പഠനലേഖനം 37
ശിംശോനെപ്പോലെ യഹോവയിൽ ആശ്രയിക്കുക
“പരമാധികാരിയായ യഹോവേ, ദയവായി . . . എന്നെ ഓർക്കേണമേ. . . . എനിക്കു ശക്തി നൽകേണമേ.”—ന്യായാ. 16:28.
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
ചുരുക്കം a
1-2. ശിംശോനെക്കുറിച്ചുള്ള വിവരണം പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെ?
ശിംശോൻ എന്ന പേര് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത് എന്താണ്? സാധ്യതയനുസരിച്ച് അദ്ദേഹത്തിന്റെ അസാധാരണമായ ശക്തിയായിരിക്കും. അതു ശരിയുമാണ്. പക്ഷേ അദ്ദേഹം തെറ്റായ ചില തീരുമാനങ്ങളെടുത്തു. അതിന്റെ മോശമായ ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു. എങ്കിലും, യഹോവ കൂടുതലായി ശ്രദ്ധിച്ചതു ശിംശോന്റെ വിശ്വസ്തതയോടെയുള്ള സേവനമാണ്. അവ നമ്മുടെ പ്രയോജനത്തിനായി ബൈബിളിൽ ഉൾപ്പെടുത്തുകയും ചെയ്തു.
2 തന്റെ ജനമായ ഇസ്രായേലിനെ സഹായിക്കാൻ അതിശയകരമായ പലതും ചെയ്യുന്നതിന് യഹോവ ശിംശോനെ ഉപയോഗിച്ചു. ശിംശോൻ മരിച്ച് നൂറ്റാണ്ടുകൾക്കു ശേഷം വിശ്വാസത്തിന്റെ നല്ല മാതൃകകളായിരുന്ന ആളുകളോടൊപ്പം ശിംശോന്റെ പേരും ഉൾപ്പെടുത്താൻ യഹോവ അപ്പോസ്തലനായ പൗലോസിനെ പ്രേരിപ്പിക്കുകയും ചെയ്തു. (എബ്രാ. 11:32-34) അദ്ദേഹത്തിന്റെ മാതൃക നമുക്കു വലിയൊരു പ്രോത്സാഹനമാണ്. കാരണം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോൾ അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. ഈ ലേഖനത്തിൽ ശിംശോനിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നും അദ്ദേഹത്തിന്റെ മാതൃക നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയെന്നും കാണാം.
ശിംശോൻ യഹോവയിൽ ആശ്രയിച്ചു
3. ശിംശോന് എന്തു നിയമനമാണു കിട്ടിയത്?
3 ശിംശോൻ ജനിക്കുന്ന സമയത്ത് ഫെലിസ്ത്യരാണ് ഇസ്രായേല്യരെ ഭരിച്ചിരുന്നത്. (ന്യായാ. 13:1) അവർ ദൈവജനത്തെ അടിച്ചമർത്തിയിരുന്നു. അവരുടെ ക്രൂരമായ ഭരണം ഇസ്രായേല്യരുടെ ജീവിതം കഷ്ടത്തിലാക്കി. അതുകൊണ്ട് ‘ഫെലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേല്യരെ രക്ഷിക്കുന്നതിൽ മുൻകൈയെടുക്കാൻ’ യഹോവ ശിംശോനെ തിരഞ്ഞെടുത്തു. (ന്യായാ. 13:5) വളരെ ബുദ്ധിമുട്ടുള്ള നിയമനമായിരുന്നു അത്. യഹോവയിൽ ആശ്രയിച്ചാലേ ശിംശോന് അതു ചെയ്യാനാകുമായിരുന്നുള്ളൂ.
