വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
രൂത്തിനെ കല്യാണം കഴിച്ചാൽ സ്വന്തം പൈതൃകസ്വത്ത്, അതായത് പാരമ്പര്യമായി കൈമാറിക്കിട്ടിയ സ്വത്ത്, “നഷ്ടപ്പെടുത്തുകയായിരിക്കും” എന്ന് “പേര് പരാമർശിച്ചിട്ടില്ലാത്ത” വ്യക്തി പറഞ്ഞത് എന്തുകൊണ്ട്? (രൂത്ത് 4:1, 6)
ബൈബിൾക്കാലങ്ങളിൽ, ആരെങ്കിലും മക്കളില്ലാതെ മരിച്ചാൽ ഉയർന്നുവന്നേക്കാവുന്ന ചില ചോദ്യങ്ങളുണ്ടായിരുന്നു: അദ്ദേഹത്തിന്റെ സ്വത്തിന് എന്തു സംഭവിക്കും? അദ്ദേഹത്തിന്റെ കുടുംബപ്പേര് എന്നേക്കുമായി നഷ്ടപ്പെട്ടുപോകുമോ? അതെക്കുറിച്ചൊക്കെ മോശയ്ക്കു കൊടുത്ത നിയമത്തിൽ കൃത്യമായി പറഞ്ഞിരുന്നു.
ഒരാൾ മരിച്ചുപോകുകയോ ദരിദ്രനായിട്ട് സ്വത്ത് വിറ്റുകളയുകയോ ചെയ്താൽ അദ്ദേഹത്തിന്റെ സഹോദരനോ അടുത്ത ഒരു ബന്ധുവിനോ അതു വീണ്ടെടുക്കാനാകുമായിരുന്നു, അതായത് വിലയ്ക്കു വാങ്ങാനാകുമായിരുന്നു. അങ്ങനെ ആ പൈതൃകസ്വത്ത് അതേ കുടുംബത്തിൽത്തന്നെ നിലനിൽക്കും.—ലേവ്യ 25:23-28; സംഖ്യ 27:8-11.
മരിച്ചുപോയ വ്യക്തിയുടെ കുടുംബപ്പേര് എങ്ങനെയാണു നിലനിറുത്തിയിരുന്നത്? ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നതിലൂടെ. ഈ ക്രമീകരണമനുസരിച്ച് മരിച്ചയാളിന്റെ ഭാര്യയെ അദ്ദേഹത്തിന്റെ സഹോദരൻ വിവാഹം കഴിക്കുകയും അദ്ദേഹത്തിനുവേണ്ടി ഒരു മകനെ ജനിപ്പിക്കുകയും ചെയ്യണമായിരുന്നു. അങ്ങനെ മരിച്ച വ്യക്തിയുടെ കുടുംബപരമ്പര നിലനിറുത്താനും സ്വത്തിന് അവകാശിയായിരിക്കാനും ആ മകനു കഴിയുമായിരുന്നു. കൂടാതെ യഹോവ സ്നേഹത്തോടെ ചെയ്ത ഈ ക്രമീകരണം വിധവയുടെ സംരക്ഷണവും ഉറപ്പുവരുത്തി. രൂത്തിന്റെ കാര്യത്തിൽ അതാണു നടന്നത്.—ആവ. 25:5-7; മത്താ. 22:23-28.
രൂത്തിന്റെ അമ്മായിയമ്മയായ നൊവൊമിയുടെ ഭർത്താവ് എലീമെലെക്കും രണ്ട് ആൺമക്കളും മരിച്ചുപോയിരുന്നു. അങ്ങനെ നൊവൊമിയെ നോക്കാൻ ആരുമില്ലാതായി. (രൂത്ത് 1:1-5) യഹൂദയിൽ തിരിച്ചെത്തിയ നൊവൊമി, നിലത്തിന്റെ വീണ്ടെടുപ്പുകാരനായിരിക്കാൻ കഴിയുമോ എന്നു ബോവസിനോടു ചോദിക്കാൻ മരുമകളായ രൂത്തിനോട് ആവശ്യപ്പെട്ടു. എലീമെലെക്കിന്റെ ഒരു അടുത്ത ബന്ധുവായിരുന്നു അദ്ദേഹം. (രൂത്ത് 2:1, 19, 20; 3:1-4) പക്ഷേ തന്നെക്കാൾ അടുത്ത ബന്ധമുള്ള മറ്റൊരാളുണ്ടെന്നു ബോവസിന് അറിയാമായിരുന്നു. ബൈബിളിൽ “പേര് പരാമർശിച്ചിട്ടില്ലാത്ത” ആ വ്യക്തിക്കായിരുന്നു വീണ്ടെടുപ്പുകാരനാകാൻ കൂടുതൽ അവകാശമുള്ളത്.—രൂത്ത് 3:9, 12, 13.
“പേര് പരാമർശിച്ചിട്ടില്ലാത്ത” ആ വ്യക്തി സഹായിക്കാമെന്ന് ആദ്യം സമ്മതിച്ചു. (രൂത്ത് 4:1-4) കാരണം നിലം വാങ്ങാൻ കുറച്ച് പണം മുടക്കിയാലും അതൊരു നഷ്ടമാകില്ലെന്ന് അയാൾ ചിന്തിച്ചു. നൊവൊമിക്കു വയസ്സായതുകൊണ്ട് എലീമെലെക്കിന്റെ സ്വത്തിന് അവകാശിയായിരിക്കാൻ ഒരു മകൻ ജനിക്കില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. അങ്ങനെ ആ സ്വത്ത് അയാൾക്കുതന്നെ കിട്ടുമായിരുന്നു.
