വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നു ലഭിക്കുന്ന അപ്രതീ​ക്ഷിത സന്തോ​ഷ​ങ്ങ​ളും പാഠങ്ങ​ളും

യഹോ​വയെ സേവി​ക്കു​ന്ന​തിൽനി​ന്നു ലഭിക്കുന്ന അപ്രതീ​ക്ഷിത സന്തോ​ഷ​ങ്ങ​ളും പാഠങ്ങ​ളും

കുട്ടി​യാ​യി​രു​ന്ന​പ്പോൾ ആകാശ​ത്തു​കൂ​ടെ പറക്കുന്ന വിമാനം ഞാൻ നോക്കി​നിൽക്കു​മാ​യി​രു​ന്നു. വിമാ​ന​ത്തിൽ കയറി വേറേ രാജ്യ​ങ്ങ​ളിൽ പോകാൻ ഞാൻ കൊതി​ച്ചു. പക്ഷേ ഒരിക്ക​ലും നടക്കാത്ത ഒരു സ്വപ്‌നം​പോ​ലെ​യാണ്‌ എനിക്ക്‌ അത്‌ തോന്നി​യത്‌.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ സമയത്ത്‌ എന്റെ മാതാ​പി​താ​ക്കൾ എസ്‌റ്റോ​ണി​യ​യിൽനിന്ന്‌ ജർമനി​യി​ലേക്കു പോയി. അവി​ടെ​വെ​ച്ചാ​ണു ഞാൻ ജനിച്ചത്‌. എന്നാൽ പിന്നീടു ഞങ്ങൾ കാനഡ​യി​ലേക്കു മാറി. കാനഡ​യി​ലെ ഓട്ടവ​യ്‌ക്ക്‌ അടുത്ത്‌ കോഴി​കളെ വളർത്തി​യി​രുന്ന ഒരു ചെറിയ കെട്ടി​ട​ത്തി​ലാ​ണു ഞങ്ങൾ താമസി​ച്ചത്‌. ഞങ്ങൾ വളരെ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. എങ്കിലും രാവിലെ കഴിക്കാൻ സ്ഥിരം മുട്ട കിട്ടു​മാ​യി​രു​ന്നു.

ഒരു ദിവസം യഹോ​വ​യു​ടെ സാക്ഷികൾ വെളി​പാട്‌ 21:3, 4 വാക്യങ്ങൾ എന്റെ മമ്മിയെ വായി​ച്ചു​കേൾപ്പി​ച്ചു. മമ്മി സന്തോ​ഷം​കൊണ്ട്‌ കരഞ്ഞു​പോ​യി. അങ്ങനെ പപ്പയും മമ്മിയും ബൈബിൾ പഠിച്ച്‌ പെട്ടെ​ന്നു​തന്നെ സ്‌നാ​ന​ത്തി​ന്റെ പടിയി​ലേക്കു പുരോ​ഗ​മി​ച്ചു.

എന്റെ മാതാ​പി​താ​ക്കൾക്ക്‌ ഇംഗ്ലീഷ്‌ അത്ര നന്നായി അറിയി​ല്ലാ​യി​രു​ന്നു. അങ്ങനെ​യുള്ള പരിമി​തി​കൾക്കു മധ്യേ​യും അവർ ശുശ്രൂഷ നന്നായി ചെയ്‌തു. ഒണ്ടേറി​യോ​യി​ലെ സഡ്‌ബ​റി​യി​ലാ​യി​രു​ന്നു പപ്പയ്‌ക്കു ജോലി. ലോഹം ഉരുക്കുന്ന പണിയാ​യി​രു​ന്നു പപ്പയ്‌ക്ക്‌. രാത്രി മുഴുവൻ ജോലി ഉണ്ടെങ്കി​ലും മിക്കവാ​റും എല്ലാ ശനിയാ​ഴ്‌ച​യും എന്നെയും പെങ്ങൾ സിൽവി​യെ​യും പപ്പ ശുശ്രൂ​ഷ​യ്‌ക്ക്‌ കൊണ്ടു​പോ​കു​മാ​യി​രു​ന്നു. അതു​പോ​ലെ എല്ലാ ആഴ്‌ച​യും കുടും​ബം ഒരുമിച്ച്‌ വീക്ഷാ​ഗോ​പു​ര​വും പഠിക്കു​മാ​യി​രു​ന്നു. അങ്ങനെ പപ്പയും മമ്മിയും യഹോ​വ​യോ​ടുള്ള സ്‌നേഹം എന്നിൽ ഉൾനട്ടു. 1956-ൽ എനിക്ക്‌ 10 വയസ്സു​ള്ള​പ്പോൾ ഞാൻ എന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. പപ്പയു​ടെ​യും മമ്മിയു​ടെ​യും ആ നല്ല മാതൃക ജീവി​ത​ത്തി​ലു​ട​നീ​ളം എന്നെ സഹായി​ച്ചി​ട്ടുണ്ട്‌.

ഹൈസ്‌കൂൾ പഠനം പൂർത്തി​യാ​യ​ശേഷം എന്റെ ശ്രദ്ധ അൽപ്പ​മൊ​ന്നു വ്യതി​ച​ലി​ച്ചു. ഞാൻ ഒരു മുൻനി​ര​സേ​വ​ക​നാ​യാൽ ലോകം മുഴുവൻ വിമാ​ന​ത്തിൽ കയറി ചുറ്റി​ക്കാ​ണാ​നുള്ള എന്റെ മോഹം ഒരിക്ക​ലും പൂവണി​യാൻ പോകു​ന്നി​ല്ലെന്ന്‌ എനിക്കു തോന്നി. പിന്നീടു ഞങ്ങളുടെ അടുത്തുള്ള ഒരു റേഡി​യോ നിലയ​ത്തിൽ എനിക്ക്‌ ഒരു ജോലി കിട്ടി. റെക്കോർഡ്‌ ചെയ്‌ത പാട്ടു​ക​ളൊ​ക്കെ പ്രക്ഷേ​പണം ചെയ്യു​ന്ന​താ​യി​രു​ന്നു എന്റെ ജോലി. എനിക്ക്‌ ആ ജോലി ഒത്തിരി ഇഷ്ടപ്പെട്ടു. ജോലി വൈകു​ന്നേരം ആയതു​കൊണ്ട്‌ എന്റെ മീറ്റി​ങ്ങു​കൾ പതിവാ​യി മുടങ്ങു​മാ​യി​രു​ന്നു. അതു​പോ​ലെ എന്റെ സഹവാസം യഹോ​വയെ സ്‌നേ​ഹി​ക്കാത്ത ആളുക​ളോ​ടൊ​പ്പ​വും ആയി. ഇങ്ങനെ പോയാൽ ശരിയാ​വി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. എന്റെ ബൈബിൾ പരിശീ​ലിത മനസ്സാക്ഷി വേണ്ട മാറ്റങ്ങൾ വരുത്താൻ എന്നെ സഹായി​ച്ചു.

