പഠനലേഖനം 3
ഗീതം 124 എന്നും വിശ്വസ്തൻ
പ്രയാസസാഹചര്യങ്ങളിൽ യഹോവ നിങ്ങളെ സഹായിക്കും
“നിന്റെ നാളുകൾക്കു സ്ഥിരത നൽകുന്നത് (യഹോവയാണ്).”—യശ. 33:6.
ഉദ്ദേശ്യം
പ്രയാസസാഹചര്യങ്ങളിൽ യഹോവ നൽകുന്ന സഹായം അനുഭവിച്ചറിയാൻ നമുക്ക് എന്തു ചെയ്യാമെന്നു നോക്കും.
1-2. യഹോവയുടെ വിശ്വസ്തദാസർ എങ്ങനെയുള്ള പ്രശ്നങ്ങൾ നേരിട്ടേക്കാം?
ഒറ്റ ദിവസംകൊണ്ട് നമ്മുടെ ജീവിതം ചിലപ്പോൾ കീഴ്മേൽ മറിഞ്ഞേക്കാം. ചില അനുഭവങ്ങൾ നോക്കാം. നമ്മുടെ ഒരു സഹോദരനായ ലൂയിസിന് a ഒരു അപൂർവതരം കാൻസറുണ്ടെന്നു കണ്ടെത്തി. ഇനി ഏതാനും മാസങ്ങളേ ജീവിച്ചിരിക്കൂ എന്നു ഡോക്ടർ അദ്ദേഹത്തോടു പറഞ്ഞു. മോണിക്ക സഹോദരിയും ഭർത്താവും ആത്മീയകാര്യങ്ങൾ വളരെ തിരക്കോടെ ചെയ്തുപോരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, മൂപ്പനായിരുന്ന തന്റെ ഭർത്താവ് വർഷങ്ങളായി ഒരു ഇരട്ടജീവിതം നയിക്കുകയായിരുന്നെന്നു സഹോദരി മനസ്സിലാക്കി. ഒലീവിയ എന്ന ഏകാകിനിയായ സഹോദരിക്ക്, ഒരു വലിയ കൊടുങ്കാറ്റു വരുന്നു എന്ന മുന്നറിയിപ്പിനെ തുടർന്ന് വീട് വിട്ടുപോകേണ്ടിവന്നു. തിരിച്ചെത്തിയപ്പോഴേക്കും സഹോദരിയുടെ വീട് കൊടുങ്കാറ്റു തകർത്തുകളഞ്ഞിരുന്നു. ഏതാനും നിമിഷങ്ങൾകൊണ്ടാണ് ഇവരുടെയെല്ലാം ജീവിതം മാറിമറിഞ്ഞത്. ഇതുപോലെ ജീവിതത്തെ പിടിച്ചുലച്ച എന്തെങ്കിലും നിങ്ങൾക്കു നേരിടേണ്ടിവന്നിട്ടുണ്ടോ?
2 നമ്മൾ യഹോവയുടെ വിശ്വസ്ത ദാസരാണെങ്കിലും, നമുക്കും മറ്റുള്ളവരെപ്പോലെ പ്രശ്നങ്ങളും രോഗങ്ങളും ഒക്കെ ഉണ്ടാകും. അതുകൂടാതെ, ദൈവജനമായതിന്റെ പേരിലുള്ള എതിർപ്പോ ഉപദ്രവമോ നമുക്കു നേരിട്ടേക്കാം. ആ പ്രശ്നങ്ങളെല്ലാം ദൈവം തടയുന്നില്ലെങ്കിലും നമ്മളെ സഹായിക്കുമെന്നു വാക്കുതന്നിട്ടുണ്ട്. (യശ. 41:10) സാഹചര്യം എത്ര കഠിനമാണെങ്കിലും യഹോവയുടെ സഹായമുണ്ടെങ്കിൽ നമുക്കു സന്തോഷം നിലനിറുത്താനും നല്ല തീരുമാനങ്ങളെടുക്കാനും വിശ്വസ്തരായി തുടരാനും കഴിയും. അങ്ങനെ യഹോവ നമ്മളെ സഹായിക്കുന്ന നാലു വിധങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. ആ സഹായം കിട്ടാൻ നമ്മൾ എന്താണു ചെയ്യേണ്ടതെന്നും നമ്മൾ നോക്കും.
യഹോവ നിങ്ങളെ കാക്കും
3. ജീവിതത്തിൽ അപ്രതീക്ഷിതമായ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് എന്തു ചെയ്യാൻ കഴിയാതെവന്നേക്കാം?
3 പ്രശ്നം. ജീവിതത്തിൽ അപ്രതീക്ഷിതമായ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ശരിയായ രീതിയിൽ ചിന്തിക്കാനോ തീരുമാനങ്ങളെടുക്കാനോ കഴിയാതെവന്നേക്കാം. കാരണം, അപ്പോൾ നമ്മുടെ ഹൃദയത്തിനുണ്ടാകുന്ന വേദന വളരെ വലുതായിരിക്കും; മനസ്സ് ഭാരപ്പെട്ടിരിക്കുകയായിരിക്കും. മൂടൽമഞ്ഞ് നിറഞ്ഞ വഴിയിൽ എങ്ങോട്ടു പോകണമെന്ന് അറിയാതെ നിൽക്കുന്ന ഒരു അവസ്ഥ! മുമ്പ് കണ്ട രണ്ടു സഹോദരിമാർക്കും പ്രശ്നങ്ങൾ നേരിട്ടപ്പോൾ അങ്ങനെതന്നെയാണു തോന്നിയത്. ഒലീവിയ പറയുന്നു: “കൊടുങ്കാറ്റിൽ വീടു തകർന്നതു കണ്ടപ്പോൾ ഞാനാകെ മരവിച്ച അവസ്ഥയിലായി. അത് എനിക്കു താങ്ങാനായില്ല.” ഭർത്താവു തന്നോടു കാണിച്ച വഞ്ചനയെക്കുറിച്ച് മോണിക്ക പറയുന്നു: “വെറും നിരാശയല്ല, അതിലും വലിയ എന്തോ ആണ് എനിക്കു തോന്നിയത്. അത് എന്റെ ഹൃദയത്തെ തകർത്തുകളഞ്ഞു. ഓരോ ദിവസത്തെയും കാര്യങ്ങൾ ചെയ്യുന്നതുപോലും എനിക്കു വലിയ ബുദ്ധിമുട്ടായി. എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുമെന്നു ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.” ഇതുപോലെ തളർന്നുപോകുമ്പോൾ നമ്മളെ എങ്ങനെ സഹായിക്കുമെന്നാണ് യഹോവ ഉറപ്പുതന്നിരിക്കുന്നത്?
4. ഫിലിപ്പിയർ 4:6, 7 അനുസരിച്ച് യഹോവ എന്ത് ഉറപ്പാണു തന്നിരിക്കുന്നത്?
4 യഹോവ എങ്ങനെ സഹായിക്കും. “ദൈവസമാധാനം” നമുക്കു തരുമെന്നു യഹോവ ഉറപ്പുതന്നിട്ടുണ്ട്. (ഫിലിപ്പിയർ 4:6, 7 വായിക്കുക.) എന്താണ് ആ സമാധാനം? യഹോവയുമായി ഒരു നല്ല ബന്ധമുള്ളതുകൊണ്ട് ഒരാളുടെ ഹൃദയത്തിനും മനസ്സിനും തോന്നുന്ന സ്വസ്ഥതയും ശാന്തതയും ആണ് അത്. ഈ സമാധാനം ‘മനുഷ്യബുദ്ധിക്ക് അതീതമാണ്;’ അതായത് നമുക്കു ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം! നിങ്ങൾ യഹോവയോടു തീവ്രമായി പ്രാർഥിച്ചശേഷം എപ്പോഴെങ്കിലും ഇത്തരത്തിൽ മനസ്സിനു വളരെ ശാന്തത തോന്നിയിട്ടുണ്ടോ? അതാണ് “ദൈവസമാധാനം.”
5. ദൈവസമാധാനം നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാക്കുന്നത് എങ്ങനെ?
