പഠനലേഖനം 9
ഗീതം 75 “ഇതാ ഞാൻ, എന്നെ അയച്ചാലും!”
ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങൾ തയ്യാറായോ?
“യഹോവ ചെയ്തുതന്ന സകല നന്മകൾക്കും ഞാൻ എന്തു പകരം കൊടുക്കും?”—സങ്കീ. 116:12.
ഉദ്ദേശ്യം
യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുമ്പോൾ ജീവിതം യഹോവയ്ക്കു സമർപ്പിക്കാനും സ്നാനമേൽക്കാനും നിങ്ങൾക്ക് ആഗ്രഹം തോന്നും. അതിനു സഹായിക്കുന്നതാണ് ഈ ലേഖനം.
1-2. സ്നാനമേൽക്കുന്നതിനു മുമ്പ് ഒരു വ്യക്തി എന്തു ചെയ്യേണ്ടതുണ്ട്?
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ പത്തു ലക്ഷത്തിലധികം ആളുകളാണ് യഹോവയുടെ സാക്ഷികളായി സ്നാനമേറ്റത്. അവരിൽ പലരും ഒന്നാം നൂറ്റാണ്ടിലെ ശിഷ്യനായ തിമൊഥെയൊസിനെപ്പോലെ “ശൈശവംമുതലേ” സത്യം പഠിച്ചവരാണ്. (2 തിമൊ. 3:14, 15) എന്നാൽ, ചിലർ മുതിർന്നശേഷമാണ് യഹോവയെക്കുറിച്ച് പഠിച്ചത്. മറ്റു ചിലരാകട്ടെ പ്രായമായശേഷവും. അടുത്തിടെ ഒരു സ്ത്രീ സ്നാനമേറ്റത് എത്രാമത്തെ വയസ്സിലാണെന്നോ? 97-ാമത്തെ വയസ്സിൽ!
2 നിങ്ങൾ ഒരു ബൈബിൾ വിദ്യാർഥിയാണോ, അല്ലെങ്കിൽ സാക്ഷികളുടെ കുടുംബത്തിൽ വളർന്നുവരുന്ന ഒരാളാണോ? എന്തുതന്നെയായാലും സ്നാനപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, അത് വളരെ നല്ലൊരു ലക്ഷ്യമാണ്. എന്നാൽ സ്നാനപ്പെടുന്നതിനു മുമ്പ് യഹോവയ്ക്കു നിങ്ങളെത്തന്നെ സമർപ്പിക്കേണ്ടതുണ്ട്. സമർപ്പണത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കും. കൂടാതെ, വേണ്ട പുരോഗതി വരുത്തിക്കഴിഞ്ഞും സമർപ്പിച്ച് സ്നാനമേൽക്കാൻ മടിച്ചുനിൽക്കരുതാത്തത് എന്തുകൊണ്ടാണെന്നും നമ്മൾ പഠിക്കും.
എന്താണു സമർപ്പണം?
3. ബൈബിൾക്കാലങ്ങളിൽ യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ച ചിലരുടെ ഉദാഹരണങ്ങൾ പറയുക.
3 ബൈബിളിൽ സമർപ്പണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്തെങ്കിലും ഒരു പ്രത്യേകകാര്യത്തിനായി വേർതിരിക്കുന്നതിനെയാണ്. ഒരു ജനതയെന്ന നിലയിൽ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവരായിരുന്നു ഇസ്രായേല്യർ. എന്നാൽ ആ ജനതയിൽത്തന്നെയുള്ള ചില വ്യക്തികൾ യഹോവയ്ക്കുവേണ്ടി ഒരു പ്രത്യേകവിധത്തിൽ സമർപ്പിച്ചവരായിരുന്നു. ഉദാഹരണത്തിന്, അഹരോന് തന്റെ തലപ്പാവിന്റെ മുൻഭാഗത്തായി “സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ” തിളങ്ങുന്ന സ്വർണത്തകിട് ഉണ്ടായിരുന്നു. ആ സ്വർണത്തകിട് യഹോവയെ ഒരു പ്രത്യേകവിധത്തിൽ സേവിക്കാൻ, അതായത് ഇസ്രായേലിന്റെ മഹാപുരോഹിതനായി സേവിക്കാൻ, അദ്ദേഹത്തെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് സൂചിപ്പിച്ചു. (ലേവ്യ 8:9) ഇനി, നാസീർവ്രതക്കാരും യഹോവയെ ഒരു പ്രത്യേകവിധത്തിൽ സേവിക്കാൻ സമർപ്പിച്ചവരായിരുന്നു. “നാസീർവ്രതസ്ഥൻ” എന്ന വാക്കു വന്നിരിക്കുന്നത്, നാസിർ എന്ന എബ്രായപദത്തിൽനിന്നാണ്. “വേർതിരിക്കപ്പെട്ടവൻ,” “സമർപ്പിതൻ” എന്നൊക്കെയാണ് ആ വാക്കിന്റെ അർഥം. മോശയുടെ നിയമത്തിൽ അവർക്കുവേണ്ടി പ്രത്യേകം കൊടുത്തിരുന്ന കല്പനകൾ അവർ അനുസരിക്കണമായിരുന്നു.—സംഖ്യ 6:2-8.
