പഠനലേഖനം 20
നമുക്ക് എങ്ങനെ കുറെക്കൂടി നല്ല രീതിയിൽ പ്രാർഥിക്കാം?
“ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!”—സങ്കീ. 62:8.
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
ചുരുക്കം a
1. തന്റെ ആരാധകർ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്? (ചിത്രവും കാണുക.)
ആശ്വാസം വേണ്ടപ്പോഴോ എന്തു ചെയ്യണമെന്ന് അറിയാത്തപ്പോഴോ സഹായത്തിനായി നമ്മൾ ആരിലേക്കായിരിക്കും നോക്കുക. തീർച്ചയായും നമ്മളെല്ലാം യഹോവയോടു പ്രാർഥിക്കും. ‘ഇടവിടാതെ പ്രാർഥിക്കാനാണു’ ബൈബിൾ പറയുന്നത്. (1 തെസ്സ. 5:17) അതുകൊണ്ട് നമ്മൾ അങ്ങനെ ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണ്. ജീവിതത്തിലെ ഏതു സാഹചര്യത്തിലും സഹായത്തിനും മാർഗനിർദേശത്തിനും ആയി നമുക്കു ദൈവത്തെ സമീപിക്കാനാകും. (സുഭാ. 3:5, 6) എത്ര കൂടെക്കൂടെ പ്രാർഥിക്കാം എന്നതിനു ദൈവം പരിധിയൊന്നും വെച്ചിട്ടില്ല. കാരണം, നമുക്കുവേണ്ടി എത്ര സമയം വേണമെങ്കിലും തരാൻ ദൈവത്തിന് ഒരു മടിയുമില്ല.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ദൈവത്തോടു പ്രാർഥിക്കാനാകുന്നത് എത്ര വലിയൊരു അനുഗ്രഹമാണ്! എങ്കിലും, പലപല തിരക്കുകൾക്കിടയിൽ പ്രാർഥിക്കാൻ സമയം കണ്ടെത്തുന്നത് എപ്പോഴും അത്ര എളുപ്പമല്ല. ഇനി, എങ്ങനെ കുറെക്കൂടി നന്നായി പ്രാർഥിക്കാമെന്നും നമ്മൾ ചിന്തിച്ചേക്കാം. ഈ രണ്ടു പ്രശ്നങ്ങൾക്കുമുള്ള പരിഹാരത്തെക്കുറിച്ച് തിരുവെഴുത്തുകൾ പറയുന്നുണ്ട്. പ്രാർഥനയ്ക്കു സമയം കണ്ടെത്തുന്ന കാര്യത്തിൽ യേശുവിന്റെ മാതൃക നമ്മളെ എങ്ങനെ സഹായിക്കുമെന്ന് ഈ ലേഖനത്തിൽ കാണും. കൂടാതെ നമ്മുടെ പ്രാർഥന മെച്ചപ്പെടുത്താൻ അതിൽ ഉൾപ്പെടുത്താവുന്ന അഞ്ചു കാര്യങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും.
പ്രാർഥിക്കാൻ യേശു സമയം മാറ്റിവെച്ചു
3. പ്രാർഥനയെക്കുറിച്ച് യേശു എന്താണു മനസ്സിലാക്കിയത്?
3 നമ്മുടെ പ്രാർഥനകൾ യഹോവയ്ക്കു വളരെ വിലപ്പെട്ടതാണെന്നു യേശുവിന് അറിയാമായിരുന്നു. പിതാവിന്റെകൂടെ സ്വർഗത്തിലായിരുന്ന സമയത്ത് വിശ്വസ്തദാസരുടെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം നൽകുന്നതു യേശു കണ്ടിട്ടുണ്ട്. ഉദാഹരണത്തിന്, ഹന്നയുടെയും ദാവീദിന്റെയും ഏലിയയുടെയും അതുപോലെ മറ്റു പലരുടെയും ആത്മാർഥമായ പ്രാർഥനകൾക്ക് യഹോവ ഉത്തരം കൊടുത്തപ്പോൾ യേശു കൂടെയുണ്ടായിരുന്നു. (1 ശമു. 1:10, 11, 20; 1 രാജാ. 19:4-6; സങ്കീ. 32:5) അതുകൊണ്ടാണ് ഒരു മടിയും വിചാരിക്കാതെ, കൂടെക്കൂടെ പ്രാർഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്.—മത്താ. 7:7-11.
