വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവി​ത​കഥ

എന്റെ ബലഹീ​ന​ത​ക​ളിൽ ദൈവ​ത്തി​ന്റെ ശക്തി മഹത്ത്വ​പ്പെ​ടു​ന്നു

എന്റെ ബലഹീ​ന​ത​ക​ളിൽ ദൈവ​ത്തി​ന്റെ ശക്തി മഹത്ത്വ​പ്പെ​ടു​ന്നു

ഞാനും ഭാര്യ​യും 1985-ൽ കൊളം​ബി​യ​യിൽ എത്തിയ​പ്പോൾ ആ രാജ്യം അങ്ങേയറ്റം അക്രമം നിറഞ്ഞ ഒരിട​മാ​യി മാറി​യി​രു​ന്നു. നഗരങ്ങ​ളിൽ ശക്തരായ മയക്കു​മ​രു​ന്നു മാഫി​യ​ക​ളോ​ടാണ്‌ ഗവൺമെ​ന്റിന്‌ പോരാ​ടേ​ണ്ടി​യി​രു​ന്ന​തെ​ങ്കിൽ പർവത​ങ്ങ​ളിൽ ഒളി​പ്പോ​രാ​ളി​ക​ളാ​യി​രു​ന്നു ശത്രുക്കൾ. പിന്നീട്‌ ഞങ്ങൾ പോയ മെദലിൻ തെരു​വു​കൾ ചെറു​പ്പ​ക്കാ​രായ ഗുണ്ടാ​സം​ഘ​ങ്ങ​ളു​ടെ വിഹാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു. അവർ മയക്കു​മ​രു​ന്നു വിൽക്കു​ക​യും ഗുണ്ടാ​പി​രിവ്‌ നടത്തു​ക​യും ചെയ്യു​മാ​യി​രു​ന്നു; വാടക കൊല​യാ​ളി​ക​ളാ​യും പ്രവർത്തി​ച്ചി​രു​ന്നു. അവർക്ക്‌ ആർക്കും അധികം ആയുസ്സു​ണ്ടാ​യി​രു​ന്നില്ല. ശരിക്കും മറ്റൊരു ലോകത്ത്‌ ചെന്നതു​പോ​ലെ​യാണ്‌ ഞങ്ങൾക്കു തോന്നി​യത്‌.

ഭൂഗോ​ള​ത്തി​ന്റെ വടക്കേ അറ്റത്തുള്ള ഫിൻലൻഡി​ലെ സാധാ​ര​ണ​ക്കാ​രായ രണ്ടു പേർ എങ്ങനെ​യാണ്‌ തെക്കേ അമേരി​ക്ക​യിൽ എത്തിയത്‌? കഴിഞ്ഞു​പോയ വർഷങ്ങ​ളിൽ ഞാൻ എന്തെല്ലാം പാഠങ്ങ​ളാ​ണു പഠിച്ചത്‌?

ഫിൻലൻഡി​ലെ എന്റെ ചെറു​പ്പ​കാ​ലം

മൂന്നു മക്കളിൽ ഇളയവ​നാ​യി 1955-ലാണു ഞാൻ ജനിച്ചത്‌. ഇപ്പോൾ വാന്റാ എന്ന്‌ അറിയ​പ്പെ​ടുന്ന ഫിൻലൻഡി​ന്റെ തെക്കേ തീരത്തിന്‌ അടുത്തുള്ള ഒരു സ്ഥലത്താണു ഞാൻ വളർന്നു​വ​ന്നത്‌.

ഞാൻ ജനിക്കു​ന്ന​തി​നു കുറച്ച്‌ വർഷങ്ങൾക്കു​മുമ്പ്‌ എന്റെ അമ്മ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​പ്പെ​ട്ടി​രു​ന്നു. എന്റെ പപ്പയ്‌ക്കു പക്ഷേ എതിർപ്പാ​യി​രു​ന്നു. മക്കളായ ഞങ്ങളെ ബൈബിൾ പഠിപ്പി​ക്കാ​നോ മീറ്റി​ങ്ങി​നു കൊണ്ടു​പോ​കാ​നോ ഒന്നും അമ്മയെ സമ്മതി​ക്കി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ പപ്പ അടുത്തി​ല്ലാത്ത സമയം നോക്കി​യാണ്‌ അമ്മ ഞങ്ങളെ ബൈബി​ളി​ലെ അടിസ്ഥാ​ന​സ​ത്യ​ങ്ങൾ പഠിപ്പി​ച്ചി​രു​ന്നത്‌.

ഏഴാമത്തെ വയസ്സിൽ ഞാൻ യഹോ​വ​യ്‌ക്കു​വേണ്ടി ഒരു നിലപാട്‌ എടുത്തു

കുട്ടി​ക്കാ​ലം​മു​തലേ എപ്പോ​ഴും യഹോ​വയെ അനുസ​രി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. ഒരു സംഭവം പറയാം. ഫിൻലൻഡി​ലെ ഒരു വിഭവ​മാണ്‌ വെരി​ലാ​റ്റിയ, അതായത്‌ രക്തം ചേർത്ത്‌ ഉണ്ടാക്കുന്ന പാൻകേ​ക്കു​കൾ. എനിക്ക്‌ ഏഴു വയസ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ ഒരു ദിവസം, അതു കഴിക്കാ​തി​രു​ന്ന​തിന്‌ ടീച്ചർ എന്നോടു വല്ലാതെ ദേഷ്യ​പ്പെട്ടു. അവർ ഒരു കൈ​കൊണ്ട്‌ എന്റെ രണ്ടു കവിളി​ലും ഞെക്കി എന്റെ വായ്‌ തുറപ്പി​ച്ചിട്ട്‌ മറ്റേ കൈ​കൊണ്ട്‌ ഒരു ഫോർക്ക്‌ ഉപയോ​ഗിച്ച്‌ എന്റെ വായി​ലേക്ക്‌ ആ പാൻകേ​ക്കി​ന്റെ ഒരു കഷണം കുത്തി​ക്ക​യ​റ്റാൻ ശ്രമിച്ചു. എന്തായാ​ലും ആ ഫോർക്ക്‌ തട്ടി കളയാൻ എനിക്കാ​യി.

