പഠനലേഖനം 53
ചെറുപ്പക്കാരായ സഹോദരന്മാരേ, പക്വതയിലേക്കു വളരുക
‘പൂർണവളർച്ചയെത്തിയ ഒരു പുരുഷനായി വളർന്ന് ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്തുക.’—എഫെ. 4:13.
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനിയായിരിക്ക’
ചുരുക്കം a
1. വിജയം നേടാൻ ക്രിസ്തീയപുരുഷന്മാർ എന്തു ചെയ്യണം?
അപ്പോസ്തലനായ പൗലോസ് എഫെസൊസിലെ ക്രിസ്ത്യാനികളെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: ‘പൂർണവളർച്ചയെത്തിയ ഒരു പുരുഷനായി വളർന്ന് ക്രിസ്തുവിന്റെ പരിപൂർണതയുടെ അളവിനൊപ്പം എത്തുക.’ (എഫെ. 4:13) ഇന്ന് എല്ലാ ക്രിസ്തീയപുരുഷന്മാരും ആ നിർദേശം അനുസരിക്കാൻ നന്നായി ശ്രമിക്കുന്നു. അതിൽ വിജയിക്കണമെങ്കിൽ ദൈവനിയമങ്ങൾ അനുസരിക്കാനും എന്തു ചെയ്യുമ്പോഴും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും പഠിക്കണം. (ലൂക്കോ. 2:52) ഇത്തരത്തിൽ പക്വതയുള്ള പുരുഷന്മാരായിത്തീരാൻ ചെറുപ്പക്കാർ ശ്രമിക്കേണ്ടത് എന്തുകൊണ്ടാണ്?
2-3. ചെറുപ്പക്കാരനായ ഒരു സഹോദരൻ പക്വതയുള്ള ഒരു പുരുഷനായിത്തീരേണ്ടത് എന്തുകൊണ്ടാണ്?
2 ഒരു ക്രിസ്തീയപുരുഷനു സഭയിലും കുടുംബത്തിലും പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങളുമുണ്ട്. ചെറുപ്പക്കാരായ സഹോദരന്മാരേ, ഭാവിയിൽ വന്നേക്കാവുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് നിങ്ങൾ ഇപ്പോൾത്തന്നെ ചിന്തിച്ചുകാണും. ഒരു മുഴുസമയസേവകനാകാനോ ശുശ്രൂഷാദാസനാകാനോ പിന്നീട്, സഭയിലെ ഒരു മൂപ്പനാകാനോ ഒക്കെ നിങ്ങൾ ലക്ഷ്യം വെച്ചുകാണും. ഇനി വിവാഹം, കുട്ടികൾ എന്നീ കാര്യങ്ങളെക്കുറിച്ചും നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. (എഫെ. 6:4; 1 തിമൊ. 3:1) നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനും അതിൽ വിജയിക്കാനും ക്രിസ്തീയപക്വത b ആവശ്യമാണ്.
3 ക്രിസ്തീയപക്വത നേടാൻ നിങ്ങളെ എന്തു സഹായിക്കും? അതിനു ചില പ്രധാനപ്പെട്ട വൈദഗ്ധ്യങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ ഭാവിയിൽ നിങ്ങൾക്കു ലഭിച്ചേക്കാവുന്ന ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാൻ ഇപ്പോൾത്തന്നെ എങ്ങനെ ഒരുങ്ങാം?
ക്രിസ്തീയപക്വതയിൽ എത്താൻ
4. അനുകരിക്കാൻ കഴിയുന്ന നല്ല മാതൃകകൾ നിങ്ങൾക്ക് എവിടെ കണ്ടെത്താം? (ചിത്രവും കാണുക.)
