പഠനലേഖനം 1
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
യഹോവയിൽ ആശ്രയിച്ചുകൊണ്ട് പേടിയെ മറികടക്കുക
2024-ലെ നമ്മുടെ വാർഷികവാക്യം: “എനിക്കു പേടി തോന്നുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.”—സങ്കീ. 56:3.
ഉദ്ദേശ്യം
പേടിയെ മറികടക്കാനായി യഹോവയിലുള്ള ആശ്രയം എങ്ങനെ ശക്തമാക്കാനാകുമെന്നു പഠിക്കും.
1. നമുക്ക് ചിലപ്പോഴൊക്കെ പേടി തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
നമുക്കെല്ലാം ചിലപ്പോഴെങ്കിലും പേടി തോന്നാറുണ്ട്. ബൈബിൾ പഠിച്ചതുകൊണ്ട്, മരിച്ചവരെക്കുറിച്ചോ അമാനുഷികശക്തികളെക്കുറിച്ചോ ലോകത്തിന്റെ ഭാവിയെക്കുറിച്ചോ ഒന്നും നമുക്ക് പേടിയില്ല എന്നതു ശരിയാണ്. പക്ഷേ രോഗങ്ങൾ, കുറ്റകൃത്യം, യുദ്ധം എന്നിവപോലുള്ള ‘പേടിപ്പിക്കുന്ന കാഴ്ചകൾ’ ഇന്നു നമുക്കു ചുറ്റും ഉണ്ട്. (ലൂക്കോ. 21:11) ഇനി, മനുഷ്യരെയും നമുക്കു പേടി തോന്നാം. സത്യാരാധനയെ എതിർക്കുന്ന കുടുംബാംഗങ്ങളോ നമ്മളെ ഉപദ്രവിക്കുന്ന ഗവൺമെന്റ് അധികാരികളോ ഒക്കെ അതിൽപ്പെടും. ഇപ്പോഴുള്ളതോ ഭാവിയിൽ ഉണ്ടായേക്കാവുന്നതോ ആയ പരിശോധനകളെ എങ്ങനെ നേരിടും എന്ന പേടിയും ചിലർക്കുണ്ട്.
2. ഗത്തിൽ ആയിരുന്നപ്പോഴത്തെ ദാവീദിന്റെ സാഹചര്യം വിവരിക്കുക.
2 ദാവീദിനും പേടി തോന്നിയിട്ടുണ്ട്. തന്നെ വേട്ടയാടിക്കൊണ്ടിരുന്ന ശൗൽ രാജാവിൽനിന്ന് രക്ഷപ്പെടാൻ ദാവീദിന്, ഒരിക്കൽ ഗത്ത് എന്ന ഫെലിസ്ത്യനഗരത്തിലേക്കു പോകേണ്ടിവന്നു. പക്ഷേ ഗത്തിലെ രാജാവായ ആഖീശ് പെട്ടെന്നുതന്നെ ദാവീദിനെ തിരിച്ചറിഞ്ഞു. ‘പതിനായിരക്കണക്കിനു’ ഫെലിസ്ത്യരെ കൊന്നവൻ എന്ന് ആളുകൾ പാടിപ്പുകഴ്ത്തിയ വീരയോദ്ധാവാണ് ഇതെന്ന് ആഖീശിനു മനസ്സിലായി. അതോടെ ദാവീദിനു “വലിയ പേടിയായി.” (1 ശമു. 21:10-12) തന്നെ ആഖീശ് എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം. ദാവീദ് ഈ പേടിയെ എങ്ങനെ മറികടന്നു?
3. സങ്കീർത്തനം 56:1-3, 11 അനുസരിച്ച് ദാവീദ് എങ്ങനെയാണ് പേടിയെ മറികടന്നത്?
3 ഗത്തിൽവെച്ച് തനിക്കു തോന്നിയ ഭയത്തെക്കുറിച്ച് 56-ാം സങ്കീർത്തനത്തിൽ ദാവീദ് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ആ പേടിയെ എങ്ങനെ മറികടന്നെന്നും അവിടെ അദ്ദേഹം പറയുന്നു. പേടി തോന്നിയപ്പോൾ ദാവീദ് യഹോവയിൽ ആശ്രയിച്ചു. (സങ്കീർത്തനം 56:1-3, 11 വായിക്കുക.) അതു വെറുതേയായില്ല. യഹോവയുടെ അനുഗ്രഹത്താൽ ദാവീദ് അസാധാരണമായ ഒരു തന്ത്രം പ്രയോഗിച്ചുനോക്കി. അദ്ദേഹം ഒരു ഭ്രാന്തനായി അഭിനയിച്ചു! അതോടെ ദാവീദ് ഒരു ശത്രുവല്ല, ശല്യമാണെന്ന് ആഖീശിനു തോന്നി. അങ്ങനെ ദാവീദിന് അവിടെനിന്ന് രക്ഷപ്പെടാനായി.—1 ശമു. 21:13–22:1.
4. നമുക്ക് എങ്ങനെ യഹോവയിലുള്ള ആശ്രയം ശക്തമാക്കാം? ഒരു ഉദാഹരണം പറയുക.
4 യഹോവയിൽ ആശ്രയിച്ചാൽ നമുക്കും പേടിയെ മറികടക്കാനാകും. എന്നാൽ പേടി തോന്നുമ്പോൾ നമുക്ക് എങ്ങനെ യഹോവയിലുള്ള ആശ്രയം ശക്തമാക്കാം? ഒരു ഉദാഹരണം ചിന്തിക്കുക: നിങ്ങൾക്ക് ഒരു അസുഖം ഉണ്ടെന്ന് അറിഞ്ഞാൽ ആദ്യം പേടി തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ ഡോക്ടറിൽ നിങ്ങൾ ആശ്രയിക്കുന്നുണ്ടെങ്കിൽ പേടി അൽപ്പം കുറയും. ഈ അസുഖം വന്ന ഒരുപാടു പേരെ മുമ്പ് അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. നിങ്ങൾ പറയുന്നതെല്ലാം ശ്രദ്ധിച്ച് കേൾക്കുന്ന, നിങ്ങളുടെ ഉള്ളിലുള്ളതു ശരിക്കും മനസ്സിലാക്കുന്ന ഒരാളാണ് അദ്ദേഹം. കൂടാതെ പലർക്കും ഗുണം ചെയ്തിട്ടുള്ള ഒരു ചികിത്സ നിങ്ങൾക്ക് നിർദേശിക്കാനും അദ്ദേഹത്തിനായേക്കും. ഇതുപോലെ യഹോവ ഇതുവരെ ചെയ്തതും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചെയ്യാൻപോകുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് യഹോവയിലുള്ള നമ്മുടെ ആശ്രയം ശക്തമാക്കും. ദാവീദ് ചെയ്തതും അതുതന്നെയാണ്. 56-ാം സങ്കീർത്തനത്തിലെ ദാവീദിന്റെ ചില വാക്കുകൾ നോക്കുമ്പോൾ യഹോവയിലുള്ള ആശ്രയം ശക്തമാക്കാനും പേടിയെ മറികടക്കാനും നിങ്ങൾക്കും എങ്ങനെ കഴിയുമെന്നു ചിന്തിക്കുക.
യഹോവ ഇതിനോടകം എന്തെല്ലാം ചെയ്തു?
5. പേടിയെ മറികടക്കാൻ ദാവീദ് എന്തിനെക്കുറിച്ചാണ് ചിന്തിച്ചത്? (സങ്കീർത്തനം 56:12, 13)
5 അപകടകരമായ സാഹചര്യത്തിൽ ആയിരുന്നപ്പോഴും, യഹോവ ഇതിനോടകം ചെയ്ത കാര്യങ്ങളെക്കുറിച്ച് ദാവീദ് ചിന്തിച്ചു. (സങ്കീർത്തനം 56:12, 13 വായിക്കുക.) അങ്ങനെ ചിന്തിക്കുന്നതു ദാവീദിന്റെ ഒരു രീതിയായിരുന്നു. ഉദാഹരണത്തിന്, യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ച് ദാവീദ് ധ്യാനിച്ചിട്ടുണ്ട്. യഹോവയുടെ അസാധാരണമായ ശക്തിയെക്കുറിച്ചും മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ചും അതു ദാവീദിനെ ഓർമിപ്പിച്ചു. (സങ്കീ. 65:6-9) മറ്റുള്ളവർക്കായി യഹോവ ചെയ്തതിനെക്കുറിച്ചും ദാവീദ് ചിന്തിക്കുമായിരുന്നു. (സങ്കീ. 31:19; 37:25, 26) ഇനി, യഹോവ തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളെപ്പറ്റിയും ദാവീദ് പ്രത്യേകം ധ്യാനിച്ചു. ജനിച്ചതുമുതൽ ദാവീദിനെ യഹോവ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. (സങ്കീ. 22:9, 10) ഇങ്ങനെയൊക്കെ ചിന്തിച്ചത്, യഹോവയിലുള്ള ആശ്രയം ശക്തമാക്കാൻ ദാവീദിനെ എത്രത്തോളം സഹായിച്ചുകാണും!
6. പേടി തോന്നുമ്പോൾ യഹോവയിൽ ആശ്രയിക്കാൻ എന്തു സഹായിക്കും?