എനിക്ക്‌ 12 വയസ്സു​ള്ള​പ്പോൾ പപ്പ മരിച്ചു​പോ​യി. അതിനു ശേഷം എനിക്കു മീറ്റി​ങ്ങു​കൾക്കു പോകാൻ കഴിഞ്ഞു. സഭയിലെ സഹോ​ദ​രങ്ങൾ എന്റെ കാര്യ​ത്തിൽ നല്ല ശ്രദ്ധ കാണിച്ചു. അവരുടെ ആ സ്‌നേഹം ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ എനി​ക്കൊ​രു പ്രചോ​ദ​ന​മാ​യി. ഞാൻ ദിവസ​വും ബൈബിൾ വായി​ക്കാ​നും ക്രിസ്‌തീ​യ​പ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ഉത്സാഹ​ത്തോ​ടെ പഠിക്കാ​നും തുടങ്ങി. നല്ല പഠനശീ​ലങ്ങൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ 14-മത്തെ വയസ്സിൽ ഞാൻ സ്‌നാ​ന​പ്പെട്ടു, 1969 ആഗസ്റ്റ്‌ 8-ന്‌.

സ്‌കൂൾപ​ഠ​നം കഴിഞ്ഞ ഉടനെ​തന്നെ ഞാൻ സാധാരണ മുൻനി​ര​സേ​വനം ആരംഭി​ച്ചു. കുറച്ച്‌ ആഴ്‌ചകൾ കഴിഞ്ഞ്‌ പ്രചാ​ര​ക​രു​ടെ ആവശ്യം അധിക​മുള്ള ഫിൻലൻഡി​ന്റെ മധ്യഭാ​ഗത്തെ പെല​വേ​സി​യി​ലേക്കു ഞാൻ മാറി.

പെല​വേ​സി​യിൽവെച്ച്‌ സിർക്ക എന്നു പേരുള്ള ഒരു പെൺകു​ട്ടി​യെ ഞാൻ കണ്ടു. നല്ല വിനയ​വും ആത്മീയ​ത​യും ഉള്ള ഒരു പെൺകു​ട്ടി. മറ്റുള്ള​വ​രു​ടെ മുമ്പിൽ തിളങ്ങി നിൽക്ക​ണ​മെ​ന്നോ സുഖസൗ​ക​ര്യ​ങ്ങൾ വേണ​മെ​ന്നോ ഒന്നും അവൾക്കി​ല്ലാ​യി​രു​ന്നു. എനിക്ക്‌ അവളോട്‌ ഒരു അടുപ്പം തോന്നി. എന്തു നിയമ​ന​മാ​യാ​ലും കഴിവി​ന്റെ പരമാ​വധി യഹോ​വയെ സേവി​ക്കുക എന്നതാ​യി​രു​ന്നു ഞങ്ങളുടെ രണ്ടു പേരു​ടെ​യും ആഗ്രഹം. അങ്ങനെ 1974 മാർച്ച്‌ 23-ന്‌ ഞങ്ങൾ വിവാ​ഹി​ത​രാ​യി. ഹണിമൂ​ണി​നു പോകു​ന്ന​തി​നു പകരം ഫിൻലൻഡി​ലെ ഒരു ചെറിയ ടൗണായ കാർട്ടു​ള​യി​ലേ​ക്കാ​ണു ഞങ്ങൾ പോയത്‌. പെല​വേ​സി​യെ​ക്കാൾ രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള ഒരു സ്ഥലമാ​യി​രു​ന്നു അത്‌.

ഫിൻല​ഡി​ലെ കാർട്ടു​ള​യിൽ ഞങ്ങൾ വാടക​യ്‌ക്കെ​ടുത്ത വീട്‌

യഹോവ ഞങ്ങൾക്കാ​യി കരുതി

ചേട്ടൻ ഞങ്ങൾക്കു തന്നിട്ടു​പോയ കാർ

ദൈവ​രാ​ജ്യം ഒന്നാമ​തു​വെ​ച്ചാൽ ഞങ്ങളുടെ ആവശ്യ​ങ്ങ​ളെ​ല്ലാം നടത്തി​ത്ത​രു​മെന്നു വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ തുടക്കം​മു​തൽ യഹോവ ഞങ്ങൾക്കു കാണി​ച്ചു​തന്നു. (മത്താ. 6:33) ഉദാഹ​ര​ണ​ത്തിന്‌, കാർട്ടു​ള​യി​ലാ​യി​രുന്ന സമയത്ത്‌ ഞങ്ങൾക്കു കാറി​ല്ലാ​യി​രു​ന്നു. ആദ്യ​മൊ​ക്കെ സൈക്കി​ളി​ലാ​യി​രു​ന്നു ഞങ്ങളുടെ യാത്ര. എന്നാൽ, ശൈത്യ​കാ​ലത്ത്‌ അതു പറ്റില്ല. കാരണം, താപനില പൂജ്യ​ത്തി​നു താഴെ​വരെ പോകും. അത്ര തണുപ്പാ​യി​രു​ന്നു. സഭയുടെ വിശാ​ല​മായ പ്രദേ​ശത്ത്‌ പ്രവർത്തി​ക്കാൻ ഞങ്ങൾക്ക്‌ ഒരു കാറ്‌ അത്യാ​വ​ശ്യ​മാ​യി​രു​ന്നു. പക്ഷേ, ഒരെണ്ണം മേടി​ക്കാ​നുള്ള പണം ഞങ്ങളുടെ കൈയിൽ ഇല്ലായി​രു​ന്നെന്നു മാത്രം.

