പഠനലേഖനം 51
നിങ്ങൾ പ്രത്യാശിക്കുന്നത് ഉറപ്പായും നടക്കും
“പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല.”—റോമ. 5:5.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
ചുരുക്കം a
1. അബ്രാഹാമിന്റെ പ്രത്യാശയ്ക്കു നല്ല അടിസ്ഥാനമുണ്ടായിരുന്നെന്നു നമുക്കു പറയാനാകുന്നത് എന്തുകൊണ്ട്?
യഹോവ തന്റെ സുഹൃത്തായ അബ്രാഹാമിന് അദ്ദേഹത്തിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹിക്കപ്പെടും എന്ന ഉറപ്പുകൊടുത്തു. (ഉൽപ. 15:5; 22:18) അബ്രാഹാമിനു ദൈവത്തിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ആ പറഞ്ഞത് എന്തായാലും നടക്കുമെന്ന ബോധ്യമുണ്ടായിരുന്നു. പക്ഷേ, അബ്രാഹാമിന് 100 വയസ്സും ഭാര്യയായ സാറയ്ക്ക് 90 വയസ്സും ഉള്ളപ്പോഴും അവർക്കൊരു മകൻ ഉണ്ടായിരുന്നില്ല. (ഉൽപ. 21:1-7) എന്നാൽ ബൈബിൾ പറയുന്നു: “വാഗ്ദാനത്തിനു ചേർച്ചയിൽ താൻ അനേകം ജനതകൾക്കു പിതാവാകും എന്ന് അബ്രാഹാം പ്രത്യാശയോടെ വിശ്വസിച്ചു.” (റോമ. 4:18) കാലങ്ങളായുള്ള അബ്രാഹാമിന്റെ പ്രത്യാശ വെറുതെയായില്ലെന്നു നമുക്ക് അറിയാം. കാത്തിരുന്നതുപോലെ യിസ്ഹാക്ക് എന്നൊരു മകൻ അവർക്കു ജനിച്ചു. യഹോവ തന്റെ വാക്കു പാലിക്കുമെന്ന് അബ്രാഹാമിനു അത്രയും ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ടാണ്?
2. യഹോവയുടെ വാഗ്ദാനം നിറവേറുമെന്ന് അബ്രാഹാമിന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
2 യഹോവയെ വളരെ നന്നായി അറിയാമായിരുന്നതുകൊണ്ട് ദൈവത്തിന്റെ വാഗ്ദാനം നിറവേറുമെന്ന് “അബ്രാഹാമിനു പൂർണബോധ്യമുണ്ടായിരുന്നു.” (റോമ. 4:21) ശക്തമായ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ടാണ് അബ്രാഹാമിനെ യഹോവ അംഗീകരിച്ചതും നീതിമാനായി കണക്കാക്കിയതും. (യാക്കോ. 2:23) റോമർ 4:18 പറയുന്നതുപോലെ, അബ്രാഹാമിന്റെ വിശ്വാസവും പ്രത്യാശയും തമ്മിൽ ബന്ധമുണ്ടായിരുന്നു. നമുക്ക് ഇപ്പോൾ പ്രത്യാശയെക്കുറിച്ച് റോമർ 5-ാം അധ്യായത്തിൽ പൗലോസ് പറഞ്ഞിരിക്കുന്നത് എന്താണെന്നു നോക്കാം.
3. പൗലോസ് പ്രത്യാശയെക്കുറിച്ച് എന്താണു പറയുന്നത്?
3 “പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല” എന്നു പറയാനാകുന്നതിന്റെ കാരണം പൗലോസ് വിശദീകരിക്കുന്നുണ്ട്. (റോമ. 5:5) നമ്മുടെ പ്രത്യാശ ശക്തമാക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും പൗലോസിന്റെ വാക്കുകളിൽനിന്ന് നമുക്കു മനസ്സിലാക്കാം. റോമർ 5:1-5 ചർച്ച ചെയ്യുമ്പോൾ നിങ്ങളുടെ പ്രത്യാശ എങ്ങനെയാണു കാലങ്ങൾകൊണ്ട് ശക്തമായിരിക്കുന്നതെന്നു ചിന്തിക്കുക. അത് ഇനിയും എങ്ങനെ ശക്തമാക്കാൻ കഴിയുമെന്നും നമ്മൾ പഠിക്കും. എന്നാൽ അതിനു മുമ്പ് നമ്മളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ലെന്നു പൗലോസ് പറഞ്ഞ മഹത്തായ ഒരു പ്രത്യാശയെക്കുറിച്ച് നമുക്കു നോക്കാം.
നമ്മുടെ മഹത്തായ പ്രത്യാശ
4. റോമർ 5:1, 2 എന്തിനെക്കുറിച്ചാണു പറയുന്നത്?
4 റോമർ 5:1, 2 വായിക്കുക. റോമിലുള്ള സഭയ്ക്കാണു പൗലോസ് ഈ വാക്കുകൾ എഴുതിയത്. ആ സഹോദരങ്ങൾ യഹോവയെയും യേശുവിനെയും കുറിച്ച് പഠിച്ച്, അവരിൽ വിശ്വാസം അർപ്പിക്കുകയും ക്രിസ്ത്യാനികളായിത്തീരുകയും ചെയ്തവരായിരുന്നു. അതുകൊണ്ട് ദൈവം അവരെ ‘വിശ്വാസത്തിന്റെ പേരിൽ നീതിമാന്മാരായി പ്രഖ്യാപിച്ചു,’ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു. അങ്ങനെ ഉറപ്പുള്ള ശ്രേഷ്ഠമായൊരു പ്രത്യാശ അവർക്കു ലഭിച്ചു.
5. അഭിഷിക്തർക്കുള്ള പ്രത്യാശ എന്താണ്?
5 പൗലോസ് പിന്നീട് എഫെസൊസിലെ അഭിഷിക്തക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ അവർക്കു കിട്ടാനിരുന്ന പ്രത്യാശയെക്കുറിച്ച് പറഞ്ഞു. ‘വിശുദ്ധർക്കായുള്ള ഒരു അവകാശം’ ആയിരുന്നു അത്. (എഫെ. 1:18) കൊലോസ്യർക്ക് എഴുതിയപ്പോൾ അത് എവിടെയാണു കിട്ടുന്നതെന്നും പൗലോസ് സൂചിപ്പിച്ചു. “സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി കരുതിയിരിക്കുന്ന പ്രത്യാശ” എന്നാണു പൗലോസ് അതിനെ വിളിച്ചത്. (കൊലോ. 1:4, 5) അതുകൊണ്ട് അഭിഷിക്തക്രിസ്ത്യാനികൾക്കുള്ള പ്രത്യാശ, പുനരുത്ഥാനപ്പെട്ട് സ്വർഗത്തിൽ എന്നേക്കും ജീവിക്കുക എന്നതാണ്. അവിടെ അവർ ക്രിസ്തുവിനോടൊപ്പം ഭരിക്കും.—1 തെസ്സ. 4:13-17; വെളി. 20:6.
6. അഭിഷിക്തനായ ഒരു സഹോദരൻ തന്റെ പ്രത്യാശയെക്കുറിച്ച് പറഞ്ഞത് എന്താണ്?
6 അഭിഷിക്തക്രിസ്ത്യാനികൾ തങ്ങളുടെ പ്രത്യാശയെ വളരെയധികം വിലമതിക്കുന്നുണ്ട്. അവരിൽ ഒരാളായിരുന്നു ഫ്രഡെറിക് ഫ്രാൻസ് സഹോദരൻ. വർഷങ്ങളോളം യഹോവയെ വിശ്വസ്തമായി സേവിച്ച സഹോദരൻ 1991-ൽ തന്റെ പ്രത്യാശയെക്കുറിച്ച് ഇങ്ങനെയാണു പറഞ്ഞത്: “ഉറപ്പുള്ള ഒന്നാണ് നമ്മുടെ പ്രത്യാശ. 1,44,000-ത്തിലെ ഓരോരുത്തർക്കും അതു ലഭിക്കുമെന്നതു തീർച്ചയാണ്. നമ്മൾ ചിന്തിക്കുന്നതിനെക്കാളും എത്രയോ വലുതാണു നമുക്കു ലഭിക്കാനിരിക്കുന്ന പ്രതിഫലം! . . . ആ പ്രത്യാശയുടെ മൂല്യത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. . . . എത്രയധികം കാത്തിരിക്കുന്നുവോ അത്രയധികം ഞങ്ങളുടെ വിലമതിപ്പു കൂടുകയാണ്. ആയിരക്കണക്കിനു വർഷങ്ങൾ വേണമെങ്കിലും കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണ്. കാരണം, കാത്തിരിക്കാൻ തക്ക മൂല്യം അതിനുണ്ട്. മുമ്പെന്നത്തെക്കാളും നമ്മുടെ പ്രത്യാശയെ ഞാൻ ഇപ്പോൾ ഏറെ വിലമതിക്കുന്നു.”
