പഠനലേഖനം 13
സൃഷ്ടികളെ ഉപയോഗിച്ച് യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കുക
“ഇവയെയെല്ലാം സൃഷ്ടിച്ചത് ആരാണ്?”—യശ. 40:26.
ഗീതം 11 സൃഷ്ടി ദൈവത്തെ സ്തുതിക്കുന്നു
ചുരുക്കം a
1. മക്കളെക്കുറിച്ച് മാതാപിതാക്കൾക്കുള്ള ആഗ്രഹം എന്താണ്?
മാതാപിതാക്കളേ, മക്കൾ യഹോവയെ അറിയാനും സ്നേഹിക്കാനും നിങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നതിന് ഒരു സംശയവുമില്ല. പക്ഷേ ദൈവത്തെ കാണാൻ കഴിയില്ലല്ലോ. അപ്പോൾ ദൈവത്തെ ഒരു യഥാർഥ വ്യക്തിയായി കാണാനും ദൈവത്തോട് അടുക്കാനും മക്കളെ സഹായിക്കാൻ എന്തു ചെയ്യാം?—യാക്കോ. 4:8.
2. മാതാപിതാക്കൾക്ക് യഹോവയുടെ ഗുണങ്ങളെക്കുറിച്ച് മക്കളെ എങ്ങനെ പഠിപ്പിക്കാം?
2 മക്കളോടൊപ്പം ബൈബിൾ പഠിക്കുന്നതാണ് യഹോവയോടു കൂടുതൽ അടുക്കാൻ അവരെ സഹായിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മാർഗം. (2 തിമൊ. 3:14-17) എന്നാൽ മക്കൾക്ക് യഹോവയെക്കുറിച്ച് പഠിക്കാൻ കഴിയുന്ന മറ്റൊരു വിധത്തെക്കുറിച്ചും ബൈബിൾ പറയുന്നു. സുഭാഷിതങ്ങൾ എന്ന ബൈബിൾപുസ്തകത്തിൽ അതു കാണാം. സൃഷ്ടികളിൽ തെളിഞ്ഞുകാണുന്ന യഹോവയുടെ ഗുണങ്ങൾ കാണാതെപോകരുതെന്നാണു സാധ്യതയനുസരിച്ച് അവിടെ ഒരു പിതാവ് തന്റെ മകനെ ഓർമിപ്പിക്കുന്നത്. (സുഭാ. 3:19-21) മാതാപിതാക്കൾക്കു സൃഷ്ടികളെ ഉപയോഗിച്ചുകൊണ്ട് യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച് മക്കളെ പഠിപ്പിക്കാനാകുന്ന ചില വിധങ്ങൾ നോക്കാം.
സൃഷ്ടികളെ ഉപയോഗിച്ച് മക്കളെ എങ്ങനെ പഠിപ്പിക്കാം?
3. മാതാപിതാക്കൾ മക്കളെ ഏതു കാര്യത്തിനു സഹായിക്കണം?
3 ‘ദൈവത്തിന്റെ അദൃശ്യഗുണങ്ങൾ ലോകാരംഭംമുതൽ ദൈവത്തിന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കാണാനും മനസ്സിലാക്കാനും കഴിയുന്നു’ എന്നു ബൈബിൾ പറയുന്നു. (റോമ. 1:20) മാതാപിതാക്കളേ, കാഴ്ചകൾ കാണാൻ മക്കളുടെകൂടെ പുറത്ത് പോകുന്നതു നിങ്ങൾക്ക് ഇഷ്ടമായിരിക്കും. ‘സൃഷ്ടികൾ’ ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കാൻ മക്കളെ സഹായിക്കുന്നതിന് ആ സമയം ഉപയോഗിക്കുക. ഇക്കാര്യത്തിൽ യേശുവിന്റെ മാതൃകയിൽനിന്ന് മാതാപിതാക്കൾക്ക് എന്തു പഠിക്കാനാകും? അതെക്കുറിച്ച് ഇനി നോക്കാം.