4. (എ) ജീവിതം യഹോവയ്ക്കു സമർപ്പിക്കുമ്പോൾ ഏതു കാര്യം നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടതായിത്തീരും? (ബി) നിങ്ങളെത്തന്നെ ‘ത്യജിക്കുക’ എന്നതിന്റെ അർഥം എന്താണ്? (ചിത്രവും കാണുക.)
4 നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുമ്പോൾ യേശുവിന്റെ ഒരു ശിഷ്യനാകാൻ നിങ്ങൾ തീരുമാനിക്കുകയാണ്. അതോടൊപ്പം ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്നതു നിങ്ങൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാക്കുകയും ചെയ്യുന്നു. അതിൽ എന്താണ് ഉൾപ്പെടുന്നത്? യേശു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ.” (മത്താ. 16:24) “സ്വയം ത്യജിച്ച്” എന്നതിനുള്ള ഗ്രീക്കു പദത്തെ “തന്നോടുതന്നെ ഇല്ല എന്നു പറയണം” എന്നും പരിഭാഷപ്പെടുത്താനാകും. അതായത്, യഹോവയ്ക്കു സമർപ്പിച്ച് കഴിഞ്ഞാൽ പിന്നെ നിങ്ങൾ യഹോവയ്ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തോട് ‘ഇല്ല’ എന്നു പറയണം. (2 കൊരി. 5:14, 15) ലൈംഗിക അധാർമികത പോലെയുള്ള ‘ജഡത്തിന്റെ പ്രവൃത്തികളോട്’ ഇല്ല എന്നു പറയുന്നത് അതിൽ ഉൾപ്പെടുന്നു. (ഗലാ. 5:19-21; 1 കൊരി. 6:18) ഇതുപോലെയുള്ള നിയന്ത്രണങ്ങൾ നിങ്ങളുടെ ജീവിതം ബുദ്ധിമുട്ടാക്കുമോ? യഹോവയെ സ്നേഹിക്കുകയും ദൈവത്തിന്റെ നിയമങ്ങൾ നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണെന്ന് ഉറപ്പുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അങ്ങനെ തോന്നില്ല. (സങ്കീ. 119:97; യശ. 48:17, 18) നിക്കോളാസ് സഹോദരൻ അതെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “യഹോവയുടെ നിലവാരങ്ങളെ നിങ്ങൾക്കു രണ്ടു രീതിയിൽ കാണാനാകും; ഒന്നുകിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് നിങ്ങളെ തടയുന്ന ജയിലഴികൾപോലെ, അല്ലെങ്കിൽ ഒരു സിംഹത്തിന്റെ ആക്രമണത്തിൽനിന്ന് നിങ്ങളെ രക്ഷിക്കാൻ വെച്ചിരിക്കുന്ന ഇരുമ്പഴികൾപോലെ.”
5. (എ) നിങ്ങൾ എങ്ങനെയാണു നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുന്നത്? (ബി) സമർപ്പണവും സ്നാനവും തമ്മിലുള്ള വ്യത്യാസം എന്താണ്? (ചിത്രവും കാണുക.)
