പഠനലേഖനം 4
ഗീതം 30 എന്റെ പിതാവ്, എന്റെ ദൈവവും സ്നേഹിതനും
യഹോവയ്ക്കു നിങ്ങളോടു വാത്സല്യം ഉണ്ട്
‘യഹോവ വാത്സല്യം നിറഞ്ഞ ദൈവമാണ്.’—യാക്കോ. 5:11.
ഉദ്ദേശ്യം
യഹോവയുടെ സ്നേഹം ദൈവത്തോട് അടുക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്? അതു നമുക്കു സുരക്ഷിതത്വവും ഉന്മേഷവും തോന്നാൻ ഇടയാക്കുകയും ദൈവത്തിന്റെ കരുതൽ ഉറപ്പുനൽകുകയും ചെയ്യുന്നത് എങ്ങനെയാണ്?
1. യഹോവയെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്താണു വരുന്നത്?
യഹോവയെക്കുറിച്ച് ചിന്തിക്കുമ്പോഴും പ്രാർഥിക്കുമ്പോഴും നിങ്ങളുടെ മനസ്സിൽ യഹോവയെക്കുറിച്ച് എങ്ങനെയുള്ള ഒരു ചിത്രമാണു വരുന്നത്? യഹോവയെ കാണാൻ പറ്റില്ലെങ്കിലും ബൈബിൾ ദൈവത്തെ പല വിധങ്ങളിൽ വർണിച്ചിട്ടുണ്ട്. യഹോവയെ “സൂര്യനും പരിചയും” എന്നും “ദഹിപ്പിക്കുന്ന അഗ്നി” എന്നും വിളിച്ചിരിക്കുന്നു. (സങ്കീ. 84:11; എബ്രാ. 12:29) യഹോവയുടെ സാന്നിധ്യത്തെ ഇന്ദ്രനീലക്കല്ലിനോടും തിളങ്ങുന്ന ഒരു ലോഹത്തോടും മഴവില്ലിന്റെ ശോഭയോടും ഒക്കെ താരതമ്യപ്പെടുത്തിയിട്ടുണ്ട്. (യഹ. 1:26-28) ഇത്തരം വർണനകൾ നമ്മളിൽ ചിലപ്പോൾ ഭയാദരവോ പേടിയോ നിറച്ചേക്കാം.
2. യഹോവയോട് അടുക്കാൻ ചിലർക്കു ബുദ്ധിമുട്ട് തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
2 നമുക്കു ദൈവത്തെ കാണാൻ കഴിയാത്തതുകൊണ്ട് ദൈവം നമ്മളെ സ്നേഹിക്കുന്നുണ്ടെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നിയേക്കാം. നമ്മളിൽ ചിലർ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങൾ കാരണം യഹോവയ്ക്കു തങ്ങളെ സ്നേഹിക്കാനേ കഴിയില്ലെന്നു ചിന്തിക്കുന്നവരായിരിക്കും. ഒരുപക്ഷേ സ്വന്തം പിതാവ് അവരെ സ്നേഹിച്ചിട്ടേ ഉണ്ടാകില്ല. നമ്മുടെ ഈ ചിന്തകൾ യഹോവ മനസ്സിലാക്കുന്നുണ്ട്. യഹോവയോട് അടുക്കാൻ നമുക്കു തോന്നുന്ന ആ ബുദ്ധിമുട്ട് ദൈവത്തിന് അറിയാം. അതുകൊണ്ട് നമ്മളെ സഹായിക്കുന്നതിനായി, താൻ എങ്ങനെയുള്ള ഒരു പിതാവാണെന്നു ദൈവവചനത്തിലൂടെ യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.
3. യഹോവയുടെ സ്നേഹത്തെക്കുറിച്ച് നമ്മൾ അടുത്ത് പരിചിന്തിക്കേണ്ടത് എന്തുകൊണ്ട്?
3 ഒറ്റ വാക്കിൽ ദൈവത്തെ വർണിക്കാൻ പറഞ്ഞാൽ നമുക്ക് യഹോവയെ സ്നേഹം എന്നു വിളിക്കാനാകും. ബൈബിൾ പറയുന്നു: “ദൈവം സ്നേഹമാണ്.” (1 യോഹ. 4:8) യഹോവ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഈ സ്നേഹമുണ്ട്. ഈ സ്നേഹം വളരെ വിശാലമാണ്, ശക്തവുമാണ്. അതുകൊണ്ടാണ്, തന്നെ സ്നേഹിക്കാത്തവരെപ്പോലും യഹോവ സ്നേഹിക്കുന്നത്. (മത്താ. 5:44, 45) ഈ ലേഖനത്തിൽ യഹോവയെക്കുറിച്ചും യഹോവയുടെ സ്നേഹത്തെക്കുറിച്ചും നമ്മൾ അടുത്ത് പരിചിന്തിക്കും. കാരണം, നമ്മൾ എത്രയധികം ദൈവത്തെക്കുറിച്ച് പഠിക്കുന്നുവോ അത്രയധികം നമുക്കു ദൈവത്തെ തിരിച്ച് സ്നേഹിക്കാൻ തോന്നും.
യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നു
4. യഹോവയുടെ വാത്സല്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്? (ചിത്രവും കാണുക.)
4 ‘യഹോവ വാത്സല്യം നിറഞ്ഞ ദൈവമാണ്.’ (യാക്കോ. 5:11) ബൈബിളിൽ യഹോവ തന്നെ താരതമ്യം ചെയ്തിരിക്കുന്നത്, വാത്സല്യനിധിയായ ഒരു അമ്മയോടാണ്. (യശ. 66:12, 13) തന്റെ കുഞ്ഞിനെ സ്നേഹത്തോടെ പരിപാലിക്കുന്ന ഒരു അമ്മയെക്കുറിച്ച് ചിന്തിക്കുക. ആ അമ്മ കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കും, ആശ്വസിപ്പിക്കുന്ന രീതിയിൽ മൃദുസ്വരത്തിൽ അവനോടു സംസാരിക്കും. അവൻ കരയുകയോ അവനു വേദനിക്കുകയോ ചെയ്യുമ്പോൾ അമ്മ ഓടിയെത്തി വേണ്ടതെല്ലാം ചെയ്തുകൊടുക്കും. അതുപോലെ നമുക്കും വേദന തോന്നുമ്പോൾ യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടായിരിക്കാം. സങ്കീർത്തനക്കാരൻ എഴുതി: “ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”—സങ്കീ. 94:19.
5. യഹോവയുടെ അചഞ്ചലസ്നേഹം നിങ്ങൾക്ക് എങ്ങനെയാണു പ്രയോജനം ചെയ്യുന്നത്?
5 യഹോവയുടെ സ്നേഹം അചഞ്ചലമാണ്. (സങ്കീ. 103:8) നമുക്ക് എന്തെങ്കിലും തെറ്റു സംഭവിച്ചാലും യഹോവ നമ്മളെ ഉപേക്ഷിക്കില്ല. ഇസ്രായേല്യർ പല തവണ യഹോവയെ സങ്കടപ്പെടുത്തി. എങ്കിലും ആ ജനം പശ്ചാത്തപിച്ചപ്പോൾ യഹോവ തന്റെ അചഞ്ചലസ്നേഹത്തെക്കുറിച്ച് അവർക്ക് ഇങ്ങനെ ഉറപ്പുകൊടുത്തു: “നീ എനിക്കു വളരെ വിലപ്പെട്ടവനാണ്, ഞാൻ നിന്നെ ആദരിക്കുന്നു, നിന്നെ സ്നേഹിക്കുന്നു.” (യശ. 43:4, 5) യഹോവയുടെ സ്നേഹത്തിന് ഇന്നും മാറ്റം വന്നിട്ടില്ല. നമുക്ക് അതിൽ എപ്പോഴും ആശ്രയിക്കാൻ കഴിയും. ഗുരുതരമായ തെറ്റുകൾ ചെയ്താലും യഹോവ നമ്മളെ കൈവിട്ടുകളയില്ല. പശ്ചാത്തപിച്ച് മടങ്ങിവന്നാൽ യഹോവയ്ക്ക് അപ്പോഴും മുമ്പുണ്ടായിരുന്ന അതേ സ്നേഹം നമ്മളോടുണ്ടായിരിക്കും. യഹോവ നമ്മളോട് “ഉദാരമായി ക്ഷമിക്കും” എന്ന് ഉറപ്പുതന്നിട്ടുണ്ട്. (യശ. 55:7) അപ്പോൾ നമ്മൾ ‘യഹോവയിൽനിന്നുള്ള ഉന്മേഷകാലങ്ങൾ’ ആസ്വദിക്കുമെന്ന് ബൈബിൾ പറയുന്നു.—പ്രവൃ. 3:19.
6. സെഖര്യ 2:8 യഹോവയെക്കുറിച്ച് നമ്മളെ എന്താണ് പഠിപ്പിക്കുന്നത്?
