വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യേശു ജനിച്ചതിനു ശേഷം എന്തുകൊണ്ടാണു യോസേഫും മറിയയും സ്വന്തം നാടായ നസറെത്തിലേക്കു പോകാതെ ബേത്ത്ലെഹെമിൽത്തന്നെ താമസിച്ചത്?
അതെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എങ്കിലും എന്തുകൊണ്ടാണ് അവർ യഹൂദ്യയിലുള്ള ബേത്ത്ലെഹെമിൽത്തന്നെ തുടരാൻ തീരുമാനിച്ചതെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ബൈബിളിലുണ്ട്.
മറിയ ഗർഭിണിയായി ഒരു കുഞ്ഞിനു ജന്മം നൽകുമെന്നു ദൂതൻ മറിയയെ അറിയിച്ചു. ദൂതൻ ഈ സന്ദേശം അറിയിച്ച സമയത്ത് യോസേഫും മറിയയും ഗലീലയിലെ ഒരു പട്ടണമായ നസറെത്തിലായിരുന്നു. (ലൂക്കോ. 1:26-31; 2:4) പിന്നീട് ഒരിക്കൽ ഈജിപ്തിൽനിന്ന് അവർ വന്നതും നസറെത്തിലേക്കുതന്നെയാണ്. അങ്ങനെ യേശുവും ഒരു നസറെത്തുകാരനായി വളർന്നു. (മത്താ. 2:19-23) അതുകൊണ്ടൊക്കെയാണു യേശുവിനെയും യോസേഫിനെയും മറിയയെയും കുറിച്ച് കേൾക്കുമ്പോൾ നസറെത്ത് എന്ന സ്ഥലം നമ്മുടെ മനസ്സിലേക്കു വരുന്നത്.
മറിയയ്ക്ക് എലിസബത്ത് എന്നു പേരുള്ള ഒരു ബന്ധുവുണ്ടായിരുന്നു. യഹൂദ്യയിലാണ് അവർ താമസിച്ചിരുന്നത്. സെഖര്യ പുരോഹിതന്റെ ഭാര്യയായിരുന്നു എലിസബത്ത്. പിന്നീട് അവർക്കു ജനിച്ച മകനാണ് സ്നാപകയോഹന്നാൻ. (ലൂക്കോ. 1:5, 9, 13, 36) എലിസബത്തിനെ കാണാൻ ചെന്ന മറിയ മൂന്നു മാസത്തോളം അവരോടൊപ്പം യഹൂദ്യയിൽ താമസിച്ചു. പിന്നെ മറിയ നസറെത്തിലേക്കു തിരിച്ചുപോയി. (ലൂക്കോ. 1:39, 40, 56) അതുകൊണ്ടുതന്നെ മറിയയ്ക്ക് യഹൂദ്യയിലെ പ്രദേശമൊക്കെയായിട്ടു കുറച്ച് പരിചയമുണ്ടായിരുന്നു.
‘പേരു രേഖപ്പെടുത്താനുള്ള’ കല്പന അനുസരിക്കുന്നതിനുവേണ്ടി യോസേഫ് നസറെത്തിൽനിന്ന് ബേത്ത്ലെഹെമിലേക്കു പോയി. പ്രവചനം അനുസരിച്ച് മിശിഹ ജനിക്കേണ്ടിയിരുന്നതും ‘ദാവീദിന്റെ നഗരമായ’ ഈ ബേത്ത്ലെഹെമിലായിരുന്നു. (ലൂക്കോ. 2:3, 4; 1 ശമു. 17:15; 20:6; മീഖ 5:2) അവിടെവെച്ച് മറിയ യേശുവിനു ജന്മം നൽകി. പക്ഷേ ഒരു കൈക്കുഞ്ഞുമായി നസറെത്തിലേക്ക് ഒരു നീണ്ട യാത്ര നടത്താൻ യോസേഫ് ആഗ്രഹിച്ചില്ല. പകരം, യരുശലേമിൽനിന്ന് ഏതാണ്ട് ഒൻപതു കിലോമീറ്റർ മാത്രം ദൂരമുള്ള ബേത്ത്ലെഹെമിൽ അവർ താമസിച്ചു. അതുകൊണ്ടുതന്നെ അവർക്ക് യേശുവിനെ ആലയത്തിൽകൊണ്ടുപോകാനും നിയമം ആവശ്യപ്പെട്ടിരുന്ന യാഗം അർപ്പിക്കാനും കൂടുതൽ സൗകര്യമായിരുന്നു.—ലേവ്യ 12:2, 6-8; ലൂക്കോ. 2:22-24.
