പഠനലേഖനം 38
ചെറുപ്പക്കാരേ, നിങ്ങൾ എങ്ങനെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്?
‘വകതിരിവ് നിന്നെ കാക്കും.’—സുഭാ. 2:11.
ഗീതം 135 യഹോവയുടെ സ്നേഹത്തോടെയുള്ള അപേക്ഷ: “മകനേ, നീ ജ്ഞാനിയായിരിക്കുക”
ചുരുക്കം a
1. യഹോവാശും ഉസ്സീയയും യോശിയയും ബുദ്ധിമുട്ടുള്ള ഏതു സാഹചര്യത്തെ നേരിട്ടു?
കുട്ടിക്കാലത്തോ കൗമാരപ്രായത്തിലോ ദൈവജനത്തെ ഭരിക്കാൻ നിങ്ങളെ ഒരു രാജാവായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക. നിങ്ങൾക്ക് എന്തു തോന്നും? ആ അധികാരം നിങ്ങൾ എങ്ങനെ ഉപയോഗിക്കും? യഹൂദയിൽ രാജാക്കന്മാരായിത്തീർന്ന പല ചെറുപ്പക്കാരെക്കുറിച്ചും ബൈബിൾ പറയുന്നു. ഉദാഹരണത്തിന്, യഹോവാശ് 7-ാം വയസ്സിലും ഉസ്സീയ 16-ാം വയസ്സിലും യോശിയ 8-ാം വയസ്സിലും രാജാക്കന്മാരായി. ആ നിയമനം ചെയ്യുന്നത് അവർക്ക് ഒട്ടും എളുപ്പമായിരുന്നിരിക്കില്ല. പക്ഷേ, യഹോവയും ചില ആളുകളും അതിന് അവരെ സഹായിച്ചു.
2. യഹോവാശ്, ഉസ്സീയ, യോശിയ എന്നിവരെക്കുറിച്ച് നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
2 നമ്മൾ രാജാക്കന്മാരോ രാജ്ഞിമാരോ ഒന്നുമല്ല. എങ്കിലും ഈ മൂന്നു ബൈബിൾകഥാപാത്രങ്ങളിൽനിന്നും പ്രധാനപ്പെട്ട പല പാഠങ്ങളും നമുക്കു പഠിക്കാനാകും. അവരെല്ലാം നല്ല തീരുമാനങ്ങളും ചിലപ്പോഴൊക്കെ തെറ്റായ തീരുമാനങ്ങളും എടുത്തവരായിരുന്നു. അവരുടെ മാതൃകകളിൽനിന്ന് നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കേണ്ടതിന്റെയും താഴ്മയുള്ളവരായിരിക്കേണ്ടതിന്റെയും എപ്പോഴും യഹോവയെ അന്വേഷിക്കേണ്ടതിന്റെയും പ്രാധാന്യം നമ്മൾ മനസ്സിലാക്കും.
നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കുക
3. മഹാപുരോഹിതനായ യഹോയാദ നൽകിയ നിർദേശങ്ങളോട് യഹോവാശ് രാജാവ് പ്രതികരിച്ചത് എങ്ങനെ?
3 യഹോവാശിന്റെ നല്ല തീരുമാനങ്ങൾ അനുകരിക്കുക. ചെറുപ്പമായിരുന്നപ്പോൾ യഹോവാശ് രാജാവ് ശരിയായ ഒരു തീരുമാനമെടുത്തു. വളരെ ചെറുപ്പത്തിൽത്തന്നെ തന്റെ അപ്പനെ മരണത്തിൽ നഷ്ടമായതുകൊണ്ട് യഹോവാശിനെ വളർത്തിയതും യഹോവയെക്കുറിച്ച് പഠിപ്പിച്ചതും ഒക്കെ മഹാപുരോഹിതനായ യഹോയാദയാണ്. അദ്ദേഹം നൽകിയ ഉപദേശങ്ങൾ അനുസരിച്ചതുകൊണ്ട് ജ്ഞാനത്തോടെ തീരുമാനങ്ങളെടുക്കാൻ യഹോവാശിനു കഴിഞ്ഞു. അങ്ങനെ യഹോവയെ സേവിക്കാനും ശുദ്ധാരാധനയ്ക്കു നേതൃത്വം കൊടുക്കാനും യഹോവാശ് തീരുമാനിച്ചു. യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനു വേണ്ട ക്രമീകരണങ്ങളും അദ്ദേഹം ചെയ്തു.—2 ദിന. 24:1, 2, 4, 13, 14.