5 നിങ്ങൾ എങ്ങനെയാണു നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുന്നത്? യഹോവയെ മാത്രമേ ആരാധിക്കൂ എന്നും യഹോവയുടെ ഇഷ്ടത്തിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുമെന്നും പ്രാർഥനയിലൂടെ യഹോവയ്ക്കു വാക്കു കൊടുത്തുകൊണ്ട്. അതിലൂടെ ‘മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ’ യഹോവയെ സ്നേഹിക്കുമെന്നാണ് നിങ്ങൾ പറയുന്നത്. (മർക്കോ. 12:30) നിങ്ങൾക്കും യഹോവയ്ക്കും ഇടയിലുള്ള സ്വകാര്യമായ ഒരു കാര്യമാണ് സമർപ്പണം. എന്നാൽ, സ്നാനം പരസ്യമായി ചെയ്യുന്നതാണ്. നിങ്ങൾ സമർപ്പിച്ചെന്നു മറ്റുള്ളവർക്ക് അതിലൂടെ വ്യക്തമാകും. സമർപ്പണം പാവനമായ ഒരു നേർച്ചയാണ്. അതിനു ചേർച്ചയിൽ ജീവിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം. യഹോവയും നിങ്ങളിൽനിന്ന് അതു പ്രതീക്ഷിക്കുന്നുണ്ട്.—സഭാ. 5:4, 5.
സമർപ്പിക്കേണ്ടത് എന്തുകൊണ്ടാണ്?
6. യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്?
6 നിങ്ങൾ യഹോവയെ സ്നേഹിക്കുന്നു എന്നതാണു യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനകാര്യം. എന്നാൽ ആ സ്നേഹം വെറും വികാരം മാത്രമല്ല. പകരം അതിന്റെ അടിസ്ഥാനം “തികഞ്ഞ ജ്ഞാനവും ആത്മീയഗ്രാഹ്യവും” ആണ്. അതായത് യഹോവയെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ. (കൊലോ. 1:9) തിരുവെഴുത്തുകൾ പഠിച്ചതിലൂടെ (1) യഹോവ ഒരു യഥാർഥ വ്യക്തിയാണെന്നും (2) ബൈബിൾ ദൈവത്തിന്റെ വചനമാണെന്നും (3) തന്റെ ഇഷ്ടം നടത്താൻ യഹോവ തന്റെ സംഘടനയെ ഉപയോഗിക്കുന്നെന്നും നിങ്ങൾക്കു പൂർണബോധ്യമായിട്ടുണ്ട്.
7. ദൈവത്തിനു സമർപ്പിക്കുന്നതിനു മുമ്പുതന്നെ നമ്മൾ എന്തെല്ലാം ചെയ്യുന്നുണ്ടായിരിക്കും?
7 യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിക്കുന്നവർ ദൈവവചനത്തിന്റെ അടിസ്ഥാനപഠിപ്പിക്കലുകൾ അറിയുന്നവരായിരിക്കണം, അതിലെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവരായിരിക്കണം. കൂടാതെ അവർ പഠിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്യും. (മത്താ. 28:19, 20) അവരുടെ ഉള്ളിൽ യഹോവയോടുള്ള സ്നേഹം വളർന്നിട്ടുണ്ട്. യഹോവയെ മാത്രം ആരാധിക്കാൻ അവർ ശരിക്കും ആഗ്രഹിക്കുകയും ചെയ്യുന്നു. നിങ്ങൾ അങ്ങനെയുള്ള ഒരാളല്ലേ? നിങ്ങളെ പ്രചോദിപ്പിക്കുന്നതു സ്നേഹമാണെങ്കിൽ, ബൈബിൾ പഠിപ്പിക്കുന്ന ആളെയോ മാതാപിതാക്കളെയോ സന്തോഷിപ്പിക്കാൻവേണ്ടി നിങ്ങൾ സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യില്ല. ഇനി, ‘കൂട്ടുകാരെല്ലാം സ്നാനപ്പെട്ടു, ഞാനും ഉടനെ സ്നാനപ്പെടണം’ എന്നും നിങ്ങൾ ചിന്തിക്കില്ല.