അങ്ങനെ​യി​രി​ക്കെ, ഒരു ദിവസം ഒട്ടും പ്രതീ​ക്ഷി​ക്കാ​തെ എന്റെ ചേട്ടൻ ഞങ്ങളെ കാണാൻ വന്നു. അദ്ദേഹം, അദ്ദേഹ​ത്തി​ന്റെ കാറ്‌ ഞങ്ങൾക്കു തന്നിട്ടു​പോ​യി. ഇൻഷ്വ​റൻസ്‌ ഒക്കെ കൃത്യ​മാ​യി അടച്ചി​രു​ന്ന​തു​കൊണ്ട്‌ വേറെ ചെല​വൊ​ന്നും ഇല്ലായി​രു​ന്നു. ഇന്ധനം അടിച്ചാൽ മാത്രം മതിയാ​യി​രു​ന്നു. അങ്ങനെ ഞങ്ങൾക്കൊ​രു വണ്ടി കിട്ടി.

ഞങ്ങളുടെ അന്നന്നത്തെ ആവശ്യ​ങ്ങൾക്കാ​യി കരുതാ​നുള്ള ഉത്തരവാ​ദി​ത്വം താൻ ഏറ്റെടു​ത്തെന്ന്‌ യഹോവ ഞങ്ങൾക്കു കാണി​ച്ചു​തന്നു. ഞങ്ങൾ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമ​തു​വെ​ച്ചാൽ മാത്രം മതിയാ​യി​രു​ന്നു.

ഗിലെ​യാദ്‌ സ്‌കൂൾ

1978-ലെ ഞങ്ങളുടെ മുൻനിരസേവനസ്‌കൂൾ

1978-ൽ മുൻനി​ര​സേ​വ​ന​സ്‌കൂ​ളിൽ പങ്കെടു​ത്ത​പ്പോൾ ഞങ്ങളുടെ അധ്യാ​പ​ക​രിൽ ഒരാളായ റൈമോ ക്വോക്കാനെൻ a ഗിലെ​യാദ്‌ സ്‌കൂ​ളിന്‌ അപേക്ഷി​ക്കാൻ ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതിൽ പങ്കെടു​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ ഞങ്ങൾ ഇംഗ്ലീഷ്‌ പഠിച്ച്‌ തുടങ്ങി. എന്നാൽ, ഞങ്ങൾ ഗിലെ​യാദ്‌ സ്‌കൂ​ളിന്‌ അപേക്ഷി​ക്കു​ന്ന​തി​നു മുമ്പ്‌ 1980-ൽ ഫിൻലൻഡി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കാൻ ഞങ്ങളെ ക്ഷണിച്ചു. ആ സമയത്ത്‌ ബഥേൽ അംഗങ്ങൾക്കു ഗിലെ​യാ​ദിന്‌ അപേക്ഷി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. പക്ഷേ ഏറ്റവും നല്ലതെന്നു ഞങ്ങൾക്ക്‌ തോന്നുന്ന വഴിയി​ലൂ​ടെ പോകു​ന്ന​തി​നു പകരം, യഹോ​വ​യ്‌ക്ക്‌ ഏറ്റവും നല്ലതെന്നു തോന്നുന്ന വഴിയി​ലൂ​ടെ പോകാ​നാ​ണു ഞങ്ങൾ ആഗ്രഹി​ച്ചത്‌. അതു​കൊണ്ട്‌ ബ്രാ​ഞ്ചോ​ഫീ​സി​ലേ​ക്കുള്ള ആ ക്ഷണം ഞങ്ങൾ സ്വീക​രി​ച്ചു. എങ്കിലും, ഭാവി​യിൽ എപ്പോ​ഴെ​ങ്കി​ലും ഗിലെ​യാ​ദിൽ പോകാ​നുള്ള അവസരം കിട്ടി​യാ​ലോ എന്ന്‌ ഓർത്ത്‌ ഞങ്ങൾ ഇംഗ്ലീഷ്‌ പഠനം തുടർന്നു.

കുറച്ച്‌ വർഷങ്ങൾക്കു ശേഷം, ബഥേൽ അംഗങ്ങൾക്കും ഗിലെ​യാ​ദിൽ പങ്കെടു​ക്കാ​നുള്ള അവസര​മു​ണ്ടെന്നു ഭരണസം​ഘം അറിയി​ച്ചു. ഞങ്ങൾ പെട്ടെ​ന്നു​തന്നെ അപേക്ഷ കൊടു​ത്തു. അതു പക്ഷേ, ബഥേൽസേ​വനം ഇഷ്ടമി​ല്ലാ​തി​രു​ന്നതു കൊണ്ടല്ല. പകരം യോഗ്യത നേടു​ക​യാ​ണെ​ങ്കിൽ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പോയി സേവി​ക്കാൻ കഴിയു​മ​ല്ലോ എന്നു ഞങ്ങൾ ഓർത്തു, അത്രമാ​ത്രം! ഗിലെ​യാ​ദി​ലേക്കു ഞങ്ങൾക്കു ക്ഷണം കിട്ടി. 1985 സെപ്‌റ്റം​ബ​റിൽ ഗിലെ​യാ​ദി​ന്റെ 79-മത്തെ ക്ലാസിൽനിന്ന്‌ ഞങ്ങൾ ബിരുദം നേടി. കൊളം​ബി​യ​യി​ലേ​ക്കാ​യി​രു​ന്നു നിയമനം.

