വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേ​ഖനം 11

സ്‌നാ​ന​മേൽക്കാ​നാ​യി എങ്ങനെ ഒരുങ്ങാം?

സ്‌നാ​ന​മേൽക്കാ​നാ​യി എങ്ങനെ ഒരുങ്ങാം?

“സ്‌നാ​ന​മേൽക്കാൻ ഇനി എനിക്ക്‌ എന്താണു തടസ്സം?”—പ്രവൃ. 8:36.

ഗീതം 50 എന്റെ സമർപ്പണപ്രാർഥന

ചുരുക്കം a

ലോകമെങ്ങുമായി ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ആത്മീയ​പു​രോ​ഗതി വരുത്തു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്യുന്നു (1-2 ഖണ്ഡികകൾ കാണുക)

1-2. ഇതുവരെ സ്‌നാ​ന​ത്തി​നുള്ള യോഗ്യ​ത​യിൽ എത്തിയി​ല്ലെ​ങ്കിൽ നിരാ​ശ​പ്പെ​ട​രു​താ​ത്തത്‌ എന്തു​കൊണ്ട്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

 സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? എങ്കിൽ നിങ്ങൾ വളരെ നല്ല ഒരു ലക്ഷ്യമാ​ണു വെച്ചി​രി​ക്കു​ന്നത്‌. ഇപ്പോൾത്തന്നെ അതിന്‌ ഒരുങ്ങി​യ​താ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ഇനി, നിങ്ങൾ അതിനുള്ള യോഗ്യ​ത​യിൽ എത്തി​യെന്നു മൂപ്പന്മാ​രും സമ്മതി​ക്കു​ന്നു​ണ്ടോ? എങ്കിൽ ഏറ്റവും അടുത്ത അവസര​ത്തിൽത്തന്നെ സ്‌നാ​ന​മേൽക്കുക. അങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ യഹോ​വ​യു​ടെ സേവന​ത്തിൽ പലതും ചെയ്യാ​നുള്ള അവസരം തുറന്നു​കി​ട്ടും. കൂടാതെ അതിന്റെ സന്തോ​ഷ​വും അനു​ഗ്ര​ഹ​ങ്ങ​ളും ആസ്വദി​ക്കാ​നു​മാ​കും.

2 ഇനി, സ്‌നാ​ന​പ്പെ​ടാ​നുള്ള യോഗ്യ​ത​യാ​യി​ട്ടി​ല്ലെന്നു നിങ്ങ​ളോ​ടു പറയു​ന്നെ​ന്നി​രി​ക്കട്ടെ. അതല്ലെ​ങ്കിൽ ഒരുപക്ഷേ നിങ്ങൾക്കു​തന്നെ അങ്ങനെ തോന്നി​യേ​ക്കാം. എങ്കിൽ നിരാ​ശ​പ്പെ​ട​രുത്‌. പ്രധാ​ന​പ്പെട്ട ആ ലക്ഷ്യത്തി​ലെ​ത്താൻ നിങ്ങൾക്കു പുരോ​ഗ​മി​ക്കാ​നാ​കും. ചെറു​പ്പ​ക്കാ​രോ പ്രായ​മു​ള്ള​വ​രോ ആണെങ്കി​ലും അതിനു പറ്റും.

“ഇനി എനിക്ക്‌ എന്താണു തടസ്സം?”

3. എത്യോ​പ്യ​ക്കാ​ര​നായ കൊട്ടാ​രോ​ദ്യോ​ഗസ്ഥൻ ഫിലി​പ്പോ​സി​നോട്‌ എന്താണു ചോദി​ച്ചത്‌, ഏതു ചോദ്യം നമ്മുടെ മനസ്സിൽ വന്നേക്കാം? (പ്രവൃ​ത്തി​കൾ 8:36, 38)

3 പ്രവൃ​ത്തി​കൾ 8:36, 38 വായി​ക്കുക. എത്യോ​പ്യ​യിൽനി​ന്നുള്ള ഒരു കൊട്ടാ​രോ​ദ്യോ​ഗസ്ഥൻ സുവി​ശേ​ഷ​ക​നായ ഫിലി​പ്പോ​സി​നോ​ടു ചോദി​ച്ചു: “സ്‌നാ​ന​മേൽക്കാൻ ഇനി എനിക്ക്‌ എന്താണു തടസ്സം?” സ്‌നാ​ന​പ്പെ​ടാൻ ആ എത്യോ​പ്യ​ക്കാ​രൻ ആഗ്രഹി​ച്ചു എന്നതിനു സംശയ​മില്ല. പക്ഷേ അദ്ദേഹ​ത്തിന്‌ അതിനുള്ള യോഗ്യ​ത​യു​ണ്ടാ​യി​രു​ന്നോ?

എത്യോ​പ്യ​ക്കാ​ര​നായ ഉദ്യോ​ഗസ്ഥൻ യഹോ​വ​യെ​ക്കു​റിച്ച്‌ തുടർന്നും പഠിച്ചു​കൊ​ണ്ടി​രു​ന്നു (4-ാം ഖണ്ഡിക കാണുക)

4. ആ എത്യോ​പ്യ​ക്കാ​രൻ കൂടുതൽ പഠിക്കാൻ ആഗ്രഹി​ച്ചി​രു​ന്നെന്നു നമുക്ക്‌ എങ്ങനെ അറിയാം?

