വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന​ലേഖനം 24

നിങ്ങൾക്ക്‌ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നാ​കും!

നിങ്ങൾക്ക്‌ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാ​നാ​കും!

“നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യ​രുത്‌. തളർന്നു​പോ​കാ​തി​രു​ന്നാൽ തക്കസമ​യത്ത്‌ നമ്മൾ കൊയ്യും.”—ഗലാ. 6:9.

ഗീതം 84 സമഗ്രമായ്‌ പ്രസം​ഗി​ക്കാം

ചുരുക്കം a

1. നമ്മളിൽ പലരും നേരി​ടുന്ന ഒരു പ്രശ്‌നം എന്താണ്‌?

 ഒരു ആത്മീയ​ല​ക്ഷ്യം വെച്ചിട്ട്‌ അതിൽ എത്തി​ച്ചേ​രാൻ നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ബുദ്ധി​മു​ട്ടു തോന്നി​യി​ട്ടു​ണ്ടോ? b അങ്ങനെ​യാ​ണെ​ങ്കിൽ നിങ്ങൾ ഒറ്റയ്‌ക്കല്ല. ഉദാഹ​ര​ണ​ത്തിന്‌, കൂടെ​ക്കൂ​ടെ പ്രാർഥി​ക്കാ​നും പ്രാർഥന കൂടുതൽ മെച്ച​പ്പെ​ടു​ത്താ​നും ഫിലിപ്പ്‌ ലക്ഷ്യം വെച്ചു. പക്ഷേ, അതിനു വേണ്ട സമയം കണ്ടെത്താൻ അദ്ദേഹം ബുദ്ധി​മു​ട്ടി. എറീക്ക ലക്ഷ്യം വെച്ചതു വയൽസേവന യോഗ​ങ്ങൾക്കു കൃത്യ​സ​മ​യ​ത്തു​തന്നെ എത്തി​ച്ചേ​രാ​നാണ്‌. എന്നാൽ മിക്ക​പ്പോ​ഴും സഹോ​ദരി വൈകി​യാണ്‌ എത്തി​ക്കൊ​ണ്ടി​രു​ന്നത്‌. ബൈബിൾ മുഴുവൻ വായി​ച്ചു​തീർക്കാ​നാ​ണു തോമസ്‌ ലക്ഷ്യം വെച്ചത്‌. അദ്ദേഹം പറയുന്നു: “ശരിക്കും ഞാൻ ബൈബിൾവാ​യന ഒട്ടും ആസ്വദി​ച്ചി​രു​ന്നില്ല. മൂന്നു തവണ ഞാൻ അതിനു ശ്രമിച്ചു. പക്ഷേ, ഓരോ തവണയും ലേവ്യ പുസ്‌ത​കം​വരെ എത്താനേ കഴിഞ്ഞു​ള്ളൂ.”

2. ഒരു ആത്മീയ​ല​ക്ഷ്യം വെച്ചിട്ട്‌ ഇതുവരെ അതിൽ എത്തി​ച്ചേ​രാ​നാ​യി​ല്ലെ​ങ്കി​ലും നിരാ​ശ​പ്പെ​ട​രുത്‌, എന്തു​കൊണ്ട്‌?

2 ഒരു ലക്ഷ്യം വെച്ചിട്ട്‌ ഇതുവരെ അതിൽ എത്തി​ച്ചേ​രാ​നാ​യി​ല്ലെ​ങ്കി​ലും നിരാ​ശ​പ്പെ​ട​രുത്‌. ഒരു ചെറിയ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻപോ​ലും മിക്ക​പ്പോ​ഴും ഒരുപാ​ടു സമയവും കഠിന​ശ്ര​മ​വും ആവശ്യ​മാണ്‌. എന്നിട്ടും ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു എന്നതിൽനി​ന്നും ഒരു കാര്യം മനസ്സി​ലാ​ക്കാം: യഹോ​വ​യു​മാ​യുള്ള ബന്ധത്തെ നിങ്ങൾ വില​യേ​റി​യ​താ​യി കാണുന്നു, യഹോ​വ​യ്‌ക്ക്‌ ഏറ്റവും നല്ലതു കൊടു​ക്കാൻ ആഗ്രഹി​ക്കു​ന്നു. നിങ്ങളു​ടെ ശ്രമങ്ങളെ യഹോവ വില​പ്പെ​ട്ട​താ​യി കാണു​ന്നുണ്ട്‌. എന്നാൽ നിങ്ങൾ കഴിവിന്‌ അപ്പുറം ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. (സങ്കീ. 103:14; മീഖ 6:8) അതു​കൊണ്ട്‌ സ്വന്തം സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ അതിനു ചേരുന്ന ലക്ഷ്യങ്ങൾ വെക്കുക. അതിൽ എത്തി​ച്ചേ​രാൻ എന്തു ചെയ്യാ​നാ​കും? ചില കാര്യങ്ങൾ നോക്കാം.

ശക്തമായ ആഗ്രഹം വളർത്തി​യെ​ടു​ക്കുക

ശക്തമായ ആഗ്രഹ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക (3-4 ഖണ്ഡികകൾ കാണുക)

3. ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ ശക്തമായ ആഗ്രഹം വേണ്ടത്‌ എന്തു​കൊണ്ട്‌?