5 ഫിലിപ്പിയർ 4:7-ൽ “ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും . . . കാക്കും” അല്ലെങ്കിൽ സംരക്ഷിക്കും എന്നു പറയുന്നു. ഇവിടെ “കാക്കും” എന്നതിനു മൂലഭാഷയിൽ സൈന്യവുമായി ബന്ധപ്പെട്ട ഒരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു നഗരത്തെ കാക്കുന്ന, അതിനെ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കുന്ന പടയാളികളെ കുറിക്കാനാണ് ഈ പദം ഉപയോഗിച്ചിരുന്നത്. അത്തരമൊരു നഗരത്തിൽ താമസിക്കുന്നവർ സമാധാനത്തോടെ കിടന്നുറങ്ങും. കാരണം, കാവലിനു പടയാളികളുണ്ടെന്ന് അവർക്ക് അറിയാം. ദൈവസമാധാനം നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാക്കുമ്പോൾ ഇതുപോലൊരു സുരക്ഷിതത്വവും ശാന്തതയും ആണ് നമുക്കും തോന്നുന്നത്. (സങ്കീ. 4:8) സാഹചര്യത്തിനു മാറ്റം വന്നില്ലെങ്കിലും നമുക്ക് ആ സമാധാനം അനുഭവിക്കാനാകും, ഹന്നയുടെ കാര്യത്തിലെന്നപോലെ. (1 ശമു. 1:16-18) ഇങ്ങനെ മനസ്സ് ശാന്തമാകുമ്പോൾ ശരിയായ രീതിയിൽ ചിന്തിക്കാനും നല്ല തീരുമാനങ്ങളെടുക്കാനും നമുക്ക് എളുപ്പമായിരിക്കും.
6. ദൈവസമാധാനത്തിൽനിന്ന് പ്രയോജനം കിട്ടാൻ നമ്മൾ എന്തു ചെയ്യണം? (ചിത്രവും കാണുക.)
6 നമ്മൾ എന്തു ചെയ്യണം. ഒരു പ്രശ്നമുണ്ടാകുമ്പോൾ നഗരത്തിലെ ആളുകൾ ആദ്യം കാവൽക്കാരനെ വിളിക്കും. (ലൂക്കോ. 11:9; 1 തെസ്സ. 5:17) നമുക്കും അതുതന്നെ ചെയ്യാം. നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ദൈവസമാധാനം കിട്ടുന്നതുവരെ നമുക്കു പ്രാർഥിച്ചുകൊണ്ടിരിക്കാം. നേരത്തെ കണ്ട ലൂയിസ് സഹോദരന്റെയും ഭാര്യ അനയുടെയും അനുഭവത്തിലേക്കു വരാം. സഹോദരൻ ഇനി ഏതാനും മാസമേ ജീവിച്ചിരിക്കൂ എന്ന് അറിഞ്ഞപ്പോൾ അവർ ആ സാഹചര്യത്തെ എങ്ങനെയാണു നേരിട്ടത്? സഹോദരൻ പറയുന്നു: “അത്തരമൊരു സമയത്ത് ചികിത്സയോടും മറ്റു കാര്യങ്ങളോടും ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നത് ഒട്ടും എളുപ്പമല്ല. പ്രാർഥനയാണ് ആ സമയത്തെല്ലാം സമാധാനത്തോടെയിരിക്കാൻ ഞങ്ങളെ സഹായിച്ചത്.” ലൂയിസ് സഹോദരനും ഭാര്യയും പറഞ്ഞത്, മനസ്സമാധാനത്തിനും ശാന്തതയ്ക്കും തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനത്തിനും വേണ്ടി യഹോവയോട് അവർ വീണ്ടുംവീണ്ടും തീവ്രമായി പ്രാർഥിച്ചുകൊണ്ടിരുന്നു എന്നാണ്. അപ്പോൾ അവർ യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞു. ഇതുപോലെ നിങ്ങളും എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ മടുത്തുപിന്മാറാതെ യഹോവയോടു പ്രാർഥിച്ചുകൊണ്ടിരിക്കുക. അപ്പോൾ യഹോവ നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും കാക്കുന്നതു നിങ്ങൾ അനുഭവിച്ചറിയും.—റോമ. 12:12.
യഹോവ നിങ്ങൾക്കു സ്ഥിരത നൽകും
7. പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ അവസ്ഥ എന്തായിരിക്കും?
