പഠനലേഖനം 39
സൗമ്യത നിങ്ങളുടെ കരുത്തായിരിക്കട്ടെ
‘കർത്താവിന്റെ അടിമ വഴക്കുണ്ടാക്കേണ്ടതില്ല. പകരം എല്ലാവരോടും ശാന്തമായി ഇടപെടണം.’—2 തിമൊ. 2:24.
ഗീതം 120 യേശുവിന്റെ സൗമ്യത അനുകരിക്കാം
ചുരുക്കം a
1. സ്കൂളിലോ ജോലിസ്ഥലത്തോ ആയിരിക്കുമ്പോൾ മറ്റുള്ളവർ നമ്മളോട് എന്തിനെക്കുറിച്ച് ചോദിച്ചേക്കാം?
കൂടെ ജോലി ചെയ്യുന്നവരോ കൂടെ പഠിക്കുന്നവരോ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ചോദിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും? പേടി തോന്നുമോ? നമ്മളിൽ മിക്കവർക്കും അങ്ങനെ തോന്നാറുണ്ട്. എന്നാൽ അത്തരമൊരു ചോദ്യം ഒരാൾ എന്താണു ചിന്തിക്കുന്നത്, വിശ്വസിക്കുന്നത് എന്നൊക്കെ മനസ്സിലാക്കാൻ ഒരുപക്ഷേ നമ്മളെ സഹായിക്കും. അങ്ങനെ ആ വ്യക്തിയെ സന്തോഷവാർത്ത അറിയിക്കാനുള്ള ഒരു അവസരവും നമുക്കു കിട്ടിയേക്കും. ഇനി, മറ്റു ചിലർ ചോദ്യം ചോദിക്കുന്നതു നമ്മളോടു തർക്കിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരിക്കും. അതിൽ അതിശയിക്കേണ്ടതില്ല. കാരണം, നമ്മളെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളുടെ പേരിലായിരിക്കാം അവർ അങ്ങനെ ചെയ്യുന്നത്. (പ്രവൃ. 28:22) കൂടാതെ നമ്മൾ ജീവിക്കുന്നത് “ഒരു കാര്യത്തോടും യോജിക്കാത്തവരും . . . ക്രൂരന്മാരും” നിറഞ്ഞ ‘അവസാനകാലത്താണല്ലോ.’—2 തിമൊ. 3:1, 3.
2. നമ്മൾ സൗമ്യരായിരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
2 നമ്മുടെ വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താൽ എങ്ങനെ ശാന്തതയോടെ ഇടപെടാം എന്നു നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചേക്കാം. അങ്ങനെ ചെയ്യാൻ നിങ്ങളെ എന്തു സഹായിക്കും? ഒറ്റ വാക്കിൽ പറഞ്ഞാൽ സൗമ്യത. സൗമ്യനായ ഒരു വ്യക്തി തന്നെ ആരെങ്കിലും ദേഷ്യംപിടിപ്പിക്കുമ്പോഴോ എന്തു മറുപടി പറയണമെന്ന് അറിയാത്തപ്പോഴോ ഒക്കെ ശാന്തനായി തുടരും. (സുഭാ. 16:32) പറയുന്നതുപോലെ അതത്ര എളുപ്പമല്ലെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നമുക്കു സൗമ്യത വളർത്തിയെടുക്കാനാകും. അത് എങ്ങനെ ചെയ്യാം? നിങ്ങളുടെ വിശ്വാസങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ എങ്ങനെ സൗമ്യമായി പ്രതികരിക്കാം? ഇനി, തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് സൗമ്യമായി മറുപടി പറയാൻ മാതാപിതാക്കൾക്ക് എങ്ങനെ മക്കളെ സഹായിക്കാം? നമുക്കു നോക്കാം.
സൗമ്യത എങ്ങനെ വളർത്തിയെടുക്കാം?