7-8. നമ്മിൽ മിക്കവർക്കും ഉള്ള പ്രത്യാശ എന്താണ്? (റോമർ 8:20, 21)
7 ഇന്ന് യഹോവയെ ആരാധിക്കുന്ന മിക്കവർക്കും മറ്റൊരു പ്രത്യാശയാണുള്ളത്; ദൈവരാജ്യത്തിൻകീഴിൽ ഭൂമിയിൽ എന്നേക്കും ജീവിക്കാം എന്ന പ്രത്യാശ. അബ്രാഹാമും അതിനായിട്ടാണു കാത്തിരുന്നത്. (എബ്രാ. 11:8-10, 13) പൗലോസ് മഹത്തായ ഈ പ്രത്യാശയെക്കുറിച്ച് തന്റെ കത്തിൽ എഴുതി. (റോമർ 8:20, 21 വായിക്കുക.) ആദ്യം സന്തോഷവാർത്ത കേട്ടപ്പോൾ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്? നമ്മൾ പാപമില്ലാതെ, പൂർണരായിത്തീരുന്ന ഒരു ദിവസം വരും എന്നതാണോ? അതോ മരിച്ചുപോയ പ്രിയപ്പെട്ടവരെ പറുദീസയിൽ വീണ്ടും കാണാനാകും എന്നതാണോ? ദൈവം ഇങ്ങനെ ‘പ്രത്യാശയ്ക്കു വക നൽകിയിരിക്കുന്നതുകൊണ്ട്’ നമുക്കു നോക്കിയിരിക്കാൻ ഒരുപാടു കാര്യങ്ങളുണ്ട്.
8 നമ്മൾ എന്നേക്കും ജീവിക്കാൻപോകുന്നത് സ്വർഗത്തിലാണെങ്കിലും ഭൂമിയിലാണെങ്കിലും അതു സന്തോഷിക്കാനുള്ള കാരണങ്ങൾ നൽകുന്ന മഹത്തായ ഒരു പ്രത്യാശയാണ്. ആ പ്രത്യാശയ്ക്ക് ഇനിയും ശക്തമാകാനും കഴിയും. അത് എങ്ങനെയെന്നാണു പൗലോസ് അടുത്തതായി പറയുന്നത്. അതെക്കുറിച്ച് ഇനി നോക്കാം. പ്രത്യാശ നമ്മളെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് അപ്പോൾ നമുക്കു കൂടുതൽ ബോധ്യമാകും.
പ്രത്യാശ എങ്ങനെ ശക്തമാകും
9-10. പൗലോസിന്റെ ജീവിതം കാണിക്കുന്നതുപോലെ ക്രിസ്ത്യാനികൾ എന്തു പ്രതീക്ഷിക്കണം? (റോമർ 5:3) (ചിത്രങ്ങളും കാണുക.)
9 റോമർ 5:3 വായിക്കുക. പ്രത്യാശ ശക്തമാകാൻ കഷ്ടതകൾ സഹായിച്ചേക്കാം എന്നു പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചോ? അതു നമ്മളെ അതിശയിപ്പിച്ചേക്കാം. ക്രിസ്തുവിന്റെ അനുഗാമികൾക്കെല്ലാം കഷ്ടതയുണ്ടാകും എന്നതാണു വസ്തുത. പൗലോസിനെക്കുറിച്ച് ചിന്തിക്കുക. പൗലോസ് തെസ്സലോനിക്യയിലുള്ള ക്രിസ്ത്യാനികളോടു പറഞ്ഞു: “നമ്മൾ കഷ്ടതകൾ സഹിക്കേണ്ടിവരുമെന്നു നിങ്ങളുടെകൂടെ ആയിരുന്നപ്പോൾത്തന്നെ ഞങ്ങൾ മുൻകൂട്ടിപ്പറയാറുണ്ടായിരുന്നല്ലോ. . . . ഇപ്പോൾ അതു സംഭവിക്കുകയും ചെയ്തിരിക്കുന്നു.” (1 തെസ്സ. 3:4) കൊരിന്തിലുള്ളവർക്കു പൗലോസ് എഴുതി: ‘സഹോദരങ്ങളേ, ഞങ്ങൾ സഹിച്ച കഷ്ടതകൾ നിങ്ങൾ അറിയാതെ പോകരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ജീവനോടിരിക്കുമോ എന്നുപോലും ഞങ്ങൾക്ക് ആശങ്ക തോന്നി.’—2 കൊരി. 1:8; 11:23-27.
10 ഏതെങ്കിലും തരത്തിലുള്ള കഷ്ടത തങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്നത്തെ ക്രിസ്ത്യാനികൾക്കും അറിയാം. (2 തിമൊ. 3:12) യേശുവിനെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് അങ്ങനെ എന്തെങ്കിലും അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ? സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളെ പരിഹസിച്ചിട്ടുണ്ടാകാം. ഉപദ്രവിക്കുകപോലും ചെയ്തുകാണും. ഇനി എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കാൻ നിങ്ങൾ ശ്രമിച്ചതിന്റെ പേരിൽ ജോലിസ്ഥലത്ത് പ്രശ്നങ്ങളുണ്ടായോ? (എബ്രാ. 13:18) മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിച്ചതുകൊണ്ട് ഗവൺമെന്റിന്റെ എതിർപ്പു നേരിടേണ്ടിവന്നോ? നേരിടുന്ന കഷ്ടതകൾ എന്തുതന്നെയാണെങ്കിലും, പൗലോസ് പറഞ്ഞത് നമ്മൾ സന്തോഷിക്കണം എന്നാണ്. എന്തുകൊണ്ട്?
11. ഏതു പരീക്ഷണവും സഹിച്ചുനിൽക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കേണ്ടത് എന്തുകൊണ്ട്?
11 കഷ്ടതകളുണ്ടാകുമ്പോൾ നമുക്കു സന്തോഷിക്കാൻ കഴിയുന്നത്, നമ്മളിൽ അതു പ്രധാനപ്പെട്ട ഒരു ഗുണം വളർത്തും എന്നതുകൊണ്ടാണ്. റോമർ 5:3 പറയുന്നതുപോലെ “കഷ്ടത സഹനശക്തി” ഉളവാക്കുന്നു. എല്ലാ ക്രിസ്ത്യാനികൾക്കും കഷ്ടതയുണ്ടാകും. ഏതു പരീക്ഷണം ഉണ്ടായാലും അതു സഹിച്ചുനിൽക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. എങ്കിൽ മാത്രമേ പ്രത്യാശ നിറവേറുന്നതു കാണാൻ നമുക്കു കഴിയൂ. പാറസ്ഥലത്ത് വീണ വിത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്ന ആളുകളെപ്പോലെ ആയിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ആദ്യം അവർ ദൈവവചനം സന്തോഷത്തോടെ സ്വീകരിച്ചെങ്കിലും ‘കഷ്ടതയും ഉപദ്രവവും ഉണ്ടായപ്പോൾ’ വീണുപോയി. (മത്താ. 13:5, 6, 20, 21) പരീക്ഷണങ്ങൾ സഹിച്ചുനിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും അതിനു പ്രയോജനങ്ങളുണ്ട്. എന്തൊക്കെയാണ് അത്?
12. സഹിച്ചുനിൽക്കുന്നത് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
12 സഹിച്ചുനിൽക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ശിഷ്യനായ യാക്കോബ് എടുത്തുപറയുന്നുണ്ട്. അദ്ദേഹം എഴുതി: “സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീകരിക്കട്ടെ. അങ്ങനെ നിങ്ങൾ ഒന്നിലും കുറവില്ലാത്തവരായി പൂർണരും എല്ലാം തികഞ്ഞവരും ആകും.” (യാക്കോ. 1:2-4) സഹനശക്തിക്ക് ഒരു ലക്ഷ്യം പൂർത്തീകരിക്കാനുണ്ടെന്നു യാക്കോബ് ഇവിടെ പറയുന്നു. എന്താണ് ആ ലക്ഷ്യം? വിശ്വാസവും ക്ഷമയും പോലുള്ള ഗുണങ്ങൾ ഇനിയും വർധിപ്പിക്കാനും ദൈവത്തിൽ കൂടുതൽ ആശ്രയിക്കാനും അതു നമ്മളെ സഹായിക്കും. സഹിച്ചുനിൽക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രയോജനവും ഉണ്ട്.
13-14. സഹിച്ചുനിൽക്കുന്നത് എന്തു നേടിത്തരും, അതിനു പ്രത്യാശയുമായുള്ള ബന്ധം എന്താണ്? (റോമർ 5:4)
13 റോമർ 5:4 വായിക്കുക. പൗലോസ് പറയുന്നതുപോലെ, ‘സഹനശക്തി അംഗീകാരം’ ഉളവാക്കുന്നു. അതായത്, നമ്മൾ സഹിച്ചുനിന്നാൽ നമുക്ക് യഹോവയുടെ അംഗീകാരം കിട്ടും. അതിനർഥം നിങ്ങൾ കഷ്ടപ്പെടുന്നതിൽ യഹോവ സന്തോഷിക്കുന്നു എന്നല്ല. പകരം നിങ്ങളിൽ, നിങ്ങൾ വിശ്വസ്തമായി സഹിച്ചുനിന്നതിൽ ആണ് യഹോവ സന്തോഷിക്കുന്നത്. സഹിച്ചുനിന്നുകൊണ്ട് യഹോവയുടെ അംഗീകാരം നേടാനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്!—സങ്കീ. 5:12.
14 അബ്രാഹാമിനെക്കുറിച്ച് വീണ്ടും ചിന്തിക്കുക. അദ്ദേഹം സഹിച്ചുനിന്നതുകൊണ്ട് ദൈവത്തിന്റെ അംഗീകാരം നേടി. യഹോവ അദ്ദേഹത്തെ സുഹൃത്തായി കാണുകയും നീതിമാനായി കണക്കാക്കുകയും ചെയ്തു. (ഉൽപ. 15:6; റോമ. 4:13, 22) നമ്മുടെ കാര്യത്തിലും അതു സത്യമാണ്. ദൈവസേവനത്തിൽ നമ്മൾ എത്രത്തോളം ചെയ്യുന്നുണ്ട്, നമുക്ക് എന്തൊക്കെ നിയമനങ്ങളുണ്ട് എന്നതൊന്നും നോക്കിയല്ല ദൈവം നമ്മളെ അംഗീകരിക്കുന്നത്. പകരം, നമ്മൾ വിശ്വസ്തമായി സഹിച്ചുനിൽക്കുന്നതുകൊണ്ടാണ്. നമ്മുടെ പ്രായമോ സാഹചര്യമോ കഴിവുകളോ എന്തുതന്നെയാണെങ്കിലും നമുക്ക് എല്ലാവർക്കും സഹിച്ചുനിൽക്കാൻ കഴിയും. നിങ്ങൾ ഇപ്പോൾ ഏതെങ്കിലും പ്രശ്നം നേരിടുന്നുണ്ടോ? അതിനെ വിശ്വസ്തമായി സഹിച്ചുനിൽക്കുകയാണോ? എങ്കിൽ, നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണ് എന്ന് ഓർക്കുക. ദൈവാംഗീകാരമുണ്ടെന്ന ആ അറിവിനു വലിയ ശക്തിയുണ്ട്. കാരണം അതു നമ്മുടെ പ്രത്യാശ ശക്തമാക്കും.
കൂടുതൽ ശക്തമായിത്തീർന്ന പ്രത്യാശ
15. റോമർ 5:4, 5-ൽ പൗലോസ് എന്ത് ആശയമാണു പറയുന്നത്, ചിലരുടെ മനസ്സിൽ ഏതു ചോദ്യം വന്നേക്കാം?
15 പൗലോസ് വിശദീകരിച്ചതുപോലെ, പ്രശ്നങ്ങൾ നമ്മൾ സഹിച്ചുനിൽക്കുമ്പോൾ യഹോവയുടെ അംഗീകാരം ലഭിക്കും. എന്നിട്ട് പൗലോസ് തുടർന്നുപറയുന്നു: ‘അംഗീകാരം പ്രത്യാശ ഉളവാക്കുന്നു. പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല.’ (റോമ. 5:4, 5) ഇതു കേൾക്കുമ്പോൾ ചിലർക്ക് ഒരു സംശയം തോന്നിയേക്കാം. കാരണം, റോമിലെ ക്രിസ്ത്യാനികൾക്ക് അപ്പോൾത്തന്നെ ഒരു പ്രത്യാശയുള്ളതായി റോമർ 5:2-ൽ പൗലോസ് പറയുന്നുണ്ട്; അതായത് “ദൈവമഹത്ത്വത്തിൽ പങ്കുചേരാമെന്ന പ്രത്യാശ.” അതുകൊണ്ട് ചിലർ ചോദിച്ചേക്കാം: ‘ആ ക്രിസ്ത്യാനികൾക്ക് അപ്പോൾത്തന്നെ ഒരു പ്രത്യാശയുണ്ടെങ്കിൽ, പിന്നെ എന്തിനാണ് റോമർ 5:4-ൽ പൗലോസ് വീണ്ടും ഒരു പ്രത്യാശയെക്കുറിച്ച് പറയുന്നത്?’
16. ഒരു വ്യക്തിയിൽ പ്രത്യാശ വളരാൻ തുടങ്ങുന്നത് എങ്ങനെയാണ്? (ചിത്രങ്ങളും കാണുക.)
16 പ്രത്യാശ എന്നത്, വളരുന്ന അഥവാ കൂടുതൽക്കൂടുതൽ ശക്തമാകുന്ന ഒന്നാണെന്നു മനസ്സിൽപ്പിടിച്ചാൽ പൗലോസ് പറഞ്ഞതിന്റെ അർഥം നമുക്കു മനസ്സിലാകും. ഉദാഹരണത്തിന്, ദൈവവചനത്തിലെ മനോഹരമായ പ്രത്യാശയെക്കുറിച്ച് നിങ്ങൾ ആദ്യമായി കേട്ടത് ഓർക്കുന്നുണ്ടോ? പറുദീസയിൽ എന്നേക്കും ജീവിക്കാമെന്ന് അറിഞ്ഞപ്പോൾ ‘അതു കൊള്ളാം, പക്ഷേ നടക്കുമോ’ എന്നു നിങ്ങൾക്കു തോന്നിക്കാണും. എന്നാൽ, യഹോവയെക്കുറിച്ചും ബൈബിളിലെ വാഗ്ദാനങ്ങളെക്കുറിച്ചും നിങ്ങൾ കൂടുതൽക്കൂടുതൽ മനസ്സിലാക്കിയപ്പോൾ ആ പ്രത്യാശ നടക്കും എന്ന നിങ്ങളുടെ വിശ്വാസം ശക്തമായി.
17. സമർപ്പണത്തിനും സ്നാനത്തിനും ശേഷവും നിങ്ങളുടെ പ്രത്യാശ വളർന്നുകൊണ്ടിരുന്നത് എങ്ങനെയാണ്?
17 സമർപ്പണത്തിനും സ്നാനത്തിനും ശേഷവും നിങ്ങൾ കൂടുതൽ പഠിച്ചു, കൂടുതൽ ആത്മീയപക്വത നേടി. അങ്ങനെ പ്രത്യാശ വളർന്നുകൊണ്ടിരുന്നു. (എബ്രാ. 5:13–6:1) റോമർ 5:2-4-ൽ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടാകും. കഷ്ടതകളുണ്ടായപ്പോൾ നിങ്ങൾ സഹിച്ചുനിൽക്കുകയും ദൈവത്തിന്റെ അംഗീകാരം തിരിച്ചറിയുകയും ചെയ്തു. ആ തിരിച്ചറിവ് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ ഉറപ്പായും കിട്ടുമെന്ന ബോധ്യം ശക്തമാക്കി. അങ്ങനെ ആദ്യമുണ്ടായിരുന്നതിനെക്കാൾ നിങ്ങളുടെ പ്രത്യാശ ശക്തമായെന്നു പറയാം. ഇപ്പോൾ അതു നിങ്ങൾക്കു കൂടുതൽ വിലപ്പെട്ട ഒന്നായിത്തീർന്നു. അതു ജീവിതത്തിന്റെ എല്ലാ മേഖലയെയും സ്വാധീനിക്കാൻതുടങ്ങി; നിങ്ങൾ കുടുംബാംഗങ്ങളോട് ഇടപെടുന്ന വിധത്തെയും, എടുക്കുന്ന തീരുമാനങ്ങളെയും, സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും എല്ലാം.
18. യഹോവ നമുക്ക് എന്ത് ഉറപ്പു തരുന്നു?
18 ദൈവാംഗീകാരത്തിലൂടെ ശക്തമായിത്തീർന്ന നിങ്ങളുടെ പ്രത്യാശയെക്കുറിച്ച് പൗലോസ് പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം നോക്കാം. ദൈവപ്രചോദിതനായി പൗലോസ് ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “നമ്മുടെ പ്രത്യാശ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല. കാരണം നമുക്കു നൽകിയ പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിഞ്ഞിരിക്കുന്നു.” (റോമ. 5:5) നമ്മുടെ പ്രത്യാശ തീർച്ചയായും നിറവേറുമെന്നു പൗലോസിലൂടെ ദൈവം ഉറപ്പു തരുന്നു. അതെ, ദൈവം നിങ്ങൾക്കു തന്ന ആ പ്രത്യാശ നിറവേറുമെന്നു ചിന്തിക്കാൻ എല്ലാ കാരണങ്ങളുമുണ്ട്.
19. നിങ്ങളുടെ പ്രത്യാശയെക്കുറിച്ച് നിങ്ങൾക്ക് എന്ത് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
19 യഹോവ അബ്രാഹാമിനു കൊടുത്ത ഉറപ്പിനെക്കുറിച്ചും അദ്ദേഹത്തെ ദൈവം അംഗീകരിച്ചതിനെക്കുറിച്ചും സുഹൃത്താക്കിയതിനെക്കുറിച്ചും ഒക്കെ ചിന്തിക്കുക. അബ്രാഹാമിന്റെ പ്രത്യാശ വെറുതെയായില്ല. ബൈബിൾ പറയുന്നു: “ക്ഷമയോടെ കാത്തിരുന്നശേഷമാണ് അബ്രാഹാമിന് ഈ വാഗ്ദാനം ലഭിച്ചത്.” (എബ്രാ. 6:15; 11:9, 18; റോമ. 4:20-22) അദ്ദേഹത്തിനു നിരാശപ്പെടേണ്ടിവന്നില്ല. വിശ്വസ്തരായി നിൽക്കുന്നെങ്കിൽ നിങ്ങൾക്കും പ്രതിഫലം ലഭിക്കും. ആ ഉറപ്പ്, സന്തോഷിക്കാനുള്ള കാരണങ്ങൾ തരുന്നു. പ്രത്യാശ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല! (റോമ. 12:12) പൗലോസ് എഴുതി: “നിങ്ങൾ ദൈവത്തിൽ ആശ്രയിക്കുമ്പോൾ പ്രത്യാശ നൽകുന്ന ആ ദൈവം നിങ്ങളിൽ വലിയ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ. അങ്ങനെ, പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളിൽ പ്രത്യാശ നിറഞ്ഞുകവിയട്ടെ.”—റോമ. 15:13.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!