വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവിതകഥ

യഹോ​വ​യു​ടെ ദാസന്മാ​രു​ടെ ശക്തമായ വിശ്വാ​സം ഞാൻ കണ്ടു

യഹോ​വ​യു​ടെ ദാസന്മാ​രു​ടെ ശക്തമായ വിശ്വാ​സം ഞാൻ കണ്ടു

വർഷങ്ങൾക്കു മുമ്പ്‌ നടന്ന ഏതെങ്കി​ലും ഒരു സംഭാ​ഷണം നിങ്ങൾ ഇപ്പോ​ഴും ഓർക്കു​ന്നു​ണ്ടോ? എന്റെ കാര്യ​ത്തിൽ അങ്ങനെ​യൊ​ന്നുണ്ട്‌. 50 വർഷം മുമ്പ്‌ കൂട്ടു​കാ​ര​നു​മാ​യി നടത്തിയ ഒരു സംഭാ​ഷണം. മാസങ്ങൾ നീണ്ട ഒരു യാത്ര​യു​ടെ ഒടുവിൽ വാടി​ത്ത​ളർന്ന്‌ ഞങ്ങൾ കെനി​യ​യിൽ എത്തി. വെളി​യിൽ തീ കൂട്ടി വർത്തമാ​നം പറഞ്ഞ്‌ ഇരിക്കു​ന്ന​തി​നി​ടെ, ഞങ്ങൾ കണ്ട ഒരു സിനി​മ​യെ​ക്കു​റിച്ച്‌ പറയാൻ ഇടയായി. മതപര​മായ ഒരു വിഷയ​ത്തെ​ക്കു​റി​ച്ചു​ള്ള​താ​യി​രു​ന്നു അത്‌. “അതിൽ ബൈബിൾ പറയുന്ന കാര്യങ്ങൾ വളച്ചൊ​ടി​ച്ചി​രി​ക്കു​ക​യാണ്‌” എന്നു കൂട്ടു​കാ​രൻ പറഞ്ഞു.

അതു കേട്ട​പ്പോൾ എനിക്കു ചിരി​യാ​ണു വന്നത്‌. കാരണം അവൻ ഒരു ദൈവ​വി​ശ്വാ​സി​യാ​ണെന്ന്‌ എനിക്ക്‌ ഒരിക്ക​ലും തോന്നി​യി​ട്ടി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌, “നിനക്കു ബൈബി​ളി​നെ​ക്കു​റിച്ച്‌ എന്ത്‌ അറിയാം” എന്നു ഞാൻ ചോദി​ച്ചു. ഉടനെ മറുപ​ടി​യൊ​ന്നും പറഞ്ഞി​ല്ലെ​ങ്കി​ലും കുറച്ച്‌ കഴിഞ്ഞ​പ്പോൾ, അമ്മ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെന്ന കാര്യം പറഞ്ഞു. അമ്മയിൽനിന്ന്‌ ബൈബി​ളി​നെ​ക്കു​റിച്ച്‌ ചില​തൊ​ക്കെ അവൻ പഠിച്ചി​രു​ന്നു. അത്‌ അറിഞ്ഞ​പ്പോൾ എനിക്കു വലിയ ആവേശ​മാ​യി. കൂടുതൽ പറയാൻ ഞാൻ അവനെ നിർബ​ന്ധി​ച്ചു.

ആ രാത്രി ഒരുപാ​ടു നേരം ഞങ്ങൾ സംസാ​രി​ച്ചി​രു​ന്നു. ലോകത്തെ ഭരിക്കു​ന്നതു സാത്താ​നാ​ണെന്ന്‌ അവൻ പറഞ്ഞു. (യോഹ. 14:30) നിങ്ങൾക്ക്‌ ഇതു പണ്ടു​തൊ​ട്ടേ അറിയാ​മാ​യി​രി​ക്കും. എന്നാൽ എനിക്ക്‌ അതൊരു പുതിയ അറിവാ​യി​രു​ന്നു. സ്‌നേ​ഹ​മുള്ള ഒരു ദൈവ​മാ​ണു ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌ എന്നാണു ഞാൻ എപ്പോ​ഴും കേട്ടി​രു​ന്നത്‌. പക്ഷേ അതും, ചുറ്റും കാണുന്ന കാര്യ​ങ്ങ​ളും തമ്മിൽ ചേരു​ന്നു​ണ്ടാ​യി​രു​ന്നില്ല. എനിക്ക്‌ 26 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ എങ്കിലും വിഷമി​പ്പി​ക്കുന്ന പലതും ഞാൻ അതി​നോ​ടകം കണ്ടിരു​ന്നു.

എന്റെ പപ്പ ഐക്യ​നാ​ടു​ക​ളി​ലെ വ്യോ​മ​സേ​ന​യിൽ ഒരു പൈല​റ്റാ​യി​രു​ന്നു. അതു​കൊണ്ട്‌ ചെറു​പ്പ​ത്തിൽത്തന്നെ, എപ്പോൾ വേണ​മെ​ങ്കി​ലും ഒരു ന്യൂക്ലി​യർ യുദ്ധം ഉണ്ടാകാ​മെ​ന്നും ബോംബ്‌ ഇടാൻ സൈന്യം തയ്യാറാ​യി​രി​ക്കു​ക​യാ​ണെ​ന്നും പപ്പ പറഞ്ഞ്‌ ഞാൻ കേട്ടി​രു​ന്നു. കാലി​ഫോർണി​യ​യി​ലെ കോ​ളേ​ജിൽ പഠിക്കു​മ്പോ​ഴാ​ണു വിയറ്റ്‌നാം യുദ്ധം നടക്കു​ന്നത്‌. വിദ്യാർഥി​കൾ നടത്തി​യി​രുന്ന പ്രക്ഷോ​ഭ​ങ്ങ​ളിൽ ഞാനും പങ്കെടു​ത്തു. പോലീസ്‌ ഞങ്ങൾക്കു നേരേ ലാത്തി വീശു​ക​യും കണ്ണീർവാ​തകം പ്രയോ​ഗി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. അപ്പോൾ ആകെ ശ്വാസം മുട്ടും, ശരിക്കു കാണാ​നും പറ്റില്ല. പക്ഷേ എങ്ങനെ​യൊ​ക്കെ​യോ ഞങ്ങൾ ഓടി രക്ഷപ്പെ​ട്ടി​രു​ന്നു. എവി​ടെ​യും കലാപ​ങ്ങ​ളും അക്രമ​വും രാഷ്ട്രീ​യ​കൊ​ല​പാ​ത​ക​ങ്ങ​ളും പ്രതി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ളും വർഗീ​യ​ല​ഹ​ള​ക​ളും. എന്തു ചെയ്യണ​മെന്ന കാര്യ​ത്തിൽ ആളുകൾക്കു പല അഭി​പ്രാ​യ​ങ്ങ​ളാ​യി​രു​ന്നു. ആകെ കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥ.

