പഠനലേഖനം 2
ഗീതം 19 കർത്താവിന്റെ അത്താഴം
ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിനായി നിങ്ങൾ തയ്യാറായോ?
“എന്റെ ഓർമയ്ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”—ലൂക്കോ. 22:19.
ഉദ്ദേശ്യം
സ്മാരകാചരണം വളരെ പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തുകൊണ്ടാണെന്നും നമുക്ക് അതിനായി എങ്ങനെ ഒരുങ്ങാമെന്നും അതിൽ പങ്കെടുക്കാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാമെന്നും പഠിക്കാം.
1. സ്മാരകം വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കുന്നത് എന്തുകൊണ്ട്? (ലൂക്കോസ് 22:19, 20)
യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന ദിവസം, വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ദൈവജനം കാണുന്നു. കാരണം തന്റെ അനുഗാമികളോട് യേശു ആചരിക്കാൻ പ്രത്യേകം എടുത്തുപറഞ്ഞ ഒരേയൊരു കാര്യം ഇതു മാത്രമാണ്. (ലൂക്കോസ് 22:19, 20 വായിക്കുക.) സ്മാരകാചരണത്തിനായി നമ്മൾ ഇത്ര ആകാംക്ഷയോടെ നോക്കിയിരിക്കാൻ പല കാരണങ്ങളുണ്ട്. അവയിൽ ചിലതു നോക്കാം.
2. സ്മാരകാചരണത്തിനായി നമ്മൾ നോക്കിയിരിക്കുന്നതിന്റെ ചില കാരണങ്ങൾ എന്തൊക്കെയാണ്?
2 മോചനവിലയുടെ മൂല്യത്തെക്കുറിച്ച് ചിന്തിക്കാൻ സ്മാരകാചരണം നമ്മളെ സഹായിക്കുന്നു. യേശുവിന്റെ ബലിയോട് എങ്ങനെയൊക്കെ വിലമതിപ്പു കാണിക്കാനാകുമെന്ന് അന്നു നമ്മൾ പഠിക്കും. (2 കൊരി. 5:14, 15) ആ ദിവസം സഹോദരങ്ങളുമൊത്ത് കൂടിവരുമ്പോൾ ‘പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള’ അവസരവും അതു തരുന്നു. (റോമ. 1:12) ഓരോ വർഷവും നിഷ്ക്രിയരായ ഒരുപാടു പേർ സ്മാരകത്തിനു വരാറുണ്ട്. അവിടെ വരുമ്പോൾ സഹോദരങ്ങൾ അവരോടു കാണിക്കുന്ന സ്നേഹം യഹോവയിലേക്കു തിരികെ വരാൻപോലും ചിലരെ സഹായിച്ചിരിക്കുന്നു. അതുപോലെ താത്പര്യക്കാരായ ആളുകളും വരാറുണ്ട്. അവിടെ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങൾ ജീവന്റെ വഴിയിലൂടെയുള്ള യാത്ര ആരംഭിക്കാൻ പലരെയും പ്രചോദിപ്പിക്കുന്നു. ഇതുകൊണ്ടൊക്കെയല്ലേ സ്മാരകാചരണം നമ്മുടെ ഹൃദയത്തോടു വളരെ ചേർന്നുനിൽക്കുന്നത്?
3. സ്മാരകദിവസം ലോകമെങ്ങുമുള്ള ദൈവജനം ഐക്യത്തോടെ പ്രവർത്തിക്കുന്നത് എങ്ങനെയാണ്? (ചിത്രവും കാണുക.)