തുടർന്ന്‌ ഞാൻ ഒണ്ടേറി​യോ​യി​ലെ ഒഷാവ​യി​ലേക്കു മാറി. അവി​ടെ​വെച്ച്‌ ഞാൻ കുറേ മുൻനി​ര​സേ​വ​കരെ പരിച​യ​പ്പെട്ടു. അവരിൽ പേരെ​ടുത്ത്‌ പറയേണ്ട രണ്ടു സഹോ​ദ​ര​ങ്ങ​ളാ​ണു റേ നോർമ​നും അദ്ദേഹ​ത്തി​ന്റെ പെങ്ങൾ ലെസ്‌ലി​യും. അവർക്കെ​ല്ലാം എന്നെ വലിയ കാര്യ​മാ​യി​രു​ന്നു. ജീവി​ത​ത്തി​ലെ അവരുടെ സന്തോഷം കണ്ടപ്പോൾ എന്റെ ലക്ഷ്യ​ത്തെ​ക്കു​റിച്ച്‌ ഒന്നുകൂ​ടെ ചിന്തി​ക്കാൻ അത്‌ എന്നെ സഹായി​ച്ചു. മുൻനി​ര​സേ​വനം ഏറ്റെടു​ക്കാൻ അവർ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അങ്ങനെ 1966 സെപ്‌റ്റം​ബ​റിൽ ഞാൻ മുൻനി​ര​സേ​വനം തുടങ്ങി. സന്തോ​ഷ​ക​ര​മായ നല്ലൊരു ജീവി​ത​ത്തി​ന്റെ തുടക്കം! എന്നാൽ അവിടം​കൊ​ണ്ടും തീർന്നില്ല. ജീവി​തത്തെ സന്തോ​ഷി​പ്പി​ക്കുന്ന പല അപ്രതീ​ക്ഷിത സംഭവ​ങ്ങ​ളും അരങ്ങേ​റാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.

യഹോവ നിങ്ങളെ ക്ഷണിക്കു​മ്പോൾ ആ ക്ഷണം സ്വീകരിക്കുക

ഞാൻ ഹൈസ്‌കൂ​ളിൽ പഠിക്കു​മ്പോൾ ബഥേൽ സേവന​ത്തി​നാ​യി ഒരു അപേക്ഷ സമർപ്പി​ച്ചി​രു​ന്നു. എന്നാൽ ആ അപേക്ഷ​യ്‌ക്ക്‌ എനിക്കു മറുപടി ലഭിച്ചതു ഞാൻ പിന്നീടു മുൻനി​ര​സേ​വനം ചെയ്‌തു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു. നാലു വർഷ​ത്തേക്കു കാനഡ​യി​ലെ ടൊറ​ന്റോ​യി​ലുള്ള ബഥേലിൽ സേവി​ക്കാൻ എനിക്കു ക്ഷണം ലഭിച്ചു. പക്ഷേ ഞാൻ ആകെ സങ്കടത്തി​ലാ​യി. കാരണം എനിക്കു ലെസ്‌ലി​യെ ഭയങ്കര ഇഷ്ടമാ​യി​രു​ന്നു. ബഥേൽസേ​വനം സ്വീക​രി​ച്ചാൽ ഞാൻ ലെസ്‌ലി​യെ വിട്ടു​പി​രി​യേ​ണ്ടി​വ​രും. എങ്കിലും ഞാൻ നന്നായി പ്രാർഥി​ച്ച​തി​നു ശേഷം ബഥേൽസേ​വനം സ്വീക​രി​ക്കാൻതന്നെ തീരു​മാ​നി​ച്ചു. അങ്ങനെ സങ്കട​ത്തോ​ടെ ഞാൻ ലെസ്‌ലി​യോ​ടു യാത്ര പറഞ്ഞു.

ബഥേലിൽ തുണി കഴുകുന്ന ഡിപ്പാർട്ടു​മെ​ന്റി​ലും പിന്നീട്‌ ഒരു സെക്ര​ട്ട​റി​യാ​യും ഒക്കെ ഞാൻ സേവി​ച്ചി​ട്ടുണ്ട്‌. അതിനി​ടെ ലെസ്‌ലിക്ക്‌ ക്യു​ബെ​ക്കി​ലെ ഗാട്ടി​ന്യൂ​വിൽ പ്രത്യേക മുൻനി​ര​സേ​വി​ക​യാ​യി നിയമനം കിട്ടി. ലെസ്‌ലി​യെ​പ്പറ്റി പലപ്പോ​ഴും ഞാൻ ചിന്തി​ക്കു​മാ​യി​രു​ന്നു. അതു​പോ​ലെ ബഥേലി​ലേക്കു പോരാ​നുള്ള എന്റെ തീരു​മാ​നം ശരിയാ​യി​രു​ന്നോ എന്നും ഞാൻ ഓർക്കു​മാ​യി​രു​ന്നു. പിന്നീട്‌ എന്റെ ജീവി​ത​ത്തിൽ ഉണ്ടായ അപ്രതീ​ക്ഷി​ത​മായ സന്തോ​ഷ​ങ്ങ​ളിൽ ഒന്ന്‌, ലെസ്‌ലി​യു​ടെ ആങ്ങള റേ ബഥേലി​ലേക്കു വന്നതാ​യി​രു​ന്നു. രസകര​മായ സംഗതി ബഥേലിൽ അദ്ദേഹം എന്റെ കൂടെ​യാണ്‌ താമസി​ച്ചത്‌. അങ്ങനെ ലെസ്‌ലി​യു​മാ​യുള്ള എന്റെ സൗഹൃദം വീണ്ടും പുതു​ക്കാ​നാ​യി. നാലു വർഷത്തെ എന്റെ ബഥേൽ സേവന​ത്തി​ന്റെ അവസാ​ന​ദി​വസം, അതായത്‌ 1971 ഫെബ്രു​വരി 27-ാം തീയതി ഞങ്ങൾ വിവാ​ഹി​ത​രാ​യി.

