പഠനലേഖനം 18
ഗീതം 1 യഹോവയുടെ ഗുണങ്ങൾ
കരുണയുള്ള ‘ന്യായാധിപനിൽ’ വിശ്വാസമർപ്പിക്കുക
“സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?”—ഉൽപ. 18:25.
ഉദ്ദേശ്യം
നീതികെട്ടവരുടെ പുനരുത്ഥാനത്തിന്റെ കാര്യത്തിൽ യഹോവ കരുണയോടെയും നീതിയോടെയും പ്രവർത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കുക.
1. ആശ്വാസം നൽകുന്ന ഏതു കാര്യം യഹോവ അബ്രാഹാമിനെ പഠിപ്പിച്ചു?
അബ്രാഹാമിന് ഒരിക്കലും മറക്കാൻപറ്റാത്ത ഒരു സംഭാഷണമായിരുന്നു അത്. താൻ സൊദോമിലെയും ഗൊമോറയിലെയും പട്ടണങ്ങളെ പൂർണമായും നശിപ്പിക്കാൻ പോകുകയാണെന്ന് ദൈവം ഒരു ദൂതനിലൂടെ അബ്രാഹാമിനോടു പറഞ്ഞു. അതുകേട്ട് ആശങ്കതോന്നിയ അബ്രാഹാം ഇങ്ങനെ ചോദിച്ചു: “ദുഷ്ടന്മാരുടെകൂടെ നീതിമാന്മാരെയും അങ്ങ് നശിപ്പിച്ചുകളയുമോ? . . . സർവഭൂമിയുടെയും ന്യായാധിപൻ നീതി പ്രവർത്തിക്കാതിരിക്കുമോ?” തന്റെ പ്രിയസുഹൃത്തായ അബ്രാഹാമിനെ, ആ സാഹചര്യത്തിൽ യഹോവ ക്ഷമയോടെ വിലപ്പെട്ട ഒരു പാഠം പഠിപ്പിച്ചു: ദൈവം നീതിമാന്മാരായ ആളുകളെ ഒരിക്കലും നശിപ്പിക്കില്ല. അതു നമുക്കും ആശ്വാസം തരുന്ന ഒരു കാര്യമാണ്.—ഉൽപ. 18:23-33.
2. യഹോവയുടെ വിധികൾ നീതിയും കരുണയും ഉള്ളതായിരിക്കുമെന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
2 യഹോവയുടെ വിധികൾ നീതിയും കരുണയും ഉള്ളതാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? കാരണം യഹോവ ആളുകളുടെ “ഹൃദയത്തിന് ഉള്ളിലുള്ളതു കാണുന്നു.” (1 ശമു. 16:7) “മനുഷ്യരുടെയെല്ലാം ഹൃദയം” ദൈവത്തിന് അറിയാമെന്ന് ബൈബിൾ പറയുന്നു. (1 രാജാ. 8:39; 1 ദിന. 28:9) അതു ശരിക്കും അതിശയിപ്പിക്കുന്ന ഒരു കാര്യമല്ലേ? യഹോവയുടെ ജ്ഞാനം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ട് ദൈവത്തിന്റെ ചില തീരുമാനങ്ങളും വിധികളും നമുക്കു പൂർണമായും മനസ്സിലാകണമെന്നില്ല. പൗലോസ് അപ്പോസ്തലൻ യഹോവയെക്കുറിച്ച് പറഞ്ഞത് എത്ര സത്യമാണ്: “ദൈവത്തിന്റെ വിധികൾ പരിശോധിച്ചറിയുക തികച്ചും അസാധ്യം!”—റോമ. 11:33.
3-4. ചിലപ്പോൾ നമ്മുടെ മനസ്സിൽ ഏതു സംശയങ്ങൾ വന്നേക്കാം, ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും? (യോഹന്നാൻ 5:28, 29)
3 എങ്കിലും അബ്രാഹാമിനു തോന്നിയതുപോലുള്ള ചില സംശയങ്ങൾ നമ്മുടെ മനസ്സിലും വന്നേക്കാം. നമ്മൾ ചിലപ്പോൾ ഇങ്ങനെപോലും ചിന്തിച്ചേക്കാം: ‘സൊദോമിലെയും ഗൊമോറയിലെയും ആളുകളെപ്പോലെ, മുൻകാലങ്ങളിൽ യഹോവ നേരിട്ട് നശിപ്പിച്ചവരുടെ കാര്യത്തിൽ എന്തെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടോ? “നീതികെട്ടവരുടെ” പുനരുത്ഥാനത്തിൽ അവർ ആരെങ്കിലും ഉണ്ടാകാൻ സാധ്യതയുണ്ടോ?’—പ്രവൃ. 24:15.
