വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 14

‘എങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും’

‘എങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും’

“നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്ന്‌ എല്ലാവ​രും അറിയും.”—യോഹ. 13:35.

ഗീതം 106 സ്‌നേഹം നട്ടുവളർത്താം

ചുരുക്കം a

യഹോ​വ​യു​ടെ ജനത്തി​നി​ട​യി​ലെ സ്‌നേഹം കണ്ടതു സാക്ഷി​ക​ള​ല്ലാത്ത പലരെ​യും എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു? (1-ാം ഖണ്ഡിക കാണുക)

1. ആദ്യമാ​യി നമ്മുടെ മീറ്റി​ങ്ങി​നു വരു​മ്പോൾ പലരും ശ്രദ്ധി​ക്കുന്ന ഒരു കാര്യം എന്താണ്‌? (ചിത്ര​വും കാണുക.)

 യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാജ്യ​ഹാ​ളിൽ ആദ്യമാ​യി മീറ്റി​ങ്ങി​നു വന്ന ഒരു ദമ്പതി​കളെ ഭാവന​യിൽ കാണുക. എല്ലാവ​രും സ്‌നേ​ഹ​ത്തോ​ടെ അവരെ സ്വീക​രി​ച്ചു. അതു​പോ​ലെ സഹോ​ദ​ര​ങ്ങൾക്കി​ട​യി​ലെ സ്‌നേ​ഹ​വും അവർ കണ്ടറിഞ്ഞു. വീട്ടി​ലേക്കു പോരുന്ന വഴി ആ സ്‌ത്രീ ഭർത്താ​വി​നോ​ടു പറയുന്നു, ‘നമ്മൾ ഇതുവരെ കണ്ടിട്ടുള്ള ആളുക​ളെ​പ്പോ​ലെയല്ല ഇവർ. എനിക്ക്‌ എന്തായാ​ലും ഇവരെ ഒരുപാട്‌ ഇഷ്ടമായി.’

2. എന്തു​കൊ​ണ്ടാണ്‌ ചിലർ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നത്‌?

2 ക്രിസ്‌തീ​യ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഇടയിലെ സ്‌നേഹം എടുത്തു​പ​റ​യേണ്ട ഒന്നുത​ന്നെ​യാണ്‌. അതിന്റെ അർഥം അവർക്ക്‌ ഒരു കുറവു​മില്ല എന്നല്ല. അവരും എല്ലാവ​രെ​യും​പോ​ലെ അപൂർണ​രാണ്‌. (1 യോഹ. 1:8) പലപ്പോ​ഴും സഹോ​ദ​ര​ങ്ങളെ അടുത്ത​റി​യു​മ്പോൾ അവരുടെ കുറ്റവും കുറവും ഒക്കെ നമ്മൾ കണ്ടേക്കാം. (റോമ. 3:23) ഇത്തരം കുറവു​കൾ കണ്ടിട്ട്‌ ചിലർ യഹോ​വയെ സേവി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​ഞ്ഞി​ട്ടു​പോ​ലു​മുണ്ട്‌.

3. യേശു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം എന്താണ്‌? (യോഹ​ന്നാൻ 13:34, 35)

3 ഈ ലേഖന​ത്തി​ന്റെ ആധാര​വാ​ക്യം ഒരിക്കൽക്കൂ​ടി നോക്കുക. (യോഹ​ന്നാൻ 13:34, 35 വായി​ക്കുക.) ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കുന്ന അടയാളം എന്താണ്‌? അവരുടെ ഇടയിലെ സ്‌നേഹം. അല്ലാതെ അവർ ഒരു കുറവു​മി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​മെന്നു ബൈബിൾ എവി​ടെ​യും പറയു​ന്നില്ല. ഇനി ഇതെക്കു​റി​ച്ചും ചിന്തി​ക്കുക: ‘നിങ്ങളു​ടെ ഇടയിൽ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​ണെന്നു നിങ്ങൾ അറിയും എന്നല്ല യേശു പറഞ്ഞത്‌,’ പകരം “എല്ലാവ​രും അറിയും” എന്നാണ്‌. അങ്ങനെ പറഞ്ഞതി​ലൂ​ടെ തന്റെ അനുഗാ​മി​കൾ മാത്രമല്ല ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു പുറത്തു​ള്ള​വ​രും നമ്മുടെ ഇടയിലെ ആത്മാർഥ​സ്‌നേഹം കണ്ടിട്ട്‌ ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യു​മെന്നു യേശു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

4. ചിലർ എന്ത്‌ അറിയാൻ ആഗ്രഹി​ച്ചേ​ക്കാം?

4 യഹോ​വ​യു​ടെ സാക്ഷികൾ അല്ലാത്ത ചില ആളുകൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘സ്‌നേഹം എങ്ങനെ​യാ​ണു യേശു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കു​ന്നത്‌? യേശു എങ്ങനെ​യാ​ണു തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു സ്‌നേഹം കാണി​ച്ചത്‌? യേശു​വി​ന്റെ മാതൃക ഇന്ന്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും?’ നമ്മളും ഈ ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കേ​ണ്ട​തുണ്ട്‌. കാരണം അങ്ങനെ ചെയ്യു​ന്നതു മറ്റുള്ള​വരെ കുറെ​ക്കൂ​ടി നന്നായി സ്‌നേ​ഹി​ക്കാൻ നമ്മളെ സഹായി​ക്കും, പ്രത്യേ​കിച്ച്‌ ആരെങ്കി​ലും നമ്മളോ​ടു മോശ​മാ​യി പെരു​മാ​റു​ക​യും മറ്റും ചെയ്യു​മ്പോൾ.—എഫെ. 5:2.

സ്‌നേഹം യേശു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കു​ന്നത്‌ എങ്ങനെ?

5. യോഹ​ന്നാൻ 15:12, 13-ലെ യേശു​വി​ന്റെ വാക്കു​ക​ളു​ടെ അർഥം എന്താ​ണെന്നു വിശദീ​ക​രി​ക്കുക.

5 തന്റെ അനുഗാ​മി​കളെ തിരി​ച്ച​റി​യി​ക്കുന്ന ഒരു പ്രത്യേ​ക​തരം സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ യേശു പറഞ്ഞു. (യോഹ​ന്നാൻ 15:12, 13 വായി​ക്കുക.) യേശു ശിഷ്യ​ന്മാർക്കു നൽകിയ കല്പന എന്താ​ണെന്നു നോക്കുക: “ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കണം.” ഏതു തരത്തി​ലുള്ള സ്‌നേ​ഹ​മാണ്‌ അത്‌? യേശു​വി​ന്റെ തുടർന്നുള്ള വാക്കുകൾ കാണി​ക്കു​ന്ന​തു​പോ​ലെ ആത്മത്യാ​ഗ​സ്‌നേഹം. അതായത്‌, ആവശ്യ​മെ​ങ്കിൽ സഹാരാ​ധ​കർക്കു​വേണ്ടി മരിക്കാൻപോ​ലും തയ്യാറാ​കുന്ന തരത്തി​ലുള്ള സ്‌നേഹം. അതാണ്‌ യഥാർഥ ക്രിസ്‌തു​ശി​ഷ്യ​രെ തിരി​ച്ച​റി​യി​ക്കു​ന്നത്‌. b

6. സ്‌നേ​ഹ​ത്തി​ന്റെ പ്രാധാ​ന്യം ദൈവ​വ​ചനം എടുത്തു​കാ​ണി​ക്കു​ന്നത്‌ എങ്ങനെ?

6 സ്‌നേഹം വളരെ പ്രധാ​ന​പ്പെട്ട ഒരു ഗുണമാ​ണെന്നു ദൈവ​വ​ചനം പഠിപ്പി​ക്കു​ന്നു. പലർക്കും വളരെ ഇഷ്ടപ്പെട്ട ചില ബൈബിൾവാ​ക്യ​ങ്ങ​ളാണ്‌ ഇവ: “ദൈവം സ്‌നേ​ഹ​മാണ്‌.” (1 യോഹ. 4:8) “നിന്നെ​പ്പോ​ലെ​തന്നെ നിന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കണം.” (മത്താ. 22:39) “പാപങ്ങൾ എത്രയു​ണ്ടെ​ങ്കി​ലും സ്‌നേഹം അതെല്ലാം മറയ്‌ക്കു​ന്നു.” (1 പത്രോ. 4:8) “സ്‌നേഹം ഒരിക്ക​ലും നിലച്ചു​പോ​കില്ല.” (1 കൊരി. 13:8) ഇവയും ഇതു​പോ​ലുള്ള മറ്റു വാക്യ​ങ്ങ​ളും, നമ്മൾ തമ്മിൽത്ത​മ്മിൽ സ്‌നേഹം കാണി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്നു പഠിപ്പി​ക്കു​ന്നു.

7. തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാ​നോ ഐക്യ​ത്തോ​ടെ പ്രവർത്തി​ക്കാ​നോ ആളുകളെ പഠിപ്പി​ക്കാൻ സാത്താന്‌ ഒരിക്ക​ലും കഴിയി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

7 ഇന്നു പല ആളുക​ളും ഇങ്ങനെ ചോദി​ക്കാ​റുണ്ട്‌: ‘ഇത്രയ​ധി​കം മതങ്ങളു​ള്ള​തു​കൊണ്ട്‌ സത്യമതം ഏതാ​ണെന്നു ഞാൻ എങ്ങനെ തിരി​ച്ച​റി​യും? കാരണം എല്ലാ മതങ്ങളും തങ്ങൾ പഠിപ്പി​ക്കു​ന്നതു സത്യമാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു. പക്ഷേ ഓരോ മതവും ദൈവ​ത്തെ​ക്കു​റിച്ച്‌ പരസ്‌പര വിരു​ദ്ധ​മായ കാര്യ​ങ്ങ​ളാ​ണു പഠിപ്പി​ക്കു​ന്നത്‌.’ ഒരുപാട്‌ വ്യാജ​മ​ത​ങ്ങളെ സൃഷ്ടി​ച്ചു​കൊണ്ട്‌ സത്യമ​തത്തെ തിരി​ച്ച​റി​യു​ന്നതു ബുദ്ധി​മു​ട്ടാ​ക്കാൻ സാത്താനു കഴിഞ്ഞി​ട്ടുണ്ട്‌. എന്നാൽ ലോക​ത്തി​ന്റെ പല ഭാഗങ്ങ​ളിൽനി​ന്നുള്ള പരസ്‌പരം സ്‌നേ​ഹി​ക്കുന്ന ആളുകളെ ഒരുമിച്ച്‌ ചേർക്കാൻ അവനു സാധി​ച്ചി​ട്ടില്ല. അത്‌ യഹോ​വ​യ്‌ക്കു മാത്രം കഴിയുന്ന കാര്യ​മാണ്‌. കാരണം യഹോ​വ​യാണ്‌ ആത്മാർഥ​സ്‌നേ​ഹ​ത്തി​ന്റെ ഉറവ്‌. യഹോ​വ​യു​ടെ ആത്മാവും അനു​ഗ്ര​ഹ​വും ഉണ്ടെങ്കിൽ മാത്രമേ ആളുകൾക്കി​ട​യിൽ അത്തരത്തി​ലുള്ള സ്‌നേഹം ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. (1 യോഹ. 4:7) അതു​കൊ​ണ്ടാ​ണു തന്റെ അനുഗാ​മി​കൾക്കി​ട​യിൽ മാത്രമേ ഇത്തരത്തി​ലുള്ള ആത്മാർഥ​സ്‌നേഹം ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ എന്നു യേശു പറഞ്ഞത്‌.

8-9. യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽ കണ്ട സ്‌നേഹം പലരു​ടെ​യും ജീവി​തത്തെ സ്വാധീ​നി​ച്ചത്‌ എങ്ങനെ?

8 യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ​തന്നെ നമ്മുടെ ഇടയിലെ ആത്മാർഥ​സ്‌നേഹം കണ്ടിട്ട്‌ ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​കൾ ആരാ​ണെന്നു തിരി​ച്ച​റി​യാൻ പലർക്കും കഴിഞ്ഞി​ട്ടുണ്ട്‌. ഇയൻ എന്നു പറയുന്ന ഒരു സഹോ​ദ​രന്റെ കാര്യം​ത​ന്നെ​യെ​ടു​ക്കുക. തന്റെ വീടിന്‌ അടുത്തുള്ള സ്റ്റേഡി​യ​ത്തിൽ നടന്ന കൺ​വെൻ​ഷന്‌ ആദ്യമാ​യി പങ്കെടു​ത്ത​തി​നെ​ക്കു​റിച്ച്‌ അദ്ദേഹം ഓർക്കു​ന്നു. അതിന്‌ ഏതാനും മാസം മുമ്പാണ്‌ സ്‌പോർട്‌സ്‌ പരിപാ​ടി കാണാൻവേണ്ടി അദ്ദേഹം അവിടെ പോയത്‌. അദ്ദേഹം പറയുന്നു: “പക്ഷേ അതും ഈ കൺ​വെൻ​ഷ​നും തമ്മിൽ താരത​മ്യം ചെയ്യാനേ പറ്റില്ല. അത്രയ്‌ക്കു വ്യത്യാ​സ​മാ​യി​രു​ന്നു. സാക്ഷികൾ നല്ല മര്യാ​ദ​യോ​ടെ പെരു​മാ​റി. അവരുടെ കുട്ടികൾ നല്ല അച്ചടക്ക​മു​ള്ള​വ​രാ​യി​രു​ന്നു. എല്ലാവ​രും മാന്യ​മാ​യി വസ്‌ത്രം ധരിച്ചി​രു​ന്നു.” അദ്ദേഹം ഇങ്ങനെ​യും കൂട്ടി​ച്ചേർത്തു: “അവരു​ടെ​യൊ​ക്കെ മുഖത്ത്‌ നല്ല സംതൃ​പ്‌തി​യും സമാധാ​ന​വും ഉണ്ടായി​രു​ന്നു. അതാണ​ല്ലോ ഞാനും തേടി​ന​ട​ന്നത്‌. അന്നു കേട്ട പ്രസം​ഗ​ങ്ങ​ളൊ​ന്നും ഞാൻ ഓർക്കു​ന്നില്ല. പക്ഷേ സാക്ഷി​ക​ളു​ടെ ആ നല്ല പെരു​മാ​റ്റം, അത്‌ എന്റെ മനസ്സി​ലങ്ങ്‌ പതിഞ്ഞു.” c നമുക്കു തമ്മിൽത്ത​മ്മി​ലുള്ള സ്‌നേ​ഹ​ത്തി​ന്റെ ഫലമാണ്‌ ഇതൊക്കെ. സഹോ​ദ​ര​ങ്ങ​ളോ​ടു നമുക്ക്‌ ആത്മാർഥ​മായ സ്‌നേ​ഹ​മു​ള്ള​തു​കൊ​ണ്ടാ​ണു ദയയോ​ടെ​യും ബഹുമാ​ന​ത്തോ​ടെ​യും അവരോട്‌ ഇടപെ​ടു​ന്നത്‌.