സർക്കിട്ട്‌ വേല 1975-ൽ തുടങ്ങുന്നു

പീന്നീടു ഞങ്ങളെ ഫ്രഞ്ച്‌ സംസാ​രി​ക്കുന്ന ഒരു സഭയി​ലേക്കു നിയമി​ച്ചു. കുറച്ച്‌ വർഷങ്ങൾക്കു ശേഷം 28-ാമത്തെ വയസ്സിൽ എന്നെ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ച്ച​പ്പോൾ എനിക്ക്‌ വിശ്വ​സി​ക്കാ​നാ​യില്ല. ഞാൻ വളരെ ചെറു​പ്പ​മാ​ണെ​ന്നും എനിക്ക്‌ അതിനുള്ള യോഗ്യ​ത​യി​ല്ലെ​ന്നും ഒക്കെ എനിക്കു തോന്നി. എന്നാൽ യിരമ്യ 1:7, 8 വാക്യങ്ങൾ എനിക്കു വേണ്ട ശക്തി പകർന്നു. എന്നാൽ ചില പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ലെസ്‌ലി​ക്കു പല കാറപ​ക​ടങ്ങൾ നേരി​ടേണ്ടി വന്നിട്ടുണ്ട്‌. അതു​പോ​ലെ അവൾക്ക്‌ ഉറക്കവും കുറവാ​യി​രു​ന്നു. ഇത്‌ ഞങ്ങളുടെ സർക്കിട്ട്‌ വേലയ്‌ക്ക്‌ ഒരു തടസ്സമാ​കു​മോ​യെന്നു ഞങ്ങൾ ചിന്തിച്ചു. പക്ഷേ ലെസ്‌ലി ചോദി​ച്ചത്‌ ഇങ്ങനെ​യാണ്‌: “യഹോ​വ​യാ​ണ​ല്ലോ നമുക്ക്‌ ഈ ക്ഷണം വെച്ചു​നീ​ട്ടു​ന്നത്‌. അപ്പോൾ എന്തു​കൊണ്ട്‌ അത്‌ സ്വീക​രി​ച്ചു​കൂ​ടാ?” ലെസ്‌ലി പറഞ്ഞത്‌ ശരിയാ​യി​രു​ന്നു. ആ ക്ഷണം സ്വീക​രിച്ച്‌ സർക്കിട്ട്‌ വേലയിൽ 17 വർഷം ഞങ്ങൾ സന്തോ​ഷ​ത്തോ​ടെ തുടർന്നു.

സർക്കിട്ട്‌ വേലയിൽ ഞങ്ങൾ നല്ല തിരക്കി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ലെസ്‌ലിക്ക്‌ വേണ്ടത്ര സമയം കൊടു​ക്കാൻ എനിക്കു പറ്റിയില്ല. ഞാൻ പഠി​ക്കേ​ണ്ടി​യി​രുന്ന മറ്റൊരു പാഠം അതായി​രു​ന്നു. ഒരു തിങ്കളാഴ്‌ച രാവിലെ വീടിനു വെളി​യിൽ ആരോ വന്ന്‌ ബെല്ലടി​ച്ചു. കതകു തുറന്നു നോക്കി​യ​പ്പോൾ ആരെയും കാണാ​നാ​യില്ല. പക്ഷേ അവി​ടെ​യൊ​രു ബാസ്‌ക​റ്റും കുറേ സാധന​ങ്ങ​ളും ഒരു കുറി​പ്പും കണ്ടു. അതിനു​ള്ളിൽ കുറച്ച്‌ തുണി​ക​ളും പഴങ്ങളും ബ്രെഡും ചീസും വൈനും ഗ്ലാസ്സും ഒക്കെയാണ്‌ ഉണ്ടായി​രു​ന്നത്‌. ആ കുറി​പ്പിൽ എഴുതി​യി​രു​ന്നത്‌, “ഭാര്യ​യെ​യും കൂട്ടി ഒരു ടൂറിനു പോകൂ” എന്നായി​രു​ന്നു. അത്‌ ഒരു നല്ല ദിവസ​മാ​യി​രു​ന്നെ​ങ്കി​ലും ഞാൻ എന്റെ സാഹച​ര്യം ലെസ്‌ലി​യോട്‌ പറഞ്ഞു: “എനിക്ക്‌ കുറെ പ്രസം​ഗങ്ങൾ തയ്യാറാ​കാ​നുണ്ട്‌.” സങ്കട​ത്തോ​ടെ​യാ​ണെ​ങ്കി​ലും ലെസ്‌ലി അതു സമ്മതിച്ചു. ഞാൻ പ്രസംഗം തയ്യാറാ​കാ​നാ​യി ഇരുന്നു. പക്ഷേ എന്റെ മനസ്സാക്ഷി എന്നെ കുറ്റ​പ്പെ​ടു​ത്തി. എഫെസ്യർ 5:25, 28 വാക്യങ്ങൾ എന്റെ മനസ്സി​ലേക്കു വന്നു. ഭാര്യ​യു​ടെ വൈകാ​രിക ആവശ്യ​ങ്ങ​ളും ഞാൻ പരിഗ​ണി​ക്ക​ണ​മെന്ന്‌ അത്‌ എന്നെ ഓർമ​പ്പെ​ടു​ത്തി. പ്രാർഥി​ച്ച​തി​നു ശേഷം ഞാൻ ലെസ്‌ലി​യോ​ടു പറഞ്ഞു: “വാ നമുക്കു പോകാം.” അവൾക്ക്‌ ഒത്തിരി സന്തോ​ഷ​മാ​യി. നദിക്ക​രി​കെ ഉള്ള ഒരു സ്ഥലത്തേക്ക്‌ ഞങ്ങൾ പോയി. ഞങ്ങൾ ഏറ്റവും അധികം ആസ്വദിച്ച ദിവസ​ങ്ങ​ളിൽ ഒന്നായി​രു​ന്നു അത്‌. എന്റെ പ്രസം​ഗ​ങ്ങ​ളും നന്നായി തയ്യാറാ​കാൻ എനിക്കു കഴിഞ്ഞു.

