പഠനലേഖനം 12
ഗീതം 77 ഇരുട്ടു നിറഞ്ഞ ലോകത്ത് വെളിച്ചം
ഇരുട്ടിൽനിന്ന് അകന്ന് വെളിച്ചത്തിൽ നടക്കുക
“മുമ്പ് നിങ്ങൾ ഇരുട്ടായിരുന്നു. പക്ഷേ ഇപ്പോൾ . . . വെളിച്ചമാണ്.” —എഫെ. 5:8.
ഉദ്ദേശ്യം
എഫെസ്യർ 5-ാം അധ്യായത്തിൽ ഇരുട്ടിനെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും പൗലോസ് അപ്പോസ്തലൻ പറഞ്ഞിരിക്കുന്നതിൽനിന്ന് നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം.
1-2. (എ) ഏതു സാഹചര്യത്തിലാണു പൗലോസ് എഫെസൊസിലുള്ളവർക്ക് കത്ത് എഴുതിയത്, എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ ഏതൊക്കെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമ്മൾ കണ്ടെത്തും?
പൗലോസ് അപ്പോസ്തലൻ റോമിൽ തടവിലായിരുന്ന സമയത്ത് സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിച്ചു. അവരെ നേരിട്ട് പോയി കാണാൻ കഴിയാത്തതുകൊണ്ട് അദ്ദേഹം അവർക്കു കത്തുകൾ എഴുതി. എഫെസൊസിലുള്ളവർക്ക് അദ്ദേഹം അത്തരത്തിൽ ഒരു കത്ത് അയച്ചു. ഏതാണ്ട് എ.ഡി. 60-ലോ എ.ഡി. 61-ലോ ആയിരുന്നു അത്.—എഫെ. 1:1; 4:1.
2 ഏകദേശം പത്തു വർഷം മുമ്പ് പൗലോസ് എഫെസൊസിലുണ്ടായിരുന്നു. സന്തോഷവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് കുറച്ച് നാൾ അദ്ദേഹം അവിടെ ചെലവഴിച്ചു. (പ്രവൃ. 19:1, 8-10; 20:20, 21) പൗലോസ് അവിടെയുള്ള സഹോദരങ്ങളെ ഒരുപാടു സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ യഹോവയെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരുന്നതിന് അവരെ സഹായിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ പൗലോസ് എന്തുകൊണ്ടാണ് അക്കാലത്തെ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ച് എഴുതിയത്? അദ്ദേഹത്തിന്റെ ആ വാക്കുകളിൽനിന്ന് എല്ലാ ക്രിസ്ത്യാനികൾക്കും എന്തെല്ലാം പാഠങ്ങൾ പഠിക്കാനാകും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നമുക്ക് നോക്കാം.
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്
3. എഫെസൊസിലുള്ളവർക്ക് എഴുതിയ കത്തിൽ പൗലോസ് അവരെ എന്തിനോടു താരതമ്യപ്പെടുത്തി?
3 പൗലോസ് എഫെസൊസിലെ ക്രിസ്ത്യാനികൾക്ക് എഴുതി: “മുമ്പ് നിങ്ങൾ ഇരുട്ടായിരുന്നു. പക്ഷേ ഇപ്പോൾ . . . വെളിച്ചമാണ്.” (എഫെ. 5:8) ഇവിടെ പൗലോസ് എഫെസൊസിലുള്ളവരെ ആദ്യം ഇരുട്ടിനോടും പിന്നെ വെളിച്ചത്തോടും താരതമ്യപ്പെടുത്തിയത് അവർ എത്ര വലിയ മാറ്റമാണു വരുത്തിയതെന്നു കാണിക്കാനായിരുന്നു. അവർ “മുമ്പ് . . . ഇരുട്ടായിരുന്നു” എന്നു പൗലോസ് പറഞ്ഞതിന്റെ കാരണം നമുക്ക് ആദ്യം നോക്കാം.
4. എഫെസൊസിലുള്ളവർ ഏത് അർഥത്തിലാണു വ്യാജമതങ്ങൾ പരത്തുന്ന ഇരുട്ടിലായിരുന്നത്?