7 പ്രശ്നം. ഒരു പ്രശ്നത്തിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ ചിന്തകളും വികാരങ്ങളും കാര്യങ്ങളോടു പ്രതികരിക്കുന്ന വിധവും എല്ലാം മാറിക്കൊണ്ടിരിക്കും. തിരമാലകളിൽപ്പെട്ട് അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുന്ന ഒരു കപ്പൽപോലെയായിരിക്കും നമ്മൾ. ലൂയിസിന്റെ മരണശേഷം പല തരത്തിലുള്ള വികാരങ്ങളിലൂടെയാണു അന കടന്നുപോയത്. സഹോദരി പറഞ്ഞു: “അദ്ദേഹം പോയതിൽപ്പിന്നെ എനിക്ക് ആകെ ഒരു ശൂന്യതയായിരുന്നു. ഇടയ്ക്ക് എന്റെ അവസ്ഥ ഓർത്ത് എനിക്ക് എന്നോടുതന്നെ സഹതാപം തോന്നും. ചിലപ്പോൾ വിഷമം പുറത്തേക്കുവരുന്നതു ദേഷ്യമായിട്ടായിരിക്കും.” കൂടാതെ, അതുവരെ ലൂയിസ് വളരെ നന്നായി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിൽ, തനിയെ തീരുമാനമെടുക്കേണ്ടിവന്നപ്പോൾ സഹോദരിക്കു ഒറ്റപ്പെടലും നിരാശയും തോന്നി. ആർത്തിരമ്പുന്ന ഒരു കടലിൽപ്പെട്ടതുപോലെയാണു ചിലപ്പോഴൊക്കെ സഹോദരിക്കു തോന്നിയത്. ഇതുപോലെ, നമ്മുടെ ഉള്ളിൽ വികാരങ്ങൾ അലതല്ലുമ്പോൾ യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
8. യശയ്യ 33:6-ൽ യഹോവ എന്ത് ഉറപ്പാണു തരുന്നത്?
8 യഹോവ എങ്ങനെ സഹായിക്കും. യഹോവ നമുക്കു സ്ഥിരത നൽകുമെന്ന് ഉറപ്പുതന്നിരിക്കുന്നു. (യശയ്യ 33:6 വായിക്കുക.) ഒരു കൊടുങ്കാറ്റിൽ അകപ്പെട്ട കപ്പൽ അങ്ങോട്ടുമിങ്ങോട്ടും ശക്തമായി ആടിയുലഞ്ഞേക്കാം. എന്നാൽ ഇങ്ങനെ ആടിയുലയുന്നതു കുറയ്ക്കാൻ പല കപ്പലുകളുടെയും അടിഭാഗത്ത് ഇരുവശങ്ങളിലായി ചിറകുപോലെ നിൽക്കുന്ന ഒരു വസ്തു പിടിപ്പിച്ചിട്ടുണ്ട്. വശങ്ങളിലേക്ക് അധികം ചെരിയാതെ സ്ഥിരതയോടെ മുന്നോട്ടുപോകാൻ ഇതു കപ്പലിനെ സഹായിക്കും. അതുകൊണ്ടുതന്നെ യാത്രക്കാർക്കു സുരക്ഷിതമായും സുഖകരമായും അതിൽ യാത്ര ചെയ്യാൻ പറ്റും. എന്നാൽ, കപ്പലുകൾ മുന്നോട്ടു പോകുമ്പോഴാണ് ഈ സംവിധാനം നന്നായി പ്രവർത്തിക്കുന്നത്. ഇതുപോലെ നമ്മളും, പ്രശ്നങ്ങൾ നേരിടുമ്പോൾ വിശ്വസ്തമായി മുന്നോട്ടു പോകുന്നെങ്കിൽ യഹോവ നമുക്കു സ്ഥിരത നൽകും.