എന്റെ നിയമ​നങ്ങൾ ഞാൻ ശരിക്കും ആസ്വദി​ച്ചു. എന്റെ സർക്കിട്ട്‌ പ്രദേശം ബ്രിട്ടീഷ്‌ കൊളം​ബിയ മുതൽ ന്യൂഫൗണ്ട്‌ ലാൻഡ്‌ വരെയുള്ള സ്ഥലങ്ങളാ​യി​രു​ന്നു. അങ്ങനെ പല സ്ഥലങ്ങളിൽ യാത്ര ചെയ്യണ​മെ​ന്നുള്ള എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹം പൂവണി​ഞ്ഞു. ഗിലെ​യാദ്‌ സ്‌കൂ​ളി​നെ​ക്കു​റി​ച്ചൊ​ക്കെ ഞാൻ ചിന്തി​ക്കു​മാ​യി​രു​ന്നു. പക്ഷേ ഒരിക്ക​ലും ഒരു മിഷന​റി​യാ​കാൻ ഞാൻ ആഗ്രഹി​ച്ചി​രു​ന്നില്ല. കാരണം മിഷന​റി​മാർ എന്നു പറഞ്ഞാൽ എന്തോ ഒരു പ്രത്യേ​ക​തരം ആളുക​ളാ​യി​ട്ടാണ്‌ എനിക്കു തോന്നി​യത്‌. അതു​പോ​ലെ എനിക്ക്‌ അതിനുള്ള യോഗ്യ​ത​യു​ണ്ടെ​ന്നും തോന്നി​യില്ല. ഇനി, മറ്റൊരു പേടി മിഷന​റി​യാ​യാൽ എന്നെ ആഫ്രി​ക്ക​യി​ലേ​ക്കെ​ങ്ങാ​നും വിടു​മോ എന്നായി​രു​ന്നു. കാരണം അവിടെ യുദ്ധവും രോഗ​ങ്ങ​ളും ഒക്കെയാ​ണ​ല്ലോ. അതു​കൊണ്ട്‌ ഇപ്പോ​ഴുള്ള സ്ഥലത്ത്‌ തുടരാ​നാ​യി​രു​ന്നു എന്റെ ആഗ്രഹം.

അപ്രതീ​ക്ഷി​ത​മായ ക്ഷണം—എസ്‌റ്റോ​ണി​യ​യി​ലേ​ക്കും ബാൾട്ടിക്കിലേക്കും

ബാൾട്ടി​ക്കി​ലൂ​ടെ​യുള്ള യാത്ര

1992-ൽ സോവി​യറ്റ്‌ യൂണി​യന്റെ ഭാഗമാ​യി​രുന്ന ചില രാജ്യ​ങ്ങ​ളിൽ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യം നമുക്കു ലഭിച്ചു. ഞങ്ങളോട്‌ മിഷന​റി​മാ​രാ​യി എസ്‌റ്റോ​ണി​യ​യി​ലേക്കു പോകാൻ പറ്റുമോ എന്നു ചോദി​ച്ചു. കേട്ട​പ്പോൾ ഒരു ഞെട്ടലാ​ണു​ണ്ടാ​യത്‌. എങ്കിലും അതെക്കു​റിച്ച്‌ ഞങ്ങൾ പ്രാർഥി​ച്ചു. ഞങ്ങൾ വീണ്ടും ഇങ്ങനെ ചിന്തിച്ചു: ‘യഹോ​വ​യാ​ണ​ല്ലോ നമുക്ക്‌ ഈ ക്ഷണം വെച്ചു​നീ​ട്ടു​ന്നത്‌. അപ്പോൾ എന്തു​കൊണ്ട്‌ അത്‌ സ്വീക​രി​ച്ചു​കൂ​ടാ?’ ആ ചിന്ത​യോ​ടെ ഞങ്ങൾ ആ നിയമനം സ്വീക​രി​ച്ചു. പിന്നെ ആശ്വാ​സ​ത്തിന്‌ ഒരു വകയു​ണ്ടാ​യി​രു​ന്നു. ഏതായാ​ലും ഞങ്ങൾ പോകു​ന്നത്‌ ആഫ്രി​ക്ക​യി​ലേക്ക്‌ അല്ലല്ലോ.

ഉടനെ​ത്ത​ന്നെ ഞങ്ങൾ എസ്‌റ്റോ​ണി​യൻ ഭാഷ പഠിക്കാൻ തുടങ്ങി. അവി​ടെ​ച്ചെന്ന്‌ കുറച്ച്‌ മാസങ്ങൾക്കു ശേഷം സർക്കിട്ട്‌ വേല തുടങ്ങാൻ ഞങ്ങളോട്‌ പറഞ്ഞു. ബാൾട്ടിക്‌ രാജ്യങ്ങൾ, കാലീ​നിൻഗ്രാഡ്‌, റഷ്യ എന്നിവി​ട​ങ്ങ​ളി​ലുള്ള 46 സഭകളും ഗ്രൂപ്പു​ക​ളും ഞങ്ങൾ സന്ദർശി​ക്ക​ണ​മാ​യി​രു​ന്നു. ലാറ്റ്‌വി​യൻ, ലിത്വാ​നി​യൻ, റഷ്യൻ എന്നീ ഭാഷകൾ ഞങ്ങളുടെ നിയമ​ന​ത്തി​ന്റെ ഭാഗമാ​യി ഞങ്ങൾ പഠി​ച്ചെ​ടു​ത്തു. ബുദ്ധി​മു​ട്ടുള്ള കാര്യ​മാ​യി​രു​ന്നെ​ങ്കി​ലും സുഹൃ​ത്തു​ക്ക​ളു​ടെ സഹായ​ത്താൽ അത്‌ സാധ്യ​മാ​യി. പിന്നീട്‌ 1999-ൽ എസ്‌റ്റോ​ണി​യ​യിൽ ഒരു ബ്രാ​ഞ്ചോ​ഫീസ്‌ വന്നു. അവിടെ റ്റൂമാസ്‌ എഡ്യൂർ, ലെംബിറ്റ്‌ റെയ്‌ലി, റ്റോമി കൗകൊ എന്നീ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ബ്രാഞ്ച്‌ കമ്മിറ്റി അംഗമാ​യി സേവി​ക്കാ​നു​മാ​യി.

ഇടത്‌: ലിത്വാ​നി​യ​യി​ലെ ഒരു കൺ​വെൻ​ഷ​നിൽ പ്രസംഗിക്കുന്നു

വലത്‌: 1999-ൽ ആരംഭിച്ച എസ്‌റ്റോ​ണി​യ​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി

അവിടെ ഞങ്ങൾ പരിച​യ​പ്പെട്ട പല സഹോ​ദ​ര​ങ്ങ​ളും മുമ്പ്‌ സൈബീ​രി​യ​യി​ലേക്ക്‌ നാടു​ക​ട​ത്ത​പ്പെ​ട്ട​വ​രാ​യി​രു​ന്നു. ജയിലി​ലെ ക്രൂര​മായ പെരു​മാ​റ്റ​ത്തിന്‌ ഇരയാ​കേ​ണ്ടി​വ​ന്നി​ട്ടും സ്വന്തം വീട്ടു​കാ​രിൽനിന്ന്‌ മാറി​നിൽക്കേ​ണ്ടി​വ​ന്നി​ട്ടും അവർക്കു പരിഭ​വ​മോ ദേഷ്യ​മോ ഒന്നുമി​ല്ലാ​യി​രു​ന്നു. ശുശ്രൂ​ഷ​യിൽ അവർ സന്തോ​ഷ​വും ഉത്സാഹ​വും നിലനി​റു​ത്തി. അവരുടെ ആ നല്ല മാതൃക കണ്ടപ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ പിടി​ച്ചു​നിൽക്കാ​നും സന്തോ​ഷ​ത്തോ​ടെ തുടരാ​നും ഞങ്ങൾക്കും ആകു​മെന്നു മനസ്സി​ലാ​യി.

തിരക്കു​പി​ടി​ച്ച ജീവി​ത​ത്തി​നി​ട​യിൽ പലപ്പോ​ഴും ഞങ്ങൾക്കു വേണ്ടത്ര വിശ്രമം ലഭിച്ചില്ല. അതു ലെസ്‌ലി​യെ ബാധി​ക്കാൻ തുടങ്ങി. ലെസ്‌ലി​ക്കു വല്ലാത്ത ക്ഷീണവും തളർച്ച​യും ഒക്കെ തോന്നി​ത്തു​ടങ്ങി. എന്നാൽ അതിന്റെ യഥാർഥ കാരണം ഫൈ​ബ്രോ​മ​യാൽജിയ ആണെന്നു മനസ്സി​ലാ​ക്കാൻ ഞങ്ങൾ കുറച്ച്‌ വൈകി. അതു തിരി​ച്ച​റി​ഞ്ഞ​പ്പോൾ കാനഡ​യി​ലേക്കു തിരി​ച്ചു​പോ​കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞങ്ങൾ ചിന്തിച്ചു. പക്ഷേ ആ സമയത്ത്‌ യു.എസ്‌.എ.യിലെ ന്യൂ​യോർക്കി​ലുള്ള പാറ്റേർസ​ണിൽവെച്ച്‌ നടക്കുന്ന ബ്രാഞ്ച്‌ സ്‌കൂ​ളിൽ പങ്കെടു​ക്കാ​നുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. അതിൽ പങ്കെടു​ക്കാ​നാ​കു​മോ എന്നു ഞങ്ങൾക്കു സംശയ​മാ​യി​രു​ന്നു. അതെക്കു​റിച്ച്‌ ഞങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു, ആ നിയമനം സ്വീക​രി​ച്ചു. ഞങ്ങളുടെ തീരു​മാ​നത്തെ യഹോവ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. ആ സ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾ ലെസ്‌ലി​ക്കു വേണ്ട ചികിത്സ ലഭിച്ചു. അങ്ങനെ ഞങ്ങൾക്കു സാധാരണ ജീവി​ത​ത്തി​ലേക്കു തിരി​ച്ചു​വ​രാ​നാ​യി.

മറ്റൊരു അപ്രതീ​ക്ഷിത സംഭവം—മറ്റൊരു ഭൂഖണ്ഡത്തിലേക്ക്‌

2008-ൽ എസ്‌റ്റോ​ണി​യ​യിൽവെച്ച്‌ ഒരു ദിവസം വൈകു​ന്നേരം ലോകാ​സ്ഥാ​ന​ത്തു​നിന്ന്‌ എനിക്ക്‌ ഒരു ഫോൺകോൾ വന്നു. ചോദ്യ​മി​താ​യി​രു​ന്നു: “കോം​ഗോ​യി​ലേ​ക്കുള്ള നിയമനം സ്വീക​രി​ക്കാ​മോ?” എന്ന്‌. ഞാൻ ആകെ ഞെട്ടി​പ്പോ​യി. ആ ചോദ്യ​ത്തി​നുള്ള ഉത്തരം പിറ്റേ ദിവസം കൊടു​ക്കണം എന്നു പറഞ്ഞ​പ്പോൾ എന്റെ ടെൻഷൻ ഒന്നുകൂ​ടെ കൂടി. ഈ കാര്യം ഞാൻ ലെസ്‌ലി​യോട്‌ ആ ദിവസം പറഞ്ഞില്ല. കാരണം, പറഞ്ഞാൽ ആ രാത്രി അവൾ ഉറങ്ങില്ല എന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു. പക്ഷേ സംഭവി​ച്ചത്‌ തിരി​ച്ചാണ്‌. ആ രാത്രി ഞാൻ ഉറങ്ങി​യില്ല. ആഫ്രി​ക്ക​യെ​ക്കു​റി​ച്ചുള്ള എന്റെ ആകുല​ത​ക​ളും സങ്കടങ്ങ​ളും എല്ലാം ഞാൻ പ്രാർഥ​ന​യിൽ പറഞ്ഞു​കൊ​ണ്ടി​രു​ന്നു.