4 അനുകരിക്കാനാകുന്ന മാതൃകകൾ കണ്ടെത്തുക. ചെറുപ്പക്കാർക്ക് അനുകരിക്കാൻ കഴിയുന്ന അനേകം നല്ല മാതൃകകൾ ബൈബിളിലുണ്ട്. കഴിഞ്ഞ കാലത്ത് ജീവിച്ചിരുന്ന അവർ ദൈവത്തെ സ്നേഹിച്ച, ദൈവജനത്തിനുവേണ്ടി പല ഉത്തരവാദിത്വങ്ങളും ചെയ്ത ആളുകളായിരുന്നു. ഇനി, നിങ്ങളുടെതന്നെ കുടുംബത്തിലും സഭയിലും അനുകരിക്കാൻ കഴിയുന്ന, പക്വതയുള്ള ക്രിസ്തീയപുരുഷന്മാരെ കണ്ടെത്താനാകും. (എബ്രാ. 13:7) മാത്രമല്ല, ഇക്കാര്യത്തിൽ തികവുറ്റ മാതൃകയായി യേശുവുമുണ്ട്. (1 പത്രോ. 2:21) ഈ മാതൃകകളെക്കുറിച്ച് പഠിക്കുമ്പോൾ അവരിൽ നിങ്ങൾ വിലമതിക്കുന്ന ഗുണങ്ങൾ ഏതൊക്കെയാണെന്നു ചിന്തിക്കുക. (എബ്രാ. 12:1, 2) എന്നിട്ട് അവരെ എങ്ങനെയാണ് നിങ്ങൾ അനുകരിക്കാൻപോകുന്നത് എന്നു തീരുമാനിക്കുക.
5. നിങ്ങൾക്ക് എങ്ങനെ ചിന്താശേഷി വളർത്തിയെടുക്കാം, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (സങ്കീർത്തനം 119:9)
5 “ചിന്താശേഷി” വളർത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുക. (സുഭാ. 3:21) ചിന്താശേഷിയുള്ള ഒരു വ്യക്തി എടുത്തുചാടി പ്രവർത്തിക്കില്ല, പകരം നന്നായി വിലയിരുത്തിയ ശേഷമേ ഒരു തീരുമാനമെടുക്കൂ. ഈ കഴിവ് വളർത്താനും നിലനിറുത്താനും നിങ്ങൾ കഠിനശ്രമം ചെയ്യേണ്ടതുണ്ട്. കാരണം ഇന്നത്തെ മിക്ക ചെറുപ്പക്കാരും ഓരോന്നും ചെയ്യുന്നത് അവരുടെ മനസ്സ് പറയുന്നതുപോലെയോ അവരുടെ വികാരങ്ങൾക്കനുസരിച്ചോ ഒക്കെയാണ്. (സുഭാ. 7:7; 29:11, അടിക്കുറിപ്പ്) അതുപോലെ ടിവി പരിപാടികൾക്കും സിനിമകൾക്കും സമൂഹമാധ്യമങ്ങൾക്കും നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കാനാകും. അങ്ങനെയെങ്കിൽ നിങ്ങൾക്ക് എങ്ങനെ ചിന്താശേഷി നേടിയെടുക്കാം? ആദ്യം ബൈബിൾതത്ത്വങ്ങൾ പഠിക്കുകയും അത് എന്തുകൊണ്ടാണ് ജീവിതത്തിൽ പ്രയോജനം ചെയ്യുന്നതെന്നു ചിന്തിക്കുകയും ചെയ്യുക. എന്നിട്ട് ഈ തത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുക. (സങ്കീർത്തനം 119:9 വായിക്കുക.) ഈ പ്രധാനപ്പെട്ട കഴിവ് നിങ്ങൾ വളർത്തിയെടുക്കുന്നെങ്കിൽ ഒരു പക്വതയുള്ള ക്രിസ്ത്യാനിയായിത്തീരാൻ അത് നിങ്ങളെ വളരെയേറെ സഹായിക്കും. (സുഭാ. 2:11, 12; എബ്രാ. 5:14) ഇപ്പോൾ, ചിന്താശേഷി ഉപയോഗിക്കേണ്ട രണ്ടു സാഹചര്യങ്ങളെക്കുറിച്ച് നോക്കാം: (1) സഹോദരിമാരോട് ഇടപെടുമ്പോൾ, (2) വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ.
6. സഹോദരിമാരോട് ബഹുമാനം കാണിക്കാൻ ചിന്താശേഷി എങ്ങനെയാണ് ഒരു ചെറുപ്പക്കാരനെ സഹായിക്കുന്നത്?
