വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 40

പത്രോ​സി​നെ​പ്പോ​ലെ നിങ്ങൾക്കും മടുത്തു​പോ​കാ​തെ തുടരാ​നാ​കും

പത്രോ​സി​നെ​പ്പോ​ലെ നിങ്ങൾക്കും മടുത്തു​പോ​കാ​തെ തുടരാ​നാ​കും

“കർത്താവേ, ഞാനൊ​രു പാപി​യാണ്‌. എന്നെ വിട്ട്‌ പോയാ​ലും.”—ലൂക്കോ. 5:8.

ഗീതം 38 ദൈവം നിന്നെ ബലപ്പെ​ടു​ത്തും

ചുരുക്കം a

1. യേശു​വി​ന്റെ സഹായ​ത്തോ​ടെ അത്ഭുത​ക​ര​മാ​യി ധാരാളം മീൻ കിട്ടി​യ​പ്പോൾ പത്രോസ്‌ എങ്ങനെ പ്രതി​ക​രി​ച്ചു?

 പത്രോസ്‌ ഒരു രാത്രി മുഴുവൻ ശ്രമി​ച്ചി​ട്ടും ഒരു മീൻപോ​ലും കിട്ടി​യില്ല. അപ്പോ​ഴാ​ണു യേശു പറയു​ന്നത്‌, “ആഴമു​ള്ളി​ട​ത്തേക്കു നീക്കി വല ഇറക്കുക” എന്ന്‌. (ലൂക്കോ. 5:4) അങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ ഗുണമു​ണ്ടോ എന്ന്‌ പത്രോസ്‌ സംശയി​ച്ചെ​ങ്കി​ലും യേശു പറഞ്ഞതു​പോ​ലെ ചെയ്യാൻ അദ്ദേഹം തയ്യാറാ​യി. വല കീറി​പ്പോ​കുന്ന അളവോ​ളം അവർക്കു മീൻ കിട്ടു​ക​യും ചെയ്‌തു. അതൊരു അത്ഭുത​മാ​ണെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോൾ പത്രോ​സും കൂടെ​യു​ണ്ടാ​യി​രു​ന്ന​വ​രും “ആകെ അമ്പരന്നു​പോ​യി.” ഉടനെ പത്രോസ്‌ പറഞ്ഞു: “കർത്താവേ, ഞാനൊ​രു പാപി​യാണ്‌. എന്നെ വിട്ട്‌ പോയാ​ലും.” (ലൂക്കോ. 5:6-9) യേശു​വി​ന്റെ കൂടെ​യാ​യി​രി​ക്കാൻപോ​ലു​മുള്ള യോഗ്യത തനിക്കി​ല്ലെന്നു പത്രോ​സി​നു തോന്നി​ക്കാ​ണും.

2. പത്രോ​സി​നെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെ?

2 പത്രോസ്‌ പറഞ്ഞതു ശരിയാണ്‌. അദ്ദേഹം ഒരു ‘പാപി​യാ​യി​രു​ന്നു.’ പിന്നീട്‌ വിഷമം തോന്നാൻ ഇടയാ​ക്കിയ പലതും അദ്ദേഹം പറഞ്ഞി​ട്ടും ചെയ്‌തി​ട്ടും ഉണ്ടെന്നു ബൈബി​ളിൽ നമ്മൾ വായി​ക്കു​ന്നു. നിങ്ങൾക്കും ഇടയ്‌ക്കൊ​ക്കെ അങ്ങനെ തോന്നാ​റു​ണ്ടോ? നിങ്ങളു​ടെ ഏതെങ്കി​ലും ബലഹീനത മറിക​ട​ക്കാ​നോ സ്വഭാ​വ​ത്തിൽ ഒരു മാറ്റം വരുത്താ​നോ വർഷങ്ങ​ളാ​യി നിങ്ങൾ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണോ? അങ്ങനെ​യെ​ങ്കിൽ പത്രോ​സി​നെ​ക്കു​റിച്ച്‌ പഠിക്കു​ന്നതു നിങ്ങളെ സഹായി​ക്കും. ഇതെക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക: പത്രോ​സി​ന്റെ തെറ്റുകൾ വേണ​മെ​ങ്കിൽ ബൈബി​ളിൽ ഉൾപ്പെ​ടു​ത്താ​തി​രി​ക്കാ​മാ​യി​രു​ന്നു. എന്നാൽ നമ്മുടെ പ്രയോ​ജ​ന​ത്തി​നാ​യി അവ ബൈബി​ളിൽ എഴുതി​ച്ചേർക്കാൻ ദൈവാ​ത്മാവ്‌ ഇടയാക്കി. (2 തിമൊ. 3:16, 17) നമ്മു​ടേ​തു​പോ​ലുള്ള ബലഹീ​ന​ത​ക​ളും വികാ​ര​ങ്ങ​ളും ഉണ്ടായി​രുന്ന പത്രോ​സി​നെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ യഹോവ നമ്മളിൽനിന്ന്‌ പൂർണത പ്രതീ​ക്ഷി​ക്കു​ന്നി​ല്ലെന്നു തിരി​ച്ച​റി​യാൻ നമ്മളെ സഹായി​ക്കും. കുറവു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും നമ്മൾ മടുത്തു​പോ​കാ​തെ ശ്രമം തുടരാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.

3. നമ്മൾ മടുത്തു​പോ​കാ​തെ ശ്രമം തുട​രേ​ണ്ടത്‌ എന്തു​കൊണ്ട്‌?