3. സൗമ്യരായ വ്യക്തികൾ ദുർബലരല്ല, കരുത്തരാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (2 തിമൊഥെയൊസ് 2:24, 25)
3 സൗമ്യരായ വ്യക്തികൾ ദുർബലരല്ല കരുത്തരാണ്. കാരണം നല്ല ഉൾക്കരുത്തുള്ളവർക്കേ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും ശാന്തരായി നിൽക്കാനാകൂ. “സൗമ്യത” എന്നതു ‘ദൈവാത്മാവിന്റെ ഫലത്തിന്റെ’ ഒരു വശമാണ്. (ഗലാ. 5:22, 23) ഈ ഗുണത്തെക്കുറിച്ച് പറയാൻ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ചിലപ്പോഴൊക്കെ മെരുക്കിയെടുത്ത കാട്ടുകുതിരയെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു കാട്ടുകുതിരയെക്കുറിച്ച് ചിന്തിക്കുക. അത് ഇപ്പോൾ ശാന്തനായി നിൽക്കുന്നുണ്ടെങ്കിലും അതിന്റെ കരുത്തിനൊരു കുറവും വന്നിട്ടില്ല. അതുപോലെ നമുക്കും സൗമ്യരായിരിക്കുമ്പോൾത്തന്നെ കരുത്തരായിരിക്കാനുമാകും. എന്നാൽ, നമുക്ക് എങ്ങനെ സൗമ്യത വളർത്തിയെടുക്കാം? അതിനു ചെയ്യാനാകുന്ന ഒരു പ്രധാനകാര്യം, ഈ ഗുണം വളർത്തിയെടുക്കാൻ പരിശുദ്ധാത്മാവിനെ തന്ന് സഹായിക്കണേ എന്നു പ്രാർഥിക്കുക എന്നതാണ്. കാരണം, സ്വന്തം ശക്തിയാൽ നമുക്ക് അതിനു കഴിയില്ല. മനോഹരമായ ഈ ഗുണം വളർത്തിയെടുക്കാൻ നമുക്കു പറ്റുമെന്നാണു പല അനുഭവങ്ങളും തെളിയിക്കുന്നത്. ഉദാഹരണത്തിന്, മറ്റുള്ളവർ പ്രകോപിപ്പിച്ചപ്പോൾ നമ്മുടെ പല സഹോദരങ്ങളും സൗമ്യത കാണിച്ചിട്ടുണ്ട്. സാക്ഷികളെക്കുറിച്ച് നല്ലൊരു അഭിപ്രായമുണ്ടാകാൻ ഇതു പലരെയും സഹായിച്ചിരിക്കുന്നു. (2 തിമൊഥെയൊസ് 2:24, 25 വായിക്കുക.) നിങ്ങൾക്ക് എങ്ങനെ സൗമ്യത എന്ന ഗുണം വളർത്തിയെടുക്കാം?
4. യിസ്ഹാക്കിന്റെ മാതൃകയിൽനിന്ന് സൗമ്യതയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
4 സൗമ്യത കാണിക്കുന്നത് എത്ര നല്ലതാണെന്നു തെളിയിക്കുന്ന പല അനുഭവങ്ങളും ബൈബിളിലുണ്ട്. ഉദാഹരണത്തിന്, യിസ്ഹാക്കിന്റെ കാര്യമെടുക്കുക. യിസ്ഹാക്ക് ഫെലിസ്ത്യ ദേശമായ ഗരാറിൽ താമസിച്ചിരുന്ന സമയത്ത് ഒരു പ്രശ്നം നേരിട്ടു. അദ്ദേഹത്തിന്റെ അപ്പനായ അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം യിസ്ഹാക്കിനോട് അസൂയ തോന്നിയിട്ട് അയൽക്കാർ വന്ന് മണ്ണിട്ട് മൂടി. വഴക്കിട്ട് തന്റെ അവകാശം നേടിയെടുക്കാൻ ശ്രമിക്കുന്നതിനു പകരം അദ്ദേഹം എല്ലാവരെയും കൂട്ടി മറ്റൊരിടത്തേക്കു താമസം മാറുകയും വേറെ കിണറുകൾ കുഴിക്കുകയും ചെയ്തു. (ഉൽപ. 26:12-18) എന്നാൽ ഫെലിസ്ത്യർ വന്ന് അതും തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു. ഇത്രയൊക്കെയായിട്ടും യിസ്ഹാക്ക് സമാധാനത്തോടെതന്നെ ഇടപ്പെട്ടു. (ഉൽപ. 26:19-25) മറ്റുള്ളവർ വഴക്കുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെതന്നെ പെരുമാറിയപ്പോഴും അദ്ദേഹം സൗമ്യത കൈവിട്ടില്ല. എന്താണ് അതിനു യിസ്ഹാക്കിനെ സഹായിച്ചത്? മാതാപിതാക്കളുടെ നല്ല മാതൃക അദ്ദേഹത്തെ ശരിക്കും സ്വാധീനിച്ചിരുന്നു. മറ്റുള്ളവരോടു സമാധാനത്തോടെ ഇടപെടുന്ന അബ്രാഹാമിന്റെ രീതിയും സാറയുടെ ‘ശാന്തതയും സൗമ്യതയും ഉള്ള മനസ്സും’ യിസ്ഹാക്ക് കണ്ടിട്ടുണ്ട് എന്നതിനു സംശയമില്ല.—1 പത്രോ. 3:4-6; ഉൽപ. 21:22-34.
5. സൗമ്യതയുടെ മൂല്യം മക്കളെ പഠിപ്പിക്കാൻ മാതാപിതാക്കൾക്കു കഴിയുമെന്നു തെളിയിക്കുന്ന ഒരു അനുഭവം പറയുക.
5 ക്രിസ്തീയ മാതാപിതാക്കളേ, സൗമ്യത കാണിക്കുന്നത് എത്ര നല്ലതാണെന്നു മക്കളെ പഠിപ്പിക്കാൻ നിങ്ങൾക്കും കഴിയും. 17 വയസ്സുള്ള മാക്സെൻസിന്റെ അനുഭവം നോക്കുക. സ്കൂളിലായിരിക്കുമ്പോഴും സേവനത്തിലായിരിക്കുമ്പോഴും ദേഷ്യക്കാരായ പലരെയും മാക്സെൻസിനു കാണേണ്ടിവന്നിരുന്നു. സൗമ്യത വളർത്തിയെടുക്കാൻ മാതാപിതാക്കൾ ക്ഷമയോടെ അവനെ സഹായിച്ചു. അവർ പറയുന്നു: “മാക്സെൻസിന് ഇപ്പോൾ ഒരു കാര്യം മനസ്സിലായിട്ടുണ്ട്: മറ്റുള്ളവർ ദേഷ്യംപിടിപ്പിക്കുമ്പോൾ തിരിച്ച് ദേഷ്യപ്പെടാനും വഴക്കുണ്ടാക്കാനും എളുപ്പമാണ്; പക്ഷേ, ശാന്തരായി തുടരാനാണു ശരിക്കും കരുത്തുവേണ്ടത്. എന്തായാലും സൗമ്യത കാണിക്കാൻ മാക്സെൻസ് പഠിച്ചു.”
6. സൗമ്യത കാണിക്കുന്നതിൽ മെച്ചപ്പെടാൻ പ്രാർഥന എങ്ങനെ സഹായിക്കും?
6 ആളുകൾ നമ്മളെ ദേഷ്യംപിടിപ്പിക്കുമ്പോൾ നമുക്ക് എന്തു ചെയ്യാം? ഉദാഹരണത്തിന്, യഹോവയെക്കുറിച്ചോ ബൈബിളിനെക്കുറിച്ചോ ആളുകൾ മോശമായി സംസാരിക്കുന്നതുപോലുള്ള സാഹചര്യങ്ങളിൽ. അപ്പോൾ സൗമ്യമായി പ്രതികരിക്കാൻ കഴിയേണ്ടതിന് ദൈവാത്മാവിന്റെ സഹായത്തിനായും ദൈവത്തിൽനിന്നുള്ള ജ്ഞാനത്തിനായും നമ്മൾ പ്രാർഥിക്കണം. എന്നാൽ, നമ്മൾ പ്രതികരിച്ച വിധം അത്ര ശരിയായില്ലെന്നു തോന്നുന്നെങ്കിലോ? ഈ കാര്യത്തെക്കുറിച്ച് നമുക്കു വീണ്ടും യഹോവയോടു പ്രാർഥിക്കാം. കൂടാതെ, അടുത്ത തവണ എങ്ങനെ കുറെക്കൂടി നന്നായി ചെയ്യാമെന്നു ചിന്തിക്കാനും കഴിയും. അപ്പോൾ യഹോവ തന്റെ പരിശുദ്ധാത്മാവിനെ തന്ന് നമ്മളെ സഹായിക്കും. അങ്ങനെ ദേഷ്യം നിയന്ത്രിക്കാനും സൗമ്യത കാണിക്കാനും നമുക്കാകും.
7. തിരുവെഴുത്തുകൾ ഓർത്തിരിക്കുന്നതു സൗമ്യത കാണിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ? (സുഭാഷിതങ്ങൾ 15:1, 18)
7 സൗമ്യമായി സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നുന്ന സാഹചര്യങ്ങളിൽ തിരുവെഴുത്തുകൾക്കു നമ്മളെ സഹായിക്കാനാകും. (യോഹ. 14:26) ഉദാഹരണത്തിന്, സുഭാഷിതങ്ങൾ എന്ന പുസ്തകത്തിൽ സൗമ്യരായിരിക്കാൻ സഹായിക്കുന്ന ചില തത്ത്വങ്ങൾ കാണാം. ഇനി, ദേഷ്യം തോന്നാവുന്ന സാഹചര്യങ്ങളിൽ ശാന്തരായിരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. (സുഭാഷിതങ്ങൾ 15:1, 18 വായിക്കുക.) അത്തരം വാക്യങ്ങൾ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരാൻ പരിശുദ്ധാത്മാവിനാകും.—സുഭാ. 10:19; 17:27; 21:23; 25:15.