6 സെഖര്യ 2:8 വായിക്കുക. യഹോവ നമ്മളെ താരതമ്യം ചെയ്തിരിക്കുന്നത് തന്റെ കണ്ണിലെ കൃഷ്ണമണിയോടാണ്. ശരീരത്തിലെ വളരെ വിലപ്പെട്ട, മൃദുവായ ഒരു ഭാഗമാണു കണ്ണ്. അതുകൊണ്ട് ഈ താരതമ്യത്തിലൂടെ യഹോവ തന്റെ ജനത്തോട് ഇങ്ങനെയാണു പറയുന്നത്: ‘നിങ്ങളെ ആരെങ്കിലും ഉപദ്രവിച്ചാൽ എനിക്കു വളരെ വിലപ്പെട്ടതിനെയാണ് അവർ ഉപദ്രവിക്കുന്നത്.’ നമ്മളെ ഒരുപാടു സ്നേഹിക്കുന്നതുകൊണ്ട് നമ്മുടെ വികാരങ്ങൾ യഹോവ പെട്ടെന്നു മനസ്സിലാക്കും; നമ്മളെ സംരക്ഷിക്കാനായി പെട്ടെന്നു പ്രവർത്തിക്കും. നമുക്കു വേദനിക്കുമ്പോൾ ഒപ്പം യഹോവയ്ക്കും വേദനിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഉറപ്പോടെ ഇങ്ങനെ പ്രാർഥിക്കാനാകും: “അങ്ങയുടെ കണ്ണിലെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളേണമേ.”—സങ്കീ. 17:8.
7. യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം ശക്തമാക്കേണ്ടത് എന്തുകൊണ്ട്?
7 യഹോവ നമ്മളെ ഓരോരുത്തരെയും സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. എന്നാൽ മുൻകാല അനുഭവങ്ങളോ ഇപ്പോൾ കടന്നുപോകുന്ന സാഹചര്യങ്ങളോ കാരണം, യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്നു നമുക്കു സംശയം തോന്നിയേക്കാം. അത് യഹോവയ്ക്കും അറിയാം. എന്നാൽ, യഹോവ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം ശക്തമാക്കാൻ നമുക്ക് എന്തു ചെയ്യാം? യഹോവ യേശുവിനോടും അഭിഷിക്തരോടും നമ്മൾ ഓരോരുത്തരോടും എങ്ങനെയാണു സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നതെന്നു മനസ്സിലാക്കുന്നത് അതിനു സഹായിക്കും.
യഹോവ സ്നേഹം പ്രകടിപ്പിക്കുന്നു
8. തന്റെ പിതാവിന്റെ സ്നേഹത്തെക്കുറിച്ച് യേശുവിന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
8 എണ്ണമറ്റ വർഷങ്ങളായി യഹോവയും യേശുവും ഒരുമിച്ചായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഒരിക്കലും അളക്കാനാകില്ല. ശരിക്കും പ്രപഞ്ചത്തിലെ ഏറ്റവും കാലപ്പഴക്കമുള്ള ബന്ധമാണ് അവരുടേത്. മത്തായി 17:5 വായിക്കുമ്പോൾ യേശുവിനോടുള്ള തന്റെ ആ സ്നേഹം യഹോവ തുറന്നുപ്രകടിപ്പിക്കുന്നതു കാണാം. “ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു മാത്രം യഹോവയ്ക്കു പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ, യേശുവിനെ യഹോവ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നു നമ്മൾ മനസ്സിലാക്കാൻവേണ്ടി, “ഇവൻ എന്റെ പ്രിയപുത്രൻ” എന്നുംകൂടെ യഹോവ പറഞ്ഞു. യേശുവിനെക്കുറിച്ച് യഹോവയ്ക്ക് അഭിമാനമായിരുന്നു; പ്രത്യേകിച്ചും യേശു പിന്നീട് ചെയ്യാൻപോകുന്ന കാര്യങ്ങൾ ഓർത്ത്. (എഫെ. 1:7) ഇനി, പിതാവിനു തന്നോടുള്ള സ്നേഹത്തെക്കുറിച്ച് യേശുവിനും സംശയമുണ്ടായിരുന്നില്ല. ആ സ്നേഹം യേശു ശരിക്കും അനുഭവിച്ചറിഞ്ഞു. അതുകൊണ്ടാണ് പിതാവ് തന്നെ സ്നേഹിക്കുന്നുണ്ടെന്നു യേശു പല തവണ പറഞ്ഞത്.—യോഹ. 3:35; 10:17; 17:24.
9. റോമർ 5:5-ലെ ഏതു പദപ്രയോഗമാണ് അഭിഷിക്തരോടുള്ള യഹോവയുടെ സ്നേഹം വർണിക്കുന്നത്? വിശദീകരിക്കുക.