4. സൃഷ്ടികളെ ഉപയോഗിച്ച് യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത് എങ്ങനെ? (ലൂക്കോസ് 12:24, 27-30)
4 യേശു എങ്ങനെയാണു സൃഷ്ടികളെ ഉപയോഗിച്ച് പഠിപ്പിച്ചത്? ഒരു അവസരത്തിൽ യേശു ശിഷ്യന്മാരോടു കാക്കകളെയും ലില്ലിച്ചെടികളെയും കുറിച്ച് പറഞ്ഞു. (ലൂക്കോസ് 12:24, 27-30 വായിക്കുക.) യേശുവിന് ഏതു ജീവിയെക്കുറിച്ചും ചെടിയെക്കുറിച്ചും സംസാരിക്കാമായിരുന്നു. പക്ഷേ ശിഷ്യന്മാർക്കു നല്ല പരിചയമുണ്ടായിരുന്ന ഒരു പക്ഷിയെയും പൂവിനെയും കുറിച്ചാണു യേശു പറഞ്ഞത്. അതു പറയുമ്പോൾ കാക്കകളും ലില്ലിപ്പൂക്കളും അവരുടെ കൺമുന്നിൽ ഉണ്ടായിരുന്നിരിക്കാം. ഒരുപക്ഷേ യേശു അവയെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടാകും. അതിനു ശേഷം യേശു എന്താണു ചെയ്തത്? തന്റെ സ്വർഗീയപിതാവിന്റെ ഉദാരതയെയും ദയയെയും കുറിച്ചുള്ള ശക്തമായ ഒരു പാഠം ശിഷ്യന്മാരെ പഠിപ്പിച്ചു: കാക്കകൾക്കും വയലിലെ ലില്ലിച്ചെടികൾക്കും വേണ്ടി കരുതുന്ന യഹോവ തന്റെ വിശ്വസ്തദാസർക്കും ആവശ്യമായ ഭക്ഷണവും വസ്ത്രവും ഉറപ്പായും നൽകും.
5. യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ സൃഷ്ടികളെ ഉപയോഗിക്കാം?
5 മാതാപിതാക്കളേ, യേശു പഠിപ്പിച്ച രീതിയിൽ നിങ്ങൾ മക്കളെ പഠിപ്പിക്കുമോ? യഹോവയുടെ സൃഷ്ടികളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും കാര്യത്തെക്കുറിച്ച് മക്കളോടു സംസാരിക്കാവുന്നതാണ്. ഉദാഹരണത്തിന്, നിങ്ങൾക്കു പ്രിയപ്പെട്ട ഏതെങ്കിലും മൃഗത്തിന്റെയോ ചെടിയുടെയോ പ്രത്യേകതകൾ. അങ്ങനെ ചെയ്യുമ്പോൾ അവ യഹോവയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്ന് അവരോടു പറയാൻ മറക്കരുത്. എന്നിട്ട് മക്കൾക്ക് ഇഷ്ടപ്പെട്ട മൃഗത്തെക്കുറിച്ചോ ചെടിയെക്കുറിച്ചോ ചോദിക്കുക. അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഉപയോഗിച്ച് യഹോവയെക്കുറിച്ച് പഠിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവർ കൂടുതൽ താത്പര്യത്തോടെ ശ്രദ്ധിച്ചേക്കാം.