4. യഹോവയുടെ നിയമങ്ങളെ ഒരു സമ്മാനമായി കാണുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (സുഭാ. 2:2, 10-12)
4 നിങ്ങളുടെ മാതാപിതാക്കളോ മറ്റാരെങ്കിലുമോ യഹോവയെ സ്നേഹിക്കാനും യഹോവ പറഞ്ഞിരിക്കുന്ന വഴികളിലൂടെ നടക്കാനും നിങ്ങളെ പഠിപ്പിക്കുന്നുണ്ടെങ്കിൽ അതു നിങ്ങൾക്കു ലഭിച്ചിരിക്കുന്ന വലിയൊരു സമ്മാനമാണ്. (സുഭാഷിതങ്ങൾ 2:2, 10-12 വായിക്കുക.) മാതാപിതാക്കൾക്കു നിങ്ങളെ പല വിധങ്ങളിൽ പരിശീലിപ്പിക്കാനാകും. നല്ല തീരുമാനങ്ങളെടുക്കാൻ കാറ്റ്യയെ അവളുടെ അപ്പൻ എങ്ങനെയാണു സഹായിച്ചതെന്നു നോക്കുക. ദിവസവും അവളെ സ്കൂളിൽ കൊണ്ടുപോയി വിടുന്ന സമയത്ത് അദ്ദേഹം അവളുമായി ദിനവാക്യം ചർച്ച ചെയ്യുമായിരുന്നു. കാറ്റ്യ പറയുന്നു: “അത്തരം ചർച്ചകൾ ഓരോ ദിവസവും വന്നിരുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ എന്നെ സഹായിച്ചു.” എന്നാൽ ബൈബിളിനെ അടിസ്ഥാനമാക്കി മാതാപിതാക്കൾ നൽകുന്ന ഉപദേശങ്ങൾ നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നതായി തോന്നുന്നെങ്കിലോ? അപ്പോഴും അവരെ അനുസരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? തന്റെ മാതാപിതാക്കൾ ഒരു നിയമം വെക്കുന്നതോടൊപ്പം അതിന്റെ കാരണം വിശദീകരിച്ചുതരുമായിരുന്നെന്ന് അനസ്താസിയ ഓർക്കുന്നു. “അതുകൊണ്ട് മാതാപിതാക്കൾ വെച്ച നിയമങ്ങൾ ഒരു നിയന്ത്രണമായിട്ടല്ല സ്നേഹത്തോടെയുള്ള ഒരു സംരക്ഷണമായിട്ട് എനിക്കു കാണാൻ കഴിഞ്ഞു” എന്നു സഹോദരി പറയുന്നു.
5. നിങ്ങളുടെ പ്രവർത്തനങ്ങൾ യഹോവയെയും മാതാപിതാക്കളെയും എങ്ങനെ ബാധിക്കും? (സുഭാ. 22:6; 23:15, 24, 25)
5 ബൈബിളുപദേശങ്ങൾ നിങ്ങൾ അനുസരിക്കുമ്പോൾ അതു മാതാപിതാക്കളെ ഒരുപാടു സന്തോഷിപ്പിക്കും. ഏറ്റവും പ്രധാനമായി അതു ദൈവത്തെ സന്തോഷിപ്പിക്കും; ദൈവവുമായുള്ള നിങ്ങളുടെ സൗഹൃദം കൂടുതൽ ശക്തമാക്കുകയും ചെയ്യും. (സുഭാഷിതങ്ങൾ 22:6; 23:15, 24, 25 വായിക്കുക.) ചെറുപ്പത്തിൽ യഹോവാശ് വെച്ച മാതൃക അനുകരിക്കാനുള്ള നല്ല കാരണങ്ങളല്ലേ അവ?