9 അഭിഷിക്തരോടുള്ള തന്റെ സ്നേഹവും യഹോവ പ്രകടിപ്പിക്കുന്നുണ്ട്. (റോമർ 5:5 വായിക്കുക.) ഈ വാക്യത്തിലെ “ചൊരിഞ്ഞിരിക്കുന്നു” എന്ന പദം ശ്രദ്ധിച്ചോ? ഒരു ബൈബിൾനിഘണ്ടു ആ പദത്തെ നിർവചിക്കുന്നത്, “ഒരു അരുവിപോലെ നമ്മളിലേക്ക് ഒഴുകുന്നു” എന്നാണ്. യഹോവ അഭിഷിക്തരെ എത്രമാത്രം സ്നേഹിക്കുന്നെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന നല്ലൊരു വർണനയാണ് അത്. തങ്ങളെ ‘ദൈവം സ്നേഹിക്കുന്നുണ്ടെന്ന്’ അഭിഷിക്തർക്കും അറിയാം. (യൂദ 1) അതിനോടുള്ള അവരുടെ വിലമതിപ്പ് യോഹന്നാൻ അപ്പോസ്തലന്റെ ഈ വാക്കുകളിൽനിന്ന് മനസ്സിലാക്കാം: “പിതാവ് നമ്മളോടു കാണിച്ച സ്നേഹം എത്ര വലുതാണെന്നു നോക്കുക! അതുകൊണ്ടാണ് നമ്മളെ ദൈവമക്കളെന്നു വിളിക്കുന്നത്!” (1 യോഹ. 3:1) യഹോവ അഭിഷിക്തരെ മാത്രമാണോ ഇങ്ങനെ സ്നേഹിക്കുന്നത്? അല്ല. നമ്മളെ എല്ലാവരെയും സ്നേഹിക്കുന്നുണ്ടെന്ന് യഹോവ തെളിയിച്ചിട്ടുണ്ട്.
10. യഹോവയ്ക്കു നിങ്ങളോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് എന്താണ്?
10 യഹോവയുടെ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് എന്താണ്? മോചനവില. ആരും ഇന്നേവരെ കാണിക്കാത്ത സ്നേഹമാണ് യഹോവ അതിലൂടെ കാണിച്ചിരിക്കുന്നത്! (യോഹ. 3:16; റോമ. 5:8) നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാനും നമുക്കു ദൈവത്തിന്റെ സുഹൃത്തുക്കൾ ആകാനും കഴിയേണ്ടതിനു തന്റെ പ്രിയമകനെ യഹോവ നമുക്കുവേണ്ടി തന്നു. (1 യോഹ. 4:10) മോചനവിലയ്ക്കുവേണ്ടി യഹോവയും യേശുവും ചെയ്ത ത്യാഗത്തെക്കുറിച്ച് എത്രത്തോളം ചിന്തിക്കുന്നോ അത്രത്തോളം അവരുടെ സ്നേഹത്തിന്റെ ആഴം നമ്മൾ തിരിച്ചറിയും. (ഗലാ. 2:20) തന്റെ നീതി നടപ്പാക്കാൻവേണ്ടി മാത്രമല്ല യഹോവ മോചനവില ക്രമീകരിച്ചത്. അതു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവും വിലപ്പെട്ട ഒരു സമ്മാനവും ആണ്. അതുകൊണ്ടാണ് തനിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന യേശുവിനെത്തന്നെ നമുക്കുവേണ്ടി തന്നത്. നമ്മൾ മരിക്കേണ്ടിടത്ത് തന്റെ മകൻ വേദന സഹിച്ച് മരിക്കാൻ യഹോവ അനുവദിച്ചു.
11. യിരെമ്യ 31:3-ൽനിന്ന് നമ്മൾ എന്താണു മനസ്സിലാക്കുന്നത്?
11 നമ്മൾ കണ്ടതുപോലെ യഹോവയ്ക്കു നമ്മളോടു സ്നേഹം തോന്നുക മാത്രമല്ല, അത് എത്രത്തോളമുണ്ടെന്നു യഹോവ തുറന്നുപറയുകയും ചെയ്യുന്നു. (യിരെമ്യ 31:3 വായിക്കുക.) യഹോവ നമ്മളെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മളെ തന്നിലേക്ക് അടുപ്പിച്ചിരിക്കുന്നത്. (ആവർത്തനം 7:7, 8 താരതമ്യം ചെയ്യുക.) ആ സ്നേഹത്തിൽനിന്ന് നമ്മളെ വേർപെടുത്താൻ ഒന്നിനും, ഒരാൾക്കും കഴിയില്ല. (റോമ. 8:38, 39) യഹോവയുടെ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് എന്താണു തോന്നുന്നത്? ദൈവത്തിന്റെ സ്നേഹവും വാത്സല്യവും ദാവീദിന് എങ്ങനെയാണ് അനുഭവപ്പെട്ടതെന്നു 23-ാം സങ്കീർത്തനത്തിൽനിന്ന് മനസ്സിലാക്കാം. ആ ഭാഗം വായിക്കുമ്പോൾ യഹോവയുടെ സ്നേഹത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നതെന്നു ചിന്തിക്കുക.
യഹോവയുടെ സ്നേഹത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
12. 23-ാം സങ്കീർത്തനത്തിൽ ദാവീദ് എന്തിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്?
12 സങ്കീർത്തനം 23:1-6 വായിക്കുക. 23-ാം സങ്കീർത്തനത്തിൽ ദാവീദ് ദൈവത്തിന്റെ സ്നേഹത്തെയും വാത്സല്യത്തെയും കുറിച്ച് പറയുന്നുണ്ട്. ദാവീദും ഇടയനായ യഹോവയും തമ്മിലുള്ള ശക്തമായ ബന്ധം അതിൽ നന്നായി വിവരിക്കുന്നു. യഹോവ വഴിനയിക്കുന്നതുകൊണ്ട് താൻ സുരക്ഷിതനാണെന്നു ദാവീദിനു തോന്നി. അദ്ദേഹം യഹോവയിൽ പൂർണമായി ആശ്രയിച്ചു. യഹോവ തന്നോട് ഓരോ ദിവസവും സ്നേഹം കാണിക്കുമെന്നു ദാവീദിന് ഉറപ്പുണ്ടായിരുന്നു. എങ്ങനെയാണ് ആ ബോധ്യം ദാവീദിനു കിട്ടിയത്?
13. യഹോവ കരുതമെന്നു ദാവീദിന് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
13 “എനിക്ക് ഒന്നിനും കുറവുണ്ടാകില്ല.” യഹോവയുടെ കരുതൽ ദാവീദ് തിരിച്ചറിഞ്ഞു. കാരണം ദാവീദിന് എന്താണോ വേണ്ടത് അത് യഹോവ എപ്പോഴും കൊടുത്തിരുന്നു. യഹോവയുടെ സൗഹൃദവും അംഗീകാരവും തനിക്കുണ്ടെന്നും ദാവീദിന് ഉറപ്പായിരുന്നു. അതുകൊണ്ട് ഭാവിയിൽ എന്തൊക്കെ നേരിട്ടാലും യഹോവ തനിക്കുവേണ്ടി കരുതുമെന്ന കാര്യത്തിൽ ദാവീദിന് ഒരു സംശയവുമില്ലായിരുന്നു. യഹോവയുടെ സ്നേഹത്തിലും വാത്സല്യത്തിലും ഉറപ്പുണ്ടായിരുന്നതുകൊണ്ട് ഏതു ഭയത്തെയും മറികടക്കാനും സന്തോഷവും സംതൃപ്തിയും ആസ്വദിക്കാനും ദാവീദിനു കഴിഞ്ഞു.—സങ്കീ. 16:11.
14. യഹോവ നമുക്കുവേണ്ടി എങ്ങനെയായിരിക്കാം കരുതുന്നത്?
14 യഹോവ നമുക്കുവേണ്ടിയും സ്നേഹത്തോടെ കരുതും; പ്രത്യേകിച്ചും നമ്മൾ പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ. 20 വർഷത്തിലേറെയായി ബഥേലിൽ സേവിക്കുന്ന ക്ലെർ a എന്ന സഹോദരിയുടെ അനുഭവം നോക്കാം. ഒന്നിനു പുറകേ ഒന്നായി സഹോദരിയുടെ കുടുംബത്തിൽ പല പ്രശ്നങ്ങളുണ്ടായപ്പോൾ സഹോദരി ആകെ തളർന്നുപോയി. സഹോദരിയുടെ പിതാവിനു സ്ട്രോക്ക് വന്നു. ഒരു അനിയത്തി പുറത്താക്കപ്പെട്ടു. അവരുടെ കുടുംബത്തിനുണ്ടായിരുന്ന ചെറിയൊരു ബിസിനെസ്സും വീടും എല്ലാം നഷ്ടമായി. അപ്പോഴെല്ലാം യഹോവ അവർക്കുവേണ്ടി സ്നേഹത്തോടെ കരുതിയത് എങ്ങനെയാണ്? ക്ലെർ പറയുന്നു: “എന്റെ കുടുംബത്തിന് എന്താണോ വേണ്ടത് അത് ഓരോ ദിവസവും കിട്ടുന്നുണ്ടെന്ന് യഹോവ ഉറപ്പുവരുത്തി. പലപ്പോഴും ഞങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറം ഞങ്ങൾക്കുവേണ്ടി കരുതി. യഹോവയുടെ സ്നേഹവും വാത്സല്യവും ഒക്കെ അനുഭവിച്ചറിഞ്ഞ ആ നിമിഷങ്ങൾ ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്. അത് ഞാൻ ഒരിക്കലും മറക്കില്ല. ആ ഓർമകൾ, പിന്നീട് ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ ധൈര്യത്തോടെ മുന്നോട്ടു പോകാൻ എന്നെ സഹായിച്ചു.”
15. ദാവീദിന് ഉന്മേഷം തോന്നിയത് എന്തുകൊണ്ടാണ്? (ചിത്രവും കാണുക.)
15 “എന്റെ ദൈവം എനിക്ക് ഉന്മേഷം പകരുന്നു.” പലപ്പോഴും താൻ നേരിടുന്ന പ്രശ്നങ്ങളും പരിശോധനകളും കാരണം ദാവീദിനു വളരെ വിഷമം തോന്നി. (സങ്കീ. 18:4-6) എന്നാൽ യഹോവയുടെ സ്നേഹവും വാത്സല്യവും ദാവീദിന് ഉന്മേഷം പകർന്നു. ആകെ ക്ഷീണിതനായ തന്റെ ഈ സുഹൃത്തിനെ യഹോവ ‘പച്ചപ്പുൽപ്പുറങ്ങളിലേക്കും ജലസമൃദ്ധമായ വിശ്രമസ്ഥലങ്ങളിലേക്കും’ നയിച്ചു. അങ്ങനെ ദാവീദിനു ശക്തി വീണ്ടെടുക്കാനും മുന്നോട്ടുപോകാനും കഴിഞ്ഞു.—സങ്കീ. 18:28-32.
16. യഹോവയുടെ സ്നേഹം നിങ്ങൾക്ക് ഉന്മേഷം നൽകിയിരിക്കുന്നത് എങ്ങനെയാണ്?
16 അതുപോലെ ഇന്നും ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടുന്നുണ്ടെങ്കിലും യഹോവയുടെ അചഞ്ചലസ്നേഹം നിമിത്തമാണു നമുക്ക് ഇപ്പോഴും പിടിച്ചുനിൽക്കാനാകുന്നത്. (വിലാ. 3:22; കൊലോ. 1:11) റെയ്ച്ചലിന്റെ അനുഭവം നോക്കാം: കോവിഡ് 19 മഹാമാരിയുടെ സമയത്ത്, അവളുടെ ഭർത്താവ് അവളെയും യഹോവയെയും ഉപേക്ഷിച്ചുപോയി. അത് റെയ്ച്ചലിനെ തളർത്തിക്കളഞ്ഞു. എന്നാൽ, യഹോവ എങ്ങനെയാണു സഹായിച്ചത്? റെയ്ച്ചൽ പറയുന്നു: “ഞാൻ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് യഹോവ എല്ലായ്പ്പോഴും ഉറപ്പുവരുത്തി. എന്റെ കൂടെ എപ്പോഴും കൂട്ടുകാരുണ്ടായിരുന്നു, അവർ എനിക്കുവേണ്ടി സമയം ചെലവഴിച്ചു, ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നു. അവർ ആശ്വസിപ്പിക്കുന്ന തിരുവെഴുത്തുകളും മെസ്സേജുകളും അയച്ചുതന്നു, സ്നേഹത്തോടെ എന്നെ നോക്കി പുഞ്ചിരിച്ചു. യഹോവ എനിക്കുവേണ്ടി കരുതുന്നുണ്ടെന്ന് എന്നെ ഓർമിപ്പിച്ചു. ഇത്രയും സ്നേഹമുള്ള ഒരു വലിയ കുടുംബത്തെ തന്നതിനു ഞാൻ എപ്പോഴും യഹോവയോടു നന്ദി പറയുന്നു.”
17. “എനിക്കൊരു പേടിയുമില്ല” എന്നു ദാവീദ് പറഞ്ഞത് എന്തുകൊണ്ടാണ്?