4. യേശുവിന്റെ പ്രാർഥനകളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം?
4 പ്രാർഥനയുടെ കാര്യത്തിൽ യേശു ശിഷ്യന്മാർക്കു നല്ലൊരു മാതൃക കാണിച്ചുകൊടുത്തു. തന്റെ ശുശ്രൂഷക്കാലത്തെല്ലാം യേശു കൂടെക്കൂടെ പ്രാർഥിച്ചു. ധാരാളം ആളുകൾ എപ്പോഴും കൂടെയുണ്ടായിരുന്നതുകൊണ്ടും ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നതുകൊണ്ടും പ്രാർഥിക്കാൻ യേശുവിനു പ്രത്യേകസമയം മാറ്റിവെക്കണമായിരുന്നു. (മർക്കോ. 6:31, 45, 46) അതുകൊണ്ട് ഒറ്റയ്ക്ക് ഇരുന്ന് പ്രാർഥിക്കാനായി യേശു ചിലപ്പോഴൊക്കെ അതിരാവിലെ എഴുന്നേൽക്കുമായിരുന്നു. (മർക്കോ. 1:35) കുറഞ്ഞത് ഒരു തവണയെങ്കിലും പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നതിനു മുമ്പ് യേശു രാത്രി മുഴുവൻ പ്രാർഥിച്ചു. (ലൂക്കോ. 6:12, 13) ഇനി, തന്റെ മരണത്തിന്റെ തലേ രാത്രി യേശു പല തവണ പ്രാർഥിച്ചു. കാരണം ഭൂമിയിലെ തന്റെ നിയമനത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണു താൻ ചെയ്യാൻപോകുന്നതെന്നു യേശുവിന് അറിയാമായിരുന്നു.—മത്താ. 26:39, 42, 44.
5. പ്രാർഥനയുടെ കാര്യത്തിൽ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
5 എത്ര തിരക്കുണ്ടെങ്കിലും പ്രാർഥിക്കാനായി സമയം മാറ്റിവെക്കണമെന്നു യേശുവിന്റെ മാതൃക നമ്മളെ പഠിപ്പിക്കുന്നു. അതിനുവേണ്ടി നമ്മൾ ചിലപ്പോൾ യേശുവിനെപ്പോലെ അതിരാവിലെ എഴുന്നേൽക്കുകയോ രാത്രിയിൽ വൈകി ഉറങ്ങുകയോ ചെയ്യേണ്ടതുണ്ടായിരിക്കും. അങ്ങനെ ചെയ്യുമ്പോൾ പ്രാർഥന എന്ന സമ്മാനം തന്നതിനു യഹോവയോടു നന്ദിയുണ്ടെന്നു നമ്മൾ തെളിയിക്കുകയായിരിക്കും. ആദ്യമായിട്ടു പ്രാർഥനയെക്കുറിച്ച് മനസ്സിലാക്കിയപ്പോൾ ലിൻ എന്നു പേരുള്ള സഹോദരിക്കു വളരെ വിലമതിപ്പു തോന്നി. സഹോദരി പറയുന്നു: “യഹോവയോട് എനിക്ക് എപ്പോൾ വേണമെങ്കിലും പ്രാർഥിക്കാമെന്ന് അറിഞ്ഞപ്പോൾ യഹോവയെ വളരെ അടുത്ത ഒരു സുഹൃത്തായി കാണാൻ കഴിഞ്ഞു. എന്റെ പ്രാർഥന കുറെക്കൂടി മെച്ചപ്പെടുത്താനും എനിക്ക് ആഗ്രഹം തോന്നി.” നമ്മളിൽ പലർക്കും അങ്ങനെ തോന്നുന്നുണ്ടാകും. അതുകൊണ്ട് പ്രാർഥനയിൽ ഉൾപ്പെടുത്താനാകുന്ന പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇനി നോക്കാം.