ഉൾക്കാഴ്ച സഹായിക്കുന്നത് എങ്ങനെ?
8. നമ്മുടെ വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്യുമ്പോൾ അതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
8 സൗമ്യരായിരിക്കാൻ ഉൾക്കാഴ്ചയുണ്ടായിരിക്കുന്നതും നമ്മളെ സഹായിക്കും. (സുഭാ. 19:11) ഉൾക്കാഴ്ചയുള്ള ഒരു വ്യക്തി, തന്റെ വിശ്വാസങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യുമ്പോൾ ആത്മനിയന്ത്രണം കാണിക്കും. ചില ചോദ്യങ്ങൾ വെള്ളത്തിലെ മഞ്ഞുമലപോലെയാണ്. അതിന്റെ കുറച്ച് ഭാഗമേ കാണാൻ പറ്റുകയുള്ളൂ. കൂടുതൽ ഭാഗവും വെള്ളത്തിനടിയിലായിരിക്കും. അതുപോലെ ആളുകൾ ചോദ്യം ചോദിക്കുമ്പോൾ പലപ്പോഴും ആ ചോദ്യത്തിന്റെ പിന്നിലെ ശരിക്കുള്ള കാരണം നമുക്ക് അറിയാൻ കഴിയണമെന്നില്ല. ഇക്കാര്യം മനസ്സിൽപ്പിടിക്കുന്നതു സൗമ്യമായി മറുപടി പറയാൻ നമ്മളെ സഹായിക്കും.—സുഭാ. 16:23.
9. എഫ്രയീമ്യരോട് ഇടപെട്ടപ്പോൾ ഗിദെയോൻ എങ്ങനെയാണ് ഉൾക്കാഴ്ചയും സൗമ്യതയും കാണിച്ചത്?
9 എഫ്രയീമ്യർ വഴക്കിനു വന്നപ്പോൾ ഗിദെയോൻ എങ്ങനെയാണു പ്രതികരിച്ചതെന്ന് നോക്കുക. മിദ്യാന്യരോടു യുദ്ധത്തിനു പോയ സമയത്ത്, തുടക്കത്തിൽ തങ്ങളെ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു പറഞ്ഞ് എഫ്രയീമ്യർ ഗിദെയോനോടു ദേഷ്യപ്പെട്ടു. അവർക്കു ദേഷ്യം തോന്നിയതിന്റെ ശരിക്കുള്ള കാരണം എന്തായിരുന്നിരിക്കാം? ഒരു അഭിമാനപ്രശ്നമായി അവർ അതിനെ കണ്ടിരിക്കുമോ? എന്തായിരുന്നാലും അവർ അങ്ങനെ പ്രതികരിക്കാനുള്ള കാരണം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് ഗിദെയോൻ ഉൾക്കാഴ്ച കാണിച്ചു. അവരോടു സൗമ്യമായി മറുപടി പറയുകയും ചെയ്തു. അതുകൊണ്ട് എന്തു പ്രയോജനമാണുണ്ടായത്? ഗിദെയോൻ ഈ രീതിയിൽ സംസാരിച്ചപ്പോൾ “അവർ ശാന്തരായി.”—ന്യായാ. 8:1-3.
10. നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവർക്ക് എങ്ങനെ ഉത്തരം കൊടുക്കണമെന്ന് അറിയാൻ എന്തു നമ്മളെ സഹായിക്കും? (1 പത്രോസ് 3:15)
10 നമ്മൾ എന്തിനാണു ബൈബിൾനിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നതെന്ന്, കൂടെ ജോലി ചെയ്യുന്നവരോ പഠിക്കുന്നവരോ ചിലപ്പോൾ ചോദിച്ചേക്കാം. അപ്പോൾ ബൈബിളിന്റെ നിലവാരമാണ് ഏറ്റവും നല്ലതെന്നു നമ്മൾ വിശ്വസിക്കുന്നതിന്റെ കാരണം വിശദീകരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കും. അതേസമയം ആ വ്യക്തിയുടെ അഭിപ്രായത്തെ നമ്മൾ ബഹുമാനിക്കുകയും ചെയ്യും. (1 പത്രോസ് 3:15 വായിക്കുക.) അദ്ദേഹം നമ്മളെ ചോദ്യം ചെയ്യുകയാണെന്നു വിചാരിക്കാതെ അദ്ദേഹത്തിന്റെ ചിന്തകൾ മനസ്സിലാക്കാനുള്ള ഒരു വഴിയായി ആ ചോദ്യങ്ങളെ കാണുക. മറ്റുള്ളവർ നമ്മളോടു ചോദ്യം ചോദിക്കുന്നതിന്റെ കാരണം എന്തുതന്നെയായാലും നമ്മൾ ശാന്തമായി, ദയയോടെ മറുപടി പറയണം. ഇനി, അവർ പരുഷമായോ കളിയാക്കുന്ന രീതിയിലോ ആണു ചോദ്യങ്ങൾ ചോദിക്കുന്നതെങ്കിൽപ്പോലും നമ്മുടെ ലക്ഷ്യം അതുതന്നെയായിരിക്കണം. അങ്ങനെ ചെയ്യുന്നത് തങ്ങളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചേക്കാം.—റോമ. 12:17.
11-12. (എ) ബുദ്ധിമുട്ടിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കുന്നതിനു മുമ്പ് നമ്മൾ എന്തു ചിന്തിക്കണം? (ചിത്രവും കാണുക.) (ബി) മറ്റൊരാളുടെ ചോദ്യം നല്ല ഒരു സംഭാഷണത്തിലേക്ക് എങ്ങനെ നയിച്ചേക്കാം എന്നതിന് ഒരു ഉദാഹരണം പറയുക.
11 നമ്മൾ പിറന്നാൾ ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്ന്, കൂടെ ജോലി ചെയ്യുന്ന ആരെങ്കിലും ചോദിക്കുന്നെന്നിരിക്കട്ടെ. നമുക്ക് എല്ലാവരുടെയുംകൂടെ ചേർന്ന് സന്തോഷിക്കാനുള്ള അനുവാദമില്ലെന്നു ചിന്തിച്ചിട്ടായിരിക്കുമോ അദ്ദേഹം അതു ചോദിച്ചത്. അതോ നമ്മുടെ ഈ നിലപാട് ജോലിക്കാർക്കിടയിൽ ഐക്യത്തിനു തടസ്സമാകുമെന്നു കരുതിയിട്ടാണോ? അതെന്തായാലും ആദ്യംതന്നെ, കൂടെ ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ ഇത്രമാത്രം താത്പര്യമുള്ളതിൽ നമുക്ക് അദ്ദേഹത്തെ അഭിനന്ദിക്കാം. കൂടാതെ ജോലിസ്ഥലത്ത് സന്തോഷമുള്ളൊരു അന്തരീക്ഷമുണ്ടായിരിക്കാനാണു നമ്മളും ആഗ്രഹിക്കുന്നതെന്ന കാര്യവും പറയാം. അതുവഴി പിറന്നാൾ ആഘോഷിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹത്തോടു തുറന്ന് സംസാരിക്കാൻ നമുക്ക് ഒരു അവസരം കിട്ടിയേക്കും.
12 മറ്റു ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോഴും നമുക്ക് ഇങ്ങനെതന്നെ ചെയ്യാനായേക്കും. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ സ്വവർഗരതിയെക്കുറിച്ചുള്ള തങ്ങളുടെ നിലപാടു മാറ്റണമെന്ന്, കൂടെ പഠിക്കുന്ന ആരെങ്കിലും പറഞ്ഞേക്കാം. ഈ വിഷയത്തെക്കുറിച്ച് നമ്മൾ വിശ്വസിക്കുന്നത് എന്താണെന്നു ശരിക്കും അറിയില്ലാത്തതുകൊണ്ടായിരിക്കുമോ അദ്ദേഹം അങ്ങനെ പറഞ്ഞത്. അതോ അദ്ദേഹത്തിനു സ്വവർഗാനുരാഗിയായ ഒരു ബന്ധുവോ സുഹൃത്തോ ഉള്ളതുകൊണ്ടായിരിക്കുമോ? അതുമല്ലെങ്കിൽ സ്വവർഗാനുരാഗികളായ ആളുകളോടു നമുക്കു വെറുപ്പാണെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടാകുമോ? ഇങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ എല്ലാവരെയും സ്നേഹിക്കുന്നെന്നും സ്വന്തമായി തീരുമാനമെടുക്കാനുള്ള ഓരോരുത്തരുടെയും അവകാശത്തെ മാനിക്കുന്നെന്നും ആ സഹപാഠിക്ക് ഉറപ്പുകൊടുക്കേണ്ടി വന്നേക്കാം. b (1 പത്രോ. 2:17) അങ്ങനെ ചെയ്താൽ ഈ വിഷയത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നും അത് അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണെന്നും അദ്ദേഹത്തോടു വിശദീകരിക്കാൻ നമുക്ക് അവസരം കിട്ടിയേക്കും.
13. ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തെ പരിഹസിക്കുന്ന ഒരാളെ നമുക്ക് എങ്ങനെ സഹായിക്കാനായേക്കും?