6. ക്രിസ്റ്റഫറിന്റെ അമ്മയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 യഹോവയുടെ ഗുണങ്ങളെക്കുറിച്ച് മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾ ജീവജാലങ്ങളെക്കുറിച്ച് ഒത്തിരി സമയമെടുത്ത് ആഴത്തിൽ പഠിക്കേണ്ട ആവശ്യമുണ്ടോ? ഇല്ല. യേശു ശിഷ്യന്മാരോടു സംസാരിച്ചപ്പോൾ കാക്കകളുടെ ഭക്ഷണരീതിയെക്കുറിച്ചോ ലില്ലിച്ചെടികൾ എങ്ങനെ വളരുന്നു എന്നതിനെക്കുറിച്ചോ ഉള്ള നീണ്ട വിശദീകരണങ്ങളൊന്നും നൽകിയില്ല. സൃഷ്ടികളുടെ പ്രത്യേകതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുന്നത് ഇടയ്ക്കൊക്കെ കുട്ടികൾ ഇഷ്ടപ്പെട്ടേക്കാം. എന്നാൽ പലപ്പോഴും യഹോവയെക്കുറിച്ച് അവരെ പഠിപ്പിക്കാൻ ലളിതമായ ഒരു അഭിപ്രായമോ ചിന്തിക്കാൻ സഹായിക്കുന്ന ഒരു ചോദ്യമോ മതിയാകും. ക്രിസ്റ്റഫർ സഹോദരൻ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറയുന്നു: “ചുറ്റുമുള്ള സൃഷ്ടികളെ വിലമതിക്കാൻ സഹായിക്കുന്ന പലതും അമ്മ ഞങ്ങളോടു പറയുമായിരുന്നു. മലകളൊക്കെ കാണുമ്പോൾ അമ്മ ചിലപ്പോൾ പറയും, ‘എന്തു ഭംഗിയാ ഈ മല കാണാൻ, എന്തൊരു വലുപ്പമാ ഇതിന്. ഇതൊക്കെ ഉണ്ടാക്കിയ യഹോവ എത്രയോ ഉന്നതനായിരിക്കും!’ ഇനി, കടൽത്തീരത്ത് പോകുമ്പോൾ ചിലപ്പോൾ പറയും, ‘ഈ തിരമാലകൾക്കൊക്കെ എന്തൊരു ശക്തിയാ! അപ്പോൾ ദൈവത്തിന് എന്തു ശക്തിയുണ്ടാകും, അല്ലേ?’ അമ്മ പറഞ്ഞ ഇതുപോലുള്ള ചെറിയചെറിയ കാര്യങ്ങൾപോലും ആഴത്തിൽ ചിന്തിക്കാൻ ഞങ്ങളെ സഹായിച്ചു.”
7. സൃഷ്ടികളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ മക്കളെ എങ്ങനെ പരിശീലിപ്പിക്കാം?
7 കുട്ടികൾ വളർന്നുവരുമ്പോൾ സൃഷ്ടികളെ കൂടുതൽ നന്നായി നിരീക്ഷിക്കാനും അതിൽനിന്ന് യഹോവയുടെ വ്യക്തിത്വത്തിന്റെ പല വശങ്ങൾ മനസ്സിലാക്കിയെടുക്കാനും ഉള്ള പരിശീലനം അവർക്കു കൊടുക്കാം. ഉദാഹരണത്തിന്, യഹോവയുടെ ഏതെങ്കിലും ഒരു സൃഷ്ടിയെക്കുറിച്ച് പറഞ്ഞിട്ട്, “യഹോവയെക്കുറിച്ച് ഇതു നിന്നെ എന്താണു പഠിപ്പിക്കുന്നത്” എന്നു കുട്ടിയോടു ചോദിക്കുക. അവർ പറയുന്ന കാര്യങ്ങൾ നിങ്ങളെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തേക്കാം.—മത്താ. 21:16.
സൃഷ്ടികളെ ഉപയോഗിച്ച് മക്കളെ എപ്പോൾ പഠിപ്പിക്കാം?
8. വഴിയിലൂടെ ‘നടക്കുമ്പോൾ’ ഇസ്രായേല്യ മാതാപിതാക്കൾക്ക് എന്തിനുള്ള അവസരമുണ്ടായിരുന്നു?
8 വഴിയിലൂടെ “നടക്കുമ്പോഴും” യഹോവയുടെ കല്പനകൾ മക്കളെ പഠിപ്പിക്കാൻ ഇസ്രായേല്യ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. (ആവ. 11:19) നാട്ടിൻപുറത്തെ വഴികളിലൂടെ നടക്കുമ്പോൾ അവർക്കു പല തരം മൃഗങ്ങളെയും പക്ഷികളെയും പൂക്കളെയും കാണാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മക്കളെയുംകൂട്ടി വഴിയിലൂടെ നടക്കുമ്പോൾ യഹോവയുടെ സൃഷ്ടികളെക്കുറിച്ച് സംസാരിക്കാനുള്ള ഒരുപാട് അവസരങ്ങളാണുണ്ടായിരുന്നത്. മാതാപിതാക്കളേ, സൃഷ്ടികളെ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കാനുള്ള ഇത്തരം അവസരങ്ങൾ നിങ്ങൾക്കുമുണ്ടായിരിക്കാം. ചില മാതാപിതാക്കൾ അത് എങ്ങനെയാണു ചെയ്തതെന്നു നോക്കാം.
9. പുനീതയുടെയും കാറ്റിയയുടെയും അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 ഇന്ത്യയിലെ വലിയൊരു നഗരത്തിൽ താമസിക്കുന്ന പുനീത എന്നു പേരുള്ള ഒരു അമ്മ പറയുന്നത് ഇതാണ്: “നാട്ടിൻപുറത്ത് താമസിക്കുന്ന വീട്ടുകാരെ കാണാൻപോകുമ്പോൾ യഹോവയുടെ അത്ഭുതകരമായ പല സൃഷ്ടികളെക്കുറിച്ചും മക്കളെ പഠിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും. അവിടെയായിരിക്കുമ്പോൾ നഗരത്തിന്റെ ഒച്ചയും ബഹളവും ഒന്നുമില്ല. അതുകൊണ്ടുതന്നെ സൃഷ്ടികളെക്കുറിച്ച് പല കാര്യങ്ങളും നന്നായി മനസ്സിലാക്കാൻ കുട്ടികൾക്കു സാധിക്കുന്നു.” മാതാപിതാക്കളേ, മനോഹരമായ ചുറ്റുപാടിൽ നിങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം സാധ്യതയനുസരിച്ച് മക്കൾ ഒരിക്കലും മറക്കില്ല. മൊൾഡോവയിൽനിന്നുള്ള കാറ്റിയ സഹോദരി പറയുന്നു: “കുട്ടിക്കാലത്തെക്കുറിച്ച് എന്റെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്ന ഏറ്റവും നല്ല ഓർമകൾ മാതാപിതാക്കളോടൊപ്പം ഗ്രാമത്തിൽ താമസിച്ച സമയങ്ങളാണ്. വളരെ ചെറുപ്പത്തിൽത്തന്നെ യഹോവയുടെ സൃഷ്ടികളെ അടുത്ത് നിരീക്ഷിക്കാനും അവയിൽനിന്ന് യഹോവയുടെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കാനും മാതാപിതാക്കൾ സഹായിച്ചതിൽ ഞാൻ അവരോടു നന്ദിയുള്ളവളാണ്.”
10. സൃഷ്ടികളെക്കുറിച്ച് മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്കു നഗരത്തിൽനിന്ന് ദൂരെ പോകാൻ ബുദ്ധിമുട്ടാണെങ്കിൽ എന്തു ചെയ്യാം? (“ മാതാപിതാക്കൾക്കുള്ള സഹായം” എന്ന ചതുരം കാണുക.)
10 എന്നാൽ നിങ്ങൾക്കു ഗ്രാമപ്രദേശത്തേക്കൊന്നും പോകാനുള്ള സാഹചര്യം ഇല്ലെങ്കിലോ? ഇന്ത്യയിൽ താമസിക്കുന്ന അമോൽ പറയുന്നതു ശ്രദ്ധിക്കുക: “ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് മാതാപിതാക്കൾക്ക് ഒരുപാടു സമയം ജോലി ചെയ്യേണ്ടതായിവരുന്നു. ഇനി, ഗ്രാമപ്രദേശത്തേക്കുള്ള യാത്രയ്ക്കു വലിയ ചെലവുമാണ്. എന്നാൽ ചെറിയ പാർക്കിലോ വീടിന്റെ ടെറസ്സിലോ പോകുന്നെങ്കിൽ സൃഷ്ടികളെ നിരീക്ഷിക്കാനും യഹോവയുടെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാനും പറ്റും.” ഒന്നു ശ്രമിച്ചാൽ മക്കൾക്കു കാണിച്ചുകൊടുക്കാൻ കഴിയുന്ന പല കാര്യങ്ങളും വീടിന് അടുത്തുതന്നെ കണ്ടെത്താം. പക്ഷികൾ, പ്രാണികൾ, ചെടികൾ അങ്ങനെ പലതുമുണ്ടാകും. (സങ്കീ. 104:24) ജർമനിയിൽനിന്നുള്ള കരീന പറയുന്നു: “എന്റെ അമ്മയ്ക്കു പൂക്കൾ വലിയ ഇഷ്ടമാണ്. ചെറുപ്പത്തിൽ നടക്കാൻപോകുമ്പോൾ ഭംഗിയുള്ള പല തരം പൂക്കൾ അമ്മ കാണിച്ചുതരുമായിരുന്നു.” മാതാപിതാക്കളേ, സൃഷ്ടികളെക്കുറിച്ചുള്ള പല വീഡിയോകളും പ്രസിദ്ധീകരണങ്ങളും യഹോവയുടെ സംഘടന പുറത്തിറക്കിയിട്ടുണ്ടല്ലോ. മക്കളെ പഠിപ്പിക്കാൻ അവയും ഉപയോഗിക്കാം. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും ദൈവം സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങളെ നിരീക്ഷിക്കാൻ നിങ്ങൾക്കു മക്കളെ പഠിപ്പിക്കാനാകും. ആ സമയത്ത് അവർക്കു പറഞ്ഞുകൊടുക്കാനാകുന്ന യഹോവയുടെ ചില ഗുണങ്ങളെക്കുറിച്ച് ഇനി നോക്കാം.
യഹോവയുടെ ‘അദൃശ്യഗുണങ്ങൾ വ്യക്തമായി കാണാം’
11. യഹോവയുടെ സ്നേഹം തിരിച്ചറിയുന്നതിനു മക്കളെ സഹായിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാം?
11 യഹോവയുടെ സ്നേഹത്തെക്കുറിച്ച് മനസ്സിലാക്കാൻ മക്കളെ സഹായിക്കുന്നതിന്, മൃഗങ്ങൾ അതിന്റെ കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിപാലിക്കുന്നതു നിങ്ങൾക്കു കാണിച്ചുകൊടുക്കാൻ കഴിയും. (മത്താ. 23:37) സൃഷ്ടികളിൽ കാണുന്ന വൈവിധ്യവും അവരുടെ ശ്രദ്ധയിൽപ്പെടുത്താം. മുമ്പ് പറഞ്ഞ കരീന പറയുന്നു: “നടക്കാൻപോകുമ്പോൾ പൂക്കൾ കാണിച്ചുതരുന്നതോടൊപ്പം ഒരു നിമിഷം നിന്ന് അവയുടെ ഭംഗി ആസ്വദിക്കാനും അവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനും അതൊക്കെ യഹോവയുടെ സ്നേഹത്തെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു ചിന്തിക്കാനും അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും ഞാൻ ആ ശീലം ഇന്നും തുടരുന്നു. ഓരോ തരം പൂവിന്റെയും വ്യത്യാസവും രൂപഭംഗിയും നിറവും ഒക്കെ ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. യഹോവ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നെന്ന് അവ എപ്പോഴും എന്നെ ഓർമിപ്പിക്കുന്നു.”
12. ദൈവത്തിന്റെ ജ്ഞാനം തിരിച്ചറിയാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ സഹായിക്കാം? (സങ്കീർത്തനം 139:14) (ചിത്രവും കാണുക.)
12 യഹോവ നമ്മളെക്കാളൊക്കെ വളരെവളരെ ജ്ഞാനിയാണല്ലോ. ദൈവത്തിന്റെ ആ ജ്ഞാനത്തെക്കുറിച്ച് മനസ്സിലാക്കാനും മക്കളെ സഹായിക്കുക. (റോമ. 11:33) ഉദാഹരണത്തിന്, വെള്ളം നീരാവിയായി പൊങ്ങി മഴമേഘങ്ങളാകുന്നതിനെക്കുറിച്ചും ആ മേഘങ്ങൾ അനായാസം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു നീങ്ങുന്നതിനെക്കുറിച്ചും അവരോടു പറയാവുന്നതാണ്. (ഇയ്യോ. 38:36, 37) എത്ര അത്ഭുതകരമായാണു മനുഷ്യശരീരം ഉണ്ടാക്കിയിരിക്കുന്നതെന്നും പറഞ്ഞുകൊടുക്കാം. (സങ്കീർത്തനം 139:14 വായിക്കുക.) വ്ളാഡിമിർ എന്നൊരു പിതാവ് അത് എങ്ങനെ ചെയ്തെന്നു ശ്രദ്ധിക്കുക: “ഒരു ദിവസം ഞങ്ങളുടെ മകൻ സൈക്കിളിൽനിന്ന് വീണ് കാൽ ഉരഞ്ഞുപൊട്ടി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ മുറിവ് ഉണങ്ങി. അപ്പോൾ ഞാനും ഭാര്യയും, യഹോവ ശരീരത്തിലെ കോശങ്ങളെ സൃഷ്ടിച്ചിരിക്കുന്നതു സ്വയം കേടുപോക്കാനുള്ള കഴിവോടെയാണെന്ന് അവനെ പഠിപ്പിച്ചു. എന്നാൽ മനുഷ്യൻ ഉണ്ടാക്കിയ ഒന്നിനും ആ കഴിവില്ലെന്ന കാര്യം ഞങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉദാഹരണത്തിന്, ഒരു കാർ അപകടത്തിൽപ്പെട്ടാൽ അതിനു സ്വയം നന്നാക്കാൻ കഴിയില്ല. ഈ സംഭവം, യഹോവയുടെ ജ്ഞാനം എത്ര വലുതാണെന്നു മനസ്സിലാക്കാൻ അവനെ സഹായിച്ചു.”
13. ദൈവത്തിന്റെ ശക്തി തിരിച്ചറിയാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ സഹായിക്കാം? (യശയ്യ 40:26)
13 കണ്ണുകൾ ഉയർത്തി ആകാശത്തേക്കു നോക്കാനും നക്ഷത്രങ്ങളെ അതതിന്റെ സ്ഥാനത്ത് നിറുത്തിയിരിക്കുന്ന തന്റെ ഭയഗംഭീരമായ ശക്തിയെക്കുറിച്ച് ചിന്തിക്കാനും യഹോവ നമ്മളെ ക്ഷണിക്കുന്നു. (യശയ്യ 40:26 വായിക്കുക.) അതുതന്നെ ചെയ്യാൻ മക്കളെയും പ്രോത്സാഹിപ്പിക്കാം. കുട്ടിയായിരുന്നപ്പോൾ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് തായ്വാനിലുള്ള ഷിങ്-ഷിങ് സഹോദരി പറയുന്നു: “ഒരിക്കൽ ഞാനും അമ്മയും കൂടി നാട്ടിൻപുറത്ത് പോയി ഒരു രാത്രി തങ്ങി. അവിടെ നഗരത്തിലെ വെളിച്ചമൊന്നും ഇല്ലാതിരുന്നതുകൊണ്ട് ആകാശത്ത് നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതു ഞങ്ങൾക്കു നന്നായി കാണാൻ കഴിഞ്ഞു. യഹോവയെ വിശ്വസ്തമായി സേവിക്കാനാകുമോ എന്നു ഞാൻ ചിന്തിക്കുന്ന ഒരു സമയമായിരുന്നു അത്. കാരണം ദൈവത്തിന് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യാൻ സ്കൂളിൽ കൂട്ടുകാർ എന്നെ നിർബന്ധിച്ചിരുന്നു. നക്ഷത്രങ്ങളെ സൃഷ്ടിക്കാൻ യഹോവ എത്രമാത്രം ശക്തി ഉപയോഗിച്ചിട്ടുണ്ടാകും എന്നു ചിന്തിക്കാൻ അമ്മ എന്നോടു പറഞ്ഞു. അതേ ശക്തി ഉപയോഗിച്ച് ഞാൻ നേരിടുന്ന പ്രശ്നത്തെയും അതിജീവിക്കാനുള്ള കരുത്ത് തരാൻ യഹോവയ്ക്കാകുമെന്ന് അമ്മ എന്നെ ഓർമിപ്പിച്ചു. ആ രാത്രിയിൽ യഹോവയുടെ സൃഷ്ടിയെ നിരീക്ഷിച്ചത് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ എന്നെ പ്രേരിപ്പിച്ചു. മാത്രമല്ല ദൈവത്തെ സേവിക്കാനുള്ള എന്റെ തീരുമാനം ഉറച്ചതായിത്തീരുകയും ചെയ്തു.”
14. സൃഷ്ടികളെ കാണിച്ചുകൊണ്ട് യഹോവ സന്തോഷമുള്ള ദൈവമാണെന്ന് എങ്ങനെ മക്കളെ പഠിപ്പിക്കാം?
14 യഹോവ സന്തോഷമുള്ള ദൈവമാണെന്നും നമ്മളെല്ലാവരും സന്തോഷത്തോടെയിരിക്കാൻ ദൈവം ആഗ്രഹിക്കുന്നുണ്ടെന്നും സൃഷ്ടികളെ നിരീക്ഷിച്ചാൽ മനസ്സിലാകും. മത്സ്യങ്ങളും പക്ഷികളും ഉൾപ്പെടെ മിക്ക ജീവികളും കളിച്ചുനടക്കാറുണ്ടെന്നു ശാസ്ത്രജ്ഞന്മാർ പറയുന്നു. (ഇയ്യോ. 40:20) ഏതെങ്കിലും ഒരു മൃഗത്തിന്റെ കളി കണ്ടിട്ട് നിങ്ങളുടെ മക്കൾ പൊട്ടിച്ചിരിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപക്ഷേ പൂച്ചക്കുട്ടി പന്തിന്റെ പുറകേ ഓടുന്നതോ പട്ടിക്കുട്ടികൾ തമ്മിൽ കടിപിടി കൂടുന്നതോ കണ്ടിട്ടായിരിക്കാം. അടുത്ത തവണ മക്കൾ അങ്ങനെയൊരു കാഴ്ച കണ്ട് ചിരിക്കുമ്പോൾ, നമ്മൾ സേവിക്കുന്നതു സന്തോഷമുള്ള ദൈവത്തെയാണെന്ന് ഓർമിപ്പിക്കാൻ ആ അവസരം ഉപയോഗിച്ചുകൂടേ?—1 തിമൊ. 1:11.
കുടുംബം ഒരുമിച്ച് യഹോവയുടെ സൃഷ്ടികൾ ആസ്വദിക്കുക
15. മക്കൾ എന്താണു ചിന്തിക്കുന്നതെന്നു മനസ്സിലാക്കാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയും? (സുഭാഷിതങ്ങൾ 20:5) (ചിത്രവും കാണുക.)
15 പലപ്പോഴും മക്കൾ അവരുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ മടിക്കുന്നതായി പല മാതാപിതാക്കളും കണ്ടിട്ടുണ്ട്. നിങ്ങളുടെ സാഹചര്യവും അതാണെങ്കിൽ അവരുടെ മനസ്സിലുള്ളതു പുറത്ത് കൊണ്ടുവരാൻ നല്ല ശ്രമം ചെയ്യേണ്ടിവരും. (സുഭാഷിതങ്ങൾ 20:5) ശാന്തസുന്ദരമായ ഒരു അന്തരീക്ഷത്തിൽ മക്കളോടു കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ കൂടുതൽ എളുപ്പമാണെന്നു പല മാതാപിതാക്കളും പറയുന്നു. കാരണം മാതാപിതാക്കളുടെയും മക്കളുടെയും ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ അവിടെ കുറവായിരിക്കും. തായ്വാനിലുള്ള മസാഹിക്കോ എന്നൊരു പിതാവ് മറ്റൊരു കാരണത്തെക്കുറിച്ച് പറയുന്നു: “മക്കളെയുംകൂട്ടി മല കയറുകയോ കടൽത്തീരത്തുകൂടെ നടക്കുകയോ ചെയ്യുമ്പോൾ അവർ വലിയ സന്തോഷത്തിലായിരിക്കും. അപ്പോൾ അവർ മനസ്സു തുറക്കാൻ തയ്യാറാകുന്നതായി ഞങ്ങൾക്കു തോന്നിയിട്ടുണ്ട്.” മുമ്പ് പറഞ്ഞ കാറ്റിയ പറയുന്നു: “സ്കൂൾ വിട്ടുവന്നാൽ അമ്മ എന്നെയും കൂട്ടി പാർക്കിൽ പോകും. ആ നല്ല അന്തരീക്ഷത്തിൽ സ്കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ചും എന്നെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒക്കെ അമ്മയോടു തുറന്നുപറയാൻ എനിക്ക് എളുപ്പമായിരുന്നു.”
16. യഹോവയുടെ സൃഷ്ടികൾ കണ്ട് ആസ്വദിക്കുന്നതോടൊപ്പം കുടുംബങ്ങൾക്കു സന്തോഷിക്കാനും ഉല്ലസിക്കാനും എന്തു ചെയ്യാനാകും?