4. ഫെലിസ്ത്യരുടെ കൈയിൽനിന്ന് രക്ഷപ്പെടാൻ യഹോവ എങ്ങനെയാണു ശിംശോനെ സഹായിച്ചത്? (ന്യായാധിപന്മാർ 15:14-16)
4 ശിംശോൻ യഹോവയിൽ ആശ്രയിക്കുകയും ദൈവം അദ്ദേഹത്തെ സഹായിക്കുകയും ചെയ്തതിന്റെ ഒരു ഉദാഹരണം നോക്കാം. ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം ശിംശോനെ പിടികൂടാനായി ലേഹിയിലേക്കു വന്നു. സാധ്യതയനുസരിച്ച് യഹൂദയിലുള്ള ഒരു സ്ഥലമാണ് ഇത്. ആ സൈന്യത്തെ കണ്ടപ്പോൾ യഹൂദയിലുള്ളവർക്കു പേടിയായി. അതുകൊണ്ട് ശിംശോനെ ശത്രുക്കൾക്കു കൈമാറാൻ അവർ തീരുമാനിച്ചു. അങ്ങനെ ശിംശോന്റെ സ്വന്തം ആളുകൾതന്നെ അദ്ദേഹത്തെ പിടിച്ച് രണ്ടു പുതിയ കയറുകൊണ്ട് ബന്ധിച്ച് ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിച്ചു. (ന്യായാ. 15:9-13) എന്നാൽ “യഹോവയുടെ ആത്മാവ് ശിംശോനു ശക്തി പകർന്നു.” കൈയിൽ കെട്ടിയിരുന്ന കയർ നൂലുപോലെ പൊട്ടിപ്പോയി. അപ്പോഴാണ് ‘ഒരു ആൺകഴുതയുടെ പച്ചത്താടിയെല്ല് ശിംശോന്റെ കണ്ണിൽപ്പെടുന്നത്.’ അത് എടുത്ത് അദ്ദേഹം 1,000 ഫെലിസ്ത്യരെ കൊന്നു.—ന്യായാധിപന്മാർ 15:14-16 വായിക്കുക.
5. യഹോവയിലാണ് ആശ്രയിക്കുന്നതെന്നു ശിംശോൻ തെളിയിച്ചത് എങ്ങനെ?
5 കഴുതയുടെ താടിയെല്ല് പൊതുവേ ആരും ആയുധമായി ഉപയോഗിക്കാറില്ലല്ലോ. എന്നിട്ടും ശിംശോൻ എന്തുകൊണ്ടായിരിക്കാം ശത്രുക്കളെ ആക്രമിക്കാൻ അത് ഉപയോഗിച്ചത്? കാരണം താൻ ഏത് ആയുധം ഉപയോഗിച്ചാലും ഫെലിസ്ത്യരുടെ മേൽ വിജയം നേടാൻ യഹോവ തന്നെ സഹായിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ട് യഹോവയുടെ ഇഷ്ടം ചെയ്യുന്നതിന് എന്തു ലഭ്യമായിരുന്നോ അത് അദ്ദേഹം ഉപയോഗിച്ചു. യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ആ ശത്രുക്കളെയെല്ലാം കൊന്ന് വലിയൊരു വിജയം നേടാൻ യഹോവ ശിംശോനെ സഹായിച്ചു.
6. ശിംശോനെക്കുറിച്ചുള്ള വിവരണത്തിൽനിന്ന് നമുക്കു പഠിക്കാനാകുന്ന ഒരു കാര്യം എന്താണ്?
6 നമുക്കു കിട്ടുന്ന നിയമനം എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും അതു ചെയ്യാൻ ആവശ്യമായ ശക്തി യഹോവ തരും. ചിലപ്പോൾ നമുക്കു ചിന്തിക്കാൻപോലും പറ്റാത്ത രീതിയിലായിരിക്കാം ദൈവം അതു ചെയ്യുന്നത്. ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള സഹായത്തിനായി യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ ശിംശോനെ ശക്തിപ്പെടുത്തിയ യഹോവ നിങ്ങളെയും സഹായിക്കും, ഉറപ്പ്!—സുഭാ. 16:3.
7. യഹോവ എങ്ങനെയാണു കാര്യങ്ങളെ വഴിനയിക്കുന്നതെന്നു നോക്കേണ്ടതു പ്രധാനമാണെന്നു തെളിയിക്കുന്ന ഒരു ഉദാഹരണം പറയുക.