9. സ്ഥിരതയോടെ മുന്നോട്ടുപോകാൻ നമ്മുടെ ഗവേഷണ ഉപകരണങ്ങൾ സഹായിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
9 നമ്മൾ എന്തു ചെയ്യണം. നമ്മുടെ ഉള്ളിൽ വികാരങ്ങൾ ശക്തമായി അലയടിക്കുമ്പോഴും ആത്മീയകാര്യങ്ങൾ മുടങ്ങാതെ ചെയ്യാൻ പരമാവധി ശ്രമിക്കുക. മുമ്പത്തെ അത്രയും ചെയ്യാൻ നിങ്ങൾക്കു കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ടാ. കാരണം, നിങ്ങൾക്കു പറ്റുന്നതിലും കൂടുതൽ ചെയ്യാൻ യഹോവ ഒരിക്കലും പ്രതീക്ഷിക്കില്ല. (ലൂക്കോസ് 21:1-4 താരതമ്യം ചെയ്യുക.) പ്രശ്നത്തിലൂടെ കടന്നുപോകുമ്പോഴും വ്യക്തിപരമായ പഠനത്തിനും ധ്യാനത്തിനും സമയം മാറ്റിവെക്കണം. കാരണം, വികാരങ്ങൾ നിയന്ത്രിക്കാനും ഉറച്ചുനിൽക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച ആത്മീയവിവരങ്ങൾ യഹോവ തന്റെ സംഘടനയിലൂടെ നമുക്കു നൽകിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ JW ലൈബ്രറി ആപ്ലിക്കേഷൻ, യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി എന്നതുപോലുള്ള ഉപകരണങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാനാകും. നേരത്തെ കണ്ട മോണിക്ക, ഉള്ളിലുള്ള വിഷമങ്ങൾ ശക്തമാകാൻ തുടങ്ങുമ്പോൾത്തന്നെ ഇത്തരം ഗവേഷണ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുമായിരുന്നു. അതിനായി സഹോദരി, ഗവേഷണ ഉപകരണം തുറന്ന് അതിൽ “ദേഷ്യം” എന്നോ മറ്റു ചിലപ്പോൾ “വഞ്ചന”, “വിശ്വസ്തത” എന്നോ ഒക്കെ ടൈപ്പ് ചെയ്തു. എന്നിട്ട്, ആശ്വാസം തോന്നുന്നതുവരെ അതിൽ കിട്ടുന്ന വിവരങ്ങൾ വായിച്ചു. “മിക്കപ്പോഴും ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് ഞാൻ പഠിക്കാൻ തുടങ്ങിയിരുന്നത്. പക്ഷേ, വായിച്ചുകൊണ്ടിരിക്കുമ്പോൾ പതിയെപ്പതിയെ യഹോവ എന്നെ ചേർത്തുപിടിക്കുന്നതുപോലെ എനിക്കു തോന്നി. എന്റെ ഉള്ളിൽ മാറിമറിയുന്ന വികാരങ്ങൾ ദൈവം മനസ്സിലാക്കുന്നുണ്ടെന്നും എന്നെ സഹായിക്കുന്നുണ്ടെന്നും അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.” യഹോവ നൽകുന്ന ഈ കരുതൽ, വികാരങ്ങളുടെ തിരമാലകൾ ഒന്നു ശാന്തമാകുന്നതുവരെ സ്ഥിരതയോടെ മുന്നോട്ടുപോകാൻ നമ്മളെയും സഹായിക്കും.—സങ്കീ. 119:143, 144.
യഹോവ നിങ്ങളെ താങ്ങിനിറുത്തും
10. സമ്മർദം നിറഞ്ഞ ഒരു സാഹചര്യത്തിലൂടെ കടന്നുപോയാൽ നമുക്ക് എന്തു തോന്നിയേക്കാം?
10 പ്രശ്നം. വളരെ സമ്മർദം നിറഞ്ഞ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ചില ദിവസങ്ങളിൽ നമ്മൾ ശാരീരികമായും മാനസികമായും തളർന്നുപോയേക്കാം. പരിക്കു പറ്റിയ ഒരു കായികതാരത്തെ പോലെയായിരിക്കും നമ്മൾ. മുമ്പ് നല്ലപോലെ ഓടിയിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിനു ശരിക്കു നടക്കാൻപോലും പറ്റുന്നില്ല. അതുപോലെ മുമ്പ് നമ്മൾ വളരെ എളുപ്പത്തിൽ, ഇഷ്ടപ്പെട്ട് ചെയ്തിരുന്ന കാര്യങ്ങളൊന്നും ഇപ്പോൾ നമുക്കു ചെയ്യാനേ തോന്നുന്നില്ലായിരിക്കും. നമുക്കും ഏലിയയെപ്പോലെ വെറുതേ കിടന്നുറങ്ങാനായിരിക്കും തോന്നുന്നത്. (1 രാജാ. 19:5-7) ഇങ്ങനെ തളർന്നുപോകുമ്പോൾ നമ്മളെ എങ്ങനെ സഹായിക്കുമെന്നാണ് യഹോവ ഉറപ്പുതന്നിരിക്കുന്നത്?