6 സ്ത്രീകളെ ബഹുമാനിക്കാൻ ചിന്താശേഷി ഒരാളെ സഹായിക്കും. വിവാഹം കഴിക്കാനുള്ള ഒരു ആഗ്രഹത്തോടെയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് ഒരു സഹോദരന് അങ്ങനെയൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ലെങ്കിൽ ഒരു സഹോദരിയോട് ഇടപെടുമ്പോൾ അദ്ദേഹം ചില കാര്യങ്ങൾ മനസ്സിൽപ്പിടിക്കും. ചിന്താപ്രാപ്തിയോടെയാണ് പ്രവർത്തിക്കുന്നതെങ്കിൽ ആ സഹോദരൻ, പ്രണയമുണ്ടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു സഹോദരിയോട് എന്തെങ്കിലും പറയുകയോ എഴുതുകയോ പ്രവർത്തിക്കുകയോ ഇല്ല. (1 തിമൊ. 5:1, 2) ഇനി, ഒരു സഹോദരിയുമായി ഡേറ്റിങ്ങിലാണെങ്കിൽ ആ സഹോദരിയുടെ സത്പേരിന് അദ്ദേഹം വളരെയധികം പ്രാധാന്യം കൊടുക്കും. പക്വതയുള്ള ആരുടെയെങ്കിലും നിരീക്ഷണത്തിലല്ലാതെ അവളോടൊപ്പം ഒറ്റയ്ക്കായിരിക്കാൻ അദ്ദേഹം ഒരിക്കലും ശ്രമിക്കില്ല.—1 കൊരി. 6:18.
7. വസ്ത്രധാരണത്തോടും ചമയത്തോടും ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുമ്പോൾ ചിന്താശേഷി ഒരു ചെറുപ്പക്കാരനെ എങ്ങനെ സഹായിക്കും?
7 ചിന്താശേഷി വളർത്തിയെടുത്തിട്ടുണ്ടെന്ന് തെളിയിക്കാനാകുന്ന മറ്റൊരു വിധം വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുന്നതാണ്. ഇന്നത്തെ പുതിയപുതിയ ഫാഷനുകൾ കൊണ്ടുവരുന്നതു പലപ്പോഴും യഹോവയെ ഒട്ടും ബഹുമാനിക്കാത്ത, അധാർമികജീവിതം നയിക്കുന്ന ആളുകളാണ്. അവരുടെ ആ അധാർമികചിന്തകൾ അവർ അവതരിപ്പിക്കുന്ന പുതിയപുതിയ സ്റ്റൈലുകളിലും കാണാം. അവ പലപ്പോഴും വളരെ ഇറുകിയതും പുരുഷനെ കണ്ടാൽ സ്ത്രീ ആണെന്നു തോന്നുന്ന വിധത്തിലുള്ളതും ആണ്. അതുകൊണ്ട് ക്രിസ്തീയപക്വതയിലേക്കു വളരുന്ന ഒരു ചെറുപ്പക്കാരൻ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലും സഭയിലെ നല്ല മാതൃകകൾ നോക്കിയും ആയിരിക്കും ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നത്. അദ്ദേഹം സ്വയം ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘ഞാൻ സുബോധത്തോടെയും മറ്റുള്ളവരെ പരിഗണിച്ചുകൊണ്ടും ആണോ ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത്? എന്റെ വസ്ത്രധാരണം കണ്ടാൽ ഞാൻ ദൈവത്തെ സേവിക്കുന്ന ഒരാളാണെന്നു വിശ്വസിക്കാൻ മറ്റുള്ളവർക്കു ബുദ്ധിമുട്ട് തോന്നുമോ?’ (1 കൊരി. 10:31-33; തീത്തോ. 2:6) ഈ വിധങ്ങളിൽ ചിന്താശേഷിയോടെ പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരൻ സഹോദരങ്ങളുടെ മാത്രമല്ല, യഹോവയുടെയും ബഹുമാനം നേടും.
8. ആശ്രയയോഗ്യനായിരിക്കാൻ ഒരു ചെറുപ്പക്കാരന് എങ്ങനെ പറ്റും?
8 ആശ്രയയോഗ്യനായിരിക്കുക. ആശ്രയയോഗ്യനായ ഒരു ചെറുപ്പക്കാരൻ തനിക്കുള്ള എല്ലാ ഉത്തരവാദിത്വങ്ങളും ശ്രദ്ധയോടെ, വിശ്വസ്തമായി ചെയ്യും. (ലൂക്കോ. 16:10) തികവുറ്റ മാതൃകയായ യേശുവിനെക്കുറിച്ച് ചിന്തിക്കുക. യേശു ഒരിക്കലും ഒരു തണുപ്പൻ മട്ടിൽ, ഉത്തരവാദിത്വബോധമില്ലാതെ പ്രവർത്തിച്ചില്ല. പകരം, യഹോവ ഏൽപ്പിച്ച എല്ലാ നിയമനങ്ങളും യേശു ചെയ്തു, അതു ബുദ്ധിമുട്ടായിരുന്നപ്പോഴും. അതിന് ഒരു ഉദാഹരണമാണ് മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കാൻ യേശു തയ്യാറായത്. ആളുകളോടുള്ള സ്നേഹമാണ് യേശുവിനെ അതിനു പ്രേരിപ്പിച്ചത്; പ്രത്യേകിച്ച് തന്റെ അനുഗാമികളോടുള്ള സ്നേഹം. (യോഹ. 13:1) യേശുവിനെ അനുകരിച്ചുകൊണ്ട്, നിങ്ങൾക്കു ലഭിക്കുന്ന ഏതൊരു നിയമനവും ചെയ്യാൻ കഠിനമായി ശ്രമിക്കുക. ആ നിയമനം എങ്ങനെ ചെയ്യണമെന്ന് നിങ്ങൾക്ക് അത്ര അറിയില്ലെങ്കിൽ താഴ്മയോടെ, പക്വതയുള്ള സഹോദരങ്ങളുടെ സഹായം ചോദിക്കുക. എന്തെങ്കിലും ഒന്നു ചെയ്തെന്നു വരുത്തിത്തീർക്കുക ആയിരിക്കരുത് നിങ്ങളുടെ ലക്ഷ്യം. (റോമ. 12:11) പകരം, “മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക് എന്നപോലെ . . . ചെയ്യുക.” (കൊലോ. 3:23) അപ്പോൾ നിങ്ങളുടെ നിയമനം ആത്മാർഥതയോടെ, മുഴുവനായി ചെയ്തുതീർക്കാൻ നിങ്ങൾക്കു തോന്നും. നിങ്ങൾ പൂർണരല്ലാത്തതുകൊണ്ട് തെറ്റുകൾ പറ്റും; എളിമയോടെ അതു സമ്മതിക്കുക.—സുഭാ. 11:2.
വൈദഗ്ധ്യങ്ങൾ വളർത്തിയെടുക്കുക
9. ചെറുപ്പക്കാരനായ ഒരു സഹോദരൻ വൈദഗ്ധ്യങ്ങൾ വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്?
9 പക്വതയുള്ള ഒരു ക്രിസ്തീയപുരുഷനായിത്തീരാൻ നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന വൈദഗ്ധ്യങ്ങൾ നിങ്ങൾ വളർത്തിയെടുക്കണം. അതു സഭയിലെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാനും നിങ്ങളുടെയോ കുടുംബത്തിന്റെയോ ആവശ്യങ്ങൾക്കായി ഒരു ജോലി ഉണ്ടായിരിക്കാനും മറ്റുള്ളവരുമായി നല്ല ബന്ധം നിലനിറുത്താനും നിങ്ങളെ സഹായിക്കും. അത്തരം ചില വൈദഗ്ധ്യങ്ങളെക്കുറിച്ച് ഇനി നോക്കാം.
10-11. ചെറുപ്പക്കാരനായ ഒരു സഹോദരനു നന്നായി എഴുതാനും വായിക്കാനും അറിയാമെങ്കിൽ അത് അദ്ദേഹത്തിനും സഭയ്ക്കും പ്രയോജനം ചെയ്യുന്നത് എങ്ങനെ? (സങ്കീർത്തനം 1:1-3) (ചിത്രവും കാണുക.)
10 നന്നായി എഴുതാനും വായിക്കാനും പഠിക്കുക. ദിവസവും ദൈവവചനം വായിക്കുകയും അതെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ സന്തോഷമുള്ള, വിജയിക്കുന്ന ഒരാളായിരിക്കുമെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 1:1-3 വായിക്കുക.) ദിവസവും അങ്ങനെ ബൈബിൾ വായിക്കുന്നതിലൂടെ യഹോവ ചിന്തിക്കുന്ന രീതി അദ്ദേഹത്തിനു മനസ്സിലാകും. ശരിയായ വിധത്തിൽ ചിന്തിക്കാനും തിരുവെഴുത്തുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും അത് അദ്ദേഹത്തെ സഹായിക്കും. (സുഭാ. 1:3, 4) ഇത്തരം പുരുഷന്മാരെ സഭയ്ക്ക് ആവശ്യമുണ്ട്. എന്തുകൊണ്ട്?
11 ബൈബിളിനെ അടിസ്ഥാനമാക്കി പഠിപ്പിക്കാനും ഉപദേശങ്ങൾ നൽകാനും, പ്രാപ്തരായ പുരുഷന്മാരെ സഭയ്ക്ക് ആവശ്യമാണ്. (തീത്തോ. 1:9) നിങ്ങൾക്കു നന്നായി എഴുതാനും വായിക്കാനും അറിയാമെങ്കിൽ മറ്റുള്ളവർക്ക് അറിവ് പകരുന്ന, അവരുടെ വിശ്വാസം ബലപ്പെടുത്തുന്ന പ്രസംഗങ്ങളും അഭിപ്രായങ്ങളും തയ്യാറാകാൻ പറ്റും. അതുപോലെ മീറ്റിങ്ങുകളും സമ്മേളനങ്ങളും കൺവെൻഷനുകളും കൂടുമ്പോഴും, വ്യക്തിപരമായി പഠിക്കുമ്പോഴും നന്നായി കുറിപ്പുകൾ എടുക്കാനും കഴിയും. നിങ്ങളുടെതന്നെ വിശ്വാസം ബലപ്പെടുത്തുന്നതിനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും ആ കുറിപ്പുകൾ ഉപകാരപ്പെടും.
12. നന്നായി ആശയവിനിമയം ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
12 നന്നായി ആശയവിനിമയം ചെയ്യാൻ പഠിക്കുക. ഒരു ക്രിസ്തീയപുരുഷൻ നന്നായി ആശയവിനിമയം ചെയ്യാൻ പഠിക്കേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തി മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. (സുഭാ. 20:5) മറ്റുള്ളവരുടെ ശബ്ദത്തിൽനിന്നും അവരുടെ മുഖഭാവങ്ങളിൽനിന്നും ശരീരഭാഷയിൽനിന്നും അദ്ദേഹത്തിനു കാര്യങ്ങൾ വായിച്ചെടുക്കാനാകും. ആളുകളോടൊപ്പം സമയം ചെലവഴിക്കാതെ നിങ്ങൾക്ക് ഒരിക്കലും ഈ വൈദഗ്ധ്യം നേടാൻ കഴിയില്ല. മെസ്സേജോ ഇ-മെയിലോ വഴി മാത്രമാണ് നിങ്ങൾ എപ്പോഴും ആശയവിനിമയം ചെയ്യുന്നതെങ്കിൽ ആളുകളോടു നേരിട്ട് സംസാരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് തോന്നിയേക്കാം. അതുകൊണ്ട് നേരിട്ട് സംസാരിക്കാൻ പരമാവധി അവസരങ്ങൾ കണ്ടെത്തുക.—2 യോഹ. 12.
13. ഒരു ചെറുപ്പക്കാരൻ മറ്റെന്തുകൂടെ പഠിക്കണം? (1 തിമൊഥെയൊസ് 5:8) (ചിത്രവും കാണുക.)
13 സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. തന്റെതന്നെയും കുടുംബത്തിന്റെയും ചെലവുകൾക്കായി കരുതാൻ പക്വതയെത്തിയ ഒരു ക്രിസ്തീയപുരുഷനു സാധിക്കണം. (1 തിമൊഥെയൊസ് 5:8 വായിക്കുക.) ചില രാജ്യങ്ങളിൽ ചെറുപ്പക്കാർ സ്വന്തം അപ്പനിൽനിന്നോ മറ്റു ബന്ധുക്കളിൽനിന്നോ ഒരു കൈത്തൊഴിൽ പഠിച്ചെടുക്കാറുണ്ട്. വേറെ ചില സ്ഥലങ്ങളിൽ ചെറുപ്പക്കാർ ഹൈസ്കൂൾ പഠനത്തിന്റെ ഭാഗമായി ചില തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കുന്നു. എങ്ങനെയാണെങ്കിലും ഒരു ജോലി നേടാൻ സഹായിക്കുന്ന വൈദഗ്ധ്യം പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ്. (പ്രവൃ. 18:2, 3; 20:34; എഫെ. 4:28) ഏൽപ്പിക്കുന്ന ജോലികൾ വിശ്വസ്തമായി ചെയ്യുന്ന, കഠിനാധ്വാനിയായ ഒരാളാണെന്ന പേര് നേടുക. അത് ഒരു ജോലി കിട്ടാനും അതു നഷ്ടപ്പെടുത്താതിരിക്കാനും സഹായിച്ചേക്കും. ഇതുവരെ ചർച്ച ചെയ്ത ഗുണങ്ങളും വൈദഗ്ധ്യങ്ങളും ഭാവിയിൽ വന്നേക്കാവുന്ന ഉത്തരവാദിത്വങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കും. അത്തരം ചില ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഇനി നോക്കാം.
ഭാവിജീവിതത്തിനായി ഒരുങ്ങുക
14. മുഴുസമയസേവനത്തിനായി ഒരുങ്ങാൻ ഒരു ചെറുപ്പക്കാരന് എങ്ങനെ കഴിയും?
14 മുഴുസമയസേവകൻ. പക്വതയുള്ള പല ക്രിസ്തീയസഹോദരന്മാരും ചെറുപ്പത്തിലേ മുഴുസമയസേവനം തുടങ്ങിയവരാണ്. മുൻനിരസേവനം ചെയ്യുന്നത് പല തരത്തിലുള്ള ആളുകളുമായി എങ്ങനെ ഒത്തുപോകാമെന്ന് മനസ്സിലാക്കാൻ ചെറുപ്പക്കാരെ സഹായിക്കും. ന്യായമായ ഒരു ബഡ്ജറ്റ് ഉണ്ടാക്കി അതിനൊത്ത് ജീവിക്കാനും അവർ പഠിക്കും. (ഫിലി. 4:11-13) മുഴുസമയസേവനത്തിലേക്ക് എത്താനുള്ള നല്ലൊരു തുടക്കമാണ് സഹായ മുൻനിരസേവനം. കുറച്ച് കാലം സഹായ മുൻനിരസേവനം ചെയ്തതു പലരെയും സാധാരണ മുൻനിരസേവനം ചെയ്യാൻ സഹായിച്ചിട്ടുണ്ട്. അതു മുഴുസമയസേവനത്തിന്റെ വ്യത്യസ്ത വാതിലുകൾ നിങ്ങളുടെ മുന്നിൽ തുറന്നുതരും. നിങ്ങൾക്ക് ഒരു നിർമാണദാസനായോ ബഥേലംഗമായോ ഒക്കെ സേവിക്കാൻ അവസരം കിട്ടിയേക്കാം.
15-16. ശുശ്രൂഷാദാസനോ മൂപ്പനോ ആകാൻ ഒരു ചെറുപ്പക്കാരന് എങ്ങനെ കഴിയും?
15 ശുശ്രൂഷാദാസൻ അല്ലെങ്കിൽ മൂപ്പൻ. സഭയിലെ ഒരു മൂപ്പനായിത്തീർന്നുകൊണ്ട് സഹോദരങ്ങളെ സേവിക്കുക എന്നത് എല്ലാ ക്രിസ്തീയപുരുഷന്മാരും വെക്കേണ്ട ഒരു ലക്ഷ്യമാണ്. അതിനുവേണ്ട യോഗ്യതകളിൽ എത്തിച്ചേരാൻ ശ്രമിക്കുന്നത് “വിശിഷ്ടമായൊരു കാര്യമാണ്” എന്നാണ് ബൈബിൾ പറയുന്നത്. (1 തിമൊ. 3:1) എന്നാൽ ഒരു സഹോദരൻ മൂപ്പനാകുന്നതിനു മുമ്പ് ഒരു ശുശ്രൂഷാദാസനാകാനുള്ള യോഗ്യതയിൽ എത്തണം. ശുശ്രൂഷാദാസന്മാർ മൂപ്പന്മാരെ പല വിധങ്ങളിൽ സഹായിക്കുന്നു. ഇവർ രണ്ടുപേരും താഴ്മയോടെ സഹോദരങ്ങളെ സഹായിക്കുകയും തീക്ഷ്ണതയോടെ ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്യുന്നു. കൗമാരത്തിന്റെ അവസാനത്തിലായിരിക്കുന്ന ചെറുപ്പക്കാർക്കുപോലും ഒരു ശുശ്രൂഷാദാസൻ ആയിത്തീരാനാകും. ഇനി, നല്ല യോഗ്യതയുള്ള ശുശ്രൂഷാദാസന്മാർക്ക് അവരുടെ 20-കളുടെ തുടക്കത്തിൽത്തന്നെ ഒരു മൂപ്പനായി നിയമനം ലഭിച്ചേക്കാം.
