പഠനലേഖനം 8
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
യഹോവ നടത്തുന്ന വഴിയിലൂടെതന്നെ പോകുക
‘പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.’—യശ. 48:17.
ഉദ്ദേശ്യം
യഹോവ ഇന്ന് തന്റെ ജനത്തെ വഴിനയിക്കുന്നത് എങ്ങനെയാണെന്നും ആ വഴിയിലൂടെ പോയാൽ എന്തൊക്കെ അനുഗ്രഹങ്ങൾ ലഭിക്കുമെന്നും നമ്മൾ കാണും.
1. യഹോവയെ നമ്മുടെ വഴികാട്ടിയാക്കേണ്ടത് എന്തുകൊണ്ടാണെന്ന് ഒരു ഉദാഹരണത്തിലൂടെ പറയുക.
നിങ്ങൾ ഒരു കാട്ടിൽ അകപ്പെട്ടുപോയെന്നു വിചാരിക്കുക. ചുറ്റും ഒരുപാട് അപകടങ്ങൾ പതിയിരിപ്പുണ്ട്. വന്യമൃഗങ്ങൾ, രോഗം വരുത്തുന്ന പ്രാണികൾ, വിഷച്ചെടികൾ, വലിയ കുഴികൾ അങ്ങനെ പലതും. എന്നാൽ, ഈ അപകടങ്ങളെക്കുറിച്ചൊക്കെ അറിയാവുന്ന, നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു വഴികാട്ടി കൂടെയുണ്ടെങ്കിലോ? അത് എത്ര നല്ലതായിരിക്കും അല്ലേ? ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്ന ആ കാടുപോലെതന്നെയാണ് നമുക്കു ചുറ്റുമുള്ള ലോകവും. നമ്മുടെ ആത്മീയാരോഗ്യത്തിനു ഭീഷണിയാകുന്ന പല കാര്യങ്ങളും അവിടെയുണ്ട്. എന്നാൽ ഏറ്റവും മികച്ച വഴികാട്ടിയായ യഹോവയാണ് നമ്മോടൊപ്പമുള്ളത്. യഹോവ നമ്മളെ അപകടങ്ങളിൽനിന്നൊക്കെ സംരക്ഷിക്കുകയും പുതിയ ലോകത്തിലെ നിത്യജീവനിലേക്കു കൈപിടിച്ച് നടത്തുകയും ചെയ്യും.
2. യഹോവ നമ്മളെ എങ്ങനെയാണു വഴിനയിക്കുന്നത്?
2 യഹോവ നമ്മളെ എങ്ങനെയാണു വഴിനയിക്കുന്നത്? പ്രധാനമായും തന്റെ വചനമായ ബൈബിളിലൂടെ. എന്നാൽ, അതോടൊപ്പം മനുഷ്യപ്രതിനിധികളെയും യഹോവ അതിനായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കുന്ന ആത്മീയഭക്ഷണം നൽകുന്നതിന്, യഹോവ ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ ഉപയോഗിക്കുന്നു. (മത്താ. 24:45) നമ്മളെ വഴി നയിക്കുന്നതിന്, പ്രാപ്തരായ മറ്റു പുരുഷന്മാരെയും യഹോവ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന്, സർക്കിട്ട് മേൽവിചാരകന്മാരും സഭയിലെ മൂപ്പന്മാരും പ്രയാസകരമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മുന്നോട്ടുപോകാൻ ആവശ്യമായ പ്രോത്സാഹനവും നിർദേശങ്ങളും ഒക്കെ നമുക്കു തരുന്നു. ബുദ്ധിമുട്ടുനിറഞ്ഞ ഈ അവസാനസമയങ്ങളിൽ നമ്മളെ ഇത്ര നന്നായി വഴിനടത്തുന്നതിന് യഹോവയോടു നമുക്ക് ഒരുപാടു നന്ദിയുണ്ട്! അത് യഹോവയുടെ അംഗീകാരമുണ്ടായിരിക്കാനും ജീവന്റെ വഴിയിലൂടെ യാത്ര തുടരാനും നമ്മളെ സഹായിക്കും.
3. ഈ ലേഖനത്തിൽ നമ്മൾ എന്തെല്ലാം പഠിക്കും?
3 എങ്കിലും, യഹോവ നടത്തുന്ന വഴിയിലൂടെ പോകാൻ ചിലപ്പോൾ നമുക്കു ബുദ്ധിമുട്ട് തോന്നിയേക്കാം; പ്രത്യേകിച്ചും നിർദേശങ്ങൾ കിട്ടുന്നത് അപൂർണ മനുഷ്യരിൽനിന്നാണെങ്കിൽ. ചിലപ്പോൾ നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമായിരിക്കാം അവർ നമ്മളോട് ആവശ്യപ്പെടുന്നത്. അല്ലെങ്കിൽ, കിട്ടിയ നിർദേശം അത്ര പ്രായോഗികമല്ലെന്നും അതുകൊണ്ടുതന്നെ അത് യഹോവയിൽനിന്നുള്ളതല്ലെന്നും നമ്മൾ ചിന്തിച്ചേക്കാം. അത്തരം സമയങ്ങളിൽ നമുക്ക് അനുസരിക്കാൻ കഴിയണമെങ്കിൽ, യഹോവയാണു തന്റെ ജനത്തെ വഴിനയിക്കുന്നതെന്നും ആ വഴിയേ പോകുന്നത് അനുഗ്രഹങ്ങൾ നേടിത്തരുമെന്നും നമുക്കു നല്ല ബോധ്യം വേണം. ആ ബോധ്യം ശക്തമാക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങൾ ഈ ലേഖനത്തിൽ പഠിക്കും: (1) ബൈബിൾക്കാലങ്ങളിൽ യഹോവ തന്റെ ജനത്തെ വഴിനയിച്ചത് എങ്ങനെയാണ്, (2) ഇന്ന് യഹോവ തന്റെ ജനത്തെ വഴിനയിക്കുന്നത് എങ്ങനെയാണ്, (3) യഹോവ നടത്തുന്ന വഴിയേ എപ്പോഴും പോകുന്നെങ്കിൽ നമുക്ക് എന്തെല്ലാം പ്രയോജനങ്ങൾ ലഭിക്കും?
ഇസ്രായേൽ ജനതയെ യഹോവ വഴിനയിച്ചത് എങ്ങനെയാണ്
4-5. ഇസ്രായേല്യരെ നയിക്കാൻ മോശയെ ഉപയോഗിക്കുന്നതു താനാണെന്ന് യഹോവ കാണിച്ചുകൊടുത്തത് എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)
4 ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവരാൻ യഹോവ മോശയെ നിയമിച്ചു. മോശയിലൂടെ താനാണ് അവരെ വഴിനയിക്കുന്നത് എന്നതിനു വ്യക്തമായ അടയാളം യഹോവ ഇസ്രായേല്യർക്കു കൊടുത്തു. ഉദാഹരണത്തിന്, പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും തങ്ങൾക്കു മുമ്പേ പോകുന്നത് ഇസ്രായേല്യർക്കു കാണാമായിരുന്നു. (പുറ. 13:21) അത് നയിക്കുന്ന വഴിയിലൂടെയാണു മോശ ഇസ്രായേല്യരെ കൊണ്ടുപോയത്. അങ്ങനെ അവർ ചെങ്കടലിന് അടുത്തെത്തി. അപ്പോഴാണ്, ഈജിപ്തിലെ സൈന്യം പിന്നാലെ വന്നത്. കടലിനും സൈന്യത്തിനും നടുവിലായ അവർ ആകെ പേടിച്ചുപോയി. തങ്ങളെ അങ്ങോട്ടു നയിച്ച മോശയ്ക്കു തെറ്റുപറ്റിയെന്ന് അവർ ചിന്തിച്ചു. പക്ഷേ, മോശയ്ക്കു തെറ്റുപറ്റിയിട്ടില്ലായിരുന്നു. മോശയിലൂടെ യഹോവ മനഃപൂർവ്വം തന്റെ ജനത്തെ അങ്ങോട്ട് നയിച്ചതുതന്നെയാണ്. (പുറ. 14:2) അതിശയകരമായ വിധത്തിൽ യഹോവ അന്ന് അവരെ വിടുവിച്ചു.—പുറ. 14:26-28.
5 പിന്നീടുള്ള 40 വർഷം, ദൈവജനത്തെ വിജനഭൂമിയിലൂടെ നയിക്കുന്നതിനു മോശ ഈ മേഘസ്തംഭത്തെ ആശ്രയിച്ചു. a കുറച്ച് കാലത്തേക്ക് മോശയുടെ കൂടാരത്തിനു മുകളിൽ യഹോവ ഈ സ്തംഭം നിറുത്തിയിരുന്നു. എല്ലാ ഇസ്രായേല്യർക്കും അത് കാണാനും കഴിയുമായിരുന്നു. (പുറ. 33:7, 9, 10) ആ സ്തംഭത്തിൽനിന്ന് യഹോവ മോശയോടു സംസാരിക്കും. അങ്ങനെ കിട്ടുന്ന നിർദേശങ്ങൾ മോശ ജനത്തെ അറിയിച്ചു. (സങ്കീ. 99:7) അതുകൊണ്ടുതന്നെ യഹോവയാണു മോശയെ ഉപയോഗിക്കുന്നതെന്നു വിശ്വസിക്കാൻ ഇസ്രായേല്യർക്കു ശക്തമായ കാരണങ്ങളുണ്ടായിരുന്നു.
6. യഹോവയുടെ വഴിനടത്തിപ്പിനോട് ഇസ്രായേല്യർ എങ്ങനെയാണു പ്രതികരിച്ചത്? (സംഖ്യ 14:2, 10, 11)
6 സങ്കടകരമായ കാര്യം, മോശ യഹോവയുടെ പ്രതിനിധിയാണ് എന്നതിനു വ്യക്തമായ തെളിവുകളുണ്ടായിട്ടും മിക്ക ഇസ്രായേല്യരും അത് അവഗണിച്ചു. (സംഖ്യ 14:2, 10, 11 വായിക്കുക.) മോശയുടെ സ്ഥാനം അംഗീകരിക്കാൻ അവർ വീണ്ടുംവീണ്ടും പരാജയപ്പെട്ടു. അതുകൊണ്ട് ഇസ്രായേല്യരുടെ ആ തലമുറയെ വാഗ്ദത്തദേശത്തേക്കു കടക്കാൻ യഹോവ അനുവദിച്ചില്ല.—സംഖ്യ 14:30.
7. യഹോവയുടെ വഴിനടത്തിപ്പിനു മനസ്സോടെ കീഴ്പെട്ടവരുടെ ഉദാഹരണങ്ങൾ പറയുക. (സംഖ്യ 14:24) (ചിത്രവും കാണുക.)
7 എന്നാൽ, ചില ഇസ്രായേല്യർ യഹോവയുടെ വഴിനടത്തിപ്പിനു മനസ്സോടെ കീഴ്പെട്ടു. ഉദാഹരണത്തിന്, അവരിൽ ഒരാളെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞു: ‘കാലേബ് മുഴുഹൃദയത്തോടെ എന്നെ അനുഗമിച്ചിരിക്കുന്നു.’ (സംഖ്യ 14:24 വായിക്കുക.) ദൈവം കാലേബിനു പ്രതിഫലം നൽകി; അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലംതന്നെ വാഗ്ദത്തദേശത്ത് അവകാശമായി കൊടുത്തു. (യോശു. 14:12-14) യഹോവയുടെ വഴിനടത്തിപ്പിനു കീഴ്പെടുന്ന കാര്യത്തിൽ ഇസ്രായേല്യരുടെ അടുത്ത തലമുറയും നല്ലൊരു മാതൃകവെച്ചു. മോശയ്ക്കു ശേഷം യോശുവ ഇസ്രായേല്യരുടെ നിയമിത നേതാവായപ്പോൾ അവർ യോശുവയെ “അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അങ്ങേയറ്റം ബഹുമാനിച്ചു.” (യോശു. 4:14) അതുകൊണ്ട് താൻ വാഗ്ദാനം ചെയ്ത ദേശത്തേക്കു കടക്കാൻ അനുവദിച്ചുകൊണ്ട് ആ തലമുറയെ യഹോവ അനുഗ്രഹിച്ചു.—യോശു. 21:43, 44.
8. രാജാക്കന്മാരുടെ കാലത്ത് യഹോവ തന്റെ ജനത്തെ എങ്ങനെയാണു വഴിനയിച്ചതെന്നു വിശദീകരിക്കുക. (ചിത്രവും കാണുക.)
8 വർഷങ്ങൾക്കുശേഷം, തന്റെ ജനത്തെ വഴിനയിക്കാൻ യഹോവ ന്യായാധിപന്മാരെ ഉപയോഗിച്ചു. പിന്നീട്, രാജാക്കന്മാരുടെ കാലമായപ്പോൾ പ്രവാചകന്മാരിലൂടെയാണ് യഹോവ തന്റെ ജനത്തെ നയിച്ചത്. വിശ്വസ്തരായ രാജാക്കന്മാർ, പ്രവാചകന്മാർ പറഞ്ഞത് അനുസരിച്ചു. ഉദാഹരണത്തിന്, നാഥാൻ പ്രവാചകൻ ഒരു തിരുത്തൽ കൊടുത്തപ്പോൾ ദാവീദ് രാജാവ് അത് താഴ്മയോടെ സ്വീകരിച്ചു. (2 ശമു. 12:7, 13; 1 ദിന. 17:3, 4) യഹോശാഫാത്ത് രാജാവ് നിർദേശങ്ങൾക്കായി പ്രവാചകനായ യഹസീയേലിലേക്കു നോക്കുകയും ‘ദൈവത്തിന്റെ പ്രവാചകന്മാരിൽ വിശ്വസിക്കാൻ’ യഹൂദയിലുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (2 ദിന. 20:14, 15, 20) ഇനി, ഒരു പ്രശ്നം നേരിട്ടപ്പോൾ രാജാവായ ഹിസ്കിയ, യശയ്യ പ്രവാചകന്റെ സഹായം തേടി. (യശ. 37:1-6) രാജാക്കന്മാർ യഹോവയുടെ വഴിനടത്തിപ്പ് അനുസരിച്ചപ്പോഴെല്ലാം യഹോവ അവരെ അനുഗ്രഹിക്കുകയും ദേശത്തെ സംരക്ഷിക്കുകയും ചെയ്തു. (2 ദിന. 20:29, 30; 32:22) പ്രവാചകന്മാരെ ഉപയോഗിച്ച് യഹോവയാണു തന്റെ ജനത്തെ വഴിനയിക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു. എന്നിട്ടും ഒട്ടുമിക്ക രാജാക്കന്മാരും ഭൂരിഭാഗം ഇസ്രായേല്യരും യഹോവയുടെ പ്രവാചകന്മാരെ തള്ളിക്കളഞ്ഞു.—യിരെ. 35:12-15.
ആദ്യകാല ക്രിസ്ത്യാനികളെ യഹോവ വഴിനയിച്ചത് എങ്ങനെയാണ്
9. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ വഴിനയിക്കാൻ യഹോവ ആരെയാണ് ഉപയോഗിച്ചത്? (ചിത്രവും കാണുക.)
9 എ.ഡി. ഒന്നാം നൂറ്റാണ്ടിലാണ് യഹോവ ക്രിസ്തീയസഭ സ്ഥാപിക്കുന്നത്. അന്ന് യഹോവ ആ ക്രിസ്ത്യാനികളെ എങ്ങനെയാണു വഴിനയിച്ചത്? സഭയുടെ തലയായി യഹോവ യേശുവിനെ നിയമിച്ചു. (എഫെ. 5:23) എന്നാൽ, യേശു നേരിട്ട് ഓരോ ശിഷ്യനെയും വഴിനയിക്കുകയായിരുന്നില്ല. നേതൃത്വമെടുക്കാൻ യേശു യരുശലേമിലെ അപ്പോസ്തലന്മാരെയും മൂപ്പന്മാരെയും ഉപയോഗിച്ചു. (പ്രവൃ. 15:1, 2) ഇനി, അതോടൊപ്പം ഓരോ സഭകളിലും മൂപ്പന്മാരെ നിയമിച്ചിരുന്നു.—1 തെസ്സ. 5:12; തീത്തോ. 1:5.
10. (എ) ഒന്നാം നൂറ്റാണ്ടിലെ മിക്ക ക്രിസ്ത്യാനികളും തങ്ങൾക്കു ലഭിച്ച നിർദേശങ്ങളോട് എങ്ങനെയാണു പ്രതികരിച്ചത്? (പ്രവൃത്തികൾ 15:30, 31) (ബി) വഴിനയിക്കാനായി യഹോവ ഉപയോഗിച്ച ആളുകളെ അംഗീകരിക്കാൻ ബൈബിൾക്കാലങ്ങളിൽ ചിലർ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? (“ വ്യക്തമായ തെളിവുണ്ടായിട്ടും അവർ അതു കണ്ടില്ലെന്നുവെച്ചു” എന്ന ചതുരം കാണുക.)
10 യഹോവ വഴിനയിച്ചപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? കിട്ടിയ നിർദേശങ്ങൾ അനുസരിക്കാൻ ഒട്ടുമിക്ക ആളുകളും സന്തോഷമുള്ളവരായിരുന്നു. “പ്രോത്സാഹനം ലഭിച്ച ശിഷ്യന്മാർ അതിയായി സന്തോഷിച്ചു” എന്നു നമ്മൾ വായിക്കുന്നു. (പ്രവൃത്തികൾ 15:30, 31 വായിക്കുക.) അങ്ങനെയെങ്കിൽ നമ്മുടെ കാലത്ത് യഹോവ തന്റെ ജനത്തെ വഴിനയിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണ്?
നമ്മളെ യഹോവ വഴിനയിക്കുന്നത് എങ്ങനെയാണ്
11. ആധുനികകാലത്ത് നേതൃത്വമെടുക്കുന്നവരെ യഹോവ വഴിനയിച്ചെന്നു വ്യക്തമാക്കുന്ന ഒരു ഉദാഹരണം പറയുക.