ഞങ്ങളുടെ ആദ്യത്തെ മിഷനറി നിയമനം

കൊളം​ബി​യ​യിൽ ഞങ്ങളെ ആദ്യം നിയമി​ച്ചത്‌ ബ്രാ​ഞ്ചോ​ഫീ​സി​ലേ​ക്കാണ്‌. എന്റെ നിയമനം ഏറ്റവും നന്നായി ചെയ്യാൻ ഞാൻ ശ്രമിച്ചു. പക്ഷേ ബ്രാഞ്ചി​ലെത്തി ഒരു വർഷം കഴിഞ്ഞ​പ്പോൾ ഞങ്ങൾക്ക്‌ ഒരു മാറ്റം വേണ​മെന്ന്‌ എനിക്കു തോന്നി. ജീവി​ത​ത്തിൽ ആദ്യമാ​യി​ട്ടും അവസാ​ന​മാ​യി​ട്ടും ഞാൻ മറ്റൊരു നിയമനം ചോദി​ച്ചു. അങ്ങനെ ഞങ്ങളെ വീലാ സംസ്ഥാ​ന​ത്തി​ലെ നേവ നഗരത്തി​ലേക്കു വയൽമി​ഷ​ന​റി​മാ​രാ​യി നിയമി​ച്ചു.

വയൽസേ​വ​നം എനിക്ക്‌ എന്നും വളരെ ഇഷ്ടമാ​യി​രു​ന്നു. വിവാ​ഹ​ത്തി​നു മുമ്പ്‌ ഫിൻലൻഡിൽ മുൻനി​ര​സേ​വനം ചെയ്‌ത സമയത്ത്‌, ചില ദിവസ​ങ്ങ​ളിൽ ഞാൻ രാവിലെ നേരത്തേ തുടങ്ങി വൈകു​വോ​ളം ശുശ്രൂഷ ചെയ്യു​മാ​യി​രു​ന്നു. വിവാ​ഹ​ത്തി​നു ശേഷമുള്ള ആദ്യനാ​ളു​ക​ളി​ലും സിർക്ക​യും ഞാനും അങ്ങനെ​തന്നെ ചെയ്‌തു. ദൂരെ​യുള്ള പ്രദേ​ശ​ങ്ങ​ളിൽ പ്രവർത്തി​ക്കു​മ്പോൾ ഞങ്ങൾ ചില​പ്പോൾ രാത്രി കാറിൽത്തന്നെ കിടന്നു​റ​ങ്ങു​മാ​യി​രു​ന്നു. അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും യാത്ര ചെയ്യുന്ന സമയം ലാഭി​ക്കാം, പിറ്റേ ദിവസം നേരത്തെ വയൽസേ​വനം തുടങ്ങു​ക​യും ചെയ്യാം.

വയൽമി​ഷ​ന​റി​മാ​രാ​യി നിയമനം കിട്ടി​യ​പ്പോൾ ശുശ്രൂ​ഷ​യോ​ടു മുമ്പു​ണ്ടാ​യി​രുന്ന അതേ ഉത്സാഹം വീണ്ടും ഞങ്ങളി​ലേക്കു വന്നു. ഞങ്ങളുടെ സഭ വളർന്നു. സ്‌നേ​ഹ​വും ആദരവും നല്ല വിലമ​തി​പ്പും ഒക്കെയു​ള്ള​വ​രാ​യി​രു​ന്നു കൊളം​ബി​യ​യി​ലെ സഹോ​ദ​രങ്ങൾ.

പ്രാർഥ​ന​യു​ടെ ശക്തി

ഞങ്ങളുടെ നിയമ​ന​സ്ഥ​ല​മായ നേവയു​ടെ അടുത്തുള്ള ചില പട്ടണങ്ങ​ളിൽ സാക്ഷി​ക​ളാ​രു​മി​ല്ലാ​യി​രു​ന്നു. അവി​ടെ​യെ​ല്ലാം സന്തോ​ഷ​വാർത്ത എങ്ങനെ എത്തി​ച്ചേ​രും എന്നു ഞാൻ ഓർത്തു. ഒളി​പ്പോ​രാ​ട്ട​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ തദ്ദേശീ​യ​ര​ല്ലാത്ത ആളുകൾക്ക്‌ ആ പ്രദേ​ശ​ങ്ങ​ളൊ​ന്നും ഒട്ടും സുരക്ഷി​ത​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ആ പട്ടണങ്ങ​ളി​ലുള്ള ആരെങ്കി​ലും ഒരു സാക്ഷി​യാ​കണേ എന്നു ഞാൻ പ്രാർഥി​ച്ചു. അങ്ങനെ​യൊ​രാൾ നേവയിൽ വന്ന്‌ താമസി​ച്ചാ​ലേ സത്യം പഠിക്കൂ എന്നാണ്‌ ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌ ആ വ്യക്തി സ്‌നാ​ന​ത്തി​നു ശേഷം ആത്മീയ​മാ​യി പക്വത നേടു​ക​യും സ്വന്തം നാട്ടി​ലേക്കു തിരി​ച്ചു​പോ​യി പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ ഇടവരു​ത്തു​ക​യും ചെയ്യണേ എന്നും ഞാൻ പ്രാർഥി​ച്ചു. പക്ഷേ ഞാൻ അറിഞ്ഞില്ല, യഹോ​വ​യു​ടെ മുന്നിൽ അതി​നെ​ക്കാൾ നല്ല ഒരു മാർഗ​മു​ണ്ടെന്ന്‌.

അധികം വൈകാ​തെ, ഫെർണാ​ണ്ടോ ഗോൺസാ​ലെസ്‌ എന്ന ഒരു ചെറു​പ്പ​ക്കാ​ര​നു​മാ​യി ഞാൻ ബൈബിൾപ​ഠനം തുടങ്ങി. സാക്ഷി​ക​ളാ​രു​മി​ല്ലാത്ത ഒരു പട്ടണമായ അൽജെ​സീ​റാ​സിൽ താമസി​ക്കുന്ന ഒരാളാ​യി​രു​ന്നു അദ്ദേഹം. എല്ലാ ആഴ്‌ച​യും ജോലി​ക്കു വേണ്ടി 50 കിലോ​മീ​റ്റർ യാത്ര ചെയ്‌ത്‌ അദ്ദേഹം നേവയിൽ എത്തും. ഫെർണാ​ണ്ടോ ബൈബിൾപ​ഠ​ന​ത്തി​നു തയ്യാറാ​യി​രി​ക്കു​മാ​യി​രു​ന്നു, പെട്ടെ​ന്നു​തന്നെ മീറ്റി​ങ്ങു​കൾക്കു വരാനും തുടങ്ങി. പഠിച്ചു​തു​ട​ങ്ങി​യ​പ്പോൾമു​തലേ ഓരോ ആഴ്‌ച​യും ഫെർണാ​ണ്ടോ തന്റെ പട്ടണത്തി​ലെ ആളുകളെ കൂട്ടി​വ​രു​ത്തി, പഠിച്ച കാര്യങ്ങൾ അവരെ പഠിപ്പി​ക്കു​മാ​യി​രു​ന്നു.

1993-ൽ ഫെർണാണ്ടോയ്‌ക്കൊപ്പം

ബൈബിൾപ​ഠ​നം തുടങ്ങി ആറു മാസം കഴിഞ്ഞ്‌, 1990 ജനുവ​രി​യിൽ, ഫെർണാ​ണ്ടോ സ്‌നാ​ന​പ്പെട്ടു. അതിനു ശേഷം അദ്ദേഹം ഒരു സാധാരണ മുൻനി​ര​സേ​വ​ക​നാ​യി. അങ്ങനെ ആ നാട്ടു​കാ​ര​നായ ഒരാൾ സാക്ഷി​യാ​യ​തു​കൊണ്ട്‌, പുറത്തു​നി​ന്നുള്ള സഹോ​ദ​ര​ങ്ങൾക്ക്‌ അൽജെ​സീ​റാ​സിൽ പോയി പ്രവർത്തി​ക്കു​ന്നത്‌ സുരക്ഷി​ത​മാ​യി​രു​ന്നു. അതു​കൊണ്ട്‌, ബ്രാ​ഞ്ചോ​ഫീസ്‌ പ്രത്യേക മുൻനി​ര​സേ​വ​കരെ അവി​ടേക്കു നിയമി​ച്ചു. 1992 ഫെബ്രു​വ​രി​യിൽ ആ പട്ടണത്തിൽ ഒരു സഭയായി.

ഫെർണാ​ണ്ടോ പ്രസം​ഗ​പ്ര​വർത്തനം തന്റെ പട്ടണത്തിൽ മാത്രം ഒതുക്കി​നി​റു​ത്തി​യില്ല. വിവാഹം കഴിഞ്ഞ്‌ അദ്ദേഹ​വും ഭാര്യ​യും സാക്ഷി​ക​ളാ​രു​മി​ല്ലാത്ത മറ്റൊരു പട്ടണമായ സാൻ വിസന്റ്‌ ഡെൽ കാവനി​ലേക്ക്‌ പോയി. അവിടെ ഒരു സഭ തുടങ്ങാൻ അവർ സഹായി​ച്ചു. 2002-ൽ ഫെർണാ​ണ്ടോ​യെ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ച്ചു. അദ്ദേഹ​വും ഭാര്യ ഓൾഗ​യും ഇന്നുവരെ ആ വേലയിൽത്തന്നെ തുടരു​ന്നു.

നമ്മുടെ നിയമ​ന​വു​മാ​യി ബന്ധപ്പെട്ട ഓരോ​രോ കാര്യ​ത്തെ​ക്കു​റി​ച്ചും യഹോ​വ​യോ​ടു പ്രാർഥി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ഈ അനുഭവം എന്നെ പഠിപ്പി​ച്ചു. നമുക്കു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ യഹോ​വ​യ്‌ക്കു പറ്റും. എന്താ​ണെ​ങ്കി​ലും വിള​വെ​ടുപ്പ്‌ യഹോ​വ​യു​ടേ​താണ്‌, നമ്മു​ടേ​ത​ല്ല​ല്ലോ.—മത്താ. 9:38.