6. യഹോവാശ് ആരുടെ ഉപദേശം ശ്രദ്ധിക്കാൻ തുടങ്ങി, എന്തായിരുന്നു അതിന്റെ ഫലം? (2 ദിന. 24:17, 18)
6 യഹോവാശിന്റെ മോശം തീരുമാനങ്ങളിൽനിന്ന് പാഠം പഠിക്കുക. യഹോയാദയുടെ മരണശേഷം യഹോവാശ് ചീത്ത കൂട്ടുകെട്ടിലേക്കു പോയി. (2 ദിനവൃത്താന്തം 24:17, 18 വായിക്കുക.) യഹോവയെ സ്നേഹിക്കാത്ത യഹൂദാപ്രഭുക്കന്മാരുടെ വാക്കുകൾ അനുസരിക്കാനാണു രാജാവ് തീരുമാനിച്ചത്. അവരുമായുള്ള കൂട്ടുകെട്ട് അദ്ദേഹം ഒഴിവാക്കേണ്ടതായിരുന്നു. അതിനോടു നിങ്ങളും യോജിക്കുന്നില്ലേ? (സുഭാ. 1:10) എന്നാൽ അദ്ദേഹം അവരുടെ ഉപദേശം അനുസരിക്കുകയാണു ചെയ്തത്. മാത്രമല്ല, ബന്ധുവായ സെഖര്യ തിരുത്താൻ ശ്രമിച്ചപ്പോൾ യഹോവാശ് അദ്ദേഹത്തെ കൊല്ലുകപോലും ചെയ്തു. (2 ദിന. 24:20, 21; മത്താ. 23:35) എത്ര വലിയ ബുദ്ധിമോശമാണ് യഹോവാശ് കാണിച്ചത്! തുടക്കം വളരെ നല്ലതായിരുന്നെങ്കിലും ഒടുവിൽ അദ്ദേഹം വിശ്വാസത്യാഗിയും കൊലപാതകിയും ആയി. അവസാനം സ്വന്തം ദാസന്മാർതന്നെ അദ്ദേഹത്തെ കൊന്നുകളഞ്ഞു. (2 ദിന. 24:22-25) യഹോവയുടെയും യഹോവയെ സ്നേഹിക്കുന്നവരുടെയും വാക്കുകൾ ശ്രദ്ധിക്കുന്നതിൽ തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം എത്ര വ്യത്യസ്തമായിരുന്നേനെ! യഹോവാശിന്റെ ജീവിതത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
7. നിങ്ങൾ ആരെയാണു കൂട്ടുകാരാക്കേണ്ടത്? (ചിത്രവും കാണുക.)
7 യഹോവാശ് എടുത്ത തെറ്റായ തീരുമാനത്തിൽനിന്ന് നമുക്ക് ഒരു പാഠം പഠിക്കാനുണ്ട്. യഹോവയെ സ്നേഹിക്കുകയും സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരെയാണു നമ്മൾ കൂട്ടുകാരാക്കേണ്ടത്. നമ്മുടെ അതേ പ്രായക്കാരെ മാത്രമല്ല അല്ലാത്തവരെയും നമുക്കു കൂട്ടുകാരാക്കാം. യഹോയാദയെക്കാൾ വളരെ പ്രായക്കുറവായിരുന്നു യഹോവാശിന് എന്ന കാര്യം ഓർക്കുക. നിങ്ങളുടെ കൂട്ടുകാരെക്കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുക: ‘യഹോവയിലുള്ള എന്റെ വിശ്വാസം ശക്തമാക്കാൻ അവർ എന്നെ സഹായിക്കുന്നുണ്ടോ? ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ അവർ എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? യഹോവയെക്കുറിച്ചും ബൈബിൾസത്യങ്ങളെക്കുറിച്ചും അവർ സംസാരിക്കാറുണ്ടോ? ദൈവത്തിന്റെ നിലവാരങ്ങളെ അവർ ആദരിക്കുന്നുണ്ടോ? ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ മാത്രമാണോ അവർ എന്നോടു പറയുന്നത്? അതോ ആവശ്യംവന്നാൽ എന്നെ തിരുത്താനുള്ള ധൈര്യം അവർ കാണിക്കാറുണ്ടോ?’ (സുഭാ. 27:5, 6, 17) കൂട്ടുകാർ യഹോവയെ സ്നേഹിക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് അവരെ ആവശ്യമില്ല എന്നതാണു സത്യം. എന്നാൽ നിങ്ങളുടെ കൂട്ടുകാർ യഹോവയെ സ്നേഹിക്കുന്നവരാണെങ്കിൽ നല്ല കാര്യങ്ങൾ ചെയ്യാൻ അവർ നിങ്ങളെ സഹായിക്കും.—സുഭാ. 13:20.
8. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?
8 സമൂഹമാധ്യമങ്ങളിലൂടെ നമുക്കു സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കാനും അവരുമായി സന്തോഷം പങ്കിടാനും കഴിയുന്നു. എന്നാൽ പലരും അവർ വാങ്ങിച്ചതോ ചെയ്തതോ ആയ കാര്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും പോസ്റ്റു ചെയ്തുകൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇവ ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ഇങ്ങനെ ചിന്തിക്കുക: ‘മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നതാണോ എന്റെ ലക്ഷ്യം? ഞാൻ ഇതിൽ എന്തെങ്കിലും പോസ്റ്റു ചെയ്യുന്നതു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാണോ അതോ എനിക്കുതന്നെ ഒരു പേരുണ്ടാക്കാനാണോ? സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന മറ്റുള്ളവർ എന്റെ ചിന്തയെയും സംസാരത്തെയും പ്രവർത്തനങ്ങളെയും മോശമായി സ്വാധീനിക്കാൻ ഞാൻ അനുവദിക്കുന്നുണ്ടോ?’ ഭരണസംഘാംഗമായിരുന്ന നേഥൻ നോർ സഹോദരൻ ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്: “മനുഷ്യരെ പ്രീതിപ്പെടുത്താൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ആരെയും പ്രീതിപ്പെടുത്താനാകില്ല. യഹോവയെ പ്രീതിപ്പെടുത്തുക. അങ്ങനെയായാൽ യഹോവയെ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾ പ്രീതിപ്പെടുത്തും.”