9 ജോൺ എന്നു പേരുള്ള ഒരു സഹോ​ദ​ര​നും ഇതു​പോ​ലൊ​രു അനുഭ​വ​മു​ണ്ടാ​യി. മീറ്റി​ങ്ങി​നു പോയി​ത്തു​ട​ങ്ങിയ സമയ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: ‘അവരുടെ സൗഹാർദ​മ​നോ​ഭാ​വം കണ്ടപ്പോൾ എനിക്കു വളരെ മതിപ്പു തോന്നി. അവർ എത്ര ദൈവ​ഭയം ഉള്ളവരാണ്‌ എന്നു ഞാൻ ചിന്തിച്ചു. അവരുടെ ആത്മാർഥ​മായ സ്‌നേഹം കണ്ടപ്പോൾ എനിക്കു ബോധ്യ​മാ​യി, ഇതുത​ന്നെ​യാണ്‌ സത്യമ​ത​മെന്ന്‌.’ d ഇതും ഇതു​പോ​ലുള്ള മറ്റ്‌ അനുഭ​വ​ങ്ങ​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണു സത്യ​ക്രി​സ്‌ത്യാ​നി​കൾ എന്നു തെളി​യി​ക്കു​ന്നു.

10. സഹോ​ദ​ര​ങ്ങളെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ക്കാ​നുള്ള ഒരു അവസരം ഏതാണ്‌? (അടിക്കു​റി​പ്പും കാണുക.)

10 ഈ ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ കണ്ടതു​പോ​ലെ നമ്മുടെ സഹോ​ദ​ര​ങ്ങ​ളാ​രും പൂർണരല്ല. ചില​പ്പോ​ഴൊ​ക്കെ നമ്മളെ വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലും അവർ പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്‌തേ​ക്കാം. e (യാക്കോ. 3:2) അവരെ ശരിക്കും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു തെളി​യി​ക്കാൻ പറ്റിയ ഒരു അവസര​മാണ്‌ അത്‌. സംസാ​ര​ത്തി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും നമുക്ക്‌ അതു ചെയ്യാ​നാ​കും. അക്കാര്യ​ത്തിൽ യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാ​മെന്നു നമുക്കു നോക്കാം.—യോഹ. 13:15.

യേശു എങ്ങനെ​യാണ്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു സ്‌നേഹം കാണി​ച്ചത്‌?

തെറ്റുകൾ വരുത്തി​യ​പ്പോ​ഴും അപ്പോ​സ്‌ത​ല​ന്മാ​രോ​ടു യേശു സ്‌നേ​ഹ​ത്തോ​ടെ ഇടപെട്ടു (11-13 ഖണ്ഡികകൾ കാണുക)

11. യാക്കോ​ബും യോഹ​ന്നാ​നും മോശ​മായ ഏതു സ്വഭാവം തങ്ങൾക്കു​ണ്ടെന്നു കാണിച്ചു? (ചിത്ര​വും കാണുക.)

11 തന്റെ അനുഗാ​മി​കൾ എല്ലാം തികഞ്ഞ​വ​രാ​യി​രി​ക്കാൻ യേശു പ്രതീ​ക്ഷി​ച്ചില്ല. പകരം അവരുടെ മോശം സ്വഭാ​വങ്ങൾ യേശു സ്‌നേ​ഹ​ത്തോ​ടെ തിരു​ത്തു​ക​യും അങ്ങനെ യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ അവരെ സഹായി​ക്കു​ക​യും ആണു ചെയ്‌തത്‌. ഒരിക്കൽ യേശു​വി​ന്റെ രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും സ്വർഗ​രാ​ജ്യ​ത്തിൽ തങ്ങൾക്കു വളരെ പ്രധാ​ന​പ്പെട്ട ഒരു സ്ഥാനം കിട്ടാൻ ആഗ്രഹി​ച്ചു. അക്കാര്യം അമ്മയെ​ക്കൊണ്ട്‌ അവർ യേശു​വി​നോ​ടു ചോദി​പ്പി​ക്കു​ക​യും ചെയ്‌തു. (മത്താ. 20:20, 21) അങ്ങനെ ചെയ്‌ത​തി​ലൂ​ടെ തങ്ങളുടെ ഉള്ളിൽ അല്പം അഹങ്കാ​ര​വും സ്ഥാന​മോ​ഹ​വും ഉണ്ടെന്ന്‌ അവർ കാണി​ക്കു​ക​യാ​യി​രു​ന്നു.—സുഭാ. 16:18.

12. യാക്കോ​ബും യോഹ​ന്നാ​നും മാത്രമേ മോശ​മായ സ്വഭാവം കാണി​ച്ചു​ള്ളോ? വിശദീ​ക​രി​ക്കുക.

12 ആ അവസര​ത്തിൽ യാക്കോ​ബും യോഹ​ന്നാ​നും മാത്രമല്ല മോശ​മായ സ്വഭാവം കാണി​ച്ചത്‌. ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ബാക്കി അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രതി​ക​രണം എന്തായി​രു​ന്നെന്നു ബൈബിൾ പറയുന്നു: “മറ്റു പത്തു പേർക്കും ആ രണ്ടു സഹോ​ദ​ര​ന്മാ​രോട്‌ അമർഷം തോന്നി.” (മത്താ. 20:24) ബാക്കി അപ്പോ​സ്‌ത​ല​ന്മാർ എല്ലാവ​രും​കൂ​ടി യാക്കോ​ബി​നോ​ടും യോഹ​ന്നാ​നോ​ടും എന്തൊക്കെ സംസാ​രി​ച്ചി​രി​ക്കു​മെന്നു നമുക്ക്‌ ഊഹി​ക്കാ​വു​ന്നതേ ഉള്ളൂ. ഒരുപക്ഷേ അവർ പറഞ്ഞു​കാ​ണും: ‘നിങ്ങൾ ആരാ​ണെന്നാ നിങ്ങളു​ടെ വിചാരം? സ്വർഗ​രാ​ജ്യ​ത്തിൽ വലിയ സ്ഥാനം വേണ​മെന്നു പറയാൻ എന്ത്‌ അവകാ​ശ​മാ​ണു നിങ്ങൾക്കു​ള്ളത്‌? നിങ്ങ​ളെ​പ്പോ​ലെ​തന്നെ ഞങ്ങളും യേശു​വി​ന്റെ​കൂ​ടെ ഒരുപാ​ടു പ്രവർത്തി​ച്ചി​ട്ടു​ള്ളതാ. അതു​കൊണ്ട്‌ നിങ്ങളു​ടെ ആ ആഗ്രഹ​മൊ​ക്കെ അങ്ങ്‌ മനസ്സിൽവെ​ച്ചാൽ മതി.’ അവർ എന്താണു പറഞ്ഞത്‌, ചിന്തി​ച്ചത്‌ എന്നൊ​ന്നും നമുക്ക്‌ അറിയില്ല. പക്ഷേ തമ്മിൽത്ത​മ്മിൽ എപ്പോ​ഴും സ്‌നേ​ഹ​വും ദയയും കാണി​ക്ക​ണ​മെന്ന കാര്യം ആ അവസര​ത്തിൽ അവർ മറന്നു​പോ​യി.

13. തന്റെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ കുറ്റവും കുറവും ഒക്കെ കണ്ടപ്പോ​ഴും യേശു എങ്ങനെ​യാണ്‌ അവരോട്‌ ഇടപെ​ട്ടത്‌? (മത്തായി 20:25-28)

13 യേശു അപ്പോൾ എന്താണു ചെയ്‌തത്‌? അപ്പോ​സ്‌ത​ല​ന്മാ​രോ​ടു ദേഷ്യ​പ്പെ​ട്ടില്ല. ‘ഏതു സാഹച​ര്യ​ത്തി​ലും തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കുന്ന, കുറെ​ക്കൂ​ടി താഴ്‌മ​യുള്ള അപ്പോ​സ്‌ത​ല​ന്മാ​രെ കിട്ടു​മോ എന്നു നോക്കട്ടെ’ എന്നു പറഞ്ഞു​മില്ല. പകരം യേശു അവരോ​ടു വളരെ ക്ഷമയോ​ടെ സംസാ​രി​ച്ചു. കാരണം, ശരി ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വ​രാണ്‌ അവർ എന്ന കാര്യ​ത്തിൽ യേശു​വിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (മത്തായി 20:25-28 വായി​ക്കുക.) ആരാണ്‌ വലിയവൻ എന്നതി​നെ​ക്കു​റി​ച്ചുള്ള തർക്കം ഇതിനു മുമ്പും പിന്നീ​ടും ഉണ്ടായി​ട്ടുണ്ട്‌. എന്തായാ​ലും യേശു എപ്പോ​ഴും അവരോ​ടു സ്‌നേ​ഹ​ത്തോ​ടെ​തന്നെ ഇടപെട്ടു.—മർക്കോ. 9:34; ലൂക്കോ. 22:24.

14. അപ്പോ​സ്‌ത​ല​ന്മാർ വളർന്നു​വന്ന സാഹച​ര്യം എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

14 അപ്പോ​സ്‌ത​ല​ന്മാർ വളർന്നു​വന്ന സാഹച​ര്യം അവരുടെ ചിന്തയെ എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കാ​മെന്ന കാര്യം യേശു ഓർത്തു. (യോഹ. 2:24, 25) അന്നത്തെ മതനേ​താ​ക്ക​ന്മാർ ചിന്തി​ച്ചി​രു​ന്നത്‌, ഉയർന്ന സ്ഥാനമാ​നങ്ങൾ ഉണ്ടായി​രു​ന്നാ​ലേ സമൂഹ​ത്തിൽ നിലയും വിലയും ഉള്ളൂ എന്നാണ്‌. (മത്താ. 23:6; ഈ വാക്യ​ത്തി​ന്റെ പഠനക്കു​റി​പ്പിൽ കൊടു​ത്തി​രി​ക്കുന്ന സിന​ഗോ​ഗി​ലെ മുൻനിര എന്ന വീഡി​യോ​യിൽ കൂടുതൽ വിവരങ്ങൾ കാണാം.) കൂടാതെ, ആ മതനേ​താ​ക്ക​ന്മാർ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ നീതി​മാ​ന്മാ​രാ​ണെ​ന്നും ഭാവി​ച്ചി​രു​ന്നു. f (ലൂക്കോ. 18:9-12) അപ്പോ​സ്‌ത​ല​ന്മാർ വളർന്നു​വന്ന ആ സാഹച​ര്യം അവർ തങ്ങളെ​ക്കു​റി​ച്ചു​ത​ന്നെ​യും മറ്റുള്ള​വ​രെ​ക്കു​റി​ച്ചും ചിന്തി​ക്കുന്ന വിധത്തെ സ്വാധീ​നി​ച്ചി​രി​ക്കാ​മെന്നു യേശു മനസ്സി​ലാ​ക്കി. (സുഭാ. 19:11) ഇനി, അവർക്ക്‌ ഒരിക്ക​ലും തെറ്റു പറ്റി​ല്ലെ​ന്നും യേശു ചിന്തി​ച്ചില്ല. അവർ ശരി ചെയ്യാൻ ആഗ്രഹി​ക്കുന്ന നല്ല ഹൃദയ​മുള്ള ആളുക​ളാ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കാ​നും സ്ഥാന​മോ​ഹ​ങ്ങ​ളൊ​ക്കെ ഉപേക്ഷിച്ച്‌ മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടാ​നും യേശു ക്ഷമയോ​ടെ അവരെ പഠിപ്പി​ച്ചു.

