പഠനലേഖനം 8
“സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!”
“സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!”—1 പത്രോ. 5:8.
ഗീതം 144 സമ്മാനത്തിൽ കണ്ണുനട്ടിരിക്കുക!
ചുരുക്കം a
1. അവസാനം എപ്പോഴായിരിക്കും എന്നതിനെക്കുറിച്ച് യേശു തന്റെ ശിഷ്യന്മാരോട് എന്തു പറഞ്ഞു, അവർക്ക് എന്തു മുന്നറിയിപ്പും നൽകി?
യേശുവിന്റെ മരണത്തിനു കുറച്ച് ദിവസം മുമ്പ് ശിഷ്യന്മാരിൽ നാലു പേർ യേശുവിനോടു ചോദിച്ചു: ‘വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെ അടയാളം എന്തായിരിക്കും?’ (മത്താ. 24:3) യരുശലേമും അവിടത്തെ ദേവാലയവും നശിപ്പിക്കപ്പെടുന്ന സമയം എങ്ങനെ തിരിച്ചറിയുമെന്നു മനസ്സിലാക്കാനായിരിക്കാം അവർ ആഗ്രഹിച്ചത്. എന്നാൽ അവർക്കു കൊടുത്ത മറുപടിയിൽ അന്നത്തെ ജൂതവ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ച് മാത്രമല്ല, നമ്മൾ ജീവിക്കുന്ന ഈ ‘വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചും’ യേശു സംസാരിച്ചു. അവസാനം എപ്പോഴായിരിക്കും എന്നതിനെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.” എന്നിട്ട് യേശു ശിഷ്യന്മാർക്ക് ഇങ്ങനെയൊരു മുന്നറിയിപ്പും നൽകി: ‘ഉണർന്നിരിക്കൂ! ഉണർവോടിരിക്കൂ.’—മർക്കോ. 13:32-37; അടിക്കുറിപ്പ്.
2. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഉണർവോടിരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
2 ഒന്നാം നൂറ്റാണ്ടിൽ യഹൂദ്യയിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഉണർവോടിരിക്കണമായിരുന്നു. കാരണം അങ്ങനെ ചെയ്തെങ്കിലേ അവർക്കു ജീവൻ രക്ഷിക്കാനാകുമായിരുന്നുള്ളൂ. ജൂതവ്യവസ്ഥിതിയുടെ നാശം തൊട്ടടുത്ത് എത്തിയെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു കാര്യം യേശു തന്റെ അനുഗാമികളോടു പറഞ്ഞിരുന്നു. യേശു പറഞ്ഞു: “സൈന്യങ്ങൾ യരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ നാശം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുക.” അതു കാണുമ്പോൾത്തന്നെ യേശു പറഞ്ഞതുപോലെ അവർ ‘മലകളിലേക്ക് ഓടിപ്പോകണമായിരുന്നു.’ (ലൂക്കോ. 21:20, 21) അങ്ങനെ ചെയ്തവർക്കു റോമാക്കാർ യരുശലേം നശിപ്പിച്ച സമയത്ത് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
3 ഈ ദുഷ്ടലോകത്തിന്റെ നാശം വളരെ അടുത്തിരിക്കുന്ന സമയത്താണു നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് നമ്മൾ സുബോധമുള്ളവരായി ഉണർവോടിരിക്കണം. ഈ ലേഖനത്തിൽ, ലോകസംഭവങ്ങളൊക്കെ അടുത്ത് നിരീക്ഷിക്കുമ്പോൾ നമുക്ക് എങ്ങനെ ശരിയായ കാഴ്ചപ്പാടു നിലനിറുത്താമെന്നും നമ്മളെത്തന്നെ എങ്ങനെ സൂക്ഷിക്കാമെന്നും, അതുപോലെ ശേഷിച്ചിരിക്കുന്ന സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാമെന്നും നമ്മൾ പഠിക്കും.
ലോകസംഭവങ്ങളെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കുക
4. ലോകസംഭവങ്ങൾ കാണുമ്പോൾ ബൈബിൾപ്രവചനങ്ങൾ എങ്ങനെ നിറവേറുന്നെന്ന് അറിയാൻ നമുക്കു താത്പര്യം തോന്നുന്നത് എന്തുകൊണ്ട്?
4 ഇന്നത്തെ ലോകസംഭവങ്ങൾ കാണുമ്പോൾ ബൈബിൾപ്രവചനങ്ങൾ എങ്ങനെ നിറവേറുന്നെന്ന് അറിയാൻ നമുക്കു പൊതുവേ താത്പര്യം തോന്നും. കാരണം ഈ ദുഷ്ടലോകത്തിന്റെ നാശം അടുത്തിരിക്കുന്നെന്നു സൂചിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ച് യേശു കൃത്യമായി നമ്മളോടു പറഞ്ഞിട്ടുണ്ട്. (മത്താ. 24:3-14) കൂടാതെ ബൈബിൾപ്രവചനങ്ങൾ എങ്ങനെ നിറവേറുന്നു എന്നതിന് അടുത്ത ശ്രദ്ധ നൽകാനും അങ്ങനെ വിശ്വാസം ശക്തമാക്കിനിറുത്താനും അപ്പോസ്തലനായ പത്രോസും നമ്മളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. (2 പത്രോ. 1:19-21) ഇനി, വെളിപാടു പുസ്തകം തുടങ്ങുന്നതുതന്നെ ഇങ്ങനെ പറഞ്ഞുകൊണ്ടാണ്: “യേശുക്രിസ്തുവിന്റെ വെളിപാട്: ഉടനെ സംഭവിക്കാനുള്ള കാര്യങ്ങൾ തന്റെ അടിമകളെ കാണിക്കാൻവേണ്ടി ദൈവം അതു യേശുവിനു കൊടുത്തു.” (വെളി. 1:1) അതുകൊണ്ട് ഇന്നത്തെ ലോകസംഭവങ്ങളിലും അവ ബൈബിൾപ്രവചനങ്ങളുടെ നിവൃത്തിയായിരിക്കുന്നത് എങ്ങനെ എന്നതിലും നമുക്കെല്ലാം താത്പര്യമുണ്ട്. സ്വാഭാവികമായും നമ്മൾ മറ്റുള്ളവരോട് അതെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
5. നമ്മൾ എന്തു ചെയ്യരുത്, എന്തു ചെയ്യണം? (ചിത്രങ്ങളും കാണുക.)
5 ബൈബിൾപ്രവചനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, അടുത്തതായി എന്തായിരിക്കും സംഭവിക്കാൻ പോകുന്നതെന്നു വെറുമൊരു ഊഹത്തിന്റെ അടിസ്ഥാനത്തിൽ പറയാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. കാരണം അത്തരം സംസാരം സഭയിൽ ഭിന്നിപ്പ് ഉണ്ടാക്കുകയേ ഉള്ളൂ. ഉദാഹരണത്തിന്, ചിലപ്പോൾ ലോകനേതാക്കന്മാർ ഏതെങ്കിലും ഒരു പ്രത്യേകപ്രശ്നം പരിഹരിച്ച് സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുന്നതിനെക്കുറിച്ച് പറയുന്നതു നമ്മൾ കേട്ടേക്കാം. ഉടനെ, ആ പ്രസ്താവന 1 തെസ്സലോനിക്യർ 5:3-ന്റെ നിവൃത്തിയാണെന്നു ചിന്തിക്കരുത്. പകരം യഹോവയുടെ സംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും പുതിയ വിവരങ്ങൾ പഠിക്കുക. ആ വിവരങ്ങളെ അടിസ്ഥാനമാക്കിയാണു നമ്മൾ കാര്യങ്ങൾ ചർച്ച ചെയ്യുന്നതെങ്കിൽ അത് “ഒരേ ചിന്തയോടെ” ഐക്യത്തിൽ തുടരാൻ സഭയെ സഹായിക്കും.—1 കൊരി. 1:10; 4:6.
6. 2 പത്രോസ് 3:11-13-ൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
6 2 പത്രോസ് 3:11-13 വായിക്കുക. ബൈബിൾപ്രവചനങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കാൻ അപ്പോസ്തലനായ പത്രോസ് നമ്മളെ സഹായിക്കുന്നു. ‘യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കാനാണു’ പത്രോസ് നമ്മളെ ഉപദേശിക്കുന്നത്. നമ്മൾ അങ്ങനെ ചെയ്യുന്നത് യഹോവ അർമഗെദോൻ വരുത്തുന്ന “ദിവസവും മണിക്കൂറും” കണക്കുകൂട്ടിയെടുക്കാനല്ല, പകരം ശേഷിച്ചിരിക്കുന്ന സമയം ‘വിശുദ്ധമായ പെരുമാറ്റത്തിനും ഭക്തിപൂർണമായ പ്രവൃത്തികൾക്കും’ വേണ്ടി ഏറ്റവും നന്നായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. (മത്താ. 24:36; ലൂക്കോ. 12:40) മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മുടെ പെരുമാറ്റരീതികൾ ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിലുള്ളതാണെന്നും ദൈവസേവനത്തിൽ നമ്മൾ ചെയ്യുന്നതെല്ലാം യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതമായിട്ടാണെന്നും ഉറപ്പുവരുത്താൻവേണ്ടിയാണ്. അതിനു നമ്മൾ നമ്മളെത്തന്നെ സൂക്ഷിക്കണം.