7 സത്യാരാധനയ്ക്കുവേണ്ടിയുള്ള കെട്ടിടങ്ങൾ പണിയുന്ന പല സഹോദരങ്ങളും തങ്ങൾ യഹോവയിൽ ആശ്രയിക്കുന്നെന്നു തെളിയിച്ചിട്ടുണ്ട്. മുമ്പൊക്കെ മിക്ക പുതിയ രാജ്യഹാളുകളും നമ്മുടെ മറ്റു കെട്ടിടങ്ങളും സഹോദരങ്ങൾ സ്വന്തമായി ഡിസൈൻ ചെയ്ത് നിർമിക്കുകയാണു ചെയ്തിരുന്നത്. എന്നാൽ കൂടുതൽക്കൂടുതൽ ആളുകൾ സംഘടനയിലേക്കു വരാൻതുടങ്ങിയതോടെ ഇതിനൊരു മാറ്റം വേണ്ടിവന്നു. അതുകൊണ്ട് ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ ഇക്കാര്യത്തിൽ യഹോവയുടെ ഇഷ്ടം എന്താണെന്ന് അറിയാൻ പ്രാർഥിക്കുകയും മറ്റു ചില രീതികൾ പരീക്ഷിക്കുകയും ചെയ്തു. അതിലൊന്നു കെട്ടിടങ്ങൾ വാങ്ങി നമ്മുടെ ആവശ്യത്തിനനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക എന്നതായിരുന്നു. അടുത്തകാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള നമ്മുടെ നിർമാണപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള റോബർട്ട് സഹോദരൻ പറയുന്നു: “ആദ്യമൊക്കെ ഇത് ഉൾക്കൊള്ളാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. വർഷങ്ങളായി നമ്മൾ ചെയ്തുകൊണ്ടിരുന്നതിൽനിന്ന് വളരെ വ്യത്യസ്തമായ രീതിയായിരുന്നു ഇത്. പക്ഷേ, അതുമായി പൊരുത്തപ്പെടാൻ സഹോദരങ്ങൾ തയ്യാറായി. യഹോവ ഇതിനെ അനുഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു.” തന്റെ ഇഷ്ടം ചെയ്യാൻവേണ്ടി യഹോവ തന്റെ ജനത്തെ നയിക്കുന്നതിന്റെ ഒരു ഉദാഹരണം മാത്രമാണ് ഇത്. അതുകൊണ്ട് ഇടയ്ക്കിടെ നമ്മളെല്ലാം ഇങ്ങനെ ചിന്തിക്കുന്നത് നന്നായിരിക്കും: ‘യഹോവ കാര്യങ്ങളെ വഴിനയിക്കുന്നത് എങ്ങനെയാണെന്നു നോക്കാനും അതനുസരിച്ച് എന്റെ സേവനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താനും ഞാൻ തയ്യാറാകുന്നുണ്ടോ?’
യഹോവയിൽനിന്നുള്ള സഹായങ്ങൾ ശിംശോൻ പ്രയോജനപ്പെടുത്തി
8. ഒരിക്കൽ വല്ലാതെ ദാഹിച്ചപ്പോൾ ശിംശോൻ എന്താണു ചെയ്തത്?
8 ശിംശോൻ ചെയ്ത, അതിശയിപ്പിക്കുന്ന മറ്റു പല കാര്യങ്ങളെക്കുറിച്ചും നിങ്ങൾ വായിച്ചിട്ടുണ്ടാകും. ഒരിക്കൽ ശിംശോൻ ഒറ്റയ്ക്ക് ഒരു സിംഹത്തോടു പോരാടി അതിനെ കൊന്നുകളഞ്ഞു. മറ്റൊരിക്കൽ ഫെലിസ്ത്യ നഗരമായ അസ്കലോനിലെ 30 പുരുഷന്മാരെ വകവരുത്തി. (ന്യായാ. 14:5, 6, 19) യഹോവയുടെ സഹായമില്ലാതെ ഇതൊന്നും ചെയ്യാനാകില്ലെന്നു ശിംശോന് അറിയാമായിരുന്നു. അതിനു തെളിവ് നൽകുന്ന ഒരു സംഭവം നോക്കാം. ഒരിക്കൽ 1,000 ഫെലിസ്ത്യരെ കൊന്നുകഴിഞ്ഞ് ശിംശോനു വല്ലാതെ ദാഹിച്ചു. അപ്പോൾ അദ്ദേഹം എന്താണു ചെയ്തത്? കുടിക്കാനുള്ള വെള്ളം സ്വന്തമായി കണ്ടെത്തുന്നതിനു പകരം സഹായത്തിനായി യഹോവയോട് അപേക്ഷിച്ചു.—ന്യായാ. 15:18.
9. ശിംശോൻ സഹായത്തിനായി അപേക്ഷിച്ചപ്പോൾ യഹോവ എന്തു ചെയ്തു? (ന്യായാധിപന്മാർ 15:19-ഉം അടിക്കുറിപ്പും)
9 സഹായത്തിനുവേണ്ടി ശിംശോൻ അപേക്ഷിച്ചപ്പോൾ അത്ഭുതകരമായി ഒരു നീരുറവ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിക്കൊണ്ട് യഹോവ അതിന് ഉത്തരം നൽകി. അതിൽനിന്ന് വെള്ളം കുടിച്ച “ശിംശോനു ശക്തി വീണ്ടുകിട്ടി, ശിംശോൻ ഉന്മേഷവാനായി.” (ന്യായാധിപന്മാർ 15:19-ഉം അടിക്കുറിപ്പും വായിക്കുക.) തെളിവനുസരിച്ച് പുതുതായി ഉണ്ടായ ആ നീരുറവ, വർഷങ്ങൾക്കുശേഷം ശമുവേൽ പ്രവാചകൻ ന്യായാധിപന്മാരുടെ പുസ്തകം എഴുതിയ സമയത്തും അവിടെയുണ്ടായിരുന്നു. ആ നീരുറവ കണ്ടപ്പോഴൊക്കെ ഇസ്രായേല്യർ ഒരു കാര്യം ഓർത്തുകാണും: സഹായത്തിനായി തന്നിൽ ആശ്രയിക്കുന്ന വിശ്വസ്തദാസരെ യഹോവ ഒരിക്കലും കൈവിടില്ല.
10. യഹോവയുടെ സഹായം കിട്ടാൻ നമ്മൾ എന്താണു ചെയ്യേണ്ടത്? (ചിത്രവും കാണുക.)
10 നമുക്ക് എത്രയൊക്കെ കഴിവുകളുണ്ടെങ്കിലും, ദൈവസേവനത്തിൽ ഇതിനോടകം എന്തൊക്കെ ചെയ്യാനായിട്ടുണ്ടെങ്കിലും, സഹായത്തിനായി നമ്മൾ എപ്പോഴും യഹോവയിലേക്കു നോക്കണം. യഹോവയിൽ ആശ്രയിച്ചാൽ മാത്രമേ ദൈവം ചെയ്യാൻ ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം നന്നായി ചെയ്യാൻ കഴിയുകയുള്ളൂ എന്ന കാര്യം എളിമയോടെ നമ്മൾ സമ്മതിക്കേണ്ടതുണ്ട്. യഹോവ കൊടുത്ത വെള്ളം കുടിച്ചപ്പോൾ ശിംശോൻ ഉന്മേഷവാനായി എന്നു നമ്മൾ കണ്ടു. അതുപോലെ വിശ്വസ്തരായി തുടരാൻ യഹോവ തരുന്ന സഹായം സ്വീകരിക്കുമ്പോൾ നമ്മളും ആത്മീയമായി ശക്തരായിത്തീരും.—മത്താ. 11:28.
11. യഹോവയുടെ സഹായത്തിൽനിന്ന് പൂർണപ്രയോജനം നേടാൻ നമുക്ക് എന്തു ചെയ്യാം? ഒരു ദൃഷ്ടാന്തത്തിലൂടെ വിവരിക്കുക.
11 റഷ്യയിൽ കടുത്ത ഉപദ്രവം സഹിക്കുന്ന അലക്സി സഹോദരന്റെ കാര്യം നോക്കുക. ആ സാഹചര്യത്തിലും വിശ്വസ്തനായി സഹിച്ചുനിൽക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് എന്താണ്? സഹോദരനും ഭാര്യയും പതിവായി ബൈബിൾ പഠിക്കുകയും ദൈവസേവനത്തിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ശീലം വളർത്തിയെടുത്തിരുന്നു. അതെക്കുറിച്ച് സഹോദരൻ പറയുന്നത് ഇതാണ്: “ദിവസവുമുള്ള എന്റെ ബൈബിൾ വായനയും വ്യക്തിപരമായ പഠനവും മുടങ്ങാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. എന്നും രാവിലെ ഭാര്യയും ഞാനും ഒരുമിച്ച് ദിനവാക്യം വായിക്കുകയും പ്രാർഥിക്കുകയും ചെയ്യും.” സഹോദരന്റെ ഈ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? സ്വന്തം കഴിവിൽ ആശ്രയിക്കാതെ നമ്മൾ എപ്പോഴും യഹോവയിൽ ആശ്രയിക്കണം. പതിവായി ബൈബിൾ പഠിക്കുകയും മറ്റ് ആത്മീയപ്രവർത്തനങ്ങളിൽ ഉൾപ്പെടുകയും ചെയ്തുകൊണ്ട് നമ്മുടെ വിശ്വാസം ശക്തമാക്കിനിറുത്തുന്നതിലൂടെ നമുക്ക് അത് ചെയ്യാനാകും. അങ്ങനെയാകുമ്പോൾ, തുടർന്നും തന്നെ സേവിക്കാനുള്ള സഹായം യഹോവ നമുക്കു തരും. ശിംശോനെ ശക്തനാക്കിയ ദൈവത്തിനു തീർച്ചയായും നമ്മളെയും ശക്തരാക്കാനാകും.
യഹോവയുടെ ഇഷ്ടം ചെയ്യുന്നതു ശിംശോൻ നിറുത്തിക്കളഞ്ഞില്ല
12. ശിംശോൻ എടുത്ത തെറ്റായ തീരുമാനം എന്തായിരുന്നു, അദ്ദേഹം എടുത്ത മറ്റു തീരുമാനങ്ങളിൽനിന്ന് അതു വ്യത്യസ്തമായിരുന്നത് എങ്ങനെ?
12 നമ്മളെപ്പോലെതന്നെ കുറവുകളൊക്കെയുള്ള മനുഷ്യനായിരുന്നു ശിംശോനും. അതുകൊണ്ട് അദ്ദേഹം ഇടയ്ക്കൊക്കെ തെറ്റായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. അത്തരമൊരു തീരുമാനത്തിന്റെ ഫലം വളരെ ദാരുണമായിരുന്നു. കാരണം, ആ തീരുമാനമെടുക്കുമ്പോൾ യഹോവ നൽകിയ നിയമനത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിരുന്നില്ല. അദ്ദേഹം എന്താണു ചെയ്തത്? കുറെക്കാലം ഒരു ന്യായാധിപനായി പ്രവർത്തിച്ചുകഴിഞ്ഞ് ശിംശോൻ “സോരേക്ക് താഴ്വരയിലുള്ള ദലീല എന്ന യുവതിയുമായി സ്നേഹത്തിലായി.” (ന്യായാ. 16:4) നേരത്തേ ഒരു ഫെലിസ്ത്യ സ്ത്രീയുമായി ശിംശോന്റെ കല്യാണം ഉറപ്പിച്ചിരുന്നതാണ്. അതിനു “പിന്നിൽ യഹോവയാണെന്ന്” ഉറപ്പായിരുന്നു. കാരണം, “ദൈവം ഫെലിസ്ത്യർക്കെതിരെ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു.” പിന്നീട്, അദ്ദേഹം ഫെലിസ്ത്യനഗരമായ ഗസ്സയിൽ ഒരു വേശ്യയുടെ വീട്ടിൽ താമസിച്ചു. ആ സമയത്ത് യഹോവ ശിംശോനെ ശക്തനാക്കുകയും അദ്ദേഹം നഗരകവാടത്തിന്റെ വാതിലുകൾ പറിച്ചെടുത്ത് മലമുകളിലേക്കു കൊണ്ടുപോകുകയും ചെയ്തു. അങ്ങനെ ആ നഗരത്തിന്റെ സുരക്ഷാസംവിധാനം തകർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. (ന്യായാ. 14:1-4; 16:1-3) പക്ഷേ, ദലീലയുമായുള്ള ശിംശോന്റെ ബന്ധം അങ്ങനെയുള്ള ഒന്നായിരുന്നില്ല. കാരണം, സാധ്യതയനുസരിച്ച് ദലീല ഒരു ഇസ്രായേല്യസ്ത്രീയായിരുന്നു. അതുകൊണ്ട് ആ ബന്ധം ഫെലിസ്ത്യർക്കെതിരെ പോരാടുന്നതിന് അദ്ദേഹത്തെ സഹായിക്കുമായിരുന്നില്ല.