16 ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആകാൻ വേണ്ട യോഗ്യതകൾ ബൈബിളിലുണ്ട്. അവ യഹോവയോടും നിങ്ങളുടെ കുടുംബത്തോടും സഭയോടും ഉള്ള സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. (1 തിമൊ. 3:1-13; തീത്തോ. 1:6-9; 1 പത്രോ. 5:2, 3) നിങ്ങൾക്ക് ആ യോഗ്യതകളിൽ എങ്ങനെ എത്തിച്ചേരാം? അവ ഓരോന്നിനെക്കുറിച്ചും നന്നായി മനസ്സിലാക്കുക. അതിൽ എത്തിച്ചേരാൻ വേണ്ട സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. c
17. ഒരു ഭർത്താവും കുടുംബനാഥനും ആകാൻ ചെറുപ്പക്കാരനായ സഹോദരന് എങ്ങനെ ഒരുങ്ങാനാകും? (ചിത്രവും കാണുക.)
17 ഭർത്താവും കുടുംബനാഥനും. യേശു പറഞ്ഞതുപോലെ, പക്വതയെത്തിയ ചില ക്രിസ്തീയപുരുഷന്മാർ ഏകാകികളായി തുടരുന്നുണ്ട്. (മത്താ. 19:12) എന്നാൽ നിങ്ങൾ വിവാഹം കഴിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ നിങ്ങൾക്കു കൂടുതലായ ചില ഉത്തരവാദിത്വങ്ങൾ കിട്ടും. നിങ്ങൾ ഒരു ഭർത്താവും കുടുംബനാഥനും ആയിത്തീരും. (1 കൊരി. 11:3) ഒരു ഭർത്താവ് തന്റെ ഭാര്യയെ സ്നേഹിക്കുകയും അവളുടെ നല്ലൊരു സുഹൃത്തായിരിക്കുകയും അവളുടെ ആവശ്യങ്ങൾക്കായി കരുതുകയും അവളെ ആത്മീയമായി സഹായിക്കുകയും ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. (എഫെ. 5:28, 29) ഈ ലേഖനത്തിൽ ചർച്ച ചെയ്ത ഗുണങ്ങളും വൈദഗ്ധ്യങ്ങളും വളർത്തിയെടുക്കുന്നതു നല്ലൊരു ഇണയായിരിക്കാൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, ചിന്താശേഷി വളർത്തിയെടുക്കുന്നതും സ്ത്രീകളെ ബഹുമാനിക്കുന്നതും ആശ്രയയോഗ്യരായിരിക്കുന്നതും പോലുള്ളവ. അങ്ങനെ ഭാവിയിൽ ഒരു ഭർത്താവും കുടുംബനാഥനും ആകാൻ നിങ്ങൾക്കു നേരത്തേതന്നെ ഒരുങ്ങാനാകും.
18. ഒരു ചെറുപ്പക്കാരനു നല്ലൊരു പിതാവായിത്തീരാൻ എങ്ങനെ ഒരുങ്ങാം?