13 ആരെങ്കിലും നമ്മളോടു ശക്തമായി വാദിക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്തകൾ നമുക്കു ശരിക്കും മനസ്സിലായെന്നു പെട്ടെന്നു നിഗമനത്തിലെത്തരുത്. (തീത്തോ. 3:2) ഉദാഹരണത്തിന്, കൂടെ പഠിക്കുന്ന ആരെങ്കിലും ദൈവത്തിൽ വിശ്വസിക്കുന്നത് ഒരു മണ്ടത്തരമാണെന്നു പറയുന്നുവെന്നിരിക്കട്ടെ. ആ കുട്ടി പരിണാമത്തിൽ ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും അതെക്കുറിച്ച് അവന് ഒരുപാടു കാര്യങ്ങൾ അറിയാമെന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ടോ? ചിലപ്പോൾ എവിടെനിന്നെങ്കിലും കേട്ട കാര്യങ്ങൾ അവൻ വെറുതേ ആവർത്തിക്കുന്നതായിരിക്കാം. അതുകൊണ്ട്, പെട്ടെന്നുതന്നെ പരിണാമം തെറ്റാണെന്നു തെളിയിക്കാൻ ശ്രമിക്കുന്നതിനു പകരം അതെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന ഒരു ലേഖനം കൊടുക്കാനോ ഒരു ചോദ്യം ചോദിക്കാനോ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്. JW.ORG-ൽ സൃഷ്ടിയെക്കുറിച്ച് പറയുന്ന വിവരങ്ങളുടെ ഒരു ലിങ്ക് ഒരുപക്ഷേ അയച്ച് കൊടുക്കാനാകും. ചിലപ്പോൾ പിന്നീട് ആ കുട്ടി അതിലുള്ള ഏതെങ്കിലും ലേഖനത്തെക്കുറിച്ചോ വീഡിയോയെക്കുറിച്ചോ സംസാരിക്കാൻ തയ്യാറായേക്കാം. ഈ വിധത്തിൽ ആദരവോടെ നമ്മൾ പ്രതികരിക്കുമ്പോൾ സൃഷ്ടിയെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു കൂടുതലായി മനസ്സിലാക്കാൻ മറ്റുള്ളവർ ആഗ്രഹിച്ചേക്കും.
14. യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറാൻ ഒരു കുട്ടിയെ സഹായിക്കുന്നതിനു നീൽ എങ്ങനെയാണു നമ്മുടെ വെബ്സൈറ്റ് ഉപയോഗിച്ചത്?
14 യഹോവയുടെ സാക്ഷികളെക്കുറിച്ച് ആളുകൾ പറയുന്ന പലതും ശരിയല്ലെന്നു തെളിയിക്കാൻവേണ്ടി നീൽ എന്ന ചെറുപ്പക്കാരൻ ഒരിക്കൽ നമ്മുടെ വെബ്സൈറ്റ് ഉപയോഗിച്ചു. നീൽ പറയുന്നു: “ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നില്ലെന്ന് എന്റെകൂടെ പഠിക്കുന്ന ഒരു കുട്ടി എപ്പോഴും പറയുമായിരുന്നു. കാരണം വസ്തുതകൾ അംഗീകരിക്കുന്നതിനു പകരം കുറെ കെട്ടുകഥകളുള്ള ഒരു പുസ്തകത്തിലാണു ഞാൻ വിശ്വസിക്കുന്നത് എന്നായിരുന്നു അവന്റെ വാദം.” എന്നാൽ, വിശ്വാസങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആ കുട്ടി അനുവദിക്കാതിരുന്നതുകൊണ്ട് നീൽ, jw.org-ലെ “ശാസ്ത്രവും ബൈബിളും” എന്ന ഭാഗം അവനു കാണിച്ചുകൊടുത്തു. അവൻ അതിലെ ചില വിവരങ്ങൾ വായിച്ചെന്നു പിന്നീട് നീലിനു മനസ്സിലായി. “ജീവൻ എങ്ങനെ ഉണ്ടായി” എന്ന വിഷയത്തെക്കുറിച്ച് അവനുമായി ചർച്ച ചെയ്യാനും കഴിഞ്ഞു. നിങ്ങൾക്കും ചിലപ്പോൾ ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ടാകും.
കുടുംബം ഒരുമിച്ച് തയ്യാറാകുക
15. സ്കൂളിൽ തങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരോടു സൗമ്യമായി മറുപടി പറയാൻ മക്കളെ മാതാപിതാക്കൾക്ക് എങ്ങനെ സഹായിക്കാം?