നമ്മളെത്തന്നെ സൂക്ഷിക്കുക എന്നതിന്റെ അർഥം എന്താണ്?
7. നമ്മുടെതന്നെ കാര്യത്തിൽ ശ്രദ്ധയുള്ളവരാണെന്ന് എങ്ങനെ തെളിയിക്കാം? (ലൂക്കോസ് 21:34)
7 ലോകസംഭവങ്ങളിൽ മാത്രമല്ല നമ്മുടെതന്നെ കാര്യത്തിലും ശ്രദ്ധയുള്ളവരായിരിക്കണമെന്നു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. ലൂക്കോസ് 21:34-ലെ (വായിക്കുക.) യേശുവിന്റെ വാക്കുകൾ അതാണു കാണിക്കുന്നത്. അവിടെ യേശു പറഞ്ഞു: ‘നിങ്ങൾ സൂക്ഷിക്കണം.’ അങ്ങനെ സൂക്ഷിക്കുന്ന ഒരു വ്യക്തി യഹോവയുമായുള്ള തന്റെ ബന്ധത്തെ അപകടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് എപ്പോഴും ശ്രദ്ധയുള്ള ആളായിരിക്കും. ഇനി, എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അവ ഒഴിവാക്കുകയും ചെയ്യും. അതിലൂടെ അദ്ദേഹത്തിനു ദൈവസ്നേഹത്തിൽ തുടരാനാകും.—സുഭാ. 22:3; യൂദ 20, 21.
8. ക്രിസ്ത്യാനികൾക്കു പൗലോസ് അപ്പോസ്തലൻ എന്ത് ഉപദേശമാണു നൽകിയത്?
8 നമ്മൾ എന്തു ചെയ്യുന്നു എന്നതിനു ശ്രദ്ധ കൊടുക്കണമെന്ന് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ ഉപദേശിച്ചു. ഉദാഹരണത്തിന് എഫെസൊസിലെ ക്രിസ്ത്യാനികളോടു പൗലോസ് പറഞ്ഞത്, ‘നിങ്ങൾ എങ്ങനെ ജീവിക്കുന്നെന്നു പ്രത്യേകം ശ്രദ്ധിക്കുക; ബുദ്ധിഹീനരായല്ല, ബുദ്ധിയോടെ നടക്കുക’ എന്നാണ്. (എഫെ. 5:15, 16) യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് “എപ്പോഴും യഹോവയുടെ ഇഷ്ടം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിക്കുക” എന്നു ബൈബിൾ നമ്മളോടു പറയുന്നത്. അങ്ങനെ സാത്താനിൽനിന്ന് ഉണ്ടാകുന്ന എല്ലാ തരം ആക്രമണങ്ങളെയും ചെറുക്കാൻ നമുക്കാകും.—എഫെ. 5:17.
9. യഹോവയുടെ ഇഷ്ടം എന്താണെന്നു നമുക്ക് എങ്ങനെ തിരിച്ചറിയാം?
9 യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അപകടപ്പെടുത്തിയേക്കാവുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ബൈബിൾ വ്യക്തമായി പറയുന്നില്ല. പലപ്പോഴും ബൈബിളിൽ നേരിട്ട് ചർച്ച ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളിലും നമുക്കു തീരുമാനമെടുക്കേണ്ടിവന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ ശരിയായ തീരുമാനമെടുക്കുന്നതിന് അതെക്കുറിച്ചുള്ള “യഹോവയുടെ ഇഷ്ടം” എന്താണെന്നു തിരിച്ചറിയണം. അതിനുവേണ്ടി നമ്മൾ പതിവായി ബൈബിൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും വേണം. യഹോവയുടെ ഇഷ്ടം നന്നായി മനസ്സിലാക്കുകയും ‘ക്രിസ്തുവിന്റെ മനസ്സുള്ളവരായിരിക്കാൻ’ പരമാവധി ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ ‘ബുദ്ധിയോടെ നടക്കാൻ’ നമുക്കാകും. കൂടാതെ വ്യക്തമായ നിയമം ഇല്ലെങ്കിൽപ്പോലും ശരിയായ തീരുമാനമെടുക്കാനും നമുക്കു കഴിയും. (1 കൊരി. 2:14-16) ചിലപ്പോൾ, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അപകടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങൾ നമുക്കു പെട്ടെന്നു തിരിച്ചറിയാനായേക്കും. എന്നാൽ എല്ലായ്പോഴും അത് അങ്ങനെയായിരിക്കണമെന്നില്ല.