ലണ്ടനിൽനിന്ന്‌ മധ്യാഫ്രിക്കയിലേക്ക്‌

1970-ൽ, അലാസ്‌ക​യു​ടെ വടക്കൻ തീരത്തുള്ള ഒരു സ്ഥലത്ത്‌ എനിക്കു ജോലി കിട്ടി. അങ്ങനെ ഞാൻ ഒരുപാ​ടു പണം ഉണ്ടാക്കി. എന്നിട്ട്‌ ലണ്ടനി​ലേക്കു പറന്നു, ഒരു ബൈക്കു വാങ്ങി, പ്രത്യേ​കിച്ച്‌ ലക്ഷ്യ​മൊ​ന്നും ഇല്ലാതെ തെക്കോ​ട്ടു യാത്ര തുടങ്ങി. മാസങ്ങൾ കഴിഞ്ഞ​പ്പോൾ ആഫ്രി​ക്ക​യിൽ എത്തി. ആ യാത്ര​യിൽ കണ്ടുമു​ട്ടിയ ആളുക​ളിൽ പലരും എന്നെ​പ്പോ​ലെ​തന്നെ തങ്ങളുടെ പ്രശ്‌ന​ങ്ങ​ളിൽനി​ന്നെ​ല്ലാം ഓടി രക്ഷപ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​വ​രാ​യി​രു​ന്നു.

ഞാൻ ജീവി​ത​ത്തിൽ കാണു​ക​യും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളും ലോകത്തെ ഒരു ദുഷ്ടശ​ക്തി​യാ​ണു നിയ​ന്ത്രി​ക്കു​ന്ന​തെന്ന ബൈബി​ളി​ന്റെ പഠിപ്പി​ക്ക​ലും പരസ്‌പരം യോജി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്കു തോന്നി. പക്ഷേ എന്റെ മനസ്സിൽ ഒരു ചോദ്യം വന്നു: ‘അപ്പോൾ ദൈവം എന്തു ചെയ്യു​ക​യാണ്‌?’

തുടർന്നു​ള്ള മാസങ്ങ​ളിൽ ഞാൻ അതിന്റെ ഉത്തരം കണ്ടെത്തി. പിന്നെ ഞാൻ ഒരുപാട്‌ ആളുകളെ പരിച​യ​പ്പെട്ടു, സാഹച​ര്യം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും സത്യ​ദൈ​വ​ത്തോ​ടു വിശ്വ​സ്‌ത​രാ​ണെന്നു തെളി​യിച്ച ഒരു കൂട്ടം ആളുകളെ.

വടക്കൻ അയർലൻഡ്‌—“ബോം​ബു​ക​ളു​ടെ​യും വെടി​യു​ണ്ട​ക​ളു​ടെ​യും നാട്‌”

തിരിച്ച്‌ ലണ്ടനിൽ എത്തിയ ഉടനെ ഞാൻ കൂട്ടു​കാ​രന്റെ അമ്മയെ കാണാൻ പോയി. അവർ എനിക്ക്‌ ഒരു ബൈബിൾ തന്നു. പിന്നീട്‌ ഞാൻ നെതർലൻഡ്‌സി​ലെ ആംസ്റ്റർഡാ​മി​ലേക്കു പോയി. അവിടെ ഒരു വഴിവി​ള​ക്കി​ന്റെ വെളി​ച്ച​ത്തിൽ ബൈബിൾ വായി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഒരു സാക്ഷി എന്നെ കണ്ടു. ബൈബി​ളി​നെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ അദ്ദേഹം സഹായി​ച്ചു. അടുത്ത​താ​യി ഞാൻ അയർലൻഡി​ലെ ഡബ്ലിനി​ലേക്കു പോയി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീസ്‌ കണ്ടപ്പോൾ ഞാൻ അങ്ങോട്ടു ചെന്നു. അവി​ടെ​വെച്ച്‌ ആർതർ മാത്യൂസ്‌ സഹോ​ദ​രനെ പരിച​യ​പ്പെട്ടു. നല്ല അറിവും അനുഭ​വ​പ​രി​ച​യ​വും ഉള്ള ആളായി​രു​ന്നു അദ്ദേഹം. ബൈബിൾ പഠിപ്പി​ക്കാ​മോ എന്നു ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു, അദ്ദേഹം സമ്മതിച്ചു.

