പഠനലേഖനം 15
ഗീതം 124 എന്നും വിശ്വസ്തൻ
യഹോവയുടെ സംഘടനയിലുള്ള നിങ്ങളുടെ വിശ്വാസം ശക്തമാക്കുക
“നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക; ദൈവത്തിന്റെ വാക്കുകൾ നിങ്ങളെ അറിയിച്ചവരാണല്ലോ അവർ.”—എബ്രാ. 13:7.
ഉദ്ദേശ്യം
യഹോവയുടെ സംഘടനയോടുള്ള നിങ്ങളുടെ ആദരവും വിശ്വാസവും ശക്തമാക്കാനും നിലനിറുത്താനും എന്തു ചെയ്യാം?
1. ഒന്നാം നൂറ്റാണ്ടിൽ യഹോവയുടെ ജനം എങ്ങനെയാണു സംഘടിതരായിരുന്നത്?
യഹോവ തന്റെ ജനത്തെ ഒരു നിയമനം ഏൽപ്പിക്കുമ്പോൾ അത് ചിട്ടയോടെ, സംഘടിതമായ വിധത്തിൽ ചെയ്തുതീർക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ട്. (1 കൊരി. 14:33) സന്തോഷവാർത്ത ഭൂമിയിലെങ്ങും പ്രസംഗിക്കുക എന്നത് അത്തരമൊരു നിയമനമാണ്. (മത്താ. 24:14) യഹോവ യേശുവിനെയാണ് അതിന്റെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത്. അതു സംഘടിതമായിട്ടാണു നടക്കുന്നതെന്ന് യേശു ഇന്നോളം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിൽ പല സ്ഥലങ്ങളിൽ സഭകൾ സ്ഥാപിച്ചപ്പോൾ ആ സഭകളിൽ ഉള്ളവർക്ക് നിർദേശങ്ങൾ കൊടുക്കാനും നേതൃത്വമെടുക്കാനും മൂപ്പന്മാരെ നിയമിച്ചിരുന്നു. (പ്രവൃ. 14:23) കൂടാതെ എല്ലാ സഭകൾക്കുംവേണ്ടി തീരുമാനങ്ങളെടുക്കാൻ യരുശലേമിൽ അപ്പോസ്തലന്മാരും അനുഭവപരിചയമുള്ള ചില മൂപ്പന്മാരും അടങ്ങിയ ഭരണസംഘമുണ്ടായിരുന്നു. (പ്രവൃ. 15:2; 16:4) അവരിൽനിന്ന് കിട്ടിയ നിർദേശങ്ങൾ അനുസരിച്ചപ്പോൾ “സഭകളുടെ വിശ്വാസം ശക്തമായി; അംഗസംഖ്യ ദിവസേന വർധിച്ചു.”—പ്രവൃ. 16:5.
2. 1919 മുതൽ യഹോവ തന്റെ ജനത്തിനു വേണ്ട മാർഗനിർദേശങ്ങളും ആത്മീയാഹാരവും കൊടുത്തിരിക്കുന്നത് എങ്ങനെ?
2 ഇന്നും യഹോവ തന്റെ ജനത്തെ സംഘടിതമായിത്തന്നെ മുന്നോട്ട് നയിക്കുന്നു. 1919 മുതൽ പ്രസംഗപ്രവർത്തനം സംഘടിപ്പിക്കാനും തന്റെ അനുഗാമികൾക്ക് ആത്മീയഭക്ഷണം കൊടുക്കാനും യേശു അഭിഷിക്തസഹോദരന്മാരുടെ ഒരു ചെറിയ കൂട്ടത്തെ ഉപയോഗിക്കുന്നു. a (ലൂക്കോ. 12:42) യഹോവ ആ കൂട്ടത്തിന്റെ പ്രവർത്തനത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്.—യശ. 60:22; 65:13, 14.
3-4. (എ) നമ്മൾ സംഘടിതർ ആയിരിക്കുന്നതുകൊണ്ടുള്ള ഒരു പ്രയോജനം പറയുക. (ബി) ഈ ലേഖനത്തിൽ എന്തു പഠിക്കും?