3 ഇതെക്കുറിച്ചും ചിന്തിക്കുക: ലോകത്ത് എവിടെയായാലും യഹോവയുടെ ജനം സ്മാരകദിവസം ഐക്യത്തോടെ അതിനായി പ്രവർത്തിക്കും. സൂര്യൻ അസ്തമിക്കുന്നതനുസരിച്ച് ഭൂമിയുടെ പല ഭാഗങ്ങളിൽ അവർ സ്മാരകത്തിനായി ഒത്തുകൂടും. മോചനവിലയുടെ പ്രാധാന്യം എടുത്തുപറയുന്ന ഒരു പ്രസംഗം നമ്മളെല്ലാം കേൾക്കും. രണ്ടു സ്തുതിഗീതങ്ങൾ പാടും. സ്മാരകചിഹ്നങ്ങൾ കൈമാറും. നാലു പ്രാർഥനകൾക്ക് ഏകസ്വരത്തിൽ “ആമേൻ” പറയും. 24 മണിക്കൂറിനുള്ളിൽ എല്ലാ സഭകളും ഇതേ രീതിയിൽ സ്മാരകം ആചരിച്ചിട്ടുണ്ടാകും. ഇങ്ങനെ ദൈവജനം ഐക്യത്തോടെ തങ്ങളെ ആദരിക്കുന്നത് കാണുമ്പോൾ യഹോവയ്ക്കും യേശുവിനും ഉണ്ടാകുന്ന സന്തോഷം നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ?
4. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
4 ഈ ലേഖനത്തിൽ നമ്മൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും: സ്മാരകാചരണത്തിനായി നമ്മുടെ ഹൃദയത്തെ എങ്ങനെ ഒരുക്കാം? അതിൽനിന്ന് പ്രയോജനം നേടാൻ താത്പര്യക്കാരെ നമുക്ക് എങ്ങനെ സഹായിക്കാം? നിഷ്ക്രിയരായവരെ സഹായിക്കാൻ എന്തു ചെയ്യാം? ഇവയ്ക്കുള്ള ഉത്തരം കണ്ടെത്തുന്നത് ആ സുപ്രധാന ദിവസത്തിനായി ഒരുങ്ങാൻ നിങ്ങളെ സഹായിക്കും.
സ്മാരകത്തിനായി നമ്മുടെ ഹൃദയത്തെ എങ്ങനെ ഒരുക്കാം?
5. (എ) മോചനവിലയുടെ മൂല്യത്തെക്കുറിച്ച് നമ്മൾ ചിന്തിക്കേണ്ടത് എന്തുകൊണ്ട്? (സങ്കീർത്തനം 49:7, 8) (ബി) യേശു മരിച്ചത് എന്തിനാണ്? എന്ന വീഡിയോയിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
5 ഹൃദയത്തെ ഒരുക്കാൻ നമുക്കു ചെയ്യാനാകുന്ന പ്രധാനപ്പെട്ട ഒരു കാര്യം യേശുവിന്റെ മോചനവിലയുടെ മൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നതാണ്. നമുക്ക് ഒരിക്കലും തനിയെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചനം നേടാൻ കഴിയില്ല. (സങ്കീർത്തനം 49:7, 8 വായിക്കുക; യേശു മരിച്ചത് എന്തിനാണ്? എന്ന വീഡിയോയും കാണുക.) a അതുകൊണ്ടാണ് യഹോവ നമ്മളെ രക്ഷിക്കാൻ തന്റെ പ്രിയമകനെ നൽകിയത്. അതിനുവേണ്ടി യഹോവയും യേശുവും വലിയ വിലതന്നെയാണ് കൊടുത്തത്. (റോമ. 6:23) അവർ ചെയ്ത ത്യാഗങ്ങളെക്കുറിച്ച് എത്രയധികം ചിന്തിക്കുന്നോ അത്രയധികം മോചനവിലയോടുള്ള നമ്മുടെ വിലമതിപ്പു കൂടും. ഈ ലേഖനത്തിൽ, നമുക്കുവേണ്ടി യഹോവയും യേശുവും ചെയ്ത ചില ത്യാഗങ്ങളെക്കുറിച്ച് നമ്മൾ പഠിക്കും. എന്നാൽ അതിനു മുമ്പ് മോചനവിലയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു നോക്കാം.
6. മോചനവിലയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
6 മോചനവില എന്നാൽ എന്തെങ്കിലും തിരികെ വാങ്ങാൻ കൊടുക്കുന്ന വിലയാണ്. ആദ്യമനുഷ്യനായ ആദാമിനെ യഹോവ സൃഷ്ടിച്ചതു പൂർണനായിട്ടാണ്. എന്നാൽ പാപം ചെയ്തുകൊണ്ട് എന്നേക്കും ജീവിക്കാനുള്ള അവകാശം ആദാം നഷ്ടപ്പെടുത്തി; തന്റെ മാത്രമല്ല തന്റെ മക്കളുടെയും. ആദാം നഷ്ടപ്പെടുത്തിയ ഈ ജീവിതം തിരികെ വാങ്ങാനാണു യേശു പൂർണതയുള്ള സ്വന്തം ജീവൻ ബലിയായി നൽകിയത്. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ “പാപം ചെയ്തില്ല; ക്രിസ്തുവിന്റെ വായിൽ വഞ്ചനയൊന്നുമുണ്ടായിരുന്നതുമില്ല.” (1 പത്രോ. 2:22) അതുകൊണ്ടുതന്നെ മരിക്കുന്ന സമയത്ത് യേശുവിന്റെ പൂർണതയുള്ള ജീവന് ആദാം നഷ്ടപ്പെടുത്തിയ ജീവന്റെ അതേ മൂല്യമുണ്ടായിരുന്നു.—1 കൊരി. 15:45; 1 തിമൊ. 2:6.
7. ഭൂമിയിൽ ആയിരുന്നപ്പോൾ യേശുവിനുണ്ടായ ചില പരീക്ഷണങ്ങൾ എന്തൊക്കെയാണ്?
7 ഭൂമിയിലായിരുന്നപ്പോൾ പല തരത്തിലുള്ള പരീക്ഷണങ്ങൾ ഉണ്ടായിട്ടും യേശു തന്റെ സ്വർഗീയപിതാവിനെ എല്ലായ്പോഴും അനുസരിച്ചു. പൂർണനായ ഒരു കുട്ടി ആയിരുന്നെങ്കിലും അപൂർണരായ തന്റെ മാതാപിതാക്കൾക്കു യേശു മനസ്സോടെ കീഴ്പെടേണ്ടതുണ്ടായിരുന്നു. (ലൂക്കോ. 2:51) കൗമാരത്തിലെത്തിയപ്പോൾ അനുസരണക്കേടോ അവിശ്വസ്തതയോ കാണിക്കാനുള്ള പ്രലോഭനങ്ങളെ യേശുവിനു ചെറുക്കേണ്ടിവന്നിട്ടുണ്ടാകും. ഇനി മുതിർന്നശേഷം സാത്താനിൽനിന്നുള്ള പ്രലോഭനങ്ങൾ യേശുവിനു നേരിടേണ്ടിവന്നു. യഹോവയോടുള്ള വിശ്വസ്തത തകർക്കാൻ സാത്താന്റെ നേരിട്ടുള്ള ആക്രമണങ്ങൾപോലും ഉണ്ടായി. (മത്താ. 4:1-11) യേശുവിനെക്കൊണ്ട് പാപം ചെയ്യിക്കാനും അങ്ങനെ മോചനവിലയെന്ന ക്രമീകരണം തകർത്തുകളയാനും സാത്താൻ കിണഞ്ഞുശ്രമിച്ചു.
8. വേറെ ഏതെല്ലാം പരീക്ഷണങ്ങളാണു യേശുവിനുണ്ടായത്?
8 ഭൂമിയിലെ ശുശ്രൂഷയുടെ സമയത്ത് യേശുവിനു വേറെയും പരീക്ഷണങ്ങൾ നേരിട്ടു. ശത്രുക്കൾ യേശുവിനെ ഉപദ്രവിക്കാനും കൊല്ലാനും നോക്കി. (ലൂക്കോ. 4:28, 29; 13:31) തന്റെ അനുഗാമികളുടെ അപൂർണതകളുമായി യേശുവിന് ഒത്തുപോകേണ്ടിവന്നു. (മർക്കോ. 9:33, 34) വിചാരണയുടെ സമയത്ത് യേശുവിനെ അവർ ക്രൂരമായി ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇനി അങ്ങേയറ്റം വേദന സഹിച്ചാണ് യേശു മരിച്ചത്; അതും ഒരു കുറ്റവാളിയെപ്പോലെ. (എബ്രാ. 12:1-3) ദണ്ഡനസ്തംഭത്തിലായിരുന്നപ്പോൾ, യഹോവയുടെ പ്രത്യേക സംരക്ഷണമില്ലാതിരുന്നതുകൊണ്ട് യേശുവിന് ഒറ്റയ്ക്ക് ഒരുപാട് സഹിക്കേണ്ടിവന്നു. b—മത്താ. 27:46.
9. യേശുവിന്റെ ബലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് എന്താണു തോന്നുന്നത്? (1 പത്രോസ് 1:8)
9 മോചനവില നൽകുന്നതിനുവേണ്ടി യേശു എന്തെല്ലാമാണു സഹിച്ചത്! യേശു മനസ്സോടെ ചെയ്ത ആ ത്യാഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ ഉള്ളിൽ സ്നേഹവും വിലമതിപ്പും നിറയുന്നില്ലേ?—1 പത്രോസ് 1:8 വായിക്കുക.
10. മോചനവിലയ്ക്കായി യഹോവ എന്തു ത്യാഗമാണു ചെയ്തത്?
10 യേശുവിന്റെ മോചനവിലയോടു ബന്ധപ്പെട്ട് യഹോവ എന്തു ത്യാഗമാണു ചെയ്തത്? ഏതൊരു അപ്പനും മകനും തമ്മിലുള്ള ബന്ധത്തെക്കാളും വളരെ ശക്തമായ ബന്ധം യഹോവയും യേശുവും തമ്മിലുണ്ട്. (സുഭാ. 8:30) അങ്ങനെയെങ്കിൽ തന്റെ പ്രിയമകൻ ഭൂമിയിൽ ഇത്രയധികം വേദന സഹിക്കുന്നതു കണ്ടപ്പോൾ യഹോവയ്ക്ക് എന്തായിരിക്കും തോന്നിയത് എന്നു ചിന്തിക്കുക. അവനെ ആളുകൾ ഉപദ്രവിക്കുന്നു, ക്രൂരമായി കൊല്ലുന്നു. യഹോവയുടെ മനസ്സിനെ അത് എത്രമാത്രം വേദനിപ്പിച്ചുകാണുമല്ലേ?
11. യേശു കൊല്ലപ്പെട്ടപ്പോൾ യഹോവയ്ക്കു തോന്നിയ വേദന മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ദൃഷ്ടാന്തം പറയുക.
11 ഒരു മകനെയോ മകളെയോ മരണത്തിൽ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ആ വേദനയുടെ ആഴം മനസ്സിലാകും. കാര്യം നമുക്ക് പുനരുത്ഥാനത്തിൽ ശക്തമായ വിശ്വാസമുണ്ടെങ്കിലും അതൊരിക്കലും പ്രിയപ്പെട്ടവരെ നഷ്ടമായതിന്റെ വേദന ഇല്ലാതാക്കുന്നില്ല. ഇത് യഹോവയുടെ സാഹചര്യം മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. തന്റെ മകനെ പുനരുത്ഥാനപ്പെടുത്താനാകുമെന്ന് അറിയാമായിരുന്നെങ്കിലും യേശു കഷ്ടത അനുഭവിച്ച് മരിച്ച ആ നീസാൻ 14-ന് യഹോവ കടന്നുപോയത് വലിയ വേദനയിലൂടെത്തന്നെയാണ്. c—മത്താ. 3:17.
12. സ്മാരകാചരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ നമുക്ക് എന്തൊക്കെ ചെയ്യാൻ ശ്രമിക്കാം?
12 സ്മാരകാചരണത്തിനു മുമ്പുള്ള ഈ ദിവസങ്ങളിൽ മോചനവിലയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചുകൂടേ? വ്യക്തിപരമായ പഠനത്തിന്റെയോ കുടുംബാരാധനയുടെയോ ഭാഗമായി നിങ്ങൾക്ക് അതു ചെയ്യാൻ കഴിയും. ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയും മറ്റു പഠനോപകരണങ്ങളും ഉപയോഗിക്കാം. d ഇനി, നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായിയിൽ സ്മാരക ബൈബിൾവായനാ പട്ടികയുണ്ട്. ആ ഭാഗങ്ങൾ വായിക്കുക. സ്മാരകദിവസത്തെ പ്രത്യേക പ്രഭാതാരാധന കാണാനും മറന്നുപോകരുത്. ആ ദിവസത്തിനായി നമ്മൾ ഇങ്ങനെയെല്ലാം ഹൃദയത്തെ ഒരുക്കുന്നെങ്കിൽ അതിൽനിന്ന് പ്രയോജനം നേടാൻ നമുക്കു മറ്റുള്ളവരെ സഹായിക്കാനുമാകും.—എസ്ര 7:10.
താത്പര്യക്കാരെ സഹായിക്കുക
13. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ആദ്യപടി എന്താണ്?
13 സ്മാരകാചരണത്തിൽനിന്ന് പ്രയോജനം നേടാൻ നമുക്ക് എങ്ങനെ മറ്റുള്ളവരെ സഹായിക്കാം? അതിനുള്ള ആദ്യപടി അവരെ സ്മാരകത്തിനു ക്ഷണിക്കുക എന്നതാണ്. ശുശ്രൂഷയിൽ കണ്ടുമുട്ടിയ ആളുകളെ നമ്മൾ ക്ഷണിക്കും. എന്നാൽ അതോടൊപ്പം നമ്മുടെ ബന്ധുക്കളുടെയോ കൂടെ ജോലി ചെയ്യുന്നവരുടെയോ സഹപാഠികളുടെയോ മറ്റുള്ളവരുടെയോ ഒക്കെ ഒരു ലിസ്റ്റ് ഉണ്ടാക്കി അവരെയും ക്ഷണിക്കാം. നമ്മുടെ കൈയിൽ അച്ചടിച്ച ക്ഷണക്കത്തുകൾ ആവശ്യത്തിന് ഇല്ലെങ്കിൽ ഇലക്ട്രോണിക് പതിപ്പിന്റെ ഒരു ലിങ്ക് അയച്ചുകൊടുക്കുക. നിങ്ങളെ അതിശയിപ്പിച്ചുകൊണ്ട് പലരും അതിനോടു നന്നായി പ്രതികരിച്ചേക്കാം!—സഭാ. 11:6.
14. വ്യക്തിപരമായി ക്ഷണിക്കുന്നതിന്റെ പ്രാധാന്യം ഒരു ഉദാഹരണത്തിലൂടെ പറയുക.
14 വ്യക്തിപരമായി ഒരാളെ ക്ഷണിച്ചാൽ അതിനു വലിയ ഫലമുണ്ടായേക്കാം. ഒരു അനുഭവം നോക്കാം. ഒരു സഹോദരിയുടെ ഭർത്താവ് അവിശ്വാസിയാണ്. സഹോദരി പല തവണ അദ്ദേഹത്തെ സ്മാരകത്തിനു വിളിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും വന്നിട്ടില്ല. എന്നാൽ ഒരു പ്രാവശ്യം അദ്ദേഹം സഹോദരിയോട്, താൻ സ്മാരകത്തിനു വരുന്നുണ്ടെന്നു പറഞ്ഞു. എന്തായിരുന്നു കാരണം? അദ്ദേഹം സഹോദരിയോടു പറഞ്ഞു: “എന്നെ ഒരാൾ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്.” അദ്ദേഹത്തിനു പരിചയമുള്ള ഒരു മൂപ്പൻ അദ്ദേഹത്തെ പരിപാടിക്കു ക്ഷണിച്ചിരുന്നു. ആ വർഷവും പിന്നീടുള്ള വർഷങ്ങളിലും ആ ഭർത്താവ് സ്മാരകത്തിനു ഹാജരായി.
