നിങ്ങൾക്ക് അറിയാമോ?
ഇസ്രായേല്യരല്ലാത്തവർ ദാവീദിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നത് എന്തുകൊണ്ട്?
ദാവീദിന്റെ സൈന്യത്തിലെ വിദേശികളായ ചില യോദ്ധാക്കളായിരുന്നു അമ്മോന്യനായ സേലെക്ക്, ഹിത്യനായ ഊരിയാവ്, മോവാബ്യനായ യിത്മ. a (1 ദിന. 11:39, 41, 46) അതുപോലെ “കെരാത്യരും പ്ലേത്യരും . . . ഗിത്ത്യരും” ദാവീദിന്റെ സേനയിലുണ്ടായിരുന്നു. (2 ശമു. 15:18) കെരാത്യരും പ്ലേത്യരും, ഫെലിസ്ത്യരുമായി അടുത്ത ബന്ധമുള്ള വിഭാഗങ്ങളാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. (യഹ. 25:16) ഗിത്ത്യരാകട്ടെ ഫെലിസ്ത്യനഗരമായ ഗത്തിൽനിന്നുള്ളവരും.—യോശു. 13:2, 3; 1 ശമു. 6:17, 18.
ദാവീദ് എന്തുകൊണ്ടാണ് ഇസ്രായേല്യരല്ലാത്തവരെ തന്റെ സൈന്യത്തിൽ ഉൾപ്പെടുത്തിയത്? കാരണം അവർ തന്നോടും, അതിലും പ്രധാനമായി യഹോവയോടും വിശ്വസ്തരാണെന്നു ദാവീദിന് ഉറപ്പുണ്ടായിരുന്നു. ഉദാഹരണത്തിന്, കെരാത്യരെയും പ്ലേത്യരെയും കുറിച്ച് ഒരു ബൈബിൾനിഘണ്ടു ഇങ്ങനെയാണു പറയുന്നത്: “ദാവീദിന്റെ ഭരണകാലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ അവർ ദാവീദിനോടു വിശ്വസ്തരായിരുന്നു.” അതിന്റെ ചില ഉദാഹരണങ്ങൾ നോക്കുക: “ഇസ്രായേൽപുരുഷന്മാരെല്ലാം” ദാവീദ് രാജാവിനെ തള്ളിക്കളഞ്ഞ് “ഒരു കുഴപ്പക്കാരനായിരുന്ന” ശേബയുടെ പുറകേ പോയപ്പോൾ കെരാത്യരും പ്ലേത്യരും ദാവീദിനോടു പറ്റിനിന്നു. ശേബയെ കീഴടക്കാനും സഹായിച്ചു. (2 ശമു. 20:1, 2, 7) മറ്റൊരു അവസരത്തിൽ ദാവീദ് രാജാവിന്റെ മകനായ അദോനിയ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചു. അപ്പോഴും കെരാത്യരും പ്ലേത്യരും ദാവീദിനോടു വിശ്വസ്തരായിനിന്നു. അനന്തരാവകാശിയായി യഹോവ തിരഞ്ഞെടുത്ത ശലോമോനെ രാജാവായി വാഴിക്കാൻ സഹായിക്കുകയും ചെയ്തു.—1 രാജാ. 1:24-27, 38, 39.
ദാവീദിനോടു വിശ്വസ്തമായി പറ്റിനിന്ന വേറൊരു വിദേശിയാണ് ഗിത്ത്യനായ ഇഥായി. ഒരിക്കൽ ദാവീദിന്റെ മകനായ അബ്ശാലോം അദ്ദേഹത്തിനെതിരെ മത്സരിക്കുകയും ഇസ്രായേല്യരെ തന്റെ പക്ഷത്താക്കുകയും ചെയ്തു. ആ സമയത്ത് ഇഥായിയും അദ്ദേഹത്തിന്റെ 600 യോദ്ധാക്കളും ദാവീദ് രാജാവിനെ പിന്തുണച്ചു. ഒരു വിദേശിയായതുകൊണ്ട് ഇഥായി തനിക്കുവേണ്ടി യുദ്ധം ചെയ്യേണ്ടതില്ലെന്നു ദാവീദ് അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ ഇഥായിയുടെ മറുപടി എന്തായിരുന്നെന്നോ? “യഹോവയാണെ, യജമാനനായ രാജാവാണെ, മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും ശരി, യജമാനനായ രാജാവ് എവിടെയോ അവിടെ അങ്ങയുടെ ഈ ദാസനുമുണ്ടായിരിക്കും!”—2 ശമു. 15:6, 18-21.
കെരാത്യരും പ്ലേത്യരും ഗിത്ത്യരും വിദേശികളായിരുന്നെങ്കിലും അവർ യഹോവ സത്യദൈവം ആണെന്നും ദാവീദ് യഹോവയുടെ അഭിഷിക്തനാണെന്നും തിരിച്ചറിഞ്ഞ് പ്രവർത്തിച്ചു. വിശ്വസ്തരായ അത്തരം ആളുകൾ തന്റെ കൂടെയുണ്ടല്ലോ എന്ന് ഓർത്ത് ദാവീദിന് എത്ര സന്തോഷവും നന്ദിയും തോന്നിക്കാണും!
a അമ്മോന്യരും മോവാബ്യരും ഇസ്രായേലിന്റെ സഭയിൽ പ്രവേശിക്കുന്നതിനെ ആവർത്തനം 23:3-6-ൽ ദൈവനിയമം വിലക്കിയിരുന്നു. എന്നാൽ ഇതു സൂചിപ്പിക്കുന്നത് ഇസ്രായേല്യരുടെ നിയമപരമായ എല്ലാ അവകാശങ്ങളും സഹിതം അവിടത്തെ പൗരന്മാർ ആകാൻ ഇവർക്കു കഴിയില്ല എന്നായിരിക്കാം. എങ്കിലും അമ്മോന്യർക്കും മോവാബ്യർക്കും ദൈവജനവുമായി സഹവസിക്കാനും അവരുടെ ഇടയിൽ താമസിക്കാനും കഴിയുമായിരുന്നു. തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച വാല്യം 1 (ഇംഗ്ലീഷ്), പേജ് 95 കാണുക.