4 ആ എത്യോ​പ്യ​ക്കാ​രൻ “ആരാധ​ന​യ്‌ക്കു​വേണ്ടി യരുശ​ലേ​മിൽ പോയിട്ട്‌” വരുക​യാ​യി​രു​ന്നു. (പ്രവൃ. 8:27) അതിന്റെ അർഥം അദ്ദേഹം ജൂതമതം സ്വീക​രിച്ച ആളായി​രു​ന്നെ​ന്നാണ്‌. അതു​കൊ​ണ്ടു​തന്നെ അദ്ദേഹം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചി​രു​ന്നെന്ന്‌ ഉറപ്പാണ്‌. പക്ഷേ അദ്ദേഹം കൂടുതൽ അറിയാൻ ആഗ്രഹി​ച്ചു. വാസ്‌ത​വ​ത്തിൽ ഫിലി​പ്പോസ്‌ ആ ഉദ്യോ​ഗ​സ്ഥനെ കാണു​മ്പോൾ അദ്ദേഹം യശയ്യ പ്രവാ​ച​കന്റെ ചുരുൾ വായി​ക്കു​ക​യാ​യി​രു​ന്നു. (പ്രവൃ. 8:28) അതാകട്ടെ വളരെ ആഴത്തിൽ പഠിക്കേണ്ട ഒരു തിരു​വെ​ഴു​ത്തു​ഭാ​ഗ​മാണ്‌. അതു കാണി​ക്കു​ന്നതു ചില അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കി​യ​തു​കൊണ്ട്‌ മാത്രം അദ്ദേഹം തൃപ്‌ത​നാ​യി​രു​ന്നില്ല, കൂടുതൽ പഠിക്കാൻ ആഗ്രഹി​ച്ചു എന്നാണ്‌.

5. എത്യോ​പ്യ​ക്കാ​രൻ താൻ പഠിച്ച​തി​നു ചേർച്ച​യിൽ എന്തു ചെയ്‌തു?

5 എത്യോ​പ്യ​യി​ലെ രാജ്ഞി​യായ കന്ദക്കയു​ടെ കീഴി​ലുള്ള ഒരു ഉയർന്ന ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അദ്ദേഹം, കൊട്ടാ​ര​ത്തി​ലെ ‘ധനകാ​ര്യ​വി​ചാ​രകൻ.’ (പ്രവൃ. 8:27) അതു​കൊ​ണ്ടു​തന്നെ അദ്ദേഹ​ത്തിന്‌ ഒരുപാട്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളും തിരക്കും ഉണ്ടായി​രു​ന്നു. എന്നിട്ടും യഹോ​വയെ ആരാധി​ക്കാൻ അദ്ദേഹം സമയം കണ്ടെത്തി. യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചാൽ മാത്രം മതി എന്നു ചിന്തി​ക്കാ​തെ പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കാ​നും തയ്യാറാ​യി. അതു​കൊ​ണ്ടാണ്‌ അദ്ദേഹം യരുശ​ലേ​മി​ലെ ദേവാ​ല​യ​ത്തിൽ ചെന്ന്‌ യഹോ​വയെ ആരാധി​ക്കു​ന്ന​തിന്‌ എത്യോ​പ്യ​യിൽനിന്ന്‌ അത്രയും ദൂരം യാത്ര ചെയ്‌തത്‌. അതിന്‌ ഒരുപാ​ടു സമയവും പണവും ചെലവ​ഴി​ക്കേ​ണ്ടി​യി​രു​ന്നു. യഹോ​വയെ ആരാധി​ക്കാൻവേണ്ടി എന്തൊക്കെ ചെയ്യണോ അതെല്ലാം ചെയ്യാൻ അദ്ദേഹം ഒരുക്ക​മാ​യി​രു​ന്നു.

6-7. യഹോ​വ​യോ​ടുള്ള എത്യോ​പ്യ​ക്കാ​രന്റെ സ്‌നേഹം കൂടുതൽ ശക്തമാ​യത്‌ എങ്ങനെ?

6 ഫിലി​പ്പോ​സിൽനിന്ന്‌ എത്യോ​പ്യ​ക്കാ​രൻ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളും പുതി​യ​താ​യി പഠിച്ചു. അതി​ലൊ​ന്നാ​യി​രു​ന്നു യേശു​വാ​ണു മിശിഹ എന്ന സത്യം. (പ്രവൃ. 8:34, 35) യേശു തനിക്കു​വേണ്ടി ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ അദ്ദേഹ​ത്തി​നു ശരിക്കും സന്തോ​ഷ​മാ​യി. തുടർന്ന്‌ അദ്ദേഹം എന്താണു ചെയ്‌തത്‌? താൻ ആയിരി​ക്കുന്ന ജൂതമ​ത​ത്തിൽത്തന്നെ തുടരാൻ അദ്ദേഹ​ത്തി​നു തീരു​മാ​നി​ക്കാ​മാ​യി​രു​ന്നു. എന്നാൽ യഹോ​വ​യോ​ടും യേശു​വി​നോ​ടും ഉള്ള സ്‌നേഹം വളർന്ന​തു​കൊണ്ട്‌ അതനു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ തയ്യാറാ​യി. അങ്ങനെ യേശു​ക്രി​സ്‌തു​വി​ന്റെ ഒരു അനുഗാ​മി​യാ​യി സ്‌നാ​ന​മേൽക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. അദ്ദേഹ​ത്തിന്‌ അതിനുള്ള യോഗ്യ​ത​യു​ണ്ടെന്നു കണ്ടതു​കൊണ്ട്‌ ഫിലി​പ്പോസ്‌ അദ്ദേഹത്തെ സ്‌നാ​ന​പ്പെ​ടു​ത്തി.

7 ആ എത്യോ​പ്യ​ക്കാ​രന്റെ മാതൃക അനുക​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കും സ്‌നാ​ന​ത്തി​നുള്ള യോഗ്യ​ത​യിൽ എത്താം. അപ്പോൾ അദ്ദേഹ​ത്തെ​പ്പോ​ലെ​തന്നെ, “സ്‌നാ​ന​മേൽക്കാൻ ഇനി എനിക്ക്‌ എന്താണു തടസ്സം” എന്നു നിങ്ങൾക്കും പൂർണ​ബോ​ധ്യ​ത്തോ​ടെ പറയാ​നാ​കും. യോഗ്യ​ത​യിൽ എത്താൻ അദ്ദേഹം എന്തൊ​ക്കെ​യാ​ണു ചെയ്‌തത്‌? തുടർന്നും പഠിച്ചു​കൊ​ണ്ടി​രു​ന്നു, പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു, യഹോ​വ​യോ​ടുള്ള തന്റെ സ്‌നേഹം കൂടു​തൽക്കൂ​ടു​തൽ ശക്തമാ​ക്കാൻ ശ്രമിച്ചു. ഇതേ കാര്യങ്ങൾ നിങ്ങൾക്ക്‌ എങ്ങനെ ചെയ്യാം?

പഠനം തുടരുക

8. നമ്മൾ എന്തു ചെയ്യണ​മെ​ന്നാ​ണു യോഹ​ന്നാൻ 17:3 പറയു​ന്നത്‌?

8 യോഹ​ന്നാൻ 17:3 വായി​ക്കുക. ഈ വാക്യ​മാ​ണു ബൈബിൾ പഠിക്കാൻ തീരു​മാ​നി​ക്കു​ന്ന​തി​നു പലരെ​യും പ്രേരി​പ്പി​ച്ചത്‌. ഒരുപക്ഷേ നിങ്ങളു​ടെ കാര്യ​ത്തി​ലും അങ്ങനെ​യാ​യി​രി​ക്കാം. എന്നാൽ, നമ്മൾ തുടർന്നും പഠി​ക്കേ​ണ്ട​തു​ണ്ടോ? ഉണ്ട്‌. കാരണം, ‘ഏകസത്യ​ദൈ​വ​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌’ നേടു​ന്നത്‌ ഒരിക്ക​ലും തീരുന്ന ഒരു കാര്യമല്ല. (സഭാ. 3:11) നിത്യ​ത​യി​ലെ​ന്നും നമ്മൾ പഠിച്ചു​കൊ​ണ്ടേ​യി​രി​ക്കും. യഹോ​വ​യെ​ക്കു​റിച്ച്‌ എത്രയ​ധി​കം പഠിക്കു​ന്നോ അത്രയ​ധി​കം യഹോ​വ​യോട്‌ അടുക്കാൻ നമുക്കു കഴിയും.—സങ്കീ. 73:28.

9. അടിസ്ഥാന ബൈബിൾസ​ത്യ​ങ്ങൾ മനസ്സി​ലാ​ക്കി​യ​ശേഷം നമ്മൾ എന്തു ചെയ്യണം?

9 യഹോ​വ​യെ​ക്കു​റിച്ച്‌ പഠിച്ചു​തു​ട​ങ്ങു​മ്പോൾ നമ്മൾ ബൈബി​ളി​ലെ ചില അടിസ്ഥാ​നോ​പ​ദേ​ശങ്ങൾ മാത്ര​മാ​ണു പഠിക്കു​ന്നത്‌. എബ്രാ​യർക്ക്‌ എഴുതിയ കത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അതിനെ “അടിസ്ഥാ​ന​കാ​ര്യ​ങ്ങൾ” എന്നാണു വിളി​ച്ചത്‌. ആദ്യം പഠിക്കുന്ന കാര്യ​ങ്ങ​ളെന്ന നിലയിൽ പൗലോസ്‌ അവയെ വില കുറച്ച്‌ കണ്ടില്ല. വാസ്‌ത​വ​ത്തിൽ പൗലോസ്‌ അതിനെ കുഞ്ഞു​ങ്ങൾക്കു നൽകുന്ന പാലി​നോ​ടാ​ണു താരത​മ്യം ചെയ്‌തത്‌. അവരുടെ വളർച്ച​യ്‌ക്ക്‌ അതു വേണമ​ല്ലോ. (എബ്രാ. 5:12; 6:1) എന്നാൽ ദൈവ​വ​ച​ന​ത്തി​ലെ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ മാത്രം പഠിക്കാ​തെ കൂടുതൽ ആഴത്തി​ലുള്ള കാര്യങ്ങൾ പഠിക്കാ​നും അദ്ദേഹം ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ബൈബി​ളി​ലെ ആഴമേ​റിയ സത്യങ്ങൾ പഠിക്കാ​നുള്ള ഒരു ആഗ്രഹം നിങ്ങൾ വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടോ? യഹോ​വ​യെ​യും ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളെ​യും കുറിച്ച്‌ തുടർന്നു പഠിക്കാ​നും ആത്മീയ​മാ​യി വളരാ​നും നിങ്ങൾ തയ്യാറാ​ണോ?

10. പഠിക്കു​ന്നത്‌ എളുപ്പ​മ​ല്ലെന്നു പലർക്കും തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

10 പഠിക്കുക എന്നതു പലരു​ടെ​യും കാര്യ​ത്തിൽ അത്ര എളുപ്പമല്ല. നിങ്ങൾക്കോ? സ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾ, നന്നായി വായി​ക്കാ​നും പഠിക്കാ​നും നിങ്ങൾക്കു പരിശീ​ലി​ക്കാ​നാ​യോ? പഠനം ശരിക്കും ആസ്വദി​ച്ചി​ട്ടുള്ള, അതിന്റെ പ്രയോ​ജനം കിട്ടി​യി​ട്ടുള്ള ആളാണോ നിങ്ങൾ? അതോ പുസ്‌ത​ക​ത്തിൽനിന്ന്‌ വായിച്ച്‌ പഠിക്കു​ന്നതു പറ്റുന്ന കാര്യമല്ല എന്നാണോ തോന്നി​യി​ട്ടു​ള്ളത്‌? നിങ്ങ​ളെ​പ്പോ​ലെ​തന്നെ ചിന്തി​ക്കുന്ന പലരു​മുണ്ട്‌. ഒന്ന്‌ ഓർക്കുക: യഹോ​വ​യ്‌ക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. നമുക്കു കിട്ടാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും നല്ല അധ്യാ​പ​ക​നാണ്‌ യഹോവ.

11. യഹോവ ‘മഹാനായ ഉപദേ​ഷ്ടാ​വാണ്‌’ എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

11 “മഹാനായ ഉപദേ​ഷ്ടാവ്‌” എന്നാണ്‌ യഹോവ തന്നെക്കു​റി​ച്ചു​തന്നെ പറഞ്ഞി​രി​ക്കു​ന്നത്‌. (യശ. 30:20, 21) തന്റെ വിദ്യാർഥി​കളെ ശരിക്കും മനസ്സി​ലാ​ക്കുന്ന, നല്ല ക്ഷമയും ദയയും ഉള്ള ഒരു അധ്യാ​പ​ക​നാണ്‌ യഹോവ. തന്റെ ഓരോ വിദ്യാർഥി​യു​ടെ​യും നന്മ കാണാ​നാണ്‌ യഹോവ ശ്രമി​ക്കു​ന്നത്‌. (സങ്കീ. 130:3) നമ്മുടെ കഴിവിന്‌ അപ്പുറം യഹോവ ഒരിക്ക​ലും നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നു​മില്ല. ഇനി, എത്ര അതിശ​യ​ക​ര​മായ രീതി​യി​ലാണ്‌ യഹോവ നമ്മുടെ തലച്ചോറ്‌ സൃഷ്ടി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഒന്നു ചിന്തി​ക്കുക. (സങ്കീ. 139:14) പഠിക്കാ​നുള്ള സ്വാഭാ​വി​ക​മായ ഒരു ആഗ്രഹം നമു​ക്കെ​ല്ലാ​മുണ്ട്‌. നമ്മൾ എല്ലാ കാലവും പഠിച്ചു​കൊ​ണ്ടി​രി​ക്കാ​നും അത്‌ ആസ്വദി​ക്കാ​നും ആണ്‌ സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നത്‌. അതു​കൊണ്ട്‌ ബൈബിൾസ​ത്യ​ങ്ങൾ പഠിക്കാൻ ഇപ്പോൾത്തന്നെ ശക്തമായ ‘ആഗ്രഹം വളർത്തി​യെ​ടു​ക്കു​ന്നതു’ നന്നായി​രി​ക്കും. (1 പത്രോ. 2:2) നിങ്ങൾക്കു നേടി​യെ​ടു​ക്കാ​നാ​കുന്ന ലക്ഷ്യങ്ങൾ വെക്കുക. പതിവാ​യി ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യുക. (യോശു. 1:8) നിങ്ങളു​ടെ ആ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ക്കും. അങ്ങനെ യഹോ​വ​യെ​ക്കു​റിച്ച്‌ കൂടു​തൽക്കൂ​ടു​തൽ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നതു നിങ്ങൾ ആസ്വദി​ക്കും.

12. നമ്മൾ യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറിച്ച്‌ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

12 യേശു​വി​ന്റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറിച്ച്‌ ചിന്തി​ക്കാൻ പതിവാ​യി സമയം മാറ്റി​വെ​ക്കുക. യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ങ്കിൽ യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌, പ്രത്യേ​കിച്ച്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ ഈ സമയത്ത്‌. (1 പത്രോ. 2:21) തന്റെ അനുഗാ​മി​കൾക്കു പ്രശ്‌നങ്ങൾ ഉണ്ടാകു​മെന്നു യേശു തുറന്നു​പ​റഞ്ഞു. (ലൂക്കോ. 14:27, 28) എങ്കിലും അവർക്കു തന്നെ​പ്പോ​ലെ​തന്നെ വിജയി​ക്കാ​നാ​കു​മെന്ന കാര്യ​ത്തിൽ യേശു​വിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. (യോഹ. 16:33) അതു​കൊണ്ട്‌ യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റിച്ച്‌ നന്നായി പഠിക്കുക. ഓരോ ദിവസ​വും ചെയ്യുന്ന കാര്യ​ങ്ങ​ളിൽ ആ മാതൃക അനുക​രി​ക്കാൻ ലക്ഷ്യങ്ങൾ വെക്കുക.

13. യഹോ​വ​യോട്‌ എന്തിനു​വേണ്ടി അപേക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കണം, എന്തു​കൊണ്ട്‌?

13 കുറെ അറിവ്‌ നേടി​യ​തു​കൊണ്ട്‌ മാത്രം പ്രയോ​ജ​ന​മില്ല. അറിവ്‌ നേടു​ന്ന​തി​ന്റെ ഉദ്ദേശ്യം​തന്നെ, യഹോ​വ​യെ​ക്കു​റിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കു​ക​യും ദൈവ​ത്തോ​ടുള്ള സ്‌നേഹം, ദൈവ​ത്തി​ലുള്ള വിശ്വാ​സം എന്നിവ​പോ​ലുള്ള ഗുണങ്ങൾ വളർത്തി​യെ​ടു​ക്കു​ക​യും ചെയ്യുക എന്നതാണ്‌. (1 കൊരി. 8:1-3) അതു​കൊണ്ട്‌ പഠിക്കു​ന്ന​തോ​ടൊ​പ്പം വിശ്വാ​സം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​യും ചെയ്യണം. (ലൂക്കോ. 17:5) ഇത്തരത്തിൽ പ്രാർഥി​ക്കു​മ്പോൾ യഹോവ അതു കേൾക്കു​ക​യും ഉത്തരം തരുക​യും ചെയ്യും. ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള വിശ്വാ​സം കൂടുതൽ പുരോ​ഗതി വരുത്താൻ നമ്മളെ സഹായി​ക്കും.—യാക്കോ. 2:26.