യഹോവ നമുക്ക്‌ “ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും” തരും

1990-ൽ ഞങ്ങളെ സഞ്ചാര​വേ​ല​യിൽ നിയമി​ച്ചു. കൊളം​ബി​യ​യു​ടെ തലസ്ഥാ​ന​മായ ബൊ​ഗോ​ട്ട​യി​ലാ​യി​രു​ന്നു ഞങ്ങളുടെ ആദ്യത്തെ സർക്കിട്ട്‌. ഈ നിയമനം ചെയ്യാൻ ഞങ്ങളെ​ക്കൊണ്ട്‌ എങ്ങനെ പറ്റു​മെന്ന്‌ ഓർത്ത്‌ ഞങ്ങൾ ഒന്നു പേടിച്ചു. കാരണം, ഞങ്ങൾ രണ്ടു പേരും പ്രത്യേക കഴിവു​ക​ളൊ​ന്നു​മി​ല്ലാത്ത സാധാ​ര​ണ​ക്കാ​രായ ആളുക​ളാണ്‌. മാത്രമല്ല, തിരക്കു​പി​ടിച്ച ഒരു നഗരത്തിൽ താമസിച്ച്‌ ഞങ്ങൾക്കു വലിയ പരിച​യ​വു​മി​ല്ലാ​യി​രു​ന്നു. പക്ഷേ ഫിലി​പ്പി​യർ 2:13-ലെ ഈ വാക്ക്‌ യഹോവ പാലിച്ചു: “നിങ്ങൾക്ക്‌ ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും തന്നു​കൊണ്ട്‌ തന്റെ ഇഷ്ടമനു​സ​രിച്ച്‌ നിങ്ങൾക്ക്‌ ഊർജം പകരു​ന്നതു ദൈവ​മാണ്‌.”

പിന്നീട്‌ ഞങ്ങളെ മെദലിൻ എന്ന സ്ഥലത്തുള്ള ഒരു സർക്കി​ട്ടി​ലേക്കു നിയമി​ച്ചു. അവിടെ നടന്ന ഒരു കാര്യ​ത്തെ​ക്കു​റി​ച്ചാണ്‌ ഞാൻ തുടക്ക​ത്തിൽ പറഞ്ഞത്‌. അവിടത്തെ തെരു​വു​ക​ളിൽ അക്രമം പതിവാ​യി​രു​ന്ന​തു​കൊണ്ട്‌ അവിട​ത്തു​കാർക്ക്‌ അതൊ​ന്നും ഒരു പ്രശ്‌നമേ ആയിരു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഞാൻ ഒരു വീട്ടിൽ ബൈബിൾപ​ഠനം നടത്തി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ പുറത്ത്‌ ആളുകൾ വെടി​വെ​ക്കു​ന്ന​തി​ന്റെ ഒച്ച കേട്ടു. വെടി​യേൽക്കാ​തി​രി​ക്കു​ന്ന​തിന്‌, ഞാൻ തറയിൽ കമിഴ്‌ന്ന്‌ കിടക്കാൻ പോകു​ക​യാ​യി​രു​ന്നു. പക്ഷേ ബൈബിൾവി​ദ്യാർഥി അതൊ​ന്നും കേൾക്കാ​ത്ത​മ​ട്ടിൽ ഖണ്ഡിക വായി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. വായി​ച്ചു​തീർന്ന​പ്പോൾ, ഇപ്പോൾ വരാം എന്നു പറഞ്ഞ്‌ അദ്ദേഹം പുറ​ത്തേക്കു പോയി. കുറച്ച്‌ കഴിഞ്ഞ്‌ രണ്ടു ചെറിയ കുട്ടി​ക​ളെ​യും കൂട്ടി തിരി​ച്ചു​വന്ന്‌ അദ്ദേഹം ശാന്തത​യോ​ടെ ഇങ്ങനെ പറഞ്ഞു: “ക്ഷമിക്കണം, മക്കൾ പുറത്താ​യി​രു​ന്നു, അവരെ ഞാൻ വിളി​ക്കാൻ പോയതാ.”

ഇനിയു​മുണ്ട്‌ ഇതു​പോ​ലത്തെ കഥകൾ. ഒരു ദിവസം ഞങ്ങൾ വീടു​തോ​റും പോകു​മ്പോൾ, സിർക്ക പേടി​ച്ചു​വി​റച്ച്‌ എന്റെ അടു​ത്തേക്കു വന്നു. ആരോ തന്നെ വെടി​വെ​ക്കാൻ ശ്രമി​ച്ചെന്ന്‌ അവൾ പറഞ്ഞു. ഞാൻ ഞെട്ടി​പ്പോ​യി. പക്ഷേ പിന്നീ​ടാ​ണു ഞങ്ങൾ അറിയു​ന്നത്‌, അയാൾ ലക്ഷ്യം​വെ​ച്ചതു സിർക്കയെ ആയിരു​ന്നില്ല, അവളുടെ അടുത്തു​കൂ​ടെ പോയ മറ്റൊ​രാ​ളെ ആയിരു​ന്നെന്ന്‌.

പതി​യെ​പ്പ​തി​യെ അവിടത്തെ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ ഞങ്ങൾ പഠിച്ചു. ഇതു​പോ​ലെ​യു​ള്ള​തോ ഇതിലും മോശ​മോ ആയ സാഹച​ര്യ​ങ്ങളെ അവിടത്തെ സഹോ​ദ​രങ്ങൾ ധൈര്യ​ത്തോ​ടെ നേരി​ടു​ന്നതു കണ്ടത്‌ ഞങ്ങൾക്കൊ​രു പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു. യഹോവ അവരെ സഹായി​ച്ചെ​ങ്കിൽ ഞങ്ങളെ​യും സഹായി​ക്കു​മെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പായി. അവിടത്തെ മൂപ്പന്മാർ തന്ന നിർദേ​ശ​ങ്ങ​ളൊ​ക്കെ ഞങ്ങൾ സ്വീക​രി​ച്ചു, വേണ്ട മുൻക​രു​ത​ലു​ക​ളൊ​ക്കെ എടുത്തു. എന്നിട്ട്‌ ബാക്കി​യൊ​ക്കെ യഹോ​വ​യ്‌ക്ക്‌ വിട്ടു​കൊ​ടു​ത്തു.

എന്നാൽ ചില സാഹച​ര്യ​ങ്ങൾ ഞങ്ങൾ വിചാ​രി​ച്ചത്ര അപകട​ക​ര​മാ​യി​രു​ന്നില്ല. ഒരു ദിവസം ഞാൻ ഒരു വീട്ടി​ലാ​യി​രി​ക്കു​മ്പോൾ വെളി​യിൽ രണ്ടു സ്‌ത്രീ​കൾ ഉച്ചത്തിൽ വഴക്കു കൂടു​ന്ന​തു​പോ​ലെ തോന്നി. വഴക്കു​കൂ​ടു​ന്നതു കാണാൻ എനിക്കു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു. പക്ഷേ വീട്ടു​കാ​രൻ പുറ​ത്തേക്കു വരാൻ എന്നെ നിർബ​ന്ധി​ച്ചു. പുറത്ത്‌ ചെന്ന്‌ നോക്കി​യ​പ്പോ​ഴല്ലേ കാര്യം മനസ്സി​ലാ​യത്‌, രണ്ടു തത്തകൾ അയൽക്കാ​രെ അനുക​രി​ക്കു​ന്ന​താ​യി​രു​ന്നു ഞാൻ കേട്ട ആ ‘വഴക്ക്‌.’

പുതിയ നിയമ​ന​ങ്ങ​ളും വെല്ലു​വി​ളി​ക​ളും

1997-ൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ന്റെ അധ്യാ​പ​ക​നാ​യി എന്നെ നിയമി​ച്ചു. b ദിവ്യാ​ധി​പത്യ സ്‌കൂ​ളു​ക​ളിൽ പങ്കെടു​ക്കു​ന്നത്‌ എനിക്ക്‌ ഒത്തിരി ഇഷ്ടമാ​യി​രു​ന്നു. പക്ഷേ അതിന്റെ അധ്യാ​പ​ക​നാ​കു​മെന്നു ഞാൻ ഒരിക്കൽപ്പോ​ലും ചിന്തി​ച്ചി​രു​ന്നില്ല.

പിന്നീട്‌ ഞാൻ ഡിസ്‌ട്രിക്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവിച്ചു. എന്നാൽ ആ ക്രമീ​ക​രണം നിന്ന​പ്പോൾ ഞാൻ സർക്കിട്ട്‌ വേലയി​ലേ​ക്കു​തന്നെ തിരി​ച്ചു​വന്നു. അങ്ങനെ 30 വർഷത്തി​ല​ധി​കം ഒരു അധ്യാ​പ​ക​നാ​യും സഞ്ചാര മേൽവി​ചാ​ര​ക​നാ​യും എനിക്കു സേവി​ക്കാൻ കഴിഞ്ഞു. ഈ നിയമ​ന​ങ്ങ​ളൊ​ക്കെ എനിക്ക്‌ ഒരുപാ​ടു സന്തോ​ഷ​വും അനു​ഗ്ര​ഹ​ങ്ങ​ളും തന്നു. എങ്കിലും കാര്യങ്ങൾ എപ്പോ​ഴും അത്ര എളുപ്പ​മാ​യി​രു​ന്നില്ല. അത്‌ എന്തു​കൊ​ണ്ടാ​ണെന്നു ഞാൻ പറയാം.

എല്ലാ കാര്യ​ങ്ങ​ളും നല്ല തീക്ഷ്‌ണ​ത​യോ​ടെ ചെയ്യു​ന്ന​യാ​ളാണ്‌ ഞാൻ. ബുദ്ധി​മു​ട്ടു​നി​റഞ്ഞ സാഹച​ര്യ​ങ്ങ​ളിൽ ഈ ഗുണം എന്നെ ഒത്തിരി സഹായി​ച്ചി​ട്ടുണ്ട്‌. പക്ഷേ ചില സമയത്ത്‌ സഭയിലെ കാര്യ​ങ്ങ​ളോ​ടു ബന്ധപ്പെട്ട്‌ എന്റെ തീക്ഷ്‌ണത അൽപ്പം കൂടി​പ്പോ​യി. മറ്റുള്ള​വ​രോ​ടു സ്‌നേ​ഹ​വും വഴക്കവും ഒക്കെ കാണി​ക്കാൻ ഇടയ്‌ക്കൊ​ക്കെ ഞാൻ ചിലരെ ശക്തമായി ഉപദേ​ശി​ച്ചി​ട്ടുണ്ട്‌. എന്നാൽ രസകര​മായ കാര്യം, ആ സമയങ്ങ​ളിൽ ഈ രണ്ടു ഗുണങ്ങൾ കാണി​ക്കാൻ ഞാൻ വിട്ടു​പോ​യി എന്നതാണ്‌.—റോമ. 7:21-23.

എന്റെ കുറവു​കൾ കാരണം ചില​പ്പോ​ഴൊ​ക്കെ എനിക്കു വലിയ നിരാശ തോന്നി​യി​ട്ടുണ്ട്‌. (റോമ. 7:24) ഒരു സന്ദർഭ​ത്തിൽ, മിഷന​റി​സേ​വനം നിറുത്തി ഫിൻലൻഡി​ലേക്കു തിരി​ച്ചു​പോ​കു​ന്ന​താ​യി​രി​ക്കും നല്ലതെന്നു ഞാൻ പ്രാർഥ​ന​യിൽ യഹോ​വ​യോ​ടു പറഞ്ഞു. അന്നു വൈകു​ന്നേരം ഞാൻ മീറ്റി​ങ്ങി​നു പോയി. നിയമ​ന​ത്തിൽ തുടരു​ന്ന​തി​നെ​യും കുറവു​കൾ മറിക​ട​ക്കാൻ ശ്രമി​ക്കു​ന്ന​തി​നെ​യും കുറി​ച്ചാ​യി​രു​ന്നു അന്നത്തെ യോഗ​ത്തിൽ. അവിടെ കേട്ട ആ കാര്യങ്ങൾ എനിക്കു ശരിക്കും പ്രോ​ത്സാ​ഹ​ന​മാ​യി. യഹോവ എന്റെ ആ പ്രാർഥ​ന​യ്‌ക്ക്‌ എത്ര വ്യക്തമാ​യാണ്‌ ഉത്തരം തന്നതെന്ന്‌ എപ്പോ​ഴും ഞാൻ ഓർക്കാ​റുണ്ട്‌. എന്റെ കുറവു​കൾ മറിക​ട​ക്കാൻ യഹോവ എന്നെ ദയയോ​ടെ സഹായി​ച്ച​തി​ലും ഞാൻ ഒരുപാട്‌ നന്ദിയു​ള്ള​വ​നാണ്‌.

ആത്മവി​ശ്വാ​സ​ത്തോ​ടെ ഭാവി​യി​ലേക്കു നോക്കു​ന്നു

ജീവി​ത​ത്തി​ന്റെ കൂടുതൽ സമയവും മുഴു​സ​മ​യ​സേ​വനം ചെയ്യാൻ കഴിഞ്ഞ​തിൽ എനിക്കും സിർക്ക​യ്‌ക്കും യഹോ​വ​യോട്‌ എത്രമാ​ത്രം കടപ്പാ​ടു​ണ്ടെ​ന്നോ! ഈ വർഷങ്ങ​ളി​ലെ​ല്ലാം സ്‌നേ​ഹ​ത്തോ​ടെ വിശ്വ​സ്‌ത​മാ​യി എന്നെ പിന്തുണച്ച ഭാര്യയെ തന്നതി​നും എനിക്ക്‌ യഹോ​വ​യോ​ടു വളരെ നന്ദിയുണ്ട്‌.

ഉടൻതന്നെ എനിക്കു വയസ്സ്‌ 70 ആകും. അപ്പോൾ, സഞ്ചാര​മേൽവി​ചാ​ര​ക​നാ​യും അധ്യാ​പ​ക​നാ​യും ഉള്ള എന്റെ നിയമനം അവസാ​നി​ക്കും. അതിൽ എനിക്കു സങ്കടമില്ല. കാരണം, താഴ്‌മ​യോ​ടെ യഹോ​വയെ സേവി​ക്കു​ന്ന​തും നന്ദിയും സ്‌നേ​ഹ​വും നിറഞ്ഞ ഹൃദയ​ത്തോ​ടെ സ്‌തു​തി​ക്കു​ന്ന​തു​മാണ്‌ യഹോ​വ​യ്‌ക്ക്‌ ഏറ്റവും മഹത്ത്വം നൽകു​ന്ന​തെന്ന്‌ എനിക്ക്‌ ഉറച്ച വിശ്വാ​സ​മുണ്ട്‌. (മീഖ 6:8; മർക്കോ. 12:32-34) ഇതിനു നമുക്ക്‌ ഒരു പ്രത്യേക നിയമ​ന​മൊ​ന്നും വേണ​മെ​ന്നില്ല.

ഇതുവരെ കിട്ടിയ നിയമ​ന​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം ചിന്തി​ക്കു​മ്പോൾ എനിക്കു തോന്നുന്ന ഒരു കാര്യം ഇതാണ്‌: ഈ നിയമ​നങ്ങൾ കിട്ടി​യത്‌ ഞാൻ മറ്റുള്ള​വ​രെ​ക്കാൾ മികച്ച​വ​നാ​യ​തു​കൊ​ണ്ടല്ല, എനിക്കു പ്രത്യേ​ക​മായ എന്തെങ്കി​ലും കഴിവു​കൾ ഉള്ളതു​കൊ​ണ്ടും അല്ല. പകരം, യഹോവ എന്നോടു കാണിച്ച അനർഹ​ദ​യ​കൊണ്ട്‌ മാത്ര​മാണ്‌. പല കുറവു​ക​ളു​ണ്ടാ​യി​ട്ടും ഈ നിയമ​ന​ങ്ങ​ളെ​ല്ലാം ചെയ്യാ​നുള്ള അവസരം യഹോവ എനിക്കു തന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ മാത്ര​മാണ്‌ അതെല്ലാം ചെയ്യാൻ കഴിഞ്ഞ​തെന്ന്‌ എനിക്കു ഉറപ്പാണ്‌. അങ്ങനെ, എന്റെ ബലഹീ​ന​ത​ക​ളി​ലൂ​ടെ ദൈവ​ത്തി​ന്റെ ശക്തി മഹത്ത്വ​പ്പെ​ടു​ന്നു.—2 കൊരി. 12:9.

a റൈമോ ക്വോ​ക്കാ​നെൻ സഹോ​ദ​രന്റെ “യഹോ​വയെ സേവി​ക്കാ​നുള്ള ദൃഢതീ​രു​മാ​നം” എന്ന ജീവി​തകഥ 2006 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.

b രാജ്യസുവിശേഷകർക്കുള്ള സ്‌കൂ​ളി​നു പകരമാണ്‌ ഇത്‌.