പ്രാർഥനയിൽ ഉൾപ്പെടുത്താവുന്ന പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ
6. വെളിപാട് 4:10, 11 അനുസരിച്ച് എന്തു ലഭിക്കാൻ യഹോവ യോഗ്യനാണ്?
6 യഹോവയെ സ്തുതിക്കുക. സ്വർഗത്തിലുള്ള 24 മൂപ്പന്മാർ യഹോവയെ ആരാധിക്കുന്നതായി ഒരു ദർശനത്തിൽ അപ്പോസ്തലനായ യോഹന്നാൻ കണ്ടു. “മഹത്ത്വവും ബഹുമാനവും ശക്തിയും” ലഭിക്കാൻ യഹോവ യോഗ്യനാണെന്നു പറഞ്ഞുകൊണ്ട് അവർ ദൈവത്തെ സ്തുതിച്ചു. (വെളിപാട് 4:10, 11 വായിക്കുക.) വിശ്വസ്തരായ ദൂതന്മാർക്കും യഹോവയെ സ്തുതിക്കാൻ ഒരുപാടു കാരണങ്ങളുണ്ട്. അവർ യഹോവയോടൊപ്പം സ്വർഗത്തിലായതുകൊണ്ട് അവർക്കു യഹോവയെ അടുത്ത് അറിയാം. യഹോവ ചെയ്യുന്ന ഓരോ കാര്യത്തിലും യഹോവയുടെ ഗുണങ്ങൾ അവർക്കു കാണാൻ കഴിയും. അത് യഹോവയെ സ്തുതിക്കാൻ അവരെ പ്രേരിപ്പിക്കുന്നു.—ഇയ്യോ. 38:4-7.
7. യഹോവയെ സ്തുതിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?
7 നമ്മളും പ്രാർഥനയിൽ യഹോവയെ സ്തുതിക്കേണ്ടതുണ്ട്. യഹോവയിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്താണ്, യഹോവയോടു നന്ദി തോന്നാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം എടുത്തുപറഞ്ഞുകൊണ്ട് അതു ചെയ്യാനാകും. ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ യഹോവയുടെ ഗുണങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്നും തന്റെ പ്രവൃത്തികളിലൂടെ യഹോവ അത് എങ്ങനെയാണു കാണിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാൻ ശ്രമിക്കുക. (ഇയ്യോ. 37:23; റോമ. 11:33) എന്നിട്ട് അതെക്കുറിച്ച് എന്താണു തോന്നുന്നതെന്നു യഹോവയോടു പറയുക. ഇനി, യഹോവ നമുക്കും മറ്റു സഹോദരങ്ങൾക്കും വേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കായും യഹോവയെ സ്തുതിക്കാം. യഹോവ എല്ലായ്പോഴും നമുക്കുവേണ്ടി കരുതുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടല്ലോ.—1 ശമു. 1:27; 2:1, 2.
8. യഹോവയോടു നന്ദി പറയാൻ നമുക്കുള്ള ചില കാരണങ്ങൾ ഏതൊക്കെയാണ്? (1 തെസ്സലോനിക്യർ 5:18)
8 യഹോവയോടു നന്ദി പറയുക. പ്രാർഥിക്കുമ്പോൾ യഹോവയോടു നന്ദി പറയാൻ നമുക്ക് ഒരുപാടു കാരണങ്ങളുണ്ട്. (1 തെസ്സലോനിക്യർ 5:18 വായിക്കുക.) നമ്മൾ ആസ്വദിക്കുന്ന എല്ലാ നന്മകൾക്കും ദൈവത്തോടു നന്ദി പറയാൻ കഴിയും. കാരണം, അതെല്ലാം വരുന്നത് യഹോവയിൽനിന്നാണല്ലോ. (യാക്കോ. 1:17) ഉദാഹരണത്തിന്, മനോഹരമായ ഈ ഭൂമിക്കും അതിലെ അതിശയിപ്പിക്കുന്ന സൃഷ്ടികൾക്കും എല്ലാം നമുക്കു ദൈവത്തോടു നന്ദി പറയാം. നമ്മുടെ ജീവൻ, കുടുംബം, കൂട്ടുകാർ, നമുക്കുള്ള പ്രത്യാശ എന്നിവയ്ക്കും നന്ദി പറയാം. യഹോവയുടെ ഒരു സുഹൃത്തായിരിക്കാൻ നമ്മളെ അനുവദിച്ചിരിക്കുന്നതിനും നന്ദി പറയാൻ നമ്മൾ ആഗ്രഹിക്കുന്നു.
9. യഹോവയോടു നന്ദിയുള്ളവരായിരിക്കാൻ നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
9 യഹോവയോടു നന്ദി പറയാൻ നമുക്ക് ഓരോരുത്തർക്കുമുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനു ചിലപ്പോൾ പ്രത്യേകശ്രമം ചെയ്യേണ്ടതുണ്ടായിരിക്കാം. കാരണം, നമ്മൾ ജീവിക്കുന്നതു നന്ദിയില്ലാത്ത ആളുകൾ നിറഞ്ഞ ഒരു ലോകത്താണ്. തങ്ങൾക്ക് ഉള്ള കാര്യങ്ങൾക്കു നന്ദി കാണിക്കുന്നതിനു പകരം, ഇനി എന്തു കിട്ടും എന്നതു മാത്രമാണ് അവരുടെ ചിന്ത. ആ മനോഭാവം നമ്മളിലേക്കു കടന്നുവന്നാൽ, പ്രാർഥന നമുക്കു വേണ്ട കാര്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് മാത്രമായിത്തീർന്നേക്കാം. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ, യഹോവ നമുക്കുവേണ്ടി ചെയ്തുതരുന്ന കാര്യങ്ങൾക്കു നന്ദിയുള്ളവരായിരിക്കാനും നന്ദി കാണിക്കാനും നമ്മൾ പഠിക്കേണ്ടതുണ്ട്.—ലൂക്കോ. 6:45.
10. നന്ദിയുള്ളവളായിരുന്നതു സഹിച്ചുനിൽക്കാൻ ഒരു സഹോദരിയെ സഹായിച്ചത് എങ്ങനെ? (ചിത്രവും കാണുക.)
10 നന്ദിയുള്ളവരായിരിക്കുന്നതു പ്രയാസസാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും. 2015 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിൽ വന്ന ക്യൂങ്-സൂക്ക് സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. സഹോദരിയുടെ ശ്വാസകോശത്തിൽ മാരകമായ ക്യാൻസർ പിടിപെട്ടു. അതെക്കുറിച്ച് സഹോദരി പറഞ്ഞത് ഇങ്ങനെയാണ്: “ഈ ആരോഗ്യപ്രശ്നം എന്നെ തകർത്തുകളഞ്ഞു. എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ . . . ! ഞാൻ വല്ലാതെ ഭയന്നുപോയി.” ഈ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സഹോദരിയെ സഹായിച്ചത് എന്താണ്? ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് സഹോദരി വീടിനു മുകളിൽ പോയി നിന്ന് ആ ദിവസം ലഭിച്ച അഞ്ച് അനുഗ്രഹങ്ങൾ എടുത്തുപറഞ്ഞ് ഉച്ചത്തിൽ ദൈവത്തിനു നന്ദി പറയുമായിരുന്നു. അതു സഹോദരിക്കു വലിയ ആശ്വാസം നൽകി. യഹോവയെ താൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു തെളിയിക്കാൻ അതു സഹോദരിയെ പ്രേരിപ്പിക്കുകയും ചെയ്തു. പരിശോധനകൾ നിറഞ്ഞ സാഹചര്യങ്ങളിൽ യഹോവ എങ്ങനെയാണു തന്റെ ദാസരെ താങ്ങുന്നതെന്നു സഹോദരി അനുഭവിച്ചറിഞ്ഞു. നമ്മുടെയെല്ലാം ജീവിതത്തിൽ പ്രശ്നങ്ങളെക്കാൾ പതിന്മടങ്ങ് അനുഗ്രഹങ്ങളാണുള്ളതെന്നു തിരിച്ചറിയാനും സഹോദരിക്കായി. പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും യഹോവയ്ക്കു നന്ദി പറയാൻ ക്യൂങ്-സൂക്കിനെപ്പോലെ നമുക്കും ധാരാളം കാരണങ്ങളുണ്ട്. പ്രാർഥനയിൽ യഹോവയോടു നന്ദി പറയുന്ന ഒരു രീതി നമുക്കുണ്ടെങ്കിൽ, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും സന്തോഷം നിലനിറുത്താനും നമുക്കാകും.