താഴ്മയുള്ളവരായി തുടരുക
9. യഹോവ ഉസ്സീയയെ എങ്ങനെയെല്ലാം സഹായിച്ചു? (2 ദിന. 26:1-5)
9 ഉസ്സീയയുടെ നല്ല തീരുമാനങ്ങൾ അനുകരിക്കുക. ചെറുപ്പത്തിൽ ഉസ്സീയ രാജാവ് വളരെ താഴ്മയുള്ള വ്യക്തിയായിരുന്നു. അദ്ദേഹം ‘സത്യദൈവത്തെ ഭയപ്പെടാൻ പഠിച്ചു.’ 68 വർഷം ജീവിച്ച അദ്ദേഹത്തിനു ജീവിതത്തിലെ ഭൂരിഭാഗം സമയവും യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു. (2 ദിനവൃത്താന്തം 26:1-5 വായിക്കുക.) ഉസ്സീയ പല ശത്രുരാജ്യങ്ങളെ തോൽപ്പിക്കുകയും യരുശലേമിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. (2 ദിന. 26:6-15) യഹോവയുടെ സഹായത്താൽ ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ഉസ്സീയയ്ക്ക് ഉറപ്പായും സന്തോഷം തോന്നിയിട്ടുണ്ട്.—സഭാ. 3:12, 13.
10. ഉസ്സീയയ്ക്ക് എന്തു സംഭവിച്ചു?
10 ഉസ്സീയയുടെ മോശം തീരുമാനങ്ങളിൽനിന്ന് പാഠം പഠിക്കുക. ഒരു രാജാവെന്ന നിലയിൽ മറ്റുള്ളവർക്കു നിർദേശങ്ങൾ കൊടുത്ത് അവരെക്കൊണ്ട് അത് അനുസരിപ്പിക്കുന്ന രീതിയാണല്ലോ ഉസ്സീയ ശീലിച്ചുവന്നത്. അതുകൊണ്ട് ആഗ്രഹിക്കുന്ന എന്തും തനിക്കു ചെയ്യാം എന്ന് അദ്ദേഹം ചിന്തിച്ചിരിക്കുമോ? എന്തായിരുന്നാലും ഒരിക്കൽ ഉസ്സീയ യഹോവയുടെ ആലയത്തിൽ പ്രവേശിച്ച് ധിക്കാരത്തോടെ യാഗപീഠത്തിൽ സുഗന്ധക്കൂട്ട് അർപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ചെയ്യാൻ രാജാക്കന്മാർക്ക് അനുവാദമുണ്ടായിരുന്നില്ല. (2 ദിന. 26:16-18) മഹാപുരോഹിതനായ അസര്യ തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം കോപംകൊണ്ട് വിറച്ചു. അങ്ങനെ അതുവരെ യഹോവയെ വിശ്വസ്തമായി സേവിച്ചതിന്റെ നല്ല പേര് അദ്ദേഹത്തിനു നഷ്ടമായി. കുഷ്ഠം വരുത്തിക്കൊണ്ട് യഹോവ ഉസ്സീയയെ ശിക്ഷിക്കുകയും ചെയ്തു. (2 ദിന. 26:19-21) അദ്ദേഹം താഴ്മയുള്ളവനായി തുടർന്നിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം എത്ര നല്ലതാകുമായിരുന്നു!
11. താഴ്മയുള്ളവരാണെന്നു നമുക്ക് എങ്ങനെ തെളിയിക്കാം? (ചിത്രവും കാണുക.)
