മദ്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം നിലനിറുത്തുക
യഹോവ നമുക്കു പല തരം സമ്മാനങ്ങൾ തന്നിട്ടുണ്ട്. അവ എങ്ങനെ ഉപയോഗിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും തന്നിരിക്കുന്നു. അതിനു നമ്മൾ ഒരുപാടു നന്ദിയുള്ളവരാണ്. ബൈബിൾ പറയുന്നതനുസരിച്ച് ദൈവം തന്നിരിക്കുന്ന അത്തരം ഒരു സമ്മാനമാണു വീഞ്ഞ്. അവിടെ ഇങ്ങനെയും പറയുന്നു: “അപ്പം ഉല്ലാസത്തിനുവേണ്ടിയാണ്. വീഞ്ഞു ജീവിതം ആനന്ദഭരിതമാക്കുന്നു.” (സഭാ. 10:19; സങ്കീ. 104:15) എന്നാൽ മദ്യം പലരുടെയും ജീവിതത്തിൽ പ്രശ്നത്തിനു കാരണമായിരിക്കുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാകും. കൂടാതെ മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് ലോകമെങ്ങുമുള്ള ആളുകളുടെ ഇടയിൽ പലപല അഭിപ്രായങ്ങളാണുള്ളത്. എന്നാൽ ഇക്കാര്യത്തിൽ ക്രിസ്ത്യാനികളായ നമുക്ക് എങ്ങനെ ഏറ്റവും നല്ല തീരുമാനമെടുക്കാം?
നമ്മൾ ജീവിക്കുന്നത് എവിടെയായാലും, വളർന്നുവന്ന സംസ്കാരം ഏതായാലും, മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തയെയും തീരുമാനങ്ങളെയും സ്വാധീനിക്കേണ്ടതു ദൈവത്തിന്റെ വീക്ഷണമാണ്. അതു നമുക്കു പ്രയോജനം ചെയ്യും. നമ്മുടെ ജീവിതം സന്തോഷമുള്ളതാക്കും.
ലോകത്തിലെ പല ആളുകളും കൂടെക്കൂടെ മദ്യപിക്കുന്നതും വലിയ അളവിൽ മദ്യം കഴിക്കുന്നതും ഒരുപക്ഷേ, നിങ്ങൾ കണ്ടിട്ടുണ്ടാകും. ചിലർ പറയുന്നതു മനസ്സിന്റെ ഒരു സന്തോഷത്തിനുവേണ്ടിയാണു തങ്ങൾ അങ്ങനെ ചെയ്യുന്നത് എന്നാണ്. മറ്റു ചിലർ മദ്യം കഴിക്കുന്നതു പ്രശ്നങ്ങൾ ഒക്കെ മറക്കാനും ടെൻഷൻ കുറയ്ക്കാനും വേണ്ടിയാണ്. ഇനി, ചിലയിടങ്ങളിൽ വലിയ അളവിൽ മദ്യം കഴിക്കുന്നത്, പക്വതയുടെയോ ആണത്തത്തിന്റെയോ ലക്ഷണമായും കണക്കാക്കുന്നു.
എന്നാൽ, ക്രിസ്ത്യാനികളായ നമുക്കു സ്നേഹവാനായ സ്രഷ്ടാവ് ഇക്കാര്യത്തിൽ നല്ല ഉപദേശങ്ങൾ തന്നിട്ടുണ്ട്. ഉദാഹരണത്തിന് അമിതമായി കുടിച്ചാൽ ഉണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ച് ദൈവം നമുക്കു മുന്നറിയിപ്പു തന്നിരിക്കുന്നു. സുഭാഷിതങ്ങൾ 23:29-35 വാക്യങ്ങളിൽ അമിതമായി മദ്യം കഴിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള വർണന കാണാം. അത് ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ചും അവിടെ വിവരിച്ചിട്ടുണ്ട്. a യൂറോപ്പിൽനിന്നുള്ള ഒരു ക്രിസ്തീയ മൂപ്പനായ ഡാനിയേൽ, ഒരു ക്രിസ്ത്യാനിയായിത്തീരുന്നതിനു മുമ്പുള്ള തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നു: “ഞാൻ ഒരുപാടു കുടിക്കുമായിരുന്നു. അത് എന്നെ പല തെറ്റായ തീരുമാനങ്ങളിലേക്കും നയിച്ചു. അതുകൊണ്ടുതന്നെ ജീവിതത്തിൽ എനിക്കു വേദനിപ്പിക്കുന്ന പല അനുഭവങ്ങളുമുണ്ടായി. അതിന്റെയെല്ലാം നീറുന്ന ഓർമകൾ എനിക്ക് ഇപ്പോഴുമുണ്ട്.”