പിന്നെ അങ്ങോട്ട്‌ ഞാൻ പൂർണ​മാ​യും പഠനത്തിൽ മുഴുകി. സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുള്ള പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും എല്ലാം ഞാൻ ആർത്തി​യോ​ടെ വായിച്ചു. ബൈബി​ളും വായിച്ചു. അതു വളരെ രസമാ​യി​രു​ന്നു. മീറ്റി​ങ്ങു​ക​ളിൽ കൊച്ചു​കു​ട്ടി​കൾ പറയുന്ന ഉത്തരം കേട്ട്‌ ഞാൻ ഞെട്ടി​പ്പോ​യി​ട്ടുണ്ട്‌. വലിയ അറിവു​ള്ളവർ നൂറ്റാ​ണ്ടു​ക​ളാ​യി അന്വേ​ഷി​ച്ചു​ന​ട​ക്കുന്ന ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾപോ​ലും അവർക്ക്‌ അറിയാം. ഉദാഹ​ര​ണ​ത്തിന്‌, ‘ലോകത്ത്‌ ഇത്രമാ​ത്രം തിന്മയു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌, ദൈവം ആരാണ്‌, മരിച്ചു​ക​ഴി​ഞ്ഞാൽ എന്താണു സംഭവി​ക്കു​ന്നത്‌’ തുടങ്ങിയ കാര്യങ്ങൾ. ഞാൻ എപ്പോ​ഴും സമയം ചെലവ​ഴി​ച്ചി​രു​ന്നതു സാക്ഷി​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്നു. അത്‌ എളുപ്പ​മാ​യി​രു​ന്നു, കാരണം ആ രാജ്യത്ത്‌ മറ്റ്‌ ആരെയും എനിക്കു പരിചയം ഉണ്ടായി​രു​ന്നില്ല. യഹോ​വയെ സ്‌നേ​ഹി​ക്കാ​നും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​നും സഹോ​ദ​രങ്ങൾ എന്നെ ഒരുപാ​ടു സഹായി​ച്ചു.

നൈജ​ലും ഡെന്നി​സും ഞാനും

1972-ൽ ഞാൻ സ്‌നാ​ന​പ്പെട്ടു. ഒരു വർഷം കഴിഞ്ഞ്‌ വടക്കൻ അയർലൻഡി​ലെ ന്യൂറി​ലുള്ള ഒരു കൊച്ചു സഭയിൽ മുൻനി​ര​സേ​വനം ചെയ്യാൻതു​ടങ്ങി. അവിടെ ഒരു മലഞ്ചെ​രി​വിൽ കല്ലു​കൊണ്ട്‌ ഉണ്ടാക്കിയ ചെറി​യൊ​രു വീട്‌ ഞാൻ വാടക​യ്‌ക്ക്‌ എടുത്തു. അതിനു ചുറ്റും എപ്പോ​ഴും പശുക്കൾ മേയു​ന്നു​ണ്ടാ​കും. അവയുടെ മുന്നിൽ നിന്ന്‌ ഞാൻ എന്റെ പ്രസംഗം പറഞ്ഞു​പ​ഠി​ക്കു​മാ​യി​രു​ന്നു. അയവി​റ​ക്കി​ക്കൊണ്ട്‌ അവ എന്നെ നോക്കി​നിൽക്കു​ന്നതു കണ്ടാൽ പ്രസംഗം ശ്രദ്ധിച്ച്‌ കേൾക്കു​ക​യാ​ണെന്നു തോന്നും. അവയ്‌ക്ക്‌ എന്റെ പ്രസം​ഗ​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​മൊ​ന്നും പറയാൻ കഴിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും സദസ്സിനെ നോക്കി പ്രസം​ഗി​ക്കാൻ അവ എന്നെ ഒരുപാ​ടു സഹായി​ച്ചു. 1974-ൽ നൈജൽ പിറ്റ്‌ സഹോ​ദ​ര​നോ​ടൊ​പ്പം എന്നെ പ്രത്യേക മുൻനി​ര​സേ​വ​ക​നാ​യി നിയമി​ച്ചു. അദ്ദേഹം എന്നും എന്റെ ഒരു നല്ല സുഹൃ​ത്താ​യി​രു​ന്നി​ട്ടുണ്ട്‌.

ആ സമയത്ത്‌ വടക്കൻ അയർലൻഡിൽ അക്രമ​പ്ര​വർത്ത​നങ്ങൾ സർവസാ​ധാ​ര​ണ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ചിലർ ആ സ്ഥലത്തെ “ബോം​ബു​ക​ളു​ടെ​യും വെടി​യു​ണ്ട​ക​ളു​ടെ​യും നാട്‌” എന്നു വിളിച്ചു. ഒളിഞ്ഞി​രു​ന്നുള്ള ആക്രമ​ണ​ങ്ങ​ളും വെടി​വെ​പ്പും കാറിനു ബോംബ്‌ വെക്കലും തെരു​വി​ലെ പോരാ​ട്ട​ങ്ങ​ളും എല്ലാമു​ണ്ടാ​യി​രു​ന്നു. പലപ്പോ​ഴും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നതു രാഷ്ട്രീ​യ​വും മതപര​വും ആയ കാരണ​ങ്ങ​ളു​ടെ പേരി​ലാ​യി​രു​ന്നു. എന്തായാ​ലും യഹോ​വ​യു​ടെ സാക്ഷികൾ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ടി​ല്ലെന്നു പ്രോ​ട്ട​സ്റ്റ​ന്റു​കാർക്കും കത്തോ​ലി​ക്കർക്കും അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾക്കു സ്വത​ന്ത്ര​മാ​യും സുരക്ഷി​ത​മാ​യും പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ കഴിഞ്ഞു. എവിടെ, എപ്പോൾ പ്രശ്‌നം ഉണ്ടാകു​മെന്നു മിക്ക​പ്പോ​ഴും പ്രദേ​ശ​വാ​സി​കൾക്ക്‌ അറിയാ​മാ​യി​രു​ന്നു. അവർ അതു പറഞ്ഞു​ത​ന്നി​രു​ന്ന​തു​കൊണ്ട്‌ പല അപകട​ങ്ങ​ളും ഒഴിവാ​ക്കാ​നാ​യി.