11 ഉസ്സീയ ശക്തനായിത്തീർന്നപ്പോൾ തന്റെ നേട്ടങ്ങളൊക്കെ യഹോവയുടെ അനുഗ്രഹത്താൽ കിട്ടിയതാണെന്ന കാര്യം അദ്ദേഹം മറന്നു. എന്താണു നമുക്കുള്ള പാഠം? ജീവിതത്തിലും ദൈവസേവനത്തിലും നമുക്കുള്ള എല്ലാ നല്ല കാര്യങ്ങളും യഹോവയുടെ അനുഗ്രഹത്താൽ ലഭിച്ചതാണെന്നു നമ്മൾ എപ്പോഴും ഓർക്കണം. നമ്മുടെ നേട്ടങ്ങളെക്കുറിച്ച് പൊങ്ങച്ചം പറയുന്നതിനു പകരം അതിന്റെ മഹത്ത്വം യഹോവയ്ക്കു കൊടുക്കുക. b (1 കൊരി. 4:7) നമ്മൾ അപൂർണരാണെന്നും നമുക്കു ശിക്ഷണം ആവശ്യമാണെന്നും താഴ്മയോടെ അംഗീകരിക്കുകയും വേണം. 60-ലധികം വയസ്സുള്ള ഒരു സഹോദരൻ ഇങ്ങനെ എഴുതി: “മറ്റുള്ളവർ എന്റെ തെറ്റു ചൂണ്ടിക്കാണിച്ചാലും അവരോടു മുഷിവ് തോന്നരുതെന്ന കാര്യം ഞാൻ പഠിച്ചു. ഇടയ്ക്കൊക്കെ എനിക്കു പറ്റുന്ന ചെറിയ തെറ്റുകൾക്കു ശിക്ഷണം കിട്ടുമ്പോൾ അതു തിരുത്തി മുന്നോട്ടുപോകാൻ ഞാൻ നന്നായി ശ്രമിക്കും.” നമ്മൾ യഹോവയെ അനുസരിക്കുകയും താഴ്മയുള്ളവരായി തുടരുകയും ചെയ്യുന്നെങ്കിൽ നമ്മുടെ ജീവിതം സന്തോഷമുള്ളതായിരിക്കും.—സുഭാ. 22:4.
യഹോവയെ അന്വേഷിച്ചുകൊണ്ടിരിക്കുക
12. ചെറുപ്രായത്തിൽത്തന്നെ യോശിയ യഹോവയെ അന്വേഷിച്ചത് എങ്ങനെ? (2 ദിന. 34:1-3)
12 യോശിയയുടെ നല്ല തീരുമാനങ്ങൾ അനുകരിക്കുക. കൗമാരത്തിൽത്തന്നെ യോശിയ യഹോവയെ അന്വേഷിച്ചുതുടങ്ങി. യഹോവയെക്കുറിച്ച് പഠിക്കാനും യഹോവയുടെ ഇഷ്ടം ചെയ്യാനും യോശിയ ആഗ്രഹിച്ചു. എന്നാൽ ഈ യുവരാജാവിന്റെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. അന്നു കൂടുതൽ ആളുകളും വ്യാജദൈവങ്ങളെ ആരാധിച്ചിരുന്നതുകൊണ്ട് അതു നിറുത്തലാക്കാൻ യോശിയയ്ക്കു നല്ല ധൈര്യം വേണമായിരുന്നു. യോശിയ അതിനുള്ള ധൈര്യം കാണിക്കുകയും ചെയ്തു. 20 വയസ്സാകുന്നതിനു മുമ്പുതന്നെ ദേശത്തുനിന്ന് വ്യാജാരാധന തുടച്ചുനീക്കാനുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്തുതുടങ്ങി.—2 ദിനവൃത്താന്തം 34:1-3 വായിക്കുക.
13. നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചുകഴിഞ്ഞാൽ തുടർന്നുള്ള നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
13 നിങ്ങൾ വളരെ ചെറുപ്പമാണെങ്കിലും യോശിയയെ അനുകരിച്ചുകൊണ്ട് യഹോവയെ അന്വേഷിക്കാനും യഹോവയുടെ മനോഹരമായ ഗുണങ്ങളെക്കുറിച്ച് പഠിക്കാനും നിങ്ങൾക്കാകും. അങ്ങനെ ചെയ്യുമ്പോൾ ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങൾക്ക് ആഗ്രഹം തോന്നും. നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചുകഴിഞ്ഞാൽ തുടർന്നുള്ള നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും? 14-ാം വയസ്സിൽ സ്നാനമേറ്റ ലൂക്ക് യഹോവയ്ക്കു തന്റെ ജീവിതം സമർപ്പിച്ചശേഷം ഇങ്ങനെ പറഞ്ഞു: “ഇനിമുതൽ യഹോവയെ സേവിക്കുന്നതിനായിരിക്കും എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം. എല്ലാ കാര്യത്തിലും യഹോവയെ സന്തോഷിപ്പിക്കാൻ ഞാൻ ശ്രമിക്കും.” (മർക്കോ. 12:30) ലൂക്കിന്റേതുപോലുള്ള അതേ ആഗ്രഹമാണുള്ളതെങ്കിൽ നിങ്ങളുടെ ജീവിതവും എത്ര സന്തോഷമുള്ളതായിരിക്കും!
14. ചില ചെറുപ്പക്കാർ എങ്ങനെയാണു യോശിയ രാജാവിന്റെ മാതൃക അനുകരിച്ചിരിക്കുന്നത്?