15. ആളുകളെ സ്മാരകത്തിനു ക്ഷണിക്കുമ്പോൾ നമ്മൾ ഏതു കാര്യം മനസ്സിൽപ്പിടിക്കണം?
15 നമ്മൾ ക്ഷണിക്കുന്ന പലരും ആദ്യമായിട്ടായിരിക്കും നമ്മുടെ ഒരു പരിപാടിക്കു വരുന്നത്. അതുകൊണ്ടുതന്നെ അവരുടെ മനസ്സിൽ പല ചോദ്യങ്ങളുണ്ടാകും. അത് എന്തൊക്കെയായിരിക്കുമെന്നു ചിന്തിച്ച് അതിന് ഉത്തരം കൊടുക്കാൻ തയ്യാറായിരിക്കുക. (കൊലോ. 4:6) ഉദാഹരണത്തിന്, ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘അവിടെ എന്താണു നടക്കുന്നത്?’ ‘അത് എത്ര നേരമുണ്ടാകും?’ ‘ഏതെങ്കിലും പ്രത്യേകതരം വസ്ത്രം ധരിക്കണോ?’ ‘പ്രവേശനഫീസ് ഉണ്ടോ?’ ‘പണപ്പിരിവ് ഉണ്ടായിരിക്കുമോ?’ ഒരാളെ സ്മാരകത്തിനു ക്ഷണിക്കുമ്പോൾ “നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ” എന്ന് അവരോടു നേരിട്ട് ചോദിക്കാം. ആ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുമ്പോൾ യേശുവിന്റെ മരണം ഓർമിക്കുക, രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്നീ വീഡിയോകൾ ഉപയോഗിക്കാം. അത് നമ്മുടെ മീറ്റിങ്ങുകളെക്കുറിച്ച് മനസ്സിലാക്കാൻ അവരെ സഹായിക്കും. ഇനി, ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 28-ാം പാഠത്തിൽ നമുക്ക് അവരോടു പറയാൻ പറ്റുന്ന കുറെ നല്ല ആശയങ്ങളുണ്ട്.
16. സ്മാരകാചരണത്തിനു വന്നവരുടെ മനസ്സിൽ മറ്റ് ഏതൊക്കെ ചോദ്യങ്ങൾ ഉണ്ടാകാം?