11 യഹോവ ഇന്നും തന്റെ ജനത്തെ വഴിനയിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ വചനമായ ബൈബിളിലൂടെയും ക്രിസ്തീയസഭയുടെ തലയായ തന്റെ പുത്രനിലൂടെയും യഹോവ അതു ചെയ്യുന്നു. കൂടാതെ, പണ്ടത്തെപ്പോലെ മനുഷ്യപ്രതിനിധികളെയും യഹോവ അതിനായി ഉപയോഗിക്കുന്നുണ്ട്. അതിന് എന്തു തെളിവാണു നമുക്കുള്ളത്? ഒരു ഉദാഹരണം നോക്കാം. 1800-കളുടെ അവസാനത്തിൽ ചാൾസ് റ്റെയ്സ് റസ്സൽ സഹോദരനും സഹകാരികളും ദൈവരാജ്യത്തോടു ബന്ധപ്പെട്ട ബൈബിൾപ്രവചനങ്ങൾ നിറവേറുന്നതിൽ 1914 എന്ന വർഷത്തിനു വലിയ പ്രാധാന്യമുണ്ടെന്നു മനസ്സിലാക്കാൻതുടങ്ങി. (ദാനി. 4:25, 26) ബൈബിൾ ആഴമായി പഠിക്കുകയും അതിലെ പ്രവചനങ്ങൾ നിറവേറുമെന്നു വിശ്വസിക്കുകയും ചെയ്തതുകൊണ്ടാണ് അവർക്ക് അങ്ങനെയൊരു നിഗമനത്തിലെത്താൻ കഴിഞ്ഞത്. അവരുടെ ഈ പഠനത്തെ യഹോവ വഴിനയിക്കുന്നുണ്ടായിരുന്നോ? ഉറപ്പായും. 1914-ൽ ദൈവരാജ്യം ഭരണം ആരംഭിച്ചു എന്നതിന് അന്നത്തെ ലോകസംഭവങ്ങൾ തെളിവ് നൽകി. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു. തുടർന്നങ്ങോട്ട് പകർച്ചവ്യാധികളും ഭൂകമ്പങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഉണ്ടായി. (ലൂക്കോ. 21:10, 11) തന്റെ ജനത്തെ സഹായിക്കുന്നതിന് യഹോവ, ആത്മാർഥതയുള്ള ആ ക്രിസ്തീയപുരുഷന്മാരെ ഉപയോഗിക്കുകയായിരുന്നെന്നു വ്യക്തമായി.
12-13. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് പ്രസംഗപഠിപ്പിക്കൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുവേണ്ട എന്തൊക്കെ ക്രമീകരണങ്ങളാണു ചെയ്തത്?
12 രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് നടന്ന മറ്റൊരു സംഭവം നോക്കാം. ലോകാസ്ഥാനത്തുള്ള, നേതൃത്വമെടുക്കുന്ന സഹോദരങ്ങൾ വെളിപാട് 17:8-നെക്കുറിച്ച് പഠിച്ചതിനുശേഷം ഒരു സത്യം മനസ്സിലാക്കി. ഇപ്പോൾ നടക്കുന്ന ഈ യുദ്ധം അർമഗെദോനിലേക്കല്ല പോകുന്നത്. പകരം, ഒരു പരിധിവരെ സമാധാനമുള്ള സമയം ഉണ്ടാകാൻ പോകുകയാണെന്ന് അവർ തിരിച്ചറിഞ്ഞു. പ്രസംഗപ്രവർത്തനം വിപുലമാക്കാനുള്ള വലിയൊരു അവസരമായിരിക്കും അതെന്നും അവർ മനസ്സിലാക്കി. അതുകൊണ്ട് യുദ്ധം നടക്കുന്ന സമയത്തുതന്നെ, അത്ര പ്രായോഗികമല്ലെന്നു തോന്നുമായിരുന്ന ചില കാര്യങ്ങൾ അവർ ചെയ്തു. ഉദാഹരണത്തിന്, ലോകമെങ്ങുമുള്ള പ്രസംഗപഠിപ്പിക്കൽ വേലയ്ക്കുവേണ്ടി മിഷനറിമാരെ പരിശീലിപ്പിക്കുന്നതിന് യഹോവയുടെ സംഘടന വാച്ച്ടവർ ഗിലെയാദ് ബൈബിൾ കോളേജ് (സ്കൂൾ) സ്ഥാപിച്ചു. യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ മിഷനറിമാരെ പലയിടങ്ങളിലേക്ക് അയയ്ക്കാനും തുടങ്ങി. ഇനി, അതോടൊപ്പം വിശ്വസ്തനായ അടിമ ദിവ്യാധിപത്യ ശുശ്രൂഷാ കോഴ്സ് b എന്നൊരു പുതിയ പരിപാടിയും ആരംഭിച്ചു. ഓരോ സഭകളിലും ഉള്ള സഹോദരങ്ങളുടെ പ്രസംഗപഠിപ്പിക്കൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായിരുന്നു അത്. ഇതിലൂടെയെല്ലാം മുന്നിലുണ്ടായിരുന്ന വലിയ പ്രസംഗപ്രവർത്തനത്തിനുവേണ്ടി ദൈവജനത്തെ ഒരുക്കുകയായിരുന്നു.