3 നമ്മൾ സംഘടിതരല്ലെങ്കിൽ യേശു ഏൽപ്പിച്ച ഈ നിയമനം ചെയ്തുതീർക്കാൻ നമുക്കു കഴിയില്ല. (മത്താ. 28:19, 20) ഉദാഹരണത്തിന്, ആർക്കും കൃത്യമായി ഒരു വയൽസേവന പ്രദേശം നിയമിച്ചുകൊടുക്കുന്നില്ല എന്നു വിചാരിക്കുക. അങ്ങനെ വന്നാൽ എല്ലാവരും ഇഷ്ടമുള്ളിടത്ത് പോയി പ്രവർത്തിക്കും. അപ്പോൾ ചില പ്രദേശങ്ങളിൽ പ്രചാരകർ കൂടെക്കൂടെ പ്രവർത്തിക്കും. മറ്റു ചിലത് ഒട്ടും പ്രവർത്തിക്കാതെ കിടക്കും. നമ്മൾ സംഘടിതർ ആയിരിക്കുന്നതുകൊണ്ടുള്ള വേറെ പ്രയോജനങ്ങൾ നിങ്ങളുടെ മനസ്സിലേക്കു വരുന്നുണ്ടോ?
4 ഇന്ന് യേശു നമ്മളെ സംഘടിപ്പിക്കുന്നത്, ഭൂമിയിലായിരുന്നപ്പോൾ താൻ കാര്യങ്ങൾ ചെയ്ത അതേ വിധത്തിലാണ്. ഈ ലേഖനത്തിൽ യേശു വെച്ച മാതൃകയെക്കുറിച്ചും നമ്മുടെ സംഘടന എങ്ങനെയാണ് ആ മാതൃക പിൻപറ്റുന്നതെന്നും ചിന്തിക്കും. യഹോവയുടെ സംഘടനയിൽ വിശ്വാസമുണ്ടെന്ന് നമുക്ക് എങ്ങനെ കാണിക്കാമെന്നും ചർച്ച ചെയ്യും.
നമ്മുടെ സംഘടന യേശുവിന്റെ മാതൃക പിൻപറ്റുന്നു
5. നമ്മുടെ സംഘടന യേശുവിന്റെ മാതൃക അനുകരിക്കുന്ന ഒരു വിധം ഏതാണ്? (യോഹന്നാൻ 8:28)
5 എന്തു പറയണമെന്നും എന്തു ചെയ്യണമെന്നും യേശു പഠിച്ചത് തന്റെ സ്വർഗീയപിതാവിൽനിന്നാണ്. യേശുവിന്റെ ആ മാതൃക പിൻപറ്റിക്കൊണ്ട്, നമ്മുടെ സംഘടനയും ദൈവവചനത്തെ അടിസ്ഥാനമാക്കിയാണ് ശരിയേത് തെറ്റേത് എന്നു പറയുന്നത്; അതുപോലെ നമുക്കു വേണ്ട മാർഗനിർദേശങ്ങൾ തരുന്നത്. (യോഹന്നാൻ 8:28 വായിക്കുക; 2 തിമൊ. 3:16, 17) ദൈവവചനം വായിക്കാനും പഠിക്കാനും നമുക്കു കൂടെക്കൂടെ ഓർമിപ്പിക്കലുകൾ ലഭിക്കാറുണ്ട്. ആ ഉപദേശം അനുസരിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും?
6. ബൈബിൾ പഠിക്കുന്നതിലൂടെ നമുക്കു ലഭിക്കുന്ന ഒരു പ്രയോജനം എന്താണ്?
6 നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ബൈബിൾ പഠിക്കുന്നതിലൂടെ വളരെയധികം പ്രയോജനങ്ങൾ ലഭിക്കും. ഉദാഹരണത്തിന്, സംഘടന പറയുന്ന കാര്യങ്ങളെ നമുക്കു ബൈബിളിൽ പറയുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്നു. അങ്ങനെ ചെയ്യുമ്പോൾ നമുക്കു സംഘടനയിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനം തിരുവെഴുത്തുകളാണെന്നു മനസ്സിലാകും. അപ്പോൾ യഹോവയുടെ സംഘടനയിലുള്ള വിശ്വാസം വർധിക്കും.—റോമ. 12:2.