6 പേടി തോന്നുമ്പോൾ നമുക്കും ഇങ്ങനെ ചിന്തിക്കാം: ‘യഹോവ ഇതിനോടകം എന്തെല്ലാമാണ് ചെയ്തിട്ടുള്ളത്?’ യഹോവയുടെ സൃഷ്ടികളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, പക്ഷികളെയും പൂക്കളെയും “അടുത്ത് നിരീക്ഷിക്കുക.” അവയൊന്നും ദൈവത്തിന്റെ ഛായയിൽ അല്ല സൃഷ്ടിക്കപ്പെട്ടത്; അവയ്ക്കു ദൈവത്തെ ആരാധിക്കാനുമാകില്ല. എന്നിട്ടും യഹോവ അവയ്ക്കെല്ലാംവേണ്ടി കരുതുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ നമുക്കുവേണ്ടിയും യഹോവ കരുതുമെന്ന വിശ്വാസം ശക്തമാകും. (മത്താ. 6:25-32) കൂടാതെ, യഹോവ തന്റെ ആരാധകർക്കുവേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും നമുക്കു ചിന്തിക്കാം. ശക്തമായ വിശ്വാസം കാണിച്ച ബൈബിൾകഥാപാത്രങ്ങളെക്കുറിച്ച് പഠിക്കാം. വിശ്വസ്തരായ സഹോദരങ്ങളുടെ ആധുനികകാല അനുഭവങ്ങളും നമുക്കു വായിക്കാം. a ഇനി, യഹോവ ഇതുവരെ നിങ്ങൾക്കായി എങ്ങനെയെല്ലാം കരുതിയിട്ടുണ്ടെന്നും ചിന്തിക്കുക. യഹോവ നിങ്ങളെ എങ്ങനെയാണ് സത്യത്തിലേക്ക് ആകർഷിച്ചത്? (യോഹ. 6:44) നിങ്ങളുടെ പ്രാർഥനകൾക്ക് എങ്ങനെയാണ് ഉത്തരം തന്നത്? (1 യോഹ. 5:14) യഹോവ സ്വന്തം മകനെ ബലിയായി തന്നതുകൊണ്ട് നിങ്ങൾക്ക് ഓരോ ദിവസവും എന്തെല്ലാം പ്രയോജനങ്ങളാണു കിട്ടുന്നത്?—എഫെ. 1:7; എബ്രാ. 4:14-16.
7. പേടി മറികടക്കാൻ ദാനിയേൽ പ്രവാചകന്റെ അനുഭവം വനേസ്സയെ എങ്ങനെയാണ് സഹായിച്ചത്?
7 ഹെയ്റ്റിയിലെ വനേസ്സ b സഹോദരിക്കു പേടി തോന്നുന്ന ഒരു സാഹചര്യം നേരിട്ടു. സഹോദരിയുടെ പ്രദേശത്തുള്ള ഒരാൾ സഹോദരിയെ ദിവസവും ഫോൺ വിളിക്കുകയും മെസ്സേജ് അയയ്ക്കുകയും ഒക്കെ ചെയ്ത് ശല്യപ്പെടുത്തുമായിരുന്നു. താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അയാൾ വനേസ്സയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. പറ്റില്ലെന്നു സഹോദരി തീർത്തുപറഞ്ഞു. പക്ഷേ അതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. അയാൾ സഹോദരിയെ ഭീഷണിപ്പെടുത്താൻപോലും തുടങ്ങി. സഹോദരി പറയുന്നു: “ഞാൻ ആകെ പേടിച്ചുപോയി.” ആ പേടിയെ വനേസ്സ എങ്ങനെയാണ് മറികടന്നത്? സുരക്ഷയ്ക്കുവേണ്ടി തന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം സഹോദരി ചെയ്തു. കാര്യങ്ങൾ പോലീസിൽ അറിയിക്കാൻ സഹോദരിയെ ഒരു മൂപ്പൻ സഹായിച്ചു. ഇനി, മുൻകാലങ്ങളിൽ യഹോവ തന്റെ ദാസരെ സംരക്ഷിച്ചതിനെക്കുറിച്ചും വനേസ്സ ചിന്തിച്ചു. സഹോദരി ഇങ്ങനെ പറയുന്നു: “എന്റെ മനസ്സിലേക്ക് ആദ്യം വന്നതു ദാനിയേൽ പ്രവാചകനാണ്. ഒരു തെറ്റും ചെയ്യാത്ത ദാനിയേലിനെ വിശന്നിരുന്ന സിംഹങ്ങളുടെ ഇടയിലേക്ക് എറിഞ്ഞെങ്കിലും യഹോവ അദ്ദേഹത്തെ സംരക്ഷിച്ചു. അതുകൊണ്ട് എന്റെ പ്രശ്നങ്ങളെല്ലാം ഞാൻ യഹോവയോട് പറഞ്ഞു; കാര്യങ്ങൾ യഹോവയെ ഏൽപ്പിച്ചു. പിന്നെ എനിക്കു പേടി തോന്നിയില്ല.”—ദാനി. 6:12-22.