8. നന്ദിയുള്ളവരായിരിക്കുന്നത് സമർപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എങ്ങനെ? (സങ്കീർത്തനം 116:12-14)
8 യഹോവ നിങ്ങൾക്കുവേണ്ടി ചെയ്തതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ യഹോവയ്ക്കു സമർപ്പിക്കാൻ നിങ്ങൾക്കു സ്വാഭാവികമായും തോന്നും. (സങ്കീർത്തനം 116:12-14 വായിക്കുക.) “എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും” യഹോവ തരുന്നുവെന്ന് ബൈബിൾ പറയുന്നു. (യാക്കോ. 1:17) അതിൽ ഏറ്റവും വലിയ സമ്മാനം ദൈവത്തിന്റെ മകനായ യേശുവിന്റെ ജീവനാണ്. അതിലൂടെ നമുക്ക് എത്ര വലിയ അനുഗ്രഹങ്ങളാണു കിട്ടിയതെന്നു ചിന്തിച്ചുനോക്കുക! മോചനവിലയിലൂടെ നമുക്ക് യഹോവയുമായി ഒരു അടുത്തബന്ധത്തിലേക്കു വരാൻ കഴിഞ്ഞു. എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയും കിട്ടി. (1 യോഹ. 4:9, 10, 19) യഹോവ കാണിച്ചിരിക്കുന്ന ഈ വലിയ സ്നേഹത്തിനും നമുക്കു നൽകിയിരിക്കുന്ന മറ്റ് അനുഗ്രഹങ്ങൾക്കും തിരിച്ച് നന്ദി കാണിക്കാനുള്ള ഏറ്റവും നല്ല വിധമാണ് നമ്മുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നത്. (ആവ. 16:17; 2 കൊരി. 5:15) അതിനെക്കുറിച്ച് ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 46-ാം പാഠത്തിലെ 4-ാം പോയിന്റ് ചർച്ച ചെയ്യുന്നുണ്ട്. അതിൽ ദൈവത്തിന് കൊടുക്കുന്ന സമ്മാനങ്ങൾ എന്ന മൂന്നു മിനിട്ടുള്ള വീഡിയോയും ഉണ്ട്.
സമർപ്പിക്കാനും സ്നാനപ്പെടാനും നിങ്ങൾ തയ്യാറായോ?
9. സമർപ്പിക്കുന്ന കാര്യത്തിൽ ഒരു വ്യക്തി മറ്റുള്ളവരുമായി താരതമ്യം ചെയ്യരുതാത്തത് എന്തുകൊണ്ട്?
9 സമർപ്പിക്കാനും സ്നാനപ്പെടാനും ഉള്ള സമയമായിട്ടില്ലെന്നു ചിലപ്പോൾ നിങ്ങൾക്കു തോന്നിയേക്കാം. കാരണം, യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾ ഇനിയും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടാകാം, അല്ലെങ്കിൽ വിശ്വാസം കുറച്ചുകൂടി ശക്തമാക്കേണ്ടതുണ്ടാകാം. (കൊലോ. 2:6, 7) എല്ലാ ബൈബിൾ വിദ്യാർഥികളും പുരോഗതി വരുത്തുന്നത് ഒരേ വേഗത്തിലായിരിക്കില്ല. ഇനി കുട്ടികളുടെ കാര്യമെടുത്താൽ, എല്ലാവരും ഒരേ പ്രായത്തിൽ ആയിരിക്കില്ല സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ട് മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യരുത്. പകരം, നമ്മുടെ കഴിവിനനുസരിച്ച് നമ്മൾ ആത്മീയപുരോഗതി വരുത്തിയിട്ടുണ്ടോ എന്ന് നോക്കുക.—ഗലാ. 6:4, 5.
10. സമർപ്പിക്കാനും സ്നാനപ്പെടാനും തയ്യാറായിട്ടില്ലെന്നു മനസ്സിലാക്കുന്നെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? (“ സത്യത്തിൽ വളർന്നുവരുന്ന കുട്ടികൾക്കായി” എന്ന ചതുരവും കാണുക.)
10 സ്വയം വിലയിരുത്തുമ്പോൾ സമർപ്പിക്കാൻ നിങ്ങൾ തയ്യാറായിട്ടില്ലെന്നാണു തോന്നുന്നതെങ്കിലോ? തുടർന്നും ആ ലക്ഷ്യത്തിൽത്തന്നെ പ്രവർത്തിക്കുക. വേണ്ട മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ശ്രമിക്കുമ്പോൾ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുക. (ഫിലി. 2:13; 3:16) യഹോവ നിങ്ങളുടെ പ്രാർഥന കേൾക്കും, ഉത്തരം തരും എന്ന് ഉറപ്പുണ്ടായിരിക്കുക.—1 യോഹ. 5:14.