4 നമ്മൾ ഈ അടുത്തകാലത്ത്, ‘ജീവനായുള്ള പുനരുത്ഥാനത്തെക്കുറിച്ചും’ ‘ന്യായവിധിക്കായുള്ള പുനരുത്ഥാനത്തെക്കുറിച്ചും’ മുമ്പ് മനസ്സിലാക്കിയിരുന്നതിൽനിന്ന് വ്യത്യസ്തമായ ചില കാര്യങ്ങൾ പഠിച്ചു. a (യോഹന്നാൻ 5:28, 29 വായിക്കുക.) നമ്മുടെ മറ്റു ചില പഠിപ്പിക്കലുകളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നു മനസ്സിലാക്കാൻ ഈ പുതിയ ഗ്രാഹ്യം സഹായിച്ചു. അതെക്കുറിച്ചാണ് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നമ്മൾ ചർച്ച ചെയ്യുന്നത്. ആദ്യം, യഹോവയുടെ നീതിയുള്ള വിധികളെക്കുറിച്ച് നമുക്ക് എന്ത് അറിയില്ല എന്നു നോക്കും, അതിനു ശേഷം നമുക്ക് എന്ത് അറിയാം എന്നും ചിന്തിക്കും.
നമുക്ക് എന്ത് അറിയില്ല?
5. സൊദോമിലും ഗൊമോറയിലും യഹോവ നശിപ്പിച്ചുകളഞ്ഞ ആളുകളെക്കുറിച്ച് മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ എന്താണു പറഞ്ഞിരുന്നത്?
5 നീതികെട്ടവരായി യഹോവ വിധിച്ചവരുടെ കാര്യത്തിൽ എന്തു സംഭവിക്കുമെന്നാണ് മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പറഞ്ഞിരുന്നത്? സൊദോമിലെയും ഗൊമോറയിലെയും നിവാസികളെപ്പോലെയുള്ള അത്തരം ആളുകൾക്ക് പുനരുത്ഥാനം ഇല്ല എന്നാണ് നമ്മൾ ചിന്തിച്ചിരുന്നത്. എങ്കിലും അതെക്കുറിച്ച് പ്രാർഥനാപൂർവം പഠിച്ചപ്പോൾ ഒരു ചോദ്യം ഉയർന്നുവന്നു: അക്കാര്യം നമുക്ക് അത്ര ഉറപ്പിച്ച് പറയാൻ പറ്റുമോ?
6. (എ) നീതികെട്ട ആളുകളെ യഹോവ ന്യായംവിധിച്ചതിന്റെ ചില ഉദാഹരണങ്ങൾ പറയുക. (ബി) അവരെക്കുറിച്ച് നമുക്ക് എന്ത് അറിയില്ല?
6 നീതികെട്ടവർക്ക് എതിരെ യഹോവ നടത്തിയ മറ്റു ചില ന്യായവിധികളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ഉദാഹരണത്തിന്, നോഹയുടെ കാലത്ത് ഒരു പ്രളയം വരുത്തിക്കൊണ്ട് അന്നുണ്ടായിരുന്നവരെ യഹോവ നശിപ്പിച്ചുകളഞ്ഞു. ഇനി, ഇസ്രായേല്യരെ ഉപയോഗിച്ച് യഹോവ വാഗ്ദത്തദേശത്ത് ജീവിച്ചിരുന്ന ഏഴു ജനതകളെ തുടച്ചുനീക്കി. അതുപോലെ യഹോവയുടെ ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് 1,85,000 അസീറിയൻ പടയാളികളെ കൊന്നു. (ഉൽപ. 7:23; ആവ. 7:1-3; യശ. 37:36, 37) ഈ ഓരോ സാഹചര്യത്തിലും അതിൽ ഉൾപ്പെട്ടിരുന്ന ഓരോ വ്യക്തിയെയും യഹോവ നിത്യനാശത്തിനു വിധിച്ചു എന്നു നമുക്കു തീർത്തുപറയാൻ പറ്റുമോ? അവർക്കു പുനരുത്ഥാനപ്രത്യാശ ഇല്ല എന്നു പറയാനാകുമോ? അങ്ങനെ ചിന്തിക്കാൻ വേണ്ടത്ര വിവരങ്ങൾ ബൈബിൾ നമുക്കു നൽകുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
7. പ്രളയത്തിന്റെ സമയത്തും കനാൻദേശം പിടിച്ചടക്കിയപ്പോഴും കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ നമുക്ക് എന്ത് അറിയില്ല? (ചിത്രം കാണുക.)
7 ഒരു കൂട്ടമെന്നനിലയിൽ യഹോവ അവരെ നശിപ്പിച്ചു; എങ്കിലും അതിലെ ഓരോ വ്യക്തിയെയും യഹോവ എങ്ങനെയാണു വീക്ഷിച്ചതെന്നും ഓരോരുത്തർക്കും എന്തു ന്യായവിധിയാണു കൊടുത്തതെന്നും നമുക്ക് അറിയില്ല. കൂടാതെ, മരിച്ചുപോയ ഓരോ വ്യക്തിക്കും യഹോവയെക്കുറിച്ച് അറിയാനും പശ്ചാത്തപിക്കാനും അവസരം കിട്ടിയോ എന്നും നമുക്ക് അറിയില്ല. ഉദാഹരണത്തിന്, പ്രളയത്തിനുമുമ്പുള്ള സമയത്ത് നോഹ ‘നീതിയെക്കുറിച്ച് പ്രസംഗിച്ചു’ എന്നു ബൈബിൾ പറയുന്നുണ്ട്. (2 പത്രോ. 2:5) എന്നാൽ അത്രയും വലിയ പെട്ടകം പണിയുന്നതിനിടെ അന്നു ഭൂമിയിലുണ്ടായിരുന്ന എല്ലാവരുടെയും അടുത്തുപോയി, വരാനിരിക്കുന്ന നാശത്തെക്കുറിച്ച് അറിയിക്കാൻ നോഹ ശ്രമിച്ചോ എന്നു ബൈബിൾ പറയുന്നില്ല. അതുപോലെ കനാനിലെ ജനതകളുടെ കാര്യമെടുത്താൽ അവിടെയുണ്ടായിരുന്ന ദുഷ്ടരായ എല്ലാവർക്കും യഹോവയെക്കുറിച്ച് പഠിക്കാനും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും ഉള്ള അവസരം ലഭിച്ചോ എന്നും നമുക്ക് അറിയില്ല.
8. സൊദോമിലെയും ഗൊമോറയിലെയും ആളുകളെക്കുറിച്ച് നമുക്ക് എന്ത് അറിയില്ല?
8 സൊദോമിലെയും ഗൊമോറയിലെയും ആളുകളുടെ കാര്യമോ? നീതിമാനായ ലോത്ത് അവരുടെ ഇടയിൽ ജീവിക്കുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം അവിടെയുള്ള എല്ലാവരോടും പ്രസംഗിച്ചോ എന്നു നമുക്ക് അറിയില്ല. ഇനി, അവർ അങ്ങേയറ്റം മോശമായ കാര്യങ്ങൾ ചെയ്യുന്നവരായിരുന്നു എന്നത് ശരിയാണ്. എങ്കിലും, തങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് അവരിൽ ഓരോരുത്തർക്കും അറിയാമായിരുന്നോ? ഇല്ലായിരുന്നു എന്നുവേണം കരുതാൻ. ലോത്തിന്റെ വീട്ടിൽ വന്ന അതിഥികളെ കിട്ടാനായി ആ പട്ടണത്തിലെ പുരുഷന്മാർ ലോത്തിന്റെ വീട് വളഞ്ഞ സംഭവം ഓർക്കുക: ആ കൂട്ടത്തിൽ “ബാലന്മാർമുതൽ വൃദ്ധന്മാർവരെ” ഉണ്ടായിരുന്നതായി ബൈബിൾ പറയുന്നു. (ഉൽപ. 19:4; 2 പത്രോ. 2:7) കരുണയുള്ള ദൈവമായ യഹോവ ഇവരിൽ ആരെയും പുനരുത്ഥാനപ്പെടുത്തേണ്ട എന്നു തീരുമാനിച്ചോ? അത് നമുക്ക് അറിയില്ല. യഹോവയും അബ്രാഹാമും തമ്മിലുള്ള സംഭാഷണത്തിൽനിന്ന് മനസ്സിലാകുന്നത്, ആ നഗരത്തിൽ പത്തു നീതിമാന്മാർപോലും ഇല്ലായിരുന്നു എന്നാണ്. (ഉൽപ. 18:32) അതുകൊണ്ട് അവർ നീതികെട്ടവരായിരുന്നു, യഹോവ അവർക്കു തക്കശിക്ഷ വിധിക്കുകയും ചെയ്തു. പക്ഷേ അവരിൽ ആരും ‘നീതികെട്ടവരുടെ പുനരുത്ഥാനത്തിൽ’ ജീവനിലേക്കു വരില്ല എന്നു നമുക്കു പറയാൻ പറ്റുമോ? ഇല്ല. നമുക്ക് ഉറപ്പിച്ച് പറയാനാകില്ല.
9. ശലോമോനെക്കുറിച്ച് നമുക്ക് എന്ത് അറിയില്ല?
9 ഇനി, നീതിമാന്മാരായി ജീവിച്ചിട്ട് പിന്നീട് നീതികെട്ടവരായി മാറിയ ചിലരെക്കുറിച്ചും ബൈബിളിൽ കാണാം. അതിന് ഉദാഹരണമാണ് ശലോമോൻ രാജാവ്. യഹോവയുടെ വഴികൾ നന്നായി അറിയാമായിരുന്ന, യഹോവയാൽ അനുഗ്രഹിക്കപ്പെട്ട ഒരാളായിരുന്നിട്ടും ശലോമോൻ പിന്നീട് വ്യാജദൈവങ്ങളെ ആരാധിക്കാൻ തുടങ്ങി. ശലോമോന്റെ തെറ്റുകൾ യഹോവയെ അങ്ങേയറ്റം കോപിപ്പിച്ചു. അതിന്റെ പരിണതഫലങ്ങൾ നൂറ്റാണ്ടുകളോളം നീണ്ടുനിന്നു. ശരിയാണ്, വിശ്വസ്തരാജാവായ ദാവീദ് ഉൾപ്പെടെയുള്ള ‘പൂർവികരെപ്പോലെ ശലോമോൻ അന്ത്യവിശ്രമംകൊണ്ടു’ എന്നു ബൈബിൾ പറയുന്നുണ്ട്. (1 രാജാ. 11:5-9, 43; 2 രാജാ. 23:13) പക്ഷേ ബൈബിളിൽ അങ്ങനെയൊരു പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് യഹോവ ശലോമോനെ പുനരുത്ഥാനപ്പെടുത്തും എന്ന് അത് അർഥമാക്കുന്നുണ്ടോ? അതെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. “മരിച്ചയാൾ പാപത്തിൽനിന്ന് മോചിതനായല്ലോ” എന്ന വാക്കുകളുടെ അടിസ്ഥാനത്തിൽ ശലോമോൻ പുനരുത്ഥാനപ്പെടുമെന്നു ചിലർ ന്യായവാദം ചെയ്തേക്കാം. (റോമ. 6:7) പക്ഷേ ആ വാക്കുകളുടെ അർഥം, മരിച്ചുപോയ എല്ലാ ആളുകളും പുനരുത്ഥാനത്തിൽ വരും എന്നല്ല. കാരണം മരണംകൊണ്ട് നേടിയെടുക്കുന്ന ഒരു അവകാശമല്ല പുനരുത്ഥാനം. പകരം, ആരൊക്കെ നിത്യം ജീവിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നോ, അവർക്ക് യഹോവ സ്നേഹത്തോടെ കൊടുക്കുന്ന ഒരു സമ്മാനമാണ് അത്. (ഇയ്യോ. 14:13, 14; യോഹ. 6:44) ശലോമോന് ആ സമ്മാനം ലഭിക്കുമോ? അത് യഹോവയ്ക്ക് അറിയാം. നമുക്ക് അറിയില്ല. പക്ഷേ ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ട്: യഹോവ എപ്പോഴും ശരിയായതേ ചെയ്യൂ.
നമുക്ക് എന്ത് അറിയാം?
10. മനുഷ്യരെ നശിപ്പിക്കുന്നതിനെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്? (യഹസ്കേൽ 33:11) (ചിത്രവും കാണുക.)
10 യഹസ്കേൽ 33:11 വായിക്കുക. മനുഷ്യരെ ന്യായം വിധിക്കുമ്പോൾ തനിക്ക് എന്താണ് തോന്നുന്നത് എന്ന് യഹോവ നമുക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. യഹസ്കേൽ പ്രവാചകൻ എഴുതിയതിന് സമാനമായ ഒരു കാര്യം അപ്പോസ്തലനായ പത്രോസും പറഞ്ഞു: ‘ആരും നശിച്ചുപോകാൻ ദൈവം ആഗ്രഹിക്കുന്നില്ല.’ (2 പത്രോ. 3:9) ഈ വാക്കുകളിൽനിന്ന്, യഹോവ ആരെയും എന്നേക്കുമായി നശിപ്പിച്ചുകളയാൻ തിരക്കുകൂട്ടില്ല എന്നു നമുക്ക് അറിയാനാകുന്നു. അതു നമുക്ക് ആശ്വാസം തരുന്നില്ലേ? അങ്ങേയറ്റം കരുണാമയനാണ് യഹോവ. ഒരാളോടു കരുണ കാണിക്കാൻ എന്തെങ്കിലും ഒരു സാധ്യതയുണ്ടെങ്കിൽ യഹോവ അതു കാണിക്കും.
11. ആർക്കെല്ലാം പുനരുത്ഥാനം ലഭിക്കില്ല, നമുക്ക് അത് എങ്ങനെ അറിയാം?
11 പുനരുത്ഥാനപ്പെടില്ലാത്ത ആളുകളെക്കുറിച്ച് നമുക്ക് എന്ത് അറിയാം? അങ്ങനെയുള്ള ചിലരുടെ കാര്യമേ ബൈബിൾ ഉറപ്പിച്ച് പറയുന്നുള്ളൂ. b യൂദാസ് ഇസ്കര്യോത്ത് പുനരുത്ഥാനപ്പെടില്ലെന്നു യേശു സൂചിപ്പിച്ചു. (മർക്കോ. 14:21; യോഹ. 17:12-ഉം പഠനക്കുറിപ്പും കാണുക.) അതിനു കാരണവുമുണ്ട്. യഹോവയ്ക്കും ദൈവപുത്രനും എതിരെ മനഃപൂർവം പ്രവർത്തിച്ചയാളാണ് യൂദാസ്. (മർക്കോ. 3:29-ഉം പഠനക്കുറിപ്പുകളും കാണുക.) അതുപോലെ, തന്നെ എതിർത്ത ചില മതനേതാക്കന്മാർക്കും പുനരുത്ഥാനപ്രത്യാശ ഉണ്ടാകില്ലെന്ന് യേശു പറഞ്ഞു. (മത്താ. 23:33; യോഹ. 19:11-ഉം “മനുഷ്യൻ”എന്ന പഠനക്കുറിപ്പും കാണുക.) ഇനി, പശ്ചാത്താപമില്ലാത്ത വിശ്വാസത്യാഗികൾക്കു പുനരുത്ഥാനം ലഭിക്കില്ലെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു.—എബ്രാ. 6:4-8; 10:29.
12. യഹോവയുടെ കരുണയെക്കുറിച്ച് നമുക്ക് എന്ത് അറിയാം, ചില ഉദാഹരണങ്ങൾ പറയുക.
12 എന്നാൽ യഹോവയുടെ കരുണയെക്കുറിച്ച് നമുക്ക് എന്ത് അറിയാം? ‘ആരും നശിച്ചുപോകാൻ താൻ ആഗ്രഹിക്കുന്നില്ല’ എന്ന് യഹോവ എങ്ങനെയാണു തെളിയിച്ചിരിക്കുന്നത്? ഗുരുതരമായ പാപം ചെയ്ത ചിലരോട് യഹോവ കരുണ കാണിച്ചതിൽനിന്ന് നമുക്ക് അതു മനസ്സിലാക്കാം. ദാവീദ് രാജാവിന്റെ കാര്യമെടുക്കുക: അദ്ദേഹം വ്യഭിചാരവും കൊലപാതകവും പോലെയുള്ള ഗുരുതരമായ പാപങ്ങൾ ചെയ്തു. എന്നാൽ പശ്ചാത്തപിച്ചപ്പോൾ യഹോവ അദ്ദേഹത്തോടു ക്ഷമിച്ചു. (2 ശമു. 12:1-13) ഇനി, മനശ്ശെ രാജാവിന്റെ കാര്യം പറഞ്ഞാൽ, ആയുസ്സിന്റെ അധികഭാഗവും അങ്ങേയറ്റം ദുഷ്ടത ചെയ്തുകൂട്ടിയ ആളായിരുന്നു അദ്ദേഹം. അത്രയും മോശമായ കാര്യങ്ങൾ ചെയ്തിട്ടും മനശ്ശെ പിന്നീട് പശ്ചാത്തപിച്ചപ്പോൾ യഹോവ ക്ഷമിക്കുകയും കരുണ കാണിക്കുകയും ചെയ്തു. (2 ദിന. 33:9-16) ഈ ഉദാഹരണങ്ങൾ നമ്മളെ എന്താണു പഠിപ്പിക്കുന്നത്? കരുണ കാണിക്കാൻ ഒരു അടിസ്ഥാനം ഉള്ളപ്പോൾ യഹോവ ഉറപ്പായും കരുണ കാണിക്കും. തങ്ങൾ ഗുരുതരമായ പാപങ്ങൾ ചെയ്തെന്നു തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതുകൊണ്ട് യഹോവ അത്തരം ആളുകളെ ഉയിർപ്പിക്കും.
13. (എ) യഹോവ നിനെവെക്കാരോടു കരുണ കാണിച്ചത് എന്തുകൊണ്ട്? (ബി) പിന്നീട് യേശു നിനെവെക്കാരെക്കുറിച്ച് എന്തു പറഞ്ഞു?
13 യഹോവ നിനെവെക്കാരോടു കരുണ കാണിച്ചതിനെക്കുറിച്ചും നമുക്ക് അറിയാം. ദൈവം ആദ്യം യോനയോട് ഇങ്ങനെയാണു പറഞ്ഞത്: “അവരുടെ ദുഷ്ടത എന്റെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.” എന്നാൽ അവർ തങ്ങളുടെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിച്ചപ്പോൾ യഹോവ ദയയോടെ അവരോടു ക്ഷമിച്ചു. യോനയിൽനിന്ന് വ്യത്യസ്തമായി യഹോവ അവരോട് എത്ര വലിയ കരുണയാണു കാണിച്ചതെന്നു ചിന്തിക്കുക. ‘ശരിയും തെറ്റും എന്തെന്നുപോലും അറിയാത്തവരാണ്’ നിനെവെക്കാർ എന്നു കോപാകുലനായ തന്റെ പ്രവാചകനെ ദൈവത്തിനു ഓർമിപ്പിക്കേണ്ടിവന്നു. (യോന 1:1, 2; 3:10; 4:9-11) പിന്നീട് യഹോവയുടെ നീതിയെയും കരുണയെയും കുറിച്ച് പഠിപ്പിക്കാൻ യേശു ഈ സംഭവം ഉപയോഗിച്ചു. മാനസാന്തരപ്പെട്ട ‘നിനെവെക്കാർ ന്യായവിധിയിൽ എഴുന്നേറ്റുവരും’ എന്ന് യേശു പറഞ്ഞു.—മത്താ. 12:41.
14. ‘ന്യായവിധിക്കായുള്ള പുനരുത്ഥാനത്തിൽ’ നിനെവെക്കാർക്ക് എന്തിനുള്ള അവസരം കിട്ടും?
14 ഏതു ‘ന്യായവിധിയിലാണ്’ നിനെവെക്കാർ ‘എഴുന്നേറ്റുവരാൻ’ പോകുന്നത്? ഭാവിയിൽ നടക്കാനിരിക്കുന്ന ‘ന്യായവിധിക്കായുള്ള ഒരു പുനരുത്ഥാനത്തെക്കുറിച്ച്’ യേശു പറഞ്ഞു. (യോഹ. 5:29) ‘നീതിമാന്മാരും നീതികെട്ടവരും’ ഉയിർപ്പിക്കപ്പെടുന്ന തന്റെ ആയിരംവർഷ ഭരണമാണ് യേശു അവിടെ ഉദ്ദേശിച്ചത്. (പ്രവൃ. 24:15) നീതികെട്ടവർക്ക് അത് ‘ന്യായവിധിക്കായുള്ള ഒരു പുനരുത്ഥാനമായിരിക്കും.’ അതായത് പുനരുത്ഥാനപ്പെട്ടുവരുന്ന നീതികെട്ടവരുടെ പ്രവൃത്തികൾ യഹോവയും യേശുവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. ദൈവികപഠിപ്പിക്കലുകളോട് അവർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും നോക്കും. പുനരുത്ഥാനപ്പെടുന്ന ഒരു നിനെവെക്കാരൻ യഹോവയെ ആരാധിക്കാൻ മനസ്സുകാണിക്കുന്നില്ലെങ്കിൽ തുടർന്ന് ജീവിക്കാൻ യഹോവ അയാളെ അനുവദിക്കില്ല. (യശ. 65:20) എന്നാൽ യഹോവയെ വിശ്വസ്തമായി ആരാധിക്കാൻ തീരുമാനിക്കുന്നവർക്ക് അനുകൂലമായ വിധിയായിരിക്കും കിട്ടുക. അവർക്ക് എന്നേക്കും ജീവിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.—ദാനി. 12:2.
15. (എ) സൊദോമിലും ഗൊമോറയിലും നശിപ്പിക്കപ്പെട്ട ആരും പുനരുത്ഥാനത്തിലേക്കു വരില്ലെന്നു നമ്മൾ പറയരുതാത്തത് എന്തുകൊണ്ട്? (ബി) യൂദ 7-ലെ വാക്കുകൾ നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്? (“ യൂദ എന്താണ് അർഥമാക്കിയത്?” എന്ന ചതുരം കാണുക.)
15 തന്റെ പഠിപ്പിക്കലുകൾ തള്ളിക്കളഞ്ഞവരെക്കാൾ, സൊദോമിലെയും ഗൊമോറയിലെയും ആളുകൾക്ക് “ന്യായവിധിദിവസം” കൂടുതൽ എളുപ്പമായിരിക്കുമെന്ന് യേശു പറഞ്ഞു. (മത്താ. 10:14, 15; 11:23, 24; ലൂക്കോ. 10:12) യേശു ഇവിടെ, അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നെന്നും സൊദോമിലെയും ഗൊമോറയിലെയും ആളുകൾ ന്യായവിധി ദിവസത്തിൽ പുനരുത്ഥാനപ്പെടില്ലെന്നും നമ്മൾ ചിന്തിച്ചേക്കാം. എന്നാൽ അത് അങ്ങനെയല്ലെന്നു വേണം മനസ്സിലാക്കാൻ. c നിനെവെക്കാർ “ന്യായവിധിയിൽ” എഴുന്നേറ്റുവരുമെന്ന് യേശു പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ നടക്കാൻപോകുന്ന ഒരു കാര്യംതന്നെയാണു യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. സമാനമായി, സൊദോമിലെയും ഗൊമോറയിലെയും ആളുകൾ ന്യായവിധിദിവസത്തിൽ ഉണ്ടായിരിക്കുമെന്നു സൂചിപ്പിച്ചപ്പോഴും യേശു സകല സാധ്യതയുമനുസരിച്ച് അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നില്ല. പകരം, ശരിക്കും നടക്കാൻപോകുന്ന കാര്യം പറയുകയായിരുന്നു എന്നു വേണം കരുതാൻ. അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ഈ രണ്ടു സന്ദർഭങ്ങളിലും യേശു പറഞ്ഞ “ന്യായവിധിദിവസം” ഉറപ്പായും ഒന്നുതന്നെയാണ്. ‘ന്യായവിധിക്കായുള്ള പുനരുത്ഥാനത്തെക്കുറിച്ച്’ യേശു എന്താണു പറഞ്ഞത് എന്ന് ഓർക്കുക: അതിൽ “മോശമായ കാര്യങ്ങൾ ചെയ്തവർ” ഉൾപ്പെടും. (യോഹ. 5:29) നിനെവെക്കാരെപ്പോലെ സൊദോമിലെയും ഗൊമോറയിലെയും ആളുകളും മോശമായ കാര്യങ്ങൾ ചെയ്തവരാണ്. എന്നാൽ നിനെവെക്കാരിൽനിന്ന് വ്യത്യസ്തമായി ഇവർക്ക് പശ്ചാത്തപിക്കാൻ അവസരം കിട്ടിയില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ സൊദോമിലെയും ഗൊമോറയിലെയും ആളുകൾക്ക് പ്രത്യാശയ്ക്കുള്ള വകയുണ്ടെന്നുവേണം കരുതാൻ. അവരിൽ കുറച്ചുപേരെങ്കിലും പുനരുത്ഥാനപ്പെട്ടുവരാൻ സാധ്യതയുണ്ട്. അവരെ യഹോവയെയും യേശുക്രിസ്തുവിനെയും കുറിച്ച് പഠിപ്പിക്കാനുള്ള അവസരം നമുക്ക് ലഭിക്കുകയും ചെയ്തേക്കാം.
16. എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ പുനരുത്ഥാനപ്പെടുത്തണോ വേണ്ടയോ എന്ന് യഹോവ തീരുമാനിക്കുന്നത്? (യിരെമ്യ 17:10)
16 യിരെമ്യ 17:10 വായിക്കുക. യഹോവ ന്യായംവിധിക്കുന്നതിനെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങൾ ഈ വാക്യം ചുരുക്കിപ്പറയുന്നുണ്ട്. അത് ഇതാണ്: യഹോവ എല്ലായ്പോഴും “ഹൃദയത്തിന് ഉള്ളിലേക്കു നോക്കുന്നു. ഉള്ളിന്റെ ഉള്ളിലെ ചിന്തകളെ പരിശോധിക്കുന്നു.” ഭാവിയിലെ പുനരുത്ഥാനത്തിന്റെ കാര്യത്തിലും യഹോവ അതുതന്നെയാണു ചെയ്യാൻപോകുന്നത്. ‘ഓരോ മനുഷ്യനും അവനവന്റെ വഴികൾക്ക് അനുസൃതമായി പ്രതിഫലം കൊടുക്കും.’ ഒരാളെ പുനരുത്ഥാനപ്പെടുത്തണോ എന്നു തീരുമാനിക്കുമ്പോൾ യഹോവ തന്റെ നീതിയുള്ള നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. അതേസമയം കരുണ കാണിക്കാൻ എന്തെങ്കിലും ഒരു അടിസ്ഥാനമുള്ളപ്പോൾ യഹോവ കരുണ കാണിക്കും. അതുകൊണ്ട് ഒരാൾക്ക് പുനരുത്ഥാനം ഇല്ല എന്നു ബൈബിൾ പറയാത്തിടത്തോളം നമ്മൾ അങ്ങനെ നിഗമനം ചെയ്യരുത്. കാരണം നമുക്ക് അത് അറിയില്ല.
‘സർവഭൂമിയുടെയും ന്യായാധിപൻ ഒരിക്കലും നീതി പ്രവർത്തിക്കാതിരിക്കില്ല’
17. മരിച്ചുപോയവരെ എന്താണു കാത്തിരിക്കുന്നത്?
17 ആദാമും ഹവ്വയും സാത്താന്റെകൂടെ ചേർന്ന് യഹോവയെ ധിക്കരിച്ചതുമുതൽ കോടിക്കണക്കിന് ആളുകൾ മരിച്ചുപോയിട്ടുണ്ട്. അതെ, ‘മരണമെന്ന ശത്രു’ അവരെയെല്ലാം കീഴടക്കി. (1 കൊരി. 15:26) അവരെയെല്ലാം എന്താണു കാത്തിരിക്കുന്നത്? യേശുവിന്റെ വിശ്വസ്തരായ അനുഗാമികളിൽ കുറച്ചുപേർ, അതായത്, 1,44,000 പേർ സ്വർഗത്തിലെ അമർത്യജീവനിലേക്ക് ഉയിർപ്പിക്കപ്പെടും. (വെളി. 14:1) യഹോവയെ സ്നേഹിച്ച വിശ്വസ്തരായ സ്ത്രീപുരുഷന്മാരുടെ ഒരു വലിയ കൂട്ടം ‘നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ’ ഉണ്ടായിരിക്കും. ക്രിസ്തുവിന്റെ ആയിരംവർഷ ഭരണകാലത്തും അന്തിമപരിശോധനയുടെ സമയത്തും നീതിമാന്മാരായി നിലനിന്നാൽ അവർക്ക് ഭൂമിയിൽ എന്നേക്കും ജീവിക്കാനാകും. (ദാനി. 12:13; എബ്രാ. 12:1) ആയിരംവർഷ ഭരണകാലത്ത് ‘നീതികെട്ടവരും’ ഉയിർപ്പിക്കപ്പെടും. അതിൽ യഹോവയെ മുമ്പൊരിക്കലും സേവിച്ചിട്ടില്ലാത്തവരോ ‘മോശമായ കാര്യങ്ങൾ ചെയ്തവരോ’ പോലും ഉൾപ്പെടും. മാറ്റങ്ങൾ വരുത്താനും യഹോവയുടെ വിശ്വസ്തദാസരാകാനും അവർക്ക് അപ്പോൾ അവസരം ലഭിക്കും. (ലൂക്കോ. 23:42, 43) എന്നാൽ ചില ആളുകളുടെ കാര്യത്തിൽ യഹോവ അവരെ പുനരുത്ഥാനപ്പെടുത്തില്ല എന്നു തീരുമാനിച്ചിട്ടുണ്ട്. കാരണം അവർ അത്രയധികം ദുഷ്ടന്മാരായിരുന്നു, യഹോവയ്ക്കും യഹോവയുടെ ഉദ്ദേശ്യങ്ങൾക്കും എതിരെ മത്സരിക്കാൻ മനഃപൂർവം തീരുമാനിച്ചുറച്ചിരുന്നു.—ലൂക്കോ. 12:4, 5.
18-19. (എ) മരിച്ചുപോയവരെ യഹോവ നീതിയോടെ ന്യായംവിധിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്? (യശയ്യ 55:8, 9) (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
18 യഹോവയുടെ ന്യായവിധികൾ എല്ലാം ശരിയായിരിക്കുമെന്നു നമുക്ക് ഉറപ്പോടെ പറയാൻ കഴിയുമോ? കഴിയും. അബ്രാഹാം മനസ്സിലാക്കിയതുപോലെ ഒരു പിഴവും പറ്റാത്ത ന്യായാധിപനാണ് യഹോവ, ‘മുഴുഭൂമിയുടെയും’ സർവജ്ഞാനിയായ, കരുണാമയനായ “ന്യായാധിപൻ.” യഹോവ തന്റെ മകനായ യേശുവിനെ പരിശീലിപ്പിച്ച്, വിധിക്കാനുള്ള ഉത്തരവാദിത്വം മുഴുവൻ യേശുവിനെ ഏൽപ്പിച്ചിരിക്കുന്നു. (യോഹ. 5:22) ഓരോ മനുഷ്യന്റെയും ഹൃദയത്തിൽ എന്താണെന്ന് യഹോവയ്ക്കും യേശുവിനും അറിയാൻ പറ്റും. (മത്താ. 9:4) ഓരോരുത്തരുടെയും കാര്യത്തിൽ അവർ ‘നീതിയോടെ മാത്രമേ പ്രവർത്തിക്കൂ.’
19 അതുകൊണ്ട്, എപ്പോഴും യഹോവയിലും യഹോവയുടെ തീരുമാനങ്ങളിലും ഉറച്ചുവിശ്വസിക്കുമെന്ന് ഒരു ദൃഢതീരുമാനം എടുക്കുക. നമുക്ക് മറ്റുള്ളവരെ വിധിക്കാനുള്ള യോഗ്യത ഇല്ലെന്ന് നമുക്ക് അറിയാം. യഹോവയ്ക്കാണ് അതിനുള്ള അധികാരമുള്ളത്. (യശയ്യ 55:8, 9 വായിക്കുക.) അതുകൊണ്ട് യഹോവയുടെയും മകനായ യേശുവിന്റെയും ന്യായവിധിയിൽ നമുക്ക് പൂർണ വിശ്വാസമുള്ളവരായിരിക്കാം. നമ്മുടെ രാജാവായ യേശു തന്റെ പിതാവിന്റെ നീതിയും കരുണയും അതേപടി പകർത്തുമെന്ന് നമുക്ക് ഉറപ്പുണ്ട്. (യശ. 11:3, 4) എന്നാൽ മഹാകഷ്ടതയുടെ സമയത്തെ ദൈവത്തിന്റെ വിധികളെക്കുറിച്ച് നമുക്ക് എന്തു പറയാൻ പറ്റും? അതെക്കുറിച്ച് നമുക്ക് എന്ത് അറിയില്ല? എന്ത് അറിയാം? അടുത്ത ലേഖനത്തിൽ നമ്മൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തും.
ഗീതം 57 എല്ലാ തരം ആളുകളോടും പ്രസംഗിക്കുന്നു
b ആദാം, ഹവ്വ, കയീൻ എന്നിവരെക്കുറിച്ച് 2013 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 12-ാം പേജിലെ അടിക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത് നോക്കുക.
c ഊന്നലിനുവേണ്ടിയോ ഒരു വസ്തുത മനസ്സിൽ പതിയുന്നതിനുവേണ്ടിയോ ഒരു കാര്യം മനഃപൂർവം പെരുപ്പിച്ചുകാണിക്കുന്ന അലങ്കാരപ്രയോഗമാണ് അതിശയോക്തി. അക്കാര്യം പെരുപ്പിച്ചു കാണിക്കുകയാണെന്ന് വായനക്കാരനു വളരെ വ്യക്തവുമായിരിക്കും. പക്ഷേ സൊദോമിലെയും ഗൊമോറയിലെയും ആളുകളെക്കുറിച്ച് യേശു പറഞ്ഞത് അക്ഷരാർഥത്തിൽതന്നെയായിരിക്കാം. അതുകൊണ്ട് അത് ഒരു അതിശയോക്തിയല്ല.