4 മതപരമായ ഇരുട്ട്. സത്യം പഠിക്കുകയും ക്രിസ്ത്യാനികളായിത്തീരുകയും ചെയ്യുന്നതിനു മുമ്പ് എഫെസൊസിലുള്ളവർ തെറ്റായ മതാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അടിമകളായിരുന്നു. കാരണം, എഫെസൊസ് നഗരത്തിലായിരുന്നു വളരെ പ്രശസ്തമായ അർത്തെമിസ് ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. പണ്ടുകാലത്തെ ആളുകൾ അതിനെ ഏഴു ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് കണ്ടിരുന്നത്. അവിടെ ആരാധനയ്ക്കായി പോയിരുന്നവർ വിഗ്രഹാരാധനയിൽ മുഴുകിയിരുന്നു. ആ ക്ഷേത്രത്തിന്റെയും അതിലെ ദേവിയുടെയും വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്നത് അവിടത്തെ വലിയൊരു ബിസിനെസ്സായിരുന്നു. (പ്രവൃ. 19:23-27) കൂടാതെ മന്ത്രപ്രയോഗങ്ങൾക്കും പേരുകേട്ടതായിരുന്നു ആ നഗരം.—പ്രവൃ. 19:19.
5. എഫെസൊസിലുള്ളവർ ഏത് അർഥത്തിലാണു ധാർമികമായി ഇരുട്ടിലായിരുന്നത്?
5 ധാർമികമായ ഇരുട്ട്. എഫെസൊസിലുള്ളവർ ധാർമികമായി അധഃപതിച്ചവരും നാണംകെട്ട പ്രവൃത്തികൾ ചെയ്യുന്നവരും ആയിരുന്നു. അശ്ലീലസംസാരം ആ നഗരത്തിലെ പ്രദർശനശാലകളിൽ മാത്രമല്ല മതപരമായ ആഘോഷങ്ങളിൽപോലും വളരെ സാധാരണമായിരുന്നു. (എഫെ. 5:3) അവിടെയുള്ളവരിൽ പലരും ‘സദാചാരബോധം തീർത്തും നഷ്ടപ്പെട്ടവരായിരുന്നു.’ ആ പ്രയോഗത്തിന്റെ അക്ഷരാർഥമെടുത്താൽ, അവർ തെറ്റു ചെയ്യുമ്പോൾ ഹൃദയത്തിൽ “ഒട്ടും വേദന തോന്നാത്ത അവസ്ഥയിൽ” ആയിരുന്നു. (എഫെ. 4:17-19) ശരിയും തെറ്റും സംബന്ധിച്ച് യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് പഠിക്കുന്നതിനു മുമ്പ് തെറ്റു ചെയ്യുമ്പോൾ അവർക്ക് യാതൊരു മനസ്സാക്ഷിക്കുത്തും തോന്നിയിരുന്നില്ല. അവരുടെ പ്രവൃത്തികളെ യഹോവ എങ്ങനെയാണു കാണുന്നതെന്ന് അവർ ചിന്തിച്ചിരുന്നുമില്ല. അതുകൊണ്ടാണു പൗലോസ് ഇങ്ങനെ പറഞ്ഞത്: “അവരുടെ മനസ്സ് ഇരുളടഞ്ഞതായിത്തീർന്നു. അങ്ങനെ, ദൈവം തരുന്ന ജീവനിൽനിന്ന് അവർ അകന്നുപോയിരിക്കുന്നു.”
6. എഫെസൊസിലുള്ളവരോട് അവർ “ഇപ്പോൾ . . . വെളിച്ചമാണ്” എന്നു പൗലോസിനു പറയാൻ കഴിഞ്ഞത് എന്തുകൊണ്ട്?
6 എന്നാൽ എഫെസൊസിലുണ്ടായിരുന്ന ചിലർ ഇരുട്ടിൽത്തന്നെ തുടർന്നില്ല. പൗലോസ് അവരെക്കുറിച്ച് ഇങ്ങനെ എഴുതി: “നിങ്ങൾ . . . ഇപ്പോൾ കർത്താവിനുള്ളവരായതുകൊണ്ട് വെളിച്ചമാണ്.” (എഫെ. 5:8) തിരുവെഴുത്തു സത്യമാകുന്ന വെളിച്ചം അവർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. (സങ്കീ. 119:105) അതുവരെ ചെയ്തുപോന്നിരുന്ന വ്യാജമതാചാരങ്ങളും അധാർമികപ്രവൃത്തികളും അവർ ഉപേക്ഷിച്ചു. അവർ എല്ലാ കാര്യത്തിലും ‘ദൈവത്തെ അനുകരിക്കുന്നവരായി.’ യഹോവയെ ആരാധിക്കാനും യഹോവയെ സന്തോഷിപ്പിക്കാനും കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്തു.—എഫെ. 5:1.
7. നമ്മുടെ സാഹചര്യം എഫെസൊസിലെ ചില ക്രിസ്ത്യാനികളുടേതുപോലെ ആയിരിക്കുന്നത് എങ്ങനെ?
7 അതുപോലെ സത്യം പഠിക്കുന്നതിനു മുമ്പ് നമ്മളും വ്യാജമതങ്ങൾ പരത്തുന്ന ഇരുട്ടിലായിരുന്നു, ധാർമികമായ അന്ധകാരത്തിലായിരുന്നു. നമ്മളിൽ ചിലർ വ്യാജമതങ്ങളിലെ വിശേഷദിവസങ്ങൾ ആഘോഷിച്ചിരുന്നു. മറ്റു ചിലർ അധാർമികപ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നു. പക്ഷേ ശരിതെറ്റുകളെക്കുറിച്ച് യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾ നമ്മൾ മാറ്റങ്ങൾ വരുത്തി. യഹോവ ആഗ്രഹിക്കുന്നതുപോലെ നമ്മൾ ജീവിക്കാൻതുടങ്ങി. അതിന്റെ ഫലമായി നമുക്കു പല അനുഗ്രഹങ്ങളും ലഭിച്ചു. (യശ. 48:17) എന്നാൽ, അതോടെ നമ്മൾ സുരക്ഷിതരായെന്ന് അർഥമില്ല. ഉപേക്ഷിച്ചുപോന്ന ഇരുട്ടിൽനിന്ന് നമ്മൾ തുടർന്നും അകന്നുനിൽക്കണം; ‘വെളിച്ചത്തിന്റെ മക്കളായി നടക്കുകയും’ വേണം. നമുക്ക് അത് എങ്ങനെ ചെയ്യാം?
ഇരുട്ടിൽനിന്ന് അകന്നുനിൽക്കുക
8. എഫെസ്യർ 5:3-5 പറയുന്നതനുസരിച്ച്, എഫെസൊസുകാർ എന്തെല്ലാം ഒഴിവാക്കണമായിരുന്നു?
8 എഫെസ്യർ 5:3-5 വായിക്കുക. ധാർമികമായ ഇരുട്ടിൽനിന്ന് അകന്നുമാറി നിൽക്കുന്നതിന്, എഫെസൊസിലെ ക്രിസ്ത്യാനികൾ യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുടർന്നും ഒഴിവാക്കണമായിരുന്നു. അതിൽ ലൈംഗിക അധാർമികത മാത്രമല്ല, അശ്ലീലസംസാരവും ഒഴിവാക്കുന്നത് ഉൾപ്പെട്ടിരുന്നു. ‘ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശം’ കിട്ടണമെങ്കിൽ, അവർ ഇങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കിയേ മതിയാകൂ എന്ന് പൗലോസ് അവരെ ഓർമിപ്പിച്ചു.
9. അധാർമികപ്രവൃത്തികളിലേക്കു നയിച്ചേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?
9 ‘പ്രയോജനമില്ലാത്ത ഇരുട്ടിന്റെ പ്രവൃത്തികളിൽ’ പെട്ടുപോകാതിരിക്കണമെങ്കിൽ, നമ്മളും അവയ്ക്ക് എതിരെ പോരാടിക്കൊണ്ടിരിക്കണം. (എഫെ. 5:11) ഒരു വ്യക്തി എത്ര കൂടുതൽ അശുദ്ധമായ അല്ലെങ്കിൽ അധാർമികമായ കാര്യങ്ങൾ കാണുകയും കേൾക്കുകയും അവയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവോ അത്ര കൂടുതൽ ആ വ്യക്തി തെറ്റു ചെയ്യാനുള്ള സാധ്യതയുണ്ട്. അത് തെളിയിക്കുന്ന ഒട്ടനവധി ഉദാഹരണങ്ങൾ ഉണ്ട്. (ഉൽപ. 3:6; യാക്കോ. 1:14, 15) ഒരു രാജ്യത്ത് കുറെ സഹോദരങ്ങൾ സോഷ്യൽമീഡിയയിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി. ആദ്യമൊക്കെ ആത്മീയകാര്യങ്ങളായിരുന്നു അവരുടെ സംസാരവിഷയം. പക്ഷേ പതുക്കെപ്പതുക്കെ അവരുടെ സംസാരത്തിൽ മോശമായ കാര്യങ്ങൾ കയറിവരാൻതുടങ്ങി. കുറച്ച് കഴിഞ്ഞ് ലൈംഗികതയെ ചുറ്റിപ്പറ്റിയായി അവരുടെ സംഭാഷണങ്ങൾ. അശുദ്ധമായ ഇത്തരം സംസാരം, തങ്ങളെ ലൈംഗിക അധാർമികതയിൽ കൊണ്ടെത്തിച്ചെന്ന് ഇവരിൽ പലരും പിന്നീട് സമ്മതിച്ചു.
10. സാത്താൻ എങ്ങനെയാണു നമ്മളെ വഞ്ചിക്കാൻ ശ്രമിക്കുന്നത്? (എഫെസ്യർ 5:6)
10 സാത്താൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു തന്ത്രത്തെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കണം. ശരിയേത് തെറ്റേത് എന്നു തിരിച്ചറിയാൻ കഴിയാത്തവിധം ആളുകളെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് അത്. (യശ. 5:20; 2 കൊരി. 4:4) ഇന്നും സാത്താന്റെ ലോകം അതേ തന്ത്രം ഉപയോഗിച്ച് നമ്മളെ വഞ്ചിക്കാൻ ശ്രമിക്കുന്നു. (2 പത്രോ. 2:19) യഹോവ അശുദ്ധമെന്നും അധാർമികമെന്നും പറയുന്ന കാര്യങ്ങളിൽ യാതൊരു തെറ്റും ഇല്ലെന്നു നമ്മളെ വിശ്വസിപ്പിക്കാൻ ഇന്നത്തെ ലോകം ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഇന്നത്തെ സിനിമകളും ടിവി പരിപാടികളും വെബ്സൈറ്റുകളും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾക്ക് എതിരായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത്. അതെ, ശരിക്കും സാത്താൻ നമ്മളെ വഞ്ചിക്കാൻ ശ്രമിക്കുകയാണ്. അശുദ്ധമായ പ്രവൃത്തികളും ജീവിതരീതികളും ഒരു തെറ്റല്ലെന്നും അവകൊണ്ട് ഒരു ദോഷവും വരില്ലെന്നും അവ രസകരമാണെന്നും നമ്മളെ വിശ്വസിപ്പിക്കാനാണ് സാത്താൻ നോക്കുന്നത്.—എഫെസ്യർ 5:6 വായിക്കുക.
11. എഫെസ്യർ 5:7-ലെ ബുദ്ധിയുപദേശം അനുസരിക്കുന്നത് എത്ര പ്രധാനമാണെന്ന് ആഞ്ചലയുടെ അനുഭവം കാണിക്കുന്നത് എങ്ങനെ? (ചിത്രവും കാണുക.)
11 നമ്മുടെ സഹവാസവും നമ്മൾ ശ്രദ്ധിക്കണം. ചില ആളുകളുമായി സഹവസിച്ച് കഴിഞ്ഞാൽ യഹോവയുടെ നിലവാരങ്ങൾ അനുസരിക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാകും. അങ്ങനെയുള്ളവരുമായി നമ്മൾ സമയം ചെലവഴിക്കണം എന്നാണ് സാത്താൻ ആഗ്രഹിക്കുന്നത്. “നിങ്ങൾ അവരുടെകൂടെ കൂടരുത്,” അതായത് ദൈവത്തിന്റെ കണ്ണിൽ തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരുമായി കൂടരുത് എന്നാണ് പൗലോസ് എഫെസൊസിലുള്ളവരോടു പറഞ്ഞത്. (എഫെ. 5:7) ഈ കാര്യത്തിൽ എഫെസൊസിലുള്ളവർ ശ്രദ്ധിച്ചതിനെക്കാൾ കൂടുതൽ നമ്മൾ ശ്രദ്ധിക്കണം. കാരണം, അവർക്കില്ലാത്ത ഒരു അപകടം നമുക്കുണ്ട്. ഇക്കാലത്ത്, നേരിട്ട് മാത്രമല്ല സോഷ്യൽമീഡിയയിലൂടെയും മോശമായ സുഹൃത്തുക്കൾ നമ്മുടെ അടുത്ത് വന്നേക്കാം. ഇത് എത്ര അപകടകരമാണെന്ന് ഏഷ്യയിൽ താമസിക്കുന്ന ആഞ്ചല a തിരിച്ചറിഞ്ഞു. സഹോദരി പറയുന്നു: “നമ്മൾപോലും അറിയാതെ നമ്മുടെ ചിന്താരീതിയെ മാറ്റുന്ന ഒരു കെണിപോലെയാണ് ഇത്. എന്റെ കാര്യത്തിൽ, ബൈബിൾതത്ത്വങ്ങളെ ആദരിക്കാത്തവരെയൊക്കെ കൂട്ടുകാരാക്കുന്നത് പതുക്കെപ്പതുക്കെ എനിക്ക് ഒരു പ്രശ്നമല്ലാതായി. അങ്ങനെ കുറച്ച് കഴിഞ്ഞ് യഹോവയ്ക്ക് ഇഷ്ടമില്ലാത്ത തരത്തിൽ ജീവിക്കുന്നതുപോലും തെറ്റല്ല എന്ന് എനിക്കു തോന്നിത്തുടങ്ങി.” എന്തായാലും, വേണ്ട മാറ്റങ്ങൾ വരുത്താൻ സ്നേഹമുള്ള മൂപ്പന്മാർ ആഞ്ചലയെ സഹായിച്ചു. സഹോദരി പറയുന്നു: “സോഷ്യൽ മീഡിയയിൽ നോക്കി സമയം കളയുന്നതിനു പകരം ഞാൻ ഇപ്പോൾ എന്റെ മനസ്സ് ആത്മീയകാര്യങ്ങൾകൊണ്ട് നിറയ്ക്കാൻ ശ്രമിക്കുകയാണ്.”
12. ശരിയും തെറ്റും സംബന്ധിച്ച് യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കാൻ എന്തു നമ്മളെ സഹായിക്കും?
12 അധാർമികപ്രവൃത്തികളൊന്നും ഒരു തെറ്റല്ല എന്ന ലോകത്തിന്റെ ചിന്തയ്ക്ക് എതിരെ നമ്മൾ പോരാടണം. കാരണം, ആ ചിന്ത തെറ്റാണെന്നു നമുക്ക് അറിയാം. (എഫെ. 4:19, 20) നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതാണ്: ‘യഹോവയുടെ നിലവാരങ്ങളെ ആദരിക്കാത്ത സഹജോലിക്കാരുമായും സഹപാഠികളുമായും മറ്റുള്ളവരുമായും അതിരുകവിഞ്ഞ സഹവാസത്തിനു പോകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ടോ? മറ്റുള്ളവർ എന്നെ കടുംപിടുത്തക്കാരൻ എന്ന് വിളിച്ചാൽപ്പോലും ധൈര്യത്തോടെ യഹോവയുടെ നിലവാരങ്ങൾ അനുസരിക്കാൻ ഞാൻ തയ്യാറാകുമോ?’ ഇനി, 2 തിമൊഥെയൊസ് 2:20-22 പറയുന്നതുപോലെ, ക്രിസ്തീയസഭയിൽനിന്ന് അടുത്ത സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കണം. കാരണം, സഭയിലുള്ളവരാണെങ്കിലും ചിലർ, യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മളെ സഹായിക്കണമെന്നില്ല.
“വെളിച്ചത്തിന്റെ മക്കളായി” നടക്കുക
13. “വെളിച്ചത്തിന്റെ മക്കളായി നടക്കുക” എന്നാൽ എന്താണ് അർഥം? (എഫെസ്യർ 5:7-9)
13 എഫെസൊസിലെ ക്രിസ്ത്യാനികളെ, ഇരുട്ട് ഒഴിവാക്കാൻ മാത്രമല്ല ‘വെളിച്ചത്തിന്റെ മക്കളായി നടക്കാനും’ പൗലോസ് പ്രോത്സാഹിപ്പിച്ചു. (എഫെസ്യർ 5:7-9 വായിക്കുക.) എന്താണ് അതിന്റെ അർഥം? ലളിതമായി പറഞ്ഞാൽ എല്ലായ്പ്പോഴും ക്രിസ്ത്യാനികളായി ജീവിക്കുക. അതിനു നമ്മളെ സഹായിക്കുന്ന ഒരു കാര്യം ഉത്സാഹത്തോടെ ബൈബിളും പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും പഠിക്കുന്നതും ആണ്. ഇനി, ‘ലോകത്തിന്റെ വെളിച്ചമായ’ യേശുക്രിസ്തുവിന്റെ മാതൃകയ്ക്കും പഠിപ്പിക്കലിനും അടുത്ത ശ്രദ്ധ കൊടുക്കുന്നതും വളരെ പ്രധാനമാണ്.—യോഹ. 8:12; സുഭാ. 6:23.
14. പരിശുദ്ധാത്മാവിനു നമ്മളെ എങ്ങനെയെല്ലാം സഹായിക്കാനാകും?
14 ‘വെളിച്ചത്തിന്റെ മക്കളായി നടക്കാൻ’ നമുക്കു പരിശുദ്ധാത്മാവിന്റെ സഹായവും കൂടിയേ തീരൂ. കാരണം, ഈ അധാർമികലോകത്തിൽ ശുദ്ധരായി തുടരാൻ ഒട്ടും എളുപ്പമല്ല. (1 തെസ്സ. 4:3-5, 7, 8) ദൈവത്തിന്റെ ചിന്തകളുമായി ചേരാത്ത ഈ ലോകത്തിന്റെ കാഴ്ചപ്പാടുകൾക്കും ആശയങ്ങൾക്കും എതിരെ പോരാടാൻ പരിശുദ്ധാത്മാവിനു നമ്മളെ സഹായിക്കാനാകും. കൂടാതെ “എല്ലാ തരം നന്മയും നീതിയും” വളർത്തിയെടുക്കാനും ദൈവാത്മാവ് സഹായിക്കും.—എഫെ. 5:9.
15. പരിശുദ്ധാത്മാവ് ലഭിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം? (എഫെസ്യർ 5:19, 20)
15 പരിശുദ്ധാത്മാവ് ലഭിക്കാൻ നമ്മൾ ചെയ്യേണ്ട ഒരു കാര്യം അതിനുവേണ്ടി പ്രാർഥിക്കുക എന്നതാണ്. യഹോവ ‘തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും’ എന്ന് യേശു പറഞ്ഞു. (ലൂക്കോ. 11:13) ക്രിസ്തീയയോഗങ്ങളിൽ നമ്മൾ ഒരുമിച്ച് യഹോവയെ സ്തുതിക്കുമ്പോഴും നമുക്കു പരിശുദ്ധാത്മാവ് ലഭിക്കും. (എഫെസ്യർ 5:19, 20 വായിക്കുക.) പരിശുദ്ധാത്മാവിന്റെ ആ സ്വാധീനം നമ്മുടെമേൽ ഉണ്ടെങ്കിൽ, ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ അത് നമ്മളെ സഹായിക്കും.
16. നല്ല തീരുമാനങ്ങളെടുക്കാൻ നമ്മളെ എന്തു സഹായിക്കും? (എഫെസ്യർ 5:10, 17)
16 ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ നമ്മൾ “യഹോവയുടെ ഇഷ്ടം എന്താണെന്ന്” മനസ്സിലാക്കി അതിനു ചേർച്ചയിൽ പ്രവർത്തിക്കണം. (എഫെസ്യർ 5:10, 17 വായിക്കുക.) നമ്മുടെ സാഹചര്യത്തോടു ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ കണ്ടുപിടിക്കുമ്പോൾ, ശരിക്കും ആ കാര്യത്തെക്കുറിച്ച് യഹോവ എന്താണ് ചിന്തിക്കുന്നതെന്നു മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുകയാണ്. എന്നിട്ട് ആ തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയും.
17. സമയം ബുദ്ധിയോടെ ഉപയോഗിക്കുന്നതിൽ എന്താണ് ഉൾപ്പെടുന്നത്? (എഫെസ്യർ 5:15, 16) (ചിത്രവും കാണുക.)
17 സമയം ബുദ്ധിപൂർവം ഉപയോഗിക്കാനും എഫെസൊസിലെ ക്രിസ്ത്യാനികളെ പൗലോസ് ഉപദേശിച്ചു. (എഫെസ്യർ 5:15, 16 വായിക്കുക.) ‘ദുഷ്ടനായ’ സാത്താൻ ആഗ്രഹിക്കുന്നത്, നമ്മൾ ഈ ലോകത്തിലെ കാര്യങ്ങൾക്കു പിന്നാലെ പോയി പരമാവധി സമയം കളയാനാണ്. അങ്ങനെയാകുമ്പോൾ ദൈവസേവനത്തിനു നമുക്ക് ഒട്ടും സമയം കിട്ടില്ലല്ലോ. (1 യോഹ. 5:19) യഹോവയെ സേവിക്കാനുള്ള കൂടുതൽ അവസരങ്ങളിലേക്കു നോക്കുന്നതിനു പകരം ഒരു ക്രിസ്ത്യാനിയുടെ ശ്രദ്ധ വസ്തുവകകൾ, വിദ്യാഭ്യാസം, ജോലി പോലുള്ള കാര്യങ്ങളിലേക്കു വളരെ എളുപ്പം മാറിപ്പോയേക്കാം. അങ്ങനെ സംഭവിച്ചാൽ, ലോകത്തിന്റെ ചിന്ത അദ്ദേഹത്തെ സ്വാധീനിച്ചുതുടങ്ങി എന്നതിന്റെ സൂചനയായിരിക്കും അത്. ശരിയാണ്, ഈ കാര്യങ്ങളൊന്നും ഒരു തെറ്റല്ല. പക്ഷേ, അവയൊന്നും നമ്മുടെ ജീവിതത്തിൽ ഒന്നാമതു വരാൻ അനുവദിക്കരുത്. ‘വെളിച്ചത്തിന്റെ മക്കളായി നടക്കാൻ’ പ്രധാനപ്പെട്ട കാര്യങ്ങളിൽത്തന്നെ ശ്രദ്ധിച്ചുകൊണ്ട്, ‘നമ്മൾ സമയം ഏറ്റവും നന്നായി ഉപയോഗിക്കണം.’
18. സമയം നന്നായി ഉപയോഗിക്കാൻ ഡൊണാൾഡ് എന്തൊക്കെയാണു ചെയ്തത്?
18 യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള അവസരങ്ങൾക്കായി നമ്മൾ നോക്കിക്കൊണ്ടിരിക്കണം. സൗത്ത് ആഫ്രിക്കയിലുള്ള ഡൊണാൾഡ് സഹോദരൻ അതാണ് ചെയ്തത്. അദ്ദേഹം പറയുന്നു: “ഞാൻ എന്റെ സാഹചര്യം ശരിക്കൊന്നു വിലയിരുത്തി. എന്നിട്ട്, ശുശ്രൂഷ കൂടുതൽ നന്നായി ചെയ്യാനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിച്ചു. പ്രസംഗപ്രവർത്തനത്തിനു കുറച്ചുകൂടി സമയം കിട്ടുന്ന ഒരു ജോലി കണ്ടുപിടിക്കാനും ഞാൻ പ്രാർഥിച്ചു. യഹോവയുടെ സഹായത്താൽ എനിക്കു പറ്റിയ ഒരു ജോലി കിട്ടി. അങ്ങനെ ഞാനും എന്റെ ഭാര്യയും ഒരുമിച്ച് മുഴുസമയസേവനത്തിലേക്കു കടന്നു.”
19. നമുക്ക് എങ്ങനെ തുടർന്നും ‘വെളിച്ചത്തിന്റെ മക്കളായി നടക്കാം?’
19 പൗലോസ് എഫെസൊസിലുള്ളവർക്ക് അയച്ച കത്ത് ക്രിസ്തീയപാതയിലൂടെത്തന്നെ നടക്കാൻ അവരെ തീർച്ചയായും സഹായിച്ചിട്ടുണ്ടാകും. യഹോവയിൽനിന്നുള്ള ആ ഉപദേശങ്ങൾ നമുക്കും പ്രയോജനം ചെയ്യുന്നവയാണ്. നേരത്തേ കണ്ടതുപോലെ വിനോദത്തിന്റെയും കൂട്ടുകെട്ടിന്റെയും കാര്യത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ അതു നമ്മളെ സഹായിക്കും. ചിട്ടയോടെയും ക്രമമായും ബൈബിൾ പഠിച്ചുകൊണ്ട് സത്യത്തിന്റെ വെളിച്ചത്തിൽത്തന്നെ മുന്നോട്ടുനടക്കാൻ അതു നമ്മളെ പ്രചോദിപ്പിക്കും. പരിശുദ്ധാത്മാവിനു നമ്മളിൽ നല്ല ഗുണങ്ങൾ വളർത്താൻ കഴിയുമെന്നും അത് എത്രത്തോളം പ്രധാനമാണെന്നും നമ്മൾ കണ്ടു. പൗലോസിന്റെ കത്തിലെ വാക്കുകൾ അനുസരിക്കുന്നത് യഹോവയുടെ ചിന്തകൾക്കു ചേർച്ചയിലുള്ള തീരുമാനങ്ങളെടുക്കാൻ നമ്മളെ സഹായിക്കും. ഈ ഉപദേശങ്ങളെല്ലാം ലോകത്തിന്റെ ഇരുട്ടിൽനിന്ന് അകന്നുനിൽക്കാനും വെളിച്ചത്തിൽത്തന്നെ തുടരാനും നമ്മളെ സഹായിക്കട്ടെ!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
എഫെസ്യർ 5:8-ൽ പറയുന്ന ‘ഇരുട്ടും വെളിച്ചവും’ എന്തിനെയാണ് അർഥമാക്കുന്നത്?
-
നമുക്ക് എങ്ങനെ ‘ഇരുട്ടിൽനിന്ന്’ അകന്നുനിൽക്കാം?
-
നമുക്ക് എങ്ങനെ തുടർന്നും ‘വെളിച്ചത്തിന്റെ മക്കളായി നടക്കാം?’
ഗീതം 95 വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
a ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.
b ചിത്രത്തിന്റെ വിവരണം: എഫെസൊസിലുള്ളവർക്കു പൗലോസ് അപ്പോസ്തലൻ അയച്ച കത്തിന്റെ പഴയ ഒരു പ്രതി.