11. സങ്കീർത്തനം 94:18 അനുസരിച്ച് യഹോവ നമ്മളെ സഹായിക്കുന്ന മറ്റൊരു വിധം ഏതാണ്?
11 യഹോവ എങ്ങനെ സഹായിക്കും. യഹോവ നമ്മളെ താങ്ങിനിറുത്തുമെന്ന് ഉറപ്പുതന്നിട്ടുണ്ട്. (സങ്കീർത്തനം 94:18 വായിക്കുക.) പരിക്കു പറ്റിയ ഒരു കായികതാരത്തിനു മുന്നോട്ടുപോകാൻ സഹായം വേണം. അതുപോലെ നമുക്കും യഹോവയുടെ സേവനത്തിൽ ഉത്സാഹത്തോടെ നിൽക്കാൻ സഹായം വേണ്ടിവരും. അതെക്കുറിച്ച് യഹോവ ഈ ഉറപ്പുതരുന്നുണ്ട്: “‘പേടിക്കേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു നിന്നോടു പറയുന്ന നിന്റെ ദൈവമായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.” (യശ. 41:13) യഹോവയുടെ ആ സഹായം അനുഭവിച്ചറിഞ്ഞ ആളാണു ദാവീദ് രാജാവ്. പല പ്രയാസങ്ങളെയും ശത്രുക്കളെയും നേരിടേണ്ടിവന്നപ്പോൾ ദാവീദ് യഹോവയോട് ഇങ്ങനെ പറഞ്ഞു: “അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു.” (സങ്കീ. 18:35) അങ്ങനെയെങ്കിൽ യഹോവ എങ്ങനെയാണു നമ്മളെ താങ്ങിനിറുത്തുന്നത്?
12. തളർന്നിരിക്കുമ്പോൾ നമ്മളെ സഹായിക്കാൻ യഹോവ ആരെ ഉപയോഗിച്ചേക്കാം?
12 നമ്മളെ താങ്ങിനിറുത്താൻ യഹോവ പലപ്പോഴും മറ്റുള്ളവരെ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, ദാവീദ് ഒരിക്കൽ തളർന്നുപോയപ്പോൾ കൂട്ടുകാരനായ യോനാഥാൻ അദ്ദേഹത്തെ ചെന്നുകണ്ട് ബലപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (1 ശമു. 23:16, 17) ഇനി, ഏലിയയുടെ കാര്യത്തിൽ എലീശയെ ഉപയോഗിച്ചുകൊണ്ട് യഹോവ പ്രായോഗികസഹായം നൽകി. (1 രാജാ. 19:16, 21; 2 രാജാ. 2:2) ഇന്ന് നമ്മളെ സഹായിക്കാനും നമ്മുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മൂപ്പന്മാരെയോ യഹോവ പ്രചോദിപ്പിച്ചേക്കാം. പക്ഷേ പലപ്പോഴും വിഷമം തോന്നുമ്പോൾ ഒറ്റയ്ക്ക് ഇരിക്കാനായിരിക്കും നമ്മൾ ആഗ്രഹിക്കുന്നത്. അങ്ങനെ തോന്നിപ്പോകുന്നതു സ്വാഭാവികമാണ്. എന്നാൽ യഹോവയുടെ സഹായം കിട്ടാൻ നമ്മൾ എന്തു ചെയ്യണം?
13. യഹോവ നമ്മളെ താങ്ങിനിറുത്തുമ്പോൾ അതിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ എന്തു ചെയ്യണം? (ചിത്രവും കാണുക.)
13 നമ്മൾ എന്തു ചെയ്യണം. നമ്മളെത്തന്നെ ഒറ്റപ്പെടുത്താനുള്ള തോന്നലിനെ മറികടക്കുക. കാരണം അങ്ങനെ ഒറ്റപ്പെടുത്തുമ്പോൾ നമ്മൾ നമ്മളെക്കുറിച്ചും നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചും മാത്രമായിരിക്കും ചിന്തിക്കുന്നത്. അപ്പോൾ ശരിയായ തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയാതെപോയേക്കാം. (സുഭാ. 18:1) ജീവിതത്തിൽ ഒരു ദുരന്തം നേരിട്ടുകഴിയുമ്പോൾ അൽപ്പസമയം ഒറ്റയ്ക്കിരിക്കാൻ നമുക്കു തോന്നിയേക്കാം; അത് ആവശ്യവുമാണ്. എന്നാൽ, എപ്പോഴും നമ്മൾ അതാണു ചെയ്യുന്നതെങ്കിൽ നമ്മളെ സഹായിക്കാനായി യഹോവ നീട്ടുന്ന കൈ നമ്മൾ തട്ടിമാറ്റുന്നതു പോലെയായിരിക്കും. അതുകൊണ്ട് എത്രതന്നെ മടി തോന്നിയാലും നമുക്കു കിട്ടുന്ന സഹായങ്ങൾ സ്വീകരിക്കുക. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മൂപ്പന്മാരെയും എല്ലാം, നമ്മളെ താങ്ങിനിറുത്താനുള്ള യഹോവയുടെ കരങ്ങളായി കാണുക.—സുഭാ. 17:17; യശ. 32:1, 2.
യഹോവ നിങ്ങളെ ആശ്വസിപ്പിക്കും
14. നമ്മളെ ഭയപ്പെടുത്തുന്ന ഏതെല്ലാം സാഹചര്യങ്ങളുണ്ടായേക്കാം?
14 പ്രശ്നം. ശരിക്കും ഭയം തോന്നുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. ബൈബിളിൽ, ശത്രുക്കൾ നിമിത്തമോ മറ്റു സമ്മർദങ്ങൾകൊണ്ടോ പേടിയും സംഭ്രമവും ഒക്കെ തോന്നിയ വിശ്വസ്തരായ ദൈവദാസരെക്കുറിച്ച് പറയുന്നുണ്ട്. (സങ്കീ. 18:4; 55:1, 5) ഇതുപോലെ സ്കൂളിൽനിന്നോ ജോലിസ്ഥലത്തുനിന്നോ കുടുംബത്തിൽനിന്നോ ഗവൺമെന്റിൽനിന്നോ നമുക്ക് എതിർപ്പുകൾ നേരിട്ടേക്കാം. അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗം കാരണം മരിച്ചുപോകുമോ എന്ന പേടി തോന്നിയേക്കാം. അത്തരം സാഹചര്യങ്ങളിൽ നിസ്സഹായനായ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് നമ്മളെന്നു നമുക്കു തോന്നും. എന്നാൽ യഹോവ സഹായിക്കും. എങ്ങനെ?
15. സങ്കീർത്തനം 94:19 നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
15 യഹോവ എങ്ങനെ സഹായിക്കും. യഹോവ നമ്മളെ ആശ്വസിപ്പിക്കും, സാന്ത്വനപ്പെടുത്തും. (സങ്കീർത്തനം 94:19 വായിക്കുക.) ഈ വാക്യം വായിക്കുമ്പോൾ, ശക്തമായ ഇടിയും മഴയും കാരണം ഉറങ്ങാൻ കഴിയാതെ, പേടിച്ച് കരയുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ ചിത്രം നമ്മുടെ മനസ്സിലേക്കുവന്നേക്കാം. അപ്പോൾ അവളുടെ അച്ഛൻ ഓടിവന്ന് അവളുടെ അടുത്തിരിക്കുന്നു. ഉറങ്ങുന്നതുവരെ അവളെ കൈകളിൽ ചേർത്തുപിടിക്കുന്നു. ഇടിയും മഴയും മാറിയിട്ടില്ലെങ്കിലും അച്ഛന്റെ കൈകളിലായിരിക്കുന്നത് അവൾക്കു സുരക്ഷിതത്വം കൊടുക്കും. ഇതുപോലെ നമ്മളും ഭയന്നുപോകുമ്പോൾ മനസ്സ് ഒന്നു ശാന്തമാകുന്നതുവരെ നമ്മുടെ സ്വർഗീയപിതാവ് നമ്മളെ ചേർത്തുപിടിക്കും. എന്നാൽ, യഹോവയിൽനിന്നുള്ള ഈ ആശ്വാസം കിട്ടാൻ നമ്മൾ എന്തു ചെയ്യണം?
16. യഹോവ നൽകുന്ന ആശ്വാസത്തിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാം? (ചിത്രവും കാണുക.)
16 നമ്മൾ എന്തു ചെയ്യണം. പ്രാർഥിച്ചുകൊണ്ടും ദൈവവചനം വായിച്ചുകൊണ്ടും യഹോവയോടൊപ്പം പതിവായി സമയം ചെലവഴിക്കുക. (സങ്കീ. 77:1, 12-14) അങ്ങനെയൊരു ശീലം നമുക്കുണ്ടെങ്കിൽ, പ്രശ്നങ്ങളുണ്ടാകുമ്പോൾ നമ്മുടെ സ്വർഗീയപിതാവായ യഹോവയുടെ അടുത്തേക്ക് ഓടിച്ചെല്ലാനായിരിക്കും മിക്കവാറും നമുക്ക് ആദ്യം തോന്നുക. നമ്മുടെ പേടിയും ആകുലതകളും എല്ലാം യഹോവയോടു തുറന്നുപറയുക. എന്നിട്ട്, തിരുവെഴുത്തുകൾ വായിക്കുക. അപ്പോൾ യഹോവ നിങ്ങളെ ആശ്വസിപ്പിക്കുന്നത് നിങ്ങൾക്കു അനുഭവിച്ചറിയാനാകും. (സങ്കീ. 119:28) പേടി തോന്നുമ്പോൾ, ചില ബൈബിൾഭാഗങ്ങൾ നിങ്ങൾക്കു പ്രത്യേകം ധൈര്യം പകർന്നേക്കാം. ഉദാഹരണത്തിന് ഇയ്യോബ്, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ എന്നീ പുസ്തകങ്ങളും മത്തായി 6-ാം അധ്യായത്തിലെ യേശുവിന്റെ വാക്കുകളും ഒക്കെ. യഹോവയോടു പ്രാർഥിക്കുകയും ദൈവവചനം വായിക്കുകയും ചെയ്യുമ്പോൾ യഹോവ നിങ്ങളെ ചേർത്തുപിടിക്കുന്നതു നിങ്ങൾക്ക് അറിയാനാകും.
17. നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാനാകും?
17 ജീവിതത്തിലെ ഇരുളടഞ്ഞ സമയങ്ങളിൽ യഹോവ കൂടെയുണ്ടാകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. ദൈവം ഒരിക്കലും നമ്മളെ ഒറ്റയ്ക്കാക്കില്ല. (സങ്കീ. 23:4; 94:14) യഹോവ നമ്മളെ കാക്കും, നമുക്കു സ്ഥിരത നൽകും, നമ്മളെ താങ്ങിനിറുത്തും, ആശ്വസിപ്പിക്കും. അത് ദൈവത്തിന്റെ വാക്കാണ്. യഹോവയെക്കുറിച്ച് യശയ്യ 26:3 പറയുന്നു: “അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ അങ്ങ് സംരക്ഷിക്കും; അങ്ങ് അവർക്കു നിത്യസമാധാനം നൽകും; അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.” അതുകൊണ്ട് യഹോവയിൽ ആശ്രയിക്കുക. യഹോവ നൽകുന്ന സഹായത്തിൽനിന്ന് പരമാവധി പ്രയോജനം നേടുക. എങ്കിൽ, പ്രയാസസാഹചര്യങ്ങളിലും തളർന്നുപോകാതെ ശക്തി വീണ്ടെടുക്കാൻ നിങ്ങൾക്കാകും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
നമുക്ക് യഹോവയുടെ സഹായം പ്രത്യേകിച്ച് ആവശ്യമായിവരുന്നത് എപ്പോഴാണ്?
-
പ്രശ്നങ്ങളുടെ സമയത്ത് യഹോവ നമ്മളെ സഹായിക്കുന്ന നാലു വിധങ്ങൾ ഏതൊക്കെയാണ്?
-
യഹോവ നൽകുന്ന സഹായത്തിൽനിന്ന് പ്രയോജനം കിട്ടാൻ നമ്മൾ എന്തു ചെയ്യണം?
ഗീതം 12 യഹോവ മഹാദൈവം
a ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.