11. യേശു സ്വർഗത്തിലേക്കു പോയതിനു ശേഷം ശിഷ്യന്മാർക്കു നല്ല ധൈര്യം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
11 പ്രസംഗപ്രവർത്തനം ചെയ്യാനുള്ള ധൈര്യത്തിനായി യഹോവയോട് അപേക്ഷിക്കുക. യേശു സ്വർഗത്തിലേക്കു പോകുന്നതിനു തൊട്ടുമുമ്പ് “യരുശലേമിലും യഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെയും” തന്നെക്കുറിച്ച് ആളുകളോടു പറയാനുള്ള നിയമനത്തെപ്പറ്റി ശിഷ്യന്മാരെ ഓർമിപ്പിച്ചു. (പ്രവൃ. 1:8; ലൂക്കോ. 24:46-48) പക്ഷേ, അധികം താമസിയാതെ ജൂതനേതാക്കന്മാർ അപ്പോസ്തലന്മാരായ പത്രോസിനെയും യോഹന്നാനെയും അറസ്റ്റ് ചെയ്ത് സൻഹെദ്രിന്റെ മുമ്പാകെ കൊണ്ടുവന്നിട്ട് പ്രസംഗപ്രവർത്തനം നിറുത്താൻ ആവശ്യപ്പെട്ടു. അവരെ ഭീഷണിപ്പെടുത്തുകപോലും ചെയ്തു. (പ്രവൃ. 4:18, 21) എന്നാൽ പത്രോസും യോഹന്നാനും എങ്ങനെയാണു പ്രതികരിച്ചത്?
12. പ്രവൃത്തികൾ 4:29, 31 പറയുന്നതുപോലെ ശിഷ്യന്മാർ എന്തു ചെയ്തു?
12 ജൂതമതനേതാക്കന്മാർ ഭീഷണിപ്പെടുത്തിയപ്പോൾ മറുപടിയായി പത്രോസും യോഹന്നാനും ഇങ്ങനെ പറഞ്ഞു: “ദൈവത്തിനു പകരം നിങ്ങളെ അനുസരിക്കുന്നതു ദൈവമുമ്പാകെ ശരിയാണോ? നിങ്ങൾതന്നെ ചിന്തിച്ചുനോക്കൂ. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” (പ്രവൃ. 4:19, 20) പത്രോസിനെയും യോഹന്നാനെയും വിട്ടയച്ചശേഷം ശിഷ്യന്മാർ എല്ലാവരുംകൂടെ ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള ശക്തിക്കായി യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ടിരിക്കാൻ അങ്ങയുടെ ഈ ദാസരെ പ്രാപ്തരാക്കേണമേ.” അവരുടെ ഉള്ളുരുകിയുള്ള ആ പ്രാർഥനയ്ക്ക് യഹോവ ഉത്തരം കൊടുത്തു.—പ്രവൃത്തികൾ 4:29, 31 വായിക്കുക.
13. ജിൻ-ഹ്യൂക്കിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 പ്രസംഗപ്രവർത്തനം നിറുത്താൻ അധികാരികൾ ആവശ്യപ്പെട്ടാലും അതു തുടർന്നും ചെയ്തുകൊണ്ട് നമുക്ക് അപ്പോസ്തലന്മാരുടെ മാതൃക അനുകരിക്കാം. സൈന്യത്തിൽ ചേരാതിരുന്നതു കാരണം ജയിലിലാകേണ്ടിവന്ന ജിൻ-ഹ്യൂക്ക് സഹോദരന്റെ അനുഭവം നോക്കുക. ഏകാന്തതടവിലായിരുന്ന ചില ജയിൽപ്പുള്ളികൾക്കു ഭക്ഷണവും മറ്റു സാധനങ്ങളും എത്തിച്ചുകൊടുക്കുന്നതായിരുന്നു ജയിലിൽ അദ്ദേഹത്തിന്റെ ജോലി. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ ബൈബിൾവിഷയങ്ങളോ മറ്റ് എന്തെങ്കിലുമോ അവരോടു സംസാരിക്കാൻ സഹോദരന് അനുവാദമില്ലായിരുന്നു. അതുകൊണ്ട് കിട്ടുന്ന എല്ലാ അവസരങ്ങളിലും ധൈര്യത്തോടെ, നയപൂർവം സത്യം സംസാരിക്കാൻ സഹായിക്കണേ എന്ന് അദ്ദേഹം പ്രാർഥിച്ചു. (പ്രവൃ. 5:29) സഹോദരൻ പറയുന്നു: “യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകി. അങ്ങനെ ജയിൽമുറികളുടെ വാതിൽക്കൽ നിന്ന് അഞ്ചു മിനിട്ടുകൊണ്ട് നടത്തുന്ന പല ബൈബിൾപഠനങ്ങൾ തുടങ്ങാനുള്ള ധൈര്യവും ജ്ഞാനവും എനിക്കു കിട്ടി. എന്നിട്ട് രാത്രിയിൽ ഞാൻ ഇരുന്ന് അടുത്ത ദിവസം അവർക്കു കൊടുക്കാനുള്ള കത്തുകൾ എഴുതുമായിരുന്നു.” പ്രസംഗപ്രവർത്തനം ചെയ്യാൻ യഹോവ നമ്മളെയും സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. ജിൻ-ഹ്യൂക്കിനെപ്പോലെ ധൈര്യത്തിനും ജ്ഞാനത്തിനും വേണ്ടി നമുക്കും പ്രാർഥിക്കാം.
14. പ്രശ്നങ്ങളെ നേരിടാൻ നമ്മളെ എന്തു സഹായിക്കും? (സങ്കീർത്തനം 37:3, 5)
14 പ്രശ്നങ്ങളെ നേരിടാനുള്ള സഹായത്തിനായി യഹോവയോടു അപേക്ഷിക്കുക. നമ്മളിൽ പലരും ശാരീരികവും മാനസികവും ആയ വിഷമങ്ങൾ അനുഭവിക്കുന്നവരാണ്. മറ്റു ചിലർക്കു പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇനി, വേറേ ചിലർ കുടുംബപ്രശ്നങ്ങളോ ഉപദ്രവമോ മറ്റു ബുദ്ധിമുട്ടുകളോ നേരിടുന്നവരാകാം. മഹാമാരിയും യുദ്ധങ്ങളും ഇത്തരം പ്രശ്നങ്ങൾ സഹിച്ചുനിൽക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സങ്കടങ്ങളും വിഷമങ്ങളും എല്ലാം യഹോവയോടു തുറന്നുപറയുക, ഒരു അടുത്ത സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ. യഹോവ “നിനക്കുവേണ്ടി പ്രവർത്തിക്കും” എന്ന വാക്കുകളിൽ വിശ്വാസമുണ്ടായിരിക്കുക.—സങ്കീർത്തനം 37:3, 5 വായിക്കുക.
15. ‘കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ’ പ്രാർഥന എങ്ങനെയാണു സഹായിക്കുന്നത്? ഒരു അനുഭവം പറയുക.
15 മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുന്നതു ‘കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ’ നമ്മളെ സഹായിക്കും. (റോമ. 12:12) തന്റെ ദാസന്മാർ ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണു കടന്നു പോകുന്നതെന്ന് യഹോവയ്ക്ക് അറിയാം. “സഹായത്തിനായുള്ള അവരുടെ നിലവിളി” ദൈവം കേൾക്കുന്നുണ്ട്. (സങ്കീ. 145:18, 19) അതു സത്യമാണെന്ന് 29 വയസ്സുള്ള മുൻനിരസേവികയായ ക്രിസ്റ്റി അനുഭവിച്ചറിഞ്ഞു. പെട്ടെന്നാണു സഹോദരിക്കു ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്. അതോടെ സഹോദരി കടുത്ത നിരാശയിലായി. കുറച്ച് നാളുകൾക്കുശേഷം സഹോദരിയുടെ അമ്മയ്ക്കും ഒരു രോഗമുണ്ടെന്നു കണ്ടെത്തി. അമ്മ മരിച്ചുപോകുമെന്ന് ഏകദേശം ഉറപ്പായിരുന്നു. ആ സമയത്ത് സഹോദരിയെ എന്താണു സഹായിച്ചത്? ക്രിസ്റ്റി പറയുന്നു: “ഓരോ ദിവസവും പിടിച്ചുനിൽക്കാൻ ആവശ്യമായ ശക്തി തരണേ എന്നു ഞാൻ യഹോവയോടു മുട്ടിപ്പായി പ്രാർഥിച്ചു. പതിവായി മീറ്റിങ്ങുകൾക്കു പോകുകയും വ്യക്തിപരമായി പഠിക്കുകയും ഒക്കെ ചെയ്തുകൊണ്ട് ആത്മീയകാര്യങ്ങൾക്കു മുടക്കം വരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു.” സഹോദരി ഇങ്ങനെയും പറയുന്നു: “ആ പ്രയാസസമയങ്ങളിൽ പിടിച്ചുനിൽക്കാൻ പ്രാർഥന എന്നെ ഒരുപാടു സഹായിച്ചു. യഹോവ എപ്പോഴും അരികിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. ആ ചിന്തതന്നെ എനിക്കു വലിയ ആശ്വാസം തന്നു. ആരോഗ്യപ്രശ്നങ്ങൾ പെട്ടെന്നു മാറിയില്ലെങ്കിലും മനസ്സിനു സമാധാനവും ശാന്തതയും നൽകിക്കൊണ്ട് യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകി.” “ദൈവഭക്തരെ എങ്ങനെ പരീക്ഷണങ്ങളിൽനിന്ന് രക്ഷിക്കണമെന്ന് യഹോവയ്ക്ക് അറിയാം” എന്ന കാര്യം നമ്മൾ ഒരിക്കലും മറക്കരുത്.—2 പത്രോ. 2:9.
16. പ്രലോഭനത്തെ ചെറുക്കാൻ നമുക്ക് യഹോവയുടെ സഹായം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
16 പ്രലോഭനത്തെ ചെറുക്കാനുള്ള സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക. അപൂർണരായതുകൊണ്ട് തെറ്റു ചെയ്യാനുള്ള പ്രലോഭനത്തിന് എതിരെ നമ്മൾ എപ്പോഴും പോരാടേണ്ടതുണ്ട്. പക്ഷേ, ആ പോരാട്ടം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കാൻ സാത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. നമ്മുടെ ചിന്തകളെ ദുഷിപ്പിക്കാൻ സാത്താൻ ഉപയോഗിക്കുന്ന ഒരു കാര്യം മോശം വിനോദങ്ങളാണ്. അവയ്ക്കു നമ്മുടെ മനസ്സിൽ തെറ്റായ ചിന്തകൾ നിറയ്ക്കാനാകും. അത്തരം ചിന്തകൾ യഹോവയുടെ മുമ്പാകെ നമ്മളെ അശുദ്ധരാക്കുകയും ഗുരുതരമായ പാപം ചെയ്യുന്നതിലേക്കു നയിക്കുകയും ചെയ്തേക്കാം.—മർക്കോ. 7:21-23; യാക്കോ. 1:14, 15.
17. പ്രലോഭനം ഒഴിവാക്കാനുള്ള സഹായത്തിനായി പ്രാർഥിക്കുന്നതോടൊപ്പം നമ്മൾ മറ്റ് എന്തുകൂടെ ചെയ്യണം? (ചിത്രവും കാണുക.)
17 പ്രലോഭനത്തെ ചെറുക്കാൻ നമുക്ക് യഹോവയുടെ സഹായം കൂടിയേ തീരൂ. മാതൃകാപ്രാർഥനയിൽ യേശു ഈ വിഷയംകൂടി ഉൾപ്പെടുത്തി: “പ്രലോഭനത്തിൽ അകപ്പെടുത്താതെ ദുഷ്ടനിൽനിന്ന് ഞങ്ങളെ വിടുവിക്കേണമേ.” (മത്താ. 6:13) യഹോവ നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ, നമ്മൾ സഹായം ചോദിക്കണം. മാത്രമല്ല, പ്രലോഭനമായേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുകയും വേണം. അതിനായി സാത്താന്റെ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന തെറ്റായ ചിന്തകൾ അടങ്ങിയ കാര്യങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. (സങ്കീ. 97:10) പകരം ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ മനസ്സിൽ ശരിയായ ചിന്തകൾ നിറയ്ക്കാം. മീറ്റിങ്ങുകൾക്കു പോകുന്നതും പ്രസംഗപ്രവർത്തനം ചെയ്യുന്നതും നമ്മുടെ ചിന്തകൾ തെറ്റായ വഴിക്കു പോകാതെ സംരക്ഷിക്കും. ഇങ്ങനെയൊക്കെ ചെയ്താൽ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പാണ്. നമുക്കു ചെറുക്കാനാകാത്ത ഒരു പ്രലോഭനവും ഉണ്ടാകാൻ ദൈവം അനുവദിക്കില്ല.—1 കൊരി. 10:12, 13.
18. പ്രാർഥനയോടുള്ള ബന്ധത്തിൽ നമ്മൾ ഓരോരുത്തരും എന്തു ചെയ്യണം?
18 ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ അവസാനകാലത്ത് യഹോവയോടു വിശ്വസ്തരായി തുടരാൻ കഴിയണമെങ്കിൽ, നമ്മൾ ഓരോരുത്തരും മുമ്പെന്നത്തെക്കാൾ അധികം പ്രാർഥിക്കേണ്ടതുണ്ട്. മനസ്സു തുറന്ന് പ്രാർഥിക്കാൻ ഓരോ ദിവസവും സമയം മാറ്റിവെക്കുക. പ്രാർഥനയിൽ നമ്മൾ ‘ദൈവമുമ്പാകെ ഹൃദയം പകരാൻ’ യഹോവ ആഗ്രഹിക്കുന്നു. (സങ്കീ. 62:8) യഹോവയെ സ്തുതിക്കുകയും യഹോവ നൽകുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി പറയുകയും ചെയ്യുക. പ്രസംഗപ്രവർത്തനം ചെയ്യാനുള്ള ധൈര്യത്തിനായി അപേക്ഷിക്കുക. പ്രശ്നങ്ങളെ നേരിടാനും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനും ഉള്ള ശക്തിക്കായി യാചിക്കുക. പതിവായി യഹോവയോടു പ്രാർഥിക്കുന്നതിന് ഒരു തടസ്സമാകാൻ ആരെയും, ഒന്നിനെയും അനുവദിക്കരുത്. എന്നാൽ യഹോവ എങ്ങനെയാണു നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്? അടുത്ത ലേഖനം ആ പ്രധാനപ്പെട്ട ചോദ്യം ചർച്ച ചെയ്യും.
ഗീതം 42 ദൈവദാസന്റെ പ്രാർഥന
a നമ്മുടെ പ്രാർഥനകൾ വളരെ അടുത്ത സുഹൃത്തിന് എഴുതുന്ന കത്തുപോലെയായിരിക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. പക്ഷേ, പ്രാർഥിക്കാനുള്ള സമയം കണ്ടെത്തുക എന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല. ഇനി, എന്തൊക്കെയാണു പ്രാർഥിക്കേണ്ടതെന്ന് അറിയാത്തതും ഒരു പ്രശ്നമാകാം. പ്രധാനപ്പെട്ട ഈ രണ്ടു വിഷയങ്ങളെക്കുറിച്ചാണ് ഇതിൽ നമ്മൾ ചർച്ച ചെയ്യുന്നത്.