3 നമ്മൾ മടുത്തു​പോ​കാ​തെ ശ്രമം തുട​രേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? ഒരു കാര്യം വീണ്ടും​വീ​ണ്ടും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ നമ്മൾ അതിൽ മെച്ച​പ്പെ​ടും. ഉദാഹ​ര​ണ​ത്തിന്‌, ഒരു സംഗീ​തോ​പ​ക​രണം നന്നായി വായി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരാൾ വർഷങ്ങ​ളോ​ളം അതിനു​വേണ്ടി ശ്രമി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ആ സമയത്ത്‌ അദ്ദേഹം ഒരുപാ​ടു തെറ്റുകൾ വരുത്തി​യേ​ക്കാം. എന്നാൽ, ശ്രമം തുടരു​ക​യാ​ണെ​ങ്കിൽ അദ്ദേഹ​ത്തി​നു മെച്ച​പ്പെ​ടാ​നാ​കും. നന്നായി വായി​ക്കാൻ പഠിച്ച​ശേ​ഷ​വും ഇടയ്‌ക്കൊ​ക്കെ അദ്ദേഹം തെറ്റുകൾ വരുത്തി​യേ​ക്കാം. എങ്കിലും അദ്ദേഹം മടുത്ത്‌ പിന്മാ​റു​ന്നില്ല. ഇനിയും കൂടുതൽ പുരോ​ഗ​മി​ക്കു​ന്ന​തി​നു​വേണ്ടി അദ്ദേഹം പരിശീ​ലനം തുടരും. അതു​പോ​ലെ​തന്നെ ഏതെങ്കി​ലും ഒരു ബലഹീനത നിയ​ന്ത്ര​ണ​ത്തി​ലാ​ക്കി​യെന്നു നമുക്കു തോന്നി​യാൽപ്പോ​ലും നമ്മൾ അതേ തെറ്റു വീണ്ടും ആവർത്തി​ച്ചേ​ക്കാം. അപ്പോ​ഴും കൂടുതൽ പുരോ​ഗ​മി​ക്കാ​നാ​യി നമ്മൾ ശ്രമം തുടരും. പിന്നീട്‌ വിഷമം തോന്നാൻ ഇടയാ​ക്കി​യേ​ക്കാ​വുന്ന കാര്യങ്ങൾ പലപ്പോ​ഴും നമ്മളെ​ല്ലാം പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യാ​റുണ്ട്‌. എങ്കിലും നമ്മൾ മടുത്ത്‌ പിന്മാ​റാ​തി​രി​ക്കു​ന്നെ​ങ്കിൽ മെച്ച​പ്പെ​ടാൻ യഹോവ നമ്മളെ സഹായി​ക്കും. (1 പത്രോ. 5:10) പത്രോ​സി​ന്റെ ജീവിതം അതാണു നമ്മളെ പഠിപ്പി​ക്കു​ന്നത്‌. പത്രോ​സി​നു പല തെറ്റു​ക​ളും പറ്റി​യെ​ങ്കി​ലും അദ്ദേഹം മടുത്ത്‌ പിന്മാ​റി​യില്ല. അദ്ദേഹ​ത്തി​നു കുറവു​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും യേശു അദ്ദേഹ​ത്തോ​ടു കാണിച്ച അനുകമ്പ യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരാൻ നമ്മളെ​യും പ്രേരി​പ്പി​ക്കും.

മടുത്തു​പോ​കാ​തി​രു​ന്ന​തു​കൊണ്ട്‌ പത്രോസ്‌ അനു​ഗ്ര​ഹങ്ങൾ നേടി

പത്രോ​സിന്‌ ഉണ്ടായ​തു​പോ​ലൊ​രു അനുഭ​വ​മു​ണ്ടാ​യാൽ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? (4-ാം ഖണ്ഡിക കാണുക)

4. (എ) ലൂക്കോസ്‌ 5:5-10-ൽ കാണു​ന്ന​തു​പോ​ലെ പത്രോസ്‌ തന്നെക്കു​റി​ച്ചു​തന്നെ എന്താണു ചിന്തി​ച്ചത്‌? (ബി) യേശു അദ്ദേഹ​ത്തിന്‌ എന്ത്‌ ഉറപ്പു​കൊ​ടു​ത്തു?

4 താൻ “പാപി​യാണ്‌” എന്നു പത്രോസ്‌ പറഞ്ഞതി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചോ തന്റെ ഏതൊക്കെ തെറ്റു​ക​ളാണ്‌ അപ്പോൾ അദ്ദേഹ​ത്തി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്നതി​നെ​ക്കു​റി​ച്ചോ ബൈബിൾ പറയു​ന്നില്ല. (ലൂക്കോസ്‌ 5:5-10 വായി​ക്കുക.) ഒരുപക്ഷേ അദ്ദേഹം ഗൗരവ​മുള്ള ചില തെറ്റുകൾ ചെയ്‌തി​ട്ടു​ണ്ടാ​കാം. താൻ അത്ര നല്ല ആളൊ​ന്നും അല്ലെന്നു പത്രോസ്‌ ചിന്തി​ച്ച​തു​കൊ​ണ്ടാ​യി​രി​ക്കാം അദ്ദേഹം അങ്ങനെ പേടി​ച്ച​തെന്നു യേശു മനസ്സി​ലാ​ക്കി. എന്നാൽ പത്രോ​സി​നു വിശ്വ​സ്‌ത​നാ​യി തുടരാൻ കഴിയു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു ദയയോ​ടെ പത്രോ​സി​നോട്‌, “പേടി​ക്കാ​തി​രി​ക്കൂ!” എന്നു പറഞ്ഞു. യേശു​വി​നു പത്രോ​സി​ലു​ണ്ടാ​യി​രുന്ന വിശ്വാ​സം അദ്ദേഹ​ത്തി​ന്റെ ജീവി​തത്തെ ശരിക്കും സ്വാധീ​നി​ച്ചു. അങ്ങനെ പിന്നീട്‌ പത്രോ​സും അദ്ദേഹ​ത്തി​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോ​സും മീൻപി​ടു​ത്തം ഒക്കെ ഉപേക്ഷിച്ച്‌ മിശി​ഹയെ മുഴു​സ​മയം അനുഗ​മി​ക്കാൻതു​ടങ്ങി. അത്‌ അവർക്കു ധാരാളം അനു​ഗ്ര​ഹങ്ങൾ നേടി​ക്കൊ​ടു​ത്തു.—മർക്കോ. 1:16-18.