3 ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ ശക്തമായ ആഗ്രഹ​മു​ണ്ടാ​യി​രി​ക്കു​ന്നതു വളരെ പ്രധാ​ന​മാണ്‌. കാരണം അത്തരം ആഗ്രഹ​മുള്ള ഒരു വ്യക്തി അതിനു​വേണ്ടി കഠിന​ശ്രമം ചെയ്യും. ഒരു പായ്‌വ​ഞ്ചി​യെ അതിന്റെ ലക്ഷ്യത്തിൽ എത്താൻ സഹായി​ക്കുന്ന കാറ്റി​നോട്‌ ഈ ആഗ്രഹത്തെ ഉപമി​ക്കാം. തുടർച്ച​യാ​യി കാറ്റു വീശി​ക്കൊ​ണ്ടി​രു​ന്നാൽ സാധ്യ​ത​യ​നു​സ​രിച്ച്‌ വഞ്ചിക്കാ​രനു ലക്ഷ്യസ്ഥാ​നത്ത്‌ എത്താനാ​കും. കാറ്റു ശക്തമാ​ണെ​ങ്കിൽ പെട്ടെന്ന്‌ എത്തുക​യും ചെയ്‌തേ​ക്കാം. അതു​പോ​ലെ ലക്ഷ്യം നേടി​യെ​ടു​ക്കാ​നുള്ള നമ്മുടെ ആഗ്രഹം എത്രയ​ധി​ക​മാ​ണോ അത്രയ​ധി​ക​മാ​യി​രി​ക്കും അതിൽ എത്തി​ച്ചേ​രാ​നുള്ള സാധ്യ​ത​യും. എൽ സാൽവ​ഡോ​റി​ലുള്ള ഡേവിഡ്‌ സഹോ​ദരൻ പറയുന്നു: “നമ്മുടെ ആഗ്രഹം ശക്തമാ​ണെ​ങ്കിൽ അതിനാ​യി നമ്മൾ കൂടുതൽ ശ്രമം ചെയ്യും. ലക്ഷ്യത്തിൽ എത്തുന്ന​തി​നു യാതൊ​ന്നും ഒരു തടസ്സമാ​കാ​തി​രി​ക്കാ​നും നമ്മൾ പരമാ​വധി ശ്രമി​ക്കും.” അതു​കൊണ്ട്‌ ആഗ്രഹം ശക്തമാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

4. നമുക്ക്‌ എന്തിനു​വേണ്ടി പ്രാർഥി​ക്കാം? (ഫിലി​പ്പി​യർ 2:13) (ചിത്ര​വും കാണുക.)

4 ആഗ്രഹം ശക്തമാ​ക്കാൻ പ്രാർഥി​ക്കുക. യഹോ​വ​യ്‌ക്കു തന്റെ ആത്മാവി​നെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ലക്ഷ്യത്തിൽ എത്താനുള്ള ആഗ്രഹം നമ്മളിൽ വളർത്താൻ കഴിയും. (ഫിലി​പ്പി​യർ 2:13 വായി​ക്കുക.) ചില​പ്പോൾ നമ്മൾ ഒരു ലക്ഷ്യം വെക്കു​ന്നത്‌ അങ്ങനെ ചെയ്യേ​ണ്ട​താ​ണ​ല്ലോ എന്ന്‌ ഓർത്താ​യി​രി​ക്കാം, അതു നല്ലതാ​ണു​താ​നും. പക്ഷേ ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നുള്ള ആഗ്രഹ​മൊ​ന്നും നമുക്കു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നില്ല. യുഗാ​ണ്ട​യി​ലുള്ള നോറിന സഹോ​ദ​രി​യു​ടെ കാര്യം അങ്ങനെ​യാ​യി​രു​ന്നു. ഒരു ബൈബിൾപ​ഠനം നടത്താൻ സഹോ​ദരി ലക്ഷ്യം വെച്ചു. എങ്കിലും അങ്ങനെ ചെയ്യാൻ സഹോ​ദ​രിക്ക്‌ ഒരു ആഗ്രഹം തോന്നി​യില്ല. തനിക്ക്‌ അതിനുള്ള കഴിവി​ല്ലെ​ന്നാ​ണു സഹോ​ദരി ചിന്തി​ച്ചത്‌. നോറി​നയെ സഹായി​ച്ചത്‌ എന്താണ്‌? സഹോ​ദരി പറയുന്നു: “ബൈബിൾപ​ഠനം നടത്താ​നുള്ള ആഗ്രഹം ശക്തമാ​ക്കാൻ സഹായി​ക്കണേ എന്നു ഞാൻ ദിവസ​വും യഹോ​വ​യോ​ടു പ്രാർഥി​ക്കാൻതു​ടങ്ങി. അതോ​ടൊ​പ്പം പഠിപ്പി​ക്കാ​നുള്ള കഴിവു​കൾ മെച്ച​പ്പെ​ടു​ത്താ​നും ഞാൻ ശ്രമിച്ചു. കുറച്ച്‌ മാസങ്ങൾ കഴിഞ്ഞ​പ്പോൾ ബൈബിൾപ​ഠനം നടത്താ​നുള്ള എന്റെ ആഗ്രഹം ശക്തമാ​യെന്ന്‌ എനിക്കു മനസ്സി​ലാ​യി. ആ വർഷം​തന്നെ രണ്ടു ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ എനിക്കു കഴിഞ്ഞു.”

5. ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നുള്ള ആഗ്രഹം ശക്തമാ​ക്കാൻ എന്തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നമ്മളെ സഹായി​ക്കും?

5 യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. (സങ്കീ. 143:5) യഹോവ തന്നോടു കാണിച്ച അനർഹ​ദ​യ​യെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ചിന്തിച്ചു. അതു ദൈവ​ത്തി​നു​വേണ്ടി കഠിനാ​ധ്വാ​നം ചെയ്യാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. (1 കൊരി. 15:9, 10; 1 തിമൊ. 1:12-14) അതു​പോ​ലെ യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എത്രയ​ധി​കം ചിന്തി​ക്കു​ന്നോ അതനു​സ​രിച്ച്‌ ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാ​നുള്ള നിങ്ങളു​ടെ ആഗ്രഹ​വും ശക്തമാ​കും. (സങ്കീ. 116:12) ഹോണ്ടു​റാ​സിൽനി​ന്നുള്ള ഒരു സഹോ​ദരി സാധാരണ മുൻനി​ര​സേ​വി​ക​യാ​കാൻ ലക്ഷ്യം വെച്ചു. അതിൽ എത്തി​ച്ചേ​രാൻ തന്നെ എന്താണു സഹായി​ച്ച​തെന്നു സഹോ​ദരി പറയുന്നു: “യഹോവ എന്നെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്നു ഞാൻ ചിന്തിച്ചു. തന്നെ ആരാധി​ക്കുന്ന ആളുക​ളു​ടെ അടു​ത്തേക്ക്‌ യഹോവ എന്നെ എത്തിച്ചു, എനിക്കു​വേണ്ടി കരുതി, എന്നെ സംരക്ഷി​ച്ചു. അതെക്കു​റി​ച്ചെ​ല്ലാം ചിന്തി​ച്ച​പ്പോൾ യഹോ​വ​യോ​ടുള്ള എന്റെ സ്‌നേഹം കൂടുതൽ ശക്തമായി. എന്റെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​ന്ന​തി​നു കൂടുതൽ ശ്രമം ചെയ്യാൻ എനിക്ക്‌ ആഗ്രഹം തോന്നി.”

6. ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നുള്ള ആഗ്രഹം ശക്തമാ​ക്കാൻ നമുക്ക്‌ വേറേ എന്തുകൂ​ടെ ചെയ്യാം?

6 ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. മുമ്പ്‌ പറഞ്ഞ എറീക്കയെ തന്റെ ലക്ഷ്യത്തിൽ എത്താൻ സഹായി​ച്ചത്‌ എന്താ​ണെന്നു നോക്കുക. സഹോ​ദരി പറയുന്നു: “വയൽസേവന യോഗ​ത്തി​നു താമസിച്ച്‌ എത്തുന്ന​തു​കൊണ്ട്‌, പലതും നഷ്ടപ്പെ​ടു​ന്നു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. പക്ഷേ നേരത്തേ എത്തിയാൽ സഹോ​ദ​ര​ങ്ങ​ളോ​ടു സംസാ​രി​ക്കാ​നും അവരു​ടെ​കൂ​ടെ സമയം ചെലവ​ഴി​ക്കാ​നും പറ്റുമ​ല്ലോ. കൂടാതെ, ശുശ്രൂഷ കൂടുതൽ ആസ്വദി​ക്കാ​നും അതിൽ മെച്ച​പ്പെ​ടാ​നും ഒക്കെ സഹായി​ക്കുന്ന നല്ല നിർദേ​ശങ്ങൾ കേൾക്കാ​നും കഴിയു​മാ​യി​രു​ന്നു.” കൃത്യ​സ​മ​യത്ത്‌ വരുന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചതു തന്റെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ എറീക്കയെ സഹായി​ച്ചു. നിങ്ങൾ വെച്ചി​രി​ക്കുന്ന ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌? ബൈബിൾവാ​യ​ന​യോ​ടോ പ്രാർഥ​ന​യോ​ടോ ബന്ധപ്പെട്ട ലക്ഷ്യമാ​ണു നിങ്ങൾ വെച്ചി​രി​ക്കു​ന്ന​തെ​ങ്കിൽ അത്‌ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സൗഹൃദം ശക്തി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യെന്നു ചിന്തി​ക്കുക. (സങ്കീ. 145:18, 19) ഇനി, ഒരു ക്രിസ്‌തീ​യ​ഗു​ണം വളർത്തി​യെ​ടു​ക്കുക എന്നതാണു നിങ്ങളു​ടെ ലക്ഷ്യ​മെ​ങ്കിൽ അതു മറ്റുള്ള​വ​രു​മാ​യുള്ള നിങ്ങളു​ടെ ബന്ധം മെച്ച​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ​യെന്നു ചിന്തി​ച്ചു​നോ​ക്കുക. (കൊലോ. 3:14) ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ എന്തെല്ലാ​മാ​ണെന്ന്‌ എഴുതി​വെ​ക്കു​ന്നതു നല്ലതാ​യി​രി​ക്കും. കൂടെ​ക്കൂ​ടെ അത്‌ എടുത്ത്‌ നോക്കു​ക​യും ചെയ്യുക. നേരത്തേ കണ്ട തോമസ്‌ പറയുന്നു: “ഒരു ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ ധാരാളം കാരണ​ങ്ങ​ളു​ള്ള​പ്പോൾ അതിനു​വേണ്ടി കൂടുതൽ ശ്രമി​ക്കാൻ ഞാൻ തയ്യാറാ​കും.”

7. തങ്ങളുടെ ലക്ഷ്യത്തിൽ എത്താൻ ഹ്യൂലി​യോ​യെ​യും ഭാര്യ​യെ​യും സഹായി​ച്ചത്‌ എന്താണ്‌?

7 ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ സഹായി​ക്കു​ന്ന​വ​രോ​ടൊ​പ്പം സമയം ചെലവ​ഴി​ക്കുക. (സുഭാ. 13:20) ഹ്യൂലി​യോ​യും ഭാര്യ​യും ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ ലക്ഷ്യം വെച്ചു. അതിൽ എത്തി​ച്ചേ​രാൻ അവരെ എന്താണു സഹായി​ച്ചത്‌? സഹോ​ദരൻ പറയുന്നു: “ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വരെ ഞങ്ങൾ സുഹൃ​ത്തു​ക്ക​ളാ​ക്കി. അവരോട്‌ ഇടയ്‌ക്കൊ​ക്കെ അതെക്കു​റിച്ച്‌ സംസാ​രി​ച്ചു. അവരിൽ പലരും ഇതു​പോ​ലുള്ള ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേർന്ന​വ​രാണ്‌. അതു​കൊണ്ട്‌ ചില നല്ല നിർദേ​ശങ്ങൾ തരാൻ അവർക്കു കഴിഞ്ഞു. ലക്ഷ്യത്തിൽ എത്തുന്ന​തി​നു​വേണ്ടി ഞങ്ങൾ ചെയ്യുന്ന കാര്യ​ങ്ങ​ളൊ​ക്കെ നന്നായി പോകു​ന്നു​ണ്ടോ എന്ന്‌ അവർ അന്വേ​ഷി​ക്കു​മാ​യി​രു​ന്നു. ആവശ്യ​മായ സമയ​ത്തെ​ല്ലാം അവർ ഞങ്ങൾക്കു വേണ്ട പിന്തു​ണ​യും സഹായ​വും നൽകി.”