13 പിന്തിരിഞ്ഞ് നോക്കുമ്പോൾ യഹോവ പ്രയാസം നിറഞ്ഞ ആ സമയത്ത് തന്റെ ജനത്തെ വഴിനയിച്ചെന്നു നമുക്ക് ഉറപ്പോടെ പറയാനാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പല ദേശങ്ങളിലും യഹോവയുടെ ജനത്തിനു സ്വാതന്ത്ര്യത്തോടെ പ്രസംഗപ്രവർത്തനം നടത്താൻ കഴിഞ്ഞിരിക്കുന്നു. അങ്ങനെ നമ്മുടെ പ്രവർത്തനം ഭൂമി മുഴുവൻ വ്യാപിക്കാനും അനേകർ യഹോവയെക്കുറിച്ച് അറിയാനും ഇടയായി.
14. യഹോവയുടെ സംഘടനയിൽനിന്നും നിയമിത മൂപ്പന്മാരിൽനിന്നും ലഭിക്കുന്ന നിർദേശങ്ങൾ നമുക്കു വിശ്വസിക്കാനാകുന്നത് എന്തുകൊണ്ട്? (വെളിപാട് 2:1) (ചിത്രവും കാണുക.)
14 ഇന്ന്, ഭരണസംഘത്തിലെ അംഗങ്ങൾ വഴിനടത്തിപ്പിനായി ക്രിസ്തുവിലേക്കു നോക്കുന്നു. ഒരു നിർദേശം നൽകുമ്പോൾ അത് യഹോവയുടെയും യേശുവിന്റെയും വീക്ഷണത്തോടു ചേർച്ചയിലായിരിക്കാൻ അവർ ആഗ്രഹിക്കുന്നു. ആ നിർദേശങ്ങളാണു സർക്കിട്ട് മേൽവിചാരകന്മാരിലൂടെയും മൂപ്പന്മാരിലൂടെയും സഭകൾക്കു ലഭിക്കുന്നത്. c അഭിഷിക്തരായ മൂപ്പന്മാർ, വിശാലമായ അർഥത്തിൽ എല്ലാ മൂപ്പന്മാരും, ക്രിസ്തുവിന്റെ “വലതുകൈയിൽ” ഉള്ളവരാണ്. (വെളിപാട് 2:1 വായിക്കുക.) എന്നാൽ, ഈ മൂപ്പന്മാർ അപൂർണരായതുകൊണ്ടുതന്നെ അവർക്കു തെറ്റുകൾ പറ്റും. മോശയ്ക്കും യോശുവയ്ക്കും അപ്പോസ്തലന്മാർക്കും ഒക്കെ ചിലപ്പോൾ തെറ്റുകൾ പറ്റിയിട്ടുണ്ട്. (സംഖ്യ 20:12; യോശു. 9:14, 15; റോമ. 3:23) പക്ഷേ ഒരു കാര്യം ഉറപ്പാണ്; വിശ്വസ്തനായ അടിമയെയും എല്ലാ നിയമിത മൂപ്പന്മാരെയും ക്രിസ്തു ശ്രദ്ധയോടെ വഴിനയിക്കുന്നുണ്ട്. “വ്യവസ്ഥിതിയുടെ അവസാനകാലംവരെ” ക്രിസ്തു അതുതന്നെ ചെയ്യും. (മത്താ. 28:20) അതുകൊണ്ട്, നേതൃത്വമെടുക്കാൻ നിയമിതരായിരിക്കുന്ന മൂപ്പന്മാരിലൂടെ യേശു നൽകുന്ന വഴിനടത്തിപ്പിൽ വിശ്വസിക്കാൻ നമുക്ക് എല്ലാ കാരണങ്ങളുമുണ്ട്.
യഹോവയുടെ വഴിയേ എപ്പോഴും പോകുന്നതു പ്രയോജനം ചെയ്യും
15-16. യഹോവയുടെ വഴിനടത്തിപ്പിനു ചേർച്ചയിൽ ജീവിച്ചവരുടെ അനുഭവങ്ങളിൽനിന്ന് നിങ്ങൾ എന്താണ് പഠിച്ചത്?