യേശു​വി​ന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

15. യാക്കോ​ബും യോഹ​ന്നാ​നും ഉൾപ്പെട്ട സംഭവ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

15 യാക്കോ​ബും യോഹ​ന്നാ​നും ഉൾപ്പെട്ട ആ സംഭവ​ത്തിൽനിന്ന്‌ നമുക്കു പലതും പഠിക്കാ​നാ​കും. സ്വർഗ​രാ​ജ്യ​ത്തിൽ പ്രധാ​ന​പ്പെട്ട ഒരു സ്ഥാനം വേണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടത്‌ അവരുടെ ഭാഗത്തെ തെറ്റാ​യി​രു​ന്നു. എന്നാൽ ബാക്കി അപ്പോ​സ്‌ത​ല​ന്മാർ അതി​നോ​ടു പ്രതി​ക​രിച്ച വിധവും ശരിയാ​യില്ല. കാരണം തത്‌കാ​ല​ത്തേ​ക്കെ​ങ്കി​ലും അത്‌ അവരുടെ ഇടയിലെ ഐക്യം തകരു​ന്ന​തിന്‌ ഇടയാക്കി. പക്ഷേ യേശു ആ 12 പേരോ​ടും ദയയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും ആണ്‌ ഇടപെ​ട്ടത്‌. എന്താണു നമുക്കുള്ള പാഠം? മറ്റുള്ള​വ​രു​ടെ ചില തെറ്റുകൾ നമ്മളെ വിഷമി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും അവരുടെ തെറ്റു​ക​ളോ​ടും കുറവു​ക​ളോ​ടും നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നതു പ്രധാ​ന​മാണ്‌. ഇക്കാര്യ​ത്തിൽ ശരിയാ​യൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ നമ്മളെ എന്തു സഹായി​ക്കും? ആരെങ്കി​ലും നമ്മളെ ദ്രോ​ഹി​ച്ച​താ​യി തോന്നി​യാൽ നമുക്കു നമ്മളോ​ടു​തന്നെ ഈ ചോദ്യ​ങ്ങൾ ചോദി​ക്കാം: ‘അദ്ദേഹം അങ്ങനെ ചെയ്‌തെന്നു കരുതി ഞാൻ എന്തിനാണ്‌ ഇത്രമാ​ത്രം അസ്വസ്ഥ​നാ​കു​ന്നത്‌? മാറ്റം വരുത്തേണ്ട മോശ​മാ​യൊ​രു സ്വഭാവം എനിക്കു​ണ്ടെ​ന്നാ​ണോ അതു കാണി​ക്കു​ന്നത്‌? ഇനി, ആ വ്യക്തി ബുദ്ധി​മു​ട്ടു നിറഞ്ഞ ഒരു സാഹച​ര്യ​ത്തി​ലൂ​ടെ കടന്നു​പോ​കു​ക​യാ​ണോ? അഥവാ ദേഷ്യം തോന്നാൻ ന്യായ​മായ കാരണ​മു​ണ്ടെ​ങ്കിൽപ്പോ​ലും എനിക്ക്‌ അദ്ദേഹ​ത്തോ​ടു സ്‌നേഹം കാണി​ക്കാ​നും ക്ഷമിക്കാ​നും കഴിയി​ല്ലേ?’ മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​ത്തോ​ടെ ഇടപെ​ടു​മ്പോൾ നമ്മൾ യേശു​വി​ന്റെ യഥാർഥ അനുഗാ​മി​ക​ളാ​ണെന്നു തെളി​യി​ക്കു​ക​യാ​യി​രി​ക്കും.

16. യേശു​വി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ മറ്റ്‌ എന്തുകൂ​ടെ പഠിക്കാം?

