നിങ്ങൾക്ക് അറിയാമോ?
ഫിലിപ്പോസ് വന്ന സമയത്ത് ഷണ്ഡൻ യാത്ര ചെയ്തിരുന്ന രഥം എങ്ങനെയുള്ളതായിരുന്നു?
പുതിയ ലോക ഭാഷാന്തരത്തിൽ “രഥം” എന്നു പരിഭാഷ ചെയ്തിരിക്കുന്ന മൂലഭാഷാപദത്തിന്, പല വലുപ്പത്തിലും രൂപത്തിലും ഉള്ള രഥങ്ങളെ അർഥമാക്കാനാകും. (പ്രവൃ. 8:28, 29, 38) എന്നാൽ എത്യോപ്യക്കാരൻ യാത്ര ചെയ്തിരുന്നത് യുദ്ധത്തിനോ മത്സരയോട്ടത്തിനോ ഉപയോഗിച്ചിരുന്ന രഥത്തെക്കാളും വലുപ്പംകൂടിയ ഒന്നിലായിരിക്കാം. അങ്ങനെ പറയാനുള്ള ചില കാരണങ്ങൾ ഇതാണ്:
വളരെ ദൂരം യാത്ര ചെയ്ത ഒരു ഉന്നതാധികാരിയായിരുന്നു ഈ എത്യോപ്യക്കാരൻ. “എത്യോപ്യക്കാരുടെ രാജ്ഞിയായ കന്ദക്കയുടെ കീഴിലുള്ള” ഈ ഉദ്യോഗസ്ഥൻ “രാജ്ഞിയുടെ ധനകാര്യവിചാരകനായിരുന്നു.” (പ്രവൃ. 8:27) പുരാതന എത്യോപ്യയിൽ, ഇന്നത്തെ സുഡാനും ആധുനിക ഈജിപ്തിന്റെ തെക്കേ അറ്റവും ഉൾപ്പെട്ടിരുന്നു. അദ്ദേഹം തന്റെ യാത്ര മുഴുവൻ നടത്തിയത് ഒരേ വാഹനത്തിൽത്തന്നെ ആയിരിക്കാൻ സാധ്യതയില്ലെങ്കിലും ഈ നീണ്ട യാത്രയ്ക്കുവേണ്ട ധാരാളം സാധനങ്ങൾ അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നിരിക്കാം. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ യാത്രക്കാരെ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന രഥങ്ങളിൽ ചിലത് നാലു ചക്രങ്ങളുള്ള, മുകൾഭാഗം മൂടിക്കെട്ടിയ രഥങ്ങളായിരുന്നു. “അത്തരം വണ്ടികളിൽ കൂടുതൽ സാധനങ്ങൾ കയറ്റാനും സുഖകരമായി യാത്ര ചെയ്യാനും പറ്റിയിരുന്നു. അതുകൊണ്ടുതന്നെ അതിൽ ആളുകൾക്കു കൂടുതൽ ദൂരം പോകാൻ സാധിച്ചിട്ടുണ്ടാകണം” എന്ന് പ്രവൃത്തികൾ—ഒരു സ്പഷ്ടമായ വ്യാഖ്യാനം എന്ന പുസ്തകം പറയുന്നു.
ഫിലിപ്പോസ് വരുന്ന സമയത്ത് എത്യോപ്യക്കാരൻ വായിക്കുകയായിരുന്നു. വിവരണം പറയുന്നത്, “ഫിലിപ്പോസ് രഥത്തിന് അടുത്തേക്ക് ഓടിയെത്തിയപ്പോൾ ഷണ്ഡൻ യശയ്യ പ്രവാചകന്റെ പുസ്തകം ഉറക്കെ വായിക്കുന്നതു കേട്ടു” എന്നാണ്. (പ്രവൃ. 8:30) യാത്രക്കാരെ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന രഥങ്ങൾ പൊതുവേ വേഗത്തിൽ ഓടിക്കുന്നവയായിരുന്നില്ല. ഇങ്ങനെ പതിയെപ്പോകുന്ന ഒരു രഥം ആയിരുന്നതുകൊണ്ടാണ് എത്യോപ്യക്കാരന് അതിനുള്ളിൽ ഇരുന്ന് വായിക്കാനും ഫിലിപ്പോസിന് രഥത്തിനൊപ്പം ഓടിയെത്താനും പറ്റിയത്.
എത്യോപ്യക്കാരൻ, “രഥത്തിലേക്കു കയറി തന്റെകൂടെ ഇരിക്കാൻ ഫിലിപ്പോസിനെ ക്ഷണിച്ചു.” (പ്രവൃ. 8:31) സാധാരണ, മത്സരത്തിന് ഉപയോഗിക്കുന്ന രഥത്തിൽ ഒരാൾക്കു നിൽക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ യാത്രക്കാർക്കുള്ള രഥത്തിൽ ഷണ്ഡനും ഫിലിപ്പോസിനും ഇരിക്കാനുള്ള സ്ഥലം ഉണ്ടായിട്ടുണ്ടാകും.
പ്രവൃത്തികൾ 8-ാം അധ്യായത്തിലെ വിവരണവും ചരിത്ര തെളിവുകളും വെച്ച് ഇപ്പോൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ എത്യോപ്യക്കാരന്റെ രഥം കാണിക്കുമ്പോൾ യുദ്ധത്തിനോ മത്സരയോട്ടത്തിനോ ഉപയോഗിക്കുന്ന ചെറിയ രഥത്തെക്കാളും വലുപ്പമുള്ളവയാണ് നമ്മൾ കാണിക്കാറുള്ളത്.