്കാൻ നമുക്ക് എന്തു ചെയ്യാമെന്ന് ഈ ലേഖനത്തിൽ പഠിക്കും. അങ്ങനെ സ്നേഹം ശക്തമാക്കുമ്പോൾ നമുക്കും മറ്റുള്ളവർക്കും ലഭിക്കുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ചും നമ്മൾ കാണും.
യഹോവയോടുള്ള സ്നേഹം ശക്തമാക്കുന്നതിൽ തുടരുക
5-6. (എ) പൗലോസിനു ശുശ്രൂഷയിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു? (ബി) ദൈവസേവനത്തിൽ തുടരാൻ പൗലോസിനെ എന്താണു സഹായിച്ചത്?
5 യഹോവയെ സേവിക്കുന്നതിൽ പൗലോസ് വളരെയധികം സന്തോഷം ആസ്വദിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിനു പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. ഉദാഹരണത്തിന്, പൗലോസിനു കൂടെക്കൂടെ നീണ്ട യാത്രകൾ നടത്തേണ്ടിവരുമായിരുന്നു. അക്കാലത്ത് യാത്രകൾ അത്ര എളുപ്പവുമായിരുന്നില്ല. ആ സമയത്ത് പൗലോസിനു ‘നദികളിലെ ആപത്തും കവർച്ചക്കാരിൽനിന്നുള്ള ആപത്തും’ ഉണ്ടായിട്ടുണ്ട്. ശത്രുക്കളിൽനിന്ന് ഉപദ്രവം സഹിക്കേണ്ടിവന്ന സാഹചര്യങ്ങളിലൂടെയും അദ്ദേഹം കടന്നുപോയിട്ടുണ്ട്. (2 കൊരി. 11:23-27) ഇനി, പൗലോസ് തന്റെ ക്രിസ്തീയ സഹോദരങ്ങൾക്കുവേണ്ടി ആത്മാർഥമായി ചെയ്ത ശ്രമങ്ങളെ അവർ പലപ്പോഴും വിലമതിച്ചുമില്ല.—2 കൊരി. 10:10; ഫിലി. 4:15.
6 എന്നിട്ടും ദൈവസേവനത്തിൽ തുടരാൻ പൗലോസിനെ എന്താണു സഹായിച്ചത്? തിരുവെഴുത്തുകളിൽനിന്നും സ്വന്തം അനുഭവങ്ങളിൽനിന്നും പൗലോസ് യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ പഠിച്ചു. അങ്ങനെ, യഹോവ തന്നെ സ്നേഹിക്കുന്നുണ്ടെന്ന ഉറപ്പ് അദ്ദേഹത്തിനു കിട്ടി. (റോമ. 8:38, 39; എഫെ. 2:4, 5) അതുകൊണ്ടുതന്നെ പൗലോസിനും യഹോവയോടു വളരെയധികം സ്നേഹം തോന്നി. “വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും” അതിൽ തുടർന്നതിലൂടെയും പൗലോസ് ദൈവത്തോടുള്ള സ്നേഹം കാണിച്ചു.—എബ്രാ. 6:10.
7. യഹോവയോടുള്ള സ്നേഹം ശക്തമാക്കാൻ നമ്മളെ സഹായിക്കുന്ന ഒരു കാര്യം ഏതാണ്?
7 ദൈവവചനം ഉത്സാഹത്തോടെ പഠിച്ചുകൊണ്ട് യഹോവയോടുള്ള നമ്മുടെ സ്നേഹം ശക്തമാക്കാനാകും. ബൈബിൾ വായിക്കുമ്പോൾ ഓരോ ഭാഗവും യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ ശ്രമിക്കുക. എന്നിട്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഈ ബൈബിൾവിവരണം എങ്ങനെയാണു കാണിക്കുന്നത്? യഹോവയെ സ്നേഹിക്കാൻ എന്തൊക്കെ കാരണങ്ങളാണ് അത് എനിക്കു തരുന്നത്?’
8. യഹോവയോടുള്ള സ്നേഹത്തിൽ വളരാൻ പ്രാർഥന എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
8 യഹോവയോടുള്ള സ്നേഹത്തിൽ വളരാൻ നമ്മളെ സഹായിക്കുന്ന മറ്റൊരു കാര്യം എല്ലാ ദിവസവും മനസ്സുതുറന്ന് ദൈവത്തോടു പ്രാർഥിക്കുക എന്നതാണ്. (സങ്കീ. 25:4, 5) അപ്പോൾ യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം തരും. (1 യോഹ. 3:21, 22) ഏഷ്യയിൽ നിന്നുള്ള കെൻ സഹോദരി പറയുന്നു: “ദൈവത്തെക്കുറിച്ച് പഠിച്ച കാര്യങ്ങളാണ് യഹോവയെ സ്നേഹിക്കാൻ ആദ്യം എന്നെ പ്രേരിപ്പിച്ചത്. പക്ഷേ എന്റെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുന്നതു കണ്ടപ്പോൾ ആ സ്നേഹം കൂടുതൽ ആഴമുള്ളതായി. അപ്പോൾ യഹോവയെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് ആഗ്രഹം തോന്നി.” b
മറ്റുള്ളവരോടുള്ള സ്നേഹം ശക്തമാക്കുന്നതിൽ തുടരുക
9. സ്നേഹം കാണിക്കുന്നതിൽ തിമൊഥെയൊസ് പുരോഗതി വരുത്തിയെന്നു പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് എങ്ങനെ?
9 പൗലോസ് ഒരു മിഷനറി യാത്രയ്ക്കിടയിൽ തിമൊഥെയൊസ് എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി. തിമൊഥെയൊസിന് യഹോവയോടും ആളുകളോടും സ്നേഹമുണ്ടായിരുന്നു. കുറച്ച് വർഷങ്ങൾക്കുശേഷം അദ്ദേഹത്തെക്കുറിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കാര്യത്തിൽ ഇത്ര ആത്മാർഥമായ താത്പര്യം കാണിക്കുമെന്ന് എനിക്ക് ഉറപ്പുള്ള മറ്റാരും ഇവിടെയില്ല.” (ഫിലി. 2:20) ഇതു പറഞ്ഞപ്പോൾ പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത് കാര്യങ്ങൾ സംഘടിപ്പിക്കാനോ പ്രസംഗങ്ങൾ നടത്താനോ ഉള്ള തിമൊഥെയൊസിന്റെ കഴിവല്ലായിരുന്നു, മറിച്ച് സഹോദരങ്ങളോടുള്ള സ്നേഹമായിരുന്നു. സ്നേഹം കാണിക്കുന്നതിൽ തിമൊഥെയൊസ് വരുത്തിയ പുരോഗതി അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിമൊഥെയൊസ് സേവിച്ചിരുന്ന സഭകളിലെ സഹോദരങ്ങൾ അദ്ദേഹത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ടെന്ന് ഉറപ്പാണ്.—1 കൊരി. 4:17.
10. അന്നയും ഭർത്താവും എങ്ങനെയാണു സഹോദരങ്ങളോടു സ്നേഹം കാണിച്ചത്?
10 സഹോദരങ്ങളെ സഹായിക്കാനുള്ള അവസരങ്ങൾ കണ്ടെത്താൻ നമ്മളും ശ്രമിക്കുന്നു. (എബ്രാ. 13:16) കഴിഞ്ഞ ലേഖനത്തിൽ കണ്ട അന്നയുടെ അനുഭവം നോക്കാം. കൊടുങ്കാറ്റിനെ തുടർന്ന് സഹോദരിയും ഭർത്താവും ഒരു സഹോദരകുടുംബത്തെ ചെന്ന് കണ്ടു. അപ്പോഴാണ് അറിയുന്നതു കൊടുങ്കാറ്റിൽ അവരുടെ വീടിന്റെ മേൽക്കൂര തകർന്നുപോയെന്ന്. കൂടാതെ അവരുടെ വസ്ത്രങ്ങളെല്ലാം ചെളിപിടിച്ച് പോയിരുന്നു. അന്ന പറയുന്നു: “ഞങ്ങൾ ആ വസ്ത്രങ്ങളെല്ലാം കൊണ്ടുവന്ന് അലക്കി തേച്ച് തിരികെ കൊടുത്തു. ഞങ്ങൾക്ക് അതൊരു ചെറിയ കാര്യമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തതുകൊണ്ട് ഞങ്ങൾക്കിടയിലെ സ്നേഹം വളരെ ശക്തമായി. അത് ഇന്നുവരെ തുടരുകയും ചെയ്യുന്നു.” സഹോദരങ്ങളോടുണ്ടായിരുന്ന സ്നേഹമാണ് അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ അന്നയെയും ഭർത്താവിനെയും പ്രേരിപ്പിച്ചത്.—1 യോഹ. 3:17, 18.