യഹോവ ഇപ്പോൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
8. ഏതു കാര്യത്തിൽ ദാവീദിന് ഉറപ്പുണ്ടായിരുന്നു? (സങ്കീർത്തനം 56:8)
8 ഗത്തിൽവെച്ച് ജീവനു ഭീഷണി ഉയർത്തുന്ന ഒരു സാഹചര്യത്തിൽ ആയിരുന്നപ്പോഴും, ദാവീദ് പേടിപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചല്ല ചിന്തിച്ചുകൊണ്ടിരുന്നത്. പകരം, അപ്പോൾത്തന്നെ തനിക്കുവേണ്ടി യഹോവ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ്. യഹോവ തന്നെ വഴിനയിക്കുന്നുണ്ടെന്നും സംരക്ഷിക്കുന്നുണ്ടെന്നും തന്റെ വികാരങ്ങളും ചിന്തകളും മനസ്സിലാക്കുന്നുണ്ടെന്നും ദാവീദ് തിരിച്ചറിഞ്ഞു. (സങ്കീർത്തനം 56:8 വായിക്കുക.) യോനാഥാനെയും മഹാപുരോഹിതനായ അഹിമേലെക്കിനെയും പോലുള്ള വിശ്വസ്തസുഹൃത്തുക്കളെയും യഹോവ ദാവീദിനു നൽകി. അവർ ദാവീദിനു വേണ്ട പിന്തുണയും പ്രായോഗികസഹായവും കൊടുത്തു. (1 ശമു. 20:41, 42; 21:6, 8, 9) ഇനി, ശൗൽ എപ്പോഴും കൊല്ലാനായി പുറകേ ഉണ്ടായിരുന്നെങ്കിലും ദാവീദിനു രക്ഷപ്പെടാൻ കഴിയുന്നുണ്ടായിരുന്നു. തന്റെ പ്രശ്നം എന്താണെന്നും അത് തന്നെ വ്യക്തിപരമായി എങ്ങനെയാണ് ബാധിക്കുന്നതെന്നും യഹോവയ്ക്കു കൃത്യമായി അറിയാമെന്ന് ദാവീദിന് ഉറപ്പായിരുന്നു.
9. നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ യഹോവ എന്തൊക്കെ അറിയുന്നുണ്ട്?
9 പേടിപ്പിക്കുന്ന ഒരു സാഹചര്യത്തിലൂടെ നിങ്ങൾ കടന്നുപോകുമ്പോൾ യഹോവ ആ പരിശോധന അറിയുന്നുണ്ടെന്നും നിങ്ങളുടെ ഉള്ളിലെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും ഉറപ്പുണ്ടായിരിക്കുക. ഉദാഹരണത്തിന്, ഇസ്രായേല്യർ ഈജിപ്തിൽ നേരിട്ട അനീതി മാത്രമല്ല അവർ ‘അനുഭവിച്ച വേദനകളും’ യഹോവ മനസ്സിലാക്കി. (പുറ. 3:7) അതുപോലെ, തന്റെ ‘ദുരിതവും പ്രാണസങ്കടവും’ യഹോവ കണ്ടെന്ന് ദാവീദ് പാടി. (സങ്കീ. 31:7) ഇനി, മോശമായ തീരുമാനം എടുത്തതിന്റെ ഫലമായിട്ടാണെങ്കിൽപ്പോലും ദൈവജനം ദുരിതം അനുഭവിക്കുന്നതു കണ്ടപ്പോൾ അതു ‘ദൈവത്തെ വേദനിപ്പിച്ചു.’ (യശ. 63:9) നിങ്ങൾക്കു പേടി തോന്നുമ്പോൾ അത് എങ്ങനെയാണ് നിങ്ങളുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നത് എന്ന് യഹോവ മനസ്സിലാക്കുന്നുണ്ട്. പേടിയെ മറികടക്കുന്നതിനു നിങ്ങളെ സഹായിക്കാൻ യഹോവ കൂടെത്തന്നെയുണ്ട്.