7. യേശു എന്തു സന്ദേശമാണ് അറിയിച്ചത്, യഹോവയുടെ സംഘടന എങ്ങനെയാണ് യേശുവിന്റെ മാതൃക പിൻപറ്റുന്നത്?
7 യേശു “ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത” പ്രസംഗിച്ചു. (ലൂക്കോ. 4:43, 44) അതുപോലെ, ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാൻ തന്റെ അനുഗാമികളോടു കല്പിക്കുകയും ചെയ്തു. (ലൂക്കോ. 9:1, 2; 10:8, 9) ഇന്ന് സംഘടനയിൽ ഉള്ളവർ, അവർ എവിടെയാണെങ്കിലും അവർക്ക് യഹോവയുടെ സംഘടനയിൽ മറ്റ് എന്തെല്ലാം ഉത്തരവാദിത്വങ്ങൾ ഉണ്ടെങ്കിലും, അവരെല്ലാം മറ്റുള്ളവരെ സന്തോഷവാർത്ത അറിയിക്കും.
8. നമുക്കു ലഭിച്ചിരിക്കുന്ന പദവി എന്താണ്?
8 ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം മറ്റുള്ളവരെ അറിയിക്കുക എന്നത് എത്ര വലിയൊരു ബഹുമതിയാണ്! എന്നാൽ എല്ലാവർക്കും ഈ പദവി ലഭിക്കില്ല. ഉദാഹരണത്തിന്, ഭൂമിയിലായിരുന്നപ്പോൾ തന്നെക്കുറിച്ച് സാക്ഷ്യം നൽകാൻ യേശു ഭൂതങ്ങളെ അനുവദിച്ചില്ല. (ലൂക്കോ. 4:41) ഇന്നും ഒരു വ്യക്തി യഹോവയുടെ ജനത്തോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടുന്നതിനു മുമ്പ് അതിനുള്ള യോഗ്യത ഉണ്ടെന്നു തെളിയിക്കണം. കഴിയുന്ന എല്ലാ സാഹചര്യങ്ങളിലും സന്തോഷവാർത്ത അറിയിച്ചുകൊണ്ട് ഈ പദവി നമുക്ക് എത്ര വിലപ്പെട്ടതാണെന്നു കാണിക്കാം. യേശുവിനെപ്പോലെ നമ്മുടെയും ലക്ഷ്യം ആളുകളുടെ ഹൃദയങ്ങളിൽ രാജ്യസത്യത്തിന്റെ വിത്തുകൾ നടുകയും നനയ്ക്കുകയും ചെയ്യുക എന്നതാണ്.—മത്താ. 13:3, 23; 1 കൊരി. 3:6.
9. സംഘടന എങ്ങനെയാണു ദൈവത്തിന്റെ പേര് അറിയിച്ചിരിക്കുന്നത്?
9 യേശു ദൈവത്തിന്റെ പേര് അറിയിച്ചു. സ്വർഗീയപിതാവിനോടു പ്രാർഥിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: ‘ഞാൻ അങ്ങയുടെ പേര് അറിയിച്ചിരിക്കുന്നു.’ (യോഹ. 17:26) യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് ദൈവനാമം മറ്റുള്ളവരെ അറിയിക്കാൻ യഹോവയുടെ സംഘടനയും കഴിയുന്നതെല്ലാം ചെയ്യുന്നു. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഇതിനു നല്ലൊരു ഉദാഹരണമാണ്. ബൈബിൾ എഴുതിയപ്പോൾ അതിൽ ദൈവനാമം എവിടെയെല്ലാം ഉപയോഗിച്ചിരുന്നോ അവിടെയെല്ലാം പുതിയ ലോക ഭാഷാന്തരത്തിലും ദൈവനാമം പുനഃസ്ഥിതീകരിച്ചിട്ടുണ്ട്. ബൈബിളിന്റെ ഈ പരിഭാഷ മുഴുവനായോ ഭാഗികമായോ ഇപ്പോൾ 270-ലധികം ഭാഷകളിൽ ലഭ്യമാണ്. ഈ ഭാഷാന്തരത്തിന്റെ എ4, എ5 എന്നീ അനുബന്ധങ്ങളിൽ ബൈബിളിൽ ദൈവനാമം പുനഃസ്ഥിതീകരിച്ചതിനെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ നിങ്ങൾക്കു കാണാം. പഠനബൈബിളിന്റെ അനുബന്ധം സി (ഇംഗ്ലീഷ്) നോക്കിയാൽ ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ 237 പ്രാവശ്യം ദൈവനാമം ഉപയോഗിച്ചതിന്റെ തെളിവുകൾ വിശദമായി മനസ്സിലാക്കാം.
