പഠനലേഖനം 52
ചെറുപ്പക്കാരായ സഹോദരിമാരേ, പക്വതയിലേക്കു വളരുക
‘സ്ത്രീകൾ ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.’—1 തിമൊ. 3:11.
ഗീതം 133 യൗവനകാലത്ത് യഹോവയെ ആരാധിക്കുക
ചുരുക്കം a
1. ക്രിസ്തീയപക്വതയിലേക്കു വളരാൻ നമ്മൾ എന്തു ചെയ്യണം?
എത്ര പെട്ടെന്നാണ് ഒരു കുട്ടി വളർന്ന് വലുതാകുന്നത്! ആ വളർച്ച തനിയെ സംഭവിക്കുന്നതായി തോന്നാം. എന്നാൽ ക്രിസ്തീയപക്വതയിലേക്കുള്ള ഒരാളുടെ വളർച്ച ഒരിക്കലും തനിയെ സംഭവിക്കുന്നതല്ല. b (1 കൊരി. 13:11; എബ്രാ. 6:1) ആ ലക്ഷ്യത്തിലെത്താൻ നമുക്ക് യഹോവയുമായി വളരെ അടുത്ത ബന്ധം വേണം. കൂടാതെ ദൈവാത്മാവിന്റെ സഹായത്തോടെ നമ്മൾ ദൈവികഗുണങ്ങൾ വളർത്തുകയും നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന വൈദഗ്ധ്യങ്ങൾ നേടുകയും ഭാവി ഉത്തരവാദിത്വങ്ങൾക്കായി ഒരുങ്ങുകയും വേണം.—സുഭാ. 1:5.
2. (എ) ഉൽപത്തി 1:27-ൽനിന്ന് നമ്മൾ എന്താണ് മനസ്സിലാക്കുന്നത്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 യഹോവ മനുഷ്യരെ ആണും പെണ്ണും ആയാണ് സൃഷ്ടിച്ചത്. (ഉൽപത്തി 1:27 വായിക്കുക.) പുരുഷനും സ്ത്രീയും തമ്മിൽ ശാരീരികമായ വ്യത്യാസം മാത്രമല്ല, മറ്റു പല വ്യത്യാസങ്ങളും ഉണ്ട്. ഉദാഹരണത്തിന്, യഹോവ അവരെ ഉണ്ടാക്കിയത് വ്യത്യസ്ത നിയമനങ്ങൾക്കായാണ്. അതുകൊണ്ട് പുരുഷനും സ്ത്രീക്കും തങ്ങളുടേതായ നിയമനങ്ങൾ നിറവേറ്റാൻ ആവശ്യമായ കഴിവുകളും വൈദഗ്ധ്യങ്ങളും ആണ് വേണ്ടത്. (ഉൽപ. 2:18) ഈ ലേഖനത്തിൽ ചെറുപ്പക്കാരിയായ ഒരു സഹോദരിക്കു പക്വതയുള്ള ഒരു ക്രിസ്തീയസ്ത്രീ ആയിത്തീരാൻ എങ്ങനെ കഴിയുമെന്നു നമ്മൾ പഠിക്കും. അടുത്ത ലേഖനത്തിൽ ചെറുപ്പക്കാരായ സഹോദരന്മാരുടെ കാര്യം നമ്മൾ നോക്കും.
ദൈവികഗുണങ്ങൾ വളർത്തുക
3-4. ചെറുപ്പക്കാരികളായ സഹോദരിമാർക്ക് അനുകരിക്കാൻ കഴിയുന്ന നല്ല മാതൃകകൾ എവിടെ കണ്ടെത്താം? (ചിത്രവും കാണുക.)
3 യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത അനേകം സ്ത്രീകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. (jw.org-ലെ “ബൈബിളിലെ സ്ത്രീകഥാപാത്രങ്ങൾ—അവരിൽനിന്ന് നമുക്കു പഠിക്കാനുള്ളത്” എന്ന ലേഖനം കാണുക.) നമ്മുടെ ആധാരവാക്യം പറയുന്നതുപോലെ അവരെല്ലാം “ശീലങ്ങളിൽ മിതത്വം പാലിക്കുന്നവരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും” ആയിരുന്നു. ഇനി, ചെറുപ്പക്കാരികളായ നിങ്ങൾക്കു നിങ്ങളുടെതന്നെ സഭയിൽ അനുകരിക്കാനാകുന്ന, പക്വതയുള്ള ക്രിസ്തീയസഹോദരിമാരെ കണ്ടെത്താനാകും.