അടുത്ത ദിവസം ഞാൻ ഈ കാര്യം ലെസ്‌ലി​യോ​ടു പറഞ്ഞു. ഞങ്ങൾ ഇങ്ങനെ ചിന്തിച്ചു: ‘യഹോ​വ​യാ​ണ​ല്ലോ നമ്മളെ ആഫ്രി​ക്ക​യി​ലേക്ക്‌ ക്ഷണിച്ചി​രി​ക്കു​ന്നത്‌. ഒന്നു ശ്രമി​ച്ചു​നോ​ക്കാ​തെ നമുക്ക്‌ അത്‌ ആസ്വദി​ക്കാൻ പറ്റി​ല്ലെന്ന്‌ എങ്ങനെ പറയാൻ കഴിയും?’ അങ്ങനെ 16 വർഷത്തെ എസ്‌റ്റോ​ണി​യ​യി​ലെ സേവന​ത്തി​നു ശേഷം ഞങ്ങൾ കോം​ഗോ​യി​ലെ കിൻഷാ​സ​യി​ലേക്കു പറന്നു. ശാന്തസു​ന്ദ​ര​മായ ഒരു സ്ഥലത്താ​യി​രു​ന്നു ബ്രാ​ഞ്ചോ​ഫീസ്‌. അവിടെ ചെന്ന​പ്പോൾ ലെസ്‌ലി ആദ്യം എടുത്തു​വെ​ച്ചത്‌ കാനഡ​യിൽനി​ന്നു പോന്ന​പ്പോൾ കൊണ്ടു​വന്ന ഒരു കാർഡാ​യി​രു​ന്നു. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “നിങ്ങളെ എവിടെ നടുന്നോ അവിടെ പൂത്തു​ല​യുക.” അവിടെ ചെന്നതി​നു ശേഷം ഞങ്ങൾ സഹോ​ദ​ര​ങ്ങളെ കണ്ടു, ബൈബിൾപ​ഠ​നങ്ങൾ നടത്തി, മിഷന​റി​വേ​ല​യു​ടെ സന്തോഷം അനുഭ​വി​ച്ച​റി​ഞ്ഞു. ഇതിൽനി​ന്നെ​ല്ലാം ഒരു പ്രത്യേ​ക​സ​ന്തോ​ഷം ഞങ്ങൾക്കു ലഭിച്ചു. തുടർന്ന്‌ ആഫ്രി​ക്ക​യി​ലുള്ള 13 ബ്രാഞ്ചു​ക​ളിൽ സന്ദർശനം നടത്താ​നുള്ള പദവി​യും ഞങ്ങൾക്കു ലഭിച്ചു. വ്യത്യസ്‌ത സഹോ​ദ​ര​ങ്ങ​ളെ​യും അവരുടെ അഭിരു​ചി​ക​ളെ​യും ഒക്കെ കൂടുതൽ ഞങ്ങൾക്ക്‌ മനസ്സി​ലാ​ക്കാ​നാ​യി. അങ്ങനെ ഞങ്ങളുടെ ആദ്യത്തെ പേടി​യെ​ല്ലാം പമ്പകടന്നു. ഞങ്ങളെ ആഫ്രി​ക്ക​യി​ലേക്കു അയച്ചതി​നു ഞങ്ങൾ യഹോ​വ​യോ​ടു നന്ദി പറഞ്ഞു.

കോം​ഗോ​യി​ലെ മറ്റൊരു രസം അവിടത്തെ ഭക്ഷണമാ​യി​രു​ന്നു. അവി​ടെ​യുള്ള സഹോ​ദ​രങ്ങൾ പല പ്രാണി​ക​ളെ​യും ജീവി​ക​ളെ​യും തിന്നു​ക​യും ആസ്വദി​ക്കു​ക​യും ചെയ്യു​ന്നതു കണ്ടപ്പോൾ ഞങ്ങൾക്കും പിടി​ച്ചു​നിൽക്കാ​നാ​യില്ല. ഞങ്ങളും അവയെ അകത്താക്കി.