16 സഹോ​ദ​ര​ങ്ങളെ ശരിക്കും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ന്നതു പ്രധാ​ന​മാ​ണെ​ന്നും യേശു​വി​ന്റെ മാതൃക പഠിപ്പി​ക്കു​ന്നു. (സുഭാ. 20:5) യേശു​വിന്‌ ആളുക​ളു​ടെ ഹൃദയ​ത്തിൽ എന്താണു​ള്ള​തെന്ന്‌ അറിയാൻ പറ്റുമാ​യി​രു​ന്നു. നമുക്ക്‌ അതിനു കഴിയില്ല. എങ്കിലും നമ്മളെ ആരെങ്കി​ലും അസ്വസ്ഥ​രാ​ക്കു​മ്പോൾ അവരോ​ടു ക്ഷമയോ​ടെ ഇടപെ​ടാ​നാ​കും. (എഫെ. 4:1, 2; 1 പത്രോ. 3:8) സഹോ​ദ​ര​ങ്ങളെ അടുത്ത​റി​യു​ന്നെ​ങ്കിൽ അങ്ങനെ ചെയ്യു​ന്നത്‌ എളുപ്പ​മാ​യി​രി​ക്കും. അതു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ഒരു അനുഭവം നോക്കാം.

17. ഒരു സഹോ​ദ​രനെ അടുത്ത​റി​ഞ്ഞത്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​കനെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

17 കിഴക്കൻ ആഫ്രി​ക്ക​യി​ലുള്ള ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ ഒരു സഹോ​ദ​ര​നെ​ക്കു​റിച്ച്‌, അദ്ദേഹം ഒരുത​ര​ത്തി​ലും ഒത്തു​പോ​കാൻ പറ്റാത്ത പരുക്കൻ സ്വഭാ​വ​മുള്ള ആളാ​ണെ​ന്നാ​ണു വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ സഹോ​ദരൻ എന്തു ചെയ്‌തു? അദ്ദേഹം പറയുന്നു: “ആ സഹോ​ദ​രനെ ഒഴിവാ​ക്കു​ന്ന​തി​നു പകരം അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ഞാൻ നിശ്ചയി​ച്ചു.” അങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ അദ്ദേഹം വളർന്നു​വന്ന സാഹച​ര്യ​ത്തെ​ക്കു​റി​ച്ചും അത്‌ അദ്ദേഹ​ത്തി​ന്റെ സ്വഭാ​വത്തെ എങ്ങനെ സ്വാധീ​നി​ച്ചി​രി​ക്കു​ന്നു എന്നതി​നെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​ര​കനു കഴിഞ്ഞു. ആ സഹോ​ദ​ര​നെ​ക്കു​റിച്ച്‌ അദ്ദേഹം തുടരു​ന്നു: “പിതാവ്‌ വളരെ കർക്കശ​സ്വ​ഭാ​വ​മുള്ള വ്യക്തി​യാ​യി​രു​ന്നു. അതിനു തന്റെ മേലുള്ള ഫലത്തെ അതിജീ​വി​ക്കാൻ അദ്ദേഹം എത്ര​ത്തോ​ളം ബുദ്ധി​മു​ട്ടി​യി​രു​ന്നു​വെ​ന്നും അതിൽ എത്ര​ത്തോ​ളം പുരോ​ഗ​തി​വ​രു​ത്തി​യി​രി​ക്കു​ന്നു എന്നും തിരി​ച്ച​റി​ഞ്ഞ​പ്പോൾ, എനിക്ക്‌ അദ്ദേഹ​ത്തോ​ടു മതിപ്പു തോന്നി. ഞങ്ങൾ നല്ല സുഹൃ​ത്തു​ക്കൾ ആയിത്തീർന്നു.” അതെ, നമ്മുടെ സഹോ​ദ​ര​ങ്ങളെ അടുത്ത​റി​യാൻ ശ്രമി​ക്കു​ന്നെ​ങ്കിൽ, അവരെ സ്‌നേ​ഹി​ക്കു​ന്നതു നമുക്കു കൂടുതൽ എളുപ്പ​മാ​യി​ത്തീ​രും.

18. സഹോ​ദ​ര​ങ്ങ​ളിൽ ആരെങ്കി​ലും നമ്മളെ വിഷമി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ ഏതെല്ലാം ചോദ്യ​ങ്ങൾ നമ്മളോ​ടു​തന്നെ ചോദി​ക്കാം? (സുഭാ​ഷി​തങ്ങൾ 26:20)

18 നമ്മളെ വിഷമി​പ്പിച്ച ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ നേരിട്ട്‌ കാര്യം സംസാ​രി​ക്ക​ണ​മെന്നു ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. എന്നാൽ അതു ചെയ്യു​ന്ന​തി​നു മുമ്പ്‌ ഇങ്ങനെ​യെ​ല്ലാം ചിന്തി​ക്കു​ന്നതു നന്നായി​രി​ക്കും: ‘കാര്യ​ത്തി​ന്റെ എല്ലാ വശങ്ങളും എനിക്ക്‌ അറിയാ​മോ?’ (സുഭാ. 18:13) ‘ഒരുപക്ഷേ ആ വ്യക്തി അത്‌ അറിയാ​തെ ചെയ്‌ത​താ​യി​രി​ക്കു​മോ?’ (സഭാ. 7:20) ‘എനിക്കും ഇതു​പോ​ലുള്ള തെറ്റുകൾ പറ്റാറി​ല്ലേ?’ (സഭാ. 7:21, 22) ‘ഇനി, ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ചെന്ന്‌ ഞാൻ കാര്യങ്ങൾ കൂടുതൽ വഷളാ​ക്കു​മോ?’ (സുഭാ​ഷി​തങ്ങൾ 26:20 വായി​ക്കുക.) ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കു​മ്പോൾ, ആ പ്രശ്‌നം വിട്ടു​ക​ള​യാൻ സ്‌നേഹം നമ്മളെ പ്രേരി​പ്പി​ച്ചേ​ക്കാം.

19. നിങ്ങൾ എന്തു ചെയ്യാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു?

19 ഒരു കൂട്ടമെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷികൾ യേശു​വി​ന്റെ യഥാർഥ ശിഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. സഹോ​ദ​ര​ങ്ങൾക്കു കുറവു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും അവരെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ച്ചു​കൊണ്ട്‌ വ്യക്തി​ക​ളെന്ന നിലയി​ലും നമ്മൾ യേശു​വി​ന്റെ ശരിക്കുള്ള അനുഗാ​മി​ക​ളാ​ണെന്നു തെളി​യി​ക്കു​ന്നു. നമ്മൾ ഇത്തരത്തിൽ സ്‌നേഹം കാണി​ക്കു​മ്പോൾ സത്യമതം ഏതാ​ണെന്നു തിരി​ച്ച​റി​യാൻ അത്‌ ഒരുപക്ഷേ ആളുകളെ സഹായി​ക്കും. അങ്ങനെ അവരും സ്‌നേ​ഹ​ത്തി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്നേ​ക്കാം. അതു​കൊണ്ട്‌ സത്യ​ക്രി​സ്‌ത്യാ​നി​കളെ തിരി​ച്ച​റി​യി​ക്കുന്ന ആ സ്‌നേഹം തുടർന്നും കാണി​ക്കാൻ നമുക്ക്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാം.

ഗീതം 17 “എനിക്കു മനസ്സാണ്‌”

a നമ്മുടെ ഇടയിലെ ആത്മാർഥ​മായ സ്‌നേഹം കണ്ടിട്ട്‌ പലരും സത്യം പഠിക്കാൻ തയ്യാറാ​യി​ട്ടുണ്ട്‌. എന്നാൽ നമു​ക്കെ​ല്ലാം കുറവു​ക​ളുണ്ട്‌. അതു​കൊ​ണ്ടു​തന്നെ തമ്മിൽത്ത​മ്മിൽ സ്‌നേഹം കാണി​ക്കു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഈ ലേഖന​ത്തിൽ, സ്‌നേഹം കാണി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌ പ്രധാ​ന​മാ​ണെ​ന്നും മറ്റുള്ളവർ നമ്മളോ​ടു മോശ​മാ​യി പെരു​മാ​റു​മ്പോൾപ്പോ​ലും നമുക്ക്‌ എങ്ങനെ യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ സ്‌നേഹം കാണി​ക്കാ​മെ​ന്നും പഠിക്കും.

cഇപ്പോ​ഴാണ്‌ എന്റെ ജീവി​ത​ത്തിന്‌ ഒരു ലക്ഷ്യമു​ണ്ടാ​യത്‌” എന്ന ലേഖനം വായി​ക്കാൻ jw.org വെബ്‌​സൈ​റ്റിൽ തിരയുക.

dഈ ജീവിതം കൊള്ളാ​മ​ല്ലോ എന്ന്‌ എനിക്കു തോന്നി” എന്ന ലേഖനം വായി​ക്കാൻ jw.org വെബ്‌​സൈ​റ്റിൽ തിരയുക.

e ഈ ലേഖനം 1 കൊരി​ന്ത്യർ 6:9, 10-ൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലുള്ള, മൂപ്പന്മാർ കൈകാ​ര്യം ചെയ്യേണ്ട ഗുരു​ത​ര​മായ പാപങ്ങ​ളെ​ക്കു​റി​ച്ചല്ല ചർച്ച ചെയ്യു​ന്നത്‌.

f പിൽക്കാലത്ത്‌ ഒരു റബ്ബി ഇങ്ങനെ പറഞ്ഞതാ​യി റിപ്പോർട്ട്‌ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു: “ലോകത്ത്‌ അബ്രാ​ഹാ​മി​നെ​പ്പോ​ലുള്ള മുപ്പതു നീതി​മാ​ന്മാ​രെ​ങ്കി​ലു​മുണ്ട്‌. മുപ്പതു നീതി​മാ​ന്മാ​രാ​ണു​ള്ള​തെ​ങ്കിൽ അവരിൽ രണ്ടു പേർ ഞാനും എന്റെ മകനും ആയിരി​ക്കും. പത്ത്‌ പേരേ ഉള്ളെങ്കിൽ ഞാനും എന്റെ മകനും ആയിരി​ക്കും അവരിൽ രണ്ടു പേർ. അഞ്ചു പേരേ ഉള്ളെങ്കിൽ അവരിൽ രണ്ടു പേർ ഞാനും എന്റെ മകനും ആയിരി​ക്കും. രണ്ടു പേരേ ഉള്ളെങ്കിൽ അതു ഞാനും എന്റെ മകനും ആയിരി​ക്കും. ഇനി ഒരാളേ ഉള്ളെങ്കിൽ അതു ഞാനാ​യി​രി​ക്കും.”