16 സ്മാരകത്തിൽ പങ്കെടുത്തുകഴിഞ്ഞും താത്പര്യക്കാരുടെ മനസ്സിൽ പല ചോദ്യങ്ങളുണ്ടാകും. എന്തുകൊണ്ടാണ് തീരെ കുറച്ചുപേർ മാത്രം അപ്പവും വീഞ്ഞും കഴിച്ചത്, അല്ലെങ്കിൽ എന്തുകൊണ്ടാണ് ആരുംതന്നെ കഴിക്കാതിരുന്നത് എന്ന് അവർ ചിന്തിച്ചേക്കാം. എത്ര കൂടെക്കൂടെ ഈ സ്മാരകം ആചരിക്കാറുണ്ട്, യഹോവയുടെ സാക്ഷികളുടെ എല്ലാ മീറ്റിങ്ങുകളും ഈ രീതിയിൽത്തന്നെയാണോ എന്നൊക്കെ അവർ ചോദിച്ചേക്കാം. സ്മാരകദിവസത്തെ പ്രസംഗത്തിൽ ഇതിലെ പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്നുണ്ടെങ്കിലും പുതിയവരായ ആളുകൾക്ക് കുറച്ചുകൂടി വിശദീകരിച്ച് കൊടുക്കേണ്ടിവന്നേക്കാം. JW.ORG-ലെ “യഹോവയുടെ സാക്ഷികൾ മറ്റ് മതങ്ങളിൽനിന്ന് വ്യത്യസ്തമായി കർത്താവിന്റെ അത്താഴം ആചരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം അതിനു നിങ്ങളെ സഹായിക്കും. അതുകൊണ്ട് സ്മാരകാചരണത്തിൽനിന്ന് പ്രയോജനം നേടാൻ ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ നമുക്കു പരമാവധി സഹായിക്കാം. അതിനായി സ്മാരകാചരണത്തിനു മുമ്പും ആചരണത്തിന്റെ സമയത്തും അതിനു ശേഷവും നമുക്ക് ഉത്സാഹത്തോടെ പ്രവർത്തിക്കാം.—പ്രവൃ. 13:48
നിഷ്ക്രിയരായവരെ സഹായിക്കുക
17. നിഷ്ക്രിയരായവരെ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം? (യഹസ്കേൽ 34:12, 16)
17 നിഷ്ക്രിയരായവരെ സ്മാരകകാലത്ത് മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം? അവർക്കു പ്രത്യേകശ്രദ്ധ കൊടുത്തുകൊണ്ട്. (യഹസ്കേൽ 34:12, 16 വായിക്കുക.) സ്മാരകത്തിനു മുമ്പ് കഴിയുന്നത്ര നിഷ്ക്രിയരെ ബന്ധപ്പെടാൻ ശ്രമിക്കുക. അവർ നിങ്ങൾക്കു പ്രിയപ്പെട്ടവരാണെന്നും അവരെ പരമാവധി സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഉറപ്പുകൊടുക്കുക. എന്നിട്ട് സ്മാരകത്തിനു ക്ഷണിക്കുക. അവർ സ്മാരകത്തിനു വന്നാൽ അവരെ ഹൃദ്യമായി സ്വാഗതം ചെയ്യണം. സ്മാരകം കഴിഞ്ഞാലും നമ്മുടെ ഈ പ്രിയസഹോദരങ്ങളെ മറന്നുകളയരുത്. യഹോവയിലേക്കു തിരികെവരാൻ അവർക്ക് ആവശ്യമായ ആത്മീയസഹായം കൊടുക്കുക.—1 പത്രോ. 2:25.
18. നിഷ്ക്രിയരായവരെ സഹായിക്കാൻ നമുക്കെല്ലാം എന്തു ചെയ്യാം? (റോമർ 12:10)
18 സഭയിലുള്ള മറ്റുള്ളവർക്കും സ്മാരകത്തിനു വരുന്ന നിഷ്ക്രിയരെ സഹായിക്കാനാകും. എങ്ങനെ? അവരോടു സ്നേഹത്തോടെയും ദയയോടെയും ആദരവോടെയും ഇടപെട്ടുകൊണ്ട്. (റോമർ 12:10 വായിക്കുക.) നമ്മുടെ പ്രിയപ്പെട്ട ഈ സഹോദരങ്ങൾക്കു വീണ്ടും മീറ്റിങ്ങിനു വരാൻ മടി തോന്നിയേക്കാം. തങ്ങളോടു സഹോദരങ്ങൾ എങ്ങനെ ഇടപെടും എന്ന പേടിയോടെ ആയിരിക്കും അവർ സ്മാരകത്തിനു വരുന്നതുതന്നെ. e അതുകൊണ്ട് അവർക്കു ബുദ്ധിമുട്ടോ വേദനയോ ഉണ്ടാക്കുന്ന എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യരുത്. (1 തെസ്സ. 5:11) യഹോവയുടെ ആട്ടിൻകൂട്ടത്തിലെ ഈ പ്രിയസഹോദരങ്ങൾ നമ്മുടെ സഹവിശ്വാസികളാണ്. അവരോടൊപ്പം വീണ്ടും യഹോവയെ ആരാധിക്കുന്നത് എത്ര സന്തോഷം തരുമല്ലേ!—സങ്കീ. 119:176; പ്രവൃ. 20:35.