10. നമ്മൾ ഒഴിവാക്കേണ്ട ചില അപകടങ്ങൾ ഏതൊക്കെയാണ്?
10 നമ്മൾ ഒഴിവാക്കേണ്ട ചില അപകടങ്ങളാണു ശൃംഗാരം, അമിതമായ തീറ്റിയും കുടിയും, മുറിപ്പെടുത്തുന്ന സംസാരം, അക്രമം നിറഞ്ഞ വിനോദപരിപാടികൾ, അശ്ലീലം തുടങ്ങിയ കാര്യങ്ങൾ. (സങ്കീ. 101:3) ശത്രുവായ പിശാച് യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കാനുള്ള അവസരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. (1 പത്രോ. 5:8) അതുകൊണ്ട് സൂക്ഷിച്ചില്ലെങ്കിൽ അവൻ നമ്മുടെ മനസ്സിലും ഹൃദയത്തിലും മത്സരം, സത്യസന്ധതയില്ലായ്മ, അത്യാഗ്രഹം, ശത്രുത, ധാർഷ്ഠ്യം, പക എന്നിവപോലുള്ള കാര്യങ്ങളുടെ വിത്തുകൾ പാകും. (ഗലാ. 5:19-21) അതിന്റെ അപകടം ആദ്യമൊന്നും നമ്മൾ തിരിച്ചറിയില്ലായിരിക്കും. എന്നാൽ അത്തരം തെറ്റായ കാര്യങ്ങൾ മനസ്സിൽനിന്ന് കളയാൻ പെട്ടെന്നു ശ്രമിച്ചില്ലെങ്കിൽ അവ അവിടെയിരുന്ന് ഒരു വിഷച്ചെടിപോലെ വളരും. അതു നമുക്ക് അപകടം ചെയ്യും.—യാക്കോ. 1:14, 15.
11. അത്ര പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്തതും നമ്മൾ ഒഴിവാക്കേണ്ടതും ആയ ഒരു അപകടം ഏതാണ്, എന്തുകൊണ്ടാണ് അത് ഒഴിവാക്കേണ്ടത്?
11 പെട്ടെന്നു തിരിച്ചറിയാൻ കഴിയാത്ത ഒരു അപകടമാണു ചീത്ത കൂട്ടുകെട്ട്. ഇങ്ങനെയൊരു സാഹചര്യം നോക്കുക. യഹോവയുടെ സാക്ഷി അല്ലാത്ത ഒരാളുടെകൂടെയാണു നിങ്ങൾ ജോലി ചെയ്യുന്നത്. സാക്ഷികളെക്കുറിച്ച് ആ വ്യക്തിക്കു നല്ല ഒരു ധാരണ കൊടുക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ദയയോടെ ഇടപെടാനും അയാളെ സഹായിക്കാനും നിങ്ങൾ ശ്രദ്ധിക്കുന്നു. ഇനി, ഇടയ്ക്കൊക്കെ അയാളുടെകൂടെ ഭക്ഷണം കഴിക്കാനും പോയേക്കാം. പിന്നീട് അത് ഒരു പതിവാകുന്നു. ചിലപ്പോഴൊക്കെ അയാളുടെ സംസാരം അധാർമികവിഷയങ്ങളിലേക്കു തിരിയുന്നുണ്ട്. നിങ്ങൾക്ക് അത് ഇഷ്ടമാകുന്നുമില്ല. പക്ഷേ പതിയെപ്പതിയെ നിങ്ങൾക്ക് അത് അത്ര പ്രശ്നമല്ലാതാകുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം കൂട്ടുകാരൻ ജോലി കഴിഞ്ഞ് അൽപ്പം മദ്യം കഴിക്കാൻ ക്ഷണിക്കുന്നു. നിങ്ങൾ അതിനു സമ്മതിക്കുന്നു. ക്രമേണ നിങ്ങളും അയാളെപ്പോലെ ചിന്തിക്കാൻതുടങ്ങുന്നു. ഇനിയിപ്പോൾ അയാളെപ്പോലെ പ്രവർത്തിക്കാനും വലിയ താമസം വരില്ല. നമ്മൾ എല്ലാവരോടും ദയയും ബഹുമാനവും കാണിക്കണം എന്നുള്ളതു ശരിയാണ്. എന്നാൽ ഒരു കാര്യം ഓർക്കുക: നമ്മൾ ആരുടെകൂടെ സമയം ചെലവഴിക്കുന്നോ അവരെപ്പോലെയായിത്തീരും. (1 കൊരി. 15:33) അതുകൊണ്ട് യേശു മുന്നറിയിപ്പു തന്നതുപോലെ നമ്മൾ നമ്മളെത്തന്നെ സൂക്ഷിക്കണം. അങ്ങനെ ചെയ്യുന്ന ഒരാൾ യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാത്ത ആളുകളുമായുള്ള അനാവശ്യമായ കൂട്ടുകെട്ട് ഒഴിവാക്കും. (2 കൊരി. 6:15) അപകടം മുൻകൂട്ടിക്കണ്ട് അതിൽനിന്ന് ഓടിയൊളിക്കും.
സമയം ഏറ്റവും നന്നായി ഉപയോഗിക്കുക
12. വ്യവസ്ഥിതിയുടെ അവസാനത്തിനായി കാത്തിരുന്ന സമയത്ത് യേശുവിന്റെ ശിഷ്യന്മാർ എന്തു ചെയ്യണമായിരുന്നു?
12 യരുശലേമിന്റെയും ദേവാലയത്തിന്റെയും നാശത്തിനായി കാത്തിരുന്ന സമയത്ത് യേശുവിന്റെ ശിഷ്യന്മാർ വെറുതേ സമയം കളയാതെ തിരക്കോടെ പ്രവർത്തിക്കണമായിരുന്നു. കാരണം ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത “യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” അറിയിക്കാനാണു യേശു അവരോടു കല്പിച്ചിരുന്നത്. (പ്രവൃ. 1:6-8) അത് എത്ര വലിയ ഒരു നിയമനമായിരുന്നെന്ന് ഒന്നു ചിന്തിച്ചുനോക്കുക. അവർ കഴിവിന്റെ പരമാവധി അതു ചെയ്തു. അങ്ങനെ തങ്ങളുടെ സമയം ഏറ്റവും നന്നായി ഉപയോഗിക്കാൻ അവർക്കു കഴിഞ്ഞു.
13. നമ്മൾ സമയം ഏറ്റവും നന്നായി ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്? (കൊലോസ്യർ 4:5)
13 കൊലോസ്യർ 4:5 വായിക്കുക. നമ്മളെത്തന്നെ സൂക്ഷിക്കുന്നതിൽ നമ്മുടെ സമയം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതും ഉൾപ്പെടുന്നുണ്ട്. അതു പ്രധാനമാണ്. കാരണം ‘അപ്രതീക്ഷിതസംഭവങ്ങൾ’ ആരുടെ ജീവിതത്തിലും ഉണ്ടാകാം. (സഭാ. 9:11) നാളെ നമ്മൾ ജീവനോടെ കാണുമെന്ന് ആർക്കും ഉറപ്പില്ലല്ലോ.
14-15. നമുക്ക് എങ്ങനെ സമയം ഏറ്റവും നന്നായി ഉപയോഗിക്കാനാകും? (എബ്രായർ 6:11, 12) (ചിത്രവും കാണുക.)
14 നമ്മുടെ സമയം യഹോവയുടെ ഇഷ്ടം ചെയ്യാനും ദൈവവുമായുള്ള നമ്മുടെ സ്നേഹബന്ധം ശക്തമാക്കാനും വേണ്ടി ഉപയോഗിക്കുന്നെങ്കിൽ അത് ഏറ്റവും നന്നായി ഉപയോഗിച്ചെന്നു പറയാനാകും. (യോഹ. 14:21) അതിനു നമ്മൾ ‘ഇളകിപ്പോകാതെ ഉറച്ചുനിൽക്കണം. അതുപോലെ കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കുകയും വേണം.’ (1 കൊരി. 15:58) അങ്ങനെ ചെയ്യുന്നെങ്കിൽ അവസാനം വരുമ്പോൾ, അതു നമ്മുടെതന്നെയോ ഈ വ്യവസ്ഥിതിയുടെയോ ആയാലും, സമയം കുറെക്കൂടെ നന്നായി ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് ഓർത്ത് നമ്മൾ സങ്കടപ്പെടില്ല.—മത്താ. 24:13; റോമ. 14:8.