15 യഹോവ നടത്തുന്ന വഴിയേതന്നെ പോകുന്നതു നമുക്ക് ഇപ്പോൾത്തന്നെ അനുഗ്രഹങ്ങൾ നേടിത്തരും. ഒരു ഉദാഹരണം നോക്കാം. ജീവിതം ലളിതമാക്കാൻ പ്രോത്സാഹനം ലഭിച്ചപ്പോൾ ആൻഡിയും റോസും d അത് അനുസരിക്കാൻ തീരുമാനിച്ചു. (മത്തായി 6:22-ന്റെ പഠനക്കുറിപ്പ് കാണുക.) അതിന്റെ ഫലമായി ദിവ്യാധിപത്യ നിർമാണ പ്രോജക്ടുകളിൽ സന്നദ്ധസേവനം ചെയ്യാൻ അവർക്ക് അവസരം ലഭിച്ചു. റോസ് പറയുന്നു: “ചിലപ്പോഴൊക്കെ ഞങ്ങൾ താമസിച്ചത് അടുക്കളപോലുമില്ലാത്ത ചെറിയ വീടുകളിലാണ്. ഫോട്ടോ എടുക്കുന്നത് എനിക്കു വളരെ ഇഷ്ടമായിരുന്നു. അതിനു ഉപയോഗിച്ചിരുന്ന സാധനങ്ങളൊക്കെ ഞങ്ങൾ വിറ്റു. അതൊക്കെ വിൽക്കേണ്ടിവന്നപ്പോൾ ഞാൻ കരഞ്ഞുപോയി. പക്ഷേ, അബ്രാഹാമിന്റെ ഭാര്യയായ സാറയെപ്പോലെ പിന്നിലേക്ക് അല്ല മുന്നിലേക്കു നോക്കാൻ ഞാൻ തീരുമാനിച്ചു.” (എബ്രാ. 11:15) ഈ ദമ്പതികൾക്ക് എന്ത് അനുഗ്രഹമാണു കിട്ടിയത്? റോസ് പറയുന്നു: “ഞങ്ങൾക്കുള്ളത് എല്ലാം വിട്ടുകൊടുത്തുകൊണ്ട് യഹോവയെ സേവിക്കുന്നതിന്റെ സംതൃപ്തി ഞങ്ങൾക്കു കിട്ടി. ദിവ്യാധിപത്യ നിയമനങ്ങൾ ചെയ്തപ്പോൾ പുതിയ ലോകത്തിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഒന്നു രുചിച്ചുനോക്കാൻ ഞങ്ങൾക്കായി.” ആൻഡിയും ഇങ്ങനെ സമ്മതിച്ച് പറയുന്നു: “ഞങ്ങളുടെ സമയവും ഊർജവും എല്ലാം മുഴുവനായി യഹോവയ്ക്കു കൊടുക്കാനാകുന്നതിന്റെ സന്തോഷം ഞങ്ങൾക്കുണ്ട്.”
16 യഹോവയുടെ വഴിനടത്തിപ്പിനു ചേർച്ചയിൽ ജീവിക്കുമ്പോൾ മറ്റ് എന്തു പ്രയോജനമാണു നമുക്കുള്ളത്? മാഴ്സിയയുടെ അനുഭവം നോക്കാം: സഹോദരിക്കു ഹൈസ്കൂൾ പഠനം കഴിഞ്ഞപ്പോൾ മുൻനിരസേവനം ചെയ്യാനുള്ള പ്രോത്സാഹനം ലഭിച്ചു. (മത്താ. 6:33; റോമ. 12:11) ആ ലക്ഷ്യത്തിൽ പ്രവർത്തിക്കാനും സഹോദരി തീരുമാനിച്ചു. മാഴ്സിയ പറയുന്നു: “ഒരു യൂണിവേഴ്സിറ്റിയിൽ നാലു വർഷം പഠിക്കാനുള്ള സ്കോളർഷിപ്പ് എനിക്കു കിട്ടി. പക്ഷേ, ആത്മീയലക്ഷ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണു ഞാൻ ആഗ്രഹിച്ചത്. അതുകൊണ്ട് മുൻനിരസേവനം ചെയ്യാൻ എന്നെ സഹായിക്കുന്ന ഒരു തൊഴിലധിഷ്ഠിത കോഴ്സ് ഞാൻ തിരഞ്ഞെടുത്തു. ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. ഇപ്പോൾ എനിക്ക് സാധാരണ മുൻനിരസേവനം ചെയ്യാൻ പറ്റുന്നുണ്ട്. എത്ര സമയം ജോലി ചെയ്യണമെന്ന് എനിക്കുതന്നെ തീരുമാനിക്കാൻ കഴിയുന്നതുകൊണ്ട് ബഥേലിലും സഹായിക്കാനാകുന്നു. അതുപോലെ യഹോവയ്ക്കുവേണ്ടി മറ്റു പല കാര്യങ്ങൾ ചെയ്യാനും കഴിയുന്നു.”
17. യഹോവ നയിക്കുന്ന വഴിയിലൂടെതന്നെ പോകുമ്പോൾ നമുക്കു ലഭിക്കുന്ന കൂടുതലായ അനുഗ്രഹങ്ങൾ എന്തൊക്കെയാണ്? (യശയ്യ 48:17, 18)
17 ചിലപ്പോഴൊക്കെ പണസ്നേഹത്തെക്കുറിച്ചോ ദൈവനിയമങ്ങൾ ലംഘിക്കാൻ ഇടയാക്കിയേക്കാവുന്ന കാര്യങ്ങളെക്കുറിച്ചോ നമുക്കു മുന്നറിയിപ്പുകൾ ലഭിക്കാറുണ്ട്. അവ അനുസരിക്കുന്നതും നമുക്ക് അനുഗ്രഹങ്ങൾ നേടിത്തരും. ശുദ്ധമായൊരു മനസ്സാക്ഷിയുണ്ടായിരിക്കാനും അനാവശ്യമായ ടെൻഷനുകൾ ഒഴിവാക്കാനും അതു സഹായിക്കും. (1 തിമൊ. 6:9, 10) അങ്ങനെ മുഴുഹൃദയത്തോടെ യഹോവയെ ആരാധിക്കാനാകുമ്പോൾ നമുക്ക് അളവറ്റ സന്തോഷവും സമാധാനവും സംതൃപ്തിയും തോന്നും.—യശയ്യ 48:17, 18 വായിക്കുക.
18. യഹോവ നടത്തുന്ന വഴിയിലൂടെ പോകാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത് എന്തുകൊണ്ട്?
18 മഹാകഷ്ടതയുടെ സമയത്തും തുടർന്നങ്ങോട്ട് ആയിരം വർഷഭരണത്തിലും നമ്മളെ വഴിനയിക്കാനായി യഹോവ മനുഷ്യപ്രതിനിധികളെ ഉപയോഗിക്കും എന്നതിനു സംശയമില്ല. (സങ്കീ. 45:16) ആ സമയത്ത് അവരിലൂടെ കിട്ടുന്ന നിർദേശങ്ങൾ നമ്മൾ അനുസരിക്കുമോ, നമ്മുടെ ഇഷ്ടത്തിനു നേർവിപരീതമായ ഒരു കാര്യമാണ് ചെയ്യാൻ പറയുന്നതെങ്കിൽപ്പോലും? അത് ഇന്നു നമ്മൾ നിർദേശങ്ങൾ അനുസരിക്കുമോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ട്, നേതൃത്വമെടുക്കാൻ നിയമിതരായവരെ നമുക്ക് അനുസരിക്കാം. അങ്ങനെ യഹോവ നടത്തുന്ന വഴിയിലൂടെതന്നെ പോകാം. (യശ. 32:1, 2; എബ്രാ. 13:17) നമ്മളെ എല്ലാ ആത്മീയ അപകടങ്ങളിൽനിന്നും സംരക്ഷിക്കുന്ന, പുതിയ ലോകത്തിലെ നിത്യജീവൻ എന്ന ലക്ഷ്യത്തിലേക്കു കൈ പിടിച്ച് നടത്തുന്ന യഹോവ എന്ന വഴികാട്ടിയിൽ ആശ്രയിക്കാൻ നമുക്ക് എല്ലാ കാരണങ്ങളും ഉണ്ട്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
യഹോവ ഇസ്രായേൽ ജനതയെ വഴിനയിച്ചത് എങ്ങനെയാണ്?
-
യഹോവ ആദ്യകാല ക്രിസ്ത്യാനികളെ വഴിനയിച്ചത് എങ്ങനെയാണ്?
-
യഹോവ നടത്തുന്ന വഴിയിലൂടെതന്നെ പോകുന്നതു നമുക്ക് എന്തു പ്രയോജനം നേടിത്തരും?
ഗീതം 48 എന്നും യഹോവയോടൊപ്പം നടക്കാം
a ഇസ്രായേല്യരെ വാഗ്ദത്തദേശത്തേക്കു നയിച്ചുകൊണ്ട് അവർക്കു ‘മുന്നിൽ പോകാൻ ഒരു ദൂതനെയും’ യഹോവ നിയമിച്ചിരുന്നു. സാധ്യതയനുസരിച്ച് ആ ദൂതൻ മീഖായേൽ, അതായത് മനുഷ്യനായി വരുന്നതിനു മുമ്പുള്ള യേശുവാണ്.—പുറ. 14:19; 32:34.
b അതു പിന്നീട് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്ന് അറിയപ്പെട്ടു. ഈ പരിശീലനം ഇപ്പോൾ ഇടദിവസത്തെ മീറ്റിങ്ങിന്റെ ഭാഗമാണ്.
c 2021 ഫെബ്രുവരി ലക്കം വീക്ഷാഗോപുരത്തിന്റെ 18-ാം പേജിലുള്ള “ഭരണസംഘത്തിന്റെ ഉത്തരവാദിത്വം” എന്ന ചതുരം കാണുക.
d ചില പേരുകൾക്ക് മാറ്റം വരുത്തിയിരിക്കുന്നു.