നിങ്ങൾ ഓർക്കുന്നുണ്ടോ?
വീക്ഷാഗോപുരത്തിന്റെ ഈ വർഷത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധയോടെ വായിച്ചുകാണുമല്ലോ. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയുമോ?
‘മനസ്സു പുതുക്കുക’ എന്നു പറയുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (റോമ. 12:2)
അതിനു ജീവിതത്തിൽ കുറെ നല്ല കാര്യങ്ങൾ ചെയ്താൽ മാത്രം പോരാ. നമ്മൾ ഉള്ളിന്റെ ഉള്ളിൽ എങ്ങനെയുള്ള വ്യക്തിയാണെന്നു പരിശോധിച്ച്, വേണ്ട മാറ്റങ്ങൾ വരുത്തുന്നതും നമ്മുടെ ജീവിതത്തെ യഹോവയുടെ നിലവാരങ്ങളോടു കഴിയുന്നത്ര യോജിപ്പിൽ കൊണ്ടുവരുന്നതും അതിൽ ഉൾപ്പെടുന്നു.—w23.01, പേ. 8-9.
ഇന്നത്തെ ലോകസംഭവങ്ങൾ കാണുമ്പോൾ നമുക്ക് എങ്ങനെ ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കാം?
ലോകസംഭവങ്ങൾ കാണുമ്പോൾ ബൈബിൾപ്രവചനങ്ങൾ എങ്ങനെ നിറവേറുന്നെന്ന് അറിയാൻ നമുക്കു പൊതുവേ താത്പര്യം തോന്നും. വെറും ഊഹാപോഹങ്ങൾ പറയുന്നതു സഭയിൽ ഭിന്നിപ്പുണ്ടാക്കും. അതുകൊണ്ട് യഹോവയുടെ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസാരിക്കുക. (1 കൊരി. 1:10)—w23.02, പേ. 16.
യേശുവിന്റെ സ്നാനം യേശുവിന്റെ അനുഗാമികളുടേതിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
ദൈവത്തിനു സമർപ്പിച്ച ഒരു ജനത്തിന്റെ ഭാഗമായി ജനിച്ചതുകൊണ്ട് യേശുവിനു നമ്മളെപ്പോലെ, തന്നെത്തന്നെ യഹോവയ്ക്കു സമർപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. ഇനി, പാപമില്ലാത്ത ഒരു പൂർണമനുഷ്യനായിരുന്നതുകൊണ്ട് തന്റെ പാപത്തെക്കുറിച്ച് ഓർത്ത് പശ്ചാത്തപിക്കേണ്ട ആവശ്യവും യേശുവിനില്ലായിരുന്നു.—w23.03, പേ. 5.
മീറ്റിങ്ങിൽ ഉത്തരം പറയാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം?
നമ്മൾ ചെറിയ അഭിപ്രായങ്ങൾ പറഞ്ഞാൽ മറ്റുള്ളവർക്ക് കൂടുതൽ അവസരങ്ങൾ കിട്ടും. ഇനി ഖണ്ഡികയിലുള്ള എല്ലാം നമ്മൾതന്നെ പറയരുത്. അപ്പോൾ മറ്റുള്ളവർക്കു പറയാൻ ആശയങ്ങൾ ബാക്കിയുണ്ടാകും.—w23.04, പേ. 23.
യശയ്യ 35:8-ൽ പറയുന്ന “വിശുദ്ധവഴി” എന്താണ്?
ആലങ്കാരികാർഥത്തിൽ പറഞ്ഞിരിക്കുന്ന ഈ പ്രധാനവീഥി ആദ്യം ചിത്രീകരിച്ചത്, ജൂതന്മാർ ബാബിലോണിൽനിന്ന് സ്വദേശത്തേക്കു പോയ വഴിയെ ആണ്. നമ്മുടെ കാലത്ത് അതിന് എന്തെങ്കിലും അർഥമുണ്ടോ? 1919-നു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ ബൈബിളിന്റെ അച്ചടിയും പരിഭാഷയും പോലുള്ള മുന്നൊരുക്കങ്ങൾ നടന്നു. ആത്മീയപറുദീസയിലുള്ള ദൈവജനം ‘വിശുദ്ധവഴിയിലൂടെ’ യാത്ര ചെയ്യുകയാണ്. അത് അവരെ ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ കൊണ്ടെത്തിക്കും.—w23.05, പേ. 15-19.
ഏതു രണ്ട് ആലങ്കാരിക സ്ത്രീകളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സുഭാഷിതങ്ങൾ 9-ാം അധ്യായം ഉപദേശം തരുന്നത്?