19. യേശുവിന്റെ മരണം ഓർമിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണ്?
19 എല്ലാ വർഷവും തന്റെ മരണത്തിന്റെ ഓർമ ആചരിക്കാൻ യേശു പറഞ്ഞത് ഒരു അനുഗ്രഹമാണെന്നു നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നില്ലേ? നമ്മൾ സ്മാരകം ആചരിക്കുമ്പോൾ നമുക്കുതന്നെയും മറ്റുള്ളവർക്കും പല പ്രയോജനങ്ങളും കിട്ടുന്നു. (യശ. 48:17, 18) യഹോവയോടും യേശുവിനോടും ഉള്ള നമ്മുടെ സ്നേഹം കൂടുന്നു. അവർ നമുക്കുവേണ്ടി ചെയ്ത ത്യാഗങ്ങളോടുള്ള വിലമതിപ്പു നമുക്കു കാണിക്കാനാകുന്നു. ഇനി, സഹവിശ്വാസികളുമായുള്ള ബന്ധം ശക്തമാകുന്നു. മോചനവിലയിലൂടെ സാധ്യമാകുന്ന അനുഗ്രഹങ്ങൾ നേടാൻ മറ്റുള്ളവരെ സഹായിക്കാനുമാകുന്നു. അതുകൊണ്ട് പ്രിയസഹോദരങ്ങളേ, നമുക്ക് ഒരുങ്ങിയിരിക്കാം—ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട ആ ദിവസത്തിനായി!
നമുക്ക് എങ്ങനെ . . .
-
സ്മാരകത്തിനായി നമ്മുടെ ഹൃദയത്തെ ഒരുക്കാം?
-
അതിൽനിന്ന് പ്രയോജനം നേടാൻ താത്പര്യക്കാരെ സഹായിക്കാം?
-
നിഷ്ക്രിയരായവരെ സഹായിക്കാം?
ഗീതം 18 മോചനവിലയ്ക്കു നന്ദിയുള്ളവർ
a ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന വീഡിയോകളും ലേഖനങ്ങളും കാണാൻ jw.org-ലെ തിരയുക എന്ന സവിശേഷത ഉപയോഗിക്കുക.
b 2021 ഏപ്രിൽ ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ലേഖനം കാണുക.
d “ ഗവേഷണത്തിനുള്ള വിഷയങ്ങൾ” എന്ന ചതുരം കാണുക.
e ചിത്രങ്ങളും “ സഭ എങ്ങനെ പ്രതികരിച്ചു?” എന്ന ചതുരവും കാണുക. നിഷ്ക്രിയനായ ഒരു സഹോദരൻ രാജ്യഹാളിലേക്കു വരാൻ മടിച്ചുനിൽക്കുന്നു. എന്നാൽ ധൈര്യം സംഭരിച്ച് അദ്ദേഹം അകത്തേക്കു വന്നപ്പോൾ സഹോദരങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ സ്വാഗതം ചെയ്തു. സഹോദരങ്ങളുമായി അദ്ദേഹം സഹവാസം ആസ്വദിക്കുന്നു.
f ചിത്രത്തിന്റെ വിവരണം: ഭൂമിയുടെ ഒരു ഭാഗത്ത് യഹോവയുടെ ജനം സ്മാരകം ആചരിക്കുമ്പോൾ മറ്റു ഭാഗങ്ങളിൽ സഹോദരങ്ങൾ ഈ പ്രത്യേക ആചരണത്തിനായി തയ്യാറെടുക്കുന്നു.