ശക്തമായ ആഗ്രഹം തോന്നാ​ത്ത​പ്പോൾ

ലക്ഷ്യത്തിൽ എത്താൻ ശ്രമി​ക്കു​ക (8-ാം ഖണ്ഡിക കാണുക)

8. ആഗ്രഹം തോന്നി​യാ​ലേ ലക്ഷ്യത്തിൽ എത്താൻവേണ്ടി എന്തെങ്കി​ലും ചെയ്യൂ എന്നു വിചാ​രി​ച്ചാൽ എന്തു സംഭവി​ച്ചേ​ക്കാം? (ചിത്ര​വും കാണുക.)

8 ചില ദിവസ​ങ്ങ​ളിൽ ലക്ഷ്യത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ നമുക്ക്‌ ഒട്ടും ആഗ്രഹം തോന്നില്ല. അതിന്റെ അർഥം ഇനി ഒന്നും ചെയ്യാ​നാ​കി​ല്ലെ​ന്നാ​ണോ? അല്ല. അതു മനസ്സി​ലാ​ക്കാൻ ഇങ്ങനെ​യൊ​ന്നു ചിന്തി​ക്കുക: കാറ്റിന്‌ ഒരു പായ്‌വ​ഞ്ചി​യെ അതിന്റെ ലക്ഷ്യത്തിൽ എത്തിക്കാ​നുള്ള ശക്തിയു​ണ്ടെന്നു നമുക്ക്‌ അറിയാം. എങ്കിലും കാറ്റിന്റെ ശക്തി മാറി​ക്കൊ​ണ്ടി​രി​ക്കും. ചില ദിവസ​ങ്ങ​ളിൽ കാറ്റ്‌ ഒട്ടുമു​ണ്ടാ​കില്ല. അങ്ങനെ വന്നാൽ വഞ്ചിക്കാ​രനു മുന്നോ​ട്ടു പോകാ​നേ കഴിയില്ല എന്നാണോ? അല്ല. സാധാ​ര​ണ​യാ​യി വഞ്ചിക​ളിൽ തുഴക​ളു​ണ്ടാ​കും, അല്ലെങ്കിൽ മോട്ടർ ഘടിപ്പി​ച്ചി​ട്ടു​ണ്ടാ​കും. കാറ്റി​ല്ലെ​ങ്കി​ലും ഇവയിൽ ഏതെങ്കി​ലും ഉപയോ​ഗിച്ച്‌ വഞ്ചിക്കാ​രൻ മുന്നോ​ട്ടു പൊയ്‌ക്കൊ​ണ്ടി​രി​ക്കും. ലക്ഷ്യത്തിൽ എത്താനുള്ള നമ്മുടെ ആഗ്രഹ​വും കാറ്റു​പോ​ലെ​യാണ്‌. അതു ചില​പ്പോൾ കൂടി​യും കുറഞ്ഞും ഇരിക്കും. ചില ദിവസ​ങ്ങ​ളിൽ ലക്ഷ്യത്തിൽ എത്താൻവേണ്ടി ഒന്നും ചെയ്യാൻ നമുക്കു തോന്നില്ല. അതു​കൊണ്ട്‌ ആഗ്രഹം തോന്നി​യാ​ലേ എന്തെങ്കി​ലും ചെയ്യൂ എന്നു വിചാ​രി​ച്ചാൽ ഒരിക്ക​ലും ലക്ഷ്യത്തിൽ എത്തി​യെ​ന്നു​വ​രില്ല. എന്നാൽ ലക്ഷ്യസ്ഥാ​നത്ത്‌ എത്താൻ മറ്റു മാർഗങ്ങൾ കണ്ടെത്തിയ വഞ്ചിക്കാ​ര​നെ​പ്പോ​ലെ ആഗ്രഹം തോന്നാ​ത്ത​പ്പോ​ഴും ലക്ഷ്യത്തിൽ എത്തുന്ന​തി​നു​വേണ്ടി പ്രയത്നിക്കാൻ നമുക്കു കഴിയും. അത്‌ അത്ര എളുപ്പ​മ​ല്ലെ​ങ്കി​ലും അങ്ങനെ ചെയ്‌താൽ കിട്ടുന്ന പ്രയോ​ജ​നങ്ങൾ വളരെ വലുതാണ്‌. അതിനു​വേണ്ടി എന്തൊക്കെ ചെയ്യാ​മെന്നു നമ്മൾ നോക്കും. എന്നാൽ അതിനു മുമ്പ്‌ മറ്റൊരു ചോദ്യം ചർച്ച ചെയ്യാം.

9. ലക്ഷ്യത്തിൽ എത്തുന്ന​തി​നു​വേണ്ടി പ്രവർത്തി​ക്കാൻ ശക്തമായ ആഗ്രഹം തോന്നാ​ത്ത​പ്പോ​ഴും അതിനു ശ്രമി​ക്കേ​ണ്ട​തു​ണ്ടോ? വിശദീ​ക​രി​ക്കുക.

9 തന്റെ ദാസർ മുഴു​മ​ന​സ്സോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും തന്നെ സേവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (സങ്കീ. 100:2; 2 കൊരി. 9:7) അങ്ങനെ​യെ​ങ്കിൽ ഒരു ആത്മീയ​ല​ക്ഷ്യ​ത്തിൽ എത്തുന്ന​തി​നു​വേണ്ടി പ്രവർത്തി​ക്കാൻ ശക്തമായ ആഗ്രഹം തോന്നാ​ത്ത​പ്പോ​ഴും നമ്മൾ അതിനു​വേണ്ടി ശ്രമി​ക്കേ​ണ്ട​തു​ണ്ടോ? പൗലോസ്‌ അപ്പോ​സ്‌ത​ലന്റെ കാര്യം നോക്കാം. അദ്ദേഹം പറഞ്ഞു: “ഞാൻ എന്റെ ശരീരത്തെ, കർശന​മായ ശിക്ഷണ​ത്തി​ലൂ​ടെ ഒരു അടിമ​യെ​പ്പോ​ലെ കൊണ്ടു​ന​ട​ക്കു​ന്നു.” (1 കൊരി. 9:25-27, അടിക്കു​റിപ്പ്‌) ശരിയായ കാര്യങ്ങൾ ചെയ്യാ​നുള്ള ശക്തമായ ആഗ്രഹം തോന്നാ​തി​രു​ന്ന​പ്പോ​ഴും അങ്ങനെ ചെയ്യാൻ പൗലോസ്‌ തന്നെത്തന്നെ നിർബ​ന്ധി​ച്ചു. അതു കണ്ടപ്പോൾ യഹോ​വ​യ്‌ക്കു സന്തോ​ഷ​മാ​യോ? തീർച്ച​യാ​യും. യഹോവ പൗലോ​സി​നെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു.—2 തിമൊ. 4:7, 8.

10. ലക്ഷ്യത്തിൽ എത്തുന്ന​തി​നാ​യി പ്രവർത്തി​ക്കാൻ ശക്തമായ ആഗ്രഹം തോന്നാ​ത്ത​പ്പോ​ഴും അതിനു​വേണ്ടി ശ്രമി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

10 പൗലോ​സി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ആഗ്രഹം തോന്നാ​ത്ത​പ്പോ​ഴും ലക്ഷ്യത്തിൽ എത്താൻ നമ്മൾ ശ്രമി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്കു സന്തോഷം തോന്നും. കാരണം നമ്മൾ അതു ചെയ്യു​ന്നത്‌ ആ കാര്യ​ത്തോ​ടുള്ള ഇഷ്ടം​കൊ​ണ്ടല്ല, മറിച്ച്‌ തന്നോ​ടുള്ള ഇഷ്ടം​കൊ​ണ്ടാ​ണെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. പൗലോ​സി​നെ അനു​ഗ്ര​ഹി​ച്ച​തു​പോ​ലെ യഹോവ നമ്മുടെ ശ്രമങ്ങ​ളെ​യും അനു​ഗ്ര​ഹി​ക്കും. (സങ്കീ. 126:5) ആ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കു​മ്പോൾ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നുള്ള ശക്തമായ ആഗ്രഹം നമുക്കു വീണ്ടും തോന്നി​ത്തു​ട​ങ്ങി​യേ​ക്കാം. പോള​ണ്ടിൽനി​ന്നുള്ള ലൂട്‌സിന സഹോ​ദരി പറയുന്നു: “ചില ദിവസ​ങ്ങ​ളിൽ, പ്രത്യേ​കിച്ച്‌ ക്ഷീണി​ച്ചി​രി​ക്കു​മ്പോൾ, എനിക്കു ശുശ്രൂ​ഷ​യ്‌ക്കു പോകാ​നേ തോന്നില്ല. എങ്കിലും പോയി​ക്ക​ഴി​യു​മ്പോൾ കിട്ടുന്ന ആ സന്തോഷം ശരിക്കും യഹോ​വ​യിൽനി​ന്നുള്ള ഒരു സമ്മാനം​ത​ന്നെ​യാണ്‌.” അതു​കൊണ്ട്‌ ലക്ഷ്യത്തിൽ എത്താൻ ശക്തമായ ആഗ്രഹം തോന്നാ​ത്ത​പ്പോൾ എന്തു ചെയ്യാ​മെന്നു നോക്കാം.

11. ആത്മനി​യ​ന്ത്രണം എന്ന ഗുണം വളർത്തി​യെ​ടു​ക്കാൻ യഹോ​വ​യ്‌ക്കു നമ്മളെ എങ്ങനെ സഹായി​ക്കാ​നാ​കും?

11 ആത്മനി​യ​ന്ത്ര​ണ​ത്തി​നു​വേണ്ടി പ്രാർഥി​ക്കുക. സ്വന്തം വികാ​ര​ങ്ങ​ളെ​യും പ്രവൃ​ത്തി​ക​ളെ​യും നിയ​ന്ത്രി​ക്കാ​നുള്ള കഴിവി​നെ​യാണ്‌ ആത്മനി​യ​ന്ത്രണം എന്നു പറയു​ന്നത്‌. തെറ്റായ ഒരു കാര്യം ചെയ്യു​ന്ന​തിൽനിന്ന്‌ നമ്മളെ​ത്തന്നെ തടയു​ന്ന​തി​നെ സൂചി​പ്പി​ക്കാ​നാ​ണു മിക്ക​പ്പോ​ഴും ഈ പദം ഉപയോ​ഗി​ക്കു​ന്നത്‌. എങ്കിലും ശരിയായ ഒരു കാര്യം ചെയ്യു​ന്ന​തി​നും നമുക്ക്‌ ആത്മനി​യ​ന്ത്രണം വേണം, പ്രത്യേ​കിച്ച്‌ ചെയ്യാ​നുള്ള കാര്യം വളരെ ബുദ്ധി​മു​ട്ടു​ള്ള​തോ അത്ര ഇഷ്ടമി​ല്ലാ​ത്ത​തോ ആണെങ്കിൽ. ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു വശമാ​ണ​ല്ലോ ആത്മനി​യ​ന്ത്രണം. അതു​കൊണ്ട്‌ പരിശു​ദ്ധാ​ത്മാ​വി​നെ തന്നു​കൊണ്ട്‌ പ്രധാ​ന​പ്പെട്ട ഈ ഗുണം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കണേ എന്നു നമുക്ക്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കാം. (ലൂക്കോ. 11:13; ഗലാ. 5:22, 23) വ്യക്തി​പ​ര​മായ പഠനം കുറെ​ക്കൂ​ടെ ക്രമമാ​യി നടത്താൻ ആഗ്രഹ​മു​ണ്ടാ​യി​രുന്ന ഒരു സഹോ​ദ​ര​നാ​ണു മുമ്പ്‌ കണ്ട ഡേവിഡ്‌. അതിനു പ്രാർഥന തന്നെ എങ്ങനെ​യാ​ണു സഹായി​ച്ച​തെന്ന്‌ അദ്ദേഹം പറയുന്നു: “ആത്മനി​യ​ന്ത്രണം വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കണേ എന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മാ​യി​രു​ന്നു. അങ്ങനെ ദൈവ​ത്തി​ന്റെ സഹായ​ത്തോ​ടെ കുറെ​ക്കൂ​ടെ നല്ല രീതി​യിൽ പഠിക്കാ​നും അതു മുടങ്ങാ​തെ ചെയ്യാ​നും എനിക്കു കഴിഞ്ഞു.”

12. ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ സഭാ​പ്ര​സം​ഗകൻ 11:4-ലെ തത്ത്വം എങ്ങനെ​യാ​ണു നമ്മളെ സഹായി​ക്കു​ന്നത്‌?

12 എല്ലാ കാര്യ​ങ്ങ​ളും അനുകൂ​ല​മാ​കാൻ കാത്തി​രി​ക്ക​രുത്‌. ഈ ലോക​ത്തിൽ എല്ലാം തികഞ്ഞ ഒരു സാഹച​ര്യം ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്‌. അതിനാ​യി നോക്കി​യി​രു​ന്നാൽ ഒരുപക്ഷേ നമ്മൾ ഒരിക്ക​ലും ലക്ഷ്യത്തിൽ എത്തില്ല. (സഭാ​പ്ര​സം​ഗകൻ 11:4 വായി​ക്കുക.) ഡാനി​യേൽ എന്നു പേരുള്ള സഹോ​ദരൻ പറയുന്നു: “എല്ലാം ഒത്തുവ​രുന്ന സമയം ഒരിക്ക​ലും ഉണ്ടാകില്ല. അതു​കൊണ്ട്‌ കാത്തി​രി​ക്കാ​തെ തുടങ്ങുക.” കാര്യങ്ങൾ നീട്ടി​വെ​ക്ക​രു​താ​ത്ത​തി​ന്റെ മറ്റൊരു കാരണ​ത്തെ​ക്കു​റിച്ച്‌ യുഗാ​ണ്ട​യിൽനി​ന്നുള്ള പോൾ സഹോ​ദരൻ പറയുന്നു: “ബുദ്ധി​മു​ട്ടുള്ള സാഹച​ര്യ​ത്തി​ലും നമ്മൾ പ്രവർത്തി​ച്ചു​തു​ട​ങ്ങു​ക​യാ​ണെ​ങ്കിൽ നമ്മളെ അനു​ഗ്ര​ഹി​ക്കാൻ യഹോ​വ​യ്‌ക്ക്‌ ഒരു അവസരം കൊടു​ക്കു​ക​യാ​യി​രി​ക്കും.”—മലാ. 3:10.

13. ചെറിയ ലക്ഷ്യങ്ങൾ വെച്ച്‌ തുടങ്ങു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?

13 ചെറു​താ​യി തുടങ്ങുക. എത്തിപ്പി​ടി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​താ​ണു നമ്മുടെ ലക്ഷ്യം എന്നു തോന്നി​യാൽ അതിനു​വേണ്ടി ശ്രമി​ക്കാ​നുള്ള ആഗ്രഹം ചില​പ്പോൾ നഷ്ടമാ​യേ​ക്കാം. നിങ്ങളു​ടെ സാഹച​ര്യം അതാ​ണെ​ങ്കിൽ ആ ലക്ഷ്യത്തെ ചെറി​യ​ചെ​റിയ ലക്ഷ്യങ്ങ​ളാ​ക്കി മാറ്റാൻ പറ്റുമോ എന്നു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ഒരു ഗുണം വളർത്തി​യെ​ടു​ക്കാ​നാ​ണു നിങ്ങൾ ലക്ഷ്യം വെച്ചി​രി​ക്കു​ന്ന​തെ​ങ്കിൽ ആദ്യം ചെറി​യ​ചെ​റിയ വിധങ്ങ​ളിൽ ആ ഗുണം കാണി​ക്കാൻ ശ്രമി​ക്കുക. ഇനി, മുഴു​ബൈ​ബി​ളും വായി​ച്ചു​തീർക്കുക എന്നതാണു ലക്ഷ്യ​മെ​ങ്കിൽ ആദ്യ​മൊ​ക്കെ കുറച്ച്‌ സമയം വീതം വായി​ക്കാൻ തീരു​മാ​നി​ക്കുക. തുടക്ക​ത്തിൽ കണ്ട തോമസ്‌ ഒരു വർഷം​കൊണ്ട്‌ മുഴു​ബൈ​ബി​ളും വായി​ച്ചു​തീർക്കു​ക​യെന്ന ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ കുറച്ച്‌ ബുദ്ധി​മു​ട്ടി. സഹോ​ദരൻ പറയുന്നു: “ഞാൻ ഓരോ ദിവസ​വും വായി​ച്ചു​തീർക്കാൻ ഉദ്ദേശിച്ച ഭാഗങ്ങൾ വളരെ കൂടു​ത​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ മറ്റൊരു രീതി പരീക്ഷി​ച്ചു. ഇത്തവണ ഓരോ ദിവസ​വും ഏതാനും ഖണ്ഡികകൾ മാത്രം വായി​ക്കാ​നും അതെക്കു​റിച്ച്‌ ചിന്തി​ക്കാ​നും തീരു​മാ​നി​ച്ചു. അങ്ങനെ, വായന ഞാൻ കൂടുതൽ ആസ്വദി​ക്കാൻതു​ടങ്ങി.” അതോടെ അദ്ദേഹം കൂടുതൽ സമയം വായി​ക്കാൻ ആഗ്രഹി​ച്ചു. പതിയെ തോമസ്‌ മുഴു​ബൈ​ബി​ളും വായി​ച്ചു​തീർത്തു. c

ഇടയ്‌ക്കു വീണാ​ലും തളരരുത്‌

14. ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ ശ്രമി​ക്കു​മ്പോൾ എന്തെല്ലാം തടസ്സങ്ങൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം?

14 ശരിക്കും പറഞ്ഞാൽ, നമുക്ക്‌ എത്ര ആഗ്രഹ​മോ ആത്മനി​യ​ന്ത്ര​ണ​മോ ഉണ്ടെങ്കി​ലും ചില​പ്പോ​ഴൊ​ക്കെ വീണു​പോ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ‘അപ്രതീ​ക്ഷി​ത​സം​ഭ​വങ്ങൾ’ ലക്ഷ്യത്തിൽ എത്താൻവേണ്ടി പ്രവർത്തി​ക്കാ​നുള്ള നമ്മുടെ സമയം കവർന്നെ​ടു​ക്കാൻ ഇടയുണ്ട്‌. (സഭാ. 9:11) അല്ലെങ്കിൽ നമ്മുടെ ശക്തി ചോർത്തി​ക്ക​ള​യുന്ന, നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാ​വുന്ന ഒരു പ്രശ്‌നം ചില​പ്പോൾ നേരി​ട്ടേ​ക്കാം. (സുഭാ. 24:10) ഇനി, നമ്മൾ അപൂർണ​രാ​യ​തു​കൊണ്ട്‌ പറ്റുന്ന തെറ്റുകൾ ഒരുപക്ഷേ ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​ന്നതു കൂടുതൽ ബുദ്ധി​മു​ട്ടാ​ക്കി​ത്തീർക്കും. (റോമ. 7:23) അതുമ​ല്ലെ​ങ്കിൽ ക്ഷീണം കാരണം ഒന്നും ചെയ്യാൻ തോന്നാ​തി​രു​ന്നേ​ക്കാം. (മത്താ. 26:43) ഇത്തരം തടസ്സങ്ങളെ മറിക​ട​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

15. ഇടയ്‌ക്കു വീണു​പോ​യാൽ നിങ്ങൾ പരാജ​യ​പ്പെട്ടു എന്നാണോ അതിന്റെ അർഥം? വിശദീ​ക​രി​ക്കുക. (സങ്കീർത്തനം 145:14)

15 വീഴ്‌ച ഒരു പരാജ​യ​മ​ല്ലെന്ന്‌ ഓർക്കുക. ഒരു ലക്ഷ്യത്തിൽ എത്താൻവേണ്ടി ശ്രമി​ക്കു​മ്പോൾ നമുക്കു പല പ്രശ്‌ന​ങ്ങ​ളും നേരി​ട്ടേ​ക്കാ​മെന്നു ബൈബിൾ സൂചി​പ്പി​ക്കു​ന്നു. എന്നാൽ യഹോ​വ​യു​ടെ സഹായ​ത്താൽ അതിനെ മറിക​ടന്ന്‌ വീണ്ടും ശ്രമം തുടരാൻ നമുക്കു കഴിയു​മെ​ന്നും ബൈബിൾ ഉറപ്പു​ത​രു​ന്നുണ്ട്‌. (സങ്കീർത്തനം 145:14 വായി​ക്കുക.) നേരത്തേ കണ്ട ഫിലിപ്പ്‌ സഹോ​ദരൻ പറയുന്നു: “എത്ര തവണ വീണു​പോ​യി എന്നതിലല്ല, മറിച്ച്‌ എത്ര തവണ അവി​ടെ​നിന്ന്‌ എഴു​ന്നേറ്റ്‌ ശ്രമം തുടർന്നു എന്നതി​ലാ​ണു ഞാൻ ശ്രദ്ധി​ക്കു​ന്നത്‌.” മുമ്പ്‌ കണ്ട ഡേവിഡ്‌ പറയുന്നു: “ഇടയ്‌ക്കു വീണു​പോ​യാ​ലും അവയെ ഒരു തടസ്സമാ​യി​ട്ടല്ല, യഹോ​വയെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെന്നു കാണി​ക്കാ​നുള്ള അവസര​ങ്ങ​ളാ​യി​ട്ടാ​ണു ഞാൻ കാണു​ന്നത്‌.” ലക്ഷ്യത്തിൽ എത്താൻ ബുദ്ധി​മു​ട്ടു നേരി​ടു​മ്പോ​ഴും മുന്നോ​ട്ടു​പോ​കാൻ നിങ്ങൾ ശ്രമി​ക്കു​ന്നത്‌ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തി​ന്റെ തെളി​വാണ്‌. മടുത്തു​പോ​കാ​തെ നിങ്ങൾ അതിനു​വേണ്ടി ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ എത്ര സന്തോ​ഷ​മാ​കു​മെന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ!

16. വീഴ്‌ച​ക​ളിൽനിന്ന്‌ എന്തു പഠിക്കാം?

16 വീഴ്‌ച​ക​ളിൽനിന്ന്‌ പഠിക്കുക. ലക്ഷ്യത്തി​ലേ​ക്കുള്ള യാത്ര​യിൽ വീണു​പോ​കു​ന്നെ​ങ്കിൽ എന്തു​കൊ​ണ്ടാണ്‌ അതു സംഭവി​ച്ച​തെ​ന്നും ഇനി അങ്ങനെ ഉണ്ടാകാ​തി​രി​ക്കാൻ എന്തു ചെയ്യാ​മെ​ന്നും ചിന്തി​ക്കുക. (സുഭാ. 27:12) ചില​പ്പോൾ ഇത്തരം വീഴ്‌ചകൾ സംഭവി​ക്കു​മ്പോ​ഴാ​യി​രി​ക്കും നമ്മൾ വെച്ച ലക്ഷ്യം കഴിവിന്‌ അപ്പുറ​മു​ള്ള​താ​യി​രു​ന്നെന്നു മനസ്സി​ലാ​കു​ന്നത്‌. അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ ആ ലക്ഷ്യവു​മാ​യി മുന്നോ​ട്ടു​പോ​കു​ന്നതു നിങ്ങ​ളെ​ക്കൊണ്ട്‌ പറ്റുന്ന കാര്യ​മാ​ണോ എന്ന്‌ ഒന്നുകൂ​ടെ ചിന്തി​ക്കുക. d പറ്റാത്ത ഒരു ലക്ഷ്യം വെച്ചിട്ട്‌ അതിൽ എത്തി​ച്ചേർന്നില്ല എന്ന കാരണ​ത്താൽ നിങ്ങൾ ഒരു പരാജ​യ​മാ​ണെന്ന്‌ യഹോവ ഒരിക്ക​ലും ചിന്തി​ക്കില്ല.—2 കൊരി. 8:12.

17. ഇതി​നോ​ടകം നിങ്ങൾ നേടി​യെ​ടുത്ത കാര്യങ്ങൾ എപ്പോ​ഴും മനസ്സി​ലു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

17 എത്തി​ച്ചേർന്ന ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ‘നിങ്ങൾ ചെയ്‌ത സേവനം മറന്നു​ക​ള​യാൻ ദൈവം അനീതി​യു​ള്ള​വനല്ല’ എന്നു ബൈബിൾ ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (എബ്രാ. 6:10) അതു​കൊണ്ട്‌ നിങ്ങളും ആ കാര്യ​ങ്ങ​ളൊ​ന്നും മറക്കരുത്‌. നിങ്ങൾ ഇതി​നോ​ടകം നേടി​യെ​ടുത്ത ലക്ഷ്യങ്ങൾ എന്തെല്ലാ​മാ​ണെന്നു ചിന്തി​ക്കുക. ഒരുപക്ഷേ, യഹോ​വ​യു​മാ​യി അടുത്ത സ്‌നേ​ഹ​ബന്ധം വളർത്തി​യെ​ടു​ത്ത​തും മറ്റുള്ള​വ​രോ​ടു ദൈവ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​തും സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റ​തും എല്ലാം അവയിൽ ചിലതാ​യി​രി​ക്കാം. ഇതുവരെ പടിപ​ടി​യാ​യി നിങ്ങൾ പല ആത്മീയ​ല​ക്ഷ്യ​ങ്ങ​ളി​ലും എത്തി​ച്ചേർന്ന​തു​പോ​ലെ ഇപ്പോൾ വെച്ചി​രി​ക്കുന്ന ലക്ഷ്യങ്ങ​ളി​ലേ​ക്കും പടിപ​ടി​യാ​യി കയറി​ച്ചെ​ല്ലാൻ നിങ്ങൾക്കാ​കും.—ഫിലി. 3:16.

യാത്ര ആസ്വദി​ക്കു​ക (18-ാം ഖണ്ഡിക കാണുക)

18. ലക്ഷ്യത്തിൽ എത്താൻ ശ്രമി​ക്കു​ന്ന​തി​ന്റെ​കൂ​ടെ ഏതു കാര്യ​വും ചെയ്യാൻ നമ്മൾ ഓർക്കണം? (ചിത്ര​വും കാണുക.)

18 സന്തോ​ഷ​ത്തോ​ടെ തന്റെ ലക്ഷ്യസ്ഥാ​നത്ത്‌ എത്തി​ച്ചേ​രുന്ന ഒരു പായ്‌വ​ഞ്ചി​ക്കാ​ര​നെ​പ്പോ​ലെ യഹോ​വ​യു​ടെ സഹായ​ത്താൽ നിങ്ങൾക്കും ലക്ഷ്യത്തിൽ എത്തി​ച്ചേ​രാ​നാ​കും. എന്നാൽ ഓർക്കുക, പല വഞ്ചിക്കാ​രും വളരെ ആസ്വദി​ച്ചാ​ണു യാത്ര ചെയ്യു​ന്നത്‌. അതു​പോ​ലെ നിങ്ങളും ആത്മീയ​ല​ക്ഷ്യ​ത്തി​ലേ​ക്കുള്ള യാത്ര ആസ്വദി​ക്കുക. ആ യാത്ര​യിൽ യഹോവ എങ്ങനെ​യെ​ല്ലാ​മാ​ണു നിങ്ങളെ സഹായി​ക്കു​ക​യും അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തത്‌ എന്നു തിരി​ച്ച​റി​യു​ന്നത്‌ അതിനു സഹായി​ക്കും. (2 കൊരി. 4:7) തളർന്നു​പോ​കാ​തി​രു​ന്നാൽ വളരെ വലിയ അനു​ഗ്ര​ഹ​ങ്ങ​ളാ​ണു നിങ്ങളെ കാത്തി​രി​ക്കു​ന്നത്‌.—ഗലാ. 6:9.

ഗീതം 126 ഉണർന്നി​രി​ക്കുക, ഉറച്ചു​നിൽക്കുക, കരുത്തു നേടുക

a ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാൻ യഹോ​വ​യു​ടെ സംഘടന നമ്മളെ കൂടെ​ക്കൂ​ടെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റുണ്ട്‌. പക്ഷേ, നിങ്ങൾ ഇതി​നോ​ട​കം​തന്നെ ഒരു ലക്ഷ്യം വെച്ചിട്ട്‌ അതിൽ എത്തി​ച്ചേ​രാൻ ബുദ്ധി​മു​ട്ടു​ക​യാ​ണോ? അങ്ങനെ​യെ​ങ്കിൽ ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ എന്തൊക്കെ ചെയ്യാ​നാ​കും എന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖനം സഹായി​ക്കും.

b പദപ്രയോഗത്തിന്റെ വിശദീ​ക​രണം: ആത്മീയ​ല​ക്ഷ്യം വെച്ച്‌ പ്രവർത്തി​ക്കുക എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ യഹോ​വയെ കൂടുതൽ നന്നായി സേവി​ക്കാ​നും സന്തോ​ഷി​പ്പി​ക്കാ​നും വേണ്ടി എന്തെങ്കി​ലും നേടി​യെ​ടു​ക്കാൻ അല്ലെങ്കിൽ മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കുക എന്നാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു ക്രിസ്‌തീ​യ​ഗു​ണം വളർത്തി​യെ​ടു​ക്കാ​നോ ബൈബിൾ വായന, വ്യക്തി​പ​ര​മായ പഠനം, പ്രസം​ഗ​പ്ര​വർത്തനം എന്നിവ​പോ​ലെ ആരാധ​ന​യു​ടെ ഏതെങ്കി​ലും ഒരു വശം മെച്ച​പ്പെ​ടു​ത്താ​നോ നിങ്ങൾക്കു ലക്ഷ്യം വെക്കാ​നാ​യേ​ക്കും.

c ദിവ്യാധിപത്യ ശുശ്രൂ​ഷാ​സ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തിൽനി​ന്നു പ്രയോ​ജനം നേടുക എന്ന പുസ്‌ത​ക​ത്തി​ന്റെ പേ. 10, ഖ. 5 കാണുക.

d കൂടുതൽ വിവര​ങ്ങൾക്ക്‌ 2008 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ന്യായ​മായ പ്രതീ​ക്ഷകൾ വെച്ചു​പു​ലർത്തി സന്തോഷം കണ്ടെത്തൂ” എന്ന ലേഖനം കാണുക.