വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 13

ഗീതം 127 ഞാൻ എങ്ങനെ​യുള്ള ആളായി​രി​ക്കണം?

നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മുണ്ട്‌

നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മുണ്ട്‌

“നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു.”ലൂക്കോ. 3:22.

ഉദ്ദേശ്യം

നിങ്ങൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടോ എന്നു സംശയ​മു​ണ്ടോ? അതിനെ എങ്ങനെ മറിക​ട​ക്കാ​മെ​ന്നാണ്‌ ഈ ലേഖന​ത്തിൽ കാണാൻപോ​കു​ന്നത്‌.

1. യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ചില ദാസന്മാർക്ക്‌ ചില​പ്പോൾ എന്തു തോന്നി​യേ​ക്കാം?

 ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ അംഗീ​ക​രി​ക്കു​ന്നു എന്ന്‌ അറിയു​ന്നത്‌ നമുക്ക്‌ ആശ്വാസം നൽകുന്ന ഒരു കാര്യ​മാണ്‌. ബൈബിൾ പറയുന്നു: “യഹോവ തന്റെ ജനത്തിൽ സംപ്രീ​ത​നാണ്‌.” (സങ്കീ. 149:4) പക്ഷേ, അങ്ങേയറ്റം നിരാശ തോന്നുന്ന ചില സമയങ്ങ​ളിൽ ചിലർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം, ‘ഒരു വ്യക്തി​യെന്ന നിലയിൽ യഹോവ എന്നെ അംഗീ​ക​രി​ക്കു​ന്നു​ണ്ടോ?’ ബൈബിൾക്കാ​ല​ങ്ങ​ളിൽ വിശ്വ​സ്‌ത​രായ പല ദാസന്മാർക്കും ഇതു​പോ​ലെ തോന്നി​യി​ട്ടുണ്ട്‌.—1 ശമു. 1:6-10; ഇയ്യോ. 29:2, 4; സങ്കീ. 51:11.

2. ആർക്കാണ്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ള്ളത്‌?

2 അപൂർണ​മ​നു​ഷ്യർക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​രം നേടി​യെ​ടു​ക്കാ​നാ​കു​മെന്നു ബൈബിൾ വ്യക്തമാ​യി പറയുന്നു. എങ്ങനെ? അതിനു നമ്മൾ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും വേണം. (യോഹ. 3:16) അതിലൂ​ടെ പാപങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്താ​പ​മു​ണ്ടെ​ന്നും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​മെന്നു ദൈവ​ത്തി​നു വാക്കു കൊടു​ത്തി​ട്ടു​ണ്ടെ​ന്നും നമ്മൾ പരസ്യ​മാ​യി കാണി​ക്കു​ക​യാണ്‌. (പ്രവൃ. 2:38; 3:19) താനു​മാ​യി ഒരു അടുത്ത ബന്ധത്തി​ലേക്കു വരുന്ന​തി​നു​വേണ്ടി നമ്മൾ ഈ കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യു​ന്നതു കാണു​മ്പോൾ യഹോവ നമ്മളിൽ പ്രസാ​ദി​ക്കും. ആ സമർപ്പ​ണ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽത്തന്നെ ജീവി​ക്കാൻ നമ്മൾ പരമാ​വധി ശ്രമി​ക്കു​മ്പോൾ നമുക്കു തുടർന്നും യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടാ​യി​രി​ക്കും, നമ്മളെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി യഹോവ കാണു​ക​യും ചെയ്യും.—സങ്കീ. 25:14.

3. നമ്മൾ എന്താണ്‌ ചർച്ച ചെയ്യാൻപോ​കു​ന്നത്‌?

3 എന്നിട്ടും തങ്ങൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മി​ല്ലെന്നു ചിലർക്ക്‌ ഇടയ്‌ക്കൊ​ക്കെ തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? നമ്മളെ അംഗീ​ക​രി​ക്കു​ന്നു എന്ന്‌ യഹോവ എങ്ങനെ​യാണ്‌ കാണി​ക്കു​ന്നത്‌? തനിക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മുണ്ട്‌ എന്ന ബോധ്യം ശക്തമാ​ക്കാൻ ഒരു ക്രിസ്‌ത്യാ​നിക്ക്‌ എന്തു ചെയ്യാം?

യഹോ​വ​യു​ടെ അംഗീ​കാ​ര​മി​ല്ലെന്നു ചിലർക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

4-5. വിലയി​ല്ലാ​ത്ത​വ​രാ​ണെന്നു തോന്നി​യാ​ലും ഏതു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