പഠിക്കു​ന്ന​തി​നു ചേർച്ച​യിൽ പ്രവർത്തിക്കുക

പ്രളയ​ത്തി​നു മുമ്പ്‌ നോഹ​യും കുടും​ബ​വും തങ്ങൾ മനസ്സി​ലാ​ക്കിയ കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു (14-ാം ഖണ്ഡിക കാണുക)

14. പഠിക്കു​ന്ന​തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം പത്രോസ്‌ അപ്പോ​സ്‌തലൻ എടുത്തു​പ​റ​ഞ്ഞത്‌ എങ്ങനെ? (ചിത്ര​വും കാണുക.)

14 ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾ, പഠിക്കുന്ന കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു പത്രോസ്‌ അപ്പോ​സ്‌തലൻ എടുത്തു​പ​റഞ്ഞു. നോഹ​യെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം ഉപയോ​ഗി​ച്ചു​കൊ​ണ്ടാണ്‌ അദ്ദേഹം അതു പറഞ്ഞത്‌. ഒരു ജലപ്ര​ള​യ​ത്തി​ലൂ​ടെ അന്നുള്ള ദുഷ്ടന്മാ​രെ നശിപ്പി​ക്കു​മെന്ന്‌ യഹോവ നോഹ​യോ​ടു പറഞ്ഞു. ഒരു പ്രളയം വരു​മെന്ന്‌ അറിഞ്ഞ​തു​കൊണ്ട്‌ മാത്രം നോഹ​യ്‌ക്കും കുടും​ബ​ത്തി​നും ജീവൻ രക്ഷിക്കാ​നാ​കു​മാ​യി​രു​ന്നില്ല. മനസ്സി​ലാ​ക്കിയ കാര്യ​ങ്ങൾക്കു ചേർച്ച​യിൽ അവർ പ്രവർത്തി​ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. പ്രളയ​ത്തി​നു മുമ്പുള്ള ആ സമയ​ത്തെ​ക്കു​റിച്ച്‌ പത്രോസ്‌ പറഞ്ഞതു ശ്രദ്ധി​ക്കുക. നോഹ “പെട്ടകം പണിയുന്ന സമയത്ത്‌” എന്നാണ്‌ അദ്ദേഹം എഴുതി​യത്‌. (1 പത്രോ. 3:20) അതെ, നോഹ​യും കുടും​ബ​വും തങ്ങളുടെ രക്ഷയ്‌ക്കു​വേണ്ടി ഒരു പെട്ടകം, അതായത്‌ വലി​യൊ​രു കപ്പൽ, പണിതു. (എബ്രാ. 11:7) നോഹ ചെയ്‌ത​തി​നെ പത്രോസ്‌ അപ്പോ​സ്‌തലൻ സ്‌നാ​ന​ത്തോ​ടു താരത​മ്യ​പ്പെ​ടു​ത്തി. അദ്ദേഹം എഴുതി: “അതിനു സമാന​മാ​ണു സ്‌നാനം. . . . അതു . . . ഇപ്പോൾ നിങ്ങ​ളെ​യും രക്ഷിക്കു​ന്നു.” (1 പത്രോ. 3:21) നോഹ​യും കുടും​ബ​വും കുറെ കാലം​കൊണ്ട്‌ നല്ല ശ്രമം ചെയ്‌താ​ണു പെട്ടകം പണിതത്‌. ഒരർഥ​ത്തിൽ, സ്‌നാ​ന​ത്തി​നു തയ്യാറാ​കു​ന്ന​തി​നു നിങ്ങൾ ചെയ്യുന്ന ശ്രമവും അതു​പോ​ലെ​യാ​ണെന്നു പറയാം. സ്‌നാ​ന​ത്തി​നു​വേണ്ടി ഒരുങ്ങാൻ നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌?

15. ശരിക്കും മാനസാ​ന്ത​ര​പ്പെ​ട്ടെന്നു നമുക്ക്‌ എങ്ങനെ തെളി​യി​ക്കാം?

15 നമ്മൾ ആദ്യം​തന്നെ ചെയ്യേണ്ട ഒരു കാര്യം പാപങ്ങ​ളെ​ക്കു​റിച്ച്‌ ആത്മാർഥ​മാ​യി പശ്ചാത്ത​പി​ക്കുക എന്നതാണ്‌. അങ്ങനെ പശ്ചാത്ത​പി​ക്കു​ന്നതു മാനസാ​ന്ത​ര​പ്പെ​ടാൻ, അതായത്‌ ജീവി​ത​ത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ, സഹായി​ക്കും. (പ്രവൃ. 2:37, 38) പുകയില ഉപയോ​ഗി​ക്കു​ന്ന​തോ അധാർമി​ക​ജീ​വി​തം നയിക്കു​ന്ന​തോ സംസാ​ര​ത്തിൽ മോശം വാക്കുകൾ ഉപയോ​ഗി​ക്കു​ന്ന​തോ പോലുള്ള, യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന രീതി നിങ്ങൾക്കു​ണ്ടെ​ങ്കിൽ അതൊക്കെ ഉപേക്ഷി​ച്ചോ? (1 കൊരി. 6:9, 10; 2 കൊരി. 7:1; എഫെ. 4:29) അഥവാ ഇതുവരെ അങ്ങനെ ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ മാറ്റം​വ​രു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കുക. അതെക്കു​റിച്ച്‌ നിങ്ങളെ ബൈബിൾ പഠിപ്പി​ക്കുന്ന വ്യക്തി​യോ​ടു സംസാ​രി​ക്കുക. ഇക്കാര്യ​ത്തിൽ സഹായി​ക്കാ​മോ എന്നു സഭയിലെ മൂപ്പന്മാ​രോ​ടും ചോദി​ക്കാ​വു​ന്ന​താണ്‌. ഇനി, മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം താമസി​ക്കുന്ന ചെറു​പ്പ​ക്കാ​രാ​ണെ​ങ്കിൽ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു തടസ്സമാ​യേ​ക്കാ​വുന്ന ദുശ്ശീ​ല​ങ്ങ​ളിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ അവരുടെ സഹായം തേടുക.

16. ആത്മീയ​പ്ര​വർത്ത​നങ്ങൾ ചെയ്യു​ന്നത്‌ ഒരു ശീലമാ​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

16 ആത്മീയ​പ്ര​വർത്ത​നങ്ങൾ പതിവാ​യി ചെയ്യുന്ന ഒരു ശീലമു​ണ്ടാ​യി​രി​ക്കു​ന്ന​തും പ്രധാ​ന​മാണ്‌. മീറ്റി​ങ്ങു​കൾക്കു​പോ​കു​ന്ന​തും ഉത്തരങ്ങൾ പറയു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. (എബ്രാ. 10:24, 25) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ പങ്കെടു​ക്കാ​നുള്ള യോഗ്യ​ത​യിൽ എത്തിയി​ട്ടു​ണ്ടെ​ങ്കിൽ അതും പതിവാ​യി ചെയ്യുക. എത്ര കൂടു​ത​ലാ​യി അതു ചെയ്യു​ന്നോ അതനു​സ​രിച്ച്‌ നിങ്ങൾ അത്‌ ആസ്വദി​ക്കാ​നും തുടങ്ങും. (2 തിമൊ. 4:5) മാതാ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണു താമസി​ക്കു​ന്ന​തെ​ങ്കിൽ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക: ‘മീറ്റി​ങ്ങി​നും പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നും പോകാൻ മാതാ​പി​താ​ക്കൾ എന്നെ ഓർമി​പ്പി​ക്കേ​ണ്ടി​വ​രാ​റു​ണ്ടോ? അതോ ആരും നിർബ​ന്ധി​ക്കാ​തെ ഞാൻ അതു സ്വന്തമാ​യി ചെയ്യു​ന്ന​താ​ണോ?’ നിങ്ങൾതന്നെ മുൻ​കൈ​യെ​ടുത്ത്‌ അതു ചെയ്യു​മ്പോൾ നിങ്ങൾക്കു വിശ്വാ​സ​മു​ണ്ടെ​ന്നും യഹോ​വ​യോ​ടു സ്‌നേ​ഹ​വും നന്ദിയും ഉണ്ടെന്നും തെളി​യി​ക്കു​ക​യാണ്‌. ഇവ ‘ഭക്തിപൂർണ​മായ പ്രവൃ​ത്തി​ക​ളാണ്‌.’ യഹോ​വ​യ്‌ക്കു നിങ്ങൾ നൽകുന്ന സമ്മാനം! (2 പത്രോ. 3:11; എബ്രാ. 13:15) ആരും നിർബ​ന്ധി​ക്കാ​തെ മനസ്സോ​ടെ നമ്മുടെ ഏറ്റവും നല്ലതു നൽകു​മ്പോൾ അത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കും. (2 കൊരി​ന്ത്യർ 9:7 താരത​മ്യം ചെയ്യുക.) നമുക്കും സന്തോ​ഷ​മാ​കും. ആത്മീയ​പ്ര​വർത്ത​നങ്ങൾ പതിവാ​യി ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ ആ സന്തോ​ഷ​മാണ്‌.

യഹോ​വ​യോ​ടുള്ള സ്‌നേഹം കൂടുതൽ ശക്തമാക്കുക

17-18. സ്‌നാ​ന​ത്തി​നുള്ള യോഗ്യ​ത​യിൽ എത്താൻ തടസ്സമാ​യി​രു​ന്നേ​ക്കാ​വുന്ന കാര്യ​ങ്ങളെ മറിക​ട​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? (സുഭാ​ഷി​തങ്ങൾ 3:3-6)

17 സ്‌നാ​ന​ത്തി​നുള്ള യോഗ്യ​ത​യിൽ എത്താൻ നിങ്ങൾ പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ പല പ്രശ്‌ന​ങ്ങ​ളു​മു​ണ്ടാ​യേ​ക്കാം. പുതിയ വിശ്വാ​സ​ത്തി​ന്റെ പേരിൽ ആളുകൾ കളിയാ​ക്കി​യേ​ക്കാം. ചില​പ്പോൾ എതിർക്കു​ക​യോ ഉപദ്ര​വി​ക്കു​ക​യോ പോലും ചെയ്‌തേ​ക്കാം. (2 തിമൊ. 3:12) ഇനി, ഒരു ദുശ്ശീ​ലത്തെ മറിക​ട​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ വീണ്ടും അതി​ലേക്കു വീണു​പോ​യേ​ക്കാം. അതല്ലെ​ങ്കിൽ ലക്ഷ്യത്തി​ലെ​ത്താൻ വൈകു​ന്ന​തു​കൊണ്ട്‌ നിങ്ങൾക്കു നിരാശ തോന്നു​ക​യോ ക്ഷമ നശിക്കു​ക​യോ ചെയ്‌തേ​ക്കാം. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ പിടി​ച്ചു​നിൽക്കാൻ നിങ്ങളെ എന്തു സഹായി​ക്കും? യഹോ​വ​യോ​ടുള്ള സ്‌നേഹം.

18 നമുക്ക്‌ ഉണ്ടായി​രി​ക്കാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും വിലപ്പെട്ട ഒന്നാണ്‌ യഹോ​വ​യു​മാ​യുള്ള സ്‌നേ​ഹ​ബന്ധം. (സുഭാ​ഷി​തങ്ങൾ 3:3-6 വായി​ക്കുക.) അതു ശക്തമാ​ണെ​ങ്കിൽ ജീവി​ത​ത്തി​ലെ ഏതു പ്രശ്‌ന​ത്തെ​യും വിജയ​ക​ര​മാ​യി നേരി​ടാ​നാ​കും. തന്റെ ദാസന്മാ​രോ​ടുള്ള യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ പലയി​ട​ത്തും പറഞ്ഞി​ട്ടുണ്ട്‌. അതിന്റെ അർഥം യഹോവ തന്റെ ദാസന്മാ​രെ ഒരിക്ക​ലും ഉപേക്ഷി​ക്കു​ക​യോ സ്‌നേ​ഹി​ക്കു​ന്നതു നിറു​ത്തി​ക്ക​ള​യു​ക​യോ ചെയ്യില്ല എന്നാണ്‌. (സങ്കീ. 100:5) ദൈവ​ത്തി​ന്റെ ഛായയി​ലാ​ണു നിങ്ങളെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌. (ഉൽപ. 1:26) അതു​കൊണ്ട്‌ നിങ്ങൾക്കും ഈ ഗുണം അനുക​രി​ക്കാ​നാ​കും. അത്‌ എങ്ങനെ ചെയ്യാം?

ദിവസ​വും യഹോ​വ​യ്‌ക്കു നന്ദി പറയുക (19-ാം ഖണ്ഡിക കാണുക) b

19. യഹോവ ചെയ്‌തു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങൾക്കു കൂടുതൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ എന്തു ചെയ്യാം? (ഗലാത്യർ 2:20)

19 ആദ്യം​തന്നെ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ പഠിക്കുക. (1 തെസ്സ. 5:18) ദിവസ​വും നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘യഹോവ എന്നോട്‌ എങ്ങനെ​യാ​ണു സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നത്‌?’ എന്നിട്ട്‌ യഹോവ ചെയ്‌തു​ത​ന്നി​രി​ക്കുന്ന ഓരോ കാര്യ​വും എടുത്തു​പ​റഞ്ഞ്‌ പ്രാർഥ​ന​യിൽ നന്ദി പറയുക. അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലെ യഹോവ സ്‌നേ​ഹ​ത്തോ​ടെ ചെയ്‌തി​രി​ക്കുന്ന ഓരോ കാര്യ​ത്തെ​യും നമുക്കു​വേണ്ടി തന്നിരി​ക്കുന്ന വ്യക്തി​പ​ര​മായ സമ്മാന​മാ​യി കാണുക. (ഗലാത്യർ 2:20 വായി​ക്കുക.) നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ​യും ചോദി​ക്കുക: ‘തിരിച്ച്‌ യഹോ​വ​യോ​ടുള്ള എന്റെ സ്‌നേഹം കാണി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു​ണ്ടോ?’ യഹോ​വ​യോ​ടുള്ള സ്‌നേഹം പ്രലോ​ഭ​ന​ങ്ങളെ ചെറു​ത്തു​നിൽക്കാ​നും പ്രശ്‌ന​ങ്ങളെ വിജയ​ക​ര​മാ​യി നേരി​ടാ​നും നിങ്ങളെ സഹായി​ക്കും. കൂടാതെ ആത്മീയ​പ്ര​വർത്ത​നങ്ങൾ മുടക്കം കൂടാതെ ചെയ്യാ​നും എപ്പോ​ഴും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നെന്നു തെളി​യി​ക്കാ​നും അതു നിങ്ങളെ പ്രേരി​പ്പി​ക്കും.

20. യഹോ​വ​യ്‌ക്കു സമർപ്പി​ക്കാൻ നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌, ആ തീരു​മാ​നം എത്ര പ്രധാ​ന​മാണ്‌?

20 അങ്ങനെ കുറച്ച്‌ കാലം കഴിയു​മ്പോൾ യഹോ​വ​യോ​ടുള്ള സ്‌നേഹം പ്രത്യേ​ക​മാ​യൊ​രു പ്രാർഥന നടത്താൻ നിങ്ങളെ പ്രേരി​പ്പി​ക്കും, നിങ്ങ​ളെ​ത്തന്നെ ദൈവ​ത്തി​നു സമർപ്പി​ച്ചു​കൊ​ണ്ടുള്ള ഒരു പ്രാർഥന. ഒരിക്കൽ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു​ക​ഴി​ഞ്ഞാൽ എന്നെന്നും യഹോ​വ​യു​ടെ സ്വന്തമാ​യി​രി​ക്കാ​നുള്ള വലി​യൊ​രു അവസരം നിങ്ങൾക്കു തുറന്നു​കി​ട്ടും. അങ്ങനെ സമർപ്പി​ക്കുന്ന ഒരു വ്യക്തി, കാര്യ​ങ്ങ​ളൊ​ക്കെ നന്നായി പോകു​മ്പോ​ഴും അല്ലാത്ത​പ്പോ​ഴും വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ച്ചു​കൊ​ള്ളാ​മെന്നു വാക്കു കൊടു​ക്കു​ക​യാണ്‌. യഹോ​വ​യ്‌ക്കു കൊടു​ക്കുന്ന ആ വാക്ക്‌ എല്ലാ കാല​ത്തേ​ക്കു​മു​ള്ള​താണ്‌. അതു വീണ്ടും പുതു​ക്കേ​ണ്ട​തില്ല. ദൈവ​ത്തി​നു നമ്മളെ​ത്തന്നെ സമർപ്പി​ക്കു​മ്പോൾ നമ്മൾ പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കു​ക​യാണ്‌. ഓർക്കുക: നിങ്ങൾ ജീവി​ത​ത്തിൽ പലപല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നുണ്ട്‌, അവയിൽ ചിലതു വളരെ നല്ലതു​മാ​യി​രി​ക്കാം. പക്ഷേ യഹോ​വ​യ്‌ക്കു നിങ്ങളു​ടെ ജീവിതം സമർപ്പി​ക്കാൻ എടുക്കുന്ന തീരു​മാ​ന​ത്തെ​ക്കാൾ മികച്ച മറ്റൊ​ന്നില്ല. (സങ്കീ. 50:14) എന്നാൽ ദൈവ​ത്തോ​ടുള്ള നമ്മുടെ സ്‌നേ​ഹ​ത്തി​നു കുറവ്‌ വരുത്താ​നാ​ണു സാത്താൻ ശ്രമി​ക്കു​ന്നത്‌. കാരണം അങ്ങനെ​വ​ന്നാൽ നമ്മൾ വിശ്വ​സ്‌തത ഉപേക്ഷി​ച്ചേ​ക്കു​മെന്ന്‌ അവന്‌ അറിയാം. സാത്താൻ ജയിക്കാൻ ഒരിക്ക​ലും സമ്മതി​ക്ക​രുത്‌! (ഇയ്യോ. 27:5) യഹോ​വ​യോ​ടുള്ള ശക്തമായ സ്‌നേഹം സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാ​നും സ്വർഗീ​യ​പി​താ​വി​നോ​ടു കൂടുതൽ അടുക്കാ​നും നിങ്ങളെ സഹായി​ക്കും.

21. സ്‌നാനം ഒരു അവസാ​നമല്ല, തുടക്ക​മാണ്‌ എന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

21 യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ച്ചു​ക​ഴി​ഞ്ഞാൽ അടുത്ത​താ​യി നിങ്ങൾ ചെയ്യേണ്ട പ്രധാ​ന​പ്പെട്ട കാര്യ​ത്തെ​ക്കു​റിച്ച്‌ സഭയിലെ മൂപ്പന്മാ​രോ​ടു സംസാ​രി​ക്കുക. എന്നാൽ ഒരു കാര്യം ഓർക്കാം: സ്‌നാനം ഒരു അവസാ​നമല്ല, തുടക്ക​മാണ്‌; യഹോ​വയെ എന്നെന്നും സേവി​ക്കു​ന്ന​തി​ന്റെ തുടക്കം. അതു​കൊണ്ട്‌ സ്വർഗീ​യ​പി​താ​വി​നോ​ടുള്ള സ്‌നേഹം ഇപ്പോൾത്തന്നെ ശക്തമാ​ക്കുക. ആ സ്‌നേഹം ഓരോ ദിവസ​വും കൂടു​തൽക്കൂ​ടു​തൽ ശക്തമാ​കാൻ സഹായി​ക്കുന്ന ലക്ഷ്യങ്ങൾ വെച്ച്‌ പ്രവർത്തി​ക്കുക. അങ്ങനെ​യൊ​ക്കെ ചെയ്യു​ന്നതു സ്‌നാ​ന​മേൽക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കും. അതു വലിയ സന്തോ​ഷ​ത്തി​ന്റെ ഒരു ദിവസ​മാ​യി​രി​ക്കും. എന്നാൽ അതൊരു തുടക്കം മാത്ര​മാണ്‌. യഹോ​വ​യോ​ടും പുത്ര​നായ യേശു​വി​നോ​ടും ഉള്ള നിങ്ങളു​ടെ സ്‌നേഹം എന്നെന്നും വളർന്നു​കൊ​ണ്ടി​രി​ക്കട്ടെ!

ഗീതം 135 യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തോ​ടെ​യുള്ള അപേക്ഷ: ‘മകനേ, നീ ജ്ഞാനി​യാ​യി​രിക്ക’

a സ്‌നാനത്തിനുള്ള യോഗ്യ​ത​യിൽ എത്താൻ നമ്മളെ പ്രേരി​പ്പി​ക്കേണ്ട ചില കാര്യ​ങ്ങ​ളുണ്ട്‌. എന്നാൽ അതിനു പുറമേ, നമ്മൾ ചെയ്യേണ്ട ചില കാര്യ​ങ്ങ​ളു​മുണ്ട്‌. സ്‌നാ​ന​ത്തി​നുള്ള യോഗ്യ​ത​യിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ ഒരു ബൈബിൾവി​ദ്യാർഥി എന്തൊക്കെ ചെയ്യണം? അതെക്കു​റിച്ച്‌ എത്യോ​പ്യ​ക്കാ​ര​നായ കൊട്ടാ​രോ​ദ്യോ​ഗ​സ്ഥന്റെ മാതൃ​ക​യിൽനിന്ന്‌ നമ്മൾ പഠിക്കും.

b ചിത്രത്തിന്റെ വിവരണം: യഹോവ തനിക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങൾക്ക്‌ എത്രമാ​ത്രം നന്ദിയു​ണ്ടെന്നു ചെറു​പ്പ​ക്കാ​രി​യായ ഒരു സഹോ​ദരി പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറയുന്നു.