16 കുടുംബങ്ങൾക്കു സന്തോഷിക്കാനും രസിക്കാനും ഉള്ള അവസരവും യഹോവയുടെ സൃഷ്ടികൾ നൽകുന്നു. കുടുംബം ഒരുമിച്ച് അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അവർക്കിടയിലെ സ്നേഹബന്ധം ശക്തമാകും. ബൈബിൾ പറയുന്നത്: ‘ചിരിക്കാൻ ഒരു സമയവും തുള്ളിച്ചാടാൻ ഒരു സമയവും’ ഉണ്ടെന്നാണ്. (സഭാ. 3:1, 4) നമുക്കു ശരിക്കും സന്തോഷംതരുന്ന പല കാര്യങ്ങളും ചെയ്യാൻ പറ്റിയ ഇടങ്ങൾ യഹോവ ഭൂമിയിൽ സൃഷ്ടിച്ചിരിക്കുന്നു. പല കുടുംബങ്ങളും, പ്രകൃതിരമണീയമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതും മല കയറുന്നതും കടൽത്തീരത്ത് പോകുന്നതും ഇഷ്ടപ്പെടുന്നു. ചില കുട്ടികൾക്കു പാർക്കിൽ ഓടിക്കളിക്കാനും മൃഗങ്ങളെ കാണാനും നദിയിലോ തടാകത്തിലോ കടലിലോ ഒക്കെ നീന്താനും വലിയ ഇഷ്ടമാണ്. യഹോവയുടെ സൃഷ്ടികൾ നിറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ വിനോദത്തിനുള്ള എത്ര നല്ല അവസരങ്ങളാണു നമുക്കുള്ളത്!
17. ദൈവത്തിന്റെ സൃഷ്ടികൾ കണ്ട് ആസ്വദിക്കാൻ മാതാപിതാക്കൾ മക്കളെ സഹായിക്കേണ്ടത് എന്തുകൊണ്ട്?
17 ദൈവത്തിന്റെ പുതിയ ലോകത്തിൽ മാതാപിതാക്കളും കുട്ടികളും യഹോവയുടെ സൃഷ്ടികൾ ഇപ്പോഴത്തെക്കാൾ വളരെ നന്നായി ആസ്വദിക്കും. അന്നു നമുക്കു മൃഗങ്ങളെ പേടിക്കേണ്ടിവരില്ല; അവ നമ്മളെയും പേടിക്കില്ല. (യശ. 11:6-9) യഹോവ സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങൾ ആസ്വദിക്കാൻ നമുക്ക് ഇഷ്ടംപോലെ സമയമുണ്ടാകും. (സങ്കീ. 22:26) പക്ഷേ മാതാപിതാക്കളേ, സൃഷ്ടികളെ കണ്ട് ആസ്വദിക്കാൻ മക്കളെ പഠിപ്പിക്കുന്നതിനു അതുവരെ കാത്തിരിക്കരുത്. അങ്ങനെ സൃഷ്ടികളെ ഉപയോഗിച്ച് യഹോവയെക്കുറിച്ച് മക്കളെ പഠിപ്പിക്കുന്നെങ്കിൽ ദാവീദ് രാജാവിനെപ്പോലെ അവരും പറഞ്ഞേക്കാം: ‘യഹോവേ, അങ്ങയുടേതിനോടു കിടപിടിക്കുന്ന പ്രവൃത്തികളില്ല.’—സങ്കീ. 86:8.
ഗീതം 134 മക്കൾ—ദൈവം വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന നിക്ഷേപം
a പല സഹോദരങ്ങൾക്കും ചെറുപ്പത്തിൽ അവരുടെ മാതാപിതാക്കളോടൊപ്പം സൃഷ്ടികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തതിന്റെ നല്ല ഓർമകളുണ്ട്. അത്തരം അവസരങ്ങളിൽ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് മാതാപിതാക്കൾ പഠിപ്പിച്ചതൊന്നും അവർ മറന്നിട്ടില്ല. മാതാപിതാക്കളേ, നിങ്ങൾക്ക് എങ്ങനെ സൃഷ്ടികളെ ഉപയോഗിച്ചുകൊണ്ട് ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച് മക്കളെ പഠിപ്പിക്കാൻ കഴിയും? അതെക്കുറിച്ചാണ് ഈ ലേഖനത്തിൽ പഠിക്കാൻപോകുന്നത്.