4 നമ്മളിൽ ചിലർക്കെ​ങ്കി​ലും ചെറു​പ്പം​മു​തലേ വിലയി​ല്ലാ​ത്ത​വ​രാ​ണെന്ന ചിന്ത മനസ്സിൽ വന്നിട്ടു​ണ്ടാ​കും. (സങ്കീ. 88:15) അഡ്രിയൻ എന്നു പേരുള്ള ഒരു സഹോ​ദരൻ പറയുന്നു: “എനിക്ക്‌ ഒരു വിലയും ഇല്ല, ഞാൻ ഒന്നിനും കൊള്ളാ​ത്ത​വ​നാണ്‌ എന്ന്‌ എനിക്ക്‌ എപ്പോ​ഴും തോന്നാ​റുണ്ട്‌. എന്റെ കുടും​ബം പറുദീ​സ​യിൽ കടക്കണേ എന്നു ചെറു​പ്പ​ത്തിൽ ഞാൻ പ്രാർഥി​ക്കു​മാ​യി​രു​ന്നു. പക്ഷേ പറുദീ​സ​യിൽ കടക്കാ​നുള്ള യോഗ്യ​ത​യൊ​ന്നും എനിക്കി​ല്ലെന്ന്‌ ഉറപ്പാ​യി​രു​ന്നു.” ഇനി റ്റോണി സഹോ​ദ​രന്റെ അനുഭവം നോക്കാം. അദ്ദേഹം വളർന്നു​വ​ന്നത്‌ ഒരു സാക്ഷി​കു​ടും​ബ​ത്തി​ലല്ല. റ്റോണി പറയുന്നു: “എന്നെ സ്‌നേ​ഹി​ക്കു​ന്നെ​ന്നോ എന്നെക്കു​റിച്ച്‌ അഭിമാ​നം തോന്നു​ന്നെ​ന്നോ മാതാ​പി​താ​ക്കൾ ഒരിക്ക​ലും എന്നോടു പറഞ്ഞി​ട്ടില്ല. ഞാൻ അത്ര പോരാ, ഇനിയു​മി​നി​യും നന്നാകാ​നുണ്ട്‌ എന്ന ഒരു തോന്ന​ലാണ്‌ അവർ എപ്പോ​ഴും എനിക്കു തന്നത്‌.”

5 വിലയി​ല്ലാ​ത്ത​വ​രാ​ണെന്നു നമുക്ക്‌ ഇടയ്‌ക്കൊ​ക്കെ തോന്നാ​റു​ണ്ടെ​ങ്കിൽ ഓർക്കുക, യഹോവ സ്വന്തം ഇഷ്ടപ്ര​കാ​ര​മാണ്‌ നമ്മളെ തന്നി​ലേക്ക്‌ ആകർഷി​ച്ചി​രി​ക്കു​ന്നത്‌. (യോഹ. 6:44) യഹോവ നമ്മളിലെ നന്മ കണ്ടു. ഒരുപക്ഷേ നമ്മൾപോ​ലും അതു ശ്രദ്ധി​ച്ചി​ട്ടു​ണ്ടാ​ക​ണ​മെ​ന്നില്ല. നമ്മൾ ആരാ​ണെന്നു നമ്മളെ​ക്കാൾ നന്നായി യഹോ​വ​യ്‌ക്ക്‌ അറിയാം. (1 ശമു. 16:7; 2 ദിന. 6:30) അതു​കൊണ്ട്‌ നമുക്ക്‌ ഉറപ്പി​ക്കാം, നമ്മൾ വിലയു​ള്ള​വ​രാ​ണെന്ന്‌ യഹോവ പറയു​ന്നതു വെറുതേ അല്ല.—1 യോഹ. 3:19, 20.

6. മുമ്പ്‌ താൻ ചെയ്‌തു​പോയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ പൗലോ​സിന്‌ എന്തു തോന്നി?

6 സത്യം പഠിക്കു​ന്ന​തി​നു മുമ്പ്‌ ചെയ്‌തു​പോയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ നമ്മളിൽ ചിലർക്ക്‌ ഇപ്പോ​ഴും കുറ്റ​ബോ​ധം തോന്നു​ന്നു​ണ്ടാ​കും. (1 പത്രോ. 4:3) ഇനി, വിശ്വ​സ്‌ത​മാ​യി യഹോ​വയെ സേവി​ക്കു​ന്ന​വർക്ക്‌ ഇപ്പോൾപ്പോ​ലും പാപം ചെയ്യാ​നുള്ള തോന്ന​ലിന്‌ എതിരെ പോരാ​ടേ​ണ്ടി​വ​രാ​റുണ്ട്‌. നിങ്ങളു​ടെ കാര്യ​ത്തി​ലോ? യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു ക്ഷമിക്കാ​നാ​കില്ല എന്നു ചില​പ്പോ​ഴെ​ങ്കി​ലും തോന്നാ​റു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ ആശ്വാസം തരുന്ന ഒരു കാര്യം, മുൻകാ​ല​ങ്ങ​ളിൽ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചി​രു​ന്ന​വർക്കും അങ്ങനെ​യൊ​ക്കെ തോന്നി​യി​ട്ടുണ്ട്‌ എന്നതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, തന്റെ കുറവു​ക​ളെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ പൗലോ​സി​നു കടുത്ത വിഷമം തോന്നി. (റോമ. 7:24) പൗലോസ്‌ തന്റെ തെറ്റു​ക​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌ത ആളായി​രു​ന്നു. എന്നിട്ടും അദ്ദേഹം തന്നെക്കു​റിച്ച്‌ പറഞ്ഞത്‌, ‘അപ്പോ​സ്‌ത​ല​ന്മാ​രിൽ ഏറ്റവും ചെറി​യവൻ’ എന്നും പാപി​ക​ളിൽ “ഒന്നാമൻ” എന്നും ആണ്‌.—1 കൊരി. 15:9; 1 തിമൊ. 1:15.

7. നമ്മൾ മുമ്പ്‌ ചെയ്‌തു​പോയ തെറ്റു​ക​ളു​ടെ കാര്യ​ത്തിൽ എന്ത്‌ ഓർക്കാം?

7 നമ്മൾ പശ്ചാത്ത​പി​ച്ചാൽ ക്ഷമിക്കു​മെന്നു നമ്മുടെ സ്വർഗീ​യ​പി​താവ്‌ വാക്കു തന്നിട്ടുണ്ട്‌. (സങ്കീ. 86:5) ചെയ്‌തു​പോയ തെറ്റു​ക​ളെ​ക്കു​റിച്ച്‌ ഓർത്ത്‌ നമുക്കു ശരിക്കും വിഷമം തോന്നു​ന്നു​ണ്ടെ​ങ്കിൽ, യഹോ​വ​യു​ടെ ആ വാക്കുകൾ നമുക്കു വിശ്വ​സി​ക്കാം, യഹോവ നമ്മളോ​ടു ക്ഷമിച്ചി​ട്ടുണ്ട്‌.—കൊലോ. 2:13.

8-9. യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ എത്ര ചെയ്‌താ​ലും മതിയാ​കില്ല എന്ന ചിന്ത നമുക്ക്‌ എങ്ങനെ മറിക​ട​ക്കാം?

8 ദൈവ​സേ​വ​ന​ത്തിൽ കഴിവി​ന്റെ പരമാ​വധി ചെയ്യാൻ നമ്മളെ​ല്ലാം ആഗ്രഹി​ക്കു​ന്നു. എങ്കിലും യഹോ​വ​യു​ടെ അംഗീ​കാ​രം കിട്ടാൻ ദൈവ​സേ​വ​ന​ത്തിൽ എത്ര ചെയ്‌താ​ലും മതിയാ​കില്ല എന്നു ചിലർക്കു തോന്നു​ന്നു. അമാൻഡ സഹോ​ദരി പറയുന്നു: “യഹോ​വ​യ്‌ക്ക്‌ ഏറ്റവും നല്ലതു കൊടു​ക്കുക എന്നു പറഞ്ഞാൽ എന്റെ മനസ്സി​ലുള്ള ചിന്ത, ദൈവ​സേ​വ​ന​ത്തിൽ ചെയ്യു​ന്ന​തി​ന്റെ അളവ്‌ എപ്പോ​ഴും കൂട്ടി​ക്കൊ​ണ്ടി​രി​ക്കുക എന്നാണ്‌. അതു​കൊ​ണ്ടു​തന്നെ എന്നെ​ക്കൊണ്ട്‌ പറ്റുന്ന​തി​ലും കൂടുതൽ ഞാൻ എന്നിൽനിന്ന്‌ പ്രതീ​ക്ഷി​ച്ചു. അങ്ങനെ ചെയ്യാൻ പറ്റാ​തെ​വ​രു​മ്പോൾ എനിക്കു നിരാശ തോന്നും. യഹോ​വ​യ്‌ക്കും എന്നെക്കു​റിച്ച്‌ നിരാശ തോന്നു​ന്നു​ണ്ടാ​വും എന്നു ഞാൻ ചിന്തിച്ചു.”

9 യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ എത്ര ചെയ്‌താ​ലും മതിയാ​കില്ല എന്ന ചിന്ത എങ്ങനെ മറിക​ട​ക്കാം? ഓർക്കുക, യഹോവ കടും​പി​ടു​ത്ത​ക്കാ​ര​നോ വഴക്കമി​ല്ലാ​ത്ത​വ​നോ അല്ല. നമുക്കു ന്യായ​മാ​യി ചെയ്യാൻ കഴിയു​ന്ന​തി​നെ​ക്കാൾ കൂടുതൽ യഹോവ ഒരിക്ക​ലും നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നില്ല. നമ്മൾ ഏറ്റവും നല്ലതു കൊടു​ക്കു​മ്പോൾ, നമ്മൾ ചെയ്യുന്ന ഓരോ കാര്യ​വും യഹോവ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നുണ്ട്‌. ഇനി, യഹോ​വയെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവിച്ച ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തും പ്രയോ​ജനം ചെയ്യും. അതിൽ ഒരാളാണ്‌ പൗലോസ്‌. വർഷങ്ങ​ളോ​ളം അദ്ദേഹം തീക്ഷ്‌ണ​ത​യോ​ടെ സേവിച്ചു, ആയിര​ക്ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ സഞ്ചരിച്ചു, അനേകം സഭകൾ സ്ഥാപിച്ചു. എങ്കിലും സാഹച​ര്യം മാറി​യ​പ്പോൾ അദ്ദേഹ​ത്തി​നു പഴയ​പോ​ലെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ പറ്റാതാ​യി. അതു​കൊണ്ട്‌ പൗലോ​സി​നു ദൈവ​ത്തി​ന്റെ അംഗീ​കാ​രം നഷ്ടപ്പെ​ട്ടോ? ഇല്ല. തന്നെ​ക്കൊണ്ട്‌ പറ്റുന്നതു അദ്ദേഹം ചെയ്‌തു​കൊ​ണ്ടി​രു​ന്നു, യഹോവ അദ്ദേഹത്തെ അനു​ഗ്ര​ഹി​ക്കു​ക​യും ചെയ്‌തു. (പ്രവൃ. 28:30, 31) അതു​പോ​ലെ നമുക്കും എല്ലായ്‌പോ​ഴും ഒരു​പോ​ലെ യഹോ​വയെ സേവി​ക്കാൻ കഴിയ​ണ​മെ​ന്നില്ല. പക്ഷേ യഹോവ പ്രധാ​ന​മാ​യും നോക്കു​ന്നത്‌, തന്നെ സേവി​ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കുന്ന കാര്യം എന്താണ്‌ എന്നതാണ്‌. നമ്മളെ അംഗീ​ക​രി​ക്കു​ന്നെന്ന്‌ യഹോവ കാണി​ക്കുന്ന ചില വിധങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

നമ്മളെ അംഗീ​ക​രി​ക്കു​ന്നെന്ന്‌ യഹോവ എങ്ങനെ​യാണ്‌ കാണി​ക്കു​ന്നത്‌?