15 തങ്ങളുടെ വിശ്വാസങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യുമ്പോൾ എങ്ങനെ സൗമ്യമായി മറുപടി പറയാമെന്നു മാതാപിതാക്കൾക്ക് മക്കളെ നന്നായി പരിശീലിപ്പിക്കാനാകും. (യാക്കോ. 3:13) പല മാതാപിതാക്കളും അതിനുവേണ്ടി കുടുംബാരാധനയുടെ സമയത്ത് മക്കളോടൊപ്പം അതു പറഞ്ഞുനോക്കാറുണ്ട്. എങ്ങനെയാണ് അവർ അതു ചെയ്യുന്നത്? സ്കൂളിൽ ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങൾ ഏതൊക്കെയാണെന്ന് അവർ ചിന്തിക്കും. അതിന് എന്ത് ഉത്തരം കൊടുക്കാമെന്നും ചർച്ച ചെയ്യും. മറ്റുള്ളവർക്കു വിഷമമുണ്ടാക്കാത്ത രീതിയിൽ സൗമ്യമായി എങ്ങനെ ഉത്തരം കൊടുക്കാമെന്നും മക്കളെ പഠിപ്പിക്കും. എന്നിട്ട് അവർ അതു ചെയ്ത് പരിശീലിക്കും.—“ കുടുംബം ഒരുമിച്ച് പരിശീലിക്കാൻ . . . ” എന്ന ചതുരം കാണുക.
16-17. ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം കൊടുക്കാമെന്നു പരിശീലിക്കുന്നതു ചെറുപ്പക്കാരെ എങ്ങനെ സഹായിക്കും?
16 കുടുംബം ഒരുമിച്ച് ഇങ്ങനെ പരിശീലിച്ചുനോക്കുന്നതു തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് സ്വയം ബോധ്യംവരാനും മറ്റുള്ളവരോട് അതു നന്നായി വിശദീകരിച്ചുകൊടുക്കാനും കുട്ടികളെ സഹായിക്കും. JW.ORG-ലെ “യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽ കൗമാരക്കാർക്കുവേണ്ടിയുള്ള അഭ്യാസങ്ങളുണ്ട്. അവരുടെതന്നെ വിശ്വാസങ്ങൾ ബലപ്പെടുത്താനും സ്വന്തം വാചകത്തിൽ ഉത്തരം പറയാൻ തയ്യാറാകാനും അവരെ സഹായിക്കാനുള്ള ഉദ്ദേശ്യത്തിൽ തയ്യാറാക്കിയിരിക്കുന്നവയാണ് അവ. കുടുംബം ഒരുമിച്ച് ഇതെല്ലാം ചർച്ച ചെയ്യുന്നതിലൂടെ നമ്മുടെ വിശ്വാസത്തെക്കുറിച്ച് സൗമ്യമായി എങ്ങനെ സംസാരിക്കാമെന്നു നമുക്കെല്ലാം പഠിക്കാനാകും.
17 ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരം കൊടുക്കാമെന്നു പരിശീലിച്ച് നോക്കിയത്, തന്നെ എങ്ങനെ സഹായിച്ചെന്ന് മാത്യു എന്ന ചെറുപ്പക്കാരൻ പറയുന്നു. ക്ലാസിൽ മറ്റുള്ളവർ ചോദിച്ചേക്കാവുന്ന ചില ചോദ്യങ്ങളെക്കുറിച്ച് പലപ്പോഴും കുടുംബാരാധനയുടെ സമയത്ത് മാത്യുവും മാതാപിതാക്കളും ഒരുമിച്ച് പഠിക്കുമായിരുന്നു. മാത്യു പറയുന്നു: “ഉണ്ടായേക്കാവുന്ന ചില സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കും. എന്നിട്ട്, ഞങ്ങൾ കണ്ടെത്തിയ വിവരങ്ങൾ ഉപയോഗിച്ച് അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നു പരിശീലിച്ചുനോക്കും. എന്റെ വിശ്വാസത്തെക്കുറിച്ച് എനിക്കുതന്നെ നല്ല ബോധ്യമുള്ളപ്പോൾ എന്റെ ആത്മവിശ്വാസം കൂടുന്നു. അതു മാത്രമല്ല, മറ്റുള്ളവരോടു സൗമ്യമായി സംസാരിക്കാനും എനിക്ക് എളുപ്പമാണ്.”
18. കൊലോസ്യർ 4:6 എന്തു ചെയ്യുന്നതു പ്രധാനമാണെന്നു പറയുന്നു?
18 നമ്മൾ കാര്യങ്ങൾ വ്യക്തമായി വിശദീകരിച്ചുകൊടുക്കുന്നതുകൊണ്ട് മാത്രം ആളുകൾ നമ്മൾ പറയുന്നത് അംഗീകരിക്കണമെന്നില്ല. പക്ഷേ, നയത്തോടെ സൗമ്യമായി കാര്യങ്ങൾ സംസാരിക്കുന്നതു ഗുണം ചെയ്യും. (കൊലോസ്യർ 4:6 വായിക്കുക.) നമ്മുടെ വിശ്വാസത്തെക്കുറിച്ച് ഒരാളോടു സംസാരിക്കുന്നതു ആ വ്യക്തിക്ക് ഒരു പന്ത് എറിഞ്ഞ് കൊടുക്കുന്നതുപോലെയാണെന്നു പറയാം. നമുക്ക് ആ പന്ത് പതിയെ ഇട്ടുകൊടുക്കാം. അല്ലെങ്കിൽ അയാളുടെ നേരെ ശക്തമായി വലിച്ചെറിയാം. നമ്മൾ അതു പതുക്കെയാണ് ഇട്ടുകൊടുക്കുന്നതെങ്കിൽ ആ വ്യക്തിക്ക് അത് എളുപ്പത്തിൽ പിടിക്കാനും കളി മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞേക്കും. ഇതുപോലെതന്നെ നമ്മൾ നയത്തോടെ സൗമ്യമായി സംസാരിച്ചാൽ മറ്റുള്ളവർ അതു ശ്രദ്ധിക്കാനും സംഭാഷണം തുടരാനും സാധ്യത കൂടുതലാണ്. എന്നാൽ, വെറുതേ തർക്കിച്ച് ജയിക്കാനോ നമ്മുടെ വിശ്വാസത്തെ കളിയാക്കാനോ ആണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കിൽ നമ്മൾ ആ ചർച്ച മുന്നോട്ടു കൊണ്ടുപോകേണ്ടതില്ല. (സുഭാ. 26:4) പക്ഷേ, കുറച്ച് പേരേ അങ്ങനെയായിരിക്കൂ. മിക്കവരും നമ്മളെ ശ്രദ്ധിക്കാനാണു സാധ്യത.
19. വിശ്വാസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സൗമ്യമായി പ്രതികരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാമാണ്?
19 സൗമ്യരായിരിക്കുന്നതുകൊണ്ട് തീർച്ചയായും ഒരുപാടു പ്രയോജനങ്ങളുണ്ട്. സൗമ്യമായി പ്രതികരിക്കുന്നെങ്കിൽ അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറുന്നതു തടയാനാകും. മാത്രമല്ല, ശാന്തമായി ആദരവോടെ മറുപടി പറയുമ്പോൾ നമ്മളെക്കുറിച്ചും ബൈബിൾസത്യങ്ങളെക്കുറിച്ചും ഉള്ള തങ്ങളുടെ ചിന്തയ്ക്കു മാറ്റം വരുത്താൻ ചിലരെങ്കിലും തയ്യാറായേക്കും. അതുകൊണ്ട് ബുദ്ധിമുട്ടുള്ള ചോദ്യങ്ങളോ വിമർശനങ്ങളോ നേരിടേണ്ടി വരുമ്പോൾ സൗമ്യമായി പ്രതികരിക്കാനുള്ള ശക്തിക്കായി യഹോവയോടു പ്രാർഥിക്കാം. നമ്മുടെ വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്ന എല്ലാവർക്കും ‘സൗമ്യമായി ആഴമായ ബഹുമാനത്തോടെ മറുപടി കൊടുക്കാൻ നമുക്ക് എപ്പോഴും ഒരുങ്ങിയിരിക്കാം.’ (1 പത്രോ. 3:15) അതുകൊണ്ട്, സൗമ്യതയെ നിങ്ങളുടെ കരുത്താക്കി മാറ്റുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
a വിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും നമ്മളെ ചോദ്യം ചെയ്യാനോ ദേഷ്യംപിടിപ്പിക്കാനോ ശ്രമിച്ചാൽ എങ്ങനെ സൗമ്യമായി മറുപടി പറയാമെന്ന് ഈ ലേഖനം വിശദീകരിക്കും.
b ചില പ്രായോഗികനിർദേശങ്ങൾക്കായി 2016 നമ്പർ 3 ഉണരുക!-യിലെ “സ്വവർഗലൈംഗികത—ബൈബിൾ എന്തു പറയുന്നു?” എന്ന ലേഖനം കാണുക.
c JW.ORG-ലെ “യുവജനങ്ങൾ ചോദിക്കുന്നു,” “യഹോവയുടെ സാക്ഷികളെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ” എന്നീ ലേഖന പരമ്പരകളിൽ നിങ്ങളെ സഹായിക്കുന്ന ചില നിർദേശങ്ങൾ കാണാനാകും.