പഠനലേഖനം 50
വിശ്വാസവും പ്രവൃത്തികളും നമ്മളെ നീതിമാന്മാരാക്കും
‘നമ്മുടെ പിതാവായ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസത്തിന്റെ അതേ മാതൃക ചിട്ടയോടെ പിൻപറ്റുക.’—റോമ. 4:12.
ഗീതം 119 നമുക്കു വിശ്വാസമുണ്ടായിരിക്കണം
ചുരുക്കം a
1. അബ്രാഹാമിന്റെ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മൾ ഏതു ചോദ്യം ചോദിച്ചേക്കാം?
പലരും അബ്രാഹാമിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് കൂടുതലായൊന്നും അവർക്ക് അറിയില്ല. പക്ഷേ നമുക്ക് ഒരുപാടു കാര്യങ്ങൾ അറിയാം. ഉദാഹരണത്തിന് അബ്രാഹാമിനെ ‘വിശ്വാസമുള്ള സകലരുടെയും പിതാവെന്നു’ വിളിച്ചിരിക്കുന്നു. (റോമ. 4:11) പക്ഷേ, നമ്മൾ ഇങ്ങനെ ചോദിച്ചേക്കാം: ‘അബ്രാഹാമിന്റെ അതേ മാതൃകയും വിശ്വാസവും പിൻപറ്റാൻ എനിക്കു കഴിയുമോ?’ ഉറപ്പായും നിങ്ങൾക്കു കഴിയും.
2. അബ്രാഹാമിന്റെ മാതൃകയെക്കുറിച്ച് നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്? (യാക്കോബ് 2:22, 23)
2 അബ്രാഹാമിന്റേതുപോലുള്ള വിശ്വാസം വളർത്തിയെടുക്കാനുള്ള ഒരു വഴി അദ്ദേഹത്തിന്റെ മാതൃകയെക്കുറിച്ച് പഠിക്കുന്നതാണ്. ദൈവത്തിന്റെ കല്പന അനുസരിച്ച് അബ്രാഹാം ഒരു ദൂരദേശത്തേക്കു പോയി. വർഷങ്ങളോളം കൂടാരങ്ങളിൽ താമസിച്ചു. തന്റെ പ്രിയ മകനായ യിസ്ഹാക്കിനെ ബലിയർപ്പിക്കാൻ തയ്യാറായി. ശക്തമായ വിശ്വാസമുള്ളതുകൊണ്ടാണ് ഇതെല്ലാം ചെയ്തത്. അബ്രാഹാമിന്റെ ഈ വിശ്വാസവും പ്രവൃത്തികളും ദൈവത്തിന്റെ അംഗീകാരവും സൗഹൃദവും അദ്ദേഹത്തിനു നേടിക്കൊടുത്തു. (യാക്കോബ് 2:22, 23 വായിക്കുക.) ആ അനുഗ്രഹങ്ങൾ നിങ്ങളും ആസ്വദിക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അബ്രാഹാമിന്റെ മാതൃകയെക്കുറിച്ച് എഴുതാൻ ബൈബിളെഴുത്തുകാരായ പൗലോസിനെയും യാക്കോബിനെയും ദൈവം പ്രചോദിപ്പിച്ചത്. റോമർ 4-ാം അധ്യായത്തിലും യാക്കോബ് 2-ാം അധ്യായത്തിലും അബ്രാഹാമിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. ഈ രണ്ട് എഴുത്തുകാരും അബ്രാഹാമിനെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുന്നുണ്ട്.
3. ഏതു തിരുവെഴുത്തു ഭാഗമാണു പൗലോസും യാക്കോബും ഒരേപോലെ ഉപയോഗിച്ചത്?
3 ഉൽപത്തി 15:6-ലെ വാക്കുകൾ പൗലോസും യാക്കോബും അവരുടെ എഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതു കാണാം: “(അബ്രാഹാം) യഹോവയിൽ വിശ്വസിച്ചു. അതുകൊണ്ട് ദൈവം (അബ്രാഹാമിനെ) നീതിമാനായി കണക്കാക്കി.” ദൈവം നീതിമാനായി കണക്കാക്കുന്ന ഒരാൾ, ദൈവത്തിന്റെ അംഗീകാരമുള്ള, ദൈവത്തിന്റെ കണ്ണിൽ കുറ്റമില്ലാത്ത ഒരാളായിരിക്കും. പാപിയും അപൂർണനും ആയ ഒരു മനുഷ്യനെ ദൈവം കുറ്റമില്ലാത്തവനായി കാണുന്നത് എത്ര വലിയൊരു കാര്യമാണല്ലേ? ദൈവം നമ്മളെയും അങ്ങനെ കാണാനാണു നമ്മൾ ആഗ്രഹിക്കുന്നത്. അതു സാധ്യവുമാണ്. എന്നാൽ എങ്ങനെ? അതു മനസ്സിലാക്കാൻ ദൈവം എന്തുകൊണ്ടാണ് അബ്രാഹാമിനെ നീതിമാനെന്നു വിളിച്ചതെന്നു നോക്കാം.
നീതിമാനാകാൻ വിശ്വാസം ആവശ്യമാണ്
4. നീതിമാനായിരിക്കുന്നതിനു മനുഷ്യനുള്ള തടസ്സം എന്താണ്?
4 എല്ലാ മനുഷ്യരും പാപികളാണെന്നു പൗലോസ് റോമർക്കുള്ള കത്തിൽ പറഞ്ഞു. (റോമ. 3:23) പാപിയായ ഒരു മനുഷ്യന് എങ്ങനെ നീതിമാനായിരിക്കാൻ കഴിയും? കുറ്റമില്ലാത്തവനായിരുന്നുകൊണ്ട് ദൈവത്തിന്റെ അംഗീകാരം നേടാൻ എങ്ങനെ സാധിക്കും? അബ്രാഹാമിന്റെ മാതൃക ഉപയോഗിച്ചുകൊണ്ട് പൗലോസ് അതിനുള്ള ഉത്തരം കണ്ടെത്താൻ നമ്മളെ സഹായിക്കുന്നുണ്ട്.
5. എന്തിന്റെ അടിസ്ഥാനത്തിലാണ് യഹോവ അബ്രാഹാമിനെ നീതിമാനെന്നു വിളിച്ചത്? (റോമർ 4:2-4)
5 കനാൻ ദേശത്ത് താമസിക്കുമ്പോഴാണ് യഹോവ അബ്രാഹാമിനെ നീതിമാനെന്നു വിളിക്കുന്നത്. എന്തുകൊണ്ടാണ് യഹോവ അങ്ങനെ വിളിച്ചത്? മോശയിലൂടെ കൊടുത്ത നിയമം അതേപടി അനുസരിച്ചതുകൊണ്ടാണോ? ഒരിക്കലുമല്ല. (റോമ. 4:13) കാരണം ദൈവം ഇസ്രായേൽ ജനതയ്ക്ക് ആ നിയമം കൊടുക്കുന്നത് അബ്രാഹാമിനെ നീതിമാനെന്നു വിളിച്ച് 400 വർഷം കഴിഞ്ഞാണ്. എങ്കിൽ എന്തിന്റെ അടിസ്ഥാനത്തിലാണ് യഹോവ അദ്ദേഹത്തെ നീതിമാനെന്നു വിളിച്ചത്? അബ്രാഹാമിന്റെ വിശ്വാസം കാരണം. അങ്ങനെ വിളിച്ചത് ദൈവത്തിന്റെ അനർഹദയ ആയിരുന്നു.—റോമർ 4:2-4 വായിക്കുക.
6. യഹോവ എങ്ങനെയാണ് ഒരു പാപിയെ നീതിമാനായി കണക്കാക്കുന്നത്?
6 ഒരാൾ ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ “അയാളുടെ വിശ്വാസം നീതിയായി കണക്കിടും” എന്നു പൗലോസ് പറഞ്ഞു. (റോമ. 4:5) തുടർന്ന് അദ്ദേഹം ഇങ്ങനെയും പറയുന്നു: “പ്രവൃത്തികൾ നോക്കാതെതന്നെ ദൈവം നീതിമാനായി കണക്കാക്കുന്ന മനുഷ്യന്റെ സന്തോഷത്തെപ്പറ്റി ദാവീദും ഇങ്ങനെ പറയുന്നു: ‘ധിക്കാരം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവർ സന്തുഷ്ടർ. യഹോവ പാപം കണക്കിലെടുക്കാത്ത മനുഷ്യൻ സന്തുഷ്ടൻ.’” (റോമ. 4:6-8; സങ്കീ. 32:1, 2) ദൈവത്തിൽ വിശ്വസിക്കുന്നവരുടെ പാപങ്ങൾ ദൈവം ക്ഷമിക്കുന്നു, അല്ലെങ്കിൽ മറയ്ക്കുന്നു; അതു പൂർണമായി മറന്നുകളയുന്നു. പിന്നീട് ഒരിക്കലും അതു കണക്കിലെടുക്കുന്നില്ല. അങ്ങനെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവം അവരെ കുറ്റമില്ലാത്തവരായും നീതിമാന്മാരായും കണക്കാക്കുന്നു.
7. ദൈവത്തിന്റെ വിശ്വസ്തരായ ആരാധകർ നീതിമാന്മാരായിരുന്നത് ഏത് അർഥത്തിലാണ്?
7 അബ്രാഹാമിനെയും ദാവീദിനെയും മറ്റു വിശ്വസ്ത ആരാധകരെയും നീതിമാന്മാരായി ദൈവം കണ്ടെങ്കിലും അവർ അപ്പോഴും പാപികൾതന്നെയായിരുന്നു. പക്ഷേ അവരുടെ വിശ്വാസം കാരണം അവരെ കുറ്റമറ്റവരായി കാണാൻ ദൈവത്തിനു കഴിഞ്ഞു, പ്രത്യേകിച്ച് ദൈവത്തെ ആരാധിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ. (എഫെ. 2:12) പൗലോസ് തന്റെ കത്തിൽ വ്യക്തമാക്കിയതുപോലെ ദൈവത്തിന്റെ സുഹൃത്താകാൻ വിശ്വാസം കൂടിയേ തീരൂ. അബ്രാഹാമിന്റെയും ദാവീദിന്റെയും കാര്യത്തിൽ അതു സത്യമായിരുന്നു. ഇന്നു നമ്മുടെ കാര്യത്തിലും അതു സത്യമാണ്.
വിശ്വാസവും പ്രവൃത്തികളും തമ്മിലുള്ള ബന്ധം
8-9. പൗലോസിന്റെയും യാക്കോബിന്റെയും വാക്കുകളെ ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നത് എങ്ങനെ, എന്തുകൊണ്ട്?
8 വിശ്വാസവും പ്രവൃത്തികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നൂറുകണക്കിനു വർഷങ്ങളായി ക്രൈസ്തവ മതനേതാക്കന്മാരുടെ ഇടയിൽ ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നുണ്ട്. അവരിൽ ചിലർ പഠിപ്പിക്കുന്നതു രക്ഷ കിട്ടാൻ കർത്താവായ യേശുവിൽ വിശ്വസിച്ചാൽ മാത്രം മതിയെന്നാണ്. “രക്ഷിക്കപ്പെടാൻ യേശുവിൽ വിശ്വസിക്കൂ” എന്ന് അവർ പറയുന്നതു നിങ്ങൾ കേട്ടിട്ടുണ്ടാകാം. ‘പ്രവൃത്തികൾ നോക്കാതെതന്നെ ദൈവം (ഒരു മനുഷ്യനെ) നീതിമാനായി കണക്കാക്കുന്നു’ എന്ന പൗലോസിന്റെ വാക്കുകൾ അവർ അതിനായി ചിലപ്പോൾ കൂട്ടുപിടിക്കാറുമുണ്ട്. (റോമ. 4:6) എന്നാൽ മറ്റു ചിലർ പഠിപ്പിക്കുന്നത്, പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും സഭ പറയുന്ന ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ നിങ്ങൾക്കു “നിങ്ങളെ രക്ഷിക്കാം” എന്നാണ്. ആ കാര്യത്തെ പിന്താങ്ങാൻ അവർ ഉപയോഗിക്കുന്നതു യാക്കോബ് 2:24-ലെ ഈ വാക്കുകളായിരിക്കാം: “ഒരാളെ നീതിമാനായി പ്രഖ്യാപിക്കുന്നത് അയാളുടെ വിശ്വാസത്താൽ മാത്രമല്ല, പ്രവൃത്തികളാലുമാണ്.”
9 ഇങ്ങനെ രണ്ട് അഭിപ്രായങ്ങൾ ഉള്ളതുകൊണ്ട്, വിശ്വാസത്തിന്റെയും പ്രവൃത്തികളുടെയും വിഷയത്തിൽ പൗലോസും യാക്കോബും യോജിപ്പിലല്ലെന്നു ചില ബൈബിൾപണ്ഡിതന്മാർ തെറ്റിദ്ധരിച്ചിരിക്കുന്നു. ദൈവത്തിന്റെ അംഗീകാരം നേടാൻ വിശ്വാസം മാത്രം മതിയെന്നു പൗലോസ് പറയുമ്പോൾ, അല്ല പ്രവൃത്തികളാണു പ്രധാനമെന്നു യാക്കോബ് പറയുന്നതായി അവർ വിചാരിക്കുന്നു. ഒരു ദൈവശാസ്ത്ര പണ്ഡിതൻ അതെക്കുറിച്ച് പറയുന്നു: “നീതിമാനായി കണക്കാക്കപ്പെടാൻ വിശ്വാസം മാത്രം മതി, പ്രവൃത്തികൾ ആവശ്യമില്ലെന്നു പൗലോസ് പറഞ്ഞതിന്റെ കാരണം യാക്കോബിനു മനസ്സിലായില്ലെന്നു തോന്നുന്നു.” പക്ഷേ ഓർക്കേണ്ട ഒരു കാര്യം, ആ തിരുവെഴുത്തുഭാഗങ്ങൾ എഴുതാൻ പൗലോസിനെയും യാക്കോബിനെയും പ്രചോദിപ്പിച്ചത് യഹോവയാണ്. (2 തിമൊ. 3:16) അതുകൊണ്ടുതന്നെ അവരുടെ വാക്കുകൾ തമ്മിൽ ന്യായമായും യോജിപ്പിലായിരിക്കേണ്ടതാണ്. അത് എങ്ങനെയാണു യോജിക്കുന്നതെന്നു മനസ്സിലാക്കാൻ അവർ അതു പറഞ്ഞ സന്ദർഭം നോക്കിയാൽ മതി.
10. ഏതു ‘പ്രവൃത്തികളെക്കുറിച്ചാണു’ പൗലോസ് പ്രധാനമായും പറഞ്ഞുവന്നത്? (റോമർ 3:21, 28) (ചിത്രവും കാണുക.)
10 റോമർ 3-ഉം 4-ഉം അധ്യായങ്ങളിൽ പൗലോസ് ഏതു ‘പ്രവൃത്തികളെക്കുറിച്ചാണു’ പറഞ്ഞത്? പൗലോസ് പ്രധാനമായും പറഞ്ഞുവരുന്നത് സീനായ് പർവതത്തിൽവെച്ച് മോശയിലൂടെ കൊടുത്ത നിയമത്തിന്റെ പ്രവൃത്തികളെക്കുറിച്ചാണ്; അഥവാ ആ “നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ” ചെയ്യുന്നതിനെക്കുറിച്ചാണ്. (റോമർ 3:21, 28 വായിക്കുക.) കാരണം പൗലോസിന്റെ കാലത്ത് ചില ജൂതക്രിസ്ത്യാനികൾ, മോശയിലൂടെ കൊടുത്ത നിയമവും അതിന്റെ പ്രവൃത്തികളും തുടർന്നും പിൻപറ്റണമെന്നു നിർബന്ധംപിടിച്ചിരുന്നതായി തോന്നുന്നു. അതുകൊണ്ടാണ് ദൈവമുമ്പാകെ നീതിമാന്മാരായിരിക്കാൻ “നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ” ചെയ്യേണ്ടതില്ലെന്നും വിശ്വാസമാണു പ്രധാനമെന്നും അബ്രാഹാമിന്റെ മാതൃകയിലൂടെ പൗലോസ് വ്യക്തമാക്കിയത്. അതു നമുക്കു പ്രോത്സാഹനം തരുന്ന ഒരു കാര്യമാണ്. കാരണം, ദൈവത്തിലും യേശുവിലും വിശ്വാസമുണ്ടെങ്കിൽ നമുക്കും യഹോവയുടെ അംഗീകാരം കിട്ടും എന്നാണല്ലോ അതു പഠിപ്പിക്കുന്നത്.
11. യാക്കോബ് പറഞ്ഞത് എങ്ങനെയുള്ള ‘പ്രവൃത്തികളെക്കുറിച്ചാണ്?’
11 അങ്ങനെയെങ്കിൽ യാക്കോബ് 2-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന “പ്രവൃത്തികൾ” എന്താണ്? അത് മോശയിലൂടെ കൊടുത്ത “നിയമം ആവശ്യപ്പെടുന്ന” പ്രവൃത്തികൾ അല്ല. പകരം, ക്രിസ്ത്യാനികൾ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളാണ്. ഒരു ക്രിസ്ത്യാനി ചെയ്യുന്ന അത്തരം പ്രവൃത്തികൾ നോക്കിയാൽ അദ്ദേഹത്തിനു ദൈവത്തിൽ വിശ്വാസം ഉണ്ടോ ഇല്ലയോ എന്നു വ്യക്തമാകും. യാക്കോബ് പറഞ്ഞ അത്തരം രണ്ട് ഉദാഹരണങ്ങളെക്കുറിച്ച് നോക്കാം.
12. വിശ്വാസവും പ്രവൃത്തികളും തമ്മിലുള്ള ബന്ധം യാക്കോബ് എങ്ങനെയാണു വിശദീകരിച്ചത്? (ചിത്രവും കാണുക.)
12 ആദ്യത്തെ ഉദാഹരണത്തിൽ ക്രിസ്ത്യാനികൾ മറ്റുള്ളവരോടു പക്ഷപാതമില്ലാതെ ഇടപെടേണ്ടതിനെക്കുറിച്ചാണ് യാക്കോബ് പറഞ്ഞത്. അതു വിശദീകരിക്കുന്നതിന്, സമ്പന്നനായ ഒരു വ്യക്തിയോടു പ്രത്യേകപരിഗണന കാണിക്കുകയും ദരിദ്രനായ ഒരു വ്യക്തിയോടു ദയയില്ലാതെ പെരുമാറുകയും ചെയ്ത ഒരാളെക്കുറിച്ച് യാക്കോബ് പറയുന്നു. അങ്ങനെയുള്ള ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെട്ടാലും അദ്ദേഹത്തിന് അതിനനുസരിച്ചുള്ള പ്രവൃത്തികളില്ലെന്ന് യാക്കോബ് വ്യക്തമാക്കി. (യാക്കോ. 2:1-5, 9) രണ്ടാമത്തെ ഉദാഹരണം, ഉണ്ണാനും ഉടുക്കാനും വകയില്ലാത്ത ഒരു സഹോദരനെയോ സഹോദരിയെയോ കണ്ടിട്ടും അവർക്ക് ആവശ്യമായ സഹായം നൽകാത്ത ഒരു വ്യക്തിയെക്കുറിച്ചാണ്. തനിക്കു വിശ്വാസമുണ്ടെന്ന് ഈ വ്യക്തിയും അവകാശപ്പെട്ടേക്കാം. എന്നാൽ അദ്ദേഹത്തിനും അതിനനുസരിച്ചുള്ള പ്രവൃത്തികളില്ല. അതുകൊണ്ടാണ് യാക്കോബ് പറഞ്ഞത്: “പ്രവൃത്തികളില്ലെങ്കിൽ വിശ്വാസം ചത്തതാണ്.”—യാക്കോ. 2:14-17.
13. വിശ്വാസം പ്രവൃത്തികളിലൂടെ കാണിക്കണമെന്നു വ്യക്തമാക്കാൻ യാക്കോബ് ഏത് ഉദാഹരണമാണ് ഉപയോഗിച്ചത്? (യാക്കോബ് 2:25, 26)
13 വിശ്വാസം പ്രവൃത്തികളിലൂടെ കാണിച്ചതിന്റെ നല്ലൊരു ഉദാഹരണമായി യാക്കോബ് രാഹാബിനെക്കുറിച്ച് പറയുന്നു. (യാക്കോബ് 2:25, 26 വായിക്കുക.) രാഹാബ് യഹോവയെക്കുറിച്ച് കേൾക്കുകയും യഹോവ ഇസ്രായേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നു മനസ്സിലാക്കുകയും ചെയ്തിരുന്നു. (യോശ. 2:9-11) രാഹാബ് തന്റെ വിശ്വാസം പ്രവൃത്തികളിലൂടെ കാണിക്കുകയും ചെയ്തു. എങ്ങനെ? ജീവൻ അപകടത്തിലായിരുന്ന രണ്ട് ഇസ്രായേല്യ ഒറ്റുകാരെ സംരക്ഷിച്ചുകൊണ്ട്. അങ്ങനെ ഇസ്രായേല്യയല്ലാത്ത, അപൂർണയായ ഈ സ്ത്രീയെ, അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ നീതിയുള്ളവളായി കണക്കാക്കി. നമുക്കു വിശ്വാസമുണ്ടെങ്കിൽ അതു പ്രവൃത്തികളിലൂടെ കാണിക്കണം എന്ന കാര്യം രാഹാബിലൂടെ നമ്മൾ പഠിക്കുന്നു.
14. പൗലോസും യാക്കോബും പറഞ്ഞ കാര്യങ്ങൾ തമ്മിൽ വൈരുധ്യമില്ല എന്നു പറയാനാകുന്നത് എന്തുകൊണ്ട്?
14 ബൈബിളെഴുത്തുകാരായ പൗലോസും യാക്കോബും, വിശ്വാസവും പ്രവൃത്തികളും എന്ന വിഷയത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ചാണു സംസാരിച്ചത്. പൗലോസ് ജൂതക്രിസ്ത്യാനികളോട്, മോശയിലൂടെ കൊടുത്ത നിയമം വെറുതെ അനുസരിക്കുന്നതിലൂടെ ദൈവത്തിന്റെ അംഗീകാരം നേടാൻ കഴിയില്ലെന്നു പറയുകയായിരുന്നു. എന്നാൽ യാക്കോബ് ഊന്നൽ കൊടുത്തത് എല്ലാ ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസം മറ്റുള്ളവർക്ക് നന്മ ചെയ്തുകൊണ്ട് തെളിയിക്കണം എന്ന കാര്യത്തിനാണ്.
15. നമ്മുടെ വിശ്വാസം പ്രവൃത്തികളിലൂടെ തെളിയിക്കാനാകുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്? (ചിത്രങ്ങളും കാണുക.)
15 നമ്മളെ നീതിമാന്മാരായി കണക്കാക്കാൻ, അബ്രാഹാം ചെയ്ത അതേ കാര്യങ്ങൾ നമ്മളും ചെയ്യണമെന്നു യഹോവ പറയുന്നില്ല. ശരിക്കും പറഞ്ഞാൽ നമ്മുടെ വിശ്വാസം പ്രവൃത്തികളിലൂടെ തെളിയിക്കാൻ പല വിധങ്ങളുണ്ട്: സഭയിൽ വരുന്ന പുതിയ ആളുകളെ സ്വാഗതം ചെയ്യാം, സഹായം ആവശ്യമുള്ള സഹോദരങ്ങൾക്കും നമ്മുടെ കുടുംബാംഗങ്ങൾക്കും വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കാം. ഇതെല്ലാം ദൈവം ഇഷ്ടപ്പെടുന്ന, അംഗീകരിക്കുന്ന കാര്യങ്ങളാണ്. (റോമ. 15:7; 1 തിമൊ. 5:4, 8; 1 യോഹ. 3:18) ഇനി, വിശ്വാസം പ്രവൃത്തികളിലൂടെ തെളിയിക്കാനുള്ള ഏറ്റവും നല്ലൊരു വഴി തീക്ഷ്ണതയോടെ സന്തോഷവാർത്ത അറിയിക്കുന്നതാണ്. (1 തിമൊ. 4:16) യഹോവയുടെ വാഗ്ദാനങ്ങളെല്ലാം നടക്കുമെന്നും ദൈവത്തിന്റെ വഴികളാണ് ഏറ്റവും മികച്ചതെന്നും നമ്മൾ വിശ്വസിക്കുന്നുണ്ടെന്നു പ്രവൃത്തികളിലൂടെ കാണിക്കാൻ നമുക്കെല്ലാം കഴിയും. അങ്ങനെ ചെയ്യുന്നെങ്കിൽ ദൈവം നമ്മളെ നീതിമാന്മാരായി കണക്കാക്കുമെന്നും തന്റെ സുഹൃത്തുക്കളാക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം.
വിശ്വാസം ശക്തമാക്കാൻ പ്രത്യാശ വേണം
16. അബ്രാഹാമിന്റെ വിശ്വാസവുമായി പ്രത്യാശ ബന്ധപ്പെട്ടിരുന്നത് എങ്ങനെയാണ്?
16 അബ്രാഹാമിൽനിന്ന് പഠിക്കാൻ കഴിയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യത്തെക്കുറിച്ചും റോമർ 4-ാം അധ്യായം പറയുന്നു— പ്രത്യാശയുടെ പ്രാധാന്യത്തെക്കുറിച്ച്. അബ്രാഹാം അനേകം ജനതകൾക്കു പിതാവായിത്തീരുമെന്നും അദ്ദേഹത്തിലൂടെ “ഭൂമിയിലെ കുടുംബങ്ങളെല്ലാം” അനുഗ്രഹം നേടുമെന്നും യഹോവ ഉറപ്പുകൊടുത്തിരുന്നു. എത്ര നല്ലൊരു പ്രത്യാശയായിരുന്നു അത്! (ഉൽപ. 12:3; 15:5; 17:4; റോമ. 4:17) എന്നാൽ അബ്രാഹാമിനു 100-ഉം സാറയ്ക്കു 90-ഉം വയസ്സായിട്ടും യഹോവ പറഞ്ഞതുപോലെ അവർക്ക് ഒരു മകനുണ്ടായില്ല. മനുഷ്യന്റെ വീക്ഷണത്തിൽ ഇനി അവർക്ക് ഒരു കുഞ്ഞുണ്ടാകുമെന്നു ചിന്തിക്കാനേ പറ്റില്ലായിരുന്നു. ആ വാഗ്ദാനം വിശ്വസിക്കാൻ അബ്രാഹാമിനും അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, “താൻ അനേകം ജനതകൾക്കു പിതാവാകും എന്ന് അബ്രാഹാം പ്രത്യാശയോടെ വിശ്വസിച്ചു.” (റോമ. 4:18, 19) അബ്രാഹാമിന്റെ പ്രത്യാശ വെറുതെയായില്ല. കാത്തിരുന്നതുപോലെ അവർക്ക് യിസ്ഹാക്ക് എന്ന മകൻ ജനിച്ചു.—റോമ. 4:20-22.
17. ദൈവത്തിന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ നീതിമാന്മാരായിരിക്കാൻ നമുക്കും കഴിയുമെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്?
17 അബ്രാഹാമിനെപ്പോലെ നമുക്കും ദൈവത്തിന്റെ അംഗീകാരം നേടാനും ദൈവത്തിന്റെ സുഹൃത്തുക്കൾ എന്ന നിലയിൽ നീതിമാന്മാരായിരിക്കാനും കഴിയും. അതുതന്നെയാണ് പൗലോസും പറഞ്ഞത്: “‘അത് അബ്രാഹാമിനു കണക്കിട്ടു’ എന്ന് എഴുതിയിരിക്കുന്നത് അബ്രാഹാമിനുവേണ്ടി മാത്രമല്ല, നമുക്കുവേണ്ടിയുമാണ്. നമുക്കും അതു കണക്കിടും. കാരണം, നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിൽ നമ്മളും വിശ്വസിക്കുന്നുണ്ട്.” (റോമ. 4:23, 24) അബ്രാഹാമിനെപ്പോലെ നമുക്കും വിശ്വാസവും പ്രവൃത്തികളും അതോടൊപ്പം പ്രത്യാശയും വേണം. റോമർ 5-ാം അധ്യായത്തിൽ പൗലോസ് പ്രത്യാശയെക്കുറിച്ച് കൂടുതൽ പറയുന്നുണ്ട്. അടുത്ത ലേഖനത്തിൽ അതു ചർച്ച ചെയ്യും.
ഗീതം 28 യഹോവയുടെ സൗഹൃദം നേടുക
a ദൈവത്തിന്റെ അംഗീകാരം നേടാനും ദൈവമുമ്പാകെ നീതിമാന്മാരായിരിക്കാനും നമ്മളെല്ലാം ആഗ്രഹിക്കുന്നു. നമുക്ക് അതു സാധ്യമാകുന്നത് എങ്ങനെയാണ്? അതിനു വിശ്വാസവും പ്രവൃത്തികളും ഒരുപോലെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? ഈ ലേഖനത്തിൽ, പൗലോസിന്റെയും യാക്കോബിന്റെയും എഴുത്തുകളിൽനിന്ന് അതെക്കുറിച്ച് നമ്മൾ പഠിക്കും.
b ചിത്രത്തിന്റെ വിവരണം: വസ്ത്രത്തിൽ നീലനൂൽ തുന്നുന്നതും പെസഹ ആചരിക്കുന്നതും കൈകാലുകൾ ആചാരപരമായി കഴുകുന്നതും പോലെ “നിയമം ആവശ്യപ്പെടുന്ന കാര്യങ്ങൾ” ചെയ്യുന്നതല്ല, വിശ്വാസമാണു പ്രധാനമെന്നു പൗലോസ് ജൂതക്രിസ്ത്യാനികളോടു പറഞ്ഞു.
c ചിത്രത്തിന്റെ വിവരണം: ദരിദ്രരെ സഹായിക്കുന്നതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്തുകൊണ്ട് വിശ്വാസം തെളിയിക്കാൻ യാക്കോബ് പ്രോത്സാഹിപ്പിച്ചു.