10. നമ്മളിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു എന്ന യഹോ​വ​യു​ടെ വാക്കുകൾ ‘കേൾക്കാൻ’ നമുക്ക്‌ എന്തു ചെയ്യാം? (യോഹ​ന്നാൻ 16:27)

10 ബൈബി​ളി​ലൂ​ടെ. തന്റെ ജനത്തെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും അവരിൽ പ്രസാ​ദി​ച്ചി​രി​ക്കു​ന്നെ​ന്നും കാണി​ക്കാ​നുള്ള അവസര​ങ്ങൾക്കാ​യി യഹോവ നോക്കു​ന്നു. തന്റെ അംഗീ​കാ​ര​മുള്ള പ്രിയ​പു​ത്ര​നാണ്‌ യേശു എന്ന്‌ രണ്ട്‌ അവസര​ങ്ങ​ളിൽ യഹോവ യേശു​വി​നോ​ടു പറഞ്ഞു. (മത്താ. 3:17; 17:5) നിങ്ങളിൽ യഹോവ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു എന്ന്‌ യഹോവ പറയു​ന്നതു കേൾക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? യഹോവ ഇന്ന്‌ നമ്മളോ​ടു നേരിട്ട്‌ സംസാ​രി​ക്കു​ന്നില്ല. എങ്കിലും തന്റെ വചനമായ ബൈബി​ളി​ലൂ​ടെ ദൈവം നമ്മളോ​ടു സംസാ​രി​ക്കു​ന്നുണ്ട്‌. യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞ വാക്കുകൾ സുവി​ശേ​ഷ​ഭാ​ഗ​ങ്ങ​ളിൽ വായി​ക്കു​മ്പോൾ ശരിക്കും നമ്മൾ ‘കേൾക്കു​ന്നത്‌’ നമ്മളെ അംഗീ​ക​രി​ച്ചു​കൊ​ണ്ടുള്ള യഹോ​വ​യു​ടെ വാക്കു​ക​ളാണ്‌. (യോഹ​ന്നാൻ 16:27 വായി​ക്കുക.) യേശു തന്റെ പിതാ​വി​ന്റെ വ്യക്തി​ത്വം അതേപടി പകർത്തി. അതു​കൊണ്ട്‌ അപൂർണ​രാ​ണെ​ങ്കി​ലും വിശ്വ​സ്‌ത​രായ തന്റെ അനുഗാ​മി​ക​ളോ​ടു യേശു പറഞ്ഞ സ്‌നേ​ഹ​ത്തി​ന്റെ​യും അംഗീ​കാ​ര​ത്തി​ന്റെ​യും വാക്കുകൾ ശരിക്കും യഹോവ നമ്മളോട്‌ പറയാൻ ആഗ്രഹി​ക്കുന്ന വാക്കു​ക​ളാണ്‌.—യോഹ. 15:9, 15.

യഹോവ പല വിധങ്ങ​ളിൽ നമ്മളെ അംഗീ​ക​രി​ക്കു​ന്നെന്നു കാണി​ക്കു​ന്നു (10 ഖണ്ഡിക കാണുക)


11. നമ്മൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾ നമുക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​രം നഷ്ടമായി എന്ന്‌ അർഥമാ​ക്കു​ന്നു​ണ്ടോ? വിശദീ​ക​രി​ക്കുക. (യാക്കോബ്‌ 1:12)

11 പ്രവൃ​ത്തി​ക​ളി​ലൂ​ടെ. യഹോവ നമ്മളെ സഹായി​ക്കാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു. അതിന്റെ തെളി​വാണ്‌ നമ്മുടെ അന്നന്നത്തെ ആവശ്യങ്ങൾ യഹോവ നടത്തി​ത്ത​രു​ന്നത്‌. എന്നാൽ ചില​പ്പോ​ഴൊ​ക്കെ നീതി​മാ​നായ ഇയ്യോ​ബി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, നമുക്ക്‌ ചില കഷ്ടതക​ളു​ണ്ടാ​കാൻ യഹോവ അനുവ​ദി​ച്ചേ​ക്കാം. (ഇയ്യോ. 1:8-11) പക്ഷേ അതിന്റെ അർഥം നമുക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​രം നഷ്ടപ്പെട്ടു എന്നല്ല. പകരം അത്‌ നമ്മൾ യഹോ​വയെ എത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നെ​ന്നും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ന്നും കാണി​ക്കാ​നുള്ള അവസര​ങ്ങ​ളാണ്‌. (യാക്കോബ്‌ 1:12 വായി​ക്കുക.) കഷ്ടതക​ളു​ടെ സമയത്ത്‌ പിടി​ച്ചു​നിൽക്കാൻ സഹായി​ച്ചു​കൊണ്ട്‌ യഹോവ നമ്മളെ സ്‌നേ​ഹ​ത്തോ​ടെ പരിപാ​ലി​ക്കും.

