പഠനലേഖനം 28
ദൈവഭയം നമുക്കു പ്രയോജനം ചെയ്യും
“നേരോടെ നടക്കുന്നവർ യഹോവയെ ഭയപ്പെടുന്നു.”—സുഭാ. 14:2.
ഗീതം 122 അചഞ്ചലരായ് ഉറച്ചുനിൽക്കാം
ചുരുക്കം a
1-2. ലോത്തിനെപ്പോലെ ഇന്നത്തെ ക്രിസ്ത്യാനികളും ഏതു പ്രശ്നം നേരിടുന്നു?
യഹോവയുടെ ധാർമികനിലവാരങ്ങളെ ഒട്ടുംതന്നെ ആദരിക്കാത്തവരാണ് ഇന്നു നമുക്കു ചുറ്റുമുള്ളത്. അതു കാണുമ്പോൾ നീതിമാനായ ലോത്തിനു തോന്നിയതുപോലെയാണു നമുക്കും തോന്നുന്നത്. അദ്ദേഹം ‘ധിക്കാരികളുടെ ധിക്കാരത്തോടെയുള്ള പെരുമാറ്റത്തിൽ ഏറെ മനോവിഷമം അനുഭവിച്ചിരുന്നു.’ കാരണം നമ്മുടെ സ്വർഗീയപിതാവിന് അത്തരം പെരുമാറ്റങ്ങൾ അങ്ങേയറ്റം വെറുപ്പാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. (2 പത്രോ. 2:7, 8) ദൈവഭയവും ദൈവത്തോടുള്ള സ്നേഹവുമാണു ചുറ്റുമുള്ള ആളുകളുടെ അധാർമികപ്രവർത്തനങ്ങളെ വെറുക്കാൻ ലോത്തിനെ പ്രേരിപ്പിച്ചത്. അതുപോലെ ദൈവത്തോടുള്ള സ്നേഹം നിലനിറുത്തുകയും ശരിയായ ദൈവഭയം വളർത്തിയെടുക്കുകയും ചെയ്യുന്നെങ്കിൽ നമുക്കും ധാർമികശുദ്ധിയുള്ളവരായി തുടരാനാകും.—സുഭാ. 14:2.
2 ഇക്കാര്യത്തിൽ നമ്മളെ സഹായിക്കുന്നതിനുവേണ്ടി യഹോവ സ്നേഹത്തോടെ ചില ഉപദേശങ്ങൾ തരുന്നുണ്ട്. സുഭാഷിതങ്ങൾ എന്ന ബൈബിൾപുസ്തകത്തിൽ അതു കാണാം. പുരുഷന്മാരോ സ്ത്രീകളോ ചെറുപ്പക്കാരോ പ്രായമായവരോ ആയ എല്ലാ ക്രിസ്ത്യാനികൾക്കും പ്രയോജനം ചെയ്യുന്ന ഉപദേശങ്ങളാണ് അവ.
ദൈവഭയം നമ്മളെ സംരക്ഷിക്കുന്നു
3. സുഭാഷിതങ്ങൾ 17:3 പറയുന്നതനുസരിച്ച് നമ്മുടെ ഹൃദയം തെറ്റിലേക്കു പോകാതെ ശ്രദ്ധിക്കേണ്ടതിന്റെ ഒരു പ്രധാനകാരണം എന്താണ്? (ചിത്രവും കാണുക.)
3 നമ്മുടെ ഹൃദയം തെറ്റായ വഴിയിലേക്കു പോകാതെ ശ്രദ്ധിക്കേണ്ടതിന്റെ ഒരു പ്രധാനകാരണം യഹോവ ഹൃദയങ്ങളെ പരിശോധിക്കുന്നു എന്നതാണ്. പുറമേയുള്ളതു മാത്രമല്ല, ഉള്ളിന്റെയുള്ളിൽ നമ്മൾ എങ്ങനെയുള്ളവരാണെന്നും യഹോവയ്ക്ക് അറിയാനാകും. (സുഭാഷിതങ്ങൾ 17:3 വായിക്കുക.) യഹോവയുടെ ഉപദേശങ്ങൾ നമ്മൾ ഹൃദയത്തിൽ നിറയ്ക്കുകയാണെങ്കിൽ യഹോവയ്ക്കു സന്തോഷമാകും. (യോഹ. 4:14) നിത്യജീവൻ നേടാൻ സഹായിക്കുന്ന അത്തരം ഉപദേശങ്ങൾ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നതുകൊണ്ട് സാത്താനും ഈ ദുഷ്ടലോകവും കൊണ്ടുവരുന്ന അധഃപതിച്ച ധാർമികനിലവാരങ്ങളും നുണകളും നമ്മുടെ ഹൃദയത്തിലേക്കു കടക്കില്ല. (1 യോഹ. 5:18, 19) അപ്പോൾ യഹോവയോടു നമ്മൾ കൂടുതൽ അടുക്കും. ദൈവത്തോടുള്ള സ്നേഹവും ആദരവും വർധിക്കുകയും ചെയ്യും. നമ്മുടെ സ്വർഗീയപിതാവിനെ സങ്കടപ്പെടുത്താൻ ആഗ്രഹിക്കാത്തതുകൊണ്ട് യഹോവയ്ക്ക് എതിരെ തെറ്റു ചെയ്യുന്നതിനെക്കുറിച്ച് നമുക്കു ചിന്തിക്കാൻപോലും പറ്റില്ല. പാപം ചെയ്യാനുള്ള ഒരു പ്രലോഭനം ഉണ്ടാകുമ്പോൾ ‘എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ദൈവത്തെ എനിക്ക് എങ്ങനെ മനഃപൂർവം വിഷമിപ്പിക്കാനാകും’ എന്നു നമ്മൾ ചിന്തിക്കും.—1 യോഹ. 4:9, 10.
4. ദൈവഭയം പ്രലോഭനത്തിൽ വീണുപോകാതെ ഒരു സഹോദരിയെ സംരക്ഷിച്ചത് എങ്ങനെ?
4 ക്രൊയേഷ്യയിൽനിന്നുള്ള മാർത്ത സഹോദരിക്കു ലൈംഗിക അധാർമികതയിൽ വീണുപോകാൻ ഇടയാക്കുന്ന തരത്തിലുള്ള ഒരു പ്രലോഭനം നേരിട്ടു. സഹോദരി എഴുതുന്നു: “കുറച്ച് സമയത്തെ സുഖത്തിനുവേണ്ടിയുള്ള ആ ആഗ്രഹത്തെ ചെറുക്കുന്നതും ശരിയായ രീതിയിൽ ചിന്തിക്കുന്നതും അത്ര എളുപ്പമല്ലെന്ന് എനിക്കു തോന്നി. എന്നാൽ യഹോവയോടുള്ള ഭയം എന്നെ സംരക്ഷിച്ചു.” b ദൈവഭയം എങ്ങനെയാണു നമുക്ക് ഒരു സംരക്ഷണമാകുന്നത്? തെറ്റായ ഒരു തീരുമാനം വരുത്തിവെച്ചേക്കാവുന്ന മോശം ഫലങ്ങളെക്കുറിച്ച് ചിന്തിച്ചതു തന്നെ സഹായിച്ചതായി മാർത്ത പറയുന്നു. നമുക്കും അങ്ങനെതന്നെ ചെയ്യാം. ഓർക്കുക, നമ്മുടെ തെറ്റായ തീരുമാനങ്ങൾ യഹോവയെ സങ്കടപ്പെടുത്തും. മാത്രമല്ല, എന്നെന്നും ദൈവത്തെ ആരാധിക്കാനുള്ള അവസരം നമുക്ക് ഇല്ലാതാകുകയും ചെയ്യും. നമുക്കുണ്ടായേക്കാവുന്ന എത്ര വലിയ നഷ്ടമായിരിക്കും അത്!—ഉൽപ. 6:5, 6.
5. ലിയോയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
5 യഹോവാഭയം ഉണ്ടെങ്കിൽ തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരുമായുള്ള കൂട്ടുകെട്ടു നമ്മൾ ഒഴിവാക്കും. കോംഗോയിൽ താമസിക്കുന്ന ലിയോ സഹോദരൻ തന്റെ അനുഭവത്തിലൂടെ അതു മനസ്സിലാക്കി. സ്നാനപ്പെട്ട് നാലു വർഷം കഴിഞ്ഞപ്പോൾ ദൈവത്തിന്റെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാത്ത ആളുകളുമായി അദ്ദേഹം കൂട്ടുകൂടാൻ തുടങ്ങി. കാരണം ലിയോ ചിന്തിച്ചത്, അവർ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാത്തിടത്തോളം താൻ യഹോവയുടെ മുമ്പാകെ തെറ്റുകാരനാകില്ല എന്നാണ്. പക്ഷേ ആ കൂട്ടുകെട്ടു പെട്ടെന്നുതന്നെ അദ്ദേഹത്തെ അമിതമായ കുടിയിലേക്കും അധാർമികപ്രവർത്തനങ്ങളിലേക്കും നയിച്ചു. അപ്പോൾ അദ്ദേഹം മാതാപിതാക്കൾ തന്നെ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും യഹോവയെ ആരാധിച്ചിരുന്നപ്പോൾ തനിക്കുണ്ടായിരുന്ന സന്തോഷത്തെക്കുറിച്ചും ഓർത്തു. അതു ശരിയായ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. മൂപ്പന്മാരുടെ സഹായത്തോടെ ലിയോ യഹോവയിലേക്കു മടങ്ങിവന്നു. അദ്ദേഹം ഇപ്പോൾ സന്തോഷത്തോടെ ഒരു മൂപ്പനും പ്രത്യേക മുൻനിരസേവകനുമായി പ്രവർത്തിക്കുന്നു.
6. ഏതു രണ്ടു സ്ത്രീകളെക്കുറിച്ചായിരിക്കും നമ്മൾ ഇനി ചർച്ച ചെയ്യുന്നത്?
6 നമുക്ക് ഇപ്പോൾ സുഭാഷിതങ്ങൾ 9-ാം അധ്യായം നോക്കാം. അവിടെ ജ്ഞാനത്തെയും വിഡ്ഢിത്തത്തെയും രണ്ടു സ്ത്രീകളായി ചിത്രീകരിച്ചിരിക്കുന്നു. (റോമർ 5:14; ഗലാത്യർ 4:24 താരതമ്യം ചെയ്യുക.) അതു പഠിക്കുമ്പോൾ ഒരു കാര്യം മനസ്സിൽപ്പിടിക്കുക. സാത്താന്റെ ലോകം ഇന്ന് അധാർമികതയും അശ്ലീലവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. (എഫെ. 4:19) അതുകൊണ്ടുതന്നെ നമ്മൾ ദൈവഭയം വളർത്തിയെടുക്കേണ്ടതും തെറ്റായ കാര്യങ്ങളിൽനിന്ന് ഓടിയകലേണ്ടതും വളരെ പ്രധാനമാണ്. (സുഭാ. 16:6) സുഭാഷിതങ്ങൾ 9-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നവയാണ്. അവിടെ കാണുന്ന രണ്ടു സ്ത്രീകളും ‘സാമാന്യബോധമില്ലാത്തവർക്ക്’ അതായത് അനുഭവപരിചയമില്ലാത്തവർക്ക് ഒരു ക്ഷണം നീട്ടിക്കൊടുക്കുന്നുണ്ട്. രണ്ടു പേരും ക്ഷണിക്കുന്നത് ഒരേ കാര്യത്തിനാണ്, ‘വീട്ടിൽ വന്ന് ആഹാരം കഴിക്കാൻ.’ (സുഭാ. 9:1, 5, 6, 13, 16, 17) എന്നാൽ ആരുടെ ക്ഷണം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ച് അവർക്കുണ്ടാകുന്ന അനുഭവം വ്യത്യസ്തമായിരിക്കും.
വിവരദോഷിയായ സ്ത്രീയുടെ ക്ഷണം നിരസിക്കുക
7. സുഭാഷിതങ്ങൾ 9:13-18 അനുസരിച്ച് വിവരദോഷിയായ സ്ത്രീയുടെ ക്ഷണം സ്വീകരിക്കുന്നത് എന്തിലേക്കാണു നയിക്കുന്നത്? (ചിത്രവും കാണുക.)
7 “വിവരദോഷിയായ സ്ത്രീ” നൽകുന്ന ക്ഷണം എന്താണെന്നു കണ്ടോ? (സുഭാഷിതങ്ങൾ 9:13-18 വായിക്കുക.) സാമാന്യബോധമില്ലാത്തവരോട് അവൾ ‘ഇവിടേക്കു വന്ന്’ ആഹാരം കഴിക്കൂ എന്ന് ഒരു നാണവുമില്ലാതെ വിളിച്ചുപറയുന്നു. ആ ക്ഷണം സ്വീകരിക്കുന്നതിന്റെ ഫലം എന്തായിരിക്കും? ‘മരിച്ചവരാണ് അവിടെയുള്ളതെന്ന്’ വാക്യം പറയുന്നു. സുഭാഷിതങ്ങളുടെ പുസ്തകത്തിൽ ഇതിനു മുമ്പും ഇതുപോലുള്ള ആലങ്കാരികഭാഷ ഉപയോഗിച്ചിരിക്കുന്നതു നിങ്ങൾ ഓർക്കുന്നുണ്ടാകും. അവിടെ ‘വഴിപിഴച്ച, അസാന്മാർഗിയായ’ ഒരു സ്ത്രീക്ക് എതിരെയുള്ള മുന്നറിയിപ്പു കാണാം. “അവളുടെ വീടു മരണത്തിലേക്കു താഴുന്നു” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. (സുഭാ. 2:11-19) ഇനി, സുഭാഷിതങ്ങൾ 5:3-10 വരെയുള്ള വാക്യങ്ങളിൽ “വഴിപിഴച്ച” മറ്റൊരു സ്ത്രീയെക്കുറിച്ചും ‘അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങുന്നതിനെക്കുറിച്ചും’ പറഞ്ഞിരിക്കുന്നു.
8. നമ്മൾ എന്തു തീരുമാനം എടുക്കേണ്ടിവരും?
8 ‘വിവരദോഷിയായ സ്ത്രീയുടെ’ ക്ഷണം കിട്ടുന്ന വ്യക്തി ഒരു തീരുമാനം എടുക്കേണ്ടിവരുന്നു: അതു സ്വീകരിക്കണോ, അതോ നിരസിക്കണോ? നമുക്കും ഇതുപോലൊരു തീരുമാനം എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അധാർമികപ്രവർത്തനങ്ങളിൽ ഉൾപ്പെടാൻ ആരെങ്കിലും നമ്മളെ നിർബന്ധിക്കുകയോ നമ്മുടെ കമ്പ്യൂട്ടറിലോ ഫോണിലോ ഒരു അശ്ലീലചിത്രം തെളിഞ്ഞുവരുകയോ ചെയ്യുന്നതുപോലുള്ള സാഹചര്യങ്ങളിലായിരിക്കാം അത്. അപ്പോൾ നമ്മൾ എന്തു ചെയ്യും?
9-10. ലൈംഗിക അധാർമികത ഒഴിവാക്കേണ്ടതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
9 ലൈംഗിക അധാർമികത ഒഴിവാക്കാൻ നമുക്കു പ്രധാനപ്പെട്ട പല കാരണങ്ങളുമുണ്ട്. “മോഷ്ടിക്കുന്ന വെള്ളത്തിനു മധുരമാണ്” എന്ന് “വിവരദോഷിയായ സ്ത്രീ” പറയുന്നതായി സുഭാഷിതങ്ങളുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. എന്താണു ‘മോഷ്ടിക്കുന്ന വെള്ളം?’ ദമ്പതികൾക്കിടയിലെ ലൈംഗികതയെ ഉന്മേഷം പകരുന്ന ശുദ്ധജലത്തോടാണു ബൈബിൾ ഉപമിച്ചിരിക്കുന്നത്. (സുഭാ. 5:15-18) നിയമപരമായി വിവാഹിതരായിരിക്കുന്ന ഒരു പുരുഷനും സ്ത്രീക്കും ഉചിതമായ വിധത്തിൽ അത്തരമൊരു സന്തോഷം ആസ്വദിക്കാനുള്ള അനുവാദം ഉണ്ട്. എന്നാൽ ‘മോഷ്ടിക്കുന്ന വെള്ളം’ എന്നു പറഞ്ഞിരിക്കുന്നതു നിയമവിരുദ്ധമായ, അധാർമികമായ ലൈംഗികബന്ധത്തെയായിരിക്കാം. അതു പലപ്പോഴും രഹസ്യത്തിലായിരിക്കും നടക്കുന്നത്, ഒരു കള്ളൻ മോഷ്ടിക്കുന്നതുപോലെ. തങ്ങൾ ചെയ്യുന്നത് ആരും അറിയില്ല എന്നു ചിന്തിക്കുമ്പോൾ ‘മോഷ്ടിച്ച ആ വെള്ളത്തിനു മധുരമുള്ളതായി’ തോന്നാം. പക്ഷേ അവർ തങ്ങളെത്തന്നെ വഞ്ചിക്കുകയാണ്. കാരണം, യഹോവ എല്ലാം കാണുന്നുണ്ട്. യഹോവയുടെ പ്രീതി നഷ്ടപ്പെടുന്നതിനെക്കാൾ കയ്പേറിയ എന്താണുള്ളത്! ആ അനുഭവം ഒട്ടും ‘മധുരമുള്ളതല്ല.’ (1 കൊരി. 6:9, 10) എന്നാൽ നഷ്ടം അവിടംകൊണ്ട് തീരുന്നില്ല.
10 ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നവർക്കു നാണക്കേടും വിലയില്ലെന്ന തോന്നലും ആഗ്രഹിക്കാത്ത ഗർഭധാരണവും കുടുംബപ്രശ്നങ്ങളും ഒക്കെ ഉണ്ടായേക്കാം. ഇനി, അങ്ങനെയുള്ളവർക്ക് ആത്മീയമരണം സംഭവിക്കുന്നതു കൂടാതെ രോഗം പിടിപെട്ട് അകാലമരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വിവരദോഷിയായ സ്ത്രീയുടെ ക്ഷണം സ്വീകരിക്കാതിരിക്കുന്നത് എത്ര ബുദ്ധിയായിരിക്കും! (സുഭാ. 7:23, 26) സുഭാഷിതങ്ങൾ 9:18 പറയുന്നു: ‘അവളുടെ അതിഥികൾ ശവക്കുഴിയുടെ ആഴങ്ങളിലാണ്.’ അങ്ങനെയായിട്ടും എന്തുകൊണ്ടാണു പലരും നാശത്തിലേക്കു നയിക്കുന്ന അവളുടെ ഈ ക്ഷണം സ്വീകരിക്കുന്നത്?—സുഭാ. 9:13-18.
11. അശ്ലീലം കാണുന്നതു വളരെ ദോഷം ചെയ്യുന്ന ഒന്നായിരിക്കുന്നത് എങ്ങനെ?
11 അശ്ലീലം എന്ന കെണിയാണു വിവരദോഷിയായ സ്ത്രീയുടെ ക്ഷണം സ്വീകരിക്കുന്നതിലേക്കു പലരെയും നയിക്കുന്നത്. അശ്ലീലം കാണുന്നതു ദോഷം ചെയ്യില്ലെന്നാണു പലരും ചിന്തിക്കുന്നത്. എന്നാൽ വാസ്തവത്തിൽ അത് ആളുകളെ മോശമായി ബാധിക്കുകയും തങ്ങളെത്തന്നെയും മറ്റുള്ളവരെയും വിലകുറച്ച് കാണാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ ആ ശീലത്തിൽനിന്ന് പുറത്തുകടക്കാനും വളരെ ബുദ്ധിമുട്ടായിത്തീരും. അശ്ലീലചിത്രങ്ങൾ കാണുന്നവരുടെ മനസ്സിൽനിന്ന് അവ പെട്ടന്നെങ്ങും മായില്ല. ഇനി, അശ്ലീലം വീക്ഷിക്കുന്നതു മോശം ആഗ്രഹങ്ങളെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ ആളിക്കത്തിക്കുകയാണു ചെയ്യുന്നത്. (കൊലോ. 3:5; യാക്കോ. 1:14, 15) അതുകൊണ്ടുതന്നെ അശ്ലീലം വീക്ഷിക്കുന്ന പല ആളുകളും അധാർമികപ്രവർത്തനങ്ങളിലേക്കു ചെന്നെത്തുന്നു.
12. മോശമായ ചിന്തകൾ ഉണർത്തുന്ന ചിത്രങ്ങൾ ഒഴിവാക്കുന്നതിനു നമുക്ക് എന്തു ചെയ്യാം?
12 നമ്മുടെ മൊബൈലിലോ ടാബിലോ ഒരു അശ്ലീലചിത്രം വരുകയാണെങ്കിൽ ക്രിസ്ത്യാനികളായ നമ്മൾ എന്തു ചെയ്യണം? പെട്ടെന്നുതന്നെ അതു മാറ്റിക്കളയണം. യഹോവയുമായുള്ള ബന്ധമാണു നമുക്ക് ഏറ്റവും വിലപ്പെട്ടതെന്നു ചിന്തിക്കുന്നെങ്കിൽ അങ്ങനെ ചെയ്യാൻ നമുക്ക് എളുപ്പമായിരിക്കും. ചില ചിത്രങ്ങൾ അശ്ലീലമല്ലെന്നു പൊതുവെ തോന്നിയാൽപ്പോലും അവയ്ക്കു നമ്മളിൽ മോശമായ ആഗ്രഹങ്ങൾ ഉണർത്താൻ കഴിഞ്ഞേക്കും. അതുപോലും നമ്മൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണ്? കാരണം, ഹൃദയത്തിൽപ്പോലും വ്യഭിചാരം ചെയ്യാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല. (മത്താ. 5:28, 29) തായ്ലൻഡിൽ താമസിക്കുന്ന ഡേവിഡ് എന്നു പേരുള്ള ഒരു മൂപ്പൻ പറയുന്നു: “എന്റെ മുന്നിൽ വരുന്നത് അത്ര അശ്ലീലചിത്രമല്ലെങ്കിൽക്കൂടി ഞാൻ അതുതന്നെ നോക്കിക്കൊണ്ടിരുന്നാൽ യഹോവയ്ക്ക് ഇഷ്ടപ്പെടുമോ എന്ന് ഞാൻ എന്നോടുതന്നെ ചോദിക്കും. ഇങ്ങനെയൊക്കെ ചിന്തിക്കുന്നതു ജ്ഞാനത്തോടെ പ്രവർത്തിക്കാൻ എന്നെ സഹായിക്കുന്നു.”
13. ജ്ഞാനത്തോടെ പ്രവർത്തിക്കാൻ നമ്മളെ എന്തു സഹായിക്കും?
13 നമ്മൾ ചെയ്യുന്ന കാര്യങ്ങൾ യഹോവയെ വിഷമിപ്പിക്കുമോയെന്നു ചിന്തിക്കുന്നതു ജ്ഞാനത്തോടെ പ്രവർത്തിക്കാൻ നമ്മളെ സഹായിക്കും. അത്തരം ദൈവഭയമാണ് “ജ്ഞാനത്തിന്റെ തുടക്കം” അഥവാ അടിസ്ഥാനം. (സുഭാ. 9:10) സുഭാഷിതങ്ങൾ 9-ാം അധ്യായത്തിന്റെ തുടക്കത്തിൽ അതെക്കുറിച്ചാണു പറയുന്നത്. അവിടെ ‘യഥാർഥജ്ഞാനത്തെ’ മറ്റൊരു സ്ത്രീയായി ചിത്രീകരിച്ചിരിക്കുന്നു.
ജ്ഞാനിയായ സ്ത്രീയുടെ ക്ഷണം സ്വീകരിക്കുക
14. സുഭാഷിതങ്ങൾ 9:1-6-ൽ വ്യത്യസ്തമായ ഏതു ക്ഷണത്തെക്കുറിച്ച് കാണാം?
14 സുഭാഷിതങ്ങൾ 9:1-6 വായിക്കുക. ഇവിടെ നമ്മുടെ സ്രഷ്ടാവും ജ്ഞാനത്തിന്റെ ഉറവിടവും ആയ യഹോവയിൽനിന്ന് വരുന്ന ഒരു ക്ഷണത്തെക്കുറിച്ച് നമ്മൾ കാണുന്നു. (സുഭാ. 2:6; റോമ. 16:27) ഏഴു തൂണുകളുള്ള വലിയൊരു വീട്ടിലേക്കാണ് യഹോവ നമ്മളെ ക്ഷണിക്കുന്നത്. അതു കാണിക്കുന്നതു തന്നിൽനിന്ന് പഠിച്ചുകൊണ്ട് ജീവിതത്തിൽ ജ്ഞാനികളായിരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും യഹോവ ഉദാരമായി ക്ഷണിക്കുന്നു എന്നാണ്.
15. എന്തു ചെയ്യാനാണു ദൈവം നമ്മളെ ക്ഷണിക്കുന്നത്?
15 യഹോവ ഉദാരനായ, സമൃദ്ധമായി കൊടുക്കുന്ന ദൈവമാണ്. സുഭാഷിതങ്ങൾ 9-ാം അധ്യായത്തിൽ ‘യഥാർഥജ്ഞാനിയായി’ ചിത്രീകരിച്ചിരിക്കുന്ന സ്ത്രീയിലും ഈ ഗുണങ്ങളൊക്കെ കാണാം. വിവരണത്തിൽ നാം വായിക്കുന്നത് ആ സ്ത്രീ ഇറച്ചി തയ്യാറാക്കി വെച്ചിരിക്കുന്നതായും വീഞ്ഞിൽ കൂട്ടു ചേർത്ത് രുചി വർധിപ്പിച്ചിരിക്കുന്നതായും വീട്ടിലെ മേശ ഒരുക്കിവെച്ചിരിക്കുന്നതായും ആണ്. (സുഭാ. 9:2, അടിക്കുറിപ്പ്.) ഇനി 4, 5 വാക്യങ്ങളിൽ “സമാന്യബോധമില്ലാത്തവരോട് അവൾ (യഥാർഥജ്ഞാനം) ഇങ്ങനെ പറയുന്നു: ‘വരൂ, വന്ന് എന്റെ അപ്പം തിന്നൂ.’” നമ്മൾ ജ്ഞാനിയായ സ്ത്രീയുടെ ക്ഷണം സ്വീകരിക്കേണ്ടത് എന്തുകൊണ്ട്? കാരണം യഹോവ ആഗ്രഹിക്കുന്നതു തന്റെ മക്കൾ ജ്ഞാനികളും സുരക്ഷിതരും ആയിരിക്കാനാണ്. ജീവിതത്തിൽ ഒരു തെറ്റു പറ്റിയിട്ട് അതിന്റെ മോശം അനുഭവങ്ങളിൽനിന്ന് നമ്മൾ ഒരു പാഠം പഠിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ‘നേരുള്ളവർക്കായി ദൈവം ജ്ഞാനം സൂക്ഷിച്ചുവെച്ചിരിക്കുന്നത്.’ (സുഭാ. 2:7) നമ്മുടെ ഉള്ളിൽ ശരിയായ ദൈവഭയം ഉണ്ടെങ്കിൽ ദൈവത്തിന്റെ ക്ഷണം സ്വീകരിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് യഹോവയെ സന്തോഷിപ്പിക്കാൻ നമ്മൾ ആഗ്രഹിക്കും.—യാക്കോ. 1:25.
16. ജ്ഞാനത്തോടെ ഒരു തീരുമാനമെടുക്കാൻ ദൈവഭയം അലനെ സഹായിച്ചത് എങ്ങനെ, അതിന്റെ പ്രയോജനം എന്തായിരുന്നു?
16 ദൈവഭയം എങ്ങനെയാണു ജ്ഞാനത്തോടെ തീരുമാനമെടുക്കാൻ അലനെ സഹായിച്ചതെന്നു നോക്കുക. അദ്ദേഹം ഒരു മൂപ്പനും സ്കൂൾ അധ്യാപകനുമാണ്. സഹോദരൻ പറയുന്നു: “എന്റെ കൂടെ ജോലി ചെയ്യുന്ന പല അധ്യാപകരും അശ്ലീലസിനിമകളെ കാണുന്നതു ലൈംഗികവിദ്യാഭ്യാസം കിട്ടാൻ സഹായിക്കുന്ന ഒന്നായിട്ടാണ്.” എന്നാൽ അതു ശരിയല്ലെന്ന് അലന് അറിയാമായിരുന്നു. “ദൈവഭയം ഉള്ളതുകൊണ്ട്, അത്തരം സിനിമകൾ കാണില്ലെന്നു തീർത്തുപറയാൻ എനിക്കായി. അതിന്റെ കാരണം എന്താണെന്നു സഹപ്രവർത്തകരോടു വിശദീകരിക്കുകയും ചെയ്തു.” അങ്ങനെ അദ്ദേഹം യഥാർഥജ്ഞാനത്തിനു ചെവി കൊടുത്തു; ‘വകതിരിവിന്റെ വഴിയേ മുന്നോട്ടു നടന്നു.’ (സുഭാ. 9:6) അലന്റെ ഈ ഉറച്ചനിലപാടു കണ്ട അധ്യാപകരിൽ ചിലർ ഇപ്പോൾ ബൈബിൾ പഠിക്കുകയും മീറ്റിങ്ങുകൾക്കു പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
17-18. യഥാർഥജ്ഞാനത്തിന്റെ ക്ഷണം സ്വീകരിക്കുന്നവർക്ക് ഇപ്പോഴും ഭാവിയിലും എന്തൊക്കെ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും? (ചിത്രവും കാണുക.)
17 രണ്ടു സ്ത്രീകളുടെ ഉദാഹരണത്തിലൂടെ നല്ല ഒരു ഭാവി കിട്ടാൻ നമുക്ക് എന്തു ചെയ്യാനാകുമെന്ന് യഹോവ കാണിച്ചുതരുന്നു. ‘വിവരദോഷിയായ സ്ത്രീയുടെ’ ക്ഷണം സ്വീകരിക്കുന്ന വ്യക്തികൾ അധാർമികത എന്ന ‘മധുരം’ ആസ്വദിക്കാൻ നോക്കുന്നവരാണ്. പക്ഷേ ഇപ്പോഴത്തെ സുഖങ്ങളുടെ പുറകേ പോകുന്ന അവർ മറക്കുന്ന ഒരു കാര്യമുണ്ട്: അത് അവരുടെ ഭാവി അപകടത്തിലാക്കുമെന്ന കാര്യം. കാരണം അവർ ചെന്നെത്താൻ പോകുന്നതു ‘ശവക്കുഴിയുടെ ആഴങ്ങളിലാണ്.’—സുഭാ. 9:13, 17, 18.
18 എന്നാൽ ‘യഥാർഥജ്ഞാനത്തിന്റെ’ ക്ഷണം സ്വീകരിക്കുന്നവരുടെ കാര്യം അങ്ങനെയല്ല. അവർ ഇന്നു ശരിക്കുമൊരു വിരുന്ന് ആസ്വദിക്കുകയാണ്. നന്നായി തയ്യാറാക്കിയ, പോഷകസമൃദ്ധമായ ഒരു ആത്മീയവിരുന്ന്! (യശ. 65:13) യശയ്യ പ്രവാചകനിലൂടെ യഹോവ പറയുന്നു: “ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് നല്ല ഭക്ഷണം കഴിക്കുക, അങ്ങനെ, സമ്പുഷ്ടമായ ആഹാരം കഴിച്ച് നിങ്ങൾ സന്തോഷിച്ചാനന്ദിക്കും.” (യശ. 55:1, 2) യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കാനും വെറുക്കുന്നതിനെ വെറുക്കാനും നമ്മൾ പഠിക്കുന്നു. (സങ്കീ. 97:10) ‘യഥാർഥജ്ഞാനത്തിൽനിന്ന്’ പ്രയോജനം നേടാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സംതൃപ്തിയും നമുക്കുണ്ട്. അതു നമ്മൾ ‘നഗരത്തിലെ ഉയർന്ന സ്ഥലങ്ങളിൽ ചെന്ന് “അനുഭവജ്ഞാനമില്ലാത്തവരെല്ലാം ഇവിടേക്കു വരട്ടെ” എന്നു വിളിച്ചുപറയുന്നതുപോലെയാണ്.’ ആ ക്ഷണത്തോടു പ്രതികരിക്കുന്നവർക്കും നമുക്കും ഉള്ള പ്രയോജനങ്ങൾ ഇന്നും എന്നേക്കും ഉള്ളതാണ്. അതെ, ‘വകതിരിവിന്റെ വഴിയേ മുന്നോട്ടു നടന്നാൽ’ നമുക്ക് എന്നെന്നും ‘ജീവിച്ചിരിക്കാൻ’ കഴിയും.—സുഭാ. 9:3, 4, 6.
19. സഭാപ്രസംഗകൻ 12:13, 14 പറയുന്നതനുസരിച്ച് എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം? (“ ദൈവഭയം നമുക്കു പ്രയോജനം ചെയ്യുന്നു” എന്ന ചതുരവും കാണുക.)
19 സഭാപ്രസംഗകൻ 12:13, 14 വായിക്കുക. ദൈവഭയത്തിന്, ഈ ദുഷിച്ച ലോകത്തിന്റെ അവസാനനാളുകളിൽ ജീവിക്കുന്ന നമ്മുടെ ഹൃദയത്തെ സംരക്ഷിക്കാനാകും. അത് ധാർമികമായി ശുദ്ധരായിരിക്കാനും യഹോവയോട് അടുത്തുനിൽക്കാനും നമ്മളെ സഹായിക്കും. ഇതേ ദൈവഭയം യഥാർഥജ്ഞാനം കണ്ടെത്താനും അതിൽനിന്ന് പ്രയോജനം നേടാനും പരമാവധി ആളുകളെ ക്ഷണിക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും.
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?
a ക്രിസ്ത്യാനികളായ നമ്മൾ ശരിയായ ദൈവഭയം വളർത്തിയെടുക്കണം. കാരണം അത്തരം ഭയം നമ്മുടെ ഹൃദയത്തെ സംരക്ഷിക്കും. കൂടാതെ ലൈംഗിക അധാർമികതയിൽനിന്നും അശ്ലീലം കാണുന്നതിൽനിന്നും നമ്മളെ തടയുകയും ചെയ്യും. ഈ ലേഖനത്തിൽ സുഭാഷിതങ്ങൾ 9-ാം അധ്യായത്തിലെ ചില കാര്യങ്ങളാണു നമ്മൾ ചർച്ച ചെയ്യുന്നത്. അവിടെ ജ്ഞാനത്തെയും വിഡ്ഢിത്തത്തെയും രണ്ടു സ്ത്രീകളായി ചിത്രീകരിച്ചുകൊണ്ട് അവ തമ്മിലുള്ള വലിയ വ്യത്യാസം എടുത്തുകാണിച്ചിരിക്കുന്നു. അതിലെ ഉപദേശം നമുക്ക് ഇപ്പോഴും ഭാവിയിലും പ്രയോജനം ചെയ്യുന്നവയാണ്.
b ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.