മദ്യം ഉപയോഗിക്കുന്ന കാര്യത്തിൽ ശരിയായ തീരുമാനങ്ങളെടുക്കാനും അമിതമദ്യപാനംകൊണ്ടുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും നമുക്ക് എങ്ങനെ കഴിയും? അതിനായി ദൈവത്തിന്റെ വീക്ഷണത്തിനു ചേർച്ചയിൽ നമ്മൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണം.
നമുക്ക് ഇപ്പോൾ, മദ്യത്തിന്റെ ഉപയോഗത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നും ആളുകൾ മദ്യം കഴിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
ബൈബിൾ പറയുന്നത്
മിതമായ അളവിൽ മദ്യം കഴിക്കുന്നതിനെ ദൈവവചനം കുറ്റം വിധിക്കുന്നില്ല. ശരിക്കും പറഞ്ഞാൽ, വീഞ്ഞു കുടിക്കുന്നതു സന്തോഷം തരുന്ന ഒരു അനുഭവമാണെന്നാണു ബൈബിൾ പറയുന്നത്. ബൈബിളിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്: “നീ പോയി ആനന്ദത്തോടെ നിന്റെ ഭക്ഷണം കഴിക്കുക, ആനന്ദഹൃദയത്തോടെ നിന്റെ വീഞ്ഞു കുടിക്കുക.” (സഭാ. 9:7) യേശുവും യഹോവയുടെ മറ്റു വിശ്വസ്തദാസന്മാരും ഇടയ്ക്കൊക്കെ വീഞ്ഞു കുടിച്ചിട്ടുണ്ട്.—മത്താ. 26:27-29; ലൂക്കോ. 7:34; 1 തിമൊ. 5:23.
എന്നാൽ അൽപ്പം മദ്യം കഴിക്കുന്നതും കുടിച്ച് മത്തരാകുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു ബൈബിൾ പറയുന്നു: “വീഞ്ഞു കുടിച്ച് മത്തരാകരുത്” എന്നുതന്നെയാണു ബൈബിളിൽ നമ്മൾ വായിക്കുന്നത്. (എഫെ. 5:18) ഇനി, “കുടിയന്മാർ . . . ദൈവരാജ്യം അവകാശമാക്കില്ല” എന്നും ബൈബിൾ വ്യക്തമായി പറയുന്നു. (1 കൊരി. 6:10) അതു കാണിക്കുന്നതു അമിതമായി മദ്യം കഴിക്കുന്നതിനെയും കുടിച്ച് മത്തരാകുന്നതിനെയും യഹോവ ശക്തമായി കുറ്റംവിധിക്കുന്നു എന്നാണ്. അതുകൊണ്ട്, മദ്യം കഴിക്കുന്ന കാര്യത്തിൽ നമ്മുടെ സംസ്കാരത്തിനു ചേർച്ചയിൽ തീരുമാനങ്ങളെടുക്കുന്നതിനു പകരം അതെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടം എന്താണെന്നാണു നമ്മൾ നോക്കേണ്ടത്.
ചിലർ ചിന്തിക്കുന്നതു താൻ എത്ര മദ്യം കഴിച്ചാലും സുബോധം നഷ്ടപ്പെടുന്നില്ല എന്നുള്ളതുകൊണ്ട് അതിൽ കുഴപ്പമില്ല എന്നാണ്. എന്നാൽ അങ്ങനെ ചിന്തിക്കുന്നതു വലിയ അപകടമാണ്. കാരണം ഒരാൾ ‘വീഞ്ഞിന് അടിമപ്പെടുന്നത്’ അയാൾ ധാർമികമായി വഴിതെറ്റിപ്പോകാനും യഹോവയ്ക്കെതിരെ പാപം ചെയ്യാനും ഇടയാക്കിയേക്കാമെന്നു ബൈബിൾ വ്യക്തമായി പറയുന്നു. (തീത്തോ. 2:3; സുഭാ. 20:1) ‘അമിതമായി കുടിക്കുന്നത്’ ഒരാൾ ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രവേശിക്കുന്നതിനു തടസ്സമായേക്കാമെന്നുപോലും യേശു മുന്നറിയിപ്പു നൽകി. (ലൂക്കോ. 21:34-36) അതുകൊണ്ട് മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കഴിയും?
എന്തുകൊണ്ട്, എപ്പോൾ, എത്രത്തോളം കുടിക്കുന്നു?
മദ്യപാനത്തെക്കുറിച്ചുള്ള നമ്മുടെ തീരുമാനത്തിന്റെ അടിസ്ഥാനം നമ്മൾ വളർന്നുവന്ന സംസ്കാരമായിരിക്കരുത്. കാരണം അതിൽ അപകടമുണ്ട്. പകരം, തിന്നുകയും കുടിക്കുകയും ചെയ്യുന്നതിനോടു ബന്ധപ്പെട്ട് നമ്മൾ തീരുമാനമെടുക്കുന്നത്, അത് യഹോവയെ സന്തോഷിപ്പിക്കുമോ ഇല്ലയോ എന്നു നോക്കിയിട്ടാകണം. കാരണം, ബൈബിൾ നമ്മളോടു പറയുന്നു: “നിങ്ങൾ തിന്നാലും കുടിച്ചാലും മറ്റ് എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.” (1 കൊരി. 10:31) ഇക്കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ നമ്മളെ സഹായിക്കുന്ന ചില ചോദ്യങ്ങളും ബൈബിൾ തത്ത്വങ്ങളും നമുക്ക് ഇപ്പോൾ നോക്കാം.
മറ്റുള്ളവരെ പ്രീതിപ്പെടുത്താനാണോ ഞാൻ കുടിക്കുന്നത്? പുറപ്പാട് 23:2 പറയുന്നത്: ‘ബഹുജനത്തിനു പിന്നാലെ പോകരുത്’ എന്നാണ്. യഹോവ ഇവിടെ ഇസ്രായേല്യരോടു തന്റെ ഇഷ്ടം ചെയ്യാത്ത ആളുകളുടെ രീതികൾ അനുകരിക്കരുതെന്നു പറയുകയായിരുന്നു. ആ ഉപദേശം ക്രിസ്ത്യാനികളായ നമ്മളും അനുസരിക്കേണ്ടതാണ്. മദ്യപാനത്തോടു ബന്ധപ്പെട്ട നമ്മുടെ ചിന്തയെയും തീരുമാനങ്ങളെയും സ്വാധീനിക്കാൻ മറ്റുള്ളവരെ അനുവദിച്ചാൽ പതിയെപ്പതിയെ നമ്മൾ യഹോവയിൽനിന്നും യഹോവയുടെ നിലവാരങ്ങളിൽനിന്നും അകന്നുപോയേക്കാം.—റോമ. 12:2.
കരുത്തനാണെന്നു കാണിക്കാനാണോ ഞാൻ കുടിക്കുന്നത്? ചില സംസ്കാരങ്ങളിൽ പതിവായി കുടിക്കുന്നതും അമിതമായി കുടിക്കുന്നതും സാധാരണമാണ്, അതു സ്വീകാര്യവുമാണ്. (1 പത്രോ. 4:3) എന്നാൽ, 1 കൊരിന്ത്യർ 16:13-ൽ ഇങ്ങനെ പറയുന്നു: “ഉണർന്നിരിക്കുക. വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. പുരുഷത്വം കാണിക്കുക. കരുത്തു നേടുക.” പക്ഷേ, കരുത്തു നേടാൻ മദ്യത്തിനു ശരിക്കും ഒരാളെ സഹായിക്കാനാകുമോ? ഇല്ല, ഒരിക്കലുമില്ല. വ്യക്തമായി ചിന്തിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും ഉള്ള ഒരാളുടെ കഴിവിനെ മദ്യം നശിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് ഒരുപാടു മദ്യം കഴിക്കുന്നതു കരുത്തിന്റെ ലക്ഷണമല്ല, ബലഹീനതയുടെ തെളിവാണ്. യശയ്യ 28:7-ൽ മദ്യം കുടിച്ച് വഴിതെറ്റി നടക്കുന്നവരെക്കുറിച്ച്, അവർ ആടിയാടിനടക്കുന്നെന്നും അവരുടെ ന്യായവിധികൾ പാളിപ്പോകുന്നെന്നും പറയുന്നു.
ശരി ചെയ്യാൻ നമുക്ക് ആവശ്യമായ ശക്തി ലഭിക്കുന്നത് യഹോവയിൽ നിന്നാണ്. അതു കിട്ടാൻ നമ്മൾ ഉണർന്നിരിക്കുകയും വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും വേണം. (സങ്കീ. 18:32) അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധയുള്ളവരായിരുന്നുകൊണ്ടും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കുന്ന തീരുമാനങ്ങളെടുക്കാതിരുന്നുകൊണ്ടും നമുക്ക് അതു ചെയ്യാം. അങ്ങനെ ശക്തി തെളിയിച്ച ഒരു വ്യക്തിയാണു യേശു. ധൈര്യം കാണിച്ചതുകൊണ്ടും ശരി ചെയ്യാൻ ഉറച്ച തീരുമാനമെടുത്തിരുന്നതുകൊണ്ടും ഒരുപാടു പേർ യേശുവിനെ ബഹുമാനിച്ചു.
സങ്കീ. 94:19) നിങ്ങൾക്ക് എന്തിനെക്കുറിച്ചെങ്കിലും ഉത്കണ്ഠ തോന്നുന്നുണ്ടെങ്കിൽ ആശ്വാസത്തിനായി യഹോവയിലേക്കാണു നോക്കേണ്ടത്, മദ്യത്തിലേക്കല്ല. അതിനുവേണ്ടി നിങ്ങൾക്കു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം കൂടെക്കൂടെ യഹോവയോടു പ്രാർഥിക്കുക എന്നതാണ്. കൂടാതെ, സഭയിലെ പക്വതയുള്ള ഒരു സുഹൃത്തിനോട് ഉപദേശം ചോദിക്കുന്നതും പ്രയോജനം ചെയ്യുമെന്നു പലരും കണ്ടെത്തിയിരിക്കുന്നു. ശരിക്കും പറഞ്ഞാൽ പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടാൻവേണ്ടി മദ്യത്തിൽ ആശ്രയിച്ചാൽ, ശരി ചെയ്യാനുള്ള ഒരു വ്യക്തിയുടെ തീരുമാനത്തെ അതു ദുർബലപ്പെടുത്തും. (ഹോശേ. 4:11) നേരത്തേ കണ്ട ഡാനിയേൽ ഇങ്ങനെ തുറന്നുപറയുന്നു: “ടെൻഷനും കുറ്റബോധവും ഒക്കെ തോന്നിയപ്പോൾ അതിൽനിന്ന് രക്ഷപ്പെടാൻവേണ്ടി ഞാൻ കുറെ കുടിച്ചു. പക്ഷേ അതുകൊണ്ട് പ്രശ്നങ്ങൾ കൂടിയതേ ഉള്ളൂ. മാത്രവുമല്ല, സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. എന്റെ ആത്മാഭിമാനവും തകർന്നു.” അവസാനം ഡാനിയേലിനെ എന്താണു സഹായിച്ചത്? “എനിക്ക് യഹോവയുടെ സഹായമാണു വേണ്ടത്, അല്ലാതെ മദ്യം എന്നെ സഹായിക്കില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോഴും പിടിച്ചുനിൽക്കാനും അവയെ മറികടക്കാനും എനിക്കായി” എന്ന് അദ്ദേഹം പറയുന്നു. നമ്മുടെ സാഹചര്യം എത്ര ആശയറ്റതാണെന്നു തോന്നിയാലും നമ്മളെ സഹായിക്കാൻ യഹോവ എപ്പോഴും കൂടെയുണ്ടായിരിക്കും.—ഫിലി. 4:6, 7; 1 പത്രോ. 5:7.
എന്റെ പ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണോ ഞാൻ മദ്യം കഴിക്കുന്നത്? ദൈവപ്രചോദിതനായി ഒരു സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് (യഹോവ) എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.” (നിങ്ങൾ ഇടയ്ക്കിടെ മദ്യം കഴിക്കുന്ന ഒരാളാണെങ്കിൽ ആ രീതിക്ക് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്നു താഴെ പറയുന്ന ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാവുന്നതാണ്. ‘എന്റെ മദ്യപാനം അല്പം കൂടിപ്പോകുന്നുണ്ടെന്ന് അടുത്ത ഒരു കുടുംബാംഗമോ സുഹൃത്തോ പറഞ്ഞിട്ടുണ്ടോ?’ എങ്കിൽ അതിന്റെ അർഥം നിങ്ങൾ അറിയാതെതന്നെ നിങ്ങളിൽ ആ ദുശ്ശീലം വളരുന്നുണ്ടെന്നായിരിക്കാം. ‘ഞാനിപ്പോൾ മുമ്പത്തെക്കാൾ കൂടുതൽ കുടിക്കുന്നുണ്ടോ?’ എങ്കിൽ പതിയെപ്പതിയെ മദ്യത്തിന്റെ അടിമയാകുന്നു എന്നതിന്റെ സൂചനയായിരിക്കാം അത്. ‘മദ്യം കഴിക്കാതെ കുറച്ച് ദിവസംപോലും മുന്നോട്ടു പോകാൻ കഴിയില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’ എങ്കിൽ, മദ്യപാനം നിങ്ങളിൽ വേരുറച്ചിരിക്കുന്നു അല്ലെങ്കിൽ നിങ്ങൾ അതിന് അടിമയായിരിക്കുന്നു എന്നായിരിക്കാം അതിന്റെ അർഥം. അങ്ങനെയാണെങ്കിൽ അതു പരിഹരിക്കാൻ നിങ്ങൾക്കു വിദഗ്ധസഹായം വേണ്ടിവരും.
മദ്യം കഴിക്കുന്നതു പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം എന്നുള്ളതുകൊണ്ട് ചില ക്രിസ്ത്യാനികൾ അതിന്റെ ഉപയോഗം വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇനി, മറ്റു ചിലർ മദ്യത്തിന്റെ രുചി ഇഷ്ടമില്ലാത്തതുകൊണ്ട് അതു കഴിക്കേണ്ടെന്നു തീരുമാനിച്ചിരിക്കുന്നു. നിങ്ങളുടെ കൂട്ടുകാർ ആരെങ്കിലും അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവരെ വിമർശിക്കാതെ അവരുടെ
തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് അവരോടു ദയ കാണിക്കാനാകും.ഇനി, മറ്റു ചിലർ മദ്യം കഴിക്കുമെങ്കിലും അതിനു പരിധിവെക്കുന്നതു ജ്ഞാനമാണെന്നു കണ്ടെത്തിയിരിക്കുന്നു. എത്രത്തോളം മദ്യം കഴിക്കുമെന്ന കാര്യത്തിലായിരിക്കാം ചിലർ തീരുമാനമെടുത്തിരിക്കുന്നത്. അല്ലെങ്കിൽ എത്ര കൂടെക്കൂടെ കഴിക്കുമെന്ന കാര്യത്തിലായിരിക്കാം അവർ പരിധിവെച്ചിരിക്കുന്നത്. അതായത് ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ചിലപ്പോഴൊക്കെ ഭക്ഷണത്തിന്റെകൂടെ മിതമായ അളവിലോ ആയിരിക്കാം അതു കഴിക്കുന്നത്. ഇനി, വേറെ ചിലർ ഏതു തരത്തിലുള്ള മദ്യം കഴിക്കുമെന്ന കാര്യത്തിൽ ഒരു പരിധിവെച്ചിരിക്കുന്നു. അവർ ചിലപ്പോൾ വീഞ്ഞോ ബിയറോ മിതമായ അളവിൽ കഴിച്ചേക്കാം. എന്നാൽ വീര്യം കൂടിയ മദ്യം ഒഴിവാക്കുന്നു. ജ്യൂസിന്റെകൂടെ ചേർത്തുപോലും അവർ അതു കഴിക്കില്ല. ഒരാൾ മദ്യം കഴിക്കുന്നതു സംബന്ധിച്ച് വ്യക്തമായ ഒരു പരിധിവെച്ചാൽ അതിൽ നിലനിൽക്കാൻ അദ്ദേഹത്തിന് എളുപ്പമായിരിക്കും. പക്വതയുള്ള ഒരു ക്രിസ്ത്യാനി ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നതിൽ നാണക്കേടു വിചാരിക്കേണ്ടതില്ല.
മദ്യം കഴിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നതും പ്രധാനമാണ്. റോമർ 14:21 പറയുന്നു: “മാംസം കഴിക്കുന്നതുകൊണ്ടോ വീഞ്ഞു കുടിക്കുന്നതുകൊണ്ടോ സഹോദരൻ വിശ്വാസത്തിൽനിന്ന് വീണുപോകുമെങ്കിൽ അത് ഒഴിവാക്കുന്നതാണു നല്ലത്.” ഈ ഉപദേശം നമുക്ക് എങ്ങനെ അനുസരിക്കാം? സഹോദരങ്ങളോടു സ്നേഹം കാണിച്ചുകൊണ്ട്. നിങ്ങൾ മദ്യം കഴിക്കുന്നത് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നു തോന്നുന്നെങ്കിൽ, ആ സാഹചര്യത്തിൽ കുടിക്കാതിരിക്കാൻ സ്നേഹം നിങ്ങളെ പ്രേരിപ്പിച്ചേക്കാം. അങ്ങനെ സ്വന്തം ഇഷ്ടത്തെക്കാൾ മറ്റുള്ളവരുടെ ഇഷ്ടത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ അവരോടു പരിഗണനയും ബഹുമാനവും ഉണ്ടെന്നു കാണിക്കുകയായിരിക്കും.—1 കൊരി. 10:24.
ഇനി, മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച് ഗവൺമെന്റു ചില നിയമങ്ങൾ വെച്ചിട്ടുണ്ടാകാം. ക്രിസ്ത്യാനികളായ നമ്മൾ എന്തായാലും ആ നിയമങ്ങൾ അനുസരിക്കും. ആ നിയമമനുസരിച്ച് നിശ്ചിത പ്രായമാകാതെ മദ്യം കഴിക്കാൻ പാടില്ലായിരിക്കാം. അതല്ലെങ്കിൽ മദ്യം കഴിച്ചിട്ട് വണ്ടി ഓടിക്കാനോ ചില യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ജോലി ചെയ്യാനോ പാടില്ലായിരിക്കാം.—റോമ. 13:1-5.
യഹോവ നമുക്കു ധാരാളം സമ്മാനങ്ങൾ തന്നിട്ടുണ്ട്. അതിൽ ഒന്നാണ്, ഈ സമ്മാനങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം. നമ്മൾ എന്തു തിന്നും എന്തു കുടിക്കും എന്നു തീരുമാനിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. യഹോവയെ സന്തോഷിപ്പിക്കുന്ന തീരുമാനങ്ങളെടുത്തുകൊണ്ട്, ഈ സ്വാതന്ത്ര്യത്തെ നമ്മൾ വിലമതിക്കുന്നുണ്ടെന്നു കാണിക്കാം.
a ഒരു ആരോഗ്യസംഘടന പറയുന്നതനുസരിച്ച് ഒറ്റ തവണ അമിതമായി മദ്യം കഴിക്കുന്നതുപോലും വലിയ അപകടങ്ങൾ വരുത്തിവെച്ചേക്കാം. അവയിൽ ചിലതാണു കൊലപാതകം, ആത്മഹത്യ, ലൈംഗികപീഡനം, ഗാർഹികപീഡനം, ഗർഭസ്ഥശിശുവിന്റെ മരണം, ആഗ്രഹിക്കാത്ത ഗർഭധാരണത്തിനോ ലൈംഗികരോഗങ്ങൾക്കോ ഇടയാക്കുന്ന പെരുമാറ്റം എന്നിവ.