12. ഡിമി​ട്രി സഹോ​ദ​രന്റെ അനുഭ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 ഏഷ്യയി​ലെ ഡിമി​ട്രി സഹോ​ദ​രന്റെ അനുഭവം നോക്കാം. അദ്ദേഹ​ത്തി​നു ജോലി നഷ്ടമായി. കുറെ മാസങ്ങൾ കഴിഞ്ഞി​ട്ടും, മറ്റൊരു ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അദ്ദേഹം ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ തീരു​മാ​നി​ച്ചു. അതിലൂ​ടെ യഹോ​വ​യിൽ എത്രമാ​ത്രം ആശ്രയി​ക്കു​ന്നു​ണ്ടെന്ന്‌ അദ്ദേഹം തെളി​യി​ച്ചു. പിന്നെ​യും മാസങ്ങൾ കടന്നു​പോ​യി. പക്ഷേ ജോലി​യൊ​ന്നും ശരിയാ​യില്ല. അങ്ങനെ​യി​രി​ക്കു​മ്പോൾ സഹോ​ദ​രന്‌ ചില ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ നേരിട്ടു. രോഗം കൂടി​ക്കൂ​ടി സഹോ​ദരൻ കിടപ്പി​ലാ​യി. തനിക്ക്‌ ഒരു ഭർത്താ​വി​ന്റെ​യും അച്ഛന്റെ​യും കടമ നിർവ​ഹി​ക്കാൻ പറ്റുന്നി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ സഹോ​ദ​രന്‌ നിരാശ തോന്നി. യഹോ​വ​യു​ടെ അംഗീ​കാ​രം നഷ്ടമാ​യോ എന്നു​പോ​ലും സഹോ​ദരൻ സംശയി​ച്ചു. അങ്ങനെ​യി​രി​ക്കെ ഒരു ദിവസം വൈകു​ന്നേരം, സഹോ​ദ​രന്റെ മകൾ യശയ്യ 30:15-ലെ വാക്കുകൾ ഒരു പേപ്പറിൽ പ്രിന്റ്‌ എടുത്ത്‌ സഹോ​ദ​രനെ കാണിച്ചു: “ശാന്തരാ​യി​രുന്ന്‌ എന്നിൽ ആശ്രയി​ക്കുക. അതാണു നിങ്ങളു​ടെ ബലം.” എന്നിട്ട്‌, ഇങ്ങനെ പറഞ്ഞു: “ഡാഡീ, ഡാഡിക്കു വിഷമം തോന്നു​മ്പോൾ ഈ വാക്യം ഓർത്താൽ മതി.” ആ വാക്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ യഹോവ തനിക്കു​വേണ്ടി കരുതു​ന്നു​ണ്ടെ​ന്നും തന്റെ കുടും​ബ​ത്തിന്‌ ഇപ്പോ​ഴും ആവശ്യ​ത്തി​നു ഭക്ഷണവും വസ്‌ത്ര​വും അതു​പോ​ലെ, താമസി​ക്കാൻ ഒരിട​വും ഉണ്ടല്ലോ എന്നും ഓർക്കാൻ സഹോ​ദ​രനെ സഹായി​ച്ചു. സഹോ​ദരൻ പറയുന്നു: “ശാന്തനാ​യി​രുന്ന്‌ തുടർന്നും എന്റെ ദൈവ​ത്തിൽ ആശ്രയി​ക്കുക. അതാണ്‌ ഞാൻ ചെയ്യേ​ണ്ടി​യി​രു​ന്നത്‌.” ഇതു​പോ​ലെ ജീവി​ത​ത്തിൽ കഷ്ടപ്പാ​ടു​കൾ ഉണ്ടാകു​മ്പോൾ നിങ്ങളും ഓർക്കുക: യഹോവ നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നുണ്ട്‌; പിടി​ച്ചു​നിൽക്കാൻ ദൈവം നിങ്ങളെ സഹായി​ക്കും.

യഹോവ പല വിധങ്ങ​ളിൽ നമ്മളെ അംഗീ​ക​രി​ക്കു​ന്നെന്നു കാണി​ക്കു​ന്നു (12-ാം ഖണ്ഡിക കാണുക) a


13. തന്റെ അംഗീ​കാ​രം നമുക്കുണ്ട്‌ എന്നു കാണി​ക്കാൻ യഹോവ ആരെ ഉപയോ​ഗി​ച്ചേ​ക്കാം, എങ്ങനെ?

13 സഹവി​ശ്വാ​സി​ക​ളി​ലൂ​ടെ. തന്റെ അംഗീ​കാ​രം നമുക്കു​ണ്ടെന്ന്‌ നമ്മളെ അറിയി​ക്കാൻ യഹോവ ചില​പ്പോൾ സഹോ​ദ​ര​ങ്ങളെ ഉപയോ​ഗി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നമുക്കു പ്രോ​ത്സാ​ഹനം വേണ്ട ഒരു സമയത്ത്‌ നമ്മളോ​ടു ചില ആശ്വാ​സ​വാ​ക്കു​കൾ പറയാൻ യഹോവ സഹോ​ദ​ര​ങ്ങളെ പ്രേരി​പ്പി​ച്ചേ​ക്കാം. ഇതു സത്യമാ​ണെന്ന്‌ ഏഷ്യയി​ലുള്ള ഒരു സഹോ​ദരി അനുഭ​വി​ച്ച​റി​ഞ്ഞു. സഹോ​ദരി വളരെ​യ​ധി​കം ടെൻഷൻ നേരിട്ട ഒരു സമയമു​ണ്ടാ​യി​രു​ന്നു. സഹോ​ദ​രി​ക്കു ജോലി നഷ്ടമായി, ഗുരു​ത​ര​മായ രോഗ​വും വന്നു. ആയിടെ സഹോ​ദ​രി​യു​ടെ ഭർത്താവ്‌ ഗൗരവ​മുള്ള ഒരു തെറ്റു ചെയ്‌തു. അങ്ങനെ മൂപ്പനാ​യുള്ള അദ്ദേഹ​ത്തി​ന്റെ നിയമനം നഷ്ടമായി. സഹോ​ദരി പറഞ്ഞു: “എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ​യൊ​ക്കെ സംഭവി​ക്കു​ന്നത്‌ എന്ന്‌ എനിക്കു മനസ്സി​ലാ​യില്ല. ഞാൻ എന്തെങ്കി​ലും തെറ്റു ചെയ്‌തോ, എനിക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​രം നഷ്ടമാ​യോ എന്നൊക്കെ ഞാൻ ഓർത്തു​പോ​യി.” തനിക്ക്‌ ദൈവ​ത്തി​ന്റെ അംഗീ​കാ​രം ഉണ്ടെന്നു കാണി​ച്ചു​ത​രണേ എന്നു സഹോ​ദരി യഹോ​വ​യോട്‌ അപേക്ഷി​ച്ചു. അപ്പോൾ യഹോവ എന്തു ചെയ്‌തു? സഹോ​ദരി പറയുന്നു: “സഭയിലെ മൂപ്പന്മാർ എന്നോടു സംസാ​രി​ച്ചു. യഹോവ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ ഉറപ്പു തന്നു.” എന്നാൽ കുറച്ച്‌ നാൾ കഴിഞ്ഞ്‌ സഹോ​ദരി വീണ്ടും യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഉറപ്പി​നു​വേണ്ടി പ്രാർഥി​ച്ചു. “അന്നുതന്നെ സഭയിലെ സഹോ​ദ​രങ്ങൾ അയച്ച ഒരു കത്ത്‌ എനിക്കു കിട്ടി. അതിലെ ആശ്വാ​സ​വാ​ക്കു​കൾ വായി​ച്ച​പ്പോൾ യഹോവ എന്റെ പ്രാർഥന കേട്ടു എന്ന്‌ എനിക്ക്‌ ഉറപ്പായി.” ഈ അനുഭവം എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? മറ്റുള്ളവർ പറയുന്ന ദയയോ​ടെ​യുള്ള വാക്കു​ക​ളി​ലൂ​ടെ യഹോവ നമ്മളെ അംഗീ​ക​രി​ക്കു​ന്നു എന്നു കാണി​ക്കു​ന്നു.—സങ്കീ. 10:17.

യഹോവ പല വിധങ്ങ​ളിൽ നമ്മളെ അംഗീ​ക​രി​ക്കു​ന്നെന്നു കാണി​ക്കു​ന്നു (13-ാം ഖണ്ഡിക കാണുക) b


14. യഹോവ നമ്മളെ അംഗീ​ക​രി​ക്കു​ന്നു എന്ന്‌ കാണി​ക്കുന്ന മറ്റൊരു വിധം ഏതാണ്‌?

14 സഹവി​ശ്വാ​സി​ക​ളി​ലൂ​ടെ നമുക്ക്‌ വേണ്ട തിരുത്തൽ തന്നു​കൊ​ണ്ടും നമുക്ക്‌ തന്റെ അംഗീ​കാ​രം ഉണ്ടെന്ന്‌ യഹോവ കാണി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഒന്നാം നൂറ്റാ​ണ്ടിൽ സഹവി​ശ്വാ​സി​കൾക്ക്‌ 14 കത്തുകൾ എഴുതാൻ യഹോവ പൗലോസ്‌ അപ്പോ​സ്‌ത​ലനെ പ്രചോ​ദി​പ്പി​ച്ചു. അതിലൂ​ടെ​യെ​ല്ലാം പൗലോസ്‌ ഒട്ടും വളച്ചു​കെ​ട്ടി​ല്ലാ​തെ, എന്നാൽ സ്‌നേ​ഹ​ത്തോ​ടെ അവർക്കു​വേണ്ട ബുദ്ധി​യു​പ​ദേ​ശ​വും തിരു​ത്ത​ലും കൊടു​ത്തു. അത്തരം തിരു​ത്ത​ലു​കൾ അതിൽ ഉൾപ്പെ​ടു​ത്താൻ യഹോവ പൗലോ​സി​നെ പ്രേരി​പ്പി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? യഹോവ നല്ലൊരു പിതാ​വാണ്‌. “താൻ സ്‌നേ​ഹി​ക്കുന്ന” മക്കളെ യഹോവ തിരു​ത്തും. (സുഭാ. 3:11, 12) അതു​കൊണ്ട്‌ സഹോ​ദ​രങ്ങൾ ബൈബി​ളിൽനിന്ന്‌ ഒരു ബുദ്ധി​യു​പ​ദേശം തരു​മ്പോൾ അത്‌ യഹോ​വ​യു​ടെ അംഗീ​കാ​രം നഷ്ടമാ​യ​തു​കൊ​ണ്ടല്ല, യഹോവ നമ്മളെ അംഗീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ എന്ന്‌ ഓർക്കാം. (എബ്രാ. 12:6) യഹോ​വ​യു​ടെ അംഗീ​കാ​രം നമുക്കുണ്ട്‌ എന്നതിന്റെ മറ്റു ചില തെളി​വു​കൾ എന്തൊ​ക്കെ​യാണ്‌?

മറ്റു ചില തെളി​വു​കൾ

15. യഹോവ ആർക്കാണ്‌ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നത്‌, അത്‌ നമുക്ക്‌ ധൈര്യം പകരു​ന്നത്‌ എങ്ങനെ?