കോം​ഗോ​യു​ടെ കിഴക്കൻ പ്രദേ​ശ​ങ്ങ​ളിൽ ഉണ്ടായി​രുന്ന മറ്റൊരു പ്രശ്‌നം ഗറില്ല ഗ്രൂപ്പു​ക​ളു​ടെ ആക്രമ​ണ​മാ​യി​രു​ന്നു. ഗ്രാമ​ങ്ങ​ളി​ലുള്ള സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ഒക്കെ അവർ ഉപദ്ര​വി​ക്കു​മാ​യി​രു​ന്നു. അങ്ങനെ​യുള്ള സ്ഥലങ്ങളി​ലേക്ക്‌ ആത്മീയ​വും ഭൗതീ​ക​വും ആയ സഹായം എത്തിക്കാൻ ഞങ്ങൾക്കാ​യി. അവി​ടെ​യുള്ള മിക്ക സഹോ​ദ​ര​ങ്ങ​ളും വളരെ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. എന്നാൽ അവരെ​ല്ലാം ആത്മീയ​മാ​യി സമ്പന്നരാ​യി​രു​ന്നു. യഹോ​വ​യോ​ടുള്ള സ്‌നേഹം, സംഘട​ന​യോ​ടുള്ള വിശ്വ​സ്‌തത, പുനരു​ത്ഥാ​ന​ത്തി​ലുള്ള അവരുടെ ഉറച്ച വിശ്വാ​സം ഇതെല്ലാം ഞങ്ങളെ സ്‌പർശി​ച്ചു. ഞങ്ങളുടെ വിശ്വാ​സത്തെ അതു ബലപ്പെ​ടു​ത്തി. ഞങ്ങളുടെ ബോധ്യം കൂടുതൽ ഉറപ്പു​ള്ള​താ​യി. ചില സഹോ​ദ​ര​ങ്ങൾക്ക്‌ അവരുടെ വീടും വിളക​ളും ഒക്കെ നഷ്ടപ്പെട്ടു. ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും ആ സഹോ​ദ​രങ്ങൾ അങ്ങനെ പരാതി പറയു​ന്ന​വ​ര​ല്ലാ​യി​രു​ന്നു. ഇത്‌ എന്നെ ഒരു കാര്യം ഓർമി​പ്പി​ച്ചു: നമ്മുടെ സ്വത്തു​വ​കകൾ എപ്പോൾ വേണ​മെ​ങ്കി​ലും കൈവി​ട്ടു പോ​യേ​ക്കാ​മെ​ന്നും ഏറ്റവും പ്രധാനം യഹോ​വ​യു​മാ​യുള്ള ബന്ധം ആണെന്നും. അതു​പോ​ലെ അവരുടെ ഈ നല്ല മാതൃക ഞങ്ങളുടെ ശാരീ​രിക പ്രശ്‌ന​ങ്ങ​ളും മറ്റു ബുദ്ധി​മു​ട്ടു​ക​ളും ധൈര്യ​ത്തോ​ടെ സഹിച്ചു​നിൽക്കാൻ സഹായി​ച്ചു.

ഇടത്‌: അഭയാർഥി​ക​ളു​ടെ ഒരു കൂട്ട​ത്തോ​ടു പ്രസംഗിക്കുന്നു

വലത്‌: കോം​ഗോ​യി​ലെ ഡംഗു​വിൽ വൈദ്യ​സ​ഹാ​യ​വും ഭൗതി​ക​സ​ഹാ​യ​വും എത്തിക്കുന്നു

ഏഷ്യയിലേക്ക്‌

ഇനി, ഒട്ടും പ്രതീ​ക്ഷി​ക്കാഞ്ഞ മറ്റൊരു കാര്യ​ത്തെ​ക്കു​റിച്ച്‌ പറയാം. ഏഷ്യയി​ലേ​ക്കുള്ള മാറ്റമാ​യി​രു​ന്നു അത്‌. ഹോങ്‌കോങ്‌ ബ്രാഞ്ചി​ലേ​ക്കാ​യി​രു​ന്നു നിയമനം. ഏഷ്യയി​ലേക്കു പോകു​ന്ന​തി​നെ​പ്പറ്റി ഞങ്ങൾ ചിന്തി​ച്ചി​ട്ടേ ഇല്ലായി​രു​ന്നു. പക്ഷേ ഞങ്ങളുടെ മുമ്പുള്ള നിയമ​ന​ങ്ങ​ളിൽ യഹോ​വ​യു​ടെ കൈ ഞങ്ങൾക്കു കാണാൻപ​റ്റി​യ​തു​കൊണ്ട്‌ ഈ നിയമ​ന​വും ഞങ്ങൾ സ്വീക​രി​ച്ചു. അങ്ങനെ 2013-ൽ നിറക​ണ്ണു​ക​ളോ​ടെ ആഫ്രി​ക്ക​യി​ലുള്ള ഞങ്ങളുടെ പ്രിയ​സു​ഹൃ​ത്തു​ക്ക​ളോട്‌ ഞങ്ങൾ യാത്ര പറഞ്ഞു.

ലോക​ത്തെ​ല്ലാ​യി​ട​ത്തു​നി​ന്നും ആളുകൾ വന്നു​ചേ​രുന്ന വളരെ തിരക്കു​പി​ടിച്ച ഒരു നഗരമാ​യി​രു​ന്നു ഹോങ്‌കോങ്‌. അവിടത്തെ ഭാഷ കാന്റൊ​ണീസ്‌ ആകട്ടെ, ഞങ്ങൾക്ക്‌ ഒരു വെല്ലു​വി​ളി ആയിരു​ന്നു. എങ്കിലും സഹോ​ദ​ര​ങ്ങ​ളു​ടെ സ്‌നേഹം ഞങ്ങൾക്ക്‌ അനുഭ​വി​ക്കാ​നാ​യി. അവിടത്തെ ഭക്ഷണവും ഇഷ്ടമായി. ആ രാജ്യത്ത്‌ നമ്മുടെ ബ്രാഞ്ചി​ന്റെ പ്രവർത്ത​നങ്ങൾ ത്വരി​ത​ഗ​തി​യിൽ മുന്നേ​റു​ക​യാ​യി​രു​ന്നു. പക്ഷേ ഒരു പ്രശ്‌നം, സ്ഥലത്തിന്റെ വില കുതിച്ച്‌ കയറു​ന്ന​താ​യി​രു​ന്നു. അതു​കൊണ്ട്‌ ഭരണസം​ഘം ബുദ്ധി​പൂർവം നമ്മുടെ ബ്രാഞ്ചി​ന്റെ മിക്ക സ്ഥലങ്ങളും വിൽക്കാൻ തീരു​മാ​നി​ച്ചു. അതിനു ശേഷം 2015-ൽ ഞങ്ങൾ ദക്ഷിണ കൊറി​യ​യി​ലേക്കു മാറി. പക്ഷേ അവി​ടെ​യും ഞങ്ങളുടെ ബുദ്ധി​മു​ട്ടു പുതി​യൊ​രു ഭാഷ പഠിക്കു​ന്ന​താ​യി​രു​ന്നു. എങ്കിലും കൊറി​യൻ ഭാഷ അത്യാ​വ​ശ്യം ഞങ്ങൾ പഠി​ച്ചെ​ടു​ത്തു.