10. മ്യാൻമറിലെ ഒരു സ്ത്രീയുടെ വാക്കുകളിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
10 യേശുവിനെപ്പോലെ നമ്മളും കഴിയുന്നത്ര ആളുകളെ ദൈവനാമം അറിയിക്കണം. ദൈവത്തിന് ഒരു പേരുണ്ട് എന്നു മനസ്സിലാക്കിയപ്പോൾ മ്യാൻമറിലെ 67 വയസ്സുള്ള ഒരു സ്ത്രീ നിറകണ്ണുകളോടെ ഇങ്ങനെ പറഞ്ഞു: “ദൈവത്തിന്റെ പേര് യഹോവയാണെന്നു ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്. . . . ഇതിനെക്കാളും വലിയൊരു കാര്യം എനിക്ക് ഇനി പഠിക്കാനില്ല.” ഈ അനുഭവം കാണിക്കുന്നതുപോലെ ദൈവത്തിന്റെ പേര് അറിയുന്നത് ആത്മാർഥഹൃദയമുള്ള ആളുകളെ ശക്തമായി സ്വാധീനിക്കും.
സംഘടനയിൽ വിശ്വാസമുണ്ടെന്നു കാണിക്കുക
11. യഹോവയുടെ സംഘടനയെ വിശ്വസിക്കുന്നെന്നു മൂപ്പന്മാർക്ക് എങ്ങനെ കാണിക്കാം? (ചിത്രവും കാണുക.)
11 ദൈവത്തിന്റെ സംഘടനയെ ആദരിക്കുന്നെന്നും വിശ്വസിക്കുന്നെന്നും മൂപ്പന്മാർക്ക് എങ്ങനെ കാണിക്കാം? നിർദേശങ്ങൾ കിട്ടുമ്പോൾ അതു ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്തുകൊണ്ട്. ഉദാഹരണത്തിന്, സഭായോഗങ്ങളിൽ പരിപാടികൾ എങ്ങനെ നടത്താമെന്നും സഭയെ പ്രതിനിധീകരിച്ച് എങ്ങനെ പ്രാർഥിക്കാമെന്നും മാത്രമല്ല, ക്രിസ്തുവിന്റെ ആടുകളെ എങ്ങനെ നന്നായി പരിപാലിക്കാം എന്നതിനെക്കുറിച്ചും മൂപ്പന്മാർക്കു നിർദേശങ്ങൾ കിട്ടാറുണ്ട്. സംഘടന പറയുന്നതുപോലെ മൂപ്പന്മാർ കാര്യങ്ങൾ ചെയ്യുമ്പോൾ അവരുടെ പരിപാലനത്തിലുള്ള സഹോദരങ്ങൾക്ക് സ്നേഹവും സുരക്ഷിതത്വവും തോന്നും.
12. (എ) നമ്മൾ മൂപ്പന്മാരോടു സഹകരിച്ച് പ്രവർത്തിക്കേണ്ടത് എന്തുകൊണ്ട്? (എബ്രായർ 13:7, 17) (ബി) നമ്മൾ നേതൃത്വമെടുക്കുന്നവരുടെ നല്ല ഗുണങ്ങളിലേക്കു നോക്കേണ്ടത് എന്തുകൊണ്ട്?
12 മൂപ്പന്മാരിൽനിന്ന് നിർദേശങ്ങൾ കിട്ടുമ്പോൾ നമ്മൾ അതു മനസ്സോടെ അനുസരിക്കണം. അങ്ങനെയാകുമ്പോൾ അവരുടെ ജോലി കുറെക്കൂടെ എളുപ്പമാകും. നേതൃത്വമെടുക്കുന്നവരെ അനുസരിക്കാനും അവർക്കു കീഴ്പെട്ടിരിക്കാനും ആണ് ബൈബിൾ നമ്മളോടു പറയുന്നത്. (എബ്രായർ 13:7, 17 വായിക്കുക.) എങ്കിലും അവർ അപൂർണരായതുകൊണ്ട് ചിലപ്പോൾ നമുക്ക് അതു ബുദ്ധിമുട്ടായേക്കാം. എന്നാൽ ഓർക്കുക: അവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കുന്നതിനു പകരം കുറവുകളിലേക്കാണു നോക്കുന്നതെങ്കിൽ വാസ്തവത്തിൽ നമ്മൾ നമ്മുടെ ശത്രുക്കളെ സഹായിക്കുകയാണ്. അത് എങ്ങനെ? മൂപ്പന്മാരെക്കുറിച്ച് തെറ്റായിട്ടാണു ചിന്തിക്കുന്നതെങ്കിൽ സംഘടനയെക്കുറിച്ചും നമ്മൾ തെറ്റായി ചിന്തിച്ചുതുടങ്ങുകയും സംഘടനയിലുള്ള വിശ്വാസം പതിയെ നഷ്ടമാകുകയും ചെയ്തേക്കാം. അതുതന്നെയാണു നമ്മുടെ ശത്രുക്കളുടെ ലക്ഷ്യവും. ശരി, ശത്രുക്കളുടെ നുണകൾ തിരിച്ചറിയാനും അവ തള്ളിക്കളയാനും നമുക്ക് എന്തെല്ലാം ചെയ്യാം?
നമ്മുടെ വിശ്വാസം തകർക്കാൻ മറ്റുള്ളവരെ അനുവദിക്കരുത്
13. ശത്രുക്കൾ എങ്ങനെയാണ് ദൈവത്തിന്റെ സംഘടനയെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്?
13 ദൈവത്തിന്റെ എതിരാളികൾ സംഘടനയിലുള്ള നല്ല കാര്യങ്ങളെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, തന്റെ ആരാധകർ ശാരീരികമായും ധാർമികമായും ആത്മീയമായും ശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്നു തിരുവെഴുത്തുകളിൽനിന്ന് നമ്മൾ മനസ്സിലാക്കുന്നു. പശ്ചാത്താപമില്ലാതെ അശുദ്ധമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നവരെ സഭയിൽനിന്ന് പുറത്താക്കണമെന്നും യഹോവ ആവശ്യപ്പെടുന്നുണ്ട്. (1 കൊരി. 5:11-13; 6:9, 10) ആ തിരുവെഴുത്തു കല്പന നമ്മൾ അനുസരിക്കുന്നു. എന്നാൽ അതിന്റെ പേരിൽ ശത്രുക്കൾ നമ്മളെ, എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്നവരെന്നും കടുംപിടുത്തക്കാരെന്നും ആളുകളോടു സ്നേഹമില്ലാത്തവരെന്നും വിളിച്ചേക്കാം.
14. സംഘടനയെക്കുറിച്ചുള്ള നുണപ്രചാരണങ്ങളുടെ പിന്നിൽ ആരാണ്?
14 നുണപ്രചാരണങ്ങളുടെ പിന്നിൽ ആരാണെന്നു തിരിച്ചറിയുക. പിശാചായ സാത്താനാണു ഇതിന്റെയെല്ലാം പിന്നിൽ. അവൻ ‘നുണയുടെ അപ്പനാണ്.’ (യോഹ. 8:44; ഉൽപ. 3:1-5) അതുകൊണ്ടുതന്നെ യഹോവയുടെ സംഘടനയ്ക്ക് എതിരെ തെറ്റായ വാർത്തകളും കെട്ടുകഥകളും പ്രചരിപ്പിക്കാൻ സാത്താൻ തന്റെ പക്ഷത്തുള്ളവരെ ഉപയോഗിക്കും. അതാണ് ഒന്നാം നൂറ്റാണ്ടിൽ സംഭവിച്ചത്.
15. യേശുവിനും അനുഗാമികൾക്കും എതിരെ മതനേതാക്കന്മാർ എന്തു ചെയ്യാൻ ശ്രമിച്ചു?
15 ഒരുപാട് അത്ഭുതങ്ങൾ ചെയ്തിട്ടും, പൂർണമനുഷ്യനായിരുന്ന യേശുവിനെക്കുറിച്ചുപോലും സാത്താന്റെ അനുയായികൾ നുണകൾ പറഞ്ഞുപരത്തി. ഉദാഹരണത്തിന്, യേശുവിന് ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരം കിട്ടിയത് ‘ഭൂതങ്ങളുടെ അധിപനിൽനിന്നാണെന്ന്’ മതനേതാക്കന്മാർ ആളുകളോടു പറഞ്ഞു. (മർക്കോ. 3:22) യേശുവിന്റെ വിചാരണയുടെ സമയത്ത് മതനേതാക്കന്മാർ യേശു ഒരു ദൈവനിന്ദകനാണെന്ന് ആരോപിച്ചു. കൂടാതെ യേശുവിനെ കൊന്നുകളയണമെന്ന് ആവശ്യപ്പെടാൻ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുകയും ചെയ്തു. (മത്താ. 27:20) പിന്നീട് യേശുവിന്റെ അനുഗാമികൾ സന്തോഷവാർത്ത പ്രസംഗിച്ചപ്പോഴും എതിരാളികൾ വെറുതേയിരുന്നില്ല. അവരെ ഉപദ്രവിക്കുന്നതിനുവേണ്ടി ഈ എതിരാളികൾ ‘ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച് അവരെ ഇളക്കിവിട്ടു.’ (പ്രവൃ. 14:2, 19) പ്രവൃത്തികൾ 14:2-നെക്കുറിച്ച് 1998 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “യഹൂദ എതിരാളികൾ സന്ദേശം തള്ളിയതുകൊണ്ടു മാത്രം തൃപ്തരായില്ല, അവർ ക്രിസ്ത്യാനികൾക്കെതിരെ ദുഷ്പ്രചരണം ആരംഭിച്ച് അവരെ സംബന്ധിച്ച് വിജാതീയരിൽ മുൻവിധി വളർത്തിയെടുക്കാൻ ശ്രമിച്ചു.”
16. തെറ്റായ വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ എന്ത് ഓർക്കണം?
16 ഇന്നും സാത്താൻ നുണപ്രചാരണം നടത്തിക്കൊണ്ടാണിരിക്കുന്നത്. അവൻ ‘ഭൂലോകത്തെ മുഴുവൻ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്.’ (വെളി. 12:9) സംഘടനയെക്കുറിച്ചോ നേതൃത്വമെടുക്കുന്ന സഹോദരന്മാരെക്കുറിച്ചോ നമ്മൾ തെറ്റായ എന്തെങ്കിലും കേൾക്കുകയാണെങ്കിൽ യേശുവിനോടും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളോടും ശത്രുക്കൾ ചെയ്തത് എന്താണെന്ന് ഓർക്കുക. ദൈവത്തെ സേവിക്കുന്നവരെ ശത്രുക്കൾ എതിർക്കുമെന്നും അവരെക്കുറിച്ച് നുണകൾ പറഞ്ഞുപരത്തുമെന്നും ഉള്ള ബൈബിൾപ്രവചനം ഇന്ന് അങ്ങനെതന്നെ നിറവേറുകയാണ്. (മത്താ. 5:11, 12) തെറ്റായ വാർത്തകളുടെ ഉറവിടം മനസ്സിലാക്കുകയും നമ്മളെത്തന്നെ സംരക്ഷിക്കാൻ വേണ്ട നടപടികൾ പെട്ടെന്നു സ്വീകരിക്കുകയും ചെയ്യുന്നെങ്കിൽ അവ നമ്മളെ വഴിതെറ്റിക്കില്ല. ശരി, നമ്മൾ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണ്?
17. കെട്ടുകഥകളാൽ വഴിതെറ്റിക്കപ്പെടാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം? (2 തിമൊഥെയൊസ് 1:13) (“ വ്യാജവാർത്തകളോട് എങ്ങനെ പ്രതികരിക്കണം?” എന്ന ചതുരവും കാണുക.)