‘വിവരദോഷിയായ സ്ത്രീയുടെ’ ക്ഷണം ‘ശവക്കുഴിയിലേക്കും,’ ‘യഥാർഥജ്ഞാനത്തെ’ ചിത്രീകരിക്കുന്ന സ്ത്രീയുടെ ക്ഷണം ‘വകതിരിവിന്റെ വഴിയിലേക്കും’ ജീവനിലേക്കും നയിക്കുന്നതായി സുഭാഷിതങ്ങളിൽ പറഞ്ഞിരിക്കുന്നു. (സുഭാ. 9:1, 6, 13, 18)—w23.06, പേ. 22-24.
ലോത്തിനോട് ഇടപെട്ടപ്പോൾ ദൈവം എങ്ങനെയാണ് താഴ്മയും വഴക്കവും കാണിച്ചത്?
യഹോവ നീതിമാനായ ലോത്തിനോടു സൊദോമിൽനിന്ന് മലനാട്ടിലേക്ക് ഓടിപ്പോകാൻ പറഞ്ഞു. പക്ഷേ സോവറിലേക്കു പോകാൻ തന്നെ അനുവദിക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചപ്പോൾ യഹോവ അതിന് അനുവദിച്ചു.—w23.07, പേ. 21.
ഭർത്താവ് അശ്ലീലം കാണുന്ന ഒരാളാണെങ്കിൽ ഭാര്യക്ക് എന്തു ചെയ്യാം?
ഭാര്യ സ്വയം കുറ്റപ്പെടുത്തരുതെന്ന് ഓർക്കണം. യഹോവയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ ശ്രദ്ധിക്കുകയും വേണം. പ്രശ്നങ്ങൾ നേരിട്ടപ്പോൾ യഹോവയിൽനിന്ന് ആശ്വാസം കണ്ടെത്തിയ ബൈബിളിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. പ്രലോഭനത്തിന് ഇടയാക്കിയേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ഭാര്യക്ക് ഇണയെ സഹായിക്കാം.—w23.08, പേ. 14-17.
നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർക്ക് സൗമ്യമായി ഉത്തരം കൊടുക്കാൻ ഉൾക്കാഴ്ച സഹായിക്കുന്നത് എങ്ങനെ?
ഒരാൾ നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ചിന്തകൾ മനസ്സിലാക്കാനുള്ള ഒരു വഴിയായി അതിനെ കാണുക. സൗമ്യമായി മറുപടി പറയാൻ അതു നമ്മളെ കൂടുതൽ സഹായിക്കും.—w23.09, പേ. 17.
മറിയ ധൈര്യം നേടിയതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
മിശിഹയാകുമായിരുന്ന കുഞ്ഞിനെ ഗർഭം ധരിക്കുമെന്ന് അറിഞ്ഞപ്പോൾ മറിയ ധൈര്യത്തിനും ശക്തിക്കും ആയി മറ്റുള്ളവരുടെ സഹായം തേടി. ഗബ്രിയേൽ ദൂതനും എലിസബത്തും മറിയയ്ക്ക് തിരുവെഴുത്തുകളിൽനിന്ന് പ്രോത്സാഹനം കൊടുത്തു. മറിയയെപ്പോലെ നമുക്കും സഹാരാധകരിൽനിന്ന് ധൈര്യവും ശക്തിയും നേടാനാകും.—w23.10, പേ. 15.
യഹോവ നമ്മുടെ പ്രാർഥനകൾക്ക് എങ്ങനെ ഉത്തരം നൽകിയേക്കാം?
നമ്മുടെ പ്രാർഥനകൾ കേൾക്കുമെന്ന ഉറപ്പ് യഹോവ തന്നിട്ടുണ്ട്. ഉത്തരം തരുമ്പോൾ തന്റെ ഉദ്ദേശ്യവുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്ന കാര്യംകൂടെ യഹോവ കണക്കിലെടുക്കും. (യിരെ. 29:12) ഒരേപോലെയുള്ള അപേക്ഷകൾക്കു വ്യത്യസ്ത വിധങ്ങളിലായിരിക്കാം യഹോവ ഉത്തരം കൊടുക്കുന്നത്. പക്ഷേ യഹോവ എപ്പോഴും നമ്മളെ സഹായിക്കും.—w23.11, പേ. 21-22.
റോമർ 5:2-ൽ ‘പ്രത്യാശയെക്കുറിച്ച്’ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് 4-ാം വാക്യത്തിൽ വീണ്ടും അതെക്കുറിച്ച് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്?
സന്തോഷവാർത്ത കേൾക്കുമ്പോൾ ഭൂമിയിലെ പറുദീസയിൽ ജീവിക്കാമെന്ന പ്രത്യാശ ഒരാൾക്ക് കിട്ടിയേക്കാം. എന്നാൽ അദ്ദേഹം കഷ്ടതകൾ നേരിടുകയും അവ സഹിച്ചുനിൽക്കുകയും ദൈവാംഗീകാരം തിരിച്ചറിയുകയും ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ പ്രത്യാശ കൂടുതൽ ശക്തമാകുകയും വിലപ്പെട്ട ഒന്നായിത്തീരുകയും ചെയ്തേക്കാം.—w23.12, പേ. 12-13.