14 യഹോവയെ സേവിക്കുന്ന ചെറുപ്പക്കാരെന്ന നിലയിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? അതെക്കുറിച്ച് ചില ചെറുപ്പക്കാർ പറയുന്നത് എന്താണെന്നു നോക്കുക. സ്കൂളിൽ കൂട്ടുകാർ വേപ്പിങ്, അതായത് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നതിന്, നിർബന്ധിച്ചതായിരുന്നു 12-ാം വയസ്സിൽ സ്നാനപ്പെട്ട ജൊഹാനു നേരിടേണ്ടിവന്ന പ്രശ്നം. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങാതിരിക്കാൻ ജൊഹാനു കഴിഞ്ഞത് എങ്ങനെയാണ്? വേപ്പിങ് തന്റെ ആരോഗ്യത്തെയും യഹോവയുമായുള്ള ബന്ധത്തെയും എങ്ങനെ ബാധിക്കുമെന്നു ജൊഹാൻ ചിന്തിച്ചു. ഇനി, റെയ്ച്ചലിന്റെ അനുഭവം നോക്കാം. 14-ാം വയസ്സിൽ സ്നാനപ്പെട്ട അവൾ, സ്കൂളിൽ തനിക്കുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്നത് എന്താണെന്നു വിശദീകരിക്കുന്നു: “ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളെ യഹോവയുമായും ബൈബിളുമായും ബന്ധപ്പെടുത്തി ചിന്തിക്കാൻ ശ്രമിക്കാറുണ്ട്. ഉദാഹരണത്തിന്, ക്ലാസിൽ ചരിത്രവിഷയം പഠിപ്പിക്കുമ്പോൾ ഇടയ്ക്കൊക്കെ ഒരു ബൈബിൾവിവരണമോ ഒരു പ്രവചനമോ എന്റെ മനസ്സിലേക്കു വരും. ചിലപ്പോൾ കൂട്ടുകാരോടു ഞാൻ സംസാരിക്കുന്ന സമയത്ത് അവരോടു പറയാൻ പറ്റിയ വാക്യത്തെക്കുറിച്ച് ഞാൻ ചിന്തിക്കും.” യോശിയ രാജാവിന് ഉണ്ടായതുപോലുള്ള പ്രശ്നങ്ങളായിരിക്കില്ല ഒരുപക്ഷേ നിങ്ങൾക്കു നേരിടേണ്ടിവരുന്നത്. എന്നാൽ അദ്ദേഹത്തെപ്പോലെ ജ്ഞാനിയും വിശ്വസ്തനും ആണെന്നു നിങ്ങൾക്കും തെളിയിക്കാനാകും. ചെറുപ്രായത്തിൽ നിങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ വിജയകരമായി കൈകാര്യം ചെയ്താൽ ഭാവിയിലുണ്ടായേക്കാവുന്ന പ്രശ്നങ്ങളെ നേരിടാൻ നിങ്ങൾക്കു കൂടുതൽ എളുപ്പമായിരിക്കും.
15. യഹോവയെ വിശ്വസ്തമായി സേവിക്കാൻ യോശിയയെ സഹായിച്ചത് എന്താണ്? (2 ദിന. 34:14, 18-21)
15 യോശിയ രാജാവിന് 26 വയസ്സായപ്പോൾ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടിയുള്ള കാര്യങ്ങൾ അദ്ദേഹം ചെയ്തുതുടങ്ങി. ആ ജോലി നടക്കുന്ന സമയത്ത് “മോശയിലൂടെ ലഭിച്ച യഹോവയുടെ നിയമപുസ്തകം” കണ്ടെത്തി. നിയമപുസ്തകത്തിൽനിന്ന് വായിച്ചുകേട്ടത്, അതിനു ചേർച്ചയിൽ പ്രവർത്തിക്കാൻ രാജാവിനെ പ്രേരിപ്പിച്ചു. (2 ദിനവൃത്താന്തം 34:14, 18-21 വായിക്കുക.) പതിവായി ബൈബിൾ വായിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഒരുപക്ഷേ ഇപ്പോൾത്തന്നെ നിങ്ങൾ അതിനു ശ്രമിക്കുന്നുണ്ടാകും. എന്നാൽ ശരിക്കും അത് ഇഷ്ടപ്പെടുന്നുണ്ടോ? വായിക്കുമ്പോൾ ഇഷ്ടപ്പെട്ട വാക്യങ്ങൾ കുറിച്ചുവെക്കാറുണ്ടോ? നേരത്തേ പറഞ്ഞ ലൂക്ക് ബൈബിൾ വായിക്കുന്ന സമയത്ത് കിട്ടുന്ന നല്ല ആശയങ്ങൾ ഒരു ബുക്കിൽ എഴുതിവെക്കാറുണ്ട്. നിങ്ങളും അതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നെങ്കിൽ ബൈബിൾ വാക്യങ്ങളും അതിൽനിന്ന് പഠിച്ച ആശയങ്ങളും ഓർത്തുവെക്കാൻ എളുപ്പമായിരിക്കും. നിങ്ങൾ എത്രയധികമായി ബൈബിൾ പഠിക്കുകയും അതിനെ സ്നേഹിക്കുകയും ചെയ്യുന്നോ അത്രയധികമായി യഹോവയെ സേവിക്കാനുള്ള ആഗ്രഹം ശക്തമാകും. അങ്ങനെ ശരിയായ കാര്യങ്ങൾ ചെയ്യാൻ ദൈവവചനം യോശിയ രാജാവിനെ പ്രേരിപ്പിച്ചതുപോലെ നിങ്ങളെയും പ്രേരിപ്പിക്കും.