15 താൻ അംഗീ​ക​രി​ക്കു​ന്ന​വർക്ക്‌ യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ക്കു​ന്നു. (മത്താ. 12:18) ഇങ്ങനെ​യൊന്ന്‌ ചിന്തി​ച്ചു​നോ​ക്കുക: ‘ദൈവാ​ത്മാ​വി​ന്റെ ഫലത്തിലെ ഗുണങ്ങൾ കാണി​ക്കാൻ എനിക്കു പറ്റുന്നു​ണ്ടോ?’ ഉദാഹ​ര​ണ​ത്തിന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കു​ന്ന​തി​നു മുമ്പ്‌ മറ്റുള്ള​വ​രു​മാ​യുള്ള ഇടപെ​ട​ലു​ക​ളിൽ നിങ്ങൾക്ക്‌ അത്ര ക്ഷമ ഇല്ലായി​രു​ന്നി​രി​ക്കാം. എന്നാൽ ഇപ്പോൾ അക്കാര്യ​ത്തിൽ കുറച്ചു​കൂ​ടി മെച്ച​പ്പെ​ട്ട​താ​യി നിങ്ങൾക്കു കാണാൻ കഴിയു​ന്നു​ണ്ടോ? ദൈവാ​ത്മാ​വി​ന്റെ ഫലത്തിലെ ഗുണങ്ങൾ നിങ്ങൾ എത്രയ​ധി​കം വളർത്തി​യെ​ടു​ക്കു​ന്നോ യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടെന്നു നിങ്ങൾക്ക്‌ അത്രയ​ധി​കം ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—“ ദൈവാ​ത്മാ​വി​ന്റെ ഫലം” എന്ന ചതുരം കാണുക.

യഹോവ നിങ്ങളെ അംഗീ​ക​രി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (15 ഖണ്ഡിക കാണുക)


16. സന്തോ​ഷ​വാർത്ത അറിയി​ക്കാൻ യഹോവ ആരെയാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌, അതെക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? (1 തെസ്സ​ലോ​നി​ക്യർ 2:4)

16 തന്റെ അംഗീ​കാ​ര​മു​ള്ള​വ​രെ​യാണ്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. (1 തെസ്സ​ലോ​നി​ക്യർ 2:4 വായി​ക്കുക.) പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട്ടതു ജോസ്ലിൻ സഹോ​ദ​രി​യെ എങ്ങനെ​യാണ്‌ സഹായി​ച്ച​തെന്നു നോക്കുക. ഒരു ദിവസം ആകെ മനസ്സു​മ​ടു​ത്താണ്‌ ജോസ്ലിൻ ഉണർന്നത്‌. സഹോ​ദരി പറയുന്നു, “എന്നെ ഒന്നിനും കൊള്ളില്ല, എന്നെ​ക്കൊണ്ട്‌ ഒന്നും ചെയ്യാൻ കഴിയില്ല എന്ന്‌ എനിക്കു തോന്നി. പക്ഷേ, ഞാനൊ​രു മുൻനി​ര​സേ​വി​ക​യാ​യി​രു​ന്ന​തു​കൊണ്ട്‌ അന്ന്‌ വയൽസേ​വ​ന​ത്തി​നു പോകുന്ന ദിവസ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാനൊന്ന്‌ പ്രാർഥി​ച്ചിട്ട്‌ പോയി.” അന്ന്‌ രാവിലെ സഹോ​ദരി, മേരി എന്ന സ്‌ത്രീ​യെ കണ്ടുമു​ട്ടി. മേരി ബൈബിൾ പഠിക്കാൻ ആഗ്രഹം കാണിച്ചു. കുറച്ച്‌ മാസങ്ങൾ കഴിഞ്ഞ​പ്പോൾ മേരി ജോസ്ലി​നോ​ടു പറഞ്ഞു, അന്ന്‌ സഹായ​ത്തി​നാ​യി ദൈവ​ത്തോട്‌ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാണ്‌ ജോസ്ലിൻ വാതി​ലിൽ വന്ന്‌ മുട്ടി​യ​തെന്ന്‌. ആ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ ജോസ്ലിൻ എന്താണ്‌ പറഞ്ഞ​തെ​ന്നോ, “ഞാൻ നിന്നെ അംഗീ​ക​രി​ക്കു​ന്നു​ണ്ടെന്ന്‌ യഹോവ എന്നോട്‌ പറഞ്ഞതു​പോ​ലെ എനിക്കു തോന്നി.” ശരിയാണ്‌, എല്ലാവ​രും സന്തോ​ഷ​വാർത്ത​യോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചെ​ന്നു​വ​രില്ല. എന്നാൽ മറ്റുള്ള​വ​രോട്‌ സന്തോ​ഷ​വാർത്ത അറിയി​ക്കാൻ നമ്മൾ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കു​മ്പോൾ യഹോവ അതിൽ സന്തോ​ഷി​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.