5. പേടി​യെ​ല്ലാം മറിക​ടന്ന്‌ യേശു​വി​ന്റെ ക്ഷണം സ്വീക​രി​ച്ച​തു​കൊണ്ട്‌ പത്രോ​സിന്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ കിട്ടി?

5 യേശു​വി​ന്റെ അനുഗാ​മി​യാ​യ​തു​കൊണ്ട്‌ പത്രോ​സിന്‌ ഒരുപാ​ടു നല്ല അനുഭ​വ​ങ്ങ​ളു​ണ്ടാ​യി. യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്ന​തും ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തും മരിച്ച​വരെ ഉയിർപ്പി​ക്കു​ന്ന​തു​പോ​ലും അദ്ദേഹം കണ്ടു. b (മത്താ. 8:14-17; മർക്കോ. 5:37, 41, 42) ഭാവി​യിൽ ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വാ​കു​മ്പോൾ യേശു​വി​നു ലഭിക്കാ​നി​രി​ക്കുന്ന മഹത്ത്വം ഒരു ദിവ്യ​ദർശ​ന​ത്തി​ലൂ​ടെ കാണാ​നും പത്രോ​സിന്‌ അവസരം ലഭിച്ചു. അദ്ദേഹ​ത്തിന്‌ ഒരിക്ക​ലും മറക്കാൻ പറ്റാത്ത ഒരു അനുഭ​വ​മാ​യി​രു​ന്നു അത്‌. (മർക്കോ. 9:1-8; 2 പത്രോ. 1:16-18) യേശു​വി​നെ അനുഗ​മി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇതൊ​ന്നും പത്രോ​സിന്‌ ഒരിക്ക​ലും കാണാ​നാ​കു​മാ​യി​രു​ന്നില്ല. തനിക്കു​ണ്ടാ​യി​രുന്ന പേടി​യെ​ല്ലാം മറിക​ട​ക്കാ​നും ഈ അനു​ഗ്ര​ഹ​ങ്ങ​ളൊ​ക്കെ ആസ്വദി​ക്കാ​നും കഴിഞ്ഞ​തിൽ പത്രോ​സിന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും!

6. പത്രോ​സി​നു തന്റെ ബലഹീ​ന​തകൾ എളുപ്പം മറിക​ട​ക്കാ​നാ​യോ? വിശദീ​ക​രി​ക്കുക.

6 യേശു​വി​ന്റെ കൂടെ നടന്ന്‌ പലതും കാണു​ക​യും കേൾക്കു​ക​യും ചെയ്‌തെ​ങ്കി​ലും പത്രോസ്‌ അപ്പോ​ഴും തന്റെ ബലഹീ​ന​തകൾ മറിക​ട​ക്കാൻ പാടു​പെട്ടു. ചില ഉദാഹ​ര​ണങ്ങൾ നോക്കാം. തിരു​വെ​ഴു​ത്തു​ക​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ താൻ കഷ്ടതകൾ സഹിച്ച്‌ മരിക്കു​മെന്നു യേശു ഒരിക്കൽ പറഞ്ഞ​പ്പോൾ, പത്രോസ്‌ യേശു​വി​നെ ശകാരി​ച്ചു. (മർക്കോ. 8:31-33) ഇനി, പത്രോ​സും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും പല തവണ തങ്ങളിൽ ആരാണു വലിയവൻ എന്നതി​നെ​ക്കു​റിച്ച്‌ തർക്കി​ച്ചി​ട്ടുണ്ട്‌. (മർക്കോ. 9:33, 34) യേശു​വി​ന്റെ മരണത്തി​ന്റെ തലേ രാത്രി പത്രോസ്‌ എടുത്തു​ചാ​ടി പ്രവർത്തി​ച്ചു. ഒരാളു​ടെ ചെവി വെട്ടി​ക്ക​ളഞ്ഞു. (യോഹ. 18:10) അതേ രാത്രി​തന്നെ പേടി കാരണം പത്രോസ്‌ മൂന്നു തവണ തന്റെ ഏറ്റവും അടുത്ത സുഹൃ​ത്തായ യേശു​വി​നെ തള്ളിപ്പ​റഞ്ഞു. (മർക്കോ. 14:66-72) അത്‌ ഓർത്ത്‌ പത്രോസ്‌ പിന്നീട്‌ ഒരുപാ​ടു കരഞ്ഞു.—മത്താ. 26:75.

7. യേശു​വി​ന്റെ പുനരു​ത്ഥാ​ന​ശേഷം പത്രോ​സിന്‌ എന്തിനുള്ള അവസരം കിട്ടി?

7 നിരാ​ശ​യിൽ ആണ്ടു​പോയ തന്റെ അപ്പോ​സ്‌ത​ലനെ യേശു കൈവി​ട്ടില്ല. പുനരു​ത്ഥാ​ന​ശേഷം യേശു പത്രോ​സി​നെ ചെന്ന്‌ കാണു​ക​യും തന്നോ​ടുള്ള സ്‌നേഹം തുറന്നു​പ​റ​യാൻ അവസരം കൊടു​ക്കു​ക​യും ചെയ്‌തു. കൂടാതെ, താഴ്‌മ​യോ​ടെ തന്റെ ആടുകളെ മേയ്‌ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും യേശു അദ്ദേഹത്തെ ഏൽപ്പിച്ചു. (യോഹ. 21:15-17) യേശു തന്നോട്‌ ആവശ്യ​പ്പെ​ട്ടതു ചെയ്യാൻ പത്രോസ്‌ തയ്യാറാ​യി. പെന്തി​ക്കോ​സ്‌ത്‌ ദിവസം അദ്ദേഹം യരുശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നു. അങ്ങനെ ആദ്യമാ​യി പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ലഭിച്ച​വ​രു​ടെ കൂട്ടത്തി​ലാ​യി​രി​ക്കാൻ അദ്ദേഹ​ത്തി​നു കഴിഞ്ഞു.

8. അന്ത്യോ​ക്യ​യിൽവെച്ച്‌ പത്രോസ്‌ എന്തു വലിയ തെറ്റാണു ചെയ്‌തത്‌?

