ഭരണസംഘത്തിലെ പുതിയ രണ്ട് അംഗങ്ങൾ
JW.ORG-ൽ 2023 ജനുവരി 18 ബുധനാഴ്ച ഒരു പ്രത്യേക അറിയിപ്പു വന്നു. ഗേജ് ഫ്ലീഗിൾ, ജഫ്രി വിൻഡർ എന്നീ സഹോദരന്മാരെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗങ്ങളായി നിയമിച്ചിരിക്കുന്നു എന്നതായിരുന്നു അത്. ഈ രണ്ടു സഹോദരന്മാരും വർഷങ്ങളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരാണ്.
ഫ്ലീഗിൽ സഹോദരൻ വളർന്നത് യു.എസ്.എ.-യിലെ പടിഞ്ഞാറൻ പെൻസിൽവേനിയയിലാണ്. മാതാപിതാക്കൾ അദ്ദേഹത്തെ സത്യത്തിൽ വളർത്തിക്കൊണ്ടുവന്നു. അദ്ദേഹം കൗമാരത്തിൽ എത്തിയപ്പോൾ ആവശ്യം അധികമുള്ള ഒരു ചെറിയ ഉൾനാടൻ പട്ടണത്തിലേക്ക് അദ്ദേഹത്തിന്റെ കുടുംബം മാറിത്താമസിച്ചു. അതുകഴിഞ്ഞ് അധികം വൈകാതെ 1988 നവംബർ 20-ന് സഹോദരൻ സ്നാനപ്പെട്ടു.
ഫ്ലീഗിൽ സഹോദരന്റെ മാതാപിതാക്കൾ മുഴുസമയസേവനം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. അവർ സർക്കിട്ട് മേൽവിചാരകന്മാരെയും ബഥേലംഗങ്ങളെയും ഇടയ്ക്കിടയ്ക്ക് വീട്ടിലേക്കു ക്ഷണിച്ചു. ആ സഹോദരങ്ങൾ എത്ര സന്തോഷമുള്ളവരാണെന്നു നേരിട്ടുകാണാൻ അതിലൂടെ ഫ്ലീഗിൽ സഹോദരന് അവസരം കിട്ടി. സ്നാനപ്പെട്ട് അധികം താമസിയാതെ 1989 സെപ്റ്റംബർ 1-ന് അദ്ദേഹം സാധാരണ മുൻനിരസേവനം തുടങ്ങി. ബഥേലിൽ സേവിക്കുക എന്നത് 12-ാം വയസ്സുമുതൽ സഹോദരന്റെ ലക്ഷ്യമായിരുന്നു. മുൻനിരസേവനം തുടങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് അതിനു സാധിച്ചു. 1991 ഒക്ടോബറിൽ സഹോദരൻ ബ്രൂക്ലിൻ ബഥേലിൽ സേവിക്കാൻതുടങ്ങി.
ബഥേലിൽ ഫ്ലീഗിൽ സഹോദരൻ ആദ്യത്തെ എട്ടു വർഷം അച്ചടിശാലയിൽ ആണ് സേവിച്ചത്. അതിനു ശേഷം അദ്ദേഹത്തെ സർവീസ് ഡിപ്പാർട്ടുമെന്റിലേക്കു മാറ്റി. ആ സമയത്ത് സഹോദരൻ കുറച്ച് വർഷങ്ങൾ റഷ്യൻ ഭാഷയിലുള്ള ഒരു സഭയിൽ സേവിച്ചിരുന്നു. 2006-ൽ ഫ്ലീഗിൽ സഹോദരൻ നാദിയ സഹോദരിയെ വിവാഹം കഴിച്ചു. അങ്ങനെ സഹോദരിയും ബഥേൽ സേവനത്തിലേക്കു വന്നു. അവർ ഒരുമിച്ച് പോർച്ചുഗീസ് സഭയോടൊപ്പവും പത്തു വർഷത്തിലധികം ഒരു സ്പാനിഷ് സഭയോടൊപ്പവും പ്രവർത്തിച്ചു. കുറെ വർഷം സർവീസ് ഡിപ്പാർട്ടുമെന്റിൽ ആയിരുന്ന ഫ്ലീഗിൽ സഹോദരന്, ടീച്ചിങ് കമ്മിറ്റി ഓഫീസിലേക്കും കുറെ കഴിഞ്ഞപ്പോൾ സർവീസ് കമ്മിറ്റി ഓഫീസിലേക്കും നിയമനമാറ്റങ്ങൾ ഉണ്ടായി. 2022 മാർച്ചിൽ അദ്ദേഹത്തെ ഭരണസംഘത്തിന്റെ സർവീസ് കമ്മിറ്റി സഹായിയായി നിയമിച്ചു.
വിൻഡർ സഹോദരൻ വളർന്നത് യു.എസ്.എ.-യിലെ കാലിഫോർണിയയിലുള്ള മൊറിയെറ്റ എന്ന സ്ഥലത്താണ്. അദ്ദേഹത്തെയും മാതാപിതാക്കൾ സത്യത്തിലാണ് വളർത്തിക്കൊണ്ടുവന്നത്. 1986 മാർച്ച് 29-ന് സഹോദരൻ സ്നാനമേറ്റു. തൊട്ടടുത്ത മാസംതന്നെ സഹായ മുൻനിരസേവനവും തുടങ്ങി. അത് ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് മുൻനിരസേവനം തുടരാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ഏതാനും മാസങ്ങൾ സഹായ മുൻനിരസേവനം ചെയ്തശേഷം 1986 ഒക്ടോബർ 1-ന് അദ്ദേഹം ഒരു സാധാരണ മുൻനിരസേവകനായി.
കൗമാരത്തിലായിരുന്നപ്പോൾ സഹോദരൻ ബഥേലിലായിരുന്ന തന്റെ രണ്ടു ചേട്ടന്മാരെ കാണാൻപോയി. ആ സന്ദർശനത്തോടെയാണ് ബഥേലിൽ സേവിക്കാനുള്ള ഒരു ആഗ്രഹം സഹോദരനു തോന്നിത്തുടങ്ങിയത്. പിന്നീട് 1990 മേയ് മാസം വാൾക്കിൽ ബഥേലിലേക്ക് സഹോദരനു ക്ഷണം കിട്ടി.
ബഥേലിൽ വിൻഡർ സഹോദരൻ പല നിയമനങ്ങൾ ചെയ്തു. ആദ്യം ക്ലീനിങ്ങ് ഡിപ്പാർട്ടുമെന്റിലും പിന്നീട് പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന ഫാം ഡിപ്പാർട്ടുമെന്റിലും ബഥേൽ ഓഫീസിലും ഒക്കെ അദ്ദേഹം സേവിച്ചു. 1997-ൽ സഹോദരൻ ആഞ്ചല സഹോദരിയെ വിവാഹം കഴിച്ചു. അന്നുതൊട്ട് അവർ ഒരുമിച്ച് ബഥേലിൽ സേവിക്കുന്നു. 2014-ൽ അവരെ വാർവിക്കിലേക്കു നിയമിച്ചു. അവിടെ അദ്ദേഹം ലോകാസ്ഥാന കെട്ടിടങ്ങളുടെ നിർമാണത്തിൽ സഹായിച്ചു. 2016-ൽ വീണ്ടും ഒരു നിയമനമാറ്റം ഉണ്ടായി. പാറ്റേർസണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഓഡിയോ/വീഡിയോ വിഭാഗത്തിൽ സഹോദരൻ സേവിക്കാൻതുടങ്ങി. നാലു വർഷത്തിനുശേഷം അവർ വീണ്ടും വാർവിക്കിലേക്കു വന്നു. ഇത്തവണ പേഴ്സണൽ കമ്മിറ്റി ഓഫീസിലായിരുന്നു സഹോദരന്റെ നിയമനം. 2022 മാർച്ചിൽ വിൻഡർ സഹോദരനെ ഭരണസംഘത്തിന്റെ പേഴ്സണൽ കമ്മിറ്റി സഹായിയായി നിയമിച്ചു.
യഹോവ നമുക്ക് ഈ ‘മനുഷ്യരെ സമ്മാനങ്ങളായി തന്നിരിക്കുന്നു.’ അവർ തുടർന്നും ദൈവരാജ്യത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുമ്പോൾ യഹോവ അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നാണ് നമ്മുടെ പ്രാർഥന.—എഫെ. 4:8.