10. യഹോവ നിങ്ങൾക്കായി കരുതുന്നുണ്ടെന്നും ഏതു പരിശോധനയും സഹിച്ചുനിൽക്കാൻ സഹായിക്കുമെന്നും നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
10 പേടി തോന്നുന്ന സാഹചര്യങ്ങളിൽ യഹോവ നമ്മളെ സഹായിക്കുന്നുണ്ടോ എന്നു നമുക്കു സംശയം തോന്നിയേക്കാം. അപ്പോൾ നമുക്ക് എന്തു ചെയ്യാം? ‘യഹോവ നൽകുന്ന പിന്തുണ തിരിച്ചറിയാൻ സഹായിക്കണേ’ എന്നു പ്രാർഥിക്കാം. (2 രാജാ. 6:15-17) എന്നിട്ട് ഇങ്ങനെ ചിന്തിക്കുക: ‘സഭയിൽ കേട്ട ഏതെങ്കിലും ഒരു പ്രസംഗമോ ഉത്തരമോ എന്നെ ബലപ്പെടുത്തിയോ? ഏതെങ്കിലും ഒരു പ്രസിദ്ധീകരണമോ വീഡിയോയോ ചിത്രഗീതമോ എനിക്കു പ്രോത്സാഹനം പകർന്നോ? ധൈര്യം പകരുന്ന ഒരു ആശയമോ വാക്യമോ ആരെങ്കിലും എന്നോടു പറഞ്ഞോ?’ സഹോദരങ്ങളുടെ സ്നേഹവും ആത്മീയഭക്ഷണത്തിന്റെ മൂല്യവും ഒക്കെ ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കാതെപോയേക്കാം. പക്ഷേ ഓർക്കുക, അതെല്ലാം യഹോവയിൽനിന്നുള്ള വിലയേറിയ സമ്മാനങ്ങളാണ്. (യശ. 65:13; മർക്കോ. 10:29, 30) അത് യഹോവ നിങ്ങൾക്കുവേണ്ടി കരുതുന്നു എന്നതിന്റെ തെളിവാണ്. (യശ. 49:14-16) നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് യഹോവ എന്നും അത് ഉറപ്പുതരുന്നു.
11. പേടി മറികടക്കാൻ ഐഡയെ എന്താണു സഹായിച്ചത്?
11 യഹോവ ഇത്തരത്തിൽ സഹായിക്കുന്നതു തിരിച്ചറിഞ്ഞ ഒരാളാണ് സെനഗലിൽ താമസിക്കുന്ന ഐഡ. മൂത്ത മകളായതുകൊണ്ട് അവൾ തനിക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും ജോലി ചെയ്ത് പണമുണ്ടാക്കാൻ മാതാപിതാക്കൾ പ്രതീക്ഷിച്ചു. പക്ഷേ ഐഡ മുൻനിരസേവനം ചെയ്യുന്നതിനായി ജീവിതം ലളിതമാക്കിയതോടെ അവൾക്കു സാമ്പത്തികബുദ്ധിമുട്ട് നേരിട്ടു. അപ്പോൾ കുടുംബാംഗങ്ങൾ അവളെ കുറ്റപ്പെടുത്താൻ തുടങ്ങി. സഹോദരി ഇങ്ങനെ പറയുന്നു: “എന്റെ മാതാപിതാക്കളെ എനിക്കു സഹായിക്കാൻ കഴിയില്ലെന്നും എല്ലാവരും എന്നെ ഒറ്റപ്പെടുത്തുമെന്നും ഉള്ള പേടിയായിരുന്നു എനിക്ക്. എന്റെ അവസ്ഥയ്ക്ക് ഞാൻ യഹോവയെപ്പോലും കുറ്റപ്പെടുത്തി.” അപ്പോഴാണ് ഐഡ മീറ്റിങ്ങിൽ ഒരു പ്രസംഗം കേട്ടത്. “നമ്മുടെ ഹൃദയത്തിലെ മുറിവുകൾ യഹോവ അറിയുന്നുണ്ടെന്നും യഹോവ നമ്മളെ മനസ്സിലാക്കുന്നുണ്ടെന്നും പ്രസംഗകൻ ഓർമിപ്പിച്ചു. യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്നു മൂപ്പന്മാരുടെയും മറ്റുള്ളവരുടെയും സഹായത്താൽ പതിയെപ്പതിയെ എനിക്കു കൂടുതൽ ഉറപ്പായി. അങ്ങനെ മുമ്പത്തെക്കാളും ആത്മവിശ്വാസത്തോടെ ഞാൻ യഹോവയോടു പ്രാർഥിക്കാൻതുടങ്ങി. എന്റെ പ്രാർഥനകൾക്ക് ഉത്തരം കിട്ടിയപ്പോൾ എന്തെന്നില്ലാത്ത ഒരു സമാധാനം എനിക്ക് അനുഭവപ്പെട്ടു.” മുൻനിരസേവനം തുടരാനും അതോടൊപ്പം മാതാപിതാക്കൾക്കായി കരുതാനും പറ്റുന്ന ഒരു ജോലി ഐഡയ്ക്കു കിട്ടി. അവൾ പറയുന്നു: “യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞാൻ ഇപ്പോൾ പഠിച്ചു. ഇപ്പോൾ എന്തെങ്കിലും പേടി തോന്നിയാലും മിക്കപ്പോഴും പ്രാർഥിച്ചുകഴിയുമ്പോൾ അതങ്ങു മാറും.”
യഹോവ ഇനി എന്താണു ചെയ്യാൻപോകുന്നത്?
12. സങ്കീർത്തനം 56:9 പറയുന്നതനുസരിച്ച് ദാവീദിന് എന്ത് ഉറപ്പുണ്ടായിരുന്നു?
12 സങ്കീർത്തനം 56:9 വായിക്കുക. ഈ വാക്യത്തിൽ, പേടിയെ മറികടക്കാൻ ദാവീദിനെ സഹായിച്ച മറ്റൊരു കാര്യം കാണാം. ദാവീദിന്റെ ജീവിതം അപകടത്തിലായിരുന്നെങ്കിലും യഹോവ തനിക്കുവേണ്ടി ഇനി എന്താണു ചെയ്യാൻപോകുന്നത് എന്നു ദാവീദ് ചിന്തിച്ചു. കൃത്യസമയത്തുതന്നെ യഹോവ തന്നെ രക്ഷിക്കും എന്നു ദാവീദിന് അറിയാമായിരുന്നു. കാരണം, ഇസ്രായേലിന്റെ അടുത്ത രാജാവ് ദാവീദ് ആയിരിക്കുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. (1 ശമു. 16:1, 13) യഹോവ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നു ദാവീദിനു ശക്തമായ ഉറപ്പുണ്ടായിരുന്നു.
13. യഹോവ എന്തു ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം?
13 യഹോവ നമുക്ക് എന്ത് ഉറപ്പാണ് തന്നിരിക്കുന്നത്? ഇപ്പോൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും യഹോവ നമ്മളെ സംരക്ഷിക്കുമെന്നു നമ്മൾ പ്രതീക്ഷിക്കുന്നില്ല. c എന്നാൽ അതെല്ലാം ദൈവം പുതിയ ലോകത്തിൽ മാറ്റിത്തരുമെന്നു നമുക്ക് ഉറപ്പുണ്ട്. (യശ. 25:7-9) മരിച്ചവരെ ഉയിർപ്പിക്കാനും അസുഖങ്ങൾ ഭേദമാക്കാനും ശത്രുക്കളെയെല്ലാം ഇല്ലാതാക്കാനും നമ്മുടെ സ്രഷ്ടാവ് ശക്തനാണ്.—1 യോഹ. 4:4.
14. നമുക്ക് എന്തിനെക്കുറിച്ച് ധ്യാനിക്കാം?
14 പേടി തോന്നുമ്പോൾ, ഭാവിയിൽ യഹോവ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. അന്നു സാത്താനില്ല, ദുഷ്ടന്മാർക്കു പകരം നീതിമാന്മാരായ ആളുകൾ മാത്രം. ഓരോ ദിവസവും നമ്മൾ പൂർണതയിലേക്കു നടന്നടുക്കും. ആ സമയത്തെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്? നമ്മുടെ പ്രത്യാശയെക്കുറിച്ച് ചിന്തിക്കാൻ സഹായിക്കുന്ന ഒരു അവതരണം 2014-ലെ മേഖലാ കൺവെൻഷനിൽ ഉണ്ടായിരുന്നു. 2 തിമൊഥെയൊസ് 3:1-5 പറയുന്നതു പറുദീസയെക്കുറിച്ചായിരുന്നെങ്കിൽ, അതിലെ വാക്കുകൾ എങ്ങനെ ആയിരിക്കുമെന്ന് ഒരു പിതാവ് തന്റെ കുടുംബത്തോടൊപ്പം ചർച്ച ചെയ്തു: “പുതിയ ലോകത്തിൽ സന്തോഷം നിറഞ്ഞ സമയങ്ങൾ ആയിരിക്കുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ പരസ്പരം സ്നേഹിക്കുന്നവരും ആത്മീയസമ്പത്ത് ആഗ്രഹിക്കുന്നവരും എളിമയുള്ളവരും താഴ്മയുള്ളവരും ദൈവത്തെ സ്തുതിക്കുന്നവരും മാതാപിതാക്കളെ അനുസരിക്കുന്നവരും നന്ദിയുള്ളവരും വിശ്വസിക്കാൻ കൊള്ളാവുന്നവരും കുടുംബത്തോട് അതിയായ സ്നേഹവും വാത്സല്യവും ഉള്ളവരും യോജിക്കാൻ മനസ്സുള്ളവരും മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രം സംസാരിക്കുന്നവരും ആത്മനിയന്ത്രണം ഉള്ളവരും സൗമ്യത ഉള്ളവരും നന്മ ഇഷ്ടപ്പെടുന്നവരും ആശ്രയയോഗ്യരും വഴക്കമുള്ളവരും വിനയമുള്ളവരും ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നതിനു പകരം ദൈവത്തെ സ്നേഹിക്കുന്നവരും യഥാർഥദൈവഭക്തിയുള്ളവരും ആയിരിക്കും. ഇവരോട് അടുത്തുപറ്റിനിൽക്കുക.” പുതിയ ലോകത്തിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് കുടുംബാംഗങ്ങളോടോ സഹോദരങ്ങളോടോ ഒപ്പമിരുന്ന് നിങ്ങൾ ചർച്ച ചെയ്യാറുണ്ടോ?
15. പേടി തോന്നിയെങ്കിലും അതു മറികടക്കാൻ റ്റാനിയയെ സഹായിച്ചത് എന്താണ്?
15 നോർത്ത് മാസിഡോണിയയിലെ ഒരു സഹോദരിയാണ് റ്റാനിയ. സഹോദരി ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ മാതാപിതാക്കൾ ശക്തമായി എതിർത്തു. എന്നാൽ ഭാവിയിൽ യഹോവ തരാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിച്ചതു പേടിയെ മറികടക്കാൻ റ്റാനിയയെ സഹായിച്ചു. സഹോദരി പറയുന്നു: “ഞാൻ പേടിച്ച പല കാര്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായി. ഓരോ മീറ്റിങ്ങ് കഴിഞ്ഞ് ചെല്ലുമ്പോഴും അമ്മ എന്നെ തല്ലുമായിരുന്നു. യഹോവയുടെ സാക്ഷിയായാൽ കൊന്നുകളയുമെന്നുപോലും മാതാപിതാക്കൾ പറഞ്ഞു.” അവസാനം സഹോദരിയെ അവർ വീട്ടിൽനിന്ന് ഇറക്കിവിട്ടു. സഹോദരി അപ്പോൾ എന്തു ചെയ്തു? റ്റാനിയ പറയുന്നു: “ഞാൻ വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതുകൊണ്ട് നിത്യതയിലുടനീളം എനിക്കു കിട്ടാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചു. എനിക്ക് ഇപ്പോൾ നഷ്ടമായേക്കാവുന്ന കാര്യങ്ങളൊക്കെ യഹോവ പുതിയ ലോകത്തിൽ എങ്ങനെയായിരിക്കും തിരിച്ചുതരുന്നതെന്നും ഞാൻ ഓർത്തു. അന്നു വേദനിപ്പിക്കുന്ന ഓർമകളൊന്നും എന്റെ മനസ്സിലുണ്ടായിരിക്കില്ല.” റ്റാനിയ വിശ്വസ്തയായി തുടർന്നു. യഹോവയുടെ സഹായത്താൽ സഹോദരിക്കു താമസിക്കാൻ ഒരു സ്ഥലം കിട്ടി. ഇപ്പോൾ റ്റാനിയ വിവാഹിതയാണ്; ഭർത്താവിനോടൊപ്പം സന്തോഷത്തോടെ മുഴുസമയസേവനം ചെയ്യുന്നു.
യഹോവയിലുള്ള ആശ്രയം ഇപ്പോൾ ശക്തമാക്കുക
16. ലൂക്കോസ് 21:26-28-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംഭവിക്കുമ്പോൾ ധൈര്യത്തോടെ നിൽക്കാൻ നമ്മളെ എന്തു സഹായിക്കും?
16 മഹാകഷ്ടതയുടെ സമയത്ത് ആളുകൾ “പേടിച്ച് ബോധംകെടും” എന്നു ബൈബിൾ പറയുന്നു. പക്ഷേ ദൈവജനം ധൈര്യത്തോടെ ഉറച്ചുനിൽക്കും. (ലൂക്കോസ് 21:26-28 വായിക്കുക.) എന്തുകൊണ്ട്? കാരണം അപ്പോഴേക്കും നമ്മൾ യഹോവയിൽ ആശ്രയിക്കാൻ പഠിച്ചിട്ടുണ്ടാകും. മുമ്പ് കണ്ട റ്റാനിയ പറയുന്നത്, ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ നേരിടാൻ തന്റെ മുൻകാല അനുഭവങ്ങൾ സഹായിക്കുന്നു എന്നാണ്. സഹോദരി പറയുന്നു: “യഹോവയ്ക്കു സഹായിക്കാനും അനുഗ്രഹിക്കാനും കഴിയാത്ത ഒരു സാഹചര്യവും ഇല്ല എന്നു ഞാൻ എന്റെ ജീവിതത്തിലൂടെ പഠിച്ചു. ചിലപ്പോൾ നമുക്കു തോന്നിയേക്കാം മറ്റുള്ളവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന്. പക്ഷേ ശരിക്കും പറഞ്ഞാൽ പൂർണനിയന്ത്രണം യഹോവയുടെ കൈകളിലാണ്. യഹോവ അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ടേ, മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. പ്രശ്നം എത്ര കടുപ്പമുള്ളതാണെങ്കിലും അത് ഒരിക്കൽ അവസാനിക്കും.”
17. 2024-ലെ നമ്മുടെ വാർഷികവാക്യം നമ്മളെ എങ്ങനെ സഹായിക്കും? (പുറംതാളിലെ ചിത്രം കാണുക.)
17 ഇന്നു പേടി തോന്നുന്ന പല സാഹചര്യങ്ങളുമുണ്ട്. എന്നാൽ ദാവീദിനെപ്പോലെ ഭയത്തെ കീഴ്പെടുത്താൻ നമുക്കും കഴിയും. 2024-ലെ നമ്മുടെ വാർഷികവാക്യം യഹോവയോടുള്ള ദാവീദിന്റെ പ്രാർഥനയാണ്: “എനിക്കു പേടി തോന്നുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.” (സങ്കീ. 56:3) ഒരു ബൈബിൾപണ്ഡിതൻ ഈ വാക്യത്തെക്കുറിച്ച് പറഞ്ഞത്, ദാവീദ് “തനിക്കു പേടി തോന്നുന്ന കാര്യങ്ങളെക്കുറിച്ചോ തന്റെ പ്രശ്നങ്ങളെക്കുറിച്ചോ ചിന്തിച്ചുകൊണ്ടിരുന്നില്ല, പകരം തന്റെ രക്ഷകനിലേക്ക് എപ്പോഴും നോക്കി” എന്നാണ്. വരുംമാസങ്ങളിൽ നമ്മുടെ വാർഷികവാക്യത്തെക്കുറിച്ച് ചിന്തിക്കുക; പ്രത്യേകിച്ചും പേടി തോന്നുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ. യഹോവ മുൻകാലങ്ങളിൽ ചെയ്തതും ഇപ്പോൾ ചെയ്യുന്നതും ഭാവിയിൽ ചെയ്യാൻപോകുന്നതും ആയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക. അപ്പോൾ ദാവീദിനെപ്പോലെ നിങ്ങൾക്കും ഇങ്ങനെ പറയാനാകും: “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; എനിക്കു പേടിയില്ല.”—സങ്കീ. 56:4.
പിൻവരുന്ന കാര്യങ്ങൾ ചിന്തിക്കുന്നതു പേടിയെ മറികടക്കാൻ നിങ്ങളെ എങ്ങനെ സഹായിക്കും:
-
യഹോവ ഇതിനോടകം ചെയ്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്?
-
യഹോവ ഇപ്പോൾത്തന്നെ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച്?
-
യഹോവ ഭാവിയിൽ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച്?
ഗീതം 33 നിന്റെ ഭാരം യഹോവയുടെ മേൽ ഇടുക
a വിശ്വാസം ബലപ്പെടുത്തുന്ന വിവരങ്ങൾക്കായി jw.org-ലെ ‘തിരയുക’ എന്ന ഭാഗത്ത് “അവരുടെ വിശ്വാസം അനുകരിക്കുക” എന്നോ “അനുഭവങ്ങൾ” എന്നോ ടൈപ്പ് ചെയ്യുക. JW ലൈബ്രറി ആപ്ലിക്കേഷനിൽ “അവരുടെ വിശ്വാസം അനുകരിക്കുക,” “യഹോവയുടെ സാക്ഷികളുടെ ജീവിതകഥകൾ” എന്നീ ലേഖന പരമ്പരകൾ കാണുക.
b ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
d ചിത്രത്തിന്റെ വിവരണം: യഹോവ എങ്ങനെയാണ് ഒരു കരടിയെ കൊല്ലാൻ തന്നെ ശക്തനാക്കിയതെന്നും പ്രശ്നത്തിന്റെ സമയത്ത് അഹിമേലെക്കിലൂടെ പ്രായോഗികസഹായം നൽകിയതെന്നും ഭാവിയിൽ തന്നെ രാജാവാക്കാൻ പോകുന്നതെന്നും ദാവീദ് ചിന്തിക്കുന്നു.
e ചിത്രത്തിന്റെ വിവരണം: വിശ്വാസത്തിന്റെ പേരിൽ ജയിലിൽ ആയിരിക്കുന്ന ഒരു സഹോദരൻ യഹോവ എങ്ങനെയാണ് പുകവലി നിറുത്താൻ തന്നെ സഹായിച്ചതെന്നും പ്രിയപ്പെട്ടവരുടെ കത്തുകളിലൂടെ തന്നെ പ്രോത്സാഹിപ്പിക്കുന്നതെന്നും പറുദീസയിൽ നിത്യജീവൻ തരാൻപോകുന്നതെന്നും ചിന്തിക്കുന്നു.