18 പിതാവ്. വിവാഹം കഴിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ഒരു പിതാവായിത്തീർന്നേക്കാം. ഒരു നല്ല അപ്പനാകുന്ന കാര്യത്തിൽ യഹോവയുടെ മാതൃകയിൽനിന്ന് നിങ്ങൾക്കു പലതും പഠിക്കാനുണ്ട്. (എഫെ. 6:4) തന്റെ മകനായ യേശുവിനെ സ്നേഹിക്കുന്നുണ്ടെന്നും അംഗീകരിക്കുന്നുണ്ടെന്നും യഹോവ തുറന്നുപറഞ്ഞു. (മത്താ. 3:17) നിങ്ങൾ ഒരു പിതാവായാൽ മക്കളെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങളും അവർക്ക് എപ്പോഴും ഉറപ്പുകൊടുക്കണം. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് അവരെ അഭിനന്ദിക്കാൻ ഒരിക്കലും മടിക്കരുത്. യഹോവയെ അനുകരിക്കുന്ന പിതാക്കന്മാർ തങ്ങളുടെ മക്കളെ പക്വതയുള്ള ക്രിസ്തീയ പുരുഷന്മാരും സ്ത്രീകളും ആയിത്തീരാൻ സഹായിക്കും. നല്ലൊരു പിതാവാകാൻ നിങ്ങൾക്ക് ഇപ്പോഴേ ഒരുങ്ങാം. അതിനായി കുടുംബത്തിലും സഭയിലും ഉള്ളവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുക. അവരോടുള്ള സ്നേഹവും വിലമതിപ്പും തുറന്നുപറയാൻ പഠിക്കുക. (യോഹ. 15:9) ഇങ്ങനെ ചെയ്യുന്നതു ഭാവിയിൽ നല്ലൊരു ഭർത്താവും പിതാവും ആയിരിക്കാൻ നിങ്ങളെ ഒരുപാടു സഹായിക്കും. മാത്രമല്ല, നിങ്ങൾ യഹോവയ്ക്കും നിങ്ങളുടെ കുടുംബത്തിനും സഭയ്ക്കും വളരെ വിലപ്പെട്ടവരായിത്തീരുകയും ചെയ്യും.
നിങ്ങൾ ഇപ്പോൾ എന്തു ചെയ്യും?
19-20. പക്വതയുള്ള ക്രിസ്തീയ പുരുഷന്മാരായിത്തീരാൻ ചെറുപ്പക്കാർക്ക് എങ്ങനെ കഴിയും? (പുറംതാളിലെ ചിത്രം കാണുക.)
19 ചെറുപ്പക്കാരായ സഹോദരന്മാരേ, പക്വതയുള്ള ഒരു ക്രിസ്തീയപുരുഷനായിത്തീരുക എന്നതു തനിയെ സംഭവിക്കുന്ന ഒന്നല്ല; കഠിനശ്രമം ചെയ്യണം. അതിനു നിങ്ങൾ, അനുകരിക്കാനാകുന്ന നല്ല മാതൃകകൾ കണ്ടെത്തണം, ചിന്താശേഷി വളർത്തിയെടുക്കണം, ആശ്രയയോഗ്യരായിത്തീരണം, ജീവിതത്തിൽ പ്രയോജനം ചെയ്യുന്ന വൈദഗ്ധ്യങ്ങൾ നേടണം. കൂടാതെ ഭാവി ഉത്തരവാദിത്വങ്ങൾക്കായി ഒരുങ്ങുകയും വേണം.
20 ഇനിയും പുരോഗമിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അത് വലിയൊരു ഭാരമായി നിങ്ങൾക്കു തോന്നിയേക്കാം. പക്ഷേ നിങ്ങൾക്കു വിജയിക്കാനാകും. കാരണം, സഹായിക്കാനായി യഹോവ നോക്കിയിരിക്കുകയാണ്. (യശ. 41:10, 13) ഇനി, സഭയിലെ സഹോദരങ്ങളും നിങ്ങളെ സഹായിക്കാനായി കൂടെയുണ്ട്. യഹോവ ആഗ്രഹിക്കുന്നതുപോലുള്ള ഒരു പുരുഷനായിത്തീരുമ്പോൾ നിങ്ങളുടെ ജീവിതം സന്തോഷവും സംതൃപ്തിയും നിറഞ്ഞതാകും. ചെറുപ്പക്കാരായ സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. ക്രിസ്തീയപക്വതയുള്ള പുരുഷന്മാരായിത്തീരാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.—സുഭാ. 22:4.
ഗീതം 65 മുന്നേറുവിൻ!
a പക്വതയുള്ള പുരുഷന്മാരെ സഭയ്ക്ക് ആവശ്യമുണ്ട്. ഈ ലേഖനത്തിൽ ചെറുപ്പക്കാരായ നിങ്ങൾക്ക് എങ്ങനെ പക്വതയുള്ള ക്രിസ്തീയപുരുഷന്മാരാകാമെന്നു നമ്മൾ കാണും.
b കഴിഞ്ഞ ലേഖനത്തിലെ “പദപ്രയോഗത്തിന്റെ വിശദീകരണം” കാണുക.
c യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 5-6 അധ്യായങ്ങൾ കാണുക.