ജനിക്കാൻപോകുന്ന കുഞ്ഞിനു “ദാവീദിന്റെ സിംഹാസനം” കൊടുക്കുമെന്നും അവൻ ഒരു ‘രാജാവായി ഭരിക്കുമെന്നും’ ദൂതൻ മറിയയോടു നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. അതുകൊണ്ട് യേശു ദാവീദിന്റെ നഗരത്തിൽ ജനിച്ചു എന്നതിന് എന്തോ പ്രധാന്യം ഉള്ളതായി യോസേഫിനും മറിയയ്ക്കും തോന്നിയിട്ടുണ്ടാകണം. (ലൂക്കോ. 1:32, 33; 2:11, 17) എന്താണ് ഇനി ചെയ്യേണ്ടതെന്നു ദൈവത്തിൽനിന്ന് ഒരു സൂചന കിട്ടുന്നതുവരെ ആ നഗരത്തിൽത്തന്നെ തുടരുന്നതായിരിക്കും നല്ലതെന്ന് ഒരുപക്ഷേ അവർ ചിന്തിച്ചുകാണും.
അവർ ബേത്ത്ലെഹെമിൽ എത്ര നാൾ താമസിച്ചതിനു ശേഷമാണു ജ്യോത്സ്യന്മാർ അവരെ കാണാൻ വന്നതെന്നു നമുക്ക് അറിയില്ല. എന്തായാലും അവർ അപ്പോഴേക്കും ഒരു വീട്ടിൽ താമസം തുടങ്ങിയിരുന്നതായി ബൈബിൾ പറയുന്നു. അതുപോലെ അവരുടെ മകനെ ഒരു കൈക്കുഞ്ഞായിട്ടല്ല, അൽപ്പംകൂടി മുതിർന്ന ഒരു ‘കുട്ടിയായിട്ടാണ്’ അവിടെ പറയുന്നത്. (മത്താ. 2:11) അവർ നസറെത്തിലേക്കു തിരിച്ചുപോകുന്നതിനു പകരം ബേത്ത്ലെഹെമിൽത്തന്നെ കുറച്ചുനാൾ താമസിച്ചുകാണും എന്നാണു നമ്മൾ അതിൽനിന്ന് മനസ്സിലാക്കുന്നത്.
“രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള ആൺകുഞ്ഞുങ്ങളെയെല്ലാം” കൊന്നു കളയാൻ ഹെരോദ് ഉത്തരവിട്ടു. (മത്താ. 2:16) ഈ കാര്യത്തെക്കുറിച്ച് ദൂതൻ യോസേഫിനു മുന്നറിയിപ്പു കൊടുത്തപ്പോൾ യേശുവിനെയുംകൊണ്ട് അവർ ഈജിപ്തിലേക്കു പോകുകയും ഹെരോദ് മരിക്കുന്നതുവരെ അവിടെത്തന്നെ താമസിക്കുകയും ചെയ്തു. പിന്നീടു യോസേഫ് അവരെയുംകൊണ്ട് നസറെത്തിലേക്കു പോയി. എന്തുകൊണ്ടാണ് അവർ ബേത്ത്ലെഹെമിലേക്കു പോകാതിരുന്നത്? ആ സമയത്ത് യഹൂദ്യ ഭരിച്ചിരുന്നത് ഹെരോദിന്റെ മകനായ അർക്കെലയൊസ് ആയിരുന്നു. അദ്ദേഹം ഒരു ക്രൂരനായിരുന്നതുകൊണ്ട് യോസേഫിന് അങ്ങോട്ടുപോകാൻ പേടിതോന്നി. മാത്രമല്ല, ദൂതൻ അതെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കുകയും ചെയ്തിരുന്നു. എന്തായാലും യഹോവയുടെ ഒരു ആരാധകനായി യേശുവിനെ വളർത്തിക്കൊണ്ടുവരാൻ സുരക്ഷിതമായ ഒരു സ്ഥലമായിരുന്നു നസറെത്ത്.—മത്താ. 2:19-22; 13:55; ലൂക്കോ. 2:39, 52.
സാധ്യതയനുസരിച്ച് മറ്റുള്ളവർക്കു സ്വർഗത്തിലേക്കു പോകാൻ യേശു വഴി തുറന്നുകൊടുക്കുന്നതിനു മുമ്പ് യോസേഫ് മരിച്ചുപോയിരുന്നു. അതുകൊണ്ടുതന്നെ യോസേഫ് ഭൂമിയിലേക്കായിരിക്കും പുനരുഥാനപ്പെട്ടുവരുക. ആ സമയത്ത് പലർക്കും യോസേഫിനെ നേരിട്ട് കാണാനും എന്തുകൊണ്ടാണു യേശു ജനിച്ചതിനു ശേഷം അവർ ബേത്ത്ലെഹെമിൽത്തന്നെ തുടർന്നതെന്നു വിശദമായി ചോദിച്ചറിയാനും കഴിയും.