8 പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ട്ട​ശേ​ഷ​വും പത്രോ​സി​നു തന്റെ ബലഹീ​ന​ത​ക​ളോ​ടു പോരാ​ടേ​ണ്ടി​വന്നു. എ.ഡി. 36-ൽ ദൈവം പത്രോ​സി​നെ ജൂതന​ല്ലാ​തി​രുന്ന കൊർന്നേ​ല്യൊ​സി​ന്റെ അടു​ത്തേക്ക്‌ അയച്ചു. അന്നു ദൈവം കൊർന്നേ​ല്യൊ​സി​ന്റെ മേൽ പരിശു​ദ്ധാ​ത്മാ​വി​നെ പകർന്നു. ഈ സംഭവം ‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല’ എന്നതി​നും ജനതക​ളിൽപ്പെ​ട്ട​വർക്കും ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഭാഗമാ​കാൻ കഴിയു​മെ​ന്ന​തി​നും ഉള്ള വ്യക്തമായ തെളി​വാ​യി​രു​ന്നു. (പ്രവൃ. 10:34, 44, 45) അതോടെ പത്രോസ്‌ ജനതക​ളിൽപ്പെ​ട്ട​വ​രോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻതു​ടങ്ങി. (ഗലാ. 2:12) മുമ്പാ​യി​രു​ന്നെ​ങ്കിൽ അങ്ങനെ​യൊ​രു കാര്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ അദ്ദേഹം ചിന്തി​ക്കു​ക​പോ​ലു​മി​ല്ലാ​യി​രു​ന്നു. എന്നാൽ ജൂതന്മാ​രും ജനതക​ളിൽപ്പെ​ട്ട​വ​രും ഒരുമി​ച്ചി​രുന്ന്‌ ഭക്ഷണം കഴിക്കാൻ പാടി​ല്ലെന്നു ചില ജൂത​ക്രി​സ്‌ത്യാ​നി​കൾക്കു തോന്നി. അങ്ങനെ​യൊ​രു കാഴ്‌ച​പ്പാ​ടു​ണ്ടാ​യി​രുന്ന ചിലർ അന്ത്യോ​ക്യ​യിൽ എത്തിയ​പ്പോൾ, അവർക്ക്‌ എന്തു തോന്നു​മെന്നു കരുതി പത്രോസ്‌ ജനതക​ളിൽപ്പെട്ട സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഭക്ഷണം കഴിക്കു​ന്നതു നിറുത്തി. പത്രോസ്‌ അങ്ങനെ ചെയ്യു​ന്നതു കണ്ടിട്ട്‌ പൗലോസ്‌ അപ്പോ​സ്‌തലൻ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ അദ്ദേഹ​ത്തി​നു തിരുത്തൽ നൽകി. (ഗലാ. 2:13, 14) ഇങ്ങനെ​യൊ​രു തെറ്റു പറ്റി​യെ​ങ്കി​ലും പത്രോസ്‌ മടുത്ത്‌ പിന്മാ​റി​യില്ല. എന്താണ്‌ അതിന്‌ അദ്ദേഹത്തെ സഹായി​ച്ചത്‌?

മടുത്തു​പോ​കാ​തെ തുടരാൻ എന്താണു പത്രോ​സി​നെ സഹായി​ച്ചത്‌?

9. യോഹ​ന്നാൻ 6:68, 69 പത്രോ​സി​ന്റെ വിശ്വ​സ്‌തത എടുത്തു​കാ​ണി​ക്കു​ന്നത്‌ എങ്ങനെ?

9 പത്രോസ്‌ വിശ്വ​സ്‌ത​നാ​യി​രു​ന്നു. യേശു​വി​നെ പിന്തു​ട​രു​ന്ന​തി​നു തടസ്സമാ​കാൻ പത്രോസ്‌ ഒന്നി​നെ​യും അനുവ​ദി​ച്ചില്ല. അദ്ദേഹം തന്റെ വിശ്വ​സ്‌തത തെളി​യിച്ച ഒരു സംഭവം നോക്കാം. ഒരിക്കൽ യേശു പറഞ്ഞ ചില കാര്യങ്ങൾ ശിഷ്യ​ന്മാർക്കു മനസ്സി​ലാ​യില്ല. (യോഹ​ന്നാൻ 6:68, 69 വായി​ക്കുക.) യേശു അതിന്റെ അർഥം വിശദീ​ക​രി​ച്ചു​ത​രാൻ കാത്തി​രി​ക്കു​ക​യോ അതെക്കു​റിച്ച്‌ യേശു​വി​നോ​ടു ചോദി​ക്കു​ക​യോ ചെയ്യാതെ പല ശിഷ്യ​ന്മാ​രും യേശു​വി​നെ ഉപേക്ഷിച്ച്‌ പോയി. പക്ഷേ, പത്രോസ്‌ അങ്ങനെ ചെയ്‌തില്ല. യേശു​വി​ന്റെ അടുത്ത്‌ മാത്ര​മാ​ണു “നിത്യ​ജീ​വന്റെ വചനങ്ങൾ” ഉള്ളതെന്നു പത്രോസ്‌ തിരി​ച്ച​റി​ഞ്ഞു.

പത്രോ​സി​ന്റെ കാര്യ​ത്തിൽ യേശു​വി​നു​ണ്ടാ​യി​രുന്ന ഉറപ്പ്‌ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (10-ാം ഖണ്ഡിക കാണുക)

10. പത്രോസ്‌ വിശ്വ​സ്‌ത​നാ​യി തുടരു​മെന്നു തനിക്ക്‌ ഉറപ്പു​ണ്ടെന്നു യേശു എങ്ങനെ​യാ​ണു കാണി​ച്ചത്‌? (ചിത്ര​വും കാണുക.)

10 യേശു പത്രോ​സി​നെ കൈവി​ട്ടില്ല. തന്റെ മരണത്തി​ന്റെ തലേ രാത്രി​യിൽ പത്രോ​സും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും തന്നെ വിട്ട്‌ പോകു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ പത്രോസ്‌ തിരി​ച്ചു​വ​രു​മെ​ന്നും വിശ്വ​സ്‌ത​നാ​യി തുടരു​മെ​ന്നും തനിക്ക്‌ ഉറപ്പു​ണ്ടെന്ന്‌ യേശു പത്രോ​സി​നോ​ടു തുറന്നു​പ​റഞ്ഞു. (ലൂക്കോ. 22:31, 32) “ആത്മാവ്‌ തയ്യാറാ​ണെ​ങ്കി​ലും ശരീരം ബലഹീ​ന​മാണ്‌” എന്നു യേശു മനസ്സി​ലാ​ക്കി. (മർക്കോ. 14:38) അതു​കൊണ്ട്‌ പത്രോസ്‌ തന്നെ തള്ളിപ്പ​റ​ഞ്ഞി​ട്ടു​പോ​ലും യേശു അദ്ദേഹത്തെ ഉപേക്ഷി​ച്ചില്ല. പുനരു​ത്ഥാ​ന​പ്പെട്ട യേശു പത്രോ​സി​നെ ചെന്ന്‌ കണ്ടു. സാധ്യ​ത​യ​നു​സ​രിച്ച്‌ ആ സമയത്ത്‌ പത്രോസ്‌ ഒറ്റയ്‌ക്കാ​യി​രു​ന്നു. (മർക്കോ. 16:7; ലൂക്കോ. 24:34; 1 കൊരി. 15:5) താൻ ചെയ്‌തു​പോ​യത്‌ ഓർത്ത്‌ സങ്കട​പ്പെ​ട്ടി​രുന്ന പത്രോ​സിന്‌ അത്‌ എത്ര ആശ്വാ​സ​മാ​യി​ക്കാ​ണും!

11. പത്രോ​സിന്‌ യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടാ​യി​രി​ക്കു​മെന്നു യേശു എങ്ങനെ​യാണ്‌ ഉറപ്പു​കൊ​ടു​ത്തത്‌?

11 പത്രോ​സി​ന്റെ ആവശ്യ​ങ്ങൾക്കു​വേണ്ടി യഹോവ കരുതു​മെന്നു യേശു അദ്ദേഹ​ത്തിന്‌ ഉറപ്പു​കൊ​ടു​ത്തു. പുനരു​ത്ഥാ​ന​പ്പെട്ട യേശു, വീണ്ടും അത്ഭുത​ക​ര​മാ​യി വലി​യൊ​രു കൂട്ടം മീൻ പിടി​ക്കാൻ പത്രോ​സി​നെ​യും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​യും സഹായി​ച്ചു. (യോഹ. 21:4-6) തന്റെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാൻ യഹോ​വ​യ്‌ക്ക്‌ ഒരു ബുദ്ധി​മു​ട്ടു​മി​ല്ലെന്നു തിരി​ച്ച​റി​യാൻ ഈ അത്ഭുതം പത്രോ​സി​നെ ഉറപ്പാ​യും സഹായി​ച്ചി​ട്ടുണ്ട്‌. ‘ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്ന​വർക്കു​വേണ്ടി’ യഹോവ കരുതു​മെന്ന യേശു​വി​ന്റെ വാക്കുകൾ പത്രോസ്‌ അപ്പോൾ ഓർത്തി​ട്ടു​ണ്ടാ​കാം. (മത്താ. 6:33) മീൻപി​ടു​ത്ത​ത്തെ​ക്കാൾ കൂടുതൽ പ്രാധാ​ന്യം ശുശ്രൂ​ഷ​യ്‌ക്കു കൊടു​ക്കാൻ ഇതെല്ലാം പത്രോ​സി​നെ സഹായി​ച്ചു. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ അദ്ദേഹം ധൈര്യ​ത്തോ​ടെ നല്ലൊരു സാക്ഷ്യം നൽകി. സന്തോ​ഷ​വാർത്ത സ്വീക​രി​ക്കാൻ അത്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുകളെ സഹായി​ച്ചു. (പ്രവൃ. 2:14, 37-41) പിന്നീട്‌ അദ്ദേഹം ക്രിസ്‌തു​വിൽ വിശ്വ​സി​ക്കാൻ ശമര്യ​ക്കാ​രെ​യും ജനതക​ളിൽപ്പെ​ട്ട​വ​രെ​യും സഹായി​ച്ചു. (പ്രവൃ. 8:14-17; 10:44-48) എല്ലാ തരം ആളുക​ളെ​യും ക്രിസ്‌തീ​യ​സ​ഭ​യി​ലേക്കു കൂട്ടി​ച്ചേർക്കാൻ യഹോവ പത്രോ​സി​നെ വലി​യൊ​രു അളവിൽ ഉപയോ​ഗി​ച്ചു എന്നതിനു സംശയ​മില്ല.

നമ്മൾ എന്താണു പഠിച്ചത്‌?

12. നമ്മൾ വർഷങ്ങ​ളാ​യി ഒരു ബലഹീ​ന​ത​യു​മാ​യി പോരാ​ടു​ക​യാ​ണെ​ങ്കിൽ പത്രോ​സി​നെ​ക്കു​റിച്ച്‌ പഠിച്ച​തി​ന്റെ അടിസ്ഥാ​ന​ത്തിൽ ഏതു കാര്യം ഓർക്കാം?

12 മടുത്തു​പോ​കാ​തെ തുടരാൻ യഹോ​വ​യ്‌ക്കു നമ്മളെ സഹായി​ക്കാ​നാ​കും. പക്ഷേ, അങ്ങനെ തുടരു​ന്നത്‌ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല, പ്രത്യേ​കിച്ച്‌ കുറെ​യ​ധി​കം നാളു​ക​ളാ​യി ഒരു ബലഹീനത മറിക​ട​ക്കാൻ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ. ചില​പ്പോൾ നമ്മൾ നേരി​ടുന്ന പ്രശ്‌നം പത്രോ​സിന്‌ ഉണ്ടായ​തി​നെ​ക്കാൾ വലുതാ​ണെന്നു നമുക്കു തോന്നി​യേ​ക്കാം. പക്ഷേ ഓർക്കുക, പ്രശ്‌നം എത്ര വലുതാ​ണെ​ങ്കി​ലും മടുത്ത്‌ പിന്മാ​റാ​തി​രി​ക്കാൻ ആവശ്യ​മായ ശക്തി തരാൻ യഹോ​വ​യ്‌ക്കാ​കും. (സങ്കീ. 94:17-19) ഉദാഹ​ര​ണ​ത്തിന്‌, ഒരു സഹോ​ദ​രന്റെ അനുഭവം നോക്കാം. അദ്ദേഹം സത്യം പഠിക്കു​ന്ന​തി​നു മുമ്പ്‌ വർഷങ്ങ​ളോ​ളം സ്വവർഗാ​നു​രാ​ഗി​യാ​യി ജീവിച്ച വ്യക്തി​യാ​യി​രു​ന്നു. സഹോ​ദരൻ തന്റെ ആ രീതിക്കു പൂർണ​മായ മാറ്റം വരുത്തി, ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ജീവി​ക്കാൻതു​ടങ്ങി. എങ്കിലും, പിന്നീ​ടും അദ്ദേഹ​ത്തിന്‌ ഇടയ്‌ക്കൊ​ക്കെ ആ തെറ്റായ ആഗ്രഹ​ങ്ങ​ളോ​ടു പോരാ​ടേണ്ടി വന്നിട്ടുണ്ട്‌. മടുത്തു​പോ​കാ​തെ ശ്രമം തുടരാൻ സഹോ​ദ​രനെ എന്താണു സഹായി​ച്ചത്‌? സഹോ​ദരൻ പറയുന്നു: “യഹോവ നമുക്കു വേണ്ട ശക്തി തരും. ദൈവാ​ത്മാ​വി​ന്റെ സഹായ​ത്താൽ സത്യത്തി​ന്റെ വഴിയേ തുടർന്നും മുന്നോ​ട്ടു​പോ​കാൻ കഴിയു​മെന്നു ഞാൻ മനസ്സി​ലാ​ക്കി. ഇക്കാലം​വരെ യഹോവ എന്നെ ഉപയോ​ഗി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. കുറവു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും തുടർന്നും യഹോവ എനിക്കു വേണ്ട ശക്തി തരും.”

1950 ജനുവരി 1-ന്‌ ഹോസ്റ്റ്‌ ഹെൻഷൽ സഹോ​ദരൻ മുഴു​സ​മ​യ​സേ​വനം ആരംഭി​ച്ചു. യഹോ​വയെ സേവി​ക്കു​ന്ന​തി​നു​വേണ്ടി തന്റെ ജീവിതം ഉപയോ​ഗി​ച്ച​തിൽ അദ്ദേഹ​ത്തിന്‌, എപ്പോ​ഴെ​ങ്കി​ലും നിരാശ തോന്നി​യി​രി​ക്കു​മോ? (13, 15 ഖണ്ഡികകൾ കാണുക) d

13. പ്രവൃ​ത്തി​കൾ 4:13, 29, 31 വാക്യ​ങ്ങ​ളിൽ കാണുന്ന പത്രോ​സി​ന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (ചിത്ര​വും കാണുക.)

13 നമ്മൾ കണ്ടതു​പോ​ലെ ആളുകളെ പേടി​ച്ചിട്ട്‌ പത്രോസ്‌ പല തവണ ഗൗരവ​മുള്ള തെറ്റുകൾ ചെയ്‌തു. എന്നാൽ ധൈര്യ​ത്തി​നു​വേണ്ടി പ്രാർഥി​ച്ച​തു​കൊണ്ട്‌ അദ്ദേഹ​ത്തി​നു പേടിയെ മറിക​ട​ക്കാ​നാ​യി. (പ്രവൃ​ത്തി​കൾ 4:13, 29, 31 വായി​ക്കുക.) നമുക്കും അതിനു കഴിയും. രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ നാസി ജർമനി​യിൽ താമസി​ച്ചി​രുന്ന ഹോസ്റ്റ്‌ എന്ന സഹോ​ദ​രന്റെ അനുഭവം അതാണു തെളി​യി​ക്കു​ന്നത്‌. കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഒന്നില​ധി​കം തവണ സ്‌കൂ​ളിൽവെച്ച്‌ പേടി കാരണം ഹിറ്റ്‌ല​റി​നെ സ്‌തു​തി​ച്ചു​കൊണ്ട്‌ “ഹെയ്‌ൽ ഹിറ്റ്‌ലർ!” എന്നു സഹോ​ദരൻ പറഞ്ഞു​പോ​യി. ഇത്‌ അറിഞ്ഞ മാതാ​പി​താ​ക്കൾ ഹോസ്റ്റി​നെ വഴക്കു പറഞ്ഞില്ല. പകരം, ആവശ്യ​മായ ധൈര്യം കൊടുത്ത്‌ സഹായി​ക്കണേ എന്ന്‌ അവന്റെ കൂടെ​യി​രുന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക​യാ​ണു ചെയ്‌തത്‌. മാതാ​പി​താ​ക്ക​ളു​ടെ സഹായ​ത്താ​ലും യഹോ​വ​യി​ലുള്ള ആശ്രയ​ത്താ​ലും അത്തര​മൊ​രു സാഹച​ര്യ​ത്തിൽ ഉറച്ചു​നിൽക്കാൻ ആവശ്യ​മായ ധൈര്യം നേടി​യെ​ടു​ക്കാൻ പതി​യെ​പ്പ​തി​യെ സഹോ​ദ​രനു കഴിഞ്ഞു. സഹോ​ദരൻ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ ഒരിക്ക​ലും എന്നെ കൈ​വെ​ടി​ഞ്ഞില്ല.” c

14. നിരു​ത്സാ​ഹി​തരെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കരുത​ലുള്ള ഇടയന്മാർക്ക്‌ എന്തു ചെയ്യാ​നാ​കും?

