പഠനലേഖനം 41
പത്രോസിന്റെ കത്തുകളിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ
“ഇവയെക്കുറിച്ച് നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു.”—2 പത്രോ. 1:12.
ഗീതം 127 ഞാൻ എങ്ങനെയുള്ള ആളായിരിക്കണം?
ചുരുക്കം a
1. ജീവിതാവസാനത്തോട് അടുത്ത സമയത്ത് ഏതു കാര്യം ചെയ്യാൻ പത്രോസിനെ യഹോവ ഉപയോഗിച്ചു?
അപ്പോസ്തലനായ പത്രോസ് വർഷങ്ങളോളം യഹോവയെ വിശ്വസ്തമായി സേവിച്ചു. അദ്ദേഹം യേശുവിന്റെകൂടെ പ്രസംഗപ്രവർത്തനം ചെയ്തു, ജൂതന്മാർ അല്ലാത്തവരോടു സന്തോഷവാർത്ത അറിയിക്കുന്നതിനു തുടക്കമിട്ടു. പിന്നീട് ഭരണസംഘത്തിലെ ഒരു അംഗമായിത്തീരുകയും ചെയ്തു. തന്റെ ജീവിതാവസാനത്തോട് അടുത്ത സമയത്ത് യഹോവയിൽനിന്ന് അദ്ദേഹത്തിനു മറ്റൊരു നിയമനം കൂടെ ലഭിച്ചു. ഏകദേശം എ.ഡി. 62-64 കാലഘട്ടത്തിൽ രണ്ടു കത്തുകൾ എഴുതാൻ യഹോവ അദ്ദേഹത്തെ ഉപയോഗിച്ചു. ബൈബിളിലെ 1 പത്രോസ്, 2 പത്രോസ് എന്നീ പുസ്തകങ്ങളാണ് അവ. തന്റെ മരണശേഷവും ഈ കത്തുകൾ ക്രിസ്ത്യാനികൾക്കു പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെതന്നെ വാക്കുകൾ കാണിക്കുന്നു.—2 പത്രോ. 1:12-15.
2. ശരിക്കും ആവശ്യമായ സമയത്തുതന്നെയാണ് പത്രോസ് ആ കത്തുകൾ എഴുതിയതെന്നു പറയാവുന്നത് എന്തുകൊണ്ട്?
2 സഹോദരങ്ങൾ ‘പല തരം പരീക്ഷണങ്ങളാൽ കഷ്ടപ്പെട്ടുകൊണ്ടിരുന്ന’ സമയത്താണു പത്രോസ് ആ കത്തുകൾ എഴുതിയത്. (1 പത്രോ. 1:6) ആ സമയത്ത് ദുഷ്ടരായ ആളുകൾ ക്രിസ്തീയസഭയിലേക്കു വ്യാജോപദേശങ്ങളും മോശമായ പെരുമാറ്റരീതികളും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടായിരുന്നു. (2 പത്രോ. 2:1, 2, 14) മാത്രമല്ല, യരുശലേമിൽ താമസിച്ചിരുന്ന ആ ക്രിസ്ത്യാനികൾ ‘എല്ലാത്തിന്റെയും അവസാനത്തെ’ നേരിടാൻ പോകുകയുമായിരുന്നു. അതായത് റോമൻ സൈന്യം പെട്ടെന്നുതന്നെ യരുശലേം നഗരത്തെയും ജൂതവ്യവസ്ഥിതിയെയും നശിപ്പിക്കുമായിരുന്നു. (1 പത്രോ. 4:7) അതുകൊണ്ടുതന്നെ അവർ അപ്പോൾ നേരിട്ടുകൊണ്ടിരുന്ന പ്രശ്നങ്ങൾ സഹിച്ചുനിൽക്കാനും ഭാവിയിൽ വരാനിരുന്ന പരീക്ഷണങ്ങൾക്കായി ഒരുങ്ങിയിരിക്കാനും പത്രോസിന്റെ കത്തുകൾ ആ ക്രിസ്ത്യാനികളെ സഹായിച്ചെന്ന് ഉറപ്പാണ്. b
3. പത്രോസ് എഴുതിയ കത്തുകൾ നമ്മൾ ഇന്നു പഠിക്കേണ്ടത് എന്തുകൊണ്ട്?
3 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണു പത്രോസ് ആ കത്തുകൾ എഴുതിയതെങ്കിലും യഹോവ അവയെ ദൈവവചനത്തിന്റെ ഭാഗമാക്കി. അതുകൊണ്ടുതന്നെ നമുക്ക് ഇന്ന് ആ കത്തുകളിൽനിന്ന് പ്രയോജനം നേടാനാകും. (റോമ. 15:4) അന്നത്തെ ക്രിസ്ത്യാനികളെപ്പോലെ നമ്മളും ഇന്നു ജീവിക്കുന്നതു മോശമായ പെരുമാറ്റരീതികൾ വളരെ സാധാരണമായിരിക്കുന്ന ഒരു കാലത്താണ്. അത് യഹോവയെ സേവിക്കുന്നതു ബുദ്ധിമുട്ടാക്കിയേക്കാം. കൂടാതെ ജൂതവ്യവസ്ഥിതിയുടെ നാശത്തിനു മുമ്പ് ഉണ്ടായതിനെക്കാൾ വലിയൊരു കഷ്ടതയെ നമ്മൾ പെട്ടെന്നുതന്നെ നേരിടാൻപോകുകയുമാണ്. അതുകൊണ്ട് നമുക്കും പ്രയോജനം ചെയ്യുന്ന പ്രധാനപ്പെട്ട ചില ഓർമിപ്പിക്കലുകൾ പത്രോസിന്റെ കത്തുകളിൽ കാണാനാകും. അവ യഹോവയുടെ ദിവസത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാനും മനുഷ്യഭയത്തെ മറികടക്കാനും പരസ്പരം അഗാധമായ സ്നേഹം വളർത്തിയെടുക്കാനും നമ്മളെ സഹായിക്കും. ഇനി, അതിലെ വിവരങ്ങൾ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ നല്ല രീതിയിൽ പരിപാലിക്കാൻ മൂപ്പന്മാരെയും സഹായിക്കും.
പ്രതീക്ഷയോടെ കാത്തിരിക്കുക
4. 2 പത്രോസ് 3:3, 4 സൂചിപ്പിക്കുന്നതുപോലെ ഏതു കാര്യങ്ങൾ നമ്മുടെ വിശ്വാസത്തിന് ഇളക്കംതട്ടാൻ ഇടയാക്കിയേക്കാം?
4 ഭാവിയെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ വിശ്വസിക്കാത്തവരാണ് ഇന്നു നമുക്കു ചുറ്റുമുള്ളത്. അവസാനം ഉടനെ വരുമെന്നു വർഷങ്ങളായി നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ പേരിൽ എതിരാളികൾ നമ്മളെ കളിയാക്കിയേക്കാം. അത് ഒരിക്കലും വരാൻപോകുന്നില്ല എന്നായിരിക്കാം ചിലരുടെ അഭിപ്രായം. (2 പത്രോസ് 3:3, 4 വായിക്കുക.) ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ഒരാളോ കൂടെ ജോലി ചെയ്യുന്ന ആരെങ്കിലുമോ ഒരു കുടുംബാംഗമോ ഇതുപോലെ എന്തെങ്കിലും പറയുമ്പോൾ നമ്മുടെ വിശ്വാസത്തിന് ഇളക്കംതട്ടാൻ ഇടയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ നമ്മളെ എന്തു സഹായിക്കുമെന്നു പത്രോസ് പറയുന്നു.
5. വ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ എന്തു നമ്മളെ സഹായിക്കും? (2 പത്രോസ് 3:8, 9)
5 ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കാൻ യഹോവ താമസിക്കുന്നതായി ചിലർക്കു തോന്നിയേക്കാം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കാൻ പത്രോസിന്റെ വാക്കുകൾ നമ്മളെ സഹായിക്കും. കാരണം സമയത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണവും മനുഷ്യന്റെ വീക്ഷണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അതു നമ്മളെ ഓർമിപ്പിക്കുന്നു. (2 പത്രോസ് 3:8, 9 വായിക്കുക.) യഹോവയ്ക്ക് ആയിരം വർഷം ഒരു ദിവസംപോലെയാണ്. ഇനി, ആരും നശിച്ചുപോകാൻ ആഗ്രഹിക്കാത്തതുകൊണ്ട് യഹോവ ക്ഷമ കാണിക്കുകയുമാണ്. എങ്കിലും യഹോവയുടെ സമയം വരുമ്പോൾ ഈ വ്യവസ്ഥിതിക്ക് അവസാനം വരും. അതുകൊണ്ട് ബാക്കിയുള്ള ഈ സമയത്ത് ലോകമെങ്ങുമുള്ള ആളുകളെ സന്തോഷവാർത്ത അറിയിക്കാനുള്ള വലിയ അവസരമാണു നമുക്കുള്ളത്.
6. നമുക്ക് എങ്ങനെ ‘യഹോവയുടെ ദിവസം’ ‘എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കാം?’ (2 പത്രോസ് 3:11, 12)
6 യഹോവയുടെ ദിവസം ‘എപ്പോഴും മനസ്സിൽക്കണ്ട് ജീവിക്കാൻ’ പത്രോസ് നമ്മളെ ഉപദേശിക്കുന്നു. (2 പത്രോസ് 3:11, 12 വായിക്കുക.) നമുക്ക് അത് എങ്ങനെ ചെയ്യാം? അതിനുവേണ്ടി പുതിയ ലോകത്തിലെ ആ നല്ല ജീവിതത്തെക്കുറിച്ച് നമുക്കു ദിവസവും ചിന്തിക്കാനാകും. അവിടെ ശുദ്ധവായു ശ്വസിക്കുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും പുനരുത്ഥാനപ്പെട്ട് വരുന്ന നമ്മുടെ പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യുന്നതും നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്നവരെ ബൈബിൾപ്രവചനങ്ങൾ എങ്ങനെ നിറവേറിയെന്നു പഠിപ്പിക്കുന്നതും ഒക്കെ ഒന്നു ഭാവനയിൽ കാണുക. അങ്ങനെ ഒക്കെ ചെയ്യുന്നത് യഹോവയുടെ ദിവസത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാനും ഈ വ്യവസ്ഥിതിയുടെ നാശം പെട്ടെന്നുതന്നെ വരുമെന്ന് ഉറപ്പുള്ളവരായിരിക്കാനും നമ്മളെ സഹായിക്കും. ഇക്കാര്യങ്ങളെക്കുറിച്ച് “മുൻകൂട്ടി അറിഞ്ഞിരിക്കുന്നതുകൊണ്ട്” വ്യാജോപദേഷ്ടാക്കളാൽ നമ്മൾ ‘വഴിതെറ്റിക്കപ്പെടില്ല.’—2 പത്രോ. 3:17.
മനുഷ്യഭയത്തെ മറികടക്കുക
7. മനുഷ്യരെ പേടിച്ചാൽ നമുക്ക് എന്തു സംഭവിച്ചേക്കാം?
7 യഹോവയുടെ ദിവസം എപ്പോഴും നമ്മുടെ മനസ്സിലുണ്ടെങ്കിൽ സന്തോഷവാർത്ത പരമാവധി ആളുകളെ അറിയിക്കാൻ നമുക്ക് ആഗ്രഹം തോന്നും. എങ്കിലും ചില സാഹചര്യങ്ങളിൽ മറ്റുള്ളവരോടു സംസാരിക്കാൻ നമുക്കു പേടിതോന്നും. എന്തായിരിക്കും കാരണം? മറ്റുള്ളവർ നമ്മളെക്കുറിച്ച് എന്തു ചിന്തിക്കും, അവർ നമ്മളെ എന്തെങ്കിലും ചെയ്യുമോ എന്നൊക്കെ ഓർത്തിട്ടായിരിക്കാം ചിലപ്പോൾ നമുക്ക് അങ്ങനെ തോന്നുന്നത്. പത്രോസിനും ഒരിക്കൽ അങ്ങനെ സംഭവിച്ചു. യേശുവിനെ വിചാരണ ചെയ്യുന്ന രാത്രിയിൽ പേടി കാരണം താൻ യേശുവിന്റെ ശിഷ്യനാണെന്നു തുറന്നുപറയാൻ പത്രോസ് മടിച്ചു. പല തവണ യേശുവിനെ തള്ളിപ്പറയുകപോലും ചെയ്തു. (മത്താ. 26:69-75) എന്നാൽ പത്രോസ് തന്റെ ഭയത്തെ മറികടന്നു. പിന്നീട് അദ്ദേഹം ഇങ്ങനെ എഴുതി: “അവർ പേടിക്കുന്നതിനെ നിങ്ങൾ പേടിക്കുകയോ അതിൽ അസ്വസ്ഥരാകുകയോ അരുത്.” (1 പത്രോ. 3:14) മനുഷ്യഭയത്തെ മറികടക്കാൻ നമുക്കു കഴിയുമെന്നു പത്രോസിന്റെ വാക്കുകൾ ഉറപ്പുതരുന്നു.
8. മനുഷ്യഭയത്തെ മറികടക്കാൻ നമ്മളെ എന്തു സഹായിക്കും? (1 പത്രോസ് 3:15)
8 മനുഷ്യഭയത്തെ മറികടക്കാൻ നമ്മളെ എന്തു സഹായിക്കും? പത്രോസ് പറയുന്നു: “ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കുക.” (1 പത്രോസ് 3:15 വായിക്കുക.) അങ്ങനെ ചെയ്യുന്നതിൽ, നമ്മുടെ കർത്താവും രാജാവും ആയ യേശുക്രിസ്തുവിന്റെ സ്ഥാനത്തെയും അധികാരത്തെയും കുറിച്ച് ചിന്തിക്കുന്നത് ഉൾപ്പെടുന്നു. മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിക്കാൻ ഒരു അവസരം കിട്ടുമ്പോൾ നിങ്ങൾക്കു പേടി തോന്നുന്നെങ്കിൽ നമുക്കു നമ്മുടെ രാജാവിനെ ഓർക്കാം. സ്വർഗത്തിൽ കോടിക്കണക്കിനു ദൂതന്മാരുടെ നടുവിലിരുന്ന് രാജാവായി ഭരിക്കുന്ന യേശുവിനെ ഒന്നു ഭാവനയിൽ കാണുക. യേശുവിനു ‘സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും നൽകിയിരിക്കുന്നു’ എന്നും ‘വ്യവസ്ഥിതിയുടെ അവസാനകാലംവരെ യേശു എന്നും നിങ്ങളുടെകൂടെയുണ്ടായിരിക്കും’ എന്നും മനസ്സിൽപ്പിടിക്കാം. (മത്താ. 28:18-20) കൂടാതെ, നമ്മുടെ വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ ‘എപ്പോഴും ഒരുങ്ങിയിരിക്കാനും’ പത്രോസ് നമ്മളോടു പറയുന്നു. ജോലിസ്ഥലത്തോ സ്കൂളിലോ മറ്റ് എവിടെയെങ്കിലും വെച്ചോ സന്തോഷവാർത്ത അറിയിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ എപ്പോഴായിരിക്കും അതിന് ഒരു അവസരം കിട്ടുക എന്ന് ആലോചിക്കുക. എന്നിട്ട് അപ്പോൾ എന്തു പറയാമെന്നു മുന്നമേ ചിന്തിച്ചുവെക്കുക. ഒപ്പം ധൈര്യത്തിനായി പ്രാർഥിക്കുകയും ചെയ്യുക. മനുഷ്യഭയത്തെ തരണംചെയ്യാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പാണ്.—പ്രവൃ. 4:29.
“അഗാധമായി സ്നേഹിക്കുക”
9. പത്രോസ് ഒരിക്കൽ സ്നേഹം കാണിക്കാൻ പരാജയപ്പെട്ടത് എങ്ങനെ? (ചിത്രവും കാണുക.)
9 മറ്റുള്ളവരോട് എങ്ങനെ സ്നേഹം കാണിക്കാമെന്നു പത്രോസ് പഠിച്ചു. “നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കണം എന്ന ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു തരുകയാണ്. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം” എന്നു യേശു പറഞ്ഞപ്പോൾ പത്രോസും അവിടെയുണ്ടായിരുന്നു. (യോഹ. 13:34) എന്നിട്ടുപോലും പിന്നീട് ഒരവസരത്തിൽ ജൂതക്രിസ്ത്യാനികളെ പേടിച്ചിട്ടു പത്രോസ് ജനതകളിൽപ്പെട്ട സഹോദരങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. പത്രോസ് ‘കാപട്യം കാണിച്ചു’ എന്നാണു പൗലോസ് അപ്പോസ്തലൻ അതെക്കുറിച്ച് പറഞ്ഞത്. (ഗലാ. 2:11-14) അദ്ദേഹം കൊടുത്ത ആ തിരുത്തൽ പത്രോസ് സ്വീകരിക്കുകയും അതിൽനിന്ന് പാഠം ഉൾക്കൊള്ളുകയും ചെയ്തു. പത്രോസ് രണ്ടു കത്തുകളിലും, സഹോദരങ്ങളോടു സ്നേഹം തോന്നിയാൽ മാത്രം പോരാ പ്രവൃത്തിയിലൂടെ അതു കാണിക്കുകയും വേണമെന്നു പറഞ്ഞതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം.
10. ‘കാപട്യമില്ലാത്ത സഹോദരപ്രിയം’ കാണിക്കാൻ നമ്മളെ എന്തു സഹായിക്കും, വിശദീകരിക്കുക. (1 പത്രോസ് 1:22)
10 സഹാരാധകരോടു നമുക്കു ‘കാപട്യമില്ലാത്ത സഹോദരപ്രിയം’ ഉണ്ടായിരിക്കണമെന്നു പത്രോസ് പറയുന്നു. (1 പത്രോസ് 1:22 വായിക്കുക.) അത്തരം പ്രിയം ഉണ്ടാകുന്നതു ‘സത്യത്തോടുള്ള അനുസരണത്തിലൂടെയാണ്.’ അതായത്, സത്യം പഠിക്കുമ്പോൾ മനസ്സിലാക്കിയ കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിലൂടെയാണ്. ആ സത്യത്തിൽ ‘ദൈവം പക്ഷപാതമുള്ളവനല്ല’ എന്ന പഠിപ്പിക്കലും ഉൾപ്പെടുന്നു. (പ്രവൃ. 10:34, 35) സഭയിൽ ചിലരോടു സ്നേഹം കാണിക്കുകയും മറ്റു ചിലരോടു കാണിക്കാതിരിക്കുകയും ചെയ്താൽ സ്നേഹിക്കാനുള്ള യേശുവിന്റെ കല്പന നമ്മൾ അനുസരിക്കുന്നുണ്ടെന്നു പറയാനാകില്ല. സ്വാഭാവികമായും ചിലരോടു നമുക്കു കൂടുതൽ അടുപ്പം തോന്നുമെന്നതു ശരിയാണ്. യേശുവിനും അങ്ങനെയുണ്ടായിരുന്നു. (യോഹ. 13:23; 20:2) എന്നാൽ എല്ലാ സഹോദരങ്ങളോടും “സഹോദരപ്രിയം” അഥവാ ഒരു കുടുംബാംഗത്തോട് എന്നപോലെയുള്ള സ്നേഹവും അടുപ്പവും നമുക്ക് ഉണ്ടായിരിക്കണമെന്നു പത്രോസ് ഓർമിപ്പിക്കുന്നു.—1 പത്രോ. 2:17.
11. മറ്റുള്ളവരെ ‘ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക’ എന്നു പറയുന്നതിന്റെ അർഥം എന്താണ്?
11 ‘പരസ്പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കാൻ’ പത്രോസ് നമ്മളോടു പറയുന്നു. ‘ഗാഢമായി സ്നേഹിക്കുക’ എന്നു പറഞ്ഞപ്പോൾ പത്രോസ് ഉദ്ദേശിച്ചത് ഒരാളോടു സ്നേഹം കാണിക്കാൻ ബുദ്ധിമുട്ടു തോന്നുമ്പോൾപ്പോലും അങ്ങനെ ചെയ്യുക എന്നാണ്. ഉദാഹരണത്തിന്, ആരെങ്കിലും നമ്മളെ വിഷമിപ്പിക്കുന്നു എന്നിരിക്കട്ടെ. അവരെ സ്നേഹിക്കാനല്ല, അവരോടു പകരം വീട്ടാനായിരിക്കും പെട്ടെന്നു നമുക്കു തോന്നുന്നത്. എന്നാൽ അങ്ങനെ ചെയ്യുന്നത് യഹോവയ്ക്ക് ഇഷ്ടമല്ലെന്നു യേശുവിൽനിന്ന് പത്രോസ് പഠിച്ചു. (യോഹ. 18:10, 11) അതുകൊണ്ട് പത്രോസ് ഇങ്ങനെ എഴുതി: “ദ്രോഹിക്കുന്നവരെ ദ്രോഹിക്കുകയോ അപമാനിക്കുന്നവരെ അപമാനിക്കുകയോ ചെയ്യാതെ, അവരെ അനുഗ്രഹിക്കുക.” (1 പത്രോ. 3:9) മറ്റുള്ളവരോടു നമുക്കു ഗാഢമായ സ്നേഹമുള്ളപ്പോൾ അവർ നമ്മളെ ദ്രോഹിച്ചാലും അവരോടു ദയയും പരിഗണനയും കാണിക്കാൻ നമ്മൾ തയ്യാറാകും.
12. (എ) അഗാധമായ സ്നേഹമുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യാൻ തയ്യാറാകും? (ബി) നമ്മുടെ വിലപ്പെട്ട ഐക്യം കാത്തുസൂക്ഷിക്കുക എന്ന വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ എന്തു ചെയ്യാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
12 തന്റെ ആദ്യത്തെ കത്തിൽ പത്രോസ് “അഗാധമായി സ്നേഹിക്കണം” എന്നും പറഞ്ഞിട്ടുണ്ട്. അത്തരം സ്നേഹം ‘പാപങ്ങൾ എത്രയുണ്ടെങ്കിലും അതെല്ലാം മറയ്ക്കും.’ (1 പത്രോ. 4:8) ഇത് എഴുതിയപ്പോൾ ക്ഷമിക്കുന്നതിനെക്കുറിച്ച് വർഷങ്ങൾക്കു മുമ്പ് യേശു പഠിപ്പിച്ച പാഠം പത്രോസിന്റെ മനസ്സിലേക്കു വന്നിട്ടുണ്ടാകാം. സഹോദരനോട് “ഏഴു തവണ” ക്ഷമിക്കുമെന്നു പറഞ്ഞപ്പോൾ അക്കാര്യത്തിൽ താൻ വളരെ ഉദാരനാണ് എന്നായിരിക്കും പത്രോസ് അന്നു ചിന്തിച്ചത്. പക്ഷേ യേശു പത്രോസിനോട് “77 തവണ” ക്ഷമിക്കാൻ പറഞ്ഞു. അതിലൂടെ പരിധിയില്ലാതെ ക്ഷമിക്കണമെന്നു യേശു അദ്ദേഹത്തെയും നമ്മളെയും പഠിപ്പിക്കുകയായിരുന്നു. (മത്താ. 18:21, 22) ആ നിർദേശം അനുസരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നിരാശപ്പെടരുത്. യഹോവയുടെ അപൂർണരായ എല്ലാ ദാസന്മാർക്കും ഇടയ്ക്കൊക്കെ അങ്ങനെ തോന്നിയിട്ടുണ്ട്. അതുകൊണ്ട് പ്രധാനപ്പെട്ട കാര്യം, മറ്റുള്ളവരോടു ക്ഷമിക്കാനും അവരുമായി സമാധാനത്തിലാകാനും നമ്മൾ സകല ശ്രമവും ചെയ്യണം എന്നതാണ്. c
മൂപ്പന്മാരേ, ആട്ടിൻകൂട്ടത്തെ നന്നായി പരിപാലിക്കുക
13. ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നതു മൂപ്പന്മാർക്കു പലപ്പോഴും ഒരു ബുദ്ധിമുട്ടായിത്തീർന്നേക്കാവുന്നത് എന്തുകൊണ്ട്?
13 പുനരുത്ഥാനത്തിനുശേഷം യേശു തന്നോടു പറഞ്ഞ വാക്കുകൾ പത്രോസ് ഒരിക്കലും മറന്നിട്ടുണ്ടാകില്ല. യേശു പറഞ്ഞു: “എന്റെ കുഞ്ഞാടുകളെ മേയ്ക്കുക.” (യോഹ. 21:16) നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ, ഈ നിർദേശം നിങ്ങൾക്കുംകൂടി ഉള്ളതാണെന്ന് ഉറപ്പായും അറിയാമായിരിക്കും. എന്നാൽ പ്രധാനപ്പെട്ട ഈ നിയമനം ചെയ്യാൻവേണ്ടി സമയം കണ്ടെത്തുക എന്നു പറയുന്നതു മൂപ്പന്മാർക്ക് അത്ര എളുപ്പമല്ല. മൂപ്പന്മാർ ആദ്യംതന്നെ സ്വന്തം കുടുംബത്തിന്റെ ശാരീരികവും വൈകാരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കുവേണ്ടി കരുതേണ്ടതുണ്ട്. കൂടാതെ അവർ ഉത്സാഹത്തോടെ പ്രസംഗപ്രവർത്തനം ചെയ്യുകയും മീറ്റിങ്ങുകളിലെയും സമ്മേളനങ്ങളിലെയും കൺവെൻഷനുകളിലെയും പരിപാടികൾ നന്നായി തയ്യാറായി നടത്തുകയും ചെയ്യുന്നു. ചില മൂപ്പന്മാർ ആശുപത്രി ഏകോപന സമിതിയിലും പ്രാദേശിക ഡിസൈൻ നിർമാണ വിഭാഗത്തിലും പ്രവർത്തിക്കുന്നുണ്ട്. മൂപ്പന്മാർ എത്ര തിരക്കുള്ളവരാണ്, അല്ലേ?
14. പത്രോസിന്റെ ഏതു വാക്കുകൾ ആട്ടിൻപറ്റത്തെ മേയ്ക്കാൻ മൂപ്പന്മാരെ പ്രചോദിപ്പിക്കണം? (1 പത്രോസ് 5:1-4)
14 “ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക” എന്നു പത്രോസ് സഹമൂപ്പന്മാരോടു പറഞ്ഞു. (1 പത്രോസ് 5:1-4 വായിക്കുക.) നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ സഹോദരങ്ങളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടെന്നും അവർക്കു വേണ്ട സഹായവും പ്രോത്സാഹനവും നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉറപ്പാണ്. പക്ഷേ തിരക്കും ക്ഷീണവും കാരണം ആ ഉത്തരവാദിത്വം ചെയ്യാൻ ചിലപ്പോഴെങ്കിലും നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. അപ്പോൾ നിങ്ങളെ എന്തു സഹായിക്കും? നിങ്ങളുടെ ഉത്കണ്ഠകളെക്കുറിച്ച് യഹോവയോടു തുറന്നുപറയുക. പത്രോസ് എഴുതി: “ആരെങ്കിലും . . . ശുശ്രൂഷിക്കുന്നെങ്കിൽ ദൈവം നൽകുന്ന ശക്തിയിൽ ആശ്രയിച്ച് ശുശ്രൂഷിക്കട്ടെ.” (1 പത്രോ. 4:11) ഈ വ്യവസ്ഥിതിയിൽ പൂർണമായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളായിരിക്കാം ചിലപ്പോൾ സഹോദരങ്ങൾ അനുഭവിക്കുന്നത്. എന്നാൽ മറ്റാരെക്കാളും നന്നായി അവരെ സഹായിക്കാൻ ‘മുഖ്യയിടയനായ’ യേശുക്രിസ്തുവിനു കഴിയുമെന്ന കാര്യം ഓർക്കുക. ഇപ്പോഴും പുതിയ ഭൂമിയിലും യേശു അങ്ങനെ ചെയ്യും. യഹോവ മൂപ്പന്മാരിൽനിന്ന് പ്രതീക്ഷിക്കുന്നതു സഹോദരങ്ങളെ സ്നേഹിക്കാനും അവർക്ക് ഇടയവേല ചെയ്യാനും ‘ആട്ടിൻപറ്റത്തിനു മാതൃകകളായിരിക്കാനും’ മാത്രമാണ്.
15. ദൈവത്തിന്റെ ആടുകളെ പരിപാലിക്കാൻ ഒരു മൂപ്പൻ എന്താണു ചെയ്യുന്നത്? (ചിത്രവും കാണുക.)
15 ദൈവത്തിന്റെ ആട്ടിൻപറ്റത്തെ പരിപാലിക്കുന്നത് എത്ര പ്രധാനമാണെന്നു വർഷങ്ങളായി ഒരു മൂപ്പനായി സേവിക്കുന്ന വില്യം സഹോദരന് അറിയാം. കോവിഡ്-19 മഹാമാരി തുടങ്ങിയ സമയത്ത് അദ്ദേഹവും കൂടെയുള്ള മറ്റു മൂപ്പന്മാരും തങ്ങളുടെ വയൽസേവന കൂട്ടത്തിലുള്ള ഓരോ വ്യക്തിയെയും ആഴ്ചതോറും വിളിച്ച് സംസാരിക്കാൻ പ്രത്യേകശ്രമം ചെയ്തു. അതിന്റെ കാരണത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “ആ സമയത്ത് നമ്മുടെ സഹോദരങ്ങളിൽ പലരും ഒറ്റയ്ക്കു വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു. അപ്പോൾ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചുകൂട്ടാൻ സാധ്യത കൂടുതലാണല്ലോ.” സഹോദരങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുള്ളപ്പോൾ വില്യം അവർ പറയുന്നതു ശ്രദ്ധിച്ചുകേൾക്കും. എന്താണ് അവരെ വിഷമിപ്പിക്കുന്നതെന്നും അവരുടെ ആവശ്യങ്ങൾ എന്താണെന്നും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നിട്ട് സഹോദരൻ അവരെ പ്രോത്സാഹിപ്പിക്കാൻ പറ്റിയ വിവരങ്ങൾ വെബ്സൈറ്റിലെ നമ്മുടെ വീഡിയോകളിൽനിന്നോ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽനിന്നോ കണ്ടെത്താൻ ശ്രമിക്കും. സഹോദരൻ പറയുന്നു: “മുമ്പെന്നത്തെക്കാൾ അധികമായി സഹോദരങ്ങൾക്ക് ഇന്ന് ഇടയന്മാരുടെ സഹായം ആവശ്യമാണ്. പുതിയവരെ സത്യത്തിലേക്കു കൊണ്ടുവരാൻ നമ്മൾ ഒരുപാടു ശ്രമിക്കുന്നു. യഹോവയുടെ ആടുകളെ പരിപാലിക്കാനും നമ്മൾ അതുപോലെതന്നെ ശ്രമിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവർക്കു സത്യത്തിൽ തുടരാനാകൂ.”
നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കാൻ യഹോവയെ അനുവദിക്കുക
16. പത്രോസിന്റെ കത്തുകളിൽനിന്ന് പഠിച്ച പാഠങ്ങൾ നമുക്ക് എങ്ങനെയെല്ലാം പ്രാവർത്തികമാക്കാം?
16 പത്രോസ് എഴുതിയ രണ്ടു കത്തുകളിൽനിന്ന് പഠിക്കാനാകുന്ന ചില പാഠങ്ങൾ മാത്രമാണു നമ്മൾ ഇതുവരെ ചർച്ച ചെയ്തത്. മെച്ചപ്പെടേണ്ട ഏതെങ്കിലും ഒരു കാര്യം ചിലപ്പോൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഉദാഹരണത്തിന്, പുതിയ ലോകത്തിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് കൂടുതലായി ചിന്തിക്കണമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? ജോലിസ്ഥലത്തോ സ്കൂളിലോ മറ്റ് എവിടെയെങ്കിലുമോ വെച്ച് സാക്ഷീകരിക്കാൻ നിങ്ങൾ ഒരു ലക്ഷ്യം വെച്ചോ? സഹോദരങ്ങളെ മുമ്പത്തെക്കാൾ കൂടുതൽ ഗാഢമായി സ്നേഹിക്കാൻ എന്തു ചെയ്യാനാകുമെന്നു നിങ്ങൾ മനസ്സിലാക്കിയോ? മൂപ്പന്മാരേ, യഹോവയുടെ ആടുകളെ മനസ്സോടെയും അതീവതാത്പര്യത്തോടെയും പരിപാലിക്കാൻ നിങ്ങൾ ഉറച്ച തീരുമാനമെടുത്തോ? ആത്മാർഥമായി പരിശോധിക്കുമ്പോൾ ഏതെങ്കിലും ഒക്കെ കാര്യത്തിൽ നിങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്നു ചിലപ്പോൾ കണ്ടെത്തിയേക്കാം. പക്ഷേ നിരാശപ്പെടരുത്. ‘കർത്താവ് ദയയുള്ളവനാണ്.’ മെച്ചപ്പെടാൻ യേശു നിങ്ങളെ സഹായിക്കും. (1 പത്രോ. 2:3) പത്രോസ് നമുക്ക് ഇങ്ങനെ ഉറപ്പുതന്നിട്ടുണ്ട്: “ദൈവം നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും ശക്തരാക്കുകയും ഉറപ്പിക്കുകയും ചെയ്യും.”—1 പത്രോ. 5:10.
17. നമ്മൾ മടുത്തുപോകാതെ ശ്രമം തുടരുകയും നമ്മളെ പരിശീലിപ്പിക്കാൻ യഹോവയെ അനുവദിക്കുകയും ആണെങ്കിൽ എന്തായിരിക്കും അതിന്റെ ഫലം?
17 ദൈവപുത്രന്റെ കൂടെയായിരിക്കാൻ തനിക്ക് യോഗ്യതയില്ലെന്ന് ഒരിക്കൽ പത്രോസ് ചിന്തിച്ചതാണ്. (ലൂക്കോ. 5:8) പക്ഷേ യഹോവയുടെയും യേശുവിന്റെയും സ്നേഹത്തോടെയുള്ള സഹായം സ്വീകരിച്ചുകൊണ്ട് അദ്ദേഹം മടുത്തുപിന്മാറാതെ യേശുവിന്റെ വിശ്വസ്താനുഗാമിയായി തുടർന്നു. അങ്ങനെ പത്രോസിനു ‘കർത്താവും രക്ഷകനും ആയ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കു പ്രവേശിക്കാനുള്ള’ അംഗീകാരം ലഭിച്ചു. (2 പത്രോ. 1:11) അത് എത്ര വലിയൊരു അനുഗ്രഹമാണ്, അല്ലേ! നിങ്ങളും പത്രോസിനെപ്പോലെ മടുത്തുപോകാതെ ശ്രമം തുടരുകയും നിങ്ങളെ പരിശീലിപ്പിക്കാൻ യഹോവയെ അനുവദിക്കുകയും ആണെങ്കിൽ നിങ്ങൾക്കും നിത്യജീവനാകുന്ന സമ്മാനം കിട്ടും. നിങ്ങളുടെ ‘വിശ്വാസം രക്ഷയിലേക്കു നയിക്കും.’—1 പത്രോ. 1:9.
ഗീതം 109 ഹൃദയപൂർവം ഉറ്റ് സ്നേഹിക്കാം
a ഈ ലേഖനത്തിൽ, പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ പത്രോസിന്റെ കത്തിലെ ചില വിവരങ്ങൾ നമ്മളെ എങ്ങനെ സഹായിക്കുമെന്നു കാണും. കൂടാതെ ഇടയന്മാരെന്ന നിലയിലുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാൻ മൂപ്പന്മാരെ സഹായിക്കുന്ന ചില ആശയങ്ങളും നമ്മൾ ചർച്ച ചെയ്യും.
b സാധ്യതയനുസരിച്ച്, റോമാക്കാർ എ.ഡി. 66-ൽ യരുശലേമിനെ ആദ്യം ആക്രമിക്കുന്നതിനു മുമ്പുതന്നെ പാലസ്തീനിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികൾക്കു പത്രോസിന്റെ രണ്ടു കത്തുകളും കിട്ടി.
c JW.ORG-ൽ “നമ്മുടെ വിലപ്പെട്ട ഐക്യം കാത്തുസൂക്ഷിക്കുക” എന്ന വീഡിയോ കാണുക.