പക്ഷേ, നിലം വാങ്ങുന്നതോടൊപ്പം രൂത്തിനെ വിവാഹംകഴിക്കുകയും ചെയ്യേണ്ടിവരും എന്ന് അറിഞ്ഞപ്പോൾ ആ വ്യക്തി മനസ്സുമാറ്റി. അയാൾ പറഞ്ഞു: “എനിക്ക് അതു വീണ്ടെടുക്കാൻ പറ്റില്ല. കാരണം അങ്ങനെ ചെയ്താൽ എന്റെ പൈതൃകസ്വത്തു ഞാൻ നഷ്ടപ്പെടുത്തുകയായിരിക്കും.” (രൂത്ത് 4:5, 6) എന്തുകൊണ്ടാണ് അയാൾ അങ്ങനെ പറഞ്ഞത്?
അയാളോ മറ്റാരെങ്കിലുമോ രൂത്തിനെ വിവാഹംകഴിക്കുകയും അവർക്ക് ഒരു മകൻ ജനിക്കുകയും ചെയ്താൽ, ആ മകനായിരിക്കും എലീമെലെക്കിന്റെ സ്വത്തിന് അവകാശി. പക്ഷേ, അതുകൊണ്ട് “പേര് പരാമർശിച്ചിട്ടില്ലാത്ത” വ്യക്തിക്ക് എങ്ങനെയാണ് അയാളുടെ “പൈതൃകസ്വത്തു” ‘നഷ്ടപ്പെടുന്നത്?’ ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ചില സാധ്യതകൾ ഇവയാണ്:
ഒന്ന്, അയാൾ പണം മുടക്കി എലീമെലെക്കിന്റെ നിലം വാങ്ങിയാലും അത് അയാൾക്ക് കിട്ടില്ല. അതിന്റെ അവകാശി രൂത്തിനു ജനിക്കുന്ന മകനായിരിക്കും. അതുകൊണ്ട് ആ പണം മുടക്കുന്നത് ഒരു നഷ്ടമായി അയാൾക്കു തോന്നിയിരിക്കാം.
രണ്ട്, നൊവൊമിക്കും രൂത്തിനും അയാൾ ചെലവിനു കൊടുക്കേണ്ടിവരും.
മൂന്ന്, പേര് പരാമർശിച്ചിട്ടില്ലാത്ത വ്യക്തിക്കു രൂത്തിൽ വേറേ മക്കൾ ജനിച്ചാൽ, തന്റെ പൈതൃകസ്വത്തു സ്വന്തം മക്കൾക്ക് കൊടുക്കുന്നതോടൊപ്പം അവർക്കുംകൂടെ കൊടുക്കേണ്ടിവരുമായിരുന്നു.
നാല്, പേര് പരാമർശിച്ചിട്ടില്ലാത്ത വ്യക്തിക്കു വേറേ മക്കളില്ലെങ്കിൽ രൂത്തിൽ അയാൾക്കു ജനിക്കുന്ന മകനായിരിക്കും എലീമെലെക്കിന്റെയും അയാളുടെയും നിലത്തിന് അവകാശി. അതിന്റെ അർഥം അയാൾ മരിക്കുമ്പോൾ അയാളുടെ സ്വന്തം നിലംകൂടി എലീമെലെക്കിന്റെ അവകാശിയായി ജനിക്കുന്ന മകനു കിട്ടുമായിരുന്നു എന്നാണ്. നൊവൊമിക്കുവേണ്ടി സ്വന്തം പൈതൃകസ്വത്തു നഷ്ടപ്പെടുത്താൻ അയാൾ തയ്യാറല്ലായിരുന്നു. അതുകൊണ്ട് വീണ്ടെടുക്കാനുള്ള അടുത്ത അവകാശിയായ ബോവസ് ആ ഉത്തരവാദിത്വം ഏറ്റെടുക്കട്ടെ എന്ന് അയാൾ ചിന്തിച്ചു. ബോവസ് അതിനു തയ്യാറായി. കാരണം, ‘മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ നിലനിറുത്താൻ’ ബോവസ് ആഗ്രഹിച്ചു.—രൂത്ത് 4:10.
സ്വന്തം പേരും പൈതൃകസ്വത്തും നിലനിറുത്തുന്നതിലായിരുന്നു “പേര് പരാമർശിച്ചിട്ടില്ലാത്ത” വ്യക്തിക്കു കൂടുതൽ താത്പര്യം. അയാൾ സ്വാർഥനായിരുന്നു. തന്റെ പേര് നിലനിറുത്താൻ അയാൾ ശ്രമിച്ചെങ്കിലും നമുക്ക് ഇന്ന് ആ പേര് അറിയില്ല. ഇനി, ബോവസിനു കിട്ടിയ പ്രത്യേക അനുഗ്രഹവും ആ വ്യക്തിക്കു നഷ്ടമായി, അതായത് മിശിഹയായ യേശുക്രിസ്തുവിന്റെ വംശപരമ്പരയുടെ ഭാഗമായിരിക്കാനുള്ള അവസരം. സഹായം ആവശ്യമുള്ള ഒരാളെ സഹായിക്കാതെ സ്വാർഥത കാണിച്ചതുകൊണ്ട് “പേര് പരാമർശിച്ചിട്ടില്ലാത്ത” വ്യക്തിക്ക് എത്ര വലിയ നഷ്ടമാണുണ്ടായതെന്നു ചിന്തിക്കുക!—മത്താ. 1:5; ലൂക്കോ. 3:23, 32.