14 യഹോ​വ​യും യേശു​വും ഒരിക്ക​ലും നമ്മളെ കൈവി​ടില്ല. യേശു​വി​നെ തള്ളിപ്പ​റ​ഞ്ഞ​തി​നു ശേഷം പത്രോ​സി​നു പ്രധാ​ന​പ്പെട്ട ഒരു തീരു​മാ​ന​മെ​ടു​ക്കേണ്ടി വന്നു. യേശു​വി​നെ ഉപേക്ഷിച്ച്‌ പോക​ണോ, അതോ ക്രിസ്‌തു​ശി​ഷ്യ​നാ​യി തുടര​ണോ എന്നതാ​യി​രു​ന്നു അത്‌. പത്രോ​സി​ന്റെ വിശ്വാ​സം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ യേശു യഹോ​വ​യോ​ടു പ്രാർഥി​ച്ചി​രു​ന്നു. യേശു പത്രോ​സി​നോട്‌ ആ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ പറയു​ക​യും പത്രോസ്‌ തിരിച്ച്‌ വന്നശേഷം സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്തു​മെന്നു തനിക്ക്‌ ഉറപ്പു​ണ്ടെന്നു സൂചി​പ്പി​ക്കു​ക​യും ചെയ്‌തു. (ലൂക്കോ. 22:31, 32) പിന്നീട്‌ ഈ വാക്കു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ച​പ്പോൾ മടുത്തു​പോ​കാ​തെ മുന്നോ​ട്ടു​പോ​കാൻ പത്രോ​സിന്‌ എത്ര പ്രോ​ത്സാ​ഹനം തോന്നി​ക്കാ​ണും! നമുക്കും ഇതു​പോ​ലെ പ്രധാ​ന​പ്പെട്ട തീരു​മാ​ന​മെ​ടു​ക്കേണ്ടി വരു​മ്പോൾ വിശ്വ​സ്‌ത​രാ​യി തുടരാൻ വേണ്ട പ്രോ​ത്സാ​ഹനം നൽകു​ന്ന​തിന്‌ യഹോവ ചില​പ്പോൾ കരുത​ലുള്ള ഇടയന്മാ​രെ ഉപയോ​ഗി​ച്ചേ​ക്കാം. (എഫെ. 4:8, 11) വർഷങ്ങ​ളാ​യി മൂപ്പനാ​യി സേവി​ക്കുന്ന പോൾ സഹോ​ദരൻ, ഇതു​പോ​ലെ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും ശ്രമി​ക്കാ​റുണ്ട്‌. മടുത്തിട്ട്‌ എല്ലാം ഉപേക്ഷി​ച്ചേ​ക്കാം എന്നു ചിന്തി​ക്കു​ന്ന​വ​രോട്‌, ആദ്യമാ​യി യഹോവ അവരെ സത്യത്തി​ലേക്ക്‌ ആകർഷിച്ച ആ സമയ​ത്തെ​ക്കു​റിച്ച്‌ ഓർക്കാൻ സഹോ​ദരൻ പറയും. എന്നിട്ട്‌, യഹോവ അചഞ്ചല​സ്‌നേഹം കാണി​ക്കുന്ന ദൈവ​മാ​ണെ​ന്നും അതു​കൊണ്ട്‌ ഒരിക്ക​ലും അവരെ ഉപേക്ഷി​ക്കാൻ യഹോ​വ​യ്‌ക്കാ​കി​ല്ലെ​ന്നും സഹോ​ദരൻ ഉറപ്പു​കൊ​ടു​ക്കും. സഹോ​ദരൻ പറയുന്നു: “നിരു​ത്സാ​ഹി​ത​രാ​യി​ത്തീർന്ന പലരും യഹോ​വ​യു​ടെ സഹായ​ത്താൽ മടുത്തു​പോ​കാ​തെ മുന്നോ​ട്ടു പോകു​ന്നതു ഞാൻ കണ്ടിട്ടുണ്ട്‌.”

15. പത്രോ​സി​ന്റെ​യും ഹോസ്റ്റി​ന്റെ​യും ജീവിതം മത്തായി 6:33 സത്യമാ​ണെന്നു തെളി​യി​ക്കു​ന്നത്‌ എങ്ങനെ?

15 നമ്മൾ ശുശ്രൂ​ഷ​യ്‌ക്കു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നെ​ങ്കിൽ പത്രോ​സി​നും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാർക്കും വേണ്ടി കരുതി​യ​തു​പോ​ലെ യഹോവ, നമ്മുടെ ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യും കരുതും. (മത്താ. 6:33) രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം, മുമ്പ്‌ കണ്ട ഹോസ്റ്റ്‌ സഹോ​ദരൻ മുൻനി​ര​സേ​വനം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ആലോ​ചി​ച്ചു. എന്നാൽ, സഹോ​ദ​രനു സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നും ഉണ്ടായി​രു​ന്നില്ല. അതു​കൊണ്ട്‌ തന്റെ ആവശ്യ​ങ്ങൾക്കു​വേണ്ടി കരുതാ​നും അതേസ​മയം മുഴു​സ​മ​യ​സേ​വനം മുന്നോ​ട്ടു കൊണ്ടു​പോ​കാ​നും കഴിയു​മോ എന്ന്‌ അദ്ദേഹം സംശയി​ച്ചു. സഹോ​ദരൻ എന്താണു ചെയ്‌തത്‌? യഹോ​വയെ ഒന്നു പരീക്ഷി​ക്കാൻ അദ്ദേഹം തീരു​മാ​നി​ച്ചു. അതിനു​വേണ്ടി, സർക്കിട്ട്‌ മേൽവി​ചാ​രകൻ സഭ സന്ദർശിച്ച ആഴ്‌ച​യിൽ എല്ലാ ദിവസ​വും വയൽസേ​വ​ന​ത്തി​നു പോയി. ആഴ്‌ച​യു​ടെ അവസാന ദിവസം അദ്ദേഹത്തെ അത്ഭുത​പ്പെ​ടു​ത്തി​ക്കൊണ്ട്‌ സർക്കിട്ട്‌ മേൽവി​ചാ​രകൻ അദ്ദേഹ​ത്തിന്‌ ഒരു കവർ നൽകി. ഏതോ സഹോ​ദ​രങ്ങൾ കൊടുത്ത പണമാ​യി​രു​ന്നു അത്‌. ആ പണം ഉപയോ​ഗിച്ച്‌ അദ്ദേഹ​ത്തി​നു മാസങ്ങ​ളോ​ളം മുൻനി​ര​സേ​വനം ചെയ്യാ​നാ​കു​മാ​യി​രു​ന്നു. ഈ സമ്മാനത്തെ യഹോവ തനിക്കു​വേണ്ടി കരുതും എന്നതി​നുള്ള ഒരു ഉറപ്പായി സഹോ​ദരൻ കണ്ടു. പിന്നീ​ടുള്ള തന്റെ ജീവി​ത​കാ​ലം മുഴുവൻ ഹോസ്റ്റ്‌ സഹോ​ദരൻ ദൈവ​രാ​ജ്യ​ത്തിന്‌ ഒന്നാം സ്ഥാനം നൽകി.—മലാ. 3:10.