13. ദലീല ശിംശോനോട് എന്താണു ചെയ്തത്?
13 ശിംശോനെക്കുറിച്ചുള്ള രഹസ്യം ചോർത്തിക്കൊടുക്കാമെന്നു പറഞ്ഞ് ദലീല ഫെലിസ്ത്യരുടെ കൈയിൽനിന്ന് വലിയൊരു തുക വാങ്ങി. ശിംശോന് അവളുടെ ദുരുദ്ദേശ്യം തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരുപക്ഷേ ദലീലയോടുള്ള സ്നേഹം കാരണം അവളെ കണ്ണുമടച്ച് വിശ്വസിച്ചതുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചത്. എന്തായാലും, ശിംശോന്റെ ശക്തിയുടെ രഹസ്യത്തെക്കുറിച്ച് ദലീല വീണ്ടുംവീണ്ടും ചോദിച്ചപ്പോൾ ശല്യം സഹിക്കവയ്യാതെ അദ്ദേഹം അതു വെളിപ്പെടുത്തി. അങ്ങനെ അവസാനം അദ്ദേഹത്തിനു കുറച്ച് കാലത്തേക്കു തന്റെ ശക്തിയും യഹോവയുടെ അംഗീകാരവും നഷ്ടപ്പെട്ടു.—ന്യായാ. 16:16-20.
14. ദലീലയെ വിശ്വസിച്ചതുകൊണ്ട് ശിംശോന് എന്തെല്ലാം വേദനകൾ സഹിക്കേണ്ടിവന്നു?
14 ശിംശോൻ യഹോവയിൽ ആശ്രയിക്കാതെ ദലീലയെ വിശ്വസിച്ചതുകൊണ്ട് വേദനിപ്പിക്കുന്ന പല കാര്യങ്ങളും സഹിക്കേണ്ടിവന്നു. ഫെലിസ്ത്യർ ശിംശോനെ പിടികൂടി അദ്ദേഹത്തിന്റെ കണ്ണു കുത്തിപ്പൊട്ടിച്ചു. എന്നിട്ട് ഗസ്സയിൽ ഒരു തടവറയിലാക്കി. അവിടെയുള്ള ആളുകളെ ശിംശോൻ മുമ്പ് നാണം കെടുത്തിയതാണ്. ഇപ്പോൾ ആ ആളുകൾ അദ്ദേഹത്തെ അടിമയാക്കി ധാന്യം പൊടിപ്പിക്കുകയാണ്. ഫെലിസ്ത്യർ എല്ലാവരും ഒരു ഉത്സവത്തിനു കൂടിവന്നപ്പോൾ ശിംശോനെ അപമാനിക്കാൻ അവർ മറ്റൊരു കാര്യവും ചെയ്തു. ശിംശോനെ കീഴ്പെടുത്താൻ സഹായിച്ചത് തങ്ങളുടെ ദൈവമായ ദാഗോനാണെന്നു പറഞ്ഞ് അവർ ആ ദൈവത്തിനു വലിയൊരു ബലി അർപ്പിച്ചു. കൂടാതെ ശിംശോനെ കളിയാക്കാനും അതിൽ ‘രസം കണ്ടെത്താനും’ ഉത്സവം നടക്കുന്നിടത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരുകയും ചെയ്തു.—ന്യായാ. 16:21-25.
15. താൻ വീണ്ടും യഹോവയിൽ ആശ്രയിക്കുന്നെന്നു ശിംശോൻ തെളിയിച്ചത് എങ്ങനെ? (ന്യായാധിപന്മാർ 16:28-30) (പുറംതാളിലെ ചിത്രം കാണുക.)
15 ശിംശോൻ ഗുരുതരമായ തെറ്റു ചെയ്തെങ്കിലും നിരാശപ്പെട്ട് യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞില്ല. പകരം, ഫെലിസ്ത്യർക്കെതിരെ പോരാടാൻ ദൈവം കൊടുത്ത നിയമനം നിറവേറ്റാനുള്ള അവസരത്തിനായി അദ്ദേഹം കാത്തിരുന്നു. (ന്യായാധിപന്മാർ 16:28-30 വായിക്കുക.) ശിംശോൻ യഹോവയോടു ഇങ്ങനെ അപേക്ഷിച്ചു: “ഫെലിസ്ത്യരോടു പ്രതികാരം ചെയ്യാൻ എനിക്കു ശക്തി നൽകേണമേ.” യഹോവ ആ അപേക്ഷ കേൾക്കുകയും ശിംശോനു വീണ്ടും അത്ഭുതകരമായി ശക്തി നൽകുകയും ചെയ്തു. അങ്ങനെ ഇത്തവണ ഫെലിസ്ത്യർക്കെതിരെ മുമ്പത്തെക്കാളെല്ലാം വലിയ വിജയം നേടാൻ ശിംശോനു കഴിഞ്ഞു.
16. ശിംശോന്റെ തെറ്റിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16 ശിംശോനു തന്റെ തെറ്റിന്റെ മോശം ഫലങ്ങൾ അനുഭവിക്കേണ്ടിവന്നെങ്കിലും അദ്ദേഹം യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞില്ലെന്നു നമ്മൾ കണ്ടു. അതുപോലെ നമുക്കും ഒരു തെറ്റു പറ്റിയിട്ടു തിരുത്തൽ കിട്ടുകയോ സേവനപദവി നഷ്ടപ്പെടുകയോ ഒക്കെ ചെയ്താൽ നമ്മളും യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയരുത്. കാരണം യഹോവ ഒരിക്കലും നമ്മളെ ഉപേക്ഷിച്ചുകളയില്ല. (സങ്കീ. 103:8-10) ശിംശോന്റെ കാര്യത്തിൽ ചെയ്തതുപോലെ തെറ്റുകളൊക്കെ പറ്റിയാലും തന്റെ ഇഷ്ടം ചെയ്യാൻവേണ്ടി യഹോവയ്ക്കു തുടർന്നും നമ്മളെ ഉപയോഗിക്കാനാകും.
17-18. മൈക്കിളിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്? (ചിത്രവും കാണുക.)
17 മൈക്കിൾ എന്ന ചെറുപ്പക്കാരന്റെ അനുഭവം നോക്കുക. ഒരു ശുശ്രൂഷാദാസനും സാധാരണ മുൻനിരസേവകനും ആയി അദ്ദേഹം സഭാകാര്യങ്ങളിൽ തിരക്കോടെ പ്രവർത്തിക്കുകയായിരുന്നു. എന്നാൽ അദ്ദേഹം ഒരു തെറ്റു ചെയ്തു. അങ്ങനെ അദ്ദേഹത്തിനു തന്റെ സേവനപദവികളെല്ലാം നഷ്ടമായി. അദ്ദേഹം പറയുന്നു: “അതുവരെ ദൈവസേവനത്തോടു ബന്ധപ്പെട്ട എന്റെ കാര്യങ്ങളെല്ലാം ഭംഗിയായി പോകുകയായിരുന്നു. പെട്ടെന്നാണ് എല്ലാം നഷ്ടമായത്. യഹോവയ്ക്കുവേണ്ടി ഇനി ഒന്നും ചെയ്യാനാകില്ലെന്ന് എനിക്കു തോന്നി. എന്നാൽ, യഹോവ എന്നെ ഉപേക്ഷിച്ചുകളയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അപ്പോഴും, യഹോവയുമായി ആ പഴയ ബന്ധത്തിലേക്കു വരാനാകുമോ, മുമ്പത്തെപ്പോലെ സഭയിൽ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ പറ്റുമോ എന്നൊക്കെ ഞാൻ ചിന്തിച്ചു.”
18 എന്തായാലും മൈക്കിൾ യഹോവയുടെ ഇഷ്ടം ചെയ്യുന്നതു നിറുത്തിക്കളഞ്ഞില്ല. അദ്ദേഹം ഇങ്ങനെയും പറയുന്നു: “യഹോവയുമായി പഴയ ബന്ധത്തിലേക്കു വരാൻ ഞാൻ ശ്രമം തുടങ്ങി. അതിനുവേണ്ടി പതിവായി ഉള്ളുതുറന്ന് പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും അതെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്തു.” അങ്ങനെ കുറച്ച് കാലംകൊണ്ട് മൈക്കിളിനു തന്റെ നിയമനങ്ങൾ തിരിച്ചുകിട്ടി. ഇപ്പോൾ അദ്ദേഹം ഒരു മൂപ്പനും സാധാരണ മുൻനിരസേവകനും ആണ്. അദ്ദേഹം പറയുന്നു: “ആ സമയത്ത് സഭയിൽനിന്ന്, പ്രത്യേകിച്ച് മൂപ്പന്മാരിൽനിന്ന്, എനിക്കു നല്ല പിന്തുണയും പ്രോത്സാഹനവും കിട്ടി. യഹോവ എന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നു തിരിച്ചറിയാൻ അത് സഹായിച്ചു. എനിക്ക് ഇപ്പോൾ വീണ്ടും ശുദ്ധമനസ്സാക്ഷിയോടെ സഭയിൽ സേവിക്കാൻ കഴിയുന്നു. ഈ അനുഭവം എന്നെ ഒരു കാര്യം പഠിപ്പിച്ചു. ആത്മാർഥമായി പശ്ചാത്തപിക്കുന്നവരോട് യഹോവ തീർച്ചയായും ക്ഷമിക്കും.” നമുക്കു തെറ്റു പറ്റിയാലും അതു തിരുത്തുകയും തുടർന്നും യഹോവയിൽ ആശ്രയിക്കുകയും ചെയ്താൽ യഹോവ നമ്മളെ വീണ്ടും ഉപയോഗിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്.—സങ്കീ. 86:5; സുഭാ. 28:13.
19. ശിംശോന്റെ മാതൃക നിങ്ങളെ ശക്തിപ്പെടുത്തിയത് എങ്ങനെ?
19 ഈ ലേഖനത്തിൽ നമ്മൾ കണ്ടതു ശിംശോന്റെ ജീവിതത്തിലെ ചില പ്രധാനപ്പെട്ട സംഭവങ്ങളാണ്. അദ്ദേഹം എല്ലാം തികഞ്ഞ വ്യക്തിയൊന്നുമായിരുന്നില്ല. ദലീലയോടുള്ള ബന്ധത്തിൽ അദ്ദേഹത്തിനു തെറ്റു പറ്റി. എന്നിട്ടും, യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചില്ല. അതുകൊണ്ട് യഹോവയും അദ്ദേഹത്തെ ഉപേക്ഷിച്ചില്ല. പകരം, ഒരിക്കൽക്കൂടി യഹോവ അദ്ദേഹത്തെ അതിശയകരമായ രീതിയിൽ ഉപയോഗിച്ചു. വിശ്വാസത്തിന്റെ നല്ലൊരു മാതൃകയായി യഹോവ തുടർന്നും അദ്ദേഹത്തെ കണക്കാക്കുകയും ചെയ്തു. എബ്രായർ 11-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന വിശ്വസ്തരുടെ കൂട്ടത്തിൽ ശിംശോന്റെ പേരും ഉൾപ്പെടുത്തിയതിൽനിന്നും നമുക്ക് അതു മനസ്സിലാക്കാം. നമുക്കു സഹായം ആവശ്യമായിവരുമ്പോൾ വേണ്ട ശക്തി നൽകാൻ ഒരുങ്ങിയിരിക്കുന്ന സ്നേഹവാനായ പിതാവിനെയാണു നമ്മൾ ആരാധിക്കുന്നതെന്ന് അറിയുന്നത് എത്ര സന്തോഷമുള്ള കാര്യമാണ്! അതുകൊണ്ട് ശിംശോനെപ്പോലെ നമുക്കും യഹോവയോട് ഇങ്ങനെ അപേക്ഷിക്കാം: “എന്നെ ഓർക്കേണമേ. . . . എനിക്കു ശക്തി നൽകേണമേ.”—ന്യായാ. 16:28.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
a ശിംശോൻ എന്ന ബൈബിൾ കഥാപാത്രത്തെക്കുറിച്ച് പലർക്കും അറിയാം. ബൈബിളിനെക്കുറിച്ച് അത്ര പരിചയമില്ലാത്തവർപോലും ആ പേര് കേട്ടിട്ടുണ്ടാകും. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങളും പാട്ടുകളും സിനിമകളും ഒക്കെയുണ്ട്. എങ്കിലും ശിംശോന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണം വെറുമൊരു കഥയല്ല. ശക്തമായ വിശ്വാസമുണ്ടായിരുന്ന ആ വ്യക്തിയിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്.