16. യോശിയയ്ക്ക് ഗുരുതരമായ തെറ്റു പറ്റിയത് എന്തുകൊണ്ട്, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16 യോശിയയുടെ മോശം തീരുമാനങ്ങളിൽനിന്ന് പാഠം പഠിക്കുക. ഏകദേശം 39 വയസ്സുള്ളപ്പോൾ യോശിയ വലിയൊരു തെറ്റു ചെയ്തു. അതിന്റെ ഫലമായി അദ്ദേഹത്തിനു സ്വന്തം ജീവൻപോലും നഷ്ടപ്പെട്ടു. തീരുമാനങ്ങൾ എടുക്കേണ്ടിവന്നപ്പോൾ സഹായത്തിനായി യഹോവയിലേക്കു നോക്കുന്നതിനു പകരം അദ്ദേഹം തന്നിൽത്തന്നെയാണ് ആശ്രയിച്ചത്. (2 ദിന. 35:20-25) അതിൽനിന്ന് നമുക്കു പഠിക്കാനുള്ള ഒരു പാഠമുണ്ട്: എത്ര പ്രായമായാലും, ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായാലും നമ്മൾ യഹോവയെ അന്വേഷിക്കുന്നതിൽ തുടരണം. ശരിയായ തീരുമാനമെടുക്കാനുള്ള സഹായത്തിനായി പതിവായി പ്രാർഥിക്കുന്നതും ദൈവവചനം പഠിക്കുന്നതും പക്വതയുള്ള ക്രിസ്ത്യാനികളുടെ ഉപദേശം തേടുന്നതും അതിൽ ഉൾപ്പെടുന്നു. അങ്ങനെയാകുമ്പോൾ നമ്മൾ വലിയ തെറ്റുകൾ വരുത്താനുള്ള സാധ്യത കുറവായിരിക്കും. മാത്രമല്ല കൂടുതൽ സന്തോഷത്തോടെയിരിക്കാനും നമുക്കു കഴിഞ്ഞേക്കും.—യാക്കോ. 1:25.
ചെറുപ്പക്കാരേ, നിങ്ങൾക്കു സന്തോഷമുള്ള ജീവിതം നയിക്കാനാകും
17. യഹൂദയിലെ മൂന്നു രാജാക്കന്മാരിൽനിന്ന് നമ്മൾ എന്തൊക്കെയാണു പഠിച്ചത്?
17 നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഒരുപാട് അവസരങ്ങളാണ് ചെറുപ്പക്കാരായ നിങ്ങളുടെ മുന്നിലുള്ളത്. നിങ്ങൾക്കു ശരിയായ തീരുമാനങ്ങളെടുക്കാനും യഹോവയുടെ ഇഷ്ടം ചെയ്യാനും കഴിയുമെന്ന് യഹോവാശിന്റെയും ഉസ്സീയയുടെയും യോശിയയുടെയും ജീവിതം കാണിക്കുന്നു. എന്നാൽ നമ്മൾ കണ്ടതുപോലെ, ഈ മൂന്നു പേരും തെറ്റുകൾ ചെയ്തു. അതുകൊണ്ട് അവർക്ക് അതിന്റെ ഫലം അനുഭവിക്കേണ്ടതായുംവന്നു. നമുക്കു പക്ഷേ അവർ ചെയ്ത നല്ല കാര്യങ്ങൾ അനുകരിക്കാനും അവരുടെ തെറ്റുകൾ ഒഴിവാക്കാനും കഴിയും. അപ്പോൾ നമ്മുടെ ജീവിതം എന്നും സന്തോഷമുള്ളതായിരിക്കും.
18. നിങ്ങൾക്കു സന്തോഷമുള്ള ജീവിതം നയിക്കാനാകുമെന്ന് ആരുടെയെല്ലാം മാതൃകകൾ തെളിയിക്കുന്നു? (ചിത്രവും കാണുക.)
18 യഹോവയോട് അടുത്ത് ചെല്ലുകയും യഹോവയുടെ അംഗീകാരം നേടുകയും അങ്ങനെ സന്തോഷമുള്ള ജീവിതം നയിക്കുകയും ചെയ്ത മറ്റു പല ചെറുപ്പക്കാരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അതിന് ഒരു ഉദാഹരണമാണു ദാവീദ്. വളരെ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം ദൈവത്തെ തന്റെ ഉറ്റ സുഹൃത്താക്കുകയും പിന്നീട് വിശ്വസ്തനായ ഒരു രാജാവായിത്തീരുകയും ചെയ്തു. അദ്ദേഹത്തിന് ഇടയ്ക്കൊക്കെ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും ഒരു വിശ്വസ്തനായ വ്യക്തിയായിട്ടാണു ദൈവം അദ്ദേഹത്തെ കണ്ടത്. (1 രാജാ. 3:6; 9:4, 5; 14:8) ദാവീദിനെക്കുറിച്ച് പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ മാതൃക യഹോവയെ വിശ്വസ്തമായി സേവിക്കാനുള്ള പ്രോത്സാഹനവും പ്രചോദനവും നിങ്ങൾക്കു നൽകും. ഇനി, നിങ്ങൾക്കു മർക്കോസിനെക്കുറിച്ചും തിമൊഥെയൊസിനെക്കുറിച്ചും കൂടുതൽ പഠിക്കാൻ ലക്ഷ്യംവെക്കാവുന്നതാണ്. വളരെ ചെറുപ്പത്തിൽത്തന്നെ യഹോവയെ സേവിക്കാൻതുടങ്ങിയ അവർ അവസാനംവരെ വിശ്വസ്തരായി തുടർന്നു. അവരുടെ ആ തീരുമാനം യഹോവയെ സന്തോഷിപ്പിച്ചു, മാത്രമല്ല അവർക്കൊരു അനുഗ്രഹമാകുകയും ചെയ്തു.
19. നിങ്ങൾക്ക് എങ്ങനെയുള്ള ഒരു ജീവിതമുണ്ടായിരിക്കാനാകും?
19 ഭാവിയിൽ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നത് ഇപ്പോൾ നിങ്ങൾ എങ്ങനെയുള്ള ജീവിതം നയിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സ്വന്തം ബുദ്ധിയിൽ ആശ്രയിക്കാതെ യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാൻ യഹോവ നിങ്ങളെ സഹായിക്കും. (സുഭാ. 20:24) അതു സന്തോഷവും സംതൃപ്തിയും നിറഞ്ഞ ജീവിതം നിങ്ങൾക്കു തരും. ഓർക്കുക: നിങ്ങൾ യഹോവയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ വളരെ മൂല്യമുള്ളതായിട്ടാണ് യഹോവ കാണുന്നത്. നമ്മുടെ സ്നേഹമുള്ള സ്വർഗീയപിതാവിനെ സേവിക്കുന്നതിനുവേണ്ടി ജീവിതം ഉപയോഗിക്കുന്നിനെക്കാൾ മികച്ചതായി മറ്റെന്താണുള്ളത്!
ഗീതം 144 സമ്മാനത്തിൽ കണ്ണു നട്ടിരിക്കുക!
a ചെറുപ്പക്കാരേ, എപ്പോഴും ശരിയായ കാര്യങ്ങൾ ചെയ്യുന്നതും യഹോവയുടെ ഒരു സുഹൃത്തായി തുടരുന്നതും നിങ്ങൾക്ക് അത്ര എളുപ്പമല്ലെന്ന് യഹോവയ്ക്കു നന്നായി അറിയാം. നമ്മുടെ സ്വർഗീയപിതാവിനെ സന്തോഷിപ്പിക്കുന്ന നല്ല തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? യഹൂദയിൽ രാജാക്കന്മാരായി ഭരണം നടത്തിയ മൂന്നു ചെറുപ്പക്കാരെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അവർ എടുത്ത തീരുമാനങ്ങളിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാൻ കഴിയുമെന്ന് ചിന്തിക്കുക.
b JW.ORG-ലെ “സോഷ്യൽ മീഡിയയിൽ എങ്ങനെയും ഒരു ‘സംഭവമാകാൻ’ തോന്നുന്നെങ്കിൽ. . . ” എന്ന ലേഖനത്തിലുള്ള “‘പാവം പൊങ്ങച്ചക്കാരൻ’ ആകല്ലേ!” എന്ന ചതുരം കാണുക.