16. പത്രോ​സി​നെ​ക്കു​റി​ച്ചും അദ്ദേഹം തന്റെ കത്തുക​ളിൽ എഴുതിയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും കൂടുതൽ പഠിക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

16 പത്രോസ്‌ ഒരിക്കൽ യേശു​വി​നോ​ടു തന്നെ വിട്ട്‌ പോക​ണ​മെന്ന്‌ അപേക്ഷി​ച്ച​താ​ണ​ല്ലോ. പക്ഷേ, യേശു അങ്ങനെ ചെയ്യാ​തി​രു​ന്ന​തിൽ പത്രോ​സിന്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും. വിശ്വ​സ്‌ത​നായ ഒരു അപ്പോ​സ്‌ത​ല​നാ​യി​രി​ക്കാ​നും ക്രിസ്‌ത്യാ​നി​കൾക്കു നല്ല മാതൃ​ക​യാ​യി​രി​ക്കാ​നും യേശു പത്രോ​സി​നെ തുടർന്നും പരിശീ​ലി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ആ പരിശീ​ല​ന​ത്തിൽനിന്ന്‌ നമുക്കു വിലപ്പെട്ട പല പാഠങ്ങ​ളും പഠിക്കാ​നാ​കും. ദൈവ​പ്ര​ചോ​ദി​ത​നാ​യി ഒന്നാം നൂറ്റാ​ണ്ടി​ലെ സഭകൾക്ക്‌ എഴുതിയ രണ്ടു കത്തുക​ളിൽ പത്രോസ്‌ അത്തരം ചില പാഠങ്ങ​ളും മറ്റു ചില ആശയങ്ങ​ളും ഉൾപ്പെ​ടു​ത്തി. അടുത്ത ലേഖന​ത്തിൽ ആ കത്തുക​ളിൽനി​ന്നുള്ള ചില പാഠങ്ങ​ളും അവ ഇന്നു നമുക്ക്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെ​ന്നും നമ്മൾ പഠിക്കും.

ഗീതം 126 ഉണർന്നി​രി​ക്കുക, ഉറച്ചു​നിൽക്കുക, കരുത്തു നേടുക

a ഏതെങ്കിലും തരം ബലഹീ​ന​ത​കളെ മറിക​ട​ക്കാൻ ബുദ്ധി​മു​ട്ടു​ന്ന​വരെ ഉദ്ദേശിച്ച്‌ തയ്യാറാ​ക്കി​യി​രി​ക്കുന്ന ഒരു ലേഖന​മാണ്‌ ഇത്‌. അത്തരം പ്രശ്‌ന​ങ്ങളെ തരണം ചെയ്യാ​നും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടരാ​നും അവർക്കു കഴിയു​മെന്ന്‌ ഈ ലേഖനം ഉറപ്പു​കൊ​ടു​ക്കും.

b മർക്കോസിന്റെ സുവി​ശേ​ഷ​ത്തിൽനി​ന്നുള്ള പല വാക്യ​ങ്ങ​ളും ഈ ലേഖന​ത്തിൽ കൊടു​ത്തി​ട്ടുണ്ട്‌. ഈ സംഭവ​ങ്ങ​ളെ​ല്ലാം നേരിട്ട്‌ കണ്ട പത്രോ​സിൽനിന്ന്‌ കേട്ടറിഞ്ഞ കാര്യ​ങ്ങ​ളാ​ണു സാധ്യ​ത​യ​നു​സ​രിച്ച്‌ മർക്കോസ്‌ എഴുതി​യത്‌.

c ഹോസ്റ്റ്‌ ഹെൻഷൽ സഹോ​ദ​രന്റെ ജീവി​തകഥ വായി​ക്കാൻ 1998 ഫെബ്രു​വരി 22 ലക്കം ഉണരുക!-യിലെ “ദൈവ​ത്തോ​ടുള്ള എന്റെ കുടും​ബ​ത്തി​ന്റെ വിശ്വ​സ്‌ത​ത​യാൽ പ്രചോ​ദി​പ്പി​ക്ക​പ്പെട്ടു” എന്ന ലേഖനം കാണുക.

d ചിത്രത്തിന്റെ വിവരണം: ഹോസ്റ്റ്‌ ഹെൻഷൽ സഹോ​ദ​രന്റെ മാതാ​പി​താ​ക്കൾ അദ്ദേഹ​ത്തോ​ടൊ​പ്പം പ്രാർഥി​ക്കു​ന്ന​തി​ന്റെ​യും ധൈര്യ​ത്തോ​ടെ ഉറച്ചു​നിൽക്കാൻ അദ്ദേഹത്തെ സഹായി​ക്കു​ന്ന​തി​ന്റെ​യും പുനര​വ​ത​രണം.