17 “എനിക്കൊരു പേടിയുമില്ല; അങ്ങ് എന്റെകൂടെയുണ്ടല്ലോ.” ദാവീദിന്റെ ജീവൻ പലപ്പോഴും അപകടത്തിലായിട്ടുണ്ട്. കൂടാതെ ശക്തരായ പല എതിരാളികളും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിരുന്നാലും യഹോവയുടെ സ്നേഹം, താൻ സുരക്ഷിതനാണെന്നു ദാവീദിന് ഉറപ്പുകൊടുത്തു. ഓരോ സാഹചര്യത്തിലും, യഹോവ തന്റെ കൂടെയുണ്ടെന്നു തിരിച്ചറിഞ്ഞതു ദാവീദിനു വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ടാണ് ദാവീദ് ഇങ്ങനെ പാടിയത്: “എന്റെ സകല ഭയങ്ങളിൽനിന്നും (യഹോവ) എന്നെ മോചിപ്പിച്ചു.”(സങ്കീ. 34:4) ദാവീദിനു ചിലപ്പോഴൊക്കെ വലിയ പേടി തോന്നി. എന്നാൽ, യഹോവ തന്നെ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം അതിലും വലുതായിരുന്നതുകൊണ്ട് ദാവീദിന് ആ പേടിയെ മറികടക്കാൻ കഴിഞ്ഞു.
18. പേടി തോന്നുമ്പോഴും യഹോവ സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം നിങ്ങൾക്ക് എങ്ങനെ ശക്തി പകർന്നേക്കാം?
18 യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ട് എന്ന ബോധ്യം പേടിപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണ്? ഒരു മുൻനിരസേവികയായ സൂസി സഹോദരിയുടെ അനുഭവം നോക്കാം. തന്റെ മകൻ ആത്മഹത്യ ചെയ്തപ്പോൾ തനിക്കും ഭർത്താവിനും എന്താണു തോന്നിയതെന്നു സഹോദരി പറയുന്നു: “ജീവിതത്തിൽ താങ്ങാനാകാത്ത പ്രശ്നങ്ങൾ പെട്ടെന്നുണ്ടാകുമ്പോൾ നമ്മുടെ ശക്തി ആകെ ചോർന്നുപോകും. ഇതിലും മോശമായ എന്തെങ്കിലും സംഭവിക്കുമോ എന്നായിരിക്കും പിന്നെ നമ്മുടെ പേടി. പക്ഷേ, യഹോവയുടെ സ്നേഹവും വാത്സല്യവും അനുഭവിച്ചറിഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിന് ഒരു ധൈര്യം കിട്ടി.” നേരത്തേ കണ്ട റെയ്ച്ചൽ പറയുന്നു: “ഒരു രാത്രി സങ്കടം താങ്ങാനാകാതെ എന്റെ ഹൃദയം പൊട്ടുന്നതുപോലെ തോന്നി. ഞാനാകെ പേടിച്ച് യഹോവയോട് ഉറക്കെ കരഞ്ഞ് പ്രാർഥിച്ചു. പെട്ടെന്നുതന്നെ എന്റെ മനസ്സ് ഒന്നു ശാന്തമായി. ഒരു അമ്മ തന്റെ കുഞ്ഞിനെ ആശ്വസിപ്പിച്ച് ഉറക്കുന്നതുപോലെ യഹോവ എന്നെ ആശ്വസിപ്പിച്ചു. ഞാൻ അറിയാതെ ഉറങ്ങിപ്പോയി. ആ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല.” ഒരു മൂപ്പനായ റ്റാസോസിന്, സൈന്യത്തിൽ ചേരാതിരുന്നതു കാരണം നാലു വർഷം ജയിലിൽ കഴിയേണ്ടിവന്നു. ആ സമയത്ത് യഹോവയുടെ സ്നേഹവും കരുതലും അദ്ദേഹം എങ്ങനെയാണ് അനുഭവിച്ചറിഞ്ഞത്? അദ്ദേഹം പറയുന്നു: “എനിക്ക് ആവശ്യമായിരുന്നതും അതിലധികവും തന്നുകൊണ്ട് യഹോവ എനിക്കുവേണ്ടി കരുതി. അത് യഹോവയിൽ പൂർണമായി ആശ്രയിക്കാനാകും എന്ന എന്റെ ബോധ്യം കൂടുതൽ ശക്തമാക്കി. ജയിലിലായിരിക്കുന്നതു മനസ്സു മടുപ്പിക്കുന്ന ഒരു കാര്യമാണെങ്കിലും എപ്പോഴും സന്തോഷത്തോടെയിരിക്കാൻ യഹോവ തന്റെ ആത്മാവിലൂടെ എന്നെ സഹായിച്ചു. എത്ര കൂടുതൽ ഞാൻ യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുവോ അത്രയധികം യഹോവയുടെ സ്നേഹം അനുഭവിച്ചറിയാൻ കഴിയുമെന്നു അതിലൂടെ എനിക്കു മനസ്സിലായി. അതുകൊണ്ട് ജയിലിൽ ആയിരിക്കെത്തന്നെ ഒരു സാധാരണ മുൻനിരസേവകനായി പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചു.”
വാത്സല്യം നിറഞ്ഞ നമ്മുടെ ദൈവത്തോട് അടുക്കുക
19. (എ) ദൈവം നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന അറിവ് നമ്മുടെ പ്രാർഥനകളെ എങ്ങനെ സ്വാധീനിക്കും? (ബി) യഹോവയുടെ സ്നേഹത്തെക്കുറിച്ചുള്ള ഏതു വർണനയാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടമായത്? (“ യഹോവയുടെ വാത്സല്യവും സ്നേഹവും എടുത്തുകാണിക്കുന്ന വാക്കുകൾ” എന്ന ചതുരം കാണുക.)
19 ‘സ്നേഹത്തിന്റെ ദൈവമായ’ യഹോവ എപ്പോഴും നമ്മുടെ കൂടെയുണ്ടെന്നാണ് നമ്മൾ കണ്ട അനുഭവങ്ങളെല്ലാം കാണിക്കുന്നത്. (2 കൊരി. 13:11) നമ്മുടെ ഓരോരുത്തരുടെയും കാര്യത്തിൽ ദൈവത്തിനു താത്പര്യമുണ്ട്. യഹോവ തന്റെ ‘അചഞ്ചലമായ സ്നേഹംകൊണ്ട് നമ്മളെ പൊതിയുമെന്നു’ നമുക്ക് അറിയാം. (സങ്കീ. 32:10) ദൈവം നമ്മളോടു സ്നേഹം കാണിച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണെന്ന് എത്രയധികം ചിന്തിക്കുന്നോ അത്രയധികം നമ്മൾ യഹോവയെ മനസ്സിലാക്കും, അത്രയധികം നമുക്ക് യഹോവയോട് അടുപ്പം തോന്നും. അങ്ങനെയാകുമ്പോൾ നമ്മൾ യഹോവയോട് ഉള്ളുതുറന്ന് സംസാരിക്കും. നമുക്ക് യഹോവയുടെ സ്നേഹം എത്രത്തോളം ആവശ്യമാണെന്നും നമുക്ക് എന്തെല്ലാം വിഷമങ്ങളുണ്ടെന്നും നമ്മൾ നമ്മുടെ പിതാവിനോടു തുറന്നുപറയും. കാരണം, യഹോവ നമ്മളെ മനസ്സിലാക്കുന്നുണ്ടെന്നും നമ്മളെ സഹായിക്കാനായി നോക്കിയിരിക്കുകയാണെന്നും നമുക്ക് ഉറപ്പുണ്ട്.—സങ്കീ. 145:18, 19.
20. യഹോവയുടെ സ്നേഹം നമ്മളെ യഹോവയോട് അടുപ്പിക്കുന്നത് എങ്ങനെയാണ്?
20 തണുപ്പുള്ള സമയത്ത് നമ്മൾ തീയുടെ അടുത്തേക്ക് ആകർഷിക്കപ്പെടുന്നതുപോലെ ആകെ തണുത്തുറഞ്ഞ ഈ ലോകത്തിൽ യഹോവയുടെ സ്നേഹം നമ്മളെ ആകർഷിക്കുന്നു. യഹോവയുടെ സ്നേഹം ശക്തമാണെന്നു മാത്രമല്ല അതു വാത്സല്യം നിറഞ്ഞതുമാണ്. അതുകൊണ്ട് യഹോവയുടെ സ്നേഹവും വാത്സല്യവും രുചിച്ചറിയാനാകുന്നതിൽ സന്തോഷിക്കുക. അപ്പോൾ നമുക്ക് ഇങ്ങനെ പറയാൻ തോന്നും: “ഞാൻ യഹോവയെ സ്നേഹിക്കുന്നു.”—സങ്കീ. 116:1.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
യഹോവയുടെ സ്നേഹത്തെ നിങ്ങൾ എങ്ങനെ വർണിക്കും?
-
യഹോവ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്?
-
യഹോവയുടെ സ്നേഹത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
ഗീതം 108 ദൈവത്തിന്റെ അചഞ്ചലസ്നേഹം
a ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.