17 കെട്ടുകഥകൾ തള്ളിക്കളയുക. വ്യാജവാർത്തകളോ കെട്ടുകഥകളോ കേട്ടാൽ നമ്മൾ എന്തു ചെയ്യണം എന്ന് അപ്പോസ്തലനായ പൗലോസ് നമുക്ക് വ്യക്തമായി പറഞ്ഞുതരുന്നുണ്ട്. ‘കെട്ടുകഥകൾക്ക് ശ്രദ്ധ കൊടുക്കുന്നവരെ വിലക്കണമെന്നും’ ‘ദൈവദൂഷണപരമായ കെട്ടുകഥകൾ തള്ളിക്കളയണമെന്നും’ പൗലോസ് തിമൊഥെയൊസിനോടു പറഞ്ഞു. (1 തിമൊ. 1:3, 4; 4:7) ഇങ്ങനെ ചിന്തിക്കുക, ഒരു കൊച്ചുകുട്ടി തറയിൽ കിടക്കുന്ന സാധനമെടുത്ത് വായിൽ വെച്ചേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നതിന്റെ അപകടം അറിയാവുന്ന ഒരു മുതിർന്ന വ്യക്തി ഒരിക്കലും അതു ചെയ്യില്ല. അതുപോലെ വ്യാജവാർത്തകളുടെ ഉറവിടം അറിയാവുന്നതുകൊണ്ട് നമ്മളും അവ തള്ളിക്കളയുന്നു. പകരം, ‘പ്രയോജനകരമായ വാക്കുകൾക്കു’ മാത്രം ശ്രദ്ധ കൊടുക്കും.—2 തിമൊഥെയൊസ് 1:13 വായിക്കുക.
18. യഹോവയുടെ സംഘടനയെ വിശ്വസിക്കുന്നുണ്ട് എന്നു നമുക്ക് എങ്ങനെ കാണിക്കാം?
18 നമ്മുടെ സംഘടന യേശുവിനെ അനുകരിക്കുന്ന പല വിധങ്ങളുണ്ട്. അതിൽ മൂന്ന് എണ്ണമാണ് നമ്മൾ ചിന്തിച്ചത്. ബൈബിൾ പഠിക്കുമ്പോൾ, ദൈവത്തിന്റെ സംഘടന യേശുവിന്റെ മാതൃക പിൻപറ്റുന്ന മറ്റു വിധങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. സംഘടനയിലുള്ള വിശ്വാസം വളർത്താൻ നിങ്ങളുടെ സഭയിലുള്ളവരെ സഹായിക്കുക. യഹോവയെ വിശ്വസ്തമായി സേവിക്കുകയും തന്റെ ഇഷ്ടം നിറവേറ്റാൻ യഹോവ ഉപയോഗിക്കുന്ന സംഘടനയോടു പറ്റിനിൽക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ വിശ്വാസവും വിലമതിപ്പും തുടർന്നും പ്രകടമാക്കുക. (സങ്കീ. 37:28) വിശ്വസ്തമായി യഹോവയെ സേവിക്കുന്നവരോടൊപ്പം ആയിരിക്കാനുള്ള അവസരത്തെ നമുക്ക് എന്നും വിലപ്പെട്ടതായി കാണാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
ഏതെല്ലാം വിധങ്ങളിലാണു ദൈവജനം യേശുവിനെ അനുകരിക്കുന്നത്?
-
യഹോവയുടെ സംഘടനയിൽ വിശ്വസിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ കാണിക്കാം?
-
വ്യാജവാർത്തകൾ കേൾക്കാൻ ഇടയായാൽ നമ്മൾ എന്തു ചെയ്യണം?
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
a യഹോവ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നു! എന്ന പുസ്തകത്തിന്റെ 102, 103 പേജുകളിലുള്ള “എന്തുകൊണ്ട് 1919?” എന്ന ചതുരം കാണുക.
b ചിത്രത്തിന്റെ വിവരണം: പരസ്യസാക്ഷീകരണത്തിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് മൂപ്പന്മാർ ചർച്ച ചെയ്യുന്നു, പരസ്യസാക്ഷീകരണത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷയ്ക്കുവേണ്ടി മതിലിനോടു ചേർന്നുനിൽക്കണമെന്ന, മൂപ്പന്മാർ ചർച്ച ചെയ്ത ആ നിർദേശം ഗ്രൂപ്പ് മേൽവിചാരകൻ പ്രചാരകരോടു പറയുന്നു.