4 ചെറുപ്പക്കാരികളായ സഹോദരിമാരേ, നിങ്ങൾക്ക് അനുകരിക്കാൻ കഴിയുന്ന, പക്വതയുള്ള ഏതെങ്കിലും ക്രിസ്തീയസ്ത്രീകളെ അറിയാമോ? അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുക. അത് നിങ്ങൾക്ക് എങ്ങനെ പകർത്താമെന്നു ചിന്തിക്കുക. ഇനിയുള്ള ഖണ്ഡികകളിൽ പക്വതയുള്ള സ്ത്രീകൾക്കുവേണ്ട മൂന്നു ഗുണങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും.
5. ക്രിസ്തീയപക്വതയുള്ള ഒരു സ്ത്രീക്ക് താഴ്മ ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
5 താഴ്മ ക്രിസ്തീയപക്വതയുള്ള ഒരാൾക്ക് ഉണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒരു ഗുണമാണ്. താഴ്മയുള്ള ഒരു സ്ത്രീക്ക് യഹോവയുമായും മറ്റുള്ളവരുമായും വളരെ നല്ല ഒരു ബന്ധം ഉണ്ടായിരിക്കും. (യാക്കോ. 4:6) ഉദാഹരണത്തിന്, യഹോവയെ സ്നേഹിക്കുന്ന ഒരു സ്ത്രീ തന്റെ സ്വർഗീയപിതാവ് വെച്ചിരിക്കുന്ന ശിരഃസ്ഥാനക്രമീകരണത്തെ താഴ്മയോടെ പിന്തുണയ്ക്കും. (1 കൊരി. 11:3) സഭയിലും കുടുംബത്തിലും ആ ക്രമീകരണത്തിനു കീഴ്പെടേണ്ട പല സാഹചര്യങ്ങളും ഉണ്ട്. c
6. റിബെക്കയുടെ മാതൃകയിൽനിന്ന് താഴ്മയെക്കുറിച്ച് ചെറുപ്പക്കാരികളായ സഹോദരിമാർക്ക് എന്തു പഠിക്കാം?
6 ഇക്കാര്യത്തിൽ റിബെക്ക നല്ലൊരു മാതൃകയാണ്. റിബെക്ക ബുദ്ധിയുള്ള ഒരു സ്ത്രീയായിരുന്നു. ജീവിതത്തിലുടനീളം ധൈര്യത്തോടെ തീരുമാനങ്ങളെടുത്ത, ഉചിതമായ സമയങ്ങളിൽ മുൻകൈയെടുത്ത് പ്രവർത്തിച്ച ഒരു സ്ത്രീ. (ഉൽപ. 24:58; 27:5-17) അതേസമയം റിബെക്ക ആദരവും കീഴ്പെടലും കാണിക്കുകയും ചെയ്തു. (ഉൽപ. 24:17, 18, 65) റിബെക്കയെപ്പോലെ നിങ്ങളും താഴ്മയോടെ യഹോവയുടെ ക്രമീകരണങ്ങളെ പിന്തുണയ്ക്കുന്നെങ്കിൽ കുടുംബത്തിലും സഭയിലും നിങ്ങളും നല്ലൊരു മാതൃകയായിരിക്കും.
7. എളിമ കാണിക്കുന്ന കാര്യത്തിൽ ചെറുപ്പക്കാരികളായ സഹോദരിമാർക്ക് എങ്ങനെ എസ്ഥേറിനെ അനുകരിക്കാം?
7 എളിമയാണ് വേണ്ട മറ്റൊരു ഗുണം. ബൈബിൾ പറയുന്നു: “എളിമയുള്ളവർ ജ്ഞാനികളാണ്.” (സുഭാ. 11:2) അങ്ങനെ എളിമയുള്ള ഒരു വിശ്വസ്ത സ്ത്രീയായിരുന്നു എസ്ഥേർ. ആ ഗുണം ഉണ്ടായിരുന്നതുകൊണ്ട് രാജ്ഞിയായപ്പോഴും എസ്ഥേർ അഹങ്കാരത്തോടെ പ്രവർത്തിച്ചില്ല. തുടർന്നും ബന്ധുവായ മൊർദെഖായി പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തു. (എസ്ഥേ. 2:10, 20, 22) മറ്റുള്ളവരോടു നല്ല ഉപദേശങ്ങൾ ചോദിക്കുകയും അവ അനുസരിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്കും എളിമയുള്ളവരായിരിക്കാൻ കഴിയും.—തീത്തോ. 2:3-5.
8. വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ എളിമ എങ്ങനെയാണ് ഒരു സഹോദരിയെ സഹായിക്കുന്നത്? (1 തിമൊഥെയൊസ് 2:9, 10)
8 എസ്ഥേർ മറ്റൊരു വിധത്തിലും എളിമ കാണിച്ചു. അവൾ “അതിസുന്ദരിയും ആകാരഭംഗിയുള്ളവളും ആയിരുന്നു.” എങ്കിലും തന്നിലേക്ക് അനാവശ്യശ്രദ്ധ ആകർഷിക്കാൻ അവൾ ശ്രമിച്ചില്ല. (എസ്ഥേ. 2:7, 15) എസ്ഥേറിന്റെ മാതൃക ക്രിസ്തീയസ്ത്രീകൾക്ക് എങ്ങനെ അനുകരിക്കാം? ഒരു വിധം 1 തിമൊഥെയൊസ് 2:9, 10 (വായിക്കുക.) വാക്യങ്ങളിൽ കാണാം. ക്രിസ്തീയസ്ത്രീകളോടു മാന്യമായും സുബോധത്തോടെയും വസ്ത്രം ധരിക്കാൻ പൗലോസ് അപ്പോസ്തലൻ പറയുന്നു. അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദങ്ങൾ സൂചിപ്പിക്കുന്നത്, ഒരു ക്രിസ്തീയസ്ത്രീയുടെ വസ്ത്രധാരണം ഉചിതമായതും മറ്റുള്ളവരുടെ വികാരങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുന്നതും ആയിരിക്കണം എന്നാണ്. ഇത്തരത്തിൽ എളിമയോടെ വസ്ത്രം ധരിക്കുന്ന, പക്വതയുള്ള ക്രിസ്തീയസഹോദരിമാരെ നമ്മൾ വളരെയധികം വിലമതിക്കുന്നു.
9. അബീഗയിലിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 വകതിരിവാണ് പക്വതയുള്ള സഹോദരിമാർക്കു വേണ്ട മറ്റൊരു ഗുണം. എന്താണ് വകതിരിവ്? ശരിയും തെറ്റും വേർതിരിച്ചറിയാനും എന്നിട്ട് ശരിയായത് തിരഞ്ഞെടുക്കാനും ഉള്ള കഴിവാണ് അത്. ഇക്കാര്യത്തിൽ അബീഗയിൽ വെച്ച മാതൃക നോക്കാം. അബീഗയിലിന്റെ ഭർത്താവ് എടുത്ത തെറ്റായ ഒരു തീരുമാനം ആ കുടുംബത്തിനു മുഴുവൻ വലിയൊരു ആപത്ത് വരുത്തിവെക്കുമായിരുന്നു. അതുകൊണ്ട് അബീഗയിൽ പെട്ടെന്നു പ്രവർത്തിച്ചു. അവൾ വകതിരിവ് കാണിച്ചതുകൊണ്ട് എല്ലാവരുടെയും ജീവൻ രക്ഷിക്കാനായി. (1 ശമു. 25:14-23, 32-35) വകതിരിവുകൊണ്ട് വേറെയുമുണ്ട് പ്രയോജനങ്ങൾ. എപ്പോൾ സംസാരിക്കണം, എപ്പോൾ മിണ്ടാതിരിക്കണം എന്നു തിരിച്ചറിയാൻ അതു നമ്മളെ സഹായിക്കും. അതുപോലെ മറ്റുള്ളവരുടെ കാര്യത്തിൽ താത്പര്യം കാണിക്കുമ്പോഴും എവിടെ പരിധികൾ വെക്കണമെന്ന് നമുക്ക് തിരിച്ചറിയാൻ കഴിയും.—1 തെസ്സ. 4:11.
വൈദഗ്ധ്യങ്ങൾ വളർത്തിയെടുക്കുക
10-11. നന്നായി എഴുതാനും വായിക്കാനും അറിയാമെങ്കിൽ അതു നിങ്ങൾക്കും മറ്റുള്ളവർക്കും എങ്ങനെ പ്രയോജനം ചെയ്യും? (ചിത്രവും കാണുക.)
10 ഒരു ക്രിസ്തീയസ്ത്രീ, ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന വൈദഗ്ധ്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. പെൺകുട്ടികൾ ചെറുപ്പത്തിൽ നേടുന്ന ഇത്തരം വൈദഗ്ധ്യങ്ങൾ അവർക്കു ജീവിതകാലം മുഴുവൻ പ്രയോജനം ചെയ്യും. അത്തരം ചില കാര്യങ്ങളെക്കുറിച്ച് നോക്കാം.
11 നന്നായി എഴുതാനും വായിക്കാനും പഠിക്കുക. സ്ത്രീകൾ എഴുതാനും വായിക്കാനും പഠിക്കുന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് ചില സംസ്കാരങ്ങളിലെ ആളുകൾ ചിന്തിക്കുന്നത്. പക്ഷേ എല്ലാ ക്രിസ്ത്യാനികളും നേടേണ്ട ഒരു വൈദഗ്ധ്യംതന്നെയാണ് അത്. d (1 തിമൊ. 4:13) അതുകൊണ്ട് എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും നന്നായി എഴുതാനും വായിക്കാനും പഠിക്കുക. അതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്? ഒരു ജോലി കണ്ടെത്താനും അതിൽ തുടരാനും ഈ കഴിവ് നിങ്ങൾക്കു വേണ്ടിവന്നേക്കാം. ഇനി, ദൈവവചനം നന്നായി പഠിക്കാനും മറ്റുള്ളവരെ നന്നായി പഠിപ്പിക്കാനും നിങ്ങൾക്കു പറ്റും. ഏറ്റവും പ്രധാനമായി, ദൈവവചനം വായിച്ച് അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതിലൂടെ യഹോവയോടു നിങ്ങൾ കൂടുതൽ അടുക്കും.—യോശു. 1:8; 1 തിമൊ. 4:15.
12. നന്നായി ആശയവിനിമയം ചെയ്യുന്ന ഒരാളായിരിക്കാൻ സുഭാഷിതങ്ങൾ 31:26 എങ്ങനെയാണ് സഹായിക്കുന്നത്?
12 നന്നായി ആശയവിനിമയം ചെയ്യാൻ പഠിക്കുക. ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കേണ്ട ഒരു വൈദഗ്ധ്യമാണ് ഇത്. ഇക്കാര്യത്തിൽ ശിഷ്യനായ യാക്കോബ് നല്ലൊരു ഉപദേശം തരുന്നുണ്ട്: “എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്.” (യാക്കോ. 1:19) മറ്റുള്ളവർ സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധയോടെ കേൾക്കുന്നെങ്കിൽ നിങ്ങൾ അവരോട് “സഹാനുഭൂതി” കാണിക്കുകയാണ്. (1 പത്രോ. 3:8) ഒരാൾ ഒരു കാര്യം പറയുമ്പോൾ നിങ്ങൾക്ക് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണെന്ന് ശരിക്കും മനസ്സിലാകുന്നില്ലെങ്കിൽ ഉചിതമായ ചോദ്യങ്ങൾ ചോദിക്കാനാകും. അതുപോലെ, നിങ്ങൾ എന്തെങ്കിലും പറയുന്നതിനു മുമ്പ് ഒരു നിമിഷം ചിന്തിക്കുക. (സുഭാ. 15:28, അടിക്കുറിപ്പ്.) നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ ഇപ്പോൾ പറയാൻപോകുന്നതു ശരിയായ ഒരു കാര്യമാണോ? ബലപ്പെടുത്തുന്ന ഒന്നാണോ? ഞാൻ നയത്തോടെയും ദയയോടെയും ആണോ അതു പറയാൻപോകുന്നത്?’ നന്നായി ആശയവിനിമയം ചെയ്യുന്ന, പക്വതയുള്ള സഹോദരിമാരെ കണ്ടുപഠിക്കുക. (സുഭാഷിതങ്ങൾ 31:26 വായിക്കുക.) അവർ എങ്ങനെയാണ് സംസാരിക്കുന്നത് എന്നു ശ്രദ്ധിക്കുക. ഈ വൈദഗ്ധ്യം നിങ്ങൾ എത്രത്തോളം നേടുന്നോ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം അത്രത്തോളം നല്ലതായിരിക്കും.
13. വീട്ടുകാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ പഠിക്കാം? (ചിത്രവും കാണുക.)
13 വീട്ടുകാര്യങ്ങൾ ചെയ്യാൻ പഠിക്കുക. പല സ്ഥലങ്ങളിലും വീട്ടിലെ ജോലികൾ കൂടുതലും ചെയ്യുന്നതു സ്ത്രീകളാണ്. അതിനുവേണ്ട കഴിവുകൾ വളർത്തിയെടുക്കാൻ നിങ്ങളുടെ അമ്മയ്ക്കോ പ്രാപ്തിയുള്ള ഒരു സഹോദരിക്കോ നിങ്ങളെ സഹായിക്കാനായേക്കും. സിന്ധി സഹോദരി പറയുന്നു: “എന്റെ അമ്മയിൽനിന്ന് ഞാൻ പഠിച്ച വലിയൊരു കാര്യമുണ്ട്, കഠിനാധ്വാനം ചെയ്താൽ സന്തോഷം കിട്ടും. പാചകം ചെയ്യാനും വീടു വൃത്തിയാക്കാനും തയ്ക്കാനും സാധനങ്ങൾ നോക്കി വാങ്ങാനും ഒക്കെ ഞാൻ പഠിച്ചു. ഇത്തരം വൈദഗ്ധ്യങ്ങൾ നേടിയത് എന്റെ ജീവിതം എളുപ്പമാക്കി. യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള അവസരങ്ങൾ തുറന്നുതന്നു. ആതിഥ്യം കാണിക്കാനും അമ്മ എന്നെ പഠിപ്പിച്ചു. അനുകരിക്കാൻ കഴിയുന്ന പല സഹോദരങ്ങളെയും പരിചയപ്പെടാൻ എനിക്ക് അതിലൂടെയായി.” (സുഭാ. 31:15, 21, 22) കഠിനാധ്വാനം ചെയ്യാനും ആതിഥ്യം കാണിക്കാനും മനസ്സുള്ള, വീട്ടുകാര്യങ്ങൾ നന്നായി ചെയ്യാൻ പഠിച്ച ഒരു സ്ത്രീ തന്റെ കുടുംബത്തിനും സഭയ്ക്കും ഒരു അനുഗ്രഹമാണ്.—സുഭാ. 31:13, 17, 27; പ്രവൃ. 16:15.
14. ക്രിസ്റ്റലിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? നിങ്ങളുടെ ലക്ഷ്യം എന്തായിരിക്കണം?
14 സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. പക്വതയുള്ള ക്രിസ്ത്യാനികൾ സ്വന്തമായി കാര്യങ്ങൾ ചെയ്യാനും ഉള്ളതിൽ തൃപ്തരായിരിക്കാനും പഠിക്കേണ്ടതുണ്ട്. (ഫിലി. 4:11; 2 തെസ്സ. 3:7, 8) ക്രിസ്റ്റൽ എന്ന ഒരു സഹോദരി പറയുന്നു: “സ്കൂളിൽ പഠിക്കുന്ന സമയത്ത് ചില വൈദഗ്ധ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന കോഴ്സുകൾ ഞങ്ങൾക്കു തിരഞ്ഞെടുക്കാനാകുമായിരുന്നു. അക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ മാതാപിതാക്കൾ എന്നെ സഹായിച്ചു. അങ്ങനെ പപ്പ പറഞ്ഞതനുസരിച്ച് ഞാൻ അക്കൗണ്ടിങ് കോഴ്സ് എടുത്തു. അത് എനിക്കു പിന്നീട് ഒരുപാടു ഗുണം ചെയ്തു.” വരുമാനത്തിനുള്ള ഒരു മാർഗം കണ്ടെത്തുന്നതിനോടൊപ്പം, കിട്ടുന്ന പണത്തെക്കാൾ കൂടുതൽ ചെലവാക്കുന്നില്ലെന്ന് നിങ്ങൾ ഉറപ്പുവരുത്തുകയും വേണം. അതിന് ഒരു ബഡ്ജറ്റ് ഉണ്ടാക്കാനും അതിനോടു പറ്റിനിൽക്കാനും പഠിക്കാം. (സുഭാ. 31:16, 18) ഉള്ളതിൽ തൃപ്തരായിരുന്നുകൊണ്ട് ഒരു ലളിതജീവിതം നയിക്കുകയും അനാവശ്യമായി കടം വരുത്തിവെക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് ആത്മീയലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയും.—1 തിമൊ. 6:8.
ഭാവിജീവിതത്തിനായി ഒരുങ്ങുക
15-16. ഏകാകിനികളായ സഹോദരിമാർ ഒരു അനുഗ്രഹമായിരിക്കുന്നത് എന്തുകൊണ്ട്? (മർക്കോസ് 10:29, 30)
15 ആത്മീയഗുണങ്ങളും പ്രധാനപ്പെട്ട വൈദഗ്ധ്യങ്ങളും വളർത്തിയെടുക്കുന്നതു ഭാവിജീവിതത്തിനായി ഒരുങ്ങാൻ നിങ്ങളെ സഹായിക്കും. ഭാവിയിൽ നിങ്ങൾ എടുത്തേക്കാവുന്ന ചില തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഇനി നോക്കാം.
16 കുറച്ച് കാലത്തേക്ക് ഏകാകിനിയായി തുടരാൻ നിങ്ങൾ തീരുമാനിച്ചേക്കാം. യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ വിവാഹം കഴിക്കാതെ തുടരാൻ ചില സഹോദരിമാർ തീരുമാനിക്കുന്നു; അവരുടെ സംസ്കാരങ്ങളിൽ അത് അത്ര പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമല്ലെങ്കിൽപ്പോലും. (മത്താ. 19:10-12) എന്നാൽ വേറെ ചിലർ വിവാഹം കഴിക്കാത്തത് അവരുടെ സാഹചര്യങ്ങൾകൊണ്ടായിരിക്കും. എന്തുതന്നെയാണെങ്കിലും യഹോവയും യേശുവും ഏകാകിനികളായ സഹോദരിമാരെ ഒട്ടും വിലകുറച്ച് കാണുന്നില്ല എന്ന് ഓർക്കുക. ഈ സഹോദരിമാർ ലോകമെങ്ങുമുള്ള സഭകൾക്ക് ഒരു അനുഗ്രഹംതന്നെയാണ്. മറ്റുള്ളവരോടു കാണിക്കുന്ന സ്നേഹവും താത്പര്യവും കാരണം അവർ ഒരുപാടു പേർക്ക് ആത്മീയ സഹോദരിമാരും അമ്മമാരും ആയിത്തീർന്നിട്ടുണ്ട്.—മർക്കോസ് 10:29, 30 വായിക്കുക; 1 തിമൊ. 5:2.
17. മുഴുസമയസേവനത്തിനായി ഒരു ചെറുപ്പക്കാരിക്ക് ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം?
17 നിങ്ങൾ മുഴുസമയസേവനം തിരഞ്ഞെടുത്തേക്കാം. ലോകമെങ്ങുമായി നടക്കുന്ന പ്രസംഗപ്രവർത്തനത്തിൽ വലിയൊരു പങ്കും ചെയ്യുന്നതു സഹോദരിമാരാണ്. (സങ്കീ. 68:11) മുഴുസമയസേവനത്തിലേക്കു കടന്നുവരാൻ നിങ്ങൾക്ക് ഇപ്പോൾത്തന്നെ ലക്ഷ്യം വെക്കാനാകുമോ? ഒരു മുൻനിരസേവികയോ നിർമാണ സന്നദ്ധസേവികയോ ബഥേലംഗമോ ഒക്കെ ആകാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് പ്രാർഥിക്കുക. ആ ലക്ഷ്യത്തിൽ എത്തിച്ചേർന്നവരോട് അതെക്കുറിച്ച് സംസാരിക്കുക. മുഴുസമയസേവനത്തിനുള്ള യോഗ്യത നേടാൻ എന്താണ് ചെയ്യേണ്ടതെന്നു കണ്ടെത്തുക. എന്നിട്ട് നിങ്ങൾക്ക് എത്തിപ്പിടിക്കാനാകുന്ന ഒരു പ്ലാൻ തയ്യാറാക്കുക. നിങ്ങൾ ലക്ഷ്യത്തിൽ എത്തിച്ചേർന്നാൽ യഹോവയുടെ സേവനത്തിൽ ആവേശകരമായ പലതും ചെയ്യാൻ നിങ്ങൾക്ക് അവസരം കിട്ടും.
18. ഒരു സഹോദരി തന്റെ ഇണയെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ടാണ്? (ചിത്രവും കാണുക.)
18 നിങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചേക്കാം. നമ്മൾ ചർച്ച ചെയ്ത ഗുണങ്ങളും വൈദഗ്ധ്യങ്ങളും കാര്യപ്രാപ്തിയുള്ള ഒരു ഭാര്യയായിരിക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ കല്യാണം കഴിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ വളരെ ശ്രദ്ധിച്ചുവേണം നിങ്ങളുടെ ഇണയെ തിരഞ്ഞെടുക്കാൻ. അത് നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണ്. കാരണം ആ വ്യക്തിയുടെ ശിരഃസ്ഥാനത്തിനു നിങ്ങൾ കീഴ്പെടേണ്ടിവരും. (റോമ. 7:2; എഫെ. 5:23, 33) നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘അദ്ദേഹം പക്വതയുള്ള ഒരു ക്രിസ്ത്യാനിയാണോ? ആത്മീയകാര്യങ്ങൾ ജീവിതത്തിൽ ഒന്നാമത് വെക്കുന്നുണ്ടോ? ജ്ഞാനത്തോടെ തീരുമാനങ്ങൾ എടുക്കാറുണ്ടോ? ഒരു തെറ്റുപറ്റിയാൽ അദ്ദേഹം അത് അംഗീകരിക്കുമോ? സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണോ? എന്റെ ആത്മീയവും ഭൗതികവും ആയ കാര്യങ്ങൾക്കായി കരുതാൻ അദ്ദേഹത്തിനു പറ്റുമോ? അദ്ദേഹം എന്റെ നല്ലൊരു സുഹൃത്തായിരിക്കുമോ? ഉത്തരവാദിത്വങ്ങൾ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണോ? ഉദാഹരണത്തിന്, സഭയിൽ അദ്ദേഹത്തിന് എന്തൊക്കെ നിയമനങ്ങൾ ഉണ്ട്? അത് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?’ (ലൂക്കോ. 16:10; 1 തിമൊ. 5:8) നിങ്ങൾക്കു നല്ല ഒരു ഭർത്താവിനെ കിട്ടണമെങ്കിൽ നിങ്ങൾ നല്ല ഒരു ഭാര്യയായിരിക്കാൻ പഠിക്കേണ്ടതുണ്ട് എന്ന് ഓർക്കുക.
19. “സഹായി” എന്ന സ്ഥാനം ബഹുമാനം അർഹിക്കുന്ന ഒന്നായിരിക്കുന്നത് എന്തുകൊണ്ട്?
19 നല്ലൊരു ഭാര്യ ഭർത്താവിന് ഒരു ‘പൂരകവും’ ‘സഹായിയും’ ആണെന്ന് ബൈബിൾ പറയുന്നു. (ഉൽപ. 2:18) അത് വില കുറഞ്ഞ ഒരു സ്ഥാനമാണോ? ഒരിക്കലും അല്ല. സഹായി എന്ന നിലയിലുള്ള ഭാര്യയുടെ സ്ഥാനം ബഹുമാനം അർഹിക്കുന്ന ഒന്നുതന്നെയാണ്. കാരണം ബൈബിൾ പല തവണ യഹോവയെപ്പോലും “സഹായി” എന്നു വിളിച്ചിട്ടുണ്ട്. (സങ്കീ. 54:4; എബ്രാ. 13:6) ഭർത്താവിനെ പിന്തുണയ്ക്കുകയും കുടുംബത്തിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്തുകൊണ്ട് ഒരു ഭാര്യക്കു നല്ലൊരു സഹായിയായിരിക്കാൻ കഴിയും. യഹോവയെ സ്നേഹിക്കുന്ന ഒരു ഭാര്യ തന്റെ ഭർത്താവിന്റെ സത്പേരിനുവേണ്ടി പ്രവർത്തിക്കും. (സുഭാ. 31:11, 12; 1 തിമൊ. 3:11) അതുകൊണ്ട് യഹോവയോടുള്ള സ്നേഹം ശക്തമാക്കിക്കൊണ്ടും കുടുംബത്തിലും സഭയിലും ഒരു സഹായിയായി പ്രവർത്തിച്ചുകൊണ്ടും ഈ ഭാവി ഉത്തരവാദിത്വത്തിനായി നിങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരുങ്ങാനാകും.
20. ഒരു കുടുംബത്തിൽ അമ്മയുടെ പ്രാധാന്യം എന്താണ്?
20 നിങ്ങൾ ഒരു അമ്മയായേക്കാം. വിവാഹം കഴിയുമ്പോൾ നിങ്ങൾക്കു ചിലപ്പോൾ കുട്ടികൾ ഉണ്ടായേക്കാം. (സങ്കീ. 127:3) അതുകൊണ്ട് നല്ല ഒരു അമ്മയായിരിക്കാൻ എങ്ങനെ കഴിയുമെന്ന് മുന്നമേ ചിന്തിക്കുന്നതു നല്ലതാണ്. ഈ ലേഖനത്തിൽ ചർച്ച ചെയ്ത ഗുണങ്ങളും വൈദഗ്ധ്യങ്ങളും നല്ലൊരു ഭാര്യയും അമ്മയും ഒക്കെ ആകാൻ നിങ്ങളെ സഹായിക്കും. നിങ്ങൾ സ്നേഹവും ദയയും ക്ഷമയും പോലുള്ള ഗുണങ്ങൾ കാണിക്കുമ്പോൾ കുടുംബം സന്തോഷമുള്ള ഒരു ഇടമായിരിക്കും. കുട്ടികൾക്ക് അവർ സുരക്ഷിതരാണെന്നും സ്നേഹിക്കപ്പെടുന്നുണ്ടെന്നും അപ്പോൾ തോന്നും.—സുഭാ. 24:3.
21. നമ്മുടെ സഹോദരിമാരെക്കുറിച്ച് നമുക്ക് എന്താണ് തോന്നുന്നത്, എന്തുകൊണ്ട്? (പുറംതാളിലെ ചിത്രം കാണുക.)
21 സഹോദരിമാരായ നിങ്ങൾ യഹോവയ്ക്കും ദൈവജനത്തിനും വേണ്ടി ചെയ്യുന്ന എല്ലാം ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. (എബ്രാ. 6:10) നിങ്ങളുടെയും നിങ്ങൾക്കു ചുറ്റുമുള്ളവരുടെയും ജീവിതം സന്തോഷമുള്ളതാക്കാൻ നിങ്ങൾ നല്ല ശ്രമം ചെയ്ത് ആത്മീയഗുണങ്ങൾ വളർത്തിയെടുക്കുന്നു, വൈദഗ്ധ്യങ്ങൾ നേടുന്നു. അതുപോലെ നിങ്ങളുടെ ഭാവി ഉത്തരവാദിത്വങ്ങൾക്കായി ഇപ്പോൾത്തന്നെ തയ്യാറെടുക്കുന്നു. പ്രിയ സഹോദരിമാരേ, ഞങ്ങൾ നിങ്ങളെ ഒരുപാടു സ്നേഹിക്കുന്നു. യഹോവയുടെ സംഘടനയ്ക്കു നിങ്ങൾ ശരിക്കും വിലപ്പെട്ടവരാണ്!
ഗീതം 137 വിശ്വസ്തസ്ത്രീകൾ, ക്രിസ്തീയസഹോദരിമാർ
a ചെറുപ്പക്കാരായ സഹോദരിമാരേ, നിങ്ങൾ സഭയ്ക്കു വളരെ പ്രിയപ്പെട്ടവരാണ്. നിങ്ങൾക്കു ക്രിസ്തീയപക്വതയിലേക്കു വളരാനാകും. അതിനു ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക, ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന വൈദഗ്ധ്യങ്ങൾ നേടുക, ഭാവിയിൽ ലഭിക്കാനിരിക്കുന്ന ഉത്തരവാദിത്വങ്ങൾക്കായി ഒരുങ്ങുക. അങ്ങനെ ചെയ്യുന്നെങ്കിൽ യഹോവയുടെ സേവനത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾ ആസ്വദിക്കും.
b പദപ്രയോഗത്തിന്റെ വിശദീകരണം: ക്രിസ്തീയപക്വതയിൽ എത്തിയ ഒരാളെ വഴിനയിക്കുന്നതു ലോകത്തിന്റെ ജ്ഞാനം ആയിരിക്കില്ല, പകരം ദൈവാത്മാവ് ആയിരിക്കും. ആ വ്യക്തി യേശുവിനെ അനുകരിക്കും, യഹോവയുമായി അടുത്ത ബന്ധം നിലനിറുത്താൻ കഠിനശ്രമം ചെയ്യും, മറ്റുള്ളവരോട് ആത്മത്യാഗസ്നേഹം കാണിക്കും.
d വായനയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ jw.org-ലെ “കുട്ടികൾ വായിച്ച് വളരട്ടെ—ഭാഗം 1: വായിക്കുന്നതോ കാണുന്നതോ?” എന്ന ലേഖനം കാണുക.