11. (എ) നമ്മൾ സഹോദരങ്ങളോടു സ്നേഹം കാണിക്കുമ്പോൾ പലപ്പോഴും അവർക്ക് എന്തായിരിക്കും തോന്നുന്നത്? (ബി) സുഭാഷിതങ്ങൾ 19:17 അനുസരിച്ച് നമ്മൾ സ്നേഹം കാണിക്കുമ്പോൾ യഹോവ എന്തു ചെയ്യും?
11 സഹോദരങ്ങളോടു സ്നേഹവും ദയയും ഒക്കെ കാണിക്കുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കാൻ ശ്രമിക്കുകയാണെന്ന് അവർക്കു മനസ്സിലാകും. നമ്മൾ ചിന്തിക്കുന്നതിനെക്കാൾ അപ്പുറം നമ്മുടെ ആ പ്രവൃത്തികളെ അവർ വിലമതിക്കുകയും ചെയ്തേക്കാം. നേരത്തേ കണ്ട കെൻ സഹോദരി ചെറുപ്പത്തിൽ തന്നെ സഹായിച്ചവരെ വളരെ സ്നേഹത്തോടെയാണ് ഓർക്കുന്നത്. സഹോദരി പറയുന്നു: “എന്നെ സേവനത്തിനു കൊണ്ടുപോയിരുന്ന സഹോദരിമാരോടെല്ലാം എനിക്ക് ഒരുപാടു നന്ദിയുണ്ട്. അവർ വീട്ടിൽ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോകും. ഇടയ്ക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചുതരും. പിന്നെ തിരിച്ച് വീട്ടിൽ കൊണ്ടുവിടുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇപ്പോഴാണു മനസ്സിലാകുന്നത് അവർ അതിനുവേണ്ടി എത്രമാത്രം ശ്രമം ചെയ്തിരുന്നുവെന്ന്. അവർ അതെല്ലാം സന്തോഷത്തോടെയാണു ചെയ്തത്.” പക്ഷേ, നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്കു തിരിച്ച് നന്ദി കാണിക്കാൻ മറ്റുള്ളവർക്ക് എപ്പോഴും അവസരം കിട്ടണമെന്നില്ല. തന്നെ സഹായിച്ചവരെക്കുറിച്ച് കെൻ സഹോദരി തുടരുന്നു: “എന്നെ സഹായിച്ചവർക്കെല്ലാം വേണ്ടി തിരിച്ച് എന്തെങ്കിലും ചെയ്യണമെന്ന് എനിക്കുണ്ട്. പക്ഷേ അവരൊക്കെ ഇന്ന് എവിടെയാണെന്ന് എനിക്കറിയില്ല. എന്നാൽ യഹോവയ്ക്ക് അത് അറിയാം. അതുകൊണ്ട് എനിക്കുവേണ്ടി യഹോവ അവർക്കു പ്രതിഫലം നൽകട്ടെ എന്നാണ് എന്റെ പ്രാർഥന.” സഹോദരി പറഞ്ഞതു ശരിയാണ്. നമ്മൾ മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന ഏറ്റവും ചെറിയ കാര്യംപോലും യഹോവ ശ്രദ്ധിക്കുന്നുണ്ട്. അതിനുവേണ്ടി നമ്മൾ ചെയ്യുന്ന ത്യാഗത്തെ വളരെ വിലപ്പെട്ട ഒന്നായിട്ട്, തനിക്കു തരുന്ന ഒരു കടമായിട്ട്, ആണ് യഹോവ കാണുന്നത്. അതുകൊണ്ട് നമ്മൾ ചെയ്യുന്നതിന് യഹോവ പ്രതിഫലം തരുമെന്ന് ഉറപ്പാണ്.—സുഭാഷിതങ്ങൾ 19:17 വായിക്കുക.
12. സഹോദരന്മാർക്ക് എങ്ങനെ സഭയിൽ സ്നേഹം കാണിക്കാനാകും? (ചിത്രങ്ങളും കാണുക.)
12 നിങ്ങൾ ഒരു സഹോദരനാണെങ്കിൽ സഹോദരങ്ങളോടു സ്നേഹം കാണിക്കാനും അവരെ കൂടുതലായി സേവിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും? സഭയെ സഹായിക്കാൻ തനിക്കു കൂടുതലായി എന്തൊക്കെ ചെയ്യാനാകുമെന്നു ജോർഡൻ എന്ന ചെറുപ്പക്കാരൻ ഒരു മൂപ്പനോടു ചോദിച്ചു. അതുവരെ വരുത്തിയിട്ടുള്ള പുരോഗതിക്കു ജോർഡനെ ആ മൂപ്പൻ അഭിനന്ദിച്ചു. എന്നിട്ട്, ഇനി എന്തൊക്കെ ചെയ്യാനാകുമെന്നു പറഞ്ഞുകൊടുത്തു. ഉദാഹരണത്തിന്, മീറ്റിങ്ങിനു നേരത്തേ വരാനും സഹോദരങ്ങളോടു സംസാരിക്കാനും അഭിപ്രായങ്ങൾ പറയാനും ആ മൂപ്പൻ ജോർഡനോടു പറഞ്ഞു. കൂടാതെ, സ്വന്തം വയൽസേവനഗ്രൂപ്പിന്റെകൂടെ പതിവായി പ്രസംഗപ്രവർത്തനത്തിനു പോകാനും സഹോദരങ്ങൾക്കുവേണ്ടി വേറേ എന്തൊക്കെ ചെയ്യാനാകുമെന്നു ചിന്തിക്കാനും ആവശ്യപ്പെട്ടു. ഇങ്ങനെയൊക്കെ ചെയ്തപ്പോൾ പുതുതായി ചില കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്നു മാത്രമല്ല, സഹോദരങ്ങളെ എങ്ങനെ കൂടുതൽക്കൂടുതൽ സ്നേഹിക്കാമെന്നും ജോർഡൻ പഠിച്ചു. ഇതിൽനിന്നെല്ലാം ഒരു കാര്യം ജോർഡൻ മനസ്സിലാക്കി: ഒരു സഹോദരൻ ശുശ്രൂഷാദാസനാകുന്നതോടെ സഹോദരങ്ങളെ സഹായിക്കാൻ തുടങ്ങുകയല്ല, തുടരുക മാത്രമാണു ചെയ്യുന്നത്.—1 തിമൊ. 3:8-10, 13.
13. വീണ്ടും ഒരു മൂപ്പനായി സേവിക്കാനുള്ള യോഗ്യതയിലെത്താൻ സ്നേഹം എങ്ങനെയാണു ക്രിസ്റ്റ്യൻ സഹോദരനെ പ്രേരിപ്പിച്ചത്?
13 മുമ്പ് ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിച്ചിരുന്ന ഒരാളാണോ നിങ്ങൾ? അന്നു നിങ്ങൾ ചെയ്ത കാര്യങ്ങളും അതിനു നിങ്ങളെ പ്രേരിപ്പിച്ച സ്നേഹവും യഹോവ ഒരിക്കലും മറക്കില്ല. (1 കൊരി. 15:58) ഇപ്പോൾ നിങ്ങൾ കാണിക്കുന്ന സ്നേഹവും യഹോവ കാണുന്നുണ്ട്. ക്രിസ്റ്റ്യൻ എന്ന സഹോദരനു മൂപ്പനായുള്ള തന്റെ നിയമനം നഷ്ടപ്പെട്ടപ്പോൾ വളരെ നിരാശ തോന്നി. പക്ഷേ സഹോദരൻ പറയുന്നു: “ഒരു മൂപ്പൻ ആണെങ്കിലും അല്ലെങ്കിലും യഹോവയെ സേവിക്കാൻവേണ്ടി എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാൻ ഞാൻ തീരുമാനിച്ചു.” കുറച്ച് നാൾ കഴിഞ്ഞപ്പോൾ സഹോദരനെ വീണ്ടും ഒരു മൂപ്പനായി നിയമിച്ചു. അദ്ദേഹം പറയുന്നു: “വീണ്ടും ആ നിയമനം സ്വീകരിക്കാൻ എനിക്ക് അൽപ്പം പേടിയുണ്ടായിരുന്നു. എങ്കിലും, ഞാനൊരു മൂപ്പനായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ആ നിയമനം ഏറ്റെടുക്കുമെന്നു ഞാൻ തീരുമാനിച്ചു. കാരണം, ഞാൻ യഹോവയെയും സഹോദരങ്ങളെയും അത്രമാത്രം സ്നേഹിക്കുന്നുണ്ട്.”
14. എലേന സഹോദരിയുടെ അനുഭവത്തിൽനിന്നും നിങ്ങൾ എന്താണു പഠിച്ചത്?
14 യഹോവയുടെ ജനം തങ്ങളുടെ അയൽക്കാരോടും സ്നേഹം കാണിക്കുന്നു. (മത്താ. 22:37-39) ഉദാഹരണത്തിന്, ജോർജിയയിലുള്ള എലേന സഹോദരി പറയുന്നു: “ആദ്യമൊക്കെ യഹോവയോടുള്ള സ്നേഹംകൊണ്ട് മാത്രമാണു ഞാൻ പ്രസംഗപ്രവർത്തനം ചെയ്തത്. എന്നാൽ, സ്വർഗീയ പിതാവിനോടുള്ള എന്റെ സ്നേഹം കൂടിയപ്പോൾ ആളുകളോടുള്ള സ്നേഹവും വർധിച്ചു. അവർ എന്തൊക്കെ പ്രശ്നങ്ങളാണു നേരിടുന്നതെന്നും ഏതൊക്കെ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനായിരിക്കും അവർക്ക് ഇഷ്ടമെന്നും ഞാൻ ചിന്തിക്കാൻതുടങ്ങി. ഇങ്ങനെ അവരെക്കുറിച്ച് എത്രയധികം ചിന്തിച്ചോ അത്രയധികം അവരെ സഹായിക്കാനുള്ള ആഗ്രഹവും വർധിച്ചു.”—റോമ. 10:13-15.
മറ്റുള്ളവരോടു സ്നേഹം കാണിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
15-16. ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നതുപോലെ മറ്റുള്ളവരോടു സ്നേഹം കാണിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്താണ്?
15 നമ്മൾ സഹോദരങ്ങളോടു സ്നേഹം കാണിക്കുമ്പോൾ അവർക്കു മാത്രമായിരിക്കില്ല അതിൽനിന്ന് പ്രയോജനം ലഭിക്കുന്നത്. അതാണു പൗലോ സഹോദരന്റെയും ഭാര്യയുടെയും അനുഭവം തെളിയിക്കുന്നത്. കോവിഡ്-19 മഹാമാരിയുടെ സമയത്ത്, ഫോണോ ടാബ്ലെറ്റോ ഉപയോഗിച്ച് എങ്ങനെ സന്തോഷവാർത്ത അറിയിക്കാമെന്ന് അവർ പ്രായമായ കുറെ സഹോദരിമാരെ പഠിപ്പിച്ചുകൊടുത്തു. അതിൽ ഒരു സഹോദരിക്ക് ആദ്യം അത് അത്ര എളുപ്പമല്ലായിരുന്നെങ്കിലും പതിയെ അവർ അതു പഠിച്ചെടുത്തു. അങ്ങനെ ആ സഹോദരിക്കു തന്റെ ബന്ധുക്കളെ സ്മാരകത്തിനു ക്ഷണിക്കാനായി. അവരിൽ 60 പേരാണ് വീഡിയോ കോൺഫറൻസിങ്ങിലൂടെ സ്മാരകം കൂടിയത്. പൗലോ സഹോദരന്റെയും ഭാര്യയുടെയും ശ്രമങ്ങളിൽനിന്ന് ആ സഹോദരിക്കും ബന്ധുക്കൾക്കും പ്രയോജനം കിട്ടി. പിന്നീട് ആ സഹോദരി പൗലോ സഹോദരന് ഇങ്ങനെ എഴുതി: “ഞങ്ങളെപ്പോലെ പ്രായമായവർക്ക് ഇതൊക്കെ പഠിപ്പിച്ചുതന്നതിനു ഒരുപാടു നന്ദി. യഹോവയ്ക്ക് എന്നോടുള്ള സ്നേഹവും നിങ്ങളുടെ ആത്മാർഥമായ ശ്രമവും ഞാൻ ഒരിക്കലും മറക്കില്ല.”
16 ഇത്തരം അനുഭവങ്ങളിലൂടെ പൗലോ സഹോദരൻ പ്രധാനപ്പെട്ട ഒരു കാര്യം മനസ്സിലാക്കി: നമുക്കുള്ള അറിവോ കഴിവോ അല്ല സ്നേഹമാണ് ഏറ്റവും പ്രധാനം. അദ്ദേഹം പറയുന്നു: “ഞാൻ മുമ്പ് ഒരു സർക്കിട്ട് മേൽവിചാരകനായിരുന്നു. അന്നു ഞാൻ നടത്തിയ പ്രസംഗങ്ങളൊക്കെ പലരും മറന്നുപോയിട്ടുണ്ടാകും. പക്ഷേ ഒന്ന് എനിക്കറിയാം: അവരെ സഹായിക്കാൻവേണ്ടി ഞാൻ ചെയ്ത കാര്യങ്ങൾ ഇപ്പോഴും അവർ ഓർക്കുന്നുണ്ട്.”
17. മറ്റുള്ളവരോടു സ്നേഹം കാണിക്കുമ്പോൾ ആർക്കുംകൂടെ അതിന്റെ പ്രയോജനം കിട്ടും?
17 മറ്റുള്ളവരോടു സ്നേഹം കാണിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിൽ നമുക്കും അനുഗ്രഹങ്ങൾ കിട്ടും. ന്യൂസിലൻഡിൽ താമസിക്കുന്ന ജോനാഥാന്റെ അനുഭവം അതാണു കാണിക്കുന്നത്. ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞ് നല്ല വെയിലത്ത് ഒരു മുൻനിരസേവകൻ ഒറ്റയ്ക്കു പ്രസംഗപ്രവർത്തനം ചെയ്യുന്നത് അദ്ദേഹം കണ്ടു. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ആ സഹോദരന്റെകൂടെ സേവനം ചെയ്യാൻ ജോനാഥാൻ തീരുമാനിച്ചു. ഇങ്ങനെ ചെയ്തതുകൊണ്ട് തനിക്കുതന്നെ അത് ഒരുപാടു പ്രയോജനം ചെയ്യുമെന്ന് അന്ന് അദ്ദേഹം ഒട്ടും കരുതിയില്ല. ജോനാഥാൻ പറയുന്നു: “അന്നൊക്കെ വയൽസേവനത്തിനു പോകുന്നത് എനിക്ക് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല. എന്നാൽ ആ സഹോദരൻ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കുന്ന വിധവും അതുകൊണ്ട് ഉണ്ടാകുന്ന നല്ല ഫലങ്ങളും കണ്ടപ്പോൾ എനിക്കും അതിനോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങി. കൂടാതെ എനിക്കു നല്ലൊരു കൂട്ടുകാരനെയും കിട്ടി. ആത്മീയമായി വളരാനും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താനും യഹോവയോടു കൂടുതൽ അടുക്കാനും അദ്ദേഹം എന്നെ സഹായിച്ചു.”
18. നമ്മൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
18 നമ്മളെല്ലാവരും യഹോവയെയും മറ്റുള്ളവരെയും കൂടുതൽക്കൂടുതൽ സ്നേഹിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. നമ്മൾ ഈ ലേഖനത്തിൽ പഠിച്ചതുപോലെ ദൈവവചനം വായിച്ചുകൊണ്ടും ധ്യാനിച്ചുകൊണ്ടും പതിവായി പ്രാർഥിച്ചുകൊണ്ടും യഹോവയോടുള്ള നമ്മുടെ സ്നേഹം ശക്തിപ്പെടുത്താനാകും. ഇനി, സഹോദരങ്ങൾക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തുകൊണ്ട് അവരോടുള്ള സ്നേഹത്തിലും വളരാം. അങ്ങനെ നമ്മുടെ സ്നേഹം കൂടുന്നതനുസരിച്ച് യഹോവയോടും സഹോദരങ്ങളോടും ഉള്ള നമ്മുടെ അടുപ്പവും വർധിക്കും. എന്നുമെന്നും നമുക്ക് ആ സ്നേഹബന്ധം ആസ്വദിക്കാനുമാകും.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കാം
a നമ്മൾ അടുത്തകാലത്ത് യഹോവയെ സേവിക്കാൻ തുടങ്ങിയവരാണെങ്കിലും വർഷങ്ങളായി അങ്ങനെ ചെയ്യുന്നവരാണെങ്കിലും പുരോഗതി വരുത്തുന്നതിൽ തുടരേണ്ടതുണ്ട്. നമുക്കു പുരോഗതി വരുത്താനാകുന്ന പ്രധാനപ്പെട്ട ഒരു കാര്യത്തെക്കുറിച്ച്, അതായത് യഹോവയോടും സഹോദരങ്ങളോടും ഉള്ള സ്നേഹം ശക്തമാക്കുന്നതിനെക്കുറിച്ച്, ആണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. അതെക്കുറിച്ച് പഠിക്കുമ്പോൾ ഇതുവരെ നിങ്ങൾ എന്തൊക്കെ പുരോഗതിയാണു വരുത്തിയതെന്നും ഇനിയും അത് എങ്ങനെ കൂടുതൽ ചെയ്യാമെന്നും ചിന്തിക്കുക.
b ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.