ഇടത്‌: ഹോങ്‌കോ​ങി​ലെ ജീവിതം

വലത്‌: കൊറിയ ബ്രാഞ്ച്‌

ഞങ്ങൾ പഠിച്ച പാഠങ്ങൾ

പുതിയ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കുക എന്നത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല. എങ്കിലും ആതിഥ്യം കാണി​ക്കാൻ നമ്മൾ മുൻകൈ എടുക്കു​ക​യാ​ണെ​ങ്കിൽ നമുക്കു സുഹൃ​ത്തു​ക്കളെ പെട്ടെന്നു സമ്പാദി​ക്കാ​നാ​കു​മെന്ന കാര്യം ഞങ്ങൾ പഠിച്ചു. നമ്മുടെ സഹോ​ദ​ര​ങ്ങൾക്കു വ്യത്യ​സ്‌ത​ത​ക​ളെ​ക്കാ​ള​ധി​കം സമാന​ത​ക​ളാണ്‌ ഉള്ളത്‌. യഹോവ അത്ഭുത​ക​ര​മാ​യാ​ണു നമ്മളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ മനസ്സു​തു​റ​ക്കാ​നും സ്‌നേ​ഹി​ക്കാ​നും സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നും നമുക്കാ​കും.—2 കൊരി. 6:11.

യഹോവ ആളുകളെ കാണു​ന്ന​തു​പോ​ലെ നമ്മളും കാണാൻ പഠിക്കണം. നമ്മുടെ ജീവി​ത​ത്തിൽ യഹോ​വ​യു​ടെ സ്‌നേ​ഹ​വും വഴിന​ട​ത്തി​പ്പും ഒക്കെ ദൃശ്യ​മാ​കുന്ന പല സൂചന​ക​ളും യഹോവ തരും. അതു മനസ്സി​ലാ​ക്കാൻ നമുക്കാ​കണം. ഞങ്ങൾക്കു നിരു​ത്സാ​ഹം തോന്നു​മ്പോ​ഴും സഹോ​ദ​രങ്ങൾ ഞങ്ങളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ എന്നുള്ള സംശയങ്ങൾ വരു​മ്പോ​ഴും അവർ അയച്ചുതന്ന കാർഡു​ക​ളും കത്തുക​ളും ഒക്കെ ഞങ്ങൾ വായി​ക്കും. ഞങ്ങളുടെ ജീവി​ത​ത്തിൽ യഹോവ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകു​ന്നതു കാണാ​നാ​യി. അത്‌ മുന്നോ​ട്ടു​പോ​കാ​നുള്ള ശക്തിയും കരുത്തും നൽകി.

ഇക്കാലം​കൊണ്ട്‌ ഞങ്ങൾ പഠിച്ച വേറൊ​രു കാര്യം എത്ര തിരക്കു​ള്ള​വ​രാ​ണെ​ങ്കി​ലും ഭാര്യാ​ഭർത്താ​ക്ക​ന്മാർ അവർക്കു​വേണ്ടി സമയം കണ്ടെത്തണം എന്നുള്ള​താണ്‌. അതു​പോ​ലെ അബദ്ധങ്ങൾ പറ്റു​മ്പോൾ നർമ​ബോ​ധം ഉള്ളവരാ​യി​രി​ക്കണം, പ്രത്യേ​കി​ച്ചും പുതിയ ഭാഷ പഠിക്കു​മ്പോൾ. എല്ലാ രാത്രി​യും യഹോ​വ​യ്‌ക്കു നന്ദി പറയാ​നുള്ള എന്തെങ്കി​ലു​മൊ​ക്കെ കണ്ടുപി​ടി​ക്കാൻ ഞങ്ങൾ ശ്രമി​ക്കും.

ഞാൻ ഒരു മിഷനറി ആകു​മെ​ന്നോ മറ്റൊരു രാജ്യത്ത്‌ പോയി ജീവി​ക്കു​മെ​ന്നോ എന്നൊ​ന്നും ഒരിക്ക​ലും ചിന്തി​ച്ചി​ട്ടില്ല. പക്ഷേ യഹോ​വ​യു​ടെ സഹായ​ത്താൽ എനിക്ക്‌ ഇതെല്ലാം സാധ്യ​മാ​യി. യിരെമ്യ പ്രവാ​ചകൻ പറഞ്ഞതു​പോ​ലെ, “യഹോവേ, അങ്ങ്‌ എന്നെ വിഡ്‌ഢി​യാ​ക്കി” എന്ന്‌ എനിക്കും പറയാ​നാ​കും. (യിരെ. 20:7) അതെ, ജീവി​ത​ത്തിൽ പല അപ്രതീ​ക്ഷിത സന്തോ​ഷ​ങ്ങ​ളും, എനിക്കു ചിന്തി​ക്കാ​നാ​കാത്ത പല അനു​ഗ്ര​ഹ​ങ്ങ​ളും തന്ന്‌ യഹോവ എന്നെ അനു​ഗ്ര​ഹി​ച്ചു. ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾ വിമാ​ന​ത്തിൽ കയറി ലോകം ചുറ്റണ​മെ​ന്നുള്ള എന്റെ ആഗ്രഹ​വും അങ്ങനെ സാധ്യ​മാ​യി. അഞ്ചു ഭൂഖണ്ഡ​ങ്ങ​ളി​ലു​മാ​യി പല ബ്രാഞ്ചു​ക​ളും എനിക്കു സന്ദർശി​ക്കാ​നാ​യി. ഈ സമയ​ത്തെ​ല്ലാം ലെസ്‌ലി​യു​ടെ പിന്തു​ണ​യും മനസ്സൊ​രു​ക്ക​വും എനിക്ക്‌ ഒരിക്ക​ലും മറക്കാ​നാ​കില്ല.

യഹോ​വ​യെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ ഇതെല്ലാം ചെയ്യു​ന്ന​തെന്ന്‌ ഞങ്ങൾ എപ്പോ​ഴും ഓർക്കും. യഹോവ ‘കൈ തുറന്ന്‌ ജീവനു​ള്ള​തി​ന്റെ​യെ​ല്ലാം ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തുന്ന’ ആ നല്ല കാലത്തി​ന്റെ ഒരു അംശം മാത്ര​മാണ്‌ ഞങ്ങൾ ഇന്ന്‌ ആസ്വദി​ക്കു​ന്നത്‌.—സങ്കീ. 145:16.