എങ്കിലും പ്രശ്‌നം ഉണ്ടാകാ​വുന്ന സാഹച​ര്യ​ങ്ങൾ ഇടയ്‌ക്കൊ​ക്കെ ഉണ്ടായി​ട്ടുണ്ട്‌. ഒരു ദിവസം ഞാനും ഡെന്നിസ്‌ ക്യാരി​ഗൻ എന്ന ഒരു മുൻനി​ര​സേ​വ​ക​നും കൂടെ അടുത്തുള്ള ഒരു പട്ടണത്തിൽ ശുശ്രൂ​ഷ​യ്‌ക്കു പോയി. ആ പ്രദേ​ശത്ത്‌ വേറേ സാക്ഷി​ക​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. ഞങ്ങളും മുമ്പ്‌ ഒരിക്കൽ മാത്രമേ അവിടെ പോയി​രു​ന്നു​ള്ളൂ. അവി​ടെ​വെച്ച്‌ ഒരു സ്‌ത്രീ ഞങ്ങൾ വേഷം മാറിവന്ന ബ്രിട്ടീഷ്‌ സൈനി​ക​രാ​ണെന്ന്‌ ആരോ​പി​ച്ചു. ഞങ്ങളുടെ സംസാ​ര​രീ​തി​ക്കു വ്യത്യാ​സം ഉണ്ടായി​രു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം അവർക്ക്‌ അങ്ങനെ തോന്നി​യത്‌. അവർ അതു പറഞ്ഞ​പ്പോൾ ശരിക്കും പേടി തോന്നി. കാരണം പട്ടാള​ക്കാ​രോ​ടു വെറുതേ സൗഹൃദം കാണി​ക്കു​ന്ന​വ​രെ​പ്പോ​ലും അവിട​ത്തു​കാർ കൊന്നു​ക​ള​യാ​നോ കാൽമു​ട്ടിൽ വെടി​വെ​ക്കാ​നോ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഞങ്ങൾ അങ്ങനെ ഒറ്റയ്‌ക്ക്‌ തണുത്തു​വി​റച്ച്‌ ബസ്സു കാത്തു​നിൽക്കു​മ്പോൾ ഒരു കാർ വരുന്നതു കണ്ടു. അതു നേരത്തേ കണ്ട സ്‌ത്രീ നിന്നി​രുന്ന കടയുടെ അടുത്ത്‌ കൊണ്ടു​വന്ന്‌ നിറുത്തി. സ്‌ത്രീ പുറ​ത്തേക്കു വന്ന്‌ കാറി​ലു​ണ്ടാ​യി​രുന്ന രണ്ടു പേരോ​ടു ഞങ്ങളെ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ എന്തൊ​ക്കെ​യോ പറഞ്ഞു. പിന്നെ കാർ ഞങ്ങളുടെ അടുത്ത്‌ കൊണ്ടു​വന്ന്‌ നിറു​ത്തി​യിട്ട്‌ അതിലു​ള്ളവർ ബസ്സിന്റെ സമയം ചോദി​ച്ചു. ബസ്സു വന്നപ്പോൾ അവർ അതിലെ ഡ്രൈ​വ​റോ​ടു സംസാ​രി​ക്കു​ന്നതു കണ്ടു. എന്താണു പറഞ്ഞ​തെന്നു കേൾക്കാൻ പറ്റിയി​ല്ലെ​ങ്കി​ലും ഞങ്ങളെ ടൗണിനു വെളി​യിൽ കൊണ്ടു​പോ​യി കൈകാ​ര്യം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണെന്ന്‌ ഉറപ്പാ​യി​രു​ന്നു. കാരണം ബസ്സിൽ ഞങ്ങൾ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്തായാ​ലും പേടി​ച്ച​തു​പോ​ലെ ഒന്നും സംഭവി​ച്ചില്ല. ബസ്സിൽനിന്ന്‌ ഇറങ്ങു​മ്പോൾ ഞാൻ ഡ്രൈ​വ​റോ​ടു ചോദി​ച്ചു: “ആ മനുഷ്യർ ഞങ്ങളെ​ക്കു​റി​ച്ചാ​ണോ ചോദി​ച്ചത്‌?” അദ്ദേഹം പറഞ്ഞു: “നിങ്ങൾ ആരാ​ണെന്ന്‌ എനിക്ക്‌ അറിയാം. ഞാൻ അവരോ​ടു പറഞ്ഞി​ട്ടുണ്ട്‌. പേടി​ക്കേണ്ടാ, നിങ്ങൾക്ക്‌ ഒരു കുഴപ്പ​വും വരില്ല.”

ഞങ്ങളുടെ വിവാ​ഹ​ദി​വ​സ​ത്തിൽ, 1977 മാർച്ച്‌

1976-ൽ ഡബ്ലിനിൽ നടന്ന ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ സമ്മേളനത്തിൽവെച്ച്‌ a ഇംഗ്ലണ്ടിൽനിന്ന്‌ വന്ന പ്രത്യേക മുൻനി​ര​സേ​വി​ക​യായ പോളിൻ ലോമാ​ക്‌സി​നെ ഞാൻ പരിച​യ​പ്പെട്ടു. നല്ല ആത്മീയ​ത​യും താഴ്‌മ​യും സ്‌നേ​ഹ​വും ഉള്ള ഒരു സഹോ​ദരി. പോളി​നും അവളുടെ സഹോ​ദരൻ റേയ്‌ക്കും ചെറു​പ്പ​ത്തിൽത്തന്നെ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ സത്യം കിട്ടി​യ​താണ്‌. ഒരു വർഷം കഴിഞ്ഞ്‌ പോളി​നും ഞാനും വിവാ​ഹി​ത​രാ​യി. വടക്കൻ അയർലൻഡി​ലെ ബാലി​മെന എന്ന സ്ഥലത്ത്‌ ഞങ്ങൾ പ്രത്യേക മുൻനി​ര​സേ​വനം തുടർന്നു.