15 ലോകമെങ്ങും ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കുന്ന പ്രവർത്തനത്തെ യേശു ഇന്നും നയിച്ചുകൊണ്ടാണിരിക്കുന്നത്. അതിന് ആവശ്യമായ പരിശീലനം യഹോവയുടെ സംഘടനയിലൂടെ യേശു നൽകുന്നുണ്ട്. കൂടാതെ സന്തോഷവാർത്ത എല്ലായിടത്തും എത്തിക്കുന്നതിനു വേണ്ട ഉപകരണങ്ങളും തരുന്നു. അങ്ങനെ യേശു വാക്കു പാലിച്ചിരിക്കുന്നു. (മത്താ. 28:18-20) അപ്പോൾ നമ്മൾ എന്താണു ചെയ്യേണ്ടത്? പ്രസംഗിക്കുകയും ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്ന ഈ പ്രവർത്തനത്തിൽ നമ്മൾ ഉത്സാഹത്തോടെ പങ്കെടുക്കണം. മാത്രമല്ല യഹോവ ഈ ദുഷ്ടലോകത്തിന്റെ അവസാനം കൊണ്ടുവരുന്നതിനായി കാത്തിരിക്കുന്ന ഈ സമയത്ത് നമ്മൾ ഉണർവോടിരിക്കുകയും വേണം. എബ്രായർ 6:11, 12-ലെ ഉപദേശം അനുസരിക്കുന്നെങ്കിൽ “അവസാനംവരെ” നമുക്കു പ്രത്യാശ മുറുകെപ്പിടിക്കാനാകും.—വായിക്കുക.
16. നമുക്ക് ഇപ്പോൾ എന്തു ചെയ്യാം?
16 സാത്താന്റെ ലോകത്തെ നശിപ്പിക്കാനുള്ള ദിവസവും മണിക്കൂറും യഹോവ തീരുമാനിച്ചുവെച്ചിട്ടുണ്ട്. തന്റെ വചനത്തിൽ യഹോവ രേഖപ്പെടുത്തിവെച്ചിരിക്കുന്ന പ്രവചനങ്ങളെല്ലാം അന്നു കൃത്യമായി നിറവേറും. എന്നാൽ ‘അവസാനം വരാൻ വൈകുന്നല്ലോ’ എന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. പക്ഷേ ഓർക്കുക: യഹോവയുടെ ദിവസം “താമസിക്കില്ല!” (ഹബ. 2:3) അതുകൊണ്ട് ‘രക്ഷയേകുന്ന ദൈവത്തിനായി നമുക്കു ക്ഷമയോടെ കാത്തിരിക്കാം.’ അതെ, ‘യഹോവയ്ക്കായി കാത്തുകാത്തിരിക്കാം.’—മീഖ 7:7.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!
a ലോകസംഭവങ്ങൾ ശ്രദ്ധിക്കുമ്പോൾത്തന്നെ നമുക്ക് എങ്ങനെ ശരിയായ കാഴ്ചപ്പാടു നിലനിറുത്താമെന്ന് ഈ ലേഖനത്തിൽ പഠിക്കും. കൂടാതെ നമ്മളെത്തന്നെ സൂക്ഷിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും നമ്മുടെ സമയം എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാമെന്നും കാണും.
b ചിത്രത്തിന്റെ വിവരണം: (മുകളിൽ) ഒരു ദമ്പതികൾ വാർത്ത കാണുന്നു. പിന്നീട് മീറ്റിങ്ങിനു ശേഷം വാർത്തയിൽ കണ്ട സംഭവങ്ങളുടെ അർഥത്തെക്കുറിച്ചുള്ള അവരുടെ സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരോടു പറയാൻ ശ്രമിക്കുന്നു. (താഴെ) ഒരു ദമ്പതികൾ ബൈബിൾപ്രവചനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ എന്ന പരിപാടി കാണുന്നു. വിശ്വസ്തനും വിവേകിയും ആയ അടിമ ബൈബിളിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ അവർ മറ്റുള്ളവർക്കു നൽകുന്നു.