യഹോവ കാണുന്നതുപോലെയാണോ നിങ്ങൾ സ്ത്രീകളെ കാണുന്നത്?
വിശ്വസ്തരായ അനേകം സ്ത്രീകളോടൊപ്പം യഹോവയെ സേവിക്കാനുള്ള പദവി നമുക്കുണ്ട്. കഠിനാധ്വാനികളായ ആ ഓരോ സഹോദരിമാരെയും a നമ്മൾ വളരെയധികം സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സഹോദരന്മാരേ, ദയയോടെയും ആദരവോടെയും മുൻവിധി കൂടാതെയും അവരോട് ഇടപെടുക. ചിലപ്പോൾ ഈ കാര്യത്തിൽ നമുക്കു വീഴ്ച സംഭവിച്ചേക്കാം. ഒരു കാരണം നമ്മുടെ അപൂർണതയാണ്. എന്നാൽ ചില സഹോദരന്മാരുടെ കാര്യത്തിൽ അവർക്കു വേറൊരു തടസ്സംകൂടെ ഉണ്ട്.
ചില സഹോദരങ്ങൾ വളർന്നുവന്നതു സ്ത്രീകളെ തരംതാഴ്ന്നവരായി കാണുന്ന സംസ്കാരങ്ങളിലാണ്. ഉദാഹരണത്തിന്, ബൊളീവിയയിൽ സർക്കിട്ട് മേൽവിചാരകനായി സേവിക്കുന്ന ഹാൻസ് സഹോദരൻ പറയുന്നു: “പുരുഷമേധാവിത്വമുള്ള സംസ്കാരങ്ങളിലാണ് ചിലർ വളർന്നുവരുന്നത്. അതുകൊണ്ടുതന്നെ ഒരു ആണായിരിക്കുന്നതിൽ അവർ വളരെ അഭിമാനം കൊള്ളുകയും സ്ത്രീകളെ വിലകുറച്ച് കാണുകയും ചെയ്യുന്നു.” തായ്വാനിലെ ഒരു മൂപ്പനായ ഷെങ്സ്യാൻ സഹോദരൻ പറയുന്നു: “എന്റെ നാട്ടിൽ ആണുങ്ങൾ ചെയ്യുന്ന കാര്യത്തിൽ പെണ്ണുങ്ങൾ ഇടപെടേണ്ടതില്ല എന്ന ചിന്തയാണ് പലർക്കും. പെണ്ണുങ്ങളുടെ അഭിപ്രായം കേൾക്കുന്ന ഒരു പുരുഷനു മറ്റു പുരുഷന്മാർ തീരെ വില കൊടുക്കില്ല.” ഇനി ചിലർ മറ്റു ചില വിധങ്ങളിലാണ് സ്ത്രീകളോടുള്ള മുൻവിധി പ്രകടിപ്പിക്കുന്നത്. ഉദാഹരണത്തിന്, സ്ത്രീകളെ വിലകുറച്ച് കാണിക്കുന്ന തരം തമാശകൾ അവർ പറയാറുണ്ട്.
ഒരു പുരുഷൻ ഏതു സംസ്കാരത്തിലാണ് വളർന്നുവന്നതെങ്കിലും അദ്ദേഹത്തിനു തന്റെ ചിന്തയിൽ മാറ്റം വരുത്താൻ കഴിയും. പുരുഷന്മാർ സ്ത്രീകളെക്കാൾ ശ്രേഷ്ഠരാണ് എന്ന ചിന്ത മാറ്റിയെടുക്കാൻ അവർക്കാകും. (എഫെ. 4:22-24) അതിന് യഹോവയുടെ മാതൃക അനുകരിച്ചാൽ മതി. ഈ ലേഖനത്തിൽ യഹോവ സ്ത്രീകളോട് എങ്ങനെയാണ് ഇടപെടുന്നതെന്നും സഹോദരന്മാർക്ക് ആ മാതൃക എങ്ങനെ അനുകരിക്കാമെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിൽ മൂപ്പന്മാർക്ക് എങ്ങനെ നേതൃത്വമെടുക്കാമെന്നും നമ്മൾ കാണും.
യഹോവ എങ്ങനെയാണ് സ്ത്രീകളെ കാണുന്നത്?
സ്ത്രീകളോട് എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ യഹോവയാണ് ഏറ്റവും തികവുറ്റ മാതൃക. മനുഷ്യകുടുംബത്തെ വളരെയധികം സ്നേഹിക്കുന്ന, അനുകമ്പയുള്ള പിതാവാണ് യഹോവ. (യോഹ. 3:16) വിശ്വസ്തരായ സഹോദരിമാരെ തന്റെ പ്രിയപ്പെട്ട പെൺമക്കളായിട്ടാണ് യഹോവ കാണുന്നത്. യഹോവ സ്ത്രീകളോടു ബഹുമാനം കാണിക്കുന്ന ചില വിധങ്ങൾ നമുക്കു നോക്കാം.
യഹോവ അവരോടു പക്ഷപാതം കാണിക്കുന്നില്ല. യഹോവ സ്വന്തം ഛായയിലാണ് പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത്. (ഉൽപ. 1:27) യഹോവ പുരുഷനെ കൂടുതൽ ബുദ്ധിമാനായോ കൂടുതൽ കഴിവുള്ളവനായോ സൃഷ്ടിച്ചില്ല. പുരുഷന്മാർക്കു സ്ത്രീകളെക്കാൾ മുൻഗണനയൊന്നും ദൈവം കൊടുക്കുന്നുമില്ല. (2 ദിന. 19:7) ബൈബിൾസത്യങ്ങൾ മനസ്സിലാക്കാനും ദൈവത്തിന്റെ ഗുണങ്ങൾ അനുകരിക്കാനും ഒക്കെയുള്ള കഴിവ് രണ്ടു കൂട്ടർക്കും ഒരേപോലെയാണ് ദൈവം കൊടുത്തിരിക്കുന്നത്. യഹോവ പുരുഷന്റെയും സ്ത്രീയുടെയും വിശ്വസ്തതയെ ഒരേ തട്ടിൽത്തന്നെ കാണുന്നു. ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും, സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കാനുള്ള പ്രത്യാശയും രണ്ടു കൂട്ടർക്കും ദൈവം കൊടുത്തിട്ടുണ്ട്. അതെ, യഹോവ സ്ത്രീകളോട് മുൻവിധിയോടെ ഇടപെടുന്നില്ല.
ദൈവം അവർ പറയുന്നതു ശ്രദ്ധിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളും അവരുടെ ഉള്ളിലെ വികാരങ്ങളും യഹോവ ശ്രദ്ധിക്കുന്നുണ്ട്. ഉദാഹരണത്തിന്, റാഹേലിന്റെയും ഹന്നയുടെയും പ്രാർഥന ദൈവം കേൾക്കുകയും അതിന് ഉത്തരം കൊടുക്കുകയും ചെയ്തു. (ഉൽപ. 30:22; 1 ശമു. 1:10, 11, 19, 20) കൂടാതെ, സ്ത്രീകളെ ശ്രദ്ധിച്ച പുരുഷന്മാരെക്കുറിച്ച് എഴുതാൻ ദൈവം ബൈബിളെഴുത്തുകാരെ പ്രചോദിപ്പിച്ചു. ഉദാഹരണത്തിന്, ഭാര്യയായ സാറയുടെ വാക്കു കേൾക്കാൻ യഹോവ പറഞ്ഞപ്പോൾ അബ്രാഹാം അങ്ങനെ ചെയ്തു. (ഉൽപ. 21:12-14) ദാവീദ് രാജാവ് അബീഗയിലിനെ ശ്രദ്ധിച്ചു. ശരിക്കും പറഞ്ഞാൽ, തന്നോടു സംസാരിക്കാൻ അബീഗയിലിനെ അയച്ചത് യഹോവയാണെന്നു ദാവീദിനു തോന്നി. (1 ശമു. 25:32-35) ഇനി, യഹോവയുടെ ഗുണങ്ങൾ അങ്ങനെതന്നെ അനുകരിച്ച യേശു അമ്മയായ മറിയയുടെ വാക്കുകൾക്കു ചെവികൊടുത്തു. (യോഹ. 2:3-10) ഈ ഉദാഹരണങ്ങളെല്ലാം യഹോവ സ്ത്രീകളോടു ബഹുമാനം കാണിക്കുന്ന ഒരു വിധം എടുത്തുകാണിക്കുന്നു: യഹോവ അവർ പറയുന്നതു ശ്രദ്ധിക്കുന്നു.
യഹോവ അവരെ വിശ്വസിക്കുന്നു. ഉദാഹരണത്തിന്, യഹോവ വലിയൊരു ഉത്തരവാദിത്വമാണ് ഹവ്വയെ വിശ്വസിച്ച് ഏൽപ്പിച്ചത്; മുഴുഭൂമിയെയും പരിപാലിക്കുന്നതിൽ ആദാമിനെ സഹായിക്കാനുള്ള ഉത്തരവാദിത്വം. (ഉൽപ. 1:28) ഹവ്വയെ ആദാമിനെക്കാൾ താഴ്ന്നവളായിട്ടല്ല, പകരം ആദാമിന് ഒരു പൂരകമായിട്ടാണ് താൻ കാണുന്നതെന്ന് യഹോവ അതിലൂടെ വ്യക്തമാക്കുകയായിരുന്നു. ഇനി, പ്രവാചികമാരായ ദബോരയെയും ഹുൽദയെയും യഹോവ വിശ്വസിച്ചു. ഒരു ന്യായാധിപനും ഒരു രാജാവിനും ഉൾപ്പെടെ തന്റെ ജനത്തിന് ഉപദേശം കൊടുക്കാൻ യഹോവ അവരെ ഉപയോഗിച്ചു. (ന്യായാ. 4:4-9; 2 രാജാ. 22:14-20) ഇന്നും യഹോവ ക്രിസ്തീയസ്ത്രീകളെ പല ഉത്തരവാദിത്വങ്ങളും വിശ്വസിച്ച് ഏൽപ്പിക്കുന്നു. വിശ്വസ്തരായ പല സഹോദരിമാരും പ്രചാരകമാരായും മുൻനിരസേവികമാരായും മിഷനറിമാരായും പ്രവർത്തിക്കുന്നു. അവർ രാജ്യഹാളുകളും ബ്രാഞ്ച് കെട്ടിടങ്ങളും ഡിസൈൻ ചെയ്യുന്നതിനും നിർമിക്കുന്നതിനും പരിപാലിക്കുന്നതിനും സഹായിക്കുന്നു. ചിലർ ബഥേലിലോ മറ്റു ചിലർ പരിഭാഷാകേന്ദ്രങ്ങളിലോ പ്രവർത്തിക്കുന്നുണ്ട്. തന്റെ ഉദ്ദേശ്യനിവൃത്തിക്കായി യഹോവ കൂട്ടിച്ചേർത്തിരിക്കുന്ന ഒരു വൻസൈന്യമാണ് ഈ സഹോദരിമാർ. (സങ്കീ. 68:11) ഇതെല്ലാം കാണിക്കുന്നത് യഹോവ സ്ത്രീകളെ ദുർബലരായോ കഴിവില്ലാത്തവരായോ കാണുന്നില്ല എന്നാണ്.
സ്ത്രീകളെ യഹോവ കാണുന്നതുപോലെ കാണാൻ സഹോദരന്മാർക്ക് എന്തു ചെയ്യാം?
സഹോദരന്മാരേ, യഹോവ കാണുന്നതുപോലെയാണോ നിങ്ങൾ ക്രിസ്തീയസഹോദരിമാരെ കാണുന്നത്? അതു മനസ്സിലാക്കാൻ നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും നിങ്ങൾതന്നെ ഒന്നു വിലയിരുത്തിനോക്കണം. അതിനു സഹായം വേണ്ടിവരും. ഒരാളുടെ ഹൃദയത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒരു എക്സ്റേ എടുക്കുന്നതിലൂടെ മനസ്സിലാക്കാൻ കഴിയും. അതുപോലെ സ്ത്രീകളെക്കുറിച്ച് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലുള്ള മനോഭാവം എന്താണെന്നു മനസ്സിലാക്കാൻ ഒരു സുഹൃത്തിനോ ദൈവവചനത്തിനോ നിങ്ങളെ സഹായിക്കാനാകും. ആ സഹായം കിട്ടാൻ എന്താണു ചെയ്യേണ്ടത്?
നല്ലൊരു സുഹൃത്തിനോടു ചോദിക്കുക. (സുഭാ. 18:17) ആശ്രയിക്കാൻ പറ്റുന്ന, ദയയും ന്യായബോധവും ഉള്ള ഒരു സുഹൃത്തിനോട് ഇത്തരം ചില ചോദ്യങ്ങൾ ചോദിക്കാം: “ഞാൻ സഹോദരിമാരോട് എങ്ങനെയാണ് ഇടപെടുന്നത് എന്നാണ് നിങ്ങൾക്കു തോന്നുന്നത്? ഞാൻ അവരെ ബഹുമാനിക്കുന്നുണ്ടെന്ന് അവർക്കു തോന്നുന്നുണ്ടാകുമോ? ഇക്കാര്യത്തിൽ ഞാൻ എന്തെങ്കിലും പുരോഗതി വരുത്തേണ്ടതുണ്ടോ?” തിരുത്തേണ്ട എന്തെങ്കിലും കാര്യങ്ങൾ നിങ്ങളുടെ സുഹൃത്ത് പറഞ്ഞുതരുകയാണെങ്കിൽ ന്യായീകരിക്കുന്നതിനു പകരം വേണ്ട മാറ്റങ്ങൾ വരുത്താൻ തയ്യാറാകുക.
ദൈവവചനം പഠിക്കുക. നമ്മൾ സഹോദരിമാരെ കാണുന്നതു ശരിയായ വിധത്തിലാണോ എന്നു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ചിന്തകളും പ്രവൃത്തികളും വിലയിരുത്തുന്നതാണ്. (എബ്രാ. 4:12) ബൈബിൾ പഠിക്കുമ്പോൾ സ്ത്രീകളോടു നല്ല രീതിയിലും മോശം രീതിയിലും ഇടപെട്ട പുരുഷന്മാരെക്കുറിച്ച് നമ്മൾ കാണാറുണ്ട്. അവരുടെ പ്രവൃത്തികളെ നമ്മുടേതുമായി താരതമ്യം ചെയ്തുനോക്കുക. ഇനി തിരുവെഴുത്തുകൾ താരതമ്യം ചെയ്ത് പഠിക്കുന്നതും നല്ലതാണ്. കാരണം ചിലപ്പോൾ ഒരു തിരുവെഴുത്തു മാത്രം എടുത്ത്, സ്ത്രീകളെക്കുറിച്ച് നമുക്കുള്ള ഒരു തെറ്റായ ചിന്ത തെളിയിക്കാൻ നമ്മൾ ശ്രമിച്ചേക്കാം. എന്നാൽ പല തിരുവെഴുത്തുകൾ താരതമ്യം ചെയ്ത് പഠിക്കുന്നെങ്കിൽ അറിയാതെയാണെങ്കിൽപ്പോലും നമ്മൾ അങ്ങനെ ചെയ്യില്ല. ഉദാഹരണത്തിന്, 1 പത്രോസ് 3:7-ൽ ഭർത്താവ് ഭാര്യയെ ‘ദുർബലമായ പാത്രമാണെന്ന് ഓർത്ത് ആദരിക്കാൻ’ പറയുന്നു. b സ്ത്രീകൾ പുരുഷന്മാരെക്കാൾ ബുദ്ധിയോ കഴിവോ കുറഞ്ഞവരാണെന്ന് അത് അർഥമാക്കുന്നുണ്ടോ? ഒരിക്കലുമില്ല. അതു മനസ്സിലാക്കാൻ പത്രോസിന്റെ ഈ വാക്കുകളെ ഗലാത്യർ 3:26-29-മായി താരതമ്യം ചെയ്തുനോക്കുക. സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാൻ പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ദൈവം തിരഞ്ഞെടുത്തിരിക്കുന്നതായി അവിടെ പറയുന്നു. ദൈവവചനം പഠിക്കുന്നതിലൂടെയും നമ്മുടെ പെരുമാറ്റത്തെക്കുറിച്ച് ഒരു കൂട്ടുകാരനോടോ കൂട്ടുകാരിയോടോ ചോദിക്കുന്നതിലൂടെയും സഹോദരിമാരോട് എങ്ങനെ ആദരവോടെ ഇടപെടാമെന്ന് നമുക്കു പഠിക്കാനാകും.
മൂപ്പന്മാർ സ്ത്രീകളെ എങ്ങനെയെല്ലാമാണ് ബഹുമാനിക്കുന്നത്?
സഹോദരിമാരോട് എങ്ങനെ ബഹുമാനം കാണിക്കാമെന്ന് പഠിക്കാൻ കഴിയുന്ന മറ്റൊരു വിധം സ്നേഹമുള്ള മൂപ്പന്മാരെ അനുകരിക്കുന്നതാണ്. മൂപ്പന്മാർ എങ്ങനെയാണ് ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നത്? അവർ ചെയ്യുന്ന ചില കാര്യങ്ങൾ നമുക്കു നോക്കാം.
അവർ സഹോദരിമാരെ അഭിനന്ദിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇക്കാര്യത്തിൽ മൂപ്പന്മാർക്കു നല്ലൊരു മാതൃകയാണ്. റോമിലെ സഭയ്ക്ക് എഴുതിയ കത്തിൽ പൗലോസ് പല സഹോദരിമാരെയും അഭിനന്ദിക്കുന്നതു കാണാം. (റോമ. 16:12) പൗലോസിന്റെ കത്ത് പരസ്യമായി സഭയിൽ വായിച്ചുകേട്ടപ്പോൾ ആ സഹോദരിമാർക്ക് എത്ര സന്തോഷം തോന്നിക്കാണുമല്ലേ? അതുപോലെതന്നെ ഇന്നത്തെ മൂപ്പന്മാരും സഹോദരിമാരുടെ നല്ല ഗുണങ്ങളെക്കുറിച്ചും അവർ യഹോവയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും എടുത്തുപറഞ്ഞുകൊണ്ട് അവരെ അഭിനന്ദിക്കുന്നു. സഭ അവരെ വിലപ്പെട്ടവരായി കാണുന്നുണ്ടെന്നു മനസ്സിലാക്കാൻ അതു സഹോദരിമാരെ സഹായിക്കുന്നു. പലപ്പോഴും മൂപ്പന്മാരുടെ ഈ പ്രോത്സാഹനവാക്കുകളായിരിക്കും യഹോവയുടെ സേവനത്തിൽ വിശ്വസ്തരായി മുന്നോട്ടുപോകാൻ അവർക്കു വേണ്ടതും.—സുഭാ. 15:23.
ആത്മാർഥതയോടെ, കാര്യങ്ങൾ എടുത്തുപറഞ്ഞ് അഭിനന്ദിക്കാൻ മൂപ്പന്മാർ ശ്രമിക്കാറുണ്ട്. എന്തുകൊണ്ടാണ് അതു പ്രധാനമായിരിക്കുന്നത്? ജെസ്സീക്ക സഹോദരി പറയുന്നു: “‘അതുകൊള്ളാം’ എന്നു സഹോദരന്മാർ പറയുന്നതു ഞങ്ങൾ വിലമതിക്കുന്നുണ്ട്. പക്ഷേ ഞങ്ങൾക്കു കൂടുതലും സന്തോഷം തോന്നുന്നത്, ചെയ്ത ഏതെങ്കിലും ഒരു കാര്യം എടുത്തുപറഞ്ഞ് അഭിനന്ദിക്കുമ്പോഴാണ്. ഉദാഹരണത്തിന്, മീറ്റിങ്ങിൽ അടങ്ങിയിരിക്കാൻ മക്കളെ പരിശീലിപ്പിച്ചതിനോ ഒരു ബൈബിൾവിദ്യാർഥിയെ മീറ്റിങ്ങിനു കൂട്ടിക്കൊണ്ടുവന്നതിനോ ഒക്കെ അഭിനന്ദിക്കുമ്പോൾ.” മൂപ്പന്മാർ ഇങ്ങനെ ചെയ്യുമ്പോൾ തങ്ങൾ സഭയ്ക്കു വേണ്ടപ്പെട്ടവരും
വിലപ്പെട്ടവരും ആണെന്നു സഹോദരിമാർക്കു തോന്നും.അവർ സഹോദരിമാരെ ശ്രദ്ധിക്കുന്നു. ഒരു കാര്യത്തെക്കുറിച്ച് നല്ല ഐഡിയകൾ ഉള്ളതു തങ്ങളുടെ കൈയിൽ മാത്രമാണെന്ന് താഴ്മയുള്ള മൂപ്പന്മാർ ചിന്തിക്കില്ല. അതെക്കുറിച്ച് അവർ സഹോദരിമാരോടും അഭിപ്രായം ചോദിക്കും; അവർ പറയുമ്പോൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യും. അതിലൂടെ മൂപ്പന്മാർക്കു സഹോദരിമാരെ പ്രോത്സാഹിപ്പിക്കാൻ കഴിയും; ഒപ്പം അവർക്കുതന്നെ പ്രയോജനം കിട്ടുകയും ചെയ്യും. അത് എങ്ങനെയാണ്? ബഥേലിൽ സേവിക്കുന്ന ഹരാർഡോ എന്ന മൂപ്പൻ പറയുന്നു: “സഹോദരിമാരോട് അഭിപ്രായം ചോദിക്കുന്നത് എന്റെ ജോലിയിൽ ഒരുപാട് പ്രയോജനം ചെയ്തിട്ടുണ്ട്. പലപ്പോഴും ആ ജോലിയിൽ സഹോദരന്മാരെക്കാൾ കൂടുതൽ അനുഭവപരിചയം സഹോദരിമാർക്കായിരിക്കും ഉള്ളത്.” ഇനി സഭയുടെ കാര്യത്തിൽ കൂടുതൽ മുൻനിരസേവകരും സഹോദരിമാരായിരിക്കും. അതുകൊണ്ട് അവർക്ക് ആ പ്രദേശത്തെ ആളുകളെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റും. മൂപ്പനായ ബ്രയാൻ പറയുന്നു: “സംഘടനയ്ക്കുവേണ്ടി പലതും ചെയ്യാൻ സഹോദരിമാർക്കു കഴിയും. അതുകൊണ്ട് അവരുടെ അനുഭവപരിചയത്തിൽനിന്ന് പ്രയോജനം നേടുക.”
സഹോദരിമാരുടെ അഭിപ്രായങ്ങൾ പെട്ടെന്നു തള്ളിക്കളയാതിരിക്കാൻ ജ്ഞാനികളായ മൂപ്പന്മാർ ശ്രദ്ധിക്കും. അതിന്റെ കാരണം എന്താണ്? എഡ്വേർഡ് എന്ന മൂപ്പൻ പറയുന്നു: “സഹോദരിമാരുടെ അഭിപ്രായങ്ങളും അവർ തങ്ങളുടെ അനുഭവത്തിൽനിന്ന് പറയുന്ന കാര്യങ്ങളും കേൾക്കുന്നതു നല്ലതാണ്. അത് ഒരു കാര്യത്തിന്റെ മുഴുവൻ ചിത്രം കിട്ടാനും മറ്റുള്ളവർക്ക് അതെക്കുറിച്ച് എന്താണു തോന്നുന്നതെന്നു മനസ്സിലാക്കാനും ഒരു സഹോദരനെ സഹായിക്കും.” (സുഭാ. 1:5) ഒരു സഹോദരിയുടെ അഭിപ്രായംപോലെ ഒരു കാര്യം ചെയ്യാൻ മൂപ്പന് എപ്പോഴും കഴിഞ്ഞില്ലെങ്കിലും അതെക്കുറിച്ച് ചിന്തിച്ചതിനും അതു തുറന്നുപറഞ്ഞതിനും അദ്ദേഹത്തിനു സഹോദരിയോടു നന്ദി പറയാനാകും.
അവർ സഹോദരിമാരെ പരിശീലിപ്പിക്കുന്നു. വിവേകമുള്ള മൂപ്പന്മാർ സഹോദരിമാരെ പരിശീലിപ്പിക്കാനുള്ള അവസരങ്ങൾ കണ്ടെത്തും. ഉദാഹരണത്തിന്, ഒരു സ്നാനമേറ്റ സഹോദരൻ ഇല്ലാതെ വന്നാൽ വയൽസേവനയോഗം എങ്ങനെ നടത്താനാകുമെന്ന് അവർക്കു സഹോദരിമാരെ പഠിപ്പിക്കാനാകും. കൂടാതെ ഉപകരണങ്ങളും മെഷീനുകളും ഉപയോഗിക്കാനും സഹോദരിമാരെ പരിശീലിപ്പിക്കാനായേക്കും. അപ്പോൾ നമ്മുടെ കെട്ടിടങ്ങളുടെ നിർമാണത്തിലും പരിപാലനത്തിലും ഉൾപ്പെടാൻ സഹോദരിമാർക്കും കഴിയും. ബഥേലിൽ മേൽവിചാരകന്മാർ സഹോദരിമാരെ പല ജോലികൾ ചെയ്യാൻ പരിശീലിപ്പിക്കുന്നു. അതിൽ കെട്ടിടത്തിന്റെ പരിപാലനം, സാധനങ്ങൾ വാങ്ങുന്നത്, അക്കൗണ്ടിങ്ങ്, കമ്പ്യൂട്ടർ പ്രോഗ്രാമിങ് അങ്ങനെ പലതും ഉൾപ്പെടുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ സഹോദരിമാരെ കാര്യപ്രാപ്തിയുള്ളവരും ആശ്രയയോഗ്യരും ആയി തങ്ങൾ കാണുന്നുണ്ടെന്നു മൂപ്പന്മാർ തെളിയിക്കുകയാണ്.
പല സഹോദരിമാരും മൂപ്പന്മാരിൽനിന്ന് കിട്ടിയ പരിശീലനം മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, നിർമാണപ്രവർത്തനങ്ങളിൽ പരിശീലനം കിട്ടിയ ചില സഹോദരിമാർ, പ്രകൃതിദുരന്തത്തിൽ തകർന്ന വീടുകൾ പുതുക്കിപ്പണിയാൻ സഹോദരങ്ങളെ സഹായിക്കാറുണ്ട്. ഇനി, മറ്റു ചില സഹോദരിമാർ പരസ്യസാക്ഷീകരണം ചെയ്യുന്നതിനോടു ബന്ധപ്പെട്ട് തങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ വേറെ സഹോദരിമാരെ പഠിപ്പിക്കുന്നു. മൂപ്പന്മാർ തങ്ങളെ പരിശീലിപ്പിക്കുമ്പോൾ സഹോദരിമാർക്ക് എന്താണു തോന്നുന്നത്? ജെനിഫർ സഹോദരി പറയുന്നു: “രാജ്യഹാൾ നിർമാണ പ്രോജക്ടിൽ ഞാൻ പങ്കെടുത്തപ്പോൾ ഒരു മൂപ്പൻ സമയമെടുത്ത് എന്നെ പരിശീലിപ്പിച്ചു. എന്റെ ജോലി അദ്ദേഹം ശ്രദ്ധിച്ചു, എന്നെ അഭിനന്ദിക്കുകയും ചെയ്തു. ആ സഹോദരന്റെകൂടെ ജോലി ചെയ്തപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. കാരണം, അദ്ദേഹം എന്നെ വിശ്വസിക്കുകയും വിലമതിക്കുകയും ചെയ്തു.”
സഹോദരിമാരെ കുടുംബാംഗങ്ങളെപ്പോലെ കാണുന്നതിന്റെ പ്രയോജനങ്ങൾ
യഹോവയെപ്പോലെ നമ്മളും വിശ്വസ്തരായ സഹോദരിമാരെ സ്നേഹിക്കുന്നു; അവരെ നമ്മുടെ കുടുംബാംഗങ്ങളായി കാണുന്നു. (1 തിമൊ. 5:1, 2) അവരോടൊപ്പം പ്രവർത്തിക്കാനാകുന്നതിൽ നമുക്കു വളരെ അഭിമാനമുണ്ട്. അവർ നമ്മുടെ സ്നേഹവും പിന്തുണയും തിരിച്ചറിയുന്നതു നമ്മളെയും സന്തോഷിപ്പിക്കുന്നു. വനേസ സഹോദരി പറയുന്നത് ഇങ്ങനെയാണ്: “ഇത്രയും സ്നേഹമുള്ള സഹോദരന്മാർ നിറഞ്ഞ ഒരു സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ ഞാൻ യഹോവയ്ക്കു നന്ദി പറയുന്നു.” തായ്വാനിലുള്ള ഒരു സഹോദരി പറയുന്നു: “യഹോവയും യഹോവയുടെ സംഘടനയും സ്ത്രീകൾക്കും അവരുടെ വികാരങ്ങൾക്കും വളരെ വില കല്പിക്കുന്നു. അതിൽ എനിക്ക് ഒത്തിരി നന്ദിയുണ്ട്. ഇത് എന്റെ വിശ്വാസം ബലപ്പെടുത്തുന്നു. യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കാനാകുന്നതു കൂടുതൽ വിലമതിക്കാനും എനിക്കാകുന്നു.”
വിശ്വസ്തരായ ക്രിസ്തീയസഹോദരന്മാർ യഹോവയെ അനുകരിച്ചുകൊണ്ട് സഹോദരിമാരോട് ഇടപെടുന്നതു കാണുമ്പോൾ യഹോവയ്ക്ക് എത്ര അഭിമാനം തോന്നും! (സുഭാ. 27:11) സ്കോട്ട്ലൻഡിൽ ഒരു മൂപ്പനായിരിക്കുന്ന ബെഞ്ചമിൻ സഹോദരൻ പറയുന്നു: “ലോകത്തിലുള്ളവർ സ്ത്രീകളെ കാണുന്നതു വില കുറഞ്ഞവരായിട്ടായിരിക്കും. പക്ഷേ നമ്മുടെ സഹോദരിമാർ രാജ്യഹാളിലേക്കു വരുമ്പോൾ ദൈവജനത്തിനിടയിലെ വ്യത്യാസം അവർക്കു തിരിച്ചറിയാനാകണം.” അതുകൊണ്ട് നമുക്ക് യഹോവയെ അനുകരിച്ചുകൊണ്ട് നമ്മുടെ പ്രിയസഹോദരിമാർ അർഹിക്കുന്ന സ്നേഹവും ബഹുമാനവും അവർക്കു നൽകാം.—റോമ. 12:10.
a ഈ ലേഖനത്തിൽ “സഹോദരിമാർ” എന്ന പദം ഒരാളുടെ കൂടപ്പിറപ്പിനെയല്ല പകരം ക്രിസ്തീയസഹോദരിമാരെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.
b ‘ദുർബലമായ പാത്രം’ എന്ന പദപ്രയോഗത്തിന്റെ കൂടുതൽ വിശദീകരണം അറിയാൻ, 2006 മേയ് 15 ലക്കം വീക്ഷാഗോപുരത്തിലെ “അമൂല്യമായ ഒരു ‘ബലഹീനപാത്രം’” എന്ന ലേഖനവും 2005 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിലെ “ദമ്പതികൾക്കുള്ള ജ്ഞാനപൂർവകമായ മാർഗനിർദേശം” എന്ന ലേഖനവും കാണുക.