കുറച്ച്‌ കാലം ഞങ്ങൾ സർക്കിട്ട്‌ വേലയി​ലാ​യി​രു​ന്നു. ബെൽഫാ​സ്റ്റി​ലും ലണ്ടൻഡെ​റി​യി​ലും അപകടം പിടിച്ച മറ്റു ചില സ്ഥലങ്ങളി​ലും ഞങ്ങൾ പ്രവർത്തി​ച്ചു. അവിടത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ വിശ്വാ​സം കണ്ടപ്പോൾ ഞങ്ങൾക്ക്‌ ഒരുപാ​ടു പ്രോ​ത്സാ​ഹനം തോന്നി. യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി അവർ ആഴത്തിൽ വേരു​പി​ടിച്ച പല മതവി​ശ്വാ​സ​ങ്ങ​ളും മുൻവി​ധി​ക​ളും വിദ്വേ​ഷ​വും എല്ലാം പിഴു​തെ​റി​ഞ്ഞി​രു​ന്നു. യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ക​യും സംരക്ഷി​ക്കു​ക​യും ചെയ്യു​ന്നതു ഞങ്ങൾ നേരിൽ കണ്ടു!

അയർലൻഡിൽ ഞാൻ പത്തു വർഷമു​ണ്ടാ​യി​രു​ന്നു. 1981-ൽ ഞങ്ങൾക്ക്‌ 72-ാമത്തെ ഗിലെ​യാദ്‌ ക്ലാസി​നുള്ള ക്ഷണം കിട്ടി. അവി​ടെ​നിന്ന്‌ പടിഞ്ഞാ​റൻ ആഫ്രി​ക്ക​യി​ലെ സിയറ ലിയോ​ണി​ലേക്കു ഞങ്ങളെ നിയമി​ച്ചു.

സിയറ ലിയോൺ—ദരി​ദ്ര​രെ​ങ്കി​ലും വിശ്വാ​സ​ത്തിൽ ശക്തർ

ഞങ്ങളുടെ മിഷന​റി​ഭ​വ​ന​ത്തിൽ വേറേ 11 സഹോ​ദ​ര​ങ്ങൾകൂ​ടെ​യു​ണ്ടാ​യി​രു​ന്നു. അവിടെ ഞങ്ങൾക്ക്‌ എല്ലാവർക്കും​കൂ​ടെ ഉണ്ടായി​രു​ന്നത്‌ ഒരു അടുക്ക​ള​യും മൂന്നു ടോയ്‌ലെ​റ്റും രണ്ടു കുളി​മു​റി​യും ഒരു ടെലി​ഫോ​ണും ഒരു വാഷിങ്‌ മെഷീ​നും ഒരു ഡ്രയറും ആണ്‌. ഇനി ഇടയ്‌ക്കി​ടെ കറന്റു പോകും, എപ്പോ​ഴാ​ണെന്നു പറയാ​നും പറ്റില്ല. മേൽക്കൂര എലിക​ളു​ടെ താവള​മാ​യി​രു​ന്നു, ബേസ്‌മെ​ന്റാ​കട്ടെ മൂർഖൻ പാമ്പു​ക​ളു​ടെ​യും.

കൺ​വെൻ​ഷൻ കൂടാൻ അടുത്തുള്ള ഗിനി​യി​ലേക്കു നദി കടന്ന്‌ പോകുന്നു

ഞങ്ങളുടെ താമസ​സൗ​ക​ര്യ​വും മറ്റും അത്ര നല്ലതല്ലാ​യി​രു​ന്നെ​ങ്കി​ലും ശുശ്രൂഷ വളരെ രസമാ​യി​രു​ന്നു. ആളുകൾക്കു ബൈബി​ളി​നോ​ടു വലിയ ആദരവാ​യി​രു​ന്നു. ഞങ്ങൾ പറയു​ന്നത്‌ അവർ ശ്രദ്ധ​യോ​ടെ കേട്ടു. പലരും ബൈബിൾ പഠിക്കു​ക​യും സത്യം സ്വീക​രി​ക്കു​ക​യും ചെയ്‌തു. അവിട​ത്തു​കാർ എന്നെ “മിസ്റ്റർ റോബർട്ട്‌” എന്നാണു വിളി​ച്ചി​രു​ന്നത്‌. പോളി​നെ “മിസ്സിസ്‌ റോബർട്ട്‌” എന്നും. കുറച്ച്‌ നാൾ കഴിഞ്ഞ​പ്പോൾ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ ജോലി​കൾ ഒരുപാ​ടു ചെയ്യാ​നു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ അധികം സമയം ശുശ്രൂ​ഷ​യ്‌ക്കു പോകാൻ പറ്റാ​തെ​യാ​യി. അപ്പോൾ അവർ പോളി​നെ “മിസ്സിസ്‌ പോളിൻ” എന്നും എന്നെ “മിസ്റ്റർ പോളിൻ” എന്നും വിളി​ക്കാൻതു​ടങ്ങി. പോളിന്‌ അതങ്ങ്‌ ഇഷ്ടപ്പെട്ടു.

ഒരു പ്രസം​ഗ​പ​ര്യ​ട​ന​ത്തി​നാ​യി സിയറ ലിയോണിലേക്ക്‌

അവിടത്തെ സഹോ​ദ​ര​ങ്ങ​ളിൽ പലരും വളരെ പാവ​പ്പെ​ട്ട​വ​രാ​യി​രു​ന്നു. എങ്കിലും യഹോവ അവരുടെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതി, പലപ്പോ​ഴും നമ്മൾ ചിന്തി​ക്കാത്ത രീതി​യിൽ. (മത്താ. 6:33) ഞാൻ ഓർക്കുന്ന ഒരു സംഭവ​മുണ്ട്‌. ഒരു സഹോ​ദ​രി​യു​ടെ കൈവശം അവർക്കും മക്കൾക്കും അന്നത്തേക്കു വേണ്ട ഭക്ഷണത്തി​നുള്ള പണം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എങ്കിലും സഹോ​ദരി അതു മുഴുവൻ മലമ്പനി​ക്കുള്ള മരുന്നു വാങ്ങാൻ പണമി​ല്ലാ​തെ ബുദ്ധി​മു​ട്ടി​യി​രുന്ന ഒരു സഹോ​ദ​രനു കൊടു​ത്തു. പക്ഷേ ആ ദിവസം​തന്നെ കുറച്ച്‌ കഴിഞ്ഞ​പ്പോൾ അപ്രതീ​ക്ഷി​ത​മാ​യി ഒരു സ്‌ത്രീ മുടി ഭംഗി​വ​രു​ത്താൻവേണ്ടി സഹോ​ദ​രി​യു​ടെ അടുത്ത്‌ വന്നു. അങ്ങനെ സഹോ​ദ​രി​ക്കു കുറച്ച്‌ പണം കിട്ടി. ഇതു​പോ​ലുള്ള ധാരാളം അനുഭ​വങ്ങൾ ഉണ്ടായി​ട്ടുണ്ട്‌.

നൈജീ​രിയ—പുതിയ ഒരു നാടിനെ അറിയുന്നു

സിയറ ലിയോ​ണിൽ ഞങ്ങൾ ഒൻപതു വർഷമു​ണ്ടാ​യി​രു​ന്നു. അവി​ടെ​നിന്ന്‌ നൈജീ​രി​യ​യി​ലെ ബഥേലി​ലേക്കു നിയമ​ന​മാ​റ്റം കിട്ടി. അങ്ങനെ ഞങ്ങൾ വലി​യൊ​രു ബ്രാ​ഞ്ചോ​ഫീ​സിൽ എത്തി. സിയറ ലിയോ​ണിൽ ചെയ്‌തി​രു​ന്ന​തു​പോ​ലെ​യുള്ള ഓഫീസ്‌ ജോലി​യാണ്‌ എനിക്ക്‌ അവി​ടെ​യു​മു​ണ്ടാ​യി​രു​ന്നത്‌. പക്ഷേ പോളി​നു നിയമനം കിട്ടി​യത്‌ ബഥേലി​ലെ തയ്യൽ വിഭാ​ഗ​ത്തി​ലാണ്‌. അതു വലി​യൊ​രു മാറ്റമാ​യി​രു​ന്നു. കാരണം അതുവരെ അവൾ മാസം​തോ​റും 130 മണിക്കൂർ ശുശ്രൂഷ ചെയ്‌തി​രു​ന്നു. ധാരാളം നല്ല ബൈബിൾപ​ഠ​ന​ങ്ങ​ളും ഉണ്ടായി​രു​ന്നു. എന്നാൽ ഇപ്പോൾ ദിവസം മുഴുവൻ കീറിയ തുണികൾ തുന്നണം. അതുമാ​യി പൊരു​ത്ത​പ്പെ​ടാൻ ആദ്യ​മൊ​ക്കെ അല്പം ബുദ്ധി​മു​ട്ടി. പക്ഷേ തന്റെ ജോലി സഹോ​ദ​രങ്ങൾ വിലമ​തി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കി​യ​തും മറ്റു ബഥേൽ അംഗങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നുള്ള അവസരങ്ങൾ കണ്ടെത്താൻ ശ്രമി​ച്ച​തും സന്തോഷം നിലനി​റു​ത്താൻ പോളി​നെ സഹായി​ച്ചു.

നൈജീ​രി​യൻ സംസ്‌കാ​രം ഞങ്ങൾക്കു തീരെ പരിച​യ​മി​ല്ലാ​യി​രു​ന്നു, ഒരുപാ​ടു കാര്യങ്ങൾ പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഒരിക്കൽ ഒരു സഹോ​ദരൻ ബഥേലി​ലേക്കു പുതു​താ​യി വന്ന സഹോ​ദ​രി​യെ പരിച​യ​പ്പെ​ടു​ത്താൻ എന്റെ ഓഫീ​സി​ലേക്കു വന്നു. സഹോ​ദ​രി​യെ അഭിന​ന്ദി​ച്ചു​കൊണ്ട്‌ കൈ കൊടു​ക്കാൻ പോയ​പ്പോൾ സഹോ​ദരി എന്റെ കാൽക്കൽ വീണ്‌ നമസ്‌ക​രി​ച്ചു. ഞാൻ ആകെ ഞെട്ടി​പ്പോ​യി. രണ്ടു ബൈബിൾവാ​ക്യ​ങ്ങ​ളാണ്‌ അപ്പോൾ എന്റെ മനസ്സി​ലേക്കു വന്നത്‌, പ്രവൃ​ത്തി​കൾ 10:25, 26-ഉം വെളി​പാട്‌ 19:10-ഉം. ‘അങ്ങനെ ചെയ്യരുത്‌’ എന്നു പറയാൻ പെട്ടെന്നു തോന്നി. പക്ഷേ പിന്നെ ഓർത്തു, ബഥേലിൽനിന്ന്‌ ക്ഷണം കിട്ടി​യി​ട്ടാ​ണ​ല്ലോ സഹോ​ദരി വന്നിരി​ക്കു​ന്നത്‌. അപ്പോൾ ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ ഒക്കെ അറിയാ​മാ​യി​രി​ക്കു​മ​ല്ലോ.

എന്തായാ​ലും പെട്ടെന്ന്‌ എനിക്ക്‌ അത്‌ ഉൾക്കൊ​ള്ളാ​നാ​യില്ല. തുടർന്നുള്ള സംസാ​ര​ത്തി​നി​ട​യി​ലും അതിന്റെ ഒരു ബുദ്ധി​മുട്ട്‌ എനിക്കു​ണ്ടാ​യി​രു​ന്നു. പിന്നീട്‌ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ഞാൻ കൂടു​ത​ലാ​യി പഠിച്ചു. രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും അന്ന്‌ അങ്ങനെ​യൊ​രു രീതി​യു​ണ്ടാ​യി​രു​ന്നു, അതനു​സ​രി​ച്ചാ​ണു സഹോ​ദരി അതു ചെയ്‌തത്‌ എന്ന്‌ എനിക്കു മനസ്സി​ലാ​യി. പുരു​ഷ​ന്മാ​രും അങ്ങനെ ചെയ്യാ​റു​ണ്ടാ​യി​രു​ന്നു. അതു മറ്റുള്ള​വ​രോ​ടു ബഹുമാ​നം കാണി​ക്കാ​നാ​യി​രു​ന്നു, അല്ലാതെ ആരാധ​ന​യാ​യി​രു​ന്നില്ല. ബൈബി​ളി​ലും അത്തരം സംഭവങ്ങൾ പറയു​ന്നുണ്ട്‌. (1 ശമു. 24:8) അറിയാ​തെ​പോ​ലും സഹോ​ദ​രി​യെ വിഷമി​പ്പി​ക്കുന്ന ഒന്നും പറഞ്ഞി​ല്ല​ല്ലോ എന്നോർത്ത്‌ എനിക്ക്‌ ആശ്വാസം തോന്നി.

നൈജീ​രി​യ​യി​ലാ​യി​രു​ന്ന​പ്പോൾ എടുത്തു​പ​റ​യത്തക്ക രീതി​യിൽ വിശ്വാ​സം തെളി​യിച്ച അവിട​ത്തു​കാ​രായ പല സഹോ​ദ​ര​ങ്ങ​ളെ​യും ഞങ്ങൾ പരിച​യ​പ്പെട്ടു. അതിൽ ഒരാളാ​യി​രു​ന്നു ഐസയ ആഡാഗ്‌ബോണ. b സഹോ​ദ​രനു ചെറു​പ്പ​ത്തിൽത്തന്നെ സത്യം കിട്ടി​യ​താണ്‌. പക്ഷേ കുറച്ച്‌ കഴിഞ്ഞ്‌ അദ്ദേഹ​ത്തി​നു കുഷ്‌ഠ​രോ​ഗ​മാ​ണെന്നു കണ്ടെത്തി. അങ്ങനെ കുഷ്‌ഠ​രോ​ഗി​കളെ താമസി​പ്പി​ക്കുന്ന സ്ഥലത്തേക്കു സഹോ​ദ​രനെ കൊണ്ടു​പോ​യി. അവിടെ അദ്ദേഹം മാത്ര​മാ​ണു സാക്ഷി​യാ​യി​ട്ടു​ണ്ടാ​യി​രു​ന്നത്‌. എതിർപ്പു​ക​ളൊ​ക്കെ ഉണ്ടായി​രു​ന്നെ​ങ്കി​ലും 30-ലേറെ കുഷ്‌ഠ​രോ​ഗി​കളെ സത്യം സ്വീക​രി​ക്കാൻ സഹോ​ദരൻ സഹായി​ച്ചു. അവിടെ ഒരു സഭയും സ്ഥാപിച്ചു.

കെനിയ—സഹോ​ദ​രങ്ങൾ എന്നോടു ക്ഷമയോ​ടെ ഇടപെട്ടു

ഒറ്റപ്പെ​ട്ടു​പോയ ഒരു കാണ്ടാ​മൃ​ഗ​ക്കു​ഞ്ഞി​നോ​ടൊ​പ്പം, കെനിയയിൽ

1996-ൽ ഞങ്ങളെ കെനിയ ബ്രാഞ്ചി​ലേക്കു നിയമി​ച്ചു. തുടക്ക​ത്തിൽ പറഞ്ഞ ആ സംഭവ​ത്തി​നു ശേഷം ഇത്‌ ആദ്യമാ​യി​ട്ടാ​ണു ഞാൻ അവിടെ എത്തുന്നത്‌. ബഥേലി​ലാ​യി​രു​ന്നു ഞങ്ങളുടെ താമസം. കുരങ്ങ​ന്മാ​രും അവിടെ സന്ദർശ​ക​രാ​യി എത്താറുണ്ട്‌. സഹോ​ദ​രി​മാർ ആരെങ്കി​ലും പഴങ്ങളു​മാ​യി പോകു​ന്നതു കണ്ടാൽ അവ അതു തട്ടിപ്പ​റി​ക്കും. ഒരിക്കൽ ഒരു സഹോ​ദരി മുറി​യി​ലെ ജനൽ അടയ്‌ക്കാൻ മറന്നു​പോ​യി. തിരി​ച്ചെ​ത്തു​മ്പോൾ കാണു​ന്നതു കുരങ്ങ​ന്മാർ കുടും​ബ​സ​മേതം മുറി​യി​ലു​ണ്ടാ​യി​രുന്ന ഭക്ഷണം ആസ്വദിച്ച്‌ കഴിക്കു​ന്ന​താണ്‌. അതു കണ്ടതും സഹോ​ദരി നിലവി​ളി​ച്ചു​കൊണ്ട്‌ പുറ​ത്തേക്ക്‌ ഓടി. കുരങ്ങ​ന്മാർ ഒച്ചവെ​ച്ചു​കൊണ്ട്‌ ജനലി​ലൂ​ടെ വെളി​യി​ലേ​ക്കും ചാടി.

പോളി​നും ഞാനും സ്വാഹി​ലി ഭാഷാ​സ​ഭ​യി​ലാ​യി​രു​ന്നു. കുറച്ച്‌ നാളുകൾ കഴിഞ്ഞ​പ്പോൾ എനിക്കു സഭാപു​സ്‌ത​കാ​ധ്യ​യനം (ഇപ്പോ​ഴത്തെ സഭാ ബൈബിൾപ​ഠനം) നടത്താ​നുള്ള നിയമനം കിട്ടി. ആ ഭാഷയു​ടെ കാര്യ​ത്തിൽ ഞാൻ ശരിക്കും ഒരു ശിശു​വാ​യി​രു​ന്നു. അതു​കൊണ്ട്‌ പഠിപ്പി​ക്കാ​നുള്ള ഭാഗം ഞാൻ നേരത്തേ തയ്യാറാ​കും. എങ്കിലേ ചോദ്യ​ങ്ങ​ളെ​ങ്കി​ലും വായി​ക്കാൻ എനിക്കു പറ്റുമാ​യി​രു​ന്നു​ള്ളൂ. സഹോ​ദ​രങ്ങൾ ഉത്തരം പറയു​മ്പോൾ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തിൽനിന്ന്‌ അൽപ്പ​മെ​ങ്കി​ലും മാറി​യാൽ എനിക്ക്‌ അവർ പറയു​ന്നതു പിടി​കി​ട്ടി​ല്ലാ​യി​രു​ന്നു. വല്ലാത്ത ഒരു അവസ്ഥയാ​യി​രു​ന്നു അത്‌. സഹോ​ദ​ര​ങ്ങ​ളു​ടെ കാര്യം ഓർത്ത​പ്പോൾ എനിക്കു സങ്കടം തോന്നി. പക്ഷേ അവർ ആ ക്രമീ​ക​ര​ണത്തെ മനസ്സോ​ടെ സ്വീക​രി​ച്ചു. അവരുടെ ക്ഷമയെ​യും താഴ്‌മ​യെ​യും കുറിച്ച്‌ പറയാ​തി​രി​ക്കാ​നാ​കില്ല.

ഐക്യ​നാ​ടു​കൾ—സമ്പന്ന​രെ​ങ്കി​ലും വിശ്വാ​സ​ത്തിൽ ശക്തർ

കെനി​യ​യിൽ ഞങ്ങൾ ഒരു വർഷം തികച്ചി​ല്ലാ​യി​രു​ന്നു. 1997-ൽ ഞങ്ങൾക്കു ന്യൂ​യോർക്കി​ലെ ബ്രൂക്‌ലിൻ ബഥേലി​ലേക്കു ക്ഷണം കിട്ടി. ഇതു സമ്പദ്‌സ​മൃ​ദ്ധ​മായ ഒരു രാജ്യ​മാണ്‌. സമ്പത്ത്‌ പല പ്രശ്‌ന​ങ്ങൾക്കും കാരണ​മാ​കാം. (സുഭാ. 30:8, 9) എങ്കിലും സഹോ​ദ​രങ്ങൾ ശക്തമായ വിശ്വാ​സം കാണി​ക്കു​ന്നു. അവർ തങ്ങളുടെ സമയവും വസ്‌തു​വ​ക​ക​ളും സ്വന്തം നേട്ടത്തി​നു​വേ​ണ്ടി​യല്ല, യഹോ​വ​യു​ടെ സംഘട​നയെ പിന്തു​ണ​യ്‌ക്കാ​നാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌.

ഇത്രയും കാലം​കൊണ്ട്‌ വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളിൽ സഹോ​ദ​രങ്ങൾ വിശ്വാ​സം തെളി​യി​ക്കു​ന്നതു ഞങ്ങൾക്കു നേരിട്ട്‌ കാണാ​നാ​യി. അയർലൻഡിൽ ആഭ്യന്ത​ര​ക​ലാ​പ​ങ്ങൾക്കി​ട​യി​ലും ആഫ്രി​ക്ക​യിൽ ദാരി​ദ്ര്യ​ത്തി​നും ഒറ്റപ്പെ​ട​ലി​നും ഇടയി​ലും ഐക്യ​നാ​ടു​ക​ളിൽ സമ്പദ്‌സ​മൃ​ദ്ധി​യു​ടെ നടുവി​ലും സഹോ​ദ​രങ്ങൾ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി തുടരു​ന്നു. ഈ സഹോ​ദ​ര​ങ്ങ​ളെ​ല്ലാം തന്നോടു കാണി​ക്കുന്ന സ്‌നേഹം കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​യി​രി​ക്കും!

പോളി​നോ​ടൊ​പ്പം വാർവിക്ക്‌ ബഥേലിൽ

വർഷങ്ങൾ പറക്കു​ക​യാ​യി​രു​ന്നു, “നെയ്‌ത്തു​ത​റി​യെ​ക്കാൾ” വേഗത്തിൽ. (ഇയ്യോ. 7:6) ഞങ്ങൾ ഇപ്പോൾ ന്യൂ​യോർക്കി​ലെ വാർവി​ക്കി​ലുള്ള ലോകാ​സ്ഥാ​ന​ത്താണ്‌. ഇവിടെ പരസ്‌പരം സ്‌നേ​ഹി​ക്കുന്ന ആളുക​ളോ​ടൊ​പ്പം യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരാൻ ഞങ്ങൾക്കാ​കു​ന്നു. ഞങ്ങളെ​ക്കൊണ്ട്‌ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ നമ്മുടെ രാജാ​വായ യേശു​ക്രി​സ്‌തു​വി​നെ പിന്തു​ണ​യ്‌ക്കാ​നാ​കു​ന്ന​തിൽ ഞങ്ങൾക്കു വലിയ സന്തോ​ഷ​വും സംതൃ​പ്‌തി​യും ഉണ്ട്‌. എണ്ണമറ്റ തന്റെ വിശ്വ​സ്‌തർക്കു ക്രിസ്‌തു പെട്ടെ​ന്നു​തന്നെ പ്രതി​ഫലം നൽകു​മ​ല്ലോ.—മത്താ. 25:34.

a മേഖലാ കൺ​വെൻ​ഷ​നു​കൾ അന്നു ഡിസ്‌ട്രി​ക്‌റ്റ്‌ സമ്മേള​നങ്ങൾ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌.

b ഐസയ ആഡാഗ്‌ബോണ സഹോ​ദ​രന്റെ ജീവി​തകഥ 1998 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 22-27 പേജു​ക​ളിൽ കാണാം. 2010-ൽ അദ്ദേഹം മരിച്ചു.