യഹോവ നിങ്ങളെ അംഗീ​ക​രി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (16-ാം ഖണ്ഡിക കാണുക) c


17. മോച​ന​വി​ല​യെ​ക്കു​റിച്ച്‌ വിക്കി പറഞ്ഞതിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌? (സങ്കീർത്തനം 5:12)

17 തന്റെ അംഗീ​കാ​രം ഉള്ളവർക്കു വേണ്ടി​യാ​ണു മോച​ന​വി​ല​യു​ടെ മൂല്യം യഹോവ ഉപയോ​ഗി​ക്കു​ന്നത്‌; അവരുടെ പാപങ്ങൾ യഹോവ ക്ഷമിക്കു​ന്നു. (1 തിമൊ. 2:5, 6) പക്ഷേ, മോച​ന​വി​ല​യിൽ വിശ്വ​സി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തി​ട്ടും യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടോ എന്ന കാര്യ​ത്തിൽ നമുക്ക്‌ ഇപ്പോ​ഴും സംശയം തോന്നു​ന്നെ​ങ്കി​ലോ? ഓർക്കുക, നമ്മുടെ ഹൃദയത്തെ, നമ്മുടെ ചിന്തകളെ നമുക്ക്‌ എപ്പോ​ഴും വിശ്വ​സി​ക്കാ​നാ​കില്ല. പക്ഷേ യഹോ​വയെ നമുക്കു പൂർണ​മാ​യി വിശ്വ​സി​ക്കാം. മോച​ന​വി​ല​യിൽ വിശ്വാ​സ​മർപ്പി​ക്കു​ന്ന​വരെ താൻ നീതി​മാ​ന്മാ​രാ​യി കാണു​ന്നെ​ന്നും അവരെ അനു​ഗ്ര​ഹി​ക്കു​മെ​ന്നും യഹോവ വാക്കു തന്നിട്ടുണ്ട്‌. (സങ്കീർത്തനം 5:12 വായി​ക്കുക; റോമ. 3:26) വിക്കി സഹോ​ദ​രി​യു​ടെ അനുഭവം നോക്കാം. സഹോ​ദ​രി​യു​ടെ ചിന്ത ഇതായി​രു​ന്നു: “യഹോവേ, എന്നെ സ്‌നേ​ഹി​ക്കാൻ മാത്രം വിശാ​ലമല്ല അങ്ങയുടെ സ്‌നേഹം. അങ്ങയുടെ മകന്റെ മോച​ന​വി​ല​യ്‌ക്കു മറയ്‌ക്കാ​നാ​കു​ന്ന​തി​ലും വലുതാണ്‌ എന്റെ പാപം.” എന്നാൽ ഒരു ദിവസം മോച​ന​വി​ല​യെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ച്ച​പ്പോ​ഴാണ്‌ സഹോ​ദ​രി​ക്കു മനസ്സി​ലാ​യത്‌, ‘ഞാൻ ഇത്രയും നാളാ​യി​ട്ടും യഹോ​വ​യു​ടെ സ്‌നേഹം മനസ്സി​ലാ​ക്കി​യി​ല്ല​ല്ലോ’ എന്ന്‌. വിക്കി സഹോ​ദ​രി​യെ​പ്പോ​ലെ, യേശു​വി​ന്റെ ബലി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്കും യഹോ​വ​യു​ടെ സ്‌നേ​ഹ​വും അംഗീ​കാ​ര​വും അനുഭ​വി​ച്ച​റി​യാ​നാ​കും.

യഹോവ നിങ്ങളെ അംഗീ​ക​രി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാം? (17-ാം ഖണ്ഡിക കാണുക)


18. നമ്മുടെ സ്വർഗീ​യ​പി​താ​വി​നെ എപ്പോ​ഴും സ്‌നേ​ഹി​ച്ചാൽ ഏതു കാര്യം നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?

18 ഈ ലേഖന​ത്തിൽ പഠിച്ച കാര്യങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ പരമാ​വധി ശ്രമി​ച്ചാ​ലും ചില​പ്പോ​ഴൊ​ക്കെ നമുക്കു നിരാശ തോന്നി​യേ​ക്കാം; യഹോവ നമ്മളെ അംഗീ​ക​രി​ക്കു​ന്നു​ണ്ടോ എന്നു സംശയി​ച്ചേ​ക്കാം. അങ്ങനെ തോന്നി​യാൽ, ‘തന്നെ എപ്പോ​ഴും സ്‌നേ​ഹി​ക്കു​ന്ന​വരെ’ യഹോവ അംഗീ​ക​രി​ക്കു​ന്നു​ണ്ടെന്ന്‌ ഓർക്കുക. (യാക്കോ. 1:12) അതു​കൊണ്ട്‌ യഹോ​വ​യോ​ടു കൂടു​തൽക്കൂ​ടു​തൽ അടുത്തു​ചെ​ല്ലുക. യഹോവ നിങ്ങളെ അംഗീ​ക​രി​ക്കു​ന്നുണ്ട്‌ എന്നതിന്റെ തെളി​വു​കൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. യഹോവ “നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല” എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക.—പ്രവൃ. 17:27.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • തങ്ങൾക്ക്‌ യഹോ​വ​യു​ടെ അംഗീ​കാ​ര​മി​ല്ലന്നു ചിലർക്കു തോന്നു​ന്നത്‌ എന്തു​കൊണ്ട്‌?

  • തന്റെ അംഗീ​കാ​രം നമുക്കു​ണ്ടെന്നു യഹോവ കാണി​ക്കുന്ന ചില വിധങ്ങൾ ഏതൊ​ക്കെ​യാണ്‌?

  • യഹോ​വ​യു​ടെ അംഗീ​കാ​ര​മു​ണ്ടെന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

ഗീതം 88 അങ്ങയുടെ വഴികൾ അറിയി​ച്ചു​ത​രേ​ണമേ

a ചിത്രത്തിന്റെ വിവരണം: പുനര​വ​ത​ര​ണം

b ചിത്രത്തിന്റെ വിവരണം: പുനര​വ​ത​ര​ണം

c ചിത്രത്തിന്റെ വിവരണം: പുനര​വ​ത​ര​ണം