ചിലരെ തടയുന്നത് എന്താണ്?
11. വിശ്വസ്തരായി തുടരാൻ യഹോവ എങ്ങനെയാണു നമ്മളെ സഹായിക്കുന്നത്?
11 സമർപ്പിച്ച് സ്നാനമേൽക്കുന്നതിനു തടസ്സമില്ലാത്ത ചിലർപോലും അതിനു മടിച്ചുനിൽക്കാറുണ്ട്. ‘സ്നാനപ്പെട്ടശേഷം ഗുരുതരമായ ഒരു പാപം ചെയ്ത് സഭയിൽനിന്ന് എന്നെ പുറത്താക്കിയാലോ’ എന്നാണ് അവരുടെ പേടി. നിങ്ങൾക്ക് അങ്ങനെയൊരു പേടി തോന്നുന്നുണ്ടെങ്കിൽ ഓർക്കുക, “യഹോവയ്ക്ക് ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാനും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാനും” വേണ്ട സഹായമെല്ലാം ഉറപ്പായും യഹോവ നിങ്ങൾക്കു തരും. (കൊലോ. 1:10) ശരിയായതു ചെയ്യാൻവേണ്ട ശക്തിയും ദൈവം തരും. യഹോവ അങ്ങനെ സഹായിക്കുന്നതുകൊണ്ട് വിശ്വാസത്തിൽ തുടരാൻ അനേകർക്കും കഴിയുന്നു. (1 കൊരി. 10:13) ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കുന്നതിന്റെ ഒരു കാരണം അതാണ്. വിശ്വസ്തരായി തുടരാൻ യഹോവ തന്റെ ജനത്തെ സഹായിക്കുന്നു.
12. ഗുരുതരമായ പാപം ചെയ്യുന്നത് ഒഴിവാക്കാൻ നമുക്ക് എങ്ങനെ കഴിയും?
12 അപൂർണരായതുകൊണ്ട് നമുക്കെല്ലാം തെറ്റു ചെയ്യാനുള്ള പ്രലോഭനം ഉണ്ടാകും. (യാക്കോ. 1:14) എങ്കിലും, പ്രലോഭനമുണ്ടാകുമ്പോൾ എന്തു ചെയ്യണമെന്നു തീരുമാനിക്കേണ്ടതു നിങ്ങളാണ്. കാരണം, നിങ്ങൾ എങ്ങനെ ജീവിക്കണം എന്നു തീരുമാനിക്കാനുള്ള പൂർണ അധികാരം നിങ്ങൾക്കു തന്നെയാണ്. നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നമുക്കു നിയന്ത്രിക്കാനാകില്ലെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ, അതു ശരിയല്ല. ഉള്ളിന്റെ ഉള്ളിലെ തെറ്റായ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാമെന്നു പഠിക്കാൻ നിങ്ങൾക്കു കഴിയും. അതുകൊണ്ട് ഒരു പ്രലോഭനം തോന്നിയാൽത്തന്നെ തെറ്റു ചെയ്യാതിരിക്കാൻ നിങ്ങൾക്കാകും. അതിനു നമ്മളെ സഹായിക്കുന്ന പല കാര്യങ്ങളുണ്ട്. ദിവസവും പ്രാർഥിക്കുക. ദൈവവചനം വ്യക്തിപരമായി പഠിക്കുന്നത് ഒരു ശീലമാക്കുക. മീറ്റിങ്ങുകൾക്കു കൂടിവരുക. വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയുക. ഈ കാര്യങ്ങൾ ക്രമമായി ചെയ്യുന്നത് സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാനുള്ള ശക്തി നിങ്ങൾക്കു തരും. നിങ്ങളുടെ സഹായത്തിന് യഹോവയുണ്ടെന്ന കാര്യവും ഒരിക്കലും മറക്കരുത്.—ഗലാ. 5:16.
13. യോസേഫ് നമുക്ക് എന്തു നല്ല മാതൃകവെച്ചു?
13 ഒരു പ്രലോഭനമുണ്ടായാൽ എന്തു ചെയ്യണമെന്നു നേരത്തേതന്നെ തീരുമാനിക്കുകയാണെങ്കിൽ, സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നിങ്ങൾക്കു കൂടുതൽ എളുപ്പമായിരിക്കും. നമ്മളെപ്പോലെതന്നെ അപൂർണതകൾ ഉണ്ടായിരുന്നിട്ടും അങ്ങനെ ചെയ്ത ചിലരെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. അതിൽ ഒരാളാണ് യോസേഫ്. പോത്തിഫറിന്റെ ഭാര്യ പല തവണ യോസേഫിനെ വശീകരിക്കാൻ ശ്രമിച്ചു. പക്ഷേ, അപ്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ യോസേഫിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അദ്ദേഹം അതിനു ‘സമ്മതിച്ചില്ല’ എന്നു ബൈബിൾ പറയുന്നു. “ഇത്ര വലിയൊരു തെറ്റു ചെയ്ത് ഞാൻ ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?” എന്നാണ് യോസേഫ് പറഞ്ഞത്. (ഉൽപ. 39:8-10) ആ സ്ത്രീ വശീകരിക്കാൻ വരുന്നതിനു മുമ്പുതന്നെ അത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്നു യോസേഫിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട്, പ്രലോഭനം നേരിട്ടപ്പോൾ ശരിയായതു ചെയ്യാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു.
14. തെറ്റായ കാര്യങ്ങളോട് ‘ഇല്ല’ എന്നു പറയാൻ നിങ്ങൾക്ക് എങ്ങനെ പഠിക്കാം?
14 നമുക്ക് എങ്ങനെ യോസേഫിനെ അനുകരിച്ചുകൊണ്ട് പ്രലോഭനങ്ങളെ ഉടനടി തള്ളിക്കളയാം? ഒരു പ്രലോഭനമുണ്ടായാൽ എന്തു ചെയ്യണമെന്ന് ഇപ്പോൾതന്നെ നിങ്ങൾക്കു തീരുമാനിക്കാം. യഹോവ വെറുക്കുന്ന കാര്യങ്ങളോട്, രണ്ടാമതൊന്ന് ആലോചിക്കാതെ ‘ഇല്ല’ എന്നു പറയാൻ പഠിക്കുക. (സങ്കീ. 97:10; 119:165) അതെക്കുറിച്ച് ചിന്തിക്കാൻപോലും തുനിയരുത്. അങ്ങനെ ചെയ്താൽ പ്രലോഭനങ്ങൾ വരുമ്പോൾ നിങ്ങൾ ചാഞ്ചാടില്ല. കാരണം, ഒരു പ്രലോഭനം വരുമ്പോൾ എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും നിങ്ങൾക്ക് അറിയാം.
15. യഹോവയെ ‘ആത്മാർഥമായി അന്വേഷിക്കുന്നെന്ന്’ ഒരാൾക്ക് എങ്ങനെ കാണിക്കാം? (എബ്രായർ 11:6)
15 ചിലപ്പോൾ ഇതാണു സത്യമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കും. യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുമുണ്ടാകും. എന്നിട്ടും സമർപ്പിക്കാനും സ്നാനപ്പെടാനും സമയമായിട്ടില്ല എന്നാണു നിങ്ങൾക്കു തോന്നുന്നതെങ്കിലോ? ദാവീദ് രാജാവിന്റെ മാതൃകയെക്കുറിച്ച് ചിന്തിക്കുന്നതു നിങ്ങളെ സഹായിക്കും. ദാവീദിനെപ്പോലെ നിങ്ങൾക്കും യഹോവയോടു പ്രാർഥിക്കാം: “ദൈവമേ, എന്നെ സൂക്ഷ്മമായി പരിശോധിച്ച് എന്റെ മനസ്സ് അറിയേണമേ. എന്നെ പരിശോധിച്ച് എന്റെ ഉത്കണ്ഠകൾ മനസ്സിലാക്കേണമേ. എന്നിൽ ഹാനികരമായ ഏതെങ്കിലും സ്വഭാവരീതികളുണ്ടോ എന്നു നോക്കേണമേ; നിത്യതയുടെ പാതയിൽ എന്നെ നയിക്കേണമേ.” (സങ്കീ. 139:23, 24) അങ്ങനെ പ്രാർഥിക്കുമ്പോൾ, നിങ്ങൾ യഹോവയുടെ സഹായം തേടുകയാണെന്നും സമർപ്പിച്ച് സ്നാനമേൽക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുകയാണെന്നും കാണിക്കുകയാണ്. തന്നെ ‘ആത്മാർഥമായി അന്വേഷിക്കുന്നവരെ’ യഹോവ ഉറപ്പായും അനുഗ്രഹിക്കും.—എബ്രായർ 11:6 വായിക്കുക.
യഹോവയോടു കൂടുതൽക്കൂടുതൽ അടുക്കുക
16-17. സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ട് വരുന്നവരെ യഹോവ എങ്ങനെയാണ് ആകർഷിക്കുന്നത്? (യോഹന്നാൻ 6:44)
16 തന്റെ ശിഷ്യരെ ആകർഷിക്കുന്നത് യഹോവയാണെന്നു യേശു പറഞ്ഞു. (യോഹന്നാൻ 6:44 വായിക്കുക.) അതെക്കുറിച്ച് ഒന്നു ചിന്തിക്കുക. യഹോവ നിങ്ങളെ ആകർഷിച്ചിരിക്കുന്നു. തന്നിലേക്ക് ആകർഷിക്കുന്ന ഓരോ വ്യക്തിയിലും യഹോവ ഏതെങ്കിലും തരത്തിലുള്ള നന്മ കണ്ടിട്ടുണ്ട്. ആ വ്യക്തിയെ “തന്റെ പ്രത്യേകസ്വത്തായി,” “വിലമതിക്കാനാകാത്ത അവകാശമായി” യഹോവ കാണുന്നു. (ആവ. 7:6; അടിക്കുറിപ്പ്.) അതെ, യഹോവ നിങ്ങളെ അങ്ങനെയാണ് കാണുന്നത്.
17 എന്നാൽ, സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവരുന്ന യുവപ്രായത്തിലുള്ള ഒരാളാണ് നിങ്ങളെങ്കിലോ? യഹോവ ആകർഷിച്ചതുകൊണ്ടല്ല, പകരം മാതാപിതാക്കൾ യഹോവയെ സേവിക്കുന്നതുകൊണ്ടാണ് നിങ്ങളും അങ്ങനെ ചെയ്യുന്നതെന്നു തോന്നിയേക്കാം. എന്നാൽ, ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോ. 4:8; 1 ദിന. 28:9) യഹോവയോട് അടുക്കുന്നതിനു നിങ്ങൾ ആദ്യ ചുവടുവെച്ചാൽ, യഹോവ നിങ്ങളോട് അടുത്തു വരും. ഒരു സാക്ഷികുടുംബത്തിന്റെ ഭാഗമായി മാത്രമല്ല യഹോവ നിങ്ങളെ കാണുന്നത്. യഹോവ ഓരോ വ്യക്തിയെയും ആണ് ആകർഷിക്കുന്നത്, തന്നിലേക്ക് അടുപ്പിക്കുന്നത്. അതിൽ ചെറുപ്പംമുതലേ സത്യം പഠിച്ച് വരുന്നവരുമുണ്ട്. യാക്കോബ് 4:8-ൽ നമ്മൾ വായിച്ചതുപോലെ അങ്ങനെയൊരു വ്യക്തി യഹോവയോട് അടുക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമ്പോൾ യഹോവ ആ വ്യക്തിയോട് അടുക്കും.— 2 തെസ്സലോനിക്യർ 2:13 താരതമ്യം ചെയ്യുക.
18. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും? (സങ്കീർത്തനം 40:8)
18 യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുമ്പോൾ യേശുവിന്റെ അതേ മനോഭാവമാണ് നിങ്ങൾ കാണിക്കുന്നത്. തന്റെ പിതാവ് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ യേശു മനസ്സോടെ മുന്നോട്ടുവന്നു. (സങ്കീർത്തനം 40:8 വായിക്കുക; എബ്രാ. 10:7) സ്നാനത്തിനുശേഷം യഹോവയെ തുടർന്നും വിശ്വസ്തമായി സേവിക്കാൻ നിങ്ങളെ എന്തു സഹായിക്കുമെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
-
യഹോവയ്ക്കു സമർപ്പിക്കുക എന്നതിന്റെ അർഥം എന്താണ്?
-
നന്ദിയുള്ളവരായിരിക്കുന്നത് സമർപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എങ്ങനെ?
-
ഗുരുതരമായ പാപങ്ങൾ ചെയ്യുന്നത് ഒഴിവാക്കാൻ നിങ്ങളെ എന്തു സഹായിക്കും?
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും