വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 11

ഗീതം 129 നമ്മൾ എന്നും സഹിച്ചു​നിൽക്കും

നിരാശ തോന്നി​യാ​ലും നിങ്ങൾക്ക്‌ ഉറച്ചു​നിൽക്കാ​നാ​കും

നിരാശ തോന്നി​യാ​ലും നിങ്ങൾക്ക്‌ ഉറച്ചു​നിൽക്കാ​നാ​കും

‘എന്റെ പേരി​നു​വേണ്ടി നീ ഉറച്ചു​നി​ന്നു.’വെളി. 2:3.

ഉദ്ദേശ്യം

നിരാശ തോന്നുന്ന സാഹച​ര്യ​ങ്ങൾ ഉണ്ടായാ​ലും നമുക്ക്‌ യഹോ​വ​യു​ടെ സേവന​ത്തിൽ ഉറച്ചു​നിൽക്കാ​നാ​കും.

1. യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള ചില അനു​ഗ്ര​ഹങ്ങൾ എന്തെല്ലാ​മാണ്‌?

 ബുദ്ധി​മു​ട്ടു​കൾ നിറഞ്ഞ ഈ അവസാ​ന​നാ​ളു​ക​ളിൽ യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​യി​രി​ക്കാ​നാ​കു​ന്നത്‌ വലി​യൊ​രു അനു​ഗ്ര​ഹ​മാണ്‌. ലോക​ത്തി​ന്റെ അവസ്ഥകൾ മോശ​മാ​കു​ക​യാ​ണെ​ങ്കി​ലും നമ്മളെ സഹായി​ക്കാ​നാ​യി യഹോവ ഐക്യ​മുള്ള ഒരു സഹോ​ദ​ര​കു​ടും​ബത്തെ നൽകി​യി​രി​ക്കു​ന്നു. (സങ്കീ. 133:1) നമ്മുടെ കുടും​ബ​ജീ​വി​തം സന്തോ​ഷ​മു​ള്ള​താ​ക്കാൻ യഹോവ സഹായി​ക്കു​ന്നു. (എഫെ. 5:33–6:1) അതു​പോ​ലെ, മനസ്സമാ​ധാ​നം ഉണ്ടായി​രി​ക്കാൻവേണ്ട ജ്ഞാനവും ഉൾക്കാ​ഴ്‌ച​യും ദൈവം തരുന്നു.

2. നമ്മൾ എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

2 എങ്കിലും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിന്‌ നമ്മൾ നല്ല ശ്രമം​തന്നെ ചെയ്യണം. എന്തു​കൊണ്ട്‌? കാരണം മറ്റുള്ളവർ പറയു​ന്ന​തും ചെയ്യു​ന്ന​തും ആയ കാര്യങ്ങൾ ചില​പ്പോൾ നമ്മളെ മുറി​പ്പെ​ടു​ത്തി​യേ​ക്കാം. അതു​പോ​ലെ നമ്മൾ വരുത്തുന്ന തെറ്റുകൾ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം, പ്രത്യേ​കി​ച്ചും ഒരേ തെറ്റു​കൾതന്നെ പല തവണ ആവർത്തി​ക്കു​ക​യാ​ണെ​ങ്കിൽ. പിൻവ​രുന്ന സാഹച​ര്യ​ങ്ങൾ ഉണ്ടാകു​മ്പോൾ യഹോ​വ​യു​ടെ സേവന​ത്തിൽ നമുക്ക്‌ എങ്ങനെ ഉറച്ചു​നിൽക്കാം: (1) ഒരു സഹവി​ശ്വാ​സി നമ്മളെ മുറി​പ്പെ​ടു​ത്തു​മ്പോൾ, (2) വിവാ​ഹ​യിണ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തു​മ്പോൾ, (3) നമ്മു​ടെ​തന്നെ തെറ്റുകൾ കാരണം നിരാശ തോന്നു​മ്പോൾ. ഈ മൂന്നു സാഹച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ ഈ ലേഖന​ത്തിൽ ചിന്തി​ക്കാൻപോ​കു​ന്നത്‌. ഓരോ​ന്നി​ലും നമുക്ക്‌ അനുക​രി​ക്കാൻ കഴിയുന്ന ഓരോ ബൈബിൾക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും പഠിക്കും.

സഹവി​ശ്വാ​സി നിങ്ങളെ മുറി​പ്പെ​ടു​ത്തു​മ്പോൾ

3. യഹോ​വ​യു​ടെ ജനം നേരി​ടുന്ന ഒരു പ്രശ്‌നം എന്താണ്‌?

3 പ്രശ്‌നം. ചില സഹവി​ശ്വാ​സി​ക​ളു​ടെ സ്വഭാ​വ​രീ​തി​കൾ നമ്മളെ അസ്വസ്ഥ​രാ​ക്കി​യേ​ക്കാം. മറ്റു ചിലർ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തു​ക​യോ നമ്മളോ​ടു ദയയി​ല്ലാ​തെ പെരു​മാ​റു​ക​യോ ചെയ്‌തേ​ക്കാം. നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വർക്കു​പോ​ലും തെറ്റുകൾ സംഭവി​ക്കാ​നി​ട​യുണ്ട്‌. ഇതൊക്കെ കാണു​മ്പോൾ ‘ഇത്‌ യഹോ​വ​യു​ടെ സംഘട​ന​ത​ന്നെ​യാ​ണോ’ എന്നു ചിലർ സംശയി​ക്കാ​നി​ട​യുണ്ട്‌. അതുകാ​രണം അവർ “തോ​ളോ​ടു​തോൾ ചേർന്ന്‌” യഹോ​വയെ സേവി​ക്കു​ന്ന​തി​നു പകരം തങ്ങളെ വിഷമി​പ്പി​ച്ച​വ​രോ​ടൊ​പ്പം സഹവസി​ക്കു​ന്നതു നിറു​ത്തി​യേ​ക്കാം, ചില​പ്പോൾ മീറ്റി​ങ്ങി​നു പോകു​ന്ന​തു​പോ​ലും വേണ്ടെ​ന്നു​വെ​ച്ചേ​ക്കാം. (സെഫ. 3:9) എന്നാൽ അതു ശരിയാ​ണോ? ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ നേരിട്ട ഒരു ബൈബിൾക​ഥാ​പാ​ത്ര​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

4. അപ്പോ​സ്‌ത​ല​നായ പൗലോ​സിന്‌ എന്തൊക്കെ പ്രശ്‌ന​ങ്ങ​ളാണ്‌ നേരി​ട്ടത്‌?

4 ബൈബി​ളി​ലെ മാതൃക. ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളെ​ല്ലാം അപൂർണ​രാ​ണെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പൗലോസ്‌ ആദ്യമാ​യി സഭയോ​ടൊത്ത്‌ സഹവസി​ക്കാൻ തുടങ്ങി​യ​പ്പോൾ പലരും അദ്ദേഹത്തെ വിശ്വ​സി​ച്ചില്ല. (പ്രവൃ. 9:26) പിന്നീട്‌, ചിലർ പൗലോ​സി​നെ​ക്കു​റിച്ച്‌ മോശ​മാ​യി സംസാ​രി​ച്ചു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ പേര്‌ നശിപ്പി​ക്കാൻ നോക്കി. (2 കൊരി. 10:10) ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ത്തുള്ള ഒരു മേൽവി​ചാ​രകൻ മറ്റുള്ള​വരെ ഇടറി​ച്ചേ​ക്കാ​വുന്ന ഒരു കാര്യം ചെയ്യു​ന്ന​താ​യി പൗലോസ്‌ ശ്രദ്ധിച്ചു. (ഗലാ. 2:11, 12) അതു​പോ​ലെ പൗലോ​സി​നോ​ടൊ​പ്പം അടുത്ത്‌ പ്രവർത്തി​ച്ചി​രുന്ന ഒരാളായ മർക്കോസ്‌ അദ്ദേഹത്തെ നിരാ​ശ​പ്പെ​ടു​ത്തി. (പ്രവൃ. 15:37, 38) എന്നാൽ ഈ സാഹച​ര്യ​ങ്ങ​ളൊ​ന്നും നിരാ​ശ​പ്പെ​ടു​ത്തി​യ​വ​രോ​ടു സഹവസി​ക്കു​ന്ന​തിൽനിന്ന്‌ പൗലോ​സി​നെ പിന്തി​രി​പ്പി​ച്ചില്ല. പൗലോസ്‌ തുടർന്നും സഹോ​ദ​ര​ങ്ങളെ വിലയു​ള്ള​വ​രാ​യി കണ്ടു. യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്‌തു. ദൈവ​സേ​വ​ന​ത്തിൽ ഉറച്ചു​നിൽക്കാൻ പൗലോ​സി​നെ സഹായി​ച്ചത്‌ എന്താണ്‌?

5. സഹോ​ദ​ര​ങ്ങ​ളു​മാ​യുള്ള ബന്ധം കാത്തു​സൂ​ക്ഷി​ക്കാൻ പൗലോ​സി​നെ എന്താണു സഹായി​ച്ചത്‌? (കൊ​ലോ​സ്യർ 3:13, 14) (ചിത്ര​വും കാണുക.)

5 പൗലോസ്‌ സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ച്ചു. ആ സ്‌നേഹം സഹോ​ദ​ര​ങ്ങ​ളു​ടെ കുറവു​ക​ളി​ലല്ല, നല്ല ഗുണങ്ങ​ളിൽ ശ്രദ്ധി​ക്കാൻ പൗലോ​സി​നെ പ്രേരി​പ്പി​ച്ചു. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള സ്‌നേഹം അവരോ​ടു ക്ഷമിക്കാ​നും അദ്ദേഹത്തെ സഹായി​ച്ചു. അതു​പോ​ലെ ചെയ്യാ​നാണ്‌ കൊ​ലോ​സ്യർ 3:13, 14-ൽ (വായി​ക്കുക.) പൗലോസ്‌ നമ്മളോ​ടും പറയു​ന്നത്‌. മർക്കോ​സി​നോട്‌ അദ്ദേഹം എങ്ങനെ​യാണ്‌ ഇടപെ​ട്ട​തെന്നു നോക്കുക. പൗലോ​സി​ന്റെ ആദ്യത്തെ മിഷനറി പര്യട​ന​ത്തിന്‌ ഇടയ്‌ക്ക്‌ മർക്കോസ്‌ അദ്ദേഹത്തെ വിട്ടു​പോ​യെ​ങ്കി​ലും പൗലോസ്‌ മനസ്സിൽ വിഷമം വെച്ചു​കൊ​ണ്ടി​രു​ന്നില്ല. പിന്നീട്‌ പൗലോസ്‌ കൊ​ലൊ​സ്യ​യി​ലെ സഭയ്‌ക്ക്‌ കത്ത്‌ എഴുതി​യ​പ്പോൾ മർക്കോസ്‌ തനിക്കു വേണ്ടപ്പെട്ട ഒരു സഹപ്ര​വർത്ത​ക​നാ​ണെ​ന്നും മർക്കോസ്‌ കൂടെ​യു​ള്ളത്‌ തനിക്കു ‘വലിയ ഒരു ആശ്വാ​സ​മാ​ണെ​ന്നും’ പറഞ്ഞു. (കൊലോ. 4:10, 11) പൗലോസ്‌ റോമിൽ തടവി​ലാ​യി​രു​ന്ന​പ്പോൾ തനി​ക്കൊ​രു സഹായ​മാ​യി മർക്കോ​സി​നെ​യും കൊണ്ടു​വ​ര​ണ​മെന്ന്‌ ആവശ്യ​പ്പെട്ടു. (2 തിമൊ. 4:11) ഇതെല്ലാം കാണി​ക്കു​ന്നത്‌ പൗലോസ്‌ സഹോ​ദ​ര​ങ്ങ​ളോ​ടു ക്ഷമി​ച്ചെ​ന്നും അവരു​മാ​യി നല്ലൊരു ബന്ധം കാത്തു​സൂ​ക്ഷി​ച്ചെ​ന്നും ആണ്‌. പൗലോ​സിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പഠിക്കാം?

പൗലോ​സിന്‌ ബർന്നബാ​സും മർക്കോ​സും ആയിട്ട്‌ അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി. എന്നാൽ പൗലോസ്‌ അവരോ​ടു ദേഷ്യം വെച്ചു​കൊ​ണ്ടി​രു​ന്നില്ല. മർക്കോ​സി​നോ​ടൊ​പ്പം പിന്നീട്‌ സന്തോ​ഷ​ത്തോ​ടെ പ്രവർത്തി​ച്ചു(5-ാം ഖണ്ഡിക കാണുക)


6-7. അപൂർണ​ത​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും തുടർന്നും സഹോ​ദ​ര​ങ്ങളെ സ്‌നേ​ഹി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (1 യോഹ​ന്നാൻ 4:7)

6 പാഠം. നമ്മുടെ സഹോ​ദ​ര​ങ്ങളെ തുടർന്നും സ്‌നേ​ഹി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. (1 യോഹ​ന്നാൻ 4:7 വായി​ക്കുക.) ഏതെങ്കി​ലും ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ ചില ക്രിസ്‌തീ​യ​ഗു​ണങ്ങൾ കാണി​ക്കാൻ പരാജ​യ​പ്പെ​ട്ടാ​ലോ? ആ വ്യക്തി ബൈബിൾത​ത്ത്വ​ങ്ങൾ പാലി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും, എന്നാൽ ആ സമയത്ത്‌ അറിയാ​തെ തെറ്റു​പ​റ്റി​യ​താ​ണെ​ന്നും നമുക്ക്‌ ചിന്തി​ക്കാം. (സുഭാ. 12:18) തന്റെ വിശ്വ​സ്‌ത​ദാ​സർക്ക്‌ കുറവു​ക​ളൊ​ക്കെ ഉണ്ടെങ്കി​ലും ദൈവം അവരെ സ്‌നേ​ഹി​ക്കു​ന്നു. നമുക്കു തെറ്റു പറ്റു​മ്പോൾ ദൈവം നമ്മളു​മാ​യുള്ള ബന്ധം അവസാ​നി​പ്പി​ക്കു​ന്നില്ല, നമ്മളോ​ടു നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​മില്ല. (സങ്കീ. 103:9) അങ്ങനെ​യെ​ങ്കിൽ ക്ഷമിക്കുന്ന പിതാ​വായ യഹോ​വയെ നമ്മളും അനുക​രി​ക്കേ​ണ്ട​തല്ലേ?—എഫെ. 4:32–5:1.

7 അന്ത്യം അടുത്തു​കൊ​ണ്ടി​രി​ക്കുന്ന ഈ സമയത്ത്‌ നമുക്ക്‌ സഹോ​ദ​ര​ങ്ങ​ളു​മാ​യി നല്ലൊരു ബന്ധമു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ പ്രധാ​ന​മാ​ണെ​ന്നും നമ്മൾ ഓർക്കണം. ഉപദ്ര​വങ്ങൾ കൂടുതൽ ശക്തമാ​കു​മെ​ന്നു​തന്നെ നമ്മൾ പ്രതീ​ക്ഷി​ക്കണം. വിശ്വാ​സ​ത്തി​ന്റെ പേരിൽ നമ്മൾ ചില​പ്പോൾ ജയിലി​ലാ​യേ​ക്കാം. അങ്ങനെ സംഭവി​ച്ചാൽ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ സഹായം നമുക്ക്‌ മുമ്പ്‌ എന്നത്തെ​ക്കാ​ളും അധികം ആവശ്യ​മാ​യി​വ​രും. (സുഭാ. 17:17) സ്‌പെ​യി​നി​ലെ ഒരു മൂപ്പനായ ജോസ​ഫി​ന്റെ അനുഭവം നോക്കുക. a നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ അദ്ദേഹ​വും മറ്റു ചില സഹോ​ദ​ര​ങ്ങ​ളും ജയിലി​ലാ​യി. അദ്ദേഹം പറയുന്നു: “ജയിലിൽ ഞങ്ങൾ എല്ലാവ​രും എപ്പോ​ഴും ഒരുമി​ച്ചാ​യ​തു​കൊണ്ട്‌ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടു​ത​ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഉദാര​മാ​യി ക്ഷമിക്കു​ക​യും സഹിക്കു​ക​യും ചെയ്യേ​ണ്ടത്‌ പ്രധാ​ന​മാ​യി​രു​ന്നു. അങ്ങനെ ചെയ്‌തത്‌ ഐക്യ​ത്തോ​ടെ തുടരാൻ ഞങ്ങളെ സഹായി​ച്ചു. യഹോ​വയെ സേവി​ക്കാത്ത മറ്റു ജയിൽപു​ള്ളി​ക​ളിൽനിന്ന്‌ ഞങ്ങൾക്കു പരസ്‌പരം സംരക്ഷി​ക്കാ​നു​മാ​യി. ഒരിക്കൽ എന്റെ കൈയ്‌ക്ക്‌ പരിക്കു​പ​റ്റി​യ​പ്പോൾ പ്ലാസ്റ്റർ ഇടേണ്ടി​വന്നു. അപ്പോൾ എനിക്ക്‌ സ്വന്തമാ​യി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആ സമയത്ത്‌ ഒരു സഹോ​ദരൻ എന്റെ തുണി​ക​ളൊ​ക്കെ അലക്കി​ത്തന്നു, മറ്റു വിധങ്ങ​ളി​ലും എന്നെ സഹായി​ച്ചു. എനിക്കു സ്‌നേഹം ഏറ്റവും ആവശ്യ​മായ സമയത്തു​തന്നെ അതു കിട്ടി.” നമുക്ക്‌ ഇടയിലെ പ്രശ്‌നങ്ങൾ ഇപ്പോൾത്തന്നെ പരിഹ​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാണ്‌ അല്ലേ?

വിവാ​ഹ​യിണ നിങ്ങളെ നിരാ​ശ​പ്പെ​ടു​ത്തു​മ്പോൾ

8. വിവാ​ഹ​യി​ണകൾ നേരി​ടുന്ന പ്രശ്‌നം എന്താണ്‌?

8 പ്രശ്‌നം. എല്ലാ വിവാ​ഹ​ജീ​വി​ത​ത്തി​ലും പ്രശ്‌ന​ങ്ങ​ളുണ്ട്‌. വിവാഹം കഴിക്കു​ന്ന​വർക്കു “ജഡത്തിൽ കഷ്ടപ്പാ​ടു​കൾ ഉണ്ടാകും” എന്നു ബൈബിൾത്തന്നെ പറയുന്നു. (1 കൊരി. 7:28) അങ്ങനെ പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അപൂർണ​രായ രണ്ടു വ്യക്തികൾ ചേരു​ന്ന​താണ്‌ ഒരു വിവാ​ഹ​ജീ​വി​തം. അവരുടെ സ്വഭാ​വ​വും ഇഷ്ടങ്ങളും അനിഷ്ട​ങ്ങ​ളും ഒരുപക്ഷേ, അവരുടെ സംസ്‌കാ​ര​വും പശ്ചാത്ത​ല​വും പോലും വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം. വിവാ​ഹ​ത്തി​നു മുമ്പ്‌ ശ്രദ്ധി​ക്കാ​തി​രുന്ന പല സ്വഭാ​വ​രീ​തി​ക​ളും പിന്നീടു പ്രകട​മാ​യേ​ക്കാം. ഇതെല്ലാം പ്രശ്‌നങ്ങൾ കൊണ്ടു​വ​രാൻ ഇടയുണ്ട്‌. രണ്ടു പേരും തങ്ങളുടെ ഭാഗത്തെ തെറ്റു മനസ്സി​ലാ​ക്കി അതു പരിഹ​രി​ക്കു​ന്ന​തി​നു പകരം പരസ്‌പരം കുറ്റ​പ്പെ​ടു​ത്തു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌. വേർപി​രി​യ​ലോ വിവാ​ഹ​മോ​ച​ന​മോ ആണ്‌ ആകെയുള്ള പോം​വ​ഴി​യെന്ന്‌ അവർ ചിന്തി​ച്ചു​തു​ട​ങ്ങും. എന്നാൽ അങ്ങനെ ചെയ്‌താൽ അവർക്കു സന്തോഷം കിട്ടു​മോ? b വിവാ​ഹ​ജീ​വി​ത​ത്തിൽ അങ്ങേയറ്റം കഷ്ടപ്പാ​ടു​ക​ളു​ണ്ടാ​യി​ട്ടും ഉറച്ചു​നിന്ന ഒരു ബൈബിൾക​ഥാ​പാ​ത്രത്തെ നമുക്കു പരിച​യ​പ്പെ​ടാം.

9. അബീഗ​യിൽ നേരിട്ട പ്രശ്‌നം എന്തായി​രു​ന്നു?

9 ബൈബി​ളി​ലെ മാതൃക. അബീഗ​യി​ലി​ന്റെ ഭർത്താ​വാ​യി​രു​ന്നു നാബാൽ. അദ്ദേഹം പരുക്കൻ പ്രകൃ​ത​ക്കാ​ര​നും മര്യാ​ദ​യി​ല്ലാ​ത്ത​വ​നും ആയിരു​ന്നെന്നു ബൈബിൾ പറയുന്നു. (1 ശമു. 25:3) അങ്ങനെ​യൊ​രാ​ളു​ടെ​കൂ​ടെ ജീവി​ക്കു​ന്നത്‌ ഒട്ടും എളുപ്പ​മാ​യി​രി​ക്കില്ല. ഈ വിവാ​ഹ​ജീ​വി​ത​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാൻ അബീഗ​യി​ലിന്‌ അവസരം കിട്ടി​യോ? കിട്ടി​യി​രു​ന്നു. ഒരിക്കൽ ഇസ്രാ​യേ​ലി​ന്റെ ഭാവി​രാ​ജാ​വായ ദാവീ​ദി​നെ​യും കൂടെ​യുള്ള പുരു​ഷ​ന്മാ​രെ​യും കുറിച്ച്‌ നാബാൽ പരിഹ​സിച്ച്‌ സംസാ​രി​ച്ചു. അതിനു പകരം വീട്ടാൻ നാബാ​ലി​നെ കൊല്ലാൻ ദാവീദ്‌ തീരു​മാ​നി​ച്ചു. (1 ശമു. 25:9-13) ദാവീദ്‌ തന്റെ പദ്ധതി നടപ്പാ​ക്കി​ക്കോ​ട്ടെ എന്നു വിചാ​രി​ച്ചു​കൊണ്ട്‌ അബീഗ​യി​ലിന്‌ വേണ​മെ​ങ്കിൽ ഓടി രക്ഷപ്പെ​ടാ​മാ​യി​രു​ന്നു. എന്നാൽ അബീഗ​യിൽ അങ്ങനെ ചെയ്‌തില്ല. പകരം നാബാ​ലി​ന്റെ ജീവൻ രക്ഷിക്കുന്ന വിധത്തിൽ അബീഗ​യിൽ ദാവീ​ദി​നോട്‌ സംസാ​രി​ച്ചു. (1 ശമു. 25:23-27) എന്തു​കൊ​ണ്ടാണ്‌ അബീഗ​യിൽ അങ്ങനെ ചെയ്‌തത്‌?

10. കഷ്ടപ്പാട്‌ നിറഞ്ഞ ഒരു വിവാ​ഹ​ജീ​വി​ത​മാ​യി​രു​ന്നെ​ങ്കി​ലും ഉറച്ചു​നിൽക്കാൻ എന്തായി​രി​ക്കാം അബീഗ​യി​ലി​നെ സഹായി​ച്ചത്‌?

10 അബീഗ​യിൽ യഹോ​വയെ സ്‌നേ​ഹി​ച്ചു, വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ നിലവാ​രങ്ങൾ ആദരി​ക്കു​ക​യും ചെയ്‌തു. ആദ്യവി​വാ​ഹം ഏർപ്പെ​ടു​ത്തി​യ​പ്പോൾ യഹോവ ആദാമി​നോ​ടും ഹവ്വയോ​ടും പറഞ്ഞ കാര്യം അബീഗ​യി​ലിന്‌ അറിയാ​മാ​യി​രു​ന്നു. (ഉൽപ. 2:24) വിവാ​ഹത്തെ പവി​ത്ര​മായ ഒരു ക്രമീ​ക​ര​ണ​മാ​യി​ട്ടാണ്‌ യഹോവ കാണു​ന്ന​തെന്ന്‌ അബീഗ​യിൽ മനസ്സി​ലാ​ക്കി. ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ അബീഗ​യിൽ ആഗ്രഹി​ച്ചു. അതായി​രി​ക്കാം ഭർത്താ​വി​നെ​യും വീട്ടി​ലുള്ള മറ്റുള്ള​വ​രെ​യും രക്ഷിക്കാൻ അബീഗ​യി​ലി​നെ പ്രേരി​പ്പി​ച്ചത്‌. നാബാ​ലി​നെ കൊല്ലു​ന്ന​തിൽനിന്ന്‌ ദാവീ​ദി​നെ തടയാ​നാ​യി അബീഗ​യിൽ പെട്ടെ​ന്നു​തന്നെ പ്രവർത്തി​ച്ചു. തന്റെ ഭാഗത്ത്‌ തെറ്റി​ല്ലാ​ഞ്ഞി​ട്ടു​പോ​ലും ക്ഷമ ചോദി​ക്കാൻ അബീഗ​യിൽ തയ്യാറാ​യി. ധൈര്യ​ശാ​ലി​യായ, നിസ്വാർഥ​യായ ആ സ്‌ത്രീ​യെ യഹോവ സ്‌നേ​ഹി​ച്ചെന്ന്‌ ഉറപ്പാണ്‌. അബീഗ​യി​ലി​ന്റെ ഈ മാതൃ​ക​യിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും എന്തു പഠിക്കാം?

11. (എ) വിവാ​ഹ​ദ​മ്പ​തി​ക​ളിൽനിന്ന്‌ യഹോവ എന്താണ്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌? (എഫെസ്യർ 5:33) (ബി) കാർമൻ സഹോ​ദരി തന്റെ വിവാ​ഹ​ബന്ധം സംരക്ഷി​ക്കാൻ ശ്രമി​ച്ച​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (ചിത്ര​വും കാണുക.)

11 പാഠം. ഇണയോ​ടൊത്ത്‌ ജീവി​ക്കാൻ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽപ്പോ​ലും വിവാ​ഹ​ക്ര​മീ​ക​ര​ണത്തെ ആദരി​ക്കാൻ യഹോവ ദമ്പതി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. ദമ്പതികൾ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നാ​യി ശ്രമി​ക്കു​ന്ന​തും പരസ്‌പരം നിസ്വാർഥ​സ്‌നേ​ഹ​വും ആദരവും പ്രകട​മാ​ക്കു​ന്ന​തും കാണു​മ്പോൾ യഹോവ വളരെ​യ​ധി​കം സന്തോ​ഷി​ക്കു​ന്നു. (എഫെസ്യർ 5:33 വായി​ക്കുക.) കാർമൻ എന്ന സഹോ​ദ​രി​യു​ടെ അനുഭവം നോക്കുക. വിവാഹം കഴിഞ്ഞ്‌ ഏകദേശം ആറു വർഷം കഴിഞ്ഞ​പ്പോൾ കാർമൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങു​ക​യും പിന്നീട്‌ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. കാർമൻ പറയുന്നു, “എന്റെ ഭർത്താ​വിന്‌ അത്‌ അത്ര ഇഷ്ടപ്പെ​ട്ടില്ല. ഇതെല്ലാം കണ്ടപ്പോൾ അദ്ദേഹ​ത്തിന്‌ ദേഷ്യം വന്നു. അദ്ദേഹം എന്നെ ചീത്ത പറയു​ക​യും ഇട്ടിട്ട്‌ പോകു​മെന്നു പറഞ്ഞ്‌ ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.” ഇങ്ങനെ​യൊ​ക്കെ ആണെങ്കി​ലും കാർമൻ മടുത്തു​പോ​കാ​തെ ഉറച്ചു​നി​ന്നു. 50 വർഷ​ത്തോ​ളം കാർമൻ തന്റെ വിവാ​ഹ​ജീ​വി​ത​ത്തിൽ സ്‌നേ​ഹ​വും ആദരവും കാണി​ക്കാൻ നല്ല ശ്രമം ചെയ്‌തു. “വർഷങ്ങൾ കടന്നു​പോ​കു​ന്തോ​റും ഭർത്താ​വി​ന്റെ ചിന്തകൾ കൂടുതൽ നന്നായി മനസ്സി​ലാ​ക്കാ​നും അദ്ദേഹ​ത്തോട്‌ ദയയോ​ടെ സംസാ​രി​ക്കാ​നും ഞാൻ പഠിച്ചു. യഹോ​വ​യു​ടെ കണ്ണിൽ വിവാഹം എന്നത്‌ പവി​ത്ര​മാ​ണെന്ന്‌ ഓർത്ത​തു​കൊണ്ട്‌ അത്‌ സംരക്ഷി​ക്കാൻ എന്നെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം ഞാൻ ചെയ്‌തു. ഈ വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്കാൻ ഞാൻ ഒരിക്ക​ലും ശ്രമി​ച്ചില്ല. കാരണം, ഞാൻ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു.” c നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക, യഹോവ നിങ്ങളെ പിന്തു​ണ​യ്‌ക്കു​ക​യും ഉറച്ചു​നിൽക്കാൻ സഹായി​ക്കു​ക​യും ചെയ്യും.

തന്റെ വീട്ടു​കാ​രെ സംരക്ഷി​ക്കാ​നാ​യി അബീഗ​യിൽ കാണിച്ച മനസ്സൊ​രു​ക്ക​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാ​നാ​കും? (11-ാം ഖണ്ഡിക കാണുക)


നിങ്ങൾ ചെയ്‌ത തെറ്റുകൾ ഓർത്ത്‌ നിരാശ തോന്നു​മ്പോൾ

12. ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌താൽ നമുക്ക്‌ എന്തു തോന്നി​യേ​ക്കാം?

12 പ്രശ്‌നം. ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌താൽ നമുക്ക്‌ അങ്ങേയറ്റം നിരാശ തോന്നി​യേ​ക്കാം. ആ തെറ്റ്‌ കാരണം നമ്മുടെ ഹൃദയം ‘തകർന്ന്‌ നുറു​ങ്ങി​യേ​ക്കാം’ എന്ന്‌ ബൈബിൾപോ​ലും സമ്മതി​ച്ചു​പ​റ​യു​ന്നു. (സങ്കീ. 51:17) കുറെ വർഷങ്ങൾ ശ്രമം ചെയ്‌താണ്‌ അലക്‌സ്‌ എന്ന സഹോ​ദരൻ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യത്‌. എന്നാൽ അദ്ദേഹം ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌തു. യഹോ​വയെ വഞ്ചിച്ച​തു​പോ​ലെ അദ്ദേഹ​ത്തിന്‌ തോന്നി. അദ്ദേഹം പറയുന്നു: “മനസ്സാക്ഷി എന്നെ വളരെ​യ​ധി​കം കുത്തി​നോ​വി​ച്ചു. ഞാൻ ആകെ തകർന്നു​പോ​യി. ഞാൻ യഹോ​വ​യോട്‌ കരഞ്ഞ്‌ പ്രാർഥി​ച്ചു. എന്റെ പ്രാർഥ​ന​ക​ളൊ​ന്നും യഹോവ ഇനി കേൾക്കി​ല്ലെന്ന്‌ എനിക്ക്‌ തോന്നി. കാരണം ഞാൻ യഹോ​വയെ അങ്ങേയറ്റം നിരാ​ശ​പ്പെ​ടു​ത്തി​യ​ല്ലോ.” ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌താൽ നമ്മു​ടെ​യും ഹൃദയം തകർന്നു​പോ​യേ​ക്കാം. യഹോവ നമ്മളെ ഉപേക്ഷി​ച്ചെ​ന്നും, ഇനി യഹോ​വയെ സേവി​ച്ചിട്ട്‌ കാര്യ​മി​ല്ലെ​ന്നും തോന്നി​യേ​ക്കാം. (സങ്കീ. 38:4) ഗുരു​ത​ര​മായ തെറ്റ്‌ ചെയ്‌തെ​ങ്കി​ലും യഹോ​വയെ സേവി​ക്കു​ന്ന​തിൽ ഉറച്ചു​നിന്ന, വിശ്വ​സ്‌ത​നായ ഒരു ബൈബിൾക​ഥാ​പാ​ത്ര​ത്തെ​ക്കു​റിച്ച്‌ നമുക്ക്‌ ഇപ്പോൾ നോക്കാം.

13. ഗുരു​ത​ര​മായ എന്തു തെറ്റാണ്‌ പത്രോസ്‌ ചെയ്‌തത്‌? അതിനു മുമ്പ്‌ അദ്ദേഹം മറ്റ്‌ എന്തെല്ലാം തെറ്റുകൾ ചെയ്‌തു?

13 ബൈബി​ളി​ലെ മാതൃക. യേശു മരിക്കു​ന്ന​തിന്‌ തലേരാ​ത്രി​യിൽ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പല തെറ്റു​ക​ളും ചെയ്‌തു. അതെല്ലാം പത്രോ​സി​നെ ഗുരു​ത​ര​മായ പാപം ചെയ്യു​ന്ന​തി​ലേക്ക്‌ കൊ​ണ്ടെ​ത്തി​ച്ചു. പത്രോ​സി​ന്റെ തെറ്റു​ക​ളിൽ ആദ്യ​ത്തേ​താ​യി​രു​ന്നു അമിത​മായ ആത്മവി​ശ്വാ​സം. മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ല്ലാം യേശു​വി​നെ ഉപേക്ഷിച്ച്‌ പോയാ​ലും താൻ വിശ്വ​സ്‌ത​നാ​യി നിൽക്കു​മെന്ന്‌ പത്രോസ്‌ വീമ്പി​ളക്കി. (മർക്കോ. 14:27-29) അടുത്ത​താ​യി, ഗത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ പത്രോസ്‌ പല തവണ ഉണർന്നി​രി​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു. (മർക്കോ. 14:32, 37-41) പിന്നെ, ഒരു ജനക്കൂട്ടം യേശു​വി​നെ പിടി​ക്കാൻ വന്നപ്പോൾ പത്രോസ്‌ യേശു​വി​നെ വിട്ട്‌ ഓടി​പ്പോ​യി. (മർക്കോ. 14:50) അവസാനം, പത്രോസ്‌ യേശു​വി​നെ അറിയി​ല്ലെന്ന്‌ മൂന്നു തവണ കള്ളം പറഞ്ഞു, അതും ആണയിട്ട്‌ പറഞ്ഞു. (മർക്കോ. 14:66-71) താൻ ഈ ചെയ്‌തത്‌ ഗുരു​ത​ര​മായ ഒരു തെറ്റാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ പത്രോസ്‌ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌? അദ്ദേഹം നിയ​ന്ത്ര​ണം​വിട്ട്‌ പൊട്ടി​ക്ക​രഞ്ഞു. കുറ്റ​ബോ​ധം കാരണം അദ്ദേഹം തകർന്നു​പോ​യി​രി​ക്കാം. (മർക്കോ. 14:72) മണിക്കൂ​റു​കൾ കഴിഞ്ഞ്‌, തന്റെ സുഹൃ​ത്തായ യേശു വധിക്ക​പ്പെ​ട്ട​പ്പോൾ പത്രോ​സിന്‌ ഉണ്ടായ തീവ്ര​വേദന ഒന്ന്‌ ആലോ​ചി​ച്ചു​നോ​ക്കൂ. താൻ ഒന്നിനും കൊള്ളാ​ത്ത​വ​നാ​ണെന്ന്‌ പത്രോസ്‌ ചിന്തി​ച്ചു​കാ​ണും!

14. യഹോ​വ​യു​ടെ സേവന​ത്തിൽ ഉറച്ചു​നിൽക്കാൻ പത്രോ​സി​നെ എന്താണ്‌ സഹായി​ച്ചത്‌? (പുറം​താ​ളി​ലെ ചിത്രം കാണുക.)

14 യഹോ​വ​യു​ടെ സേവന​ത്തിൽ ഉറച്ചു​നിൽക്കാൻ പത്രോ​സി​നെ പല കാര്യങ്ങൾ സഹായി​ച്ചു. അദ്ദേഹം തന്നെത്തന്നെ ഒറ്റപ്പെ​ടു​ത്തി​യില്ല. പത്രോസ്‌ തന്റെ ആത്മീയ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ അടുത്ത്‌ ചെന്നു. അവർ അദ്ദേഹത്തെ ഉറപ്പാ​യും ആശ്വസി​പ്പി​ച്ചി​ട്ടു​ണ്ടാ​കും. (ലൂക്കോ. 24:33) അതു​പോ​ലെ, ഉയിർത്തെ​ഴു​ന്നേറ്റ യേശു പത്രോ​സിന്‌ പ്രത്യ​ക്ഷ​നാ​യി. അത്‌ അദ്ദേഹത്തെ ബലപ്പെ​ടു​ത്താൻ വേണ്ടി​യാ​യി​രി​ക്കണം. (ലൂക്കോ. 24:34; 1 കൊരി. 15:5) പിന്നീട്‌ ഒരിക്കൽ, പത്രോ​സി​നെ തന്റെ തെറ്റു​ക​ളു​ടെ പേരിൽ ശാസി​ക്കു​ന്ന​തി​നു പകരം യേശു അദ്ദേഹ​ത്തിന്‌ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ലഭിക്കു​മെന്ന്‌ പറഞ്ഞു. (യോഹ. 21:15-17) ഗുരു​ത​ര​മായ തെറ്റാണു താൻ ചെയ്‌ത​തെന്ന്‌ പത്രോ​സിന്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ അദ്ദേഹം മടുത്ത്‌ പിന്മാ​റി​യില്ല. എന്തു​കൊണ്ട്‌? കാരണം, തന്റെ യജമാ​ന​നായ യേശു തന്നെ ഇപ്പോ​ഴും സ്‌നേ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ പത്രോ​സിന്‌ ഉറപ്പു​ണ്ടാ​യി​രു​ന്നു. അതു​പോ​ലെ, പത്രോ​സി​ന്റെ ആത്മീയ​സ​ഹോ​ദ​ര​ന്മാ​രും അദ്ദേഹത്തെ തുടർന്നും പിന്തു​ണച്ചു. പത്രോ​സി​ന്റെ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

യേശു പത്രോ​സി​നെ കൈവി​ട്ടി​ല്ലെന്ന്‌ യോഹ​ന്നാൻ 21:​15-17 വായി​ക്കു​മ്പോൾ കാണാ​നാ​കും. അത്‌ ഉറച്ചു​നിൽക്കാൻ പത്രോ​സി​നെ സഹായി​ച്ചു (14-ാം ഖണ്ഡിക കാണുക)


15. നമുക്ക്‌ എന്തു കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌? (സങ്കീർത്തനം 86:5; റോമർ 8:38, 39) (ചിത്ര​വും കാണുക.)

15 പാഠം. യഹോവ നമ്മളെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നമ്മളോട്‌ ക്ഷമിക്കാൻ തയ്യാറാ​ണെ​ന്നും നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. (സങ്കീർത്തനം 86:5; റോമർ 8:38, 39 വായി​ക്കുക.) തെറ്റുകൾ പറ്റു​മ്പോൾ നമുക്കു കുറ്റ​ബോ​ധം തോന്നു​ന്നത്‌ സ്വാഭാ​വി​ക​മാണ്‌, അത്‌ ഒരു പരിധി​വരെ ഉചിത​വു​മാണ്‌. എന്നാൽ യഹോ​വ​യ്‌ക്ക്‌ ഇനി നമ്മളെ സ്‌നേ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും നമ്മളോ​ടു ക്ഷമിക്കാൻ കഴിയി​ല്ലെ​ന്നും ചിന്തി​ക്ക​രുത്‌. പകരം, പെട്ടെ​ന്നു​തന്നെ സഹായം തേടുക. മുമ്പ്‌ കണ്ട അലക്‌സ്‌ പറയുന്നു: “പ്രലോ​ഭനം നേരി​ട്ട​പ്പോൾ എന്റെ സ്വന്തം ശക്തിയിൽ മാത്രം ആശ്രയി​ച്ച​തു​കൊ​ണ്ടാണ്‌ ഞാൻ തെറ്റ്‌ ചെയ്‌തു​പോ​യത്‌.” മൂപ്പന്മാ​രോട്‌ ഇതെക്കു​റിച്ച്‌ സംസാ​രി​ക്ക​ണ​മെന്ന്‌ അദ്ദേഹം മനസ്സി​ലാ​ക്കി. സഹോ​ദരൻ പറയുന്നു: “സഹായം തേടി​യ​തു​കൊണ്ട്‌ ആ മൂപ്പന്മാ​രി​ലൂ​ടെ പെട്ടെ​ന്നു​തന്നെ ഞാൻ യഹോ​വ​യു​ടെ സ്‌നേഹം അനുഭ​വി​ച്ച​റി​ഞ്ഞു. മൂപ്പന്മാ​രും എന്നെ കൈവി​ട്ടില്ല. യഹോവ എന്നെ ഉപേക്ഷി​ച്ചി​ട്ടി​ല്ലെന്ന്‌ തിരി​ച്ച​റി​യാൻ അവർ എന്നെ സഹായി​ച്ചു.” അതു​കൊണ്ട്‌, തെറ്റുകൾ സംഭവി​ച്ചാൽ നമ്മൾ പശ്ചാത്ത​പി​ക്കു​ക​യും ആവശ്യ​മായ സഹായം തേടു​ക​യും ആ തെറ്റുകൾ ആവർത്തി​ക്കാ​തി​രി​ക്കാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​ക​യും ചെയ്യണം. അങ്ങനെ ചെയ്‌താൽ യഹോവ നമ്മളെ തുടർന്നും സ്‌നേ​ഹി​ക്കു​ക​യും നമ്മളോ​ടു ക്ഷമിക്കു​ക​യും ചെയ്യും. (1 യോഹ. 1:8, 9) ഈ ഉറപ്പു​ണ്ടെ​ങ്കിൽ തെറ്റുകൾ സംഭവി​ച്ചാ​ലും യഹോ​വ​യു​ടെ സേവന​ത്തിൽ ഉറച്ചു​നിൽക്കാൻ നമുക്ക്‌ കഴിയും.

നമുക്കു​വേണ്ടി മൂപ്പന്മാർ കഠിനാ​ധ്വാ​നം ചെയ്യു​ന്നതു കാണു​മ്പോൾ നമുക്ക്‌ എന്ത്‌ ഉറപ്പു ലഭിക്കു​ന്നു? (15-ാം ഖണ്ഡിക കാണുക)


16. യഹോ​വ​യു​ടെ സേവന​ത്തിൽ ഉറച്ചു​നിൽക്കാൻ നിങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 ബുദ്ധി​മുട്ട്‌ നിറഞ്ഞ ഈ അവസാ​ന​കാ​ലത്ത്‌ തന്നെ സേവി​ക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു. യഹോ​വ​യു​ടെ സഹായ​മു​ണ്ടെ​ങ്കിൽ, നിരാശ തോന്നി​യാ​ലും നമുക്ക്‌ ഉറച്ചു​നിൽക്കാൻ കഴിയും. സഹോ​ദ​രങ്ങൾ നമ്മളെ മുറി​പ്പെ​ടു​ത്തി​യാ​ലും നമുക്ക്‌ അവരോ​ടു ക്ഷമിക്കാ​നും തുടർന്നും അവരെ സ്‌നേ​ഹി​ക്കാ​നും സാധി​ക്കും. വിവാ​ഹ​ജീ​വി​ത​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത്‌ പരിഹ​രി​ക്കാൻ നമ്മളെ​ക്കൊണ്ട്‌ ആകുന്ന​തെ​ല്ലാം ചെയ്‌തു​കൊണ്ട്‌ ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും വിവാ​ഹ​ത്തോ​ടുള്ള ആദരവും കാണി​ക്കാ​നാ​കും. ഇനി, ഗുരു​ത​ര​മായ ഒരു തെറ്റ്‌ ചെയ്‌താൽ യഹോ​വ​യു​ടെ സഹായ​ത്തി​നാ​യി യാചി​ക്കു​ക​യും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും ക്ഷമയും സ്വീക​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യഹോ​വ​യു​ടെ സേവന​ത്തിൽ മുന്നോ​ട്ടു​പോ​കാ​നാ​കും. ‘നന്മ ചെയ്യു​ന്നതു നിറു​ത്തി​ക്ക​ള​യാ​തി​രു​ന്നാൽ’ യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം.—ഗലാ. 6:9.

യഹോവയുടെ സേവന​ത്തിൽ ഉറച്ചു​നിൽക്കാൻ എങ്ങനെ കഴിയും . . .

  • ഒരു സഹവി​ശ്വാ​സി നമ്മളെ മുറി​പ്പെ​ടു​ത്തു​മ്പോൾ?

  • വിവാ​ഹ​യിണ നമ്മളെ നിരാ​ശ​പ്പെ​ടു​ത്തു​മ്പോൾ?

  • നമ്മൾ ചെയ്‌ത തെറ്റുകൾ ഓർത്ത്‌ നിരാശ തോന്നു​മ്പോൾ?

ഗീതം 139 എല്ലാം പുതു​താ​ക്കു​മ്പോൾ നിങ്ങളും അവിടെ!

a ചില പേരു​കൾക്കു മാറ്റം​വ​രു​ത്തി​യി​രി​ക്കു​ന്നു.

b ഭാര്യാഭർത്താക്കന്മാർ വേർപി​രിഞ്ഞ്‌ താമസി​ക്കു​ന്ന​തി​നെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല. ഇങ്ങനെ വേർപി​രിഞ്ഞ ഇണകൾക്കു പുനർവി​വാ​ഹ​ത്തി​നുള്ള അവകാ​ശ​മി​ല്ലെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. എന്നാൽ ചില ഗൗരവ​മേ​റിയ സാഹച​ര്യ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ ഇണയിൽനിന്ന്‌ വേർപി​രിഞ്ഞ്‌ താമസി​ക്കാൻ തീരു​മാ​നി​ച്ചേ​ക്കാം. ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ പിൻകു​റിപ്പ്‌ 4 “വേർപി​രി​യൽ” എന്ന ഭാഗം കാണുക.