പഠനലേഖനം 27
നമ്മൾ യഹോവയെ ഭയപ്പെടേണ്ടത് എന്തുകൊണ്ട്?
“യഹോവയെ ഭയപ്പെടുന്നവരായിരിക്കും അവന്റെ ഉറ്റ സ്നേഹിതർ.”—സങ്കീ. 25:14.
ഗീതം 8 യഹോവ നമുക്ക് അഭയം
ചുരുക്കം a
1-2. സങ്കീർത്തനം 25:14 പറയുന്നതനുസരിച്ച് യഹോവയുമായി അടുത്ത സുഹൃദ്ബന്ധമുണ്ടായിരിക്കാൻ നമ്മൾ എന്തു ചെയ്യണം?
ആരെങ്കിലുമായി ഒരു അടുത്ത സുഹൃദ്ബന്ധം നിലനിറുത്താൻ ഏതൊക്കെ ഗുണങ്ങളാണു വേണ്ടത്? പരസ്പരസ്നേഹം, പിന്തുണ ഇതൊക്കെയായിരിക്കും സാധ്യതയനുസരിച്ച് ആദ്യം നിങ്ങളുടെ മനസ്സിലേക്കു വരുന്നത്. എന്നാൽ ഭയം എന്ന ഗുണത്തിനു നല്ല കൂട്ടുകാർക്കിടയിൽ ഒരു സ്ഥാനമുണ്ടെന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ ഈ ലേഖനത്തിന്റെ ആധാരവാക്യം പറയുന്നതുപോലെ യഹോവയുമായി ഒരു അടുത്തബന്ധം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നവർ ‘യഹോവയെ ഭയപ്പെടേണ്ടതുണ്ട്.’—സങ്കീർത്തനം 25:14 വായിക്കുക.
2 യഹോവയെ സേവിക്കാൻ തുടങ്ങിയിട്ട് എത്രകാലം ആയാലും നമ്മളെല്ലാം ശരിയായ വിധത്തിലുള്ള ദൈവഭയം എപ്പോഴും നിലനിറുത്തണം. എന്നാൽ യഹോവയെ ഭയപ്പെടുക എന്നു പറയുന്നതിന്റെ അർഥം എന്താണ്? ദൈവത്തെ ഭയപ്പെടാൻ നമുക്ക് എങ്ങനെ പഠിക്കാം? യഹോവയെ ഭയപ്പെടുന്നതിനെക്കുറിച്ച് കൊട്ടാരവിചാരകനായ ഓബദ്യ, മഹാപുരോഹിതനായ യഹോയാദ, രാജാവായ യഹോവാശ് എന്നിവരിൽനിന്ന് നമുക്ക് എന്തൊക്കെ പഠിക്കാം?
ദൈവത്തെ ഭയപ്പെടുക എന്നതിന്റെ അർഥം എന്താണ്?
3. ഭയം നമ്മളെ സംരക്ഷിക്കുന്നത് എങ്ങനെ?
3 എന്തെങ്കിലും ഒരു അപകടം ഉണ്ടാകുമെന്നു കണ്ടാൽ നമുക്ക് ഉള്ളിൽ ഒരു പേടി തോന്നും. അത്തരം പേടി നല്ലതുമാണ്. കാരണം ശരിയായ തീരുമാനമെടുക്കാൻ അതു നമ്മളെ പ്രേരിപ്പിക്കും. ഉദാഹരണത്തിന്, താഴേക്കു വീഴുമോയെന്ന ഭയം, കുത്തനെയുള്ള ഒരു പാറയുടെ അരികിലൂടെ നടക്കാതിരിക്കാൻ നമ്മളെ സഹായിക്കും. എന്തെങ്കിലും പരിക്കു പറ്റുമോയെന്ന പേടി ഉള്ളതുകൊണ്ട് ഒരു അപകടസ്ഥലത്തുനിന്ന് നമ്മൾ പെട്ടെന്നു രക്ഷപ്പെടാൻ നോക്കും. ഇനി, ഒരു സുഹൃദ്ബന്ധം തകരുമോയെന്ന ഭയം ദയയില്ലാതെ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിൽനിന്ന് നമ്മളെ തടയും.
4. നമുക്ക് യഹോവയോട് ഏതു തരത്തിലുള്ള ഭയമുണ്ടായിരിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്?
4 ആളുകൾ യഹോവയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയന്ന് വിറയ്ക്കണം എന്നാണു സാത്താൻ ആഗ്രഹിക്കുന്നത്. ദൈവത്തെക്കുറിച്ച് എലീഫസ് പറഞ്ഞതുപോലുള്ള കാര്യങ്ങൾ ആളുകളെ വിശ്വസിപ്പിക്കാൻ സാത്താൻ ശ്രമിക്കുന്നു. യഹോവ പ്രതികാരദാഹിയും കോപം നിറഞ്ഞവനും ആർക്കും ഒരിക്കലും സന്തോഷിപ്പിക്കാൻ പറ്റാത്തവനും ആയ ദൈവമാണെന്നാണു സാത്താൻ അവകാശപ്പെടുന്നത്. (ഇയ്യോ. 4:18, 19) പേടി കൂടിക്കൂടി വന്നിട്ടു നമ്മൾ ദൈവത്തെ സേവിക്കുന്നതു നിറുത്തണമെന്നാണ് അവന്റെ ആഗ്രഹം. ആ കെണിയിൽ വീഴാതിരിക്കാൻ നമ്മൾ ശരിയായ ദൈവഭയം വളർത്തിയെടുക്കണം.
5. ദൈവത്തെ ഭയപ്പെടുക എന്നതിന്റെ അർഥമെന്താണ്?
5 ശരിയായ ദൈവഭയമുള്ള ഒരു വ്യക്തി ദൈവത്തെ സ്നേഹിക്കും. ദൈവവുമായുള്ള ബന്ധത്തിനു തടസ്സമായേക്കാവുന്ന യാതൊന്നും ചെയ്യുകയും ഇല്ല. യേശുവിനുണ്ടായിരുന്നത് അത്തരത്തിലുള്ള ‘ദൈവഭയമാണ്.’ (എബ്രാ. 5:7) അത്, പേടിച്ച് വിറയ്ക്കുന്നതുപോലുള്ള ഒരു ഭയമായിരുന്നില്ല. (യശ. 11:2, 3) പകരം ആഴമായ സ്നേഹം തോന്നിയിട്ട് യഹോവയെ അനുസരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായിരുന്നു. (യോഹ. 14:21, 31) യഹോവയുടെ സ്നേഹം, നീതി, ജ്ഞാനം, ശക്തി തുടങ്ങിയ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ യേശുവിനെപ്പോലെ നമുക്കും ദൈവത്തോട് ആഴമായ ബഹുമാനവും ഭയാദരവും തോന്നുന്നു. യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നതുകൊണ്ട് തന്റെ നിർദേശങ്ങളോടുള്ള നമ്മുടെ പ്രതികരണം യഹോവയെ ബാധിക്കുമെന്നു നമുക്ക് അറിയാം. ഒന്നുകിൽ അതു ദൈവത്തെ സന്തോഷിപ്പിക്കും, അല്ലെങ്കിൽ സങ്കടപ്പെടുത്തും. അതുകൊണ്ടാണു നമ്മൾ യഹോവയെ വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്യാത്തത്.—സങ്കീ. 78:41; സുഭാ. 27:11.
ദൈവത്തെ ഭയപ്പെടാൻ നമുക്കു പഠിക്കാനാകും
6. ദൈവത്തെ ഭയപ്പെടാൻ പഠിക്കുന്നതിനുള്ള ഒരു വിധം ഏതാണ്? (സങ്കീർത്തനം 34:11)
6 നമ്മൾ ആരും ജനിക്കുന്നതു ദൈവഭയമുള്ളവരായിട്ടല്ല. അതുകൊണ്ടുതന്നെ അതു വളർത്തിയെടുക്കേണ്ട ഒന്നാണ്. (സങ്കീർത്തനം 34:11 വായിക്കുക.) സൃഷ്ടികളെ നിരീക്ഷിക്കുക എന്നതാണ് അതിനുള്ള ഒരു വിധം. സൃഷ്ടികളെ നിരീക്ഷിക്കുന്നതിലൂടെ ദൈവത്തിന്റെ ജ്ഞാനം, ശക്തി, നമ്മളോടുള്ള സ്നേഹം എല്ലാം ‘മനസ്സിലാക്കാൻ’ നമുക്കാകും. (റോമ. 1:20) നമ്മൾ എത്ര കൂടുതൽ അങ്ങനെ ചെയ്യുന്നുവോ അതനുസരിച്ച് ദൈവത്തോടുള്ള ആദരവും സ്നേഹവും വർധിക്കും. സൃഷ്ടികളെക്കുറിച്ച് പതിവായി ധ്യാനിക്കാറുള്ള അഡ്രിയൻ സഹോദരി അതിലൂടെ തനിക്കു ലഭിച്ച പ്രയോജനത്തെക്കുറിച്ച് പറയുന്നു: “സൃഷ്ടികളെ നിരീക്ഷിക്കുമ്പോൾ യഹോവയുടെ ജ്ഞാനത്തെക്കുറിച്ച് ഓർത്ത് ഞാൻ അതിശയിക്കാറുണ്ട്. എനിക്ക് ഏറ്റവും നല്ലത് എന്താണെന്ന് യഹോവയ്ക്കു നന്നായി അറിയാം എന്ന ഉറപ്പ് എനിക്ക് അതിലൂടെ കിട്ടുന്നു. എനിക്കു ജീവൻ നൽകിയ യഹോവയുമായുള്ള ബന്ധം തകർക്കുന്ന ഒന്നും ചെയ്യാതിരിക്കാൻ അത് എന്നെ സഹായിക്കുന്നു.” അതുപോലെ നിങ്ങൾക്കും ഏതെങ്കിലും ഒരു സൃഷ്ടിയെക്കുറിച്ച് ചിന്തിക്കാൻ ഈ ആഴ്ചതന്നെ അൽപ്പസമയം മാറ്റിവെക്കാനാകുമോ? അങ്ങനെ ചെയ്യുന്നത് യഹോവയോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും കൂടുതൽ ശക്തമാക്കും.—സങ്കീ. 111:2, 3.
7. ശരിയായ വിധത്തിലുള്ള ദൈവഭയം വളർത്തിയെടുക്കാൻ പ്രാർഥന സഹായിക്കുന്നത് എങ്ങനെ?
7 ദൈവഭയം വളർത്തിയെടുക്കാനാകുന്ന മറ്റൊരു വിധം പതിവായി പ്രാർഥിക്കുന്നതാണ്. എത്രയധികം പ്രാർഥിക്കുന്നുവോ അത്രയധികം യഹോവ നമുക്കൊരു യഥാർഥവ്യക്തിയായിത്തീരും. ഒരു പ്രശ്നത്തെ നേരിടാനുള്ള ശക്തിക്കായി ഓരോ തവണ പ്രാർഥിക്കുമ്പോഴും യഹോവയുടെ ശക്തി എത്ര വലുതാണെന്ന് അതു നമ്മളെ ഓർമിപ്പിക്കും. നമുക്കായി സ്വന്തം മകനെ നൽകിയതിനു നന്ദി പറയുന്ന ഒരോ അവസരത്തിലും നമ്മളോടുള്ള യഹോവയുടെ സ്നേഹത്തെക്കുറിച്ച് നമ്മൾ ഓർക്കാനിടയാകും. ഇനി, ഒരു പ്രശ്നം കൈകാര്യം ചെയ്യാനുള്ള സഹായത്തിനായി അപേക്ഷിക്കുമ്പോൾ യഹോവ എത്ര ജ്ഞാനിയാണെന്നു നമ്മൾ അംഗീകരിക്കുകയായിരിക്കും. അത്തരം പ്രാർഥനകൾ യഹോവയോടുള്ള നമ്മുടെ ആദരവ് ആഴമുള്ളതാക്കും. മാത്രമല്ല യഹോവയുമായുള്ള സൗഹൃദം തകർക്കുന്ന ഒന്നും ചെയ്യാതിരിക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാക്കുകയും ചെയ്യും.
8. ദൈവഭയം നിലനിറുത്താൻ നമുക്ക് എന്തു ചെയ്യാം?
8 തിരുവെഴുത്തുകളിലെ നല്ലതും മോശവും ആയ ജീവിതമാതൃകകളിൽനിന്ന് പാഠം ഉൾക്കൊള്ളുകയെന്ന ലക്ഷ്യത്തോടെ ബൈബിൾ പഠിക്കുന്നതു ദൈവഭയം നിലനിറുത്താൻ നമ്മളെ സഹായിക്കും. ഇപ്പോൾ നമ്മൾ, യഹോവയോടു വിശ്വസ്തരായിരുന്ന രണ്ടു പേരെക്കുറിച്ച് പഠിക്കും. ഒന്ന്, ആഹാബ് രാജാവിന്റെ കൊട്ടാരവിചാരകനായിരുന്ന ഓബദ്യയാണ്. രണ്ടാമത്തേതു മഹാപുരോഹിതനായിരുന്ന യഹോയാദയും. തുടർന്ന് യഹൂദയുടെ രാജാവായിരുന്ന യഹോവാശിനെക്കുറിച്ചും നമ്മൾ കാണും. തുടക്കം നല്ലതായിരുന്നെങ്കിലും പിന്നീട് യഹോവയെ ഉപേക്ഷിച്ച ആളായിരുന്നു അദ്ദേഹം.
ദൈവഭയമുണ്ടായിരുന്ന ഓബദ്യയെപ്പോലെ ധൈര്യം കാണിക്കാം
9. ദൈവഭയം ഓബദ്യയെ സഹായിച്ചത് എങ്ങനെ? (1 രാജാക്കന്മാർ 18:3, 12)
9 ബൈബിൾ ഓബദ്യയെ b പരിചയപ്പെടുത്തുന്നത്: “യഹോവയോടു വളരെയധികം ഭയഭക്തിയുണ്ടായിരുന്ന” ഒരാളായിട്ടാണ്. (1 രാജാക്കന്മാർ 18:3, 12 വായിക്കുക.) ഈ ദൈവഭക്തി അദ്ദേഹത്തെ എങ്ങനെയാണു സഹായിച്ചത്? ദൈവഭക്തൻ ആയിരുന്നതുകൊണ്ടു അദ്ദേഹം സത്യസന്ധനും ആശ്രയയോഗ്യനും ആയിരുന്നു. അതുകൊണ്ടാണു രാജാവ് അദ്ദേഹത്തെ കൊട്ടാരവിചാരകനായി നിയമിച്ചത്. (നെഹമ്യ 7:2 താരതമ്യം ചെയ്യുക.) അസാമാന്യധൈര്യം കാണിക്കാനും ദൈവഭയം ഓബദ്യയെ സഹായിച്ചു. ആ ഗുണം വളരെ ആവശ്യമായിരുന്ന സമയത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. കാരണം, അന്നു ഭരണം നടത്തിയിരുന്നതു ‘മുമ്പുണ്ടായിരുന്ന എല്ലാ രാജാക്കന്മാരെക്കാളും നിന്ദ്യനായി യഹോവ കണക്കാക്കിയ‘ ദുഷ്ടനായ ആഹാബ് രാജാവായിരുന്നു. (1 രാജാ. 16:30) കൂടാതെ ആഹാബിന്റെ ഭാര്യയായ ഇസബേൽ ഒരു ബാലാരാധകയും ആയിരുന്നു. യഹോവയെ വെറുത്തിരുന്ന ആ രാജ്ഞി പത്തു ഗോത്ര ഇസ്രായേൽ രാജ്യത്തുനിന്ന് സത്യാരാധന തുടച്ചുനീക്കാൻ ശ്രമിച്ചു. അവർ ദൈവത്തിന്റെ അനേകം പ്രവാചകന്മാരെ കൊല്ലുകപോലും ചെയ്തു. (1 രാജാ. 18:4) ഇത്തരം ഒരു സാഹചര്യത്തിലാണ് ഓബദ്യ യഹോവയെ ആരാധിച്ചിരുന്നത്.
10. ഓബദ്യ അസാമാന്യധൈര്യം കാണിച്ചതെങ്ങനെ?
10 ഓബദ്യ എങ്ങനെയാണ് അസാമാന്യധൈര്യം കാണിച്ചത്? ഇസബേൽ യഹോവയുടെ പ്രവാചകന്മാരെ തിരഞ്ഞുപിടിച്ച് കൊല്ലാൻ നോക്കുന്ന സമയമായിരുന്നു അത്. അപ്പോൾ ധൈര്യത്തോടെ ഓബദ്യ അവരിൽ “100 പേരെ 50 പേർ അടങ്ങുന്ന സംഘങ്ങളായി ഗുഹയിൽ ഒളിപ്പിക്കുകയും അവർക്ക് അപ്പവും വെള്ളവും എത്തിച്ചുകൊടുക്കുകയും ചെയ്തു.” (1 രാജാ. 18:13, 14) ഇക്കാര്യം കണ്ടുപിടിച്ചിരുന്നെങ്കിൽ ഉറപ്പായും ഇസബേൽ ഓബദ്യയെ കൊല്ലുമായിരുന്നു. അതെക്കുറിച്ചോർത്ത് ഓബദ്യക്ക് നല്ല പേടി തോന്നി കാണും, മരിക്കാനും അദ്ദേഹം ആഗ്രഹിച്ചില്ലെന്ന് ഉറപ്പാണ്. എങ്കിലും ഓബദ്യ യഹോവയെയും ദൈവത്തിന്റെ ദാസന്മാരെയും സ്വന്തം ജീവനെക്കാൾ അധികം സ്നേഹിച്ചു.
11. യഹോവയുടെ ആധുനികകാല ദാസന്മാർ ഓബദ്യയെപ്പോലെ ദൈവഭയം കാണിച്ചിരിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
11 ഇന്ന് യഹോവയുടെ ആരാധകരിൽ പലരും താമസിക്കുന്നതു നമ്മുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്ന ദേശങ്ങളിലാണ്. അവർ അധികാരികളെ ബഹുമാനിക്കുന്നു. എങ്കിലും ഓബദ്യയെപ്പോലെ യഹോവയ്ക്കു കൊടുക്കേണ്ട സമ്പൂർണഭക്തി അവർ യഹോവയ്ക്കുതന്നെ കൊടുക്കുന്നു. (മത്താ. 22:21) മനുഷ്യരെക്കാൾ ദൈവത്തെ അനുസരിച്ചുകൊണ്ട് ആ പ്രിയസഹോദരങ്ങൾ ദൈവഭയം കാണിക്കുന്നു. (പ്രവൃ. 5:29) സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ തുടർന്നുകൊണ്ടും രഹസ്യമായി മീറ്റിങ്ങുകൾക്കു കൂടിവന്നുകൊണ്ടും ആണ് അവർ അതു ചെയ്യുന്നത്. (മത്താ. 10:16, 28) ഇനി, യഹോവയോട് അടുത്തുനിൽക്കാൻ സഹോദരങ്ങൾക്ക് ഏറ്റവും ആവശ്യമായ ആത്മീയാഹാരം കിട്ടുന്നുണ്ടെന്നും അവർ ഉറപ്പുവരുത്തുന്നു. ഹെൻട്രി സഹോദരന്റെ കാര്യം നോക്കുക. ഒരു സമയത്ത് നമ്മുടെ പ്രവർത്തനം നിരോധിച്ചിരുന്ന ഒരു ആഫ്രിക്കൻ ദേശത്താണ് അദ്ദേഹം താമസിക്കുന്നത്. നിരോധനമുണ്ടായിരുന്ന സമയത്ത് സഹോദരങ്ങൾക്ക് ആത്മീയഭക്ഷണം എത്തിച്ചുകൊടുക്കാൻ ഹെൻട്രി സഹോദരൻ മുന്നോട്ടുവന്നു. അദ്ദേഹം എഴുതി: “പൊതുവെ ഞാൻ അത്ര ധൈര്യമുള്ളയാളല്ല. പക്ഷേ ആ സമയത്ത് അങ്ങനെ ചെയ്യാൻ എനിക്കു ധൈര്യം കിട്ടിയത്, യഹോവയോട് ആഴമായ ആദരവുണ്ടായിരുന്നതുകൊണ്ടു മാത്രമാണെന്ന് എനിക്കറിയാം.” ഹെൻട്രി സഹോദരനുണ്ടായിരുന്നതുപോലുള്ള ധൈര്യം നിങ്ങൾക്കുണ്ടോ? ശരിയായ ദൈവഭയം വളർത്തിയെടുക്കുകയാണെങ്കിൽ നിങ്ങൾക്കും അതുണ്ടായിരിക്കും.
ദൈവഭയമുണ്ടായിരുന്ന യഹോയാദയെപ്പോലെ വിശ്വസ്തരായിരിക്കുക
12. മഹാപുരോഹിതനായ യഹോയാദയും ഭാര്യയും യഹോവയോടു വിശ്വസ്തരാണെന്നു തെളിയിച്ചത് എങ്ങനെ?
12 മഹാപുരോഹിതനായ യഹോയാദ ദൈവഭയമുള്ള വ്യക്തിയായിരുന്നു. ആ ഭയം യഹോവയോടു വിശ്വസ്തനായിരിക്കാനും സത്യാരാധനയ്ക്കുവേണ്ടി പ്രവർത്തിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഇസബേലിന്റെ മകളായ അഥല്യ യഹൂദയുടെ ഭരണം തട്ടിയെടുത്ത സമയത്ത് അദ്ദേഹത്തിന്റെ വിശ്വസ്തത കൂടുതൽ വ്യക്തമായി. അഥല്യയെ എല്ലാവർക്കും വളരെ പേടിയായിരുന്നു. കാരണം, ക്രൂരയും അധികാരമോഹിയും ആയിരുന്ന അവർ സ്വന്തം കൊച്ചുമക്കൾ ഉൾപ്പെടെ രാജവംശത്തിലെ എല്ലാവരെയും ഇല്ലാതാക്കാൻ ശ്രമിച്ചു. (2 ദിന. 22:10, 11) എന്നാൽ കൊച്ചുമക്കളിൽ ഒരാളായ യഹോവാശിനെ യഹോയാദയുടെ ഭാര്യ യഹോശബത്ത് രക്ഷപ്പെടുത്തി. അഥല്യയുടെ കൈയിൽപ്പെടാതെ അവർ ആ കുഞ്ഞിനെ വളർത്തികൊണ്ടുവന്നു. അതിലൂടെ യഹോയാദയും യഹോശബത്തും ദാവീദിന്റെ രാജപരമ്പര നിലനിറുത്താൻ സഹായിക്കുകയായിരുന്നു. നല്ല പ്രായമുണ്ടായിരുന്നിട്ടും യഹോയാദ പുരോഹിതൻ, അഥല്യയെ പേടിക്കാതെ ശരിയായതു ചെയ്തുകൊണ്ട് യഹോവയോടുള്ള വിശ്വസ്തത തെളിയിച്ചു.—സുഭാ. 29:25.
13. യഹോവാശിന് ഏഴു വയസ്സായ സമയത്ത് യഹോയാദ തന്റെ വിശ്വസ്തത വീണ്ടും തെളിയിച്ചത് എങ്ങനെ?
13 യഹോവാശിന് ഏഴു വയസ്സായ സമയത്ത് യഹോവയോടു വിശ്വസ്തനാണെന്ന് യഹോയാദ വീണ്ടും തെളിയിച്ചു. യഹോവാശിനെ രാജാവാക്കാൻ അദ്ദേഹം ഒരു പദ്ധതിയിട്ടു. അതു വിജയിക്കുകയാണെങ്കിൽ, ദാവീദിന്റെ രാജവംശത്തിൽത്തന്നെയുള്ള ഒരാൾ ഭരണം തുടങ്ങാൻ ഇടയാകുമായിരുന്നു. പക്ഷേ, പദ്ധതി പരാജയപ്പെട്ടാൽ തന്റെ ജീവൻ നഷ്ടമാകുമെന്നും യഹോയാദയ്ക്ക് ഏതാണ്ട് ഉറപ്പായിരുന്നു. എന്നാൽ, യഹോവയുടെ അനുഗ്രഹത്താൽ എല്ലാം നന്നായിനടന്നു. തലവന്മാരുടെയും ലേവ്യരുടെയും പിന്തുണയോടെ യഹോയാദ യഹോവാശിനെ രാജാവാക്കുകയും അഥല്യയെ കൊന്നുകളയുകയും ചെയ്തു. (2 ദിന. 23:1-5, 11, 12, 15; 24:1) തുടർന്ന് അദ്ദേഹം, “എന്നും യഹോവയുടെ ജനമായിരുന്നുകൊള്ളാം എന്ന ഒരു ഉടമ്പടി രാജാവും ജനങ്ങളും യഹോവയും തമ്മിൽ” ഉണ്ടാക്കി. (2 രാജാ. 11:17) കൂടാതെ, “ഏതെങ്കിലും വിധത്തിൽ അശുദ്ധരായവർ യഹോവയുടെ ഭവനത്തിൽ കടക്കാതിരിക്കാൻ യഹോയാദ കവാടങ്ങളിൽ കാവൽക്കാരെയും നിറുത്തി.”—2 ദിന. 23:19.
14. തന്നെ ബഹുമാനിച്ച യഹോയാദയെ യഹോവ എങ്ങനെയൊക്കെയാണു ബഹുമാനിച്ചത്?
14 യഹോവ മുമ്പ് ഇങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നു: “എന്നെ ബഹുമാനിക്കുന്നവരെ ഞാൻ ബഹുമാനിക്കും.” (1 ശമു. 2:30) യഹോയാദയുടെ കാര്യത്തിലും യഹോവ അങ്ങനെതന്നെ ചെയ്തു. ഉദാഹരണത്തിന്, അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളൊക്കെ നമ്മുടെ പ്രയോജനത്തിനായി യഹോവ ബൈബിളിൽ ഉൾപ്പെടുത്തി. (റോമ. 15:4) കൂടാതെ, അദ്ദേഹത്തിനു വളരെ ആദരണീയമായ ഒരു ശവസംസ്കാരം ലഭിക്കുകയും ചെയ്തു. അതെക്കുറിച്ച് ബൈബിൾ പറയുന്നു: “സത്യദൈവത്തോടും ദൈവഭവനത്തോടും ഉള്ള ബന്ധത്തിൽ യഹോയാദ ഇസ്രായേലിൽ ധാരാളം നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ട് അവർ യഹോയാദയെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെകൂടെ അടക്കം ചെയ്തു.”—2 ദിന. 24:15, 16.
15. യഹോയാദയെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (ചിത്രവും കാണുക.)
15 യഹോയാദയെക്കുറിച്ചുള്ള വിവരണം ദൈവഭയം വളർത്തിയെടുക്കാൻ നമ്മളെ എല്ലാവരെയും സഹായിക്കും. ക്രിസ്തീയമേൽവിചാരകന്മാർക്ക് ആട്ടിൻകൂട്ടത്തെക്കുറിച്ച് ശ്രദ്ധയുള്ളവരായിരുന്നുകൊണ്ടും വിശ്വസ്തമായി അവരെ സംരക്ഷിച്ചുകൊണ്ടും യഹോയാദയെ അനുകരിക്കാം. (പ്രവൃ. 20:28) ഇനി, പ്രായമായവർക്ക് യഹോവ തങ്ങളെ ഉപേക്ഷിക്കില്ലെന്ന് യഹോയാദയുടെ ജീവിതത്തിൽനിന്ന് പഠിക്കാനാകും. അദ്ദേഹത്തെപ്പോലെ യഹോവയെ ഭയപ്പെടുകയും വിശ്വസ്തരായി തുടരുകയും ചെയ്താൽ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ യഹോവ തങ്ങളെ ഉപയോഗിക്കുമെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാം. യഹോവ യഹോയാദയോട് ഇടപ്പെട്ട വിധത്തിൽനിന്ന് ചെറുപ്പക്കാർക്കും പലതും പഠിക്കാനാകും. ദൈവത്തെ അനുകരിച്ചുകൊണ്ട് അവർക്ക് പ്രായമായവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാം, പ്രത്യേകിച്ചു വർഷങ്ങളായി യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നവരെ. (സുഭാ. 16:31) ഇനി, നമുക്കെല്ലാം യഹോയാദയെ പിന്തുണച്ച തലവന്മാരിൽനിന്നും ലേവ്യരിൽനിന്നും ഒരു കാര്യം പഠിക്കാം: സഭയിൽ ‘നേതൃത്വമെടുക്കുന്നവരെ’ അനുസരിച്ചുകൊണ്ട് അവരെ നമുക്ക് വിശ്വസ്തമായി പിന്തുണയ്ക്കാനാകും.—എബ്രാ. 13:17.
യഹോവാശ് രാജാവിനെപ്പോലെ ആകരുത്
16. യഹോവാശ് ദൈവഭയം കാണിക്കുന്നതിൽ തുടർന്നില്ലെന്ന് എന്തു കാണിക്കുന്നു?
16 യഹോവാശ് രാജാവിനെ യഹോയാദ വളരെ നല്ല രീതിയിൽ സ്വാധീനിച്ചു. (2 രാജാ. 12:2) അതുകൊണ്ടുതന്നെ അദ്ദേഹം ചെറുപ്പത്തിൽ യഹോവയെ സന്തോഷിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചു. എന്നാൽ, യഹോയാദയുടെ മരണശേഷം യഹോവാശ് വിശ്വാസത്യാഗികളായ പ്രഭുക്കന്മാരുടെ വാക്കിനു ചെവികൊടുത്തു. അതുകൊണ്ട് എന്തു സംഭവിച്ചു? അദ്ദേഹവും പ്രജകളും “പൂജാസ്തൂപങ്ങളെയും വിഗ്രഹങ്ങളെയും സേവിക്കാൻതുടങ്ങി.” (2 ദിന. 24:4, 17, 18) അത് യഹോവയെ വല്ലാതെ വേദനിപ്പിച്ചു. എന്നിട്ടും “അവരെ തന്നിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടി യഹോവ അവരുടെ ഇടയിലേക്കു വീണ്ടുംവീണ്ടും പ്രവാചകന്മാരെ അയച്ചു.” എങ്കിലും “അവർ കേൾക്കാൻ കൂട്ടാക്കിയില്ല.” അവർ യഹോയാദയുടെ മകനായ സെഖര്യയെപ്പോലും ശ്രദ്ധിച്ചില്ല. അദ്ദേഹം യഹോവയുടെ ഒരു പ്രവാചകനും പുരോഹിതനും ആയിരുന്നുവെന്നു മാത്രമല്ല യഹോവാശിന്റെ ബന്ധുവും കൂടിയായിരുന്നു. തന്റെ ജീവൻ രക്ഷിച്ചതു സെഖര്യയുടെ അപ്പനും അമ്മയും ആണെന്ന കാര്യംപോലും ചിന്തിക്കാതെ യഹോവാശ് രാജാവ് സെഖര്യയെ കൊന്നുകളഞ്ഞു.—2 ദിന. 22:11; 24:19-22.
17. യഹോവാശ് ചെയ്ത ദുഷ്ടതയുടെ ഫലം എന്തായിരുന്നു?
17 യഹോവാശ് ദൈവഭയമുള്ള വ്യക്തിയായി തുടരാതിരുന്നതുകൊണ്ട് അദ്ദേഹത്തിന് അതിന്റെ മോശം ഫലങ്ങൾ അനുഭവിക്കേണ്ടിവന്നു. “എന്നെ നിന്ദിക്കുന്നവരെ ഞാൻ നിന്ദിക്കും” എന്ന യഹോവയുടെ വാക്കുകൾക്കു ചേർച്ചയിലായിരുന്നു അത്. (1 ശമു. 2:30) സിറിയക്കാരുടെ ചെറിയൊരു സൈന്യം യഹോവാശിന്റെ “വലിയ സൈന്യത്തെ” തോൽപ്പിക്കുകയും അദ്ദേഹത്തിനു ‘മാരകമായി മുറിവേൽക്കുകയും’ ചെയ്തു. സിറിയൻ സൈന്യം പിൻവാങ്ങിയതിനു ശേഷം, സെഖര്യയെ കൊന്നതിന്റെ പേരിൽ സ്വന്തം ദാസന്മാർതന്നെ യഹോവാശിനെ കൊന്നുകളഞ്ഞു. ആ രാജാവ് അത്ര ദുഷ്ടനായിരുന്നതുകൊണ്ട് അദ്ദേഹത്തെ ‘രാജാക്കന്മാരുടെ കല്ലറയിൽ’ അടക്കാൻപ്പോലും ജനം തയ്യാറായില്ല.—2 ദിന. 24:23-25; മത്തായി 23:35-ലെ “ബരെഖ്യയുടെ മകൻ” എന്ന പഠനക്കുറിപ്പ് കാണുക.
18. യിരെമ്യ 17:7, 8-നു ചേർച്ചയിൽ നമുക്ക് എങ്ങനെ യഹോവാശിനെപ്പോലെ ആകാതിരിക്കാം?
18 യഹോവാശിന്റെ ജീവിതത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ആഴത്തിൽ വേരില്ലാത്ത, താങ്ങുകൊടുത്ത് നിറുത്തിയിരുന്ന ഒരു മരംപോലെയായിരുന്നു അദ്ദേഹം. താങ്ങായിരുന്ന യഹോയാദ മരിക്കുകയും വിശ്വാസത്യാഗം എന്ന കാറ്റ് അടിക്കുകയും ചെയ്തപ്പോൾ യഹോവാശ് മറിഞ്ഞുവീണു. ഇതു നമ്മളെ ശക്തമായൊരു പാഠം പഠിപ്പിക്കുന്നു. നമുക്കുള്ള ദൈവഭയം മറ്റു സഹോദരങ്ങളെയോ കുടുംബാംഗങ്ങളെയോ മാത്രം ആശ്രയിച്ചായിരിക്കരുത്. പകരം നമുക്കുതന്നെ ദൈവവുമായി വളരെ അടുത്ത ഒരു ബന്ധമുണ്ടായിരിക്കണം. അതിനുവേണ്ടി പതിവായി ബൈബിൾ പഠിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പ്രാർഥിക്കുകയും ഒക്കെ ചെയ്തുകൊണ്ടു ദൈവത്തോടുള്ള സ്നേഹവും ഭയാദരവും നമ്മൾ കൂടുതൽ ശക്തമാക്കണം.—യിരെമ്യ 17:7, 8 വായിക്കുക; കൊലോ. 2:6, 7.
19. യഹോവ നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
19 യഹോവ നമ്മളിൽനിന്ന് ഒരുപാടൊന്നും പ്രതീക്ഷിക്കുന്നില്ല. സഭാപ്രസംഗകൻ 12:13-ൽ യഹോവ നമ്മളോട് എന്താണ് ആവശ്യപ്പെടുന്നതെന്നു ചുരുക്കി പറഞ്ഞിട്ടുണ്ട്. അവിടെ പറയുന്നു: “സത്യദൈവത്തെ ഭയപ്പെട്ട് ദൈവകല്പനകൾ അനുസരിക്കുക. മനുഷ്യന്റെ കർത്തവ്യം അതാണല്ലോ.” ഓബദ്യയെയും യഹോയാദയെയും പോലെ ദൈവഭയമുണ്ടെങ്കിൽ ഭാവിയിൽ എന്തൊക്കെ സംഭവിച്ചാലും വിശ്വസ്തരായി തുടരാൻ നമുക്കാകും. യഹോവയുമായുള്ള നമ്മുടെ സ്നേഹബന്ധം തകർക്കാൻ യാതൊന്നിനുമാകില്ല.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
a “ഭയം” എന്ന വാക്കു ബൈബിളിൽ പല അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഓരോ സാഹചര്യമനുസരിച്ച് അതിനു പേടി, ബഹുമാനം, ഭയാദരവ് എന്നൊക്കെ അർഥം വരാം. ഈ ലേഖനത്തിൽ നമ്മൾ പഠിക്കുന്നതു ദൈവസേവനത്തിൽ ധൈര്യവും വിശ്വസ്തതയും കാണിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന തരം ഭയത്തെക്കുറിച്ചാണ്. ആ ഗുണം എങ്ങനെ വളർത്തിയെടുക്കാമെന്നും നമ്മൾ കാണും.
b ഈ ഓബദ്യ, പ്രവാചകനായ ഓബദ്യ അല്ല. ഓബദ്യ എന്ന ബൈബിൾപുസ്തകം എഴുതിയതു നൂറ്റാണ്ടുകൾക്കു ശേഷം ജീവിച്ചിരുന്ന പ്രവാചകനായ ഓബദ്യയാണ്.
c ചിത്രത്തിന്റെ വിവരണം: ഒരു സഹോദരൻ നമ്മുടെ പ്രവർത്തനം നിരോധിച്ചിരിക്കുന്ന ദേശത്ത് സഹോദരങ്ങൾക്ക് ആത്മീയഭക്ഷണം എത്തിച്ചുകൊടുക്കുന്നത് പുനരവതരിപ്പിച്ചിരിക്കുന്നു.
d ചിത്രത്തിന്റെ വിവരണം: ചെറുപ്പക്കാരിയായ ഒരു സഹോദരി പ്രായമായ ഒരു സഹോദരിയിൽനിന്ന് ടെലിഫോൺ സാക്ഷീകരണം എങ്ങനെ നടത്താമെന്നു പഠിക്കുന്നു. പ്രായമുള്ള ഒരു സഹോദരൻ ധൈര്യത്തോടെ പരസ്യസാക്ഷീകരണം നടത്തുന്നു. അനുഭവപരിചയമുള്ള ഒരു സഹോദരൻ രാജ്യഹാൾ പരിപാലനത്തോടു ബന്ധപ്പെട്ട് മറ്